Monday, 4 July 2011

മഹിമയെ നമിക്കാനും ഒരു മഹത്വം വേണം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ നിന്ന്  കുറച്ച് ദൃശ്യങ്ങള്‍ അവതരിപ്പിക്കാം. ചിലകാര്യങ്ങള്‍ ഇങ്ങനെ ഇടയ്ക്ക് ഓര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
    തിരുവനന്തപുരത്തെ മുട്ടത്തറയില്‍  നിന്നാണ് ആദ്യദൃശ്യം. പൊതുസമൂഹത്തിന്റെ നാലയലത്തുകടത്താതെ വരേണ്യര്‍ ആട്ടിയകറ്റിയിരുന്ന ഒരു വിഭാഗം മനുഷ്യര്‍ സ്വയം സംഘടിക്കാന്‍ തീരുമാനിച്ച കാലം. അതിനുളള ആലോചനായോഗങ്ങളില്‍ ഒന്നില്‍ അദ്ധ്യക്ഷനായി അവര്‍ ക്ഷണിച്ചത് ശ്രീനാരായണ ഗുരുദേവനെയായിരുന്നു. സമ്മേളന നഗരിയില്‍ ഗുരുസവിധത്തില്‍ ഭക്ത്യാദരങ്ങളോടെ    അധഃസ്ഥിതരുടെ വീരനായകന്‍ അയ്യന്‍കാളി നില്‍പ്പുണ്ട്. ആ മഹാ തേജസ്വിയെ നോക്കി ഒന്നു മന്ദഹസിച്ചശേഷം ഗുരു ഇങ്ങനെ അരുള്‍ചെയ്തു. " മനുഷ്യരൊക്കെ ഒരു ജാതിയാണ്. അവരുടെ ഇടയില്‍ സ്ഥിതി ഭേദമല്ലാതെ ജാതിഭേദമില്ല. ഉണ്ടാകാന്‍ നിവൃത്തിയുമില്ല. ചിലര്‍ക്ക് പഠിപ്പും പണവും ശുചിത്വവും കൂടുതലായിരിക്കും. മറ്റുചിലര്‍ക്ക് അതൊക്കെ കുറവുമായിരിക്കും. ചിലരുടെ നിറമായിരിക്കില്ല മറ്റു ചിലരുടെ നിറം. ഈ മാതിരിയുളള വ്യത്യാസങ്ങളല്ലാതെ മനുഷ്യര്‍ക്ക് ജാതി വ്യത്യാസമില്ല. പുലയര്‍ക്കിപ്പോള്‍ ധനവും വിദ്യയും ഇല്ലാത്ത കുറവ് വളരെയുണ്ട്. ഇത് രണ്ടും ഉണ്ടാക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസം പ്രധാനമായും വേണം. അതുണ്ടായാല്‍ ധനവും ശുചിത്വവുമെല്ലാം താനേ ഉണ്ടാകും. നിങ്ങള്‍ക്ക് പണമില്ലെന്ന് പറയുന്നത് ശരിയല്ല, നിങ്ങളൊക്കെ പണമാണല്ലോ! ദിവസേന ജോലിചെയ്ത് പണമുണ്ടാക്കാത്തവര്‍ നിങ്ങളില്‍ ആരുമില്ല. ഇപ്പോള്‍ അത് മദ്യപാനംചെയ്തും മറ്റും വെറുതേ പോകുന്നു. അതില്‍ ഒരണ വീതമെങ്കിലും മാസംതോറും നിങ്ങളൊക്കെ ഒരു പൊതു ഭണ്ഡാരത്തിലിട്ടാല്‍ അതുകൊണ്ട് കുട്ടികളെ വിദ്യ അഭ്യസിപ്പിക്കാം. മറ്റാരുടെയും സഹായംകൂടാതെ  തന്നെ നിങ്ങള്‍ക്ക് ഇതൊക്കെ സാധിക്കും. മാസം തോറും ഒരു പൊതു സ്ഥലത്ത് സഭകൂടി വേണ്ടകാര്യങ്ങള്‍ ആലോചിച്ച് ചെയ്യണം. മദ്യപാനം കഴിവതും നിറുത്തണം. ഇനി കുട്ടികളെ കളളുകുടിക്കാന്‍ അനുവദിക്കരുത്. പ്രായം ചെന്നവരും കുടിനിറുത്തണം."
    ഗുരുമുഖത്തുനിന്നുതിര്‍ന്ന വാക്കുകള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമെന്ന് അയ്യന്‍കാളി അന്ന് സ്വസമുദായത്തെക്കൊണ്ട് ഏറ്റുചൊല്ലിച്ചു. ആ സംഘടന വളര്‍ന്നു. അധഃസ്ഥിതവിഭാഗത്തിന്റെ മുന്നണിപോരാളികളായി അവര്‍. 1905 ല്‍  അയ്യന്‍കാളി സാധുജന പരിപാലനയോഗം രൂപീകരിക്കപ്പെട്ടത് ഇങ്ങനെയാണ്.  അതിനും രണ്ടുവര്‍ഷം മുമ്പ് ഉദയം ചെയ്ത എസ്. എന്‍. ഡി. പി യോഗത്തിന്റെ മാതൃകയിലാണ് അയ്യന്‍കാളി സംഘടന ഉണ്ടാക്കിയത്.
    1912 ല്‍ കൊച്ചിയിലെ പുലയര്‍ കൃഷ്ണാതി ആശാന്റെ നേതൃത്വത്തിലാണ് ആദ്യമായി രംഗത്തുവന്നത്. കരയില്‍ വച്ച് യോഗംകൂടിയാല്‍ സവര്‍ണ്ണര്‍ മര്‍ദ്ദിക്കുമെന്നതിനാല്‍ വെണ്ടുരുത്തിക്കായലില്‍ വളളങ്ങള്‍കൂട്ടിക്കെട്ടി അവര്‍ വേദിയുണ്ടാക്കി. ഗുരുസ്വാമി തുറന്ന പാതയിലൂടെ നടക്കാനായിരുന്നു ആ യോഗത്തിലെ ആഹ്വാനം. അതിനും രണ്ടുവര്‍ഷം മുമ്പ് കവി തിലകന്‍ പണ്ഡിറ്റ്  കെ. പി. കറുപ്പന്‍ ഗുരുവില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് വാലസമുദായ പരിഷ്കാരിണി സഭ രൂപീകരിച്ചത്. 1914 ല്‍ നായര്‍ ഭൃത്യജനസംഘത്തില്‍ നിന്ന് മന്നം എന്‍. എസ്. എസിന് രൂപം നല്‍കുന്നതും എസ്. എന്‍. ഡി. പി യോഗത്തിന്റെ വളര്‍ച്ചകണ്ടും ഗുരുദേവനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുമാണ്. വക്കംമൌലവിയുടെ മുസ്ളിംസമുദായ പരിഷ്കരണത്തിനും ഗുരുസന്ദേശങ്ങളായിരുന്നു പ്രചോദനം.
    മേഴത്തൂര്‍ വെളളത്തിരുത്തി താഴത്ത് രാമന്‍ ഭട്ടതിരിപ്പാട് എന്ന കേരളത്തിന്റെ സ്വന്തം വി.ടി. ഭട്ടതിരിപ്പാടിന്റെ അനുഭവങ്ങളില്‍ നിന്നും തൊട്ടെടുക്കാം ഗുരുദേവന്റെ സ്വാധീനം. ഗുരു ശിഷ്യനായ സഹോദരന്‍ അയ്യപ്പനുമായുണ്ടായിരുന്ന സൌഹൃദമാണ് നമ്പൂതിരിസമുദായത്തില്‍ പരിഷ്കാരങ്ങള്‍ക്ക് തുടക്കമിടാന്‍ വി.ടിയ്ക്ക് പ്രേരണയായത്. സാമൂഹ്യ പുരോഗതിക്ക് ആധുനികവിദ്യാഭ്യാസം വേണമെന്ന വീക്ഷണത്തോടെ ശിവഗിരിയില്‍ ഇംഗ്ളീഷ് സ്കൂള്‍ സ്ഥാപിക്കാന്‍ ഗുരുദേവന്‍ നേരിട്ട് പിരിവിനിറങ്ങിയ കഥകേട്ടാണ്  നമ്പൂതിരി സമുദായത്തിനുവേണ്ടി ഒരു 'യാചനാ പദയാത്ര' സംഘടിപ്പിച്ചതെന്ന് വി.ടി പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. തന്റെ ഭാര്യാസഹോദരിയായ പ്രിയദത്തയെ കല്ലാട്ടു കൃഷ്ണന്‍ എന്ന ഈഴവനും അനുജത്തി പാര്‍വതിയെ രാഘവപ്പണിക്കര്‍ എന്ന നായര്‍ക്കും വിവാഹം ചെയ്തുകൊടുത്തുകൊണ്ടാണ് വി.ടി ഗുരുവിന്റെ ഒരു ജാതി, ഒരുമതം, ഒരു ദൈവം എന്ന സന്ദേശം നടപ്പാക്കിയത്. വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ചുകൊണ്ട് സവര്‍ണ്ണജാഥയുമായി തിരുവനന്തപുരത്തേക്ക് തിരിച്ച മഹാനായ മന്നത്തുപത്മനാഭന്‍ ശിവഗിരിയില്‍ എത്തിയപ്പോള്‍ ഗുരുപാദത്തില്‍ സാഷ്ടാംഗം നമിച്ച് അനുഗ്രഹം തേടിയത് ഒരു കാലഘട്ടത്തിന്റെ മാഹാത്മ്യമായിരുന്നു. പുരാണങ്ങളില്‍ വിഷ്ണു ശിവനെയും ശിവന്‍ വിഷ്ണുവിനെയും തപസ്സുചെയ്തുവെന്ന കഥകള്‍ വായിക്കുന്ന കുളിര്‍മ്മയുണ്ട് ഈ അനുഭവങ്ങളിലെല്ലാം.
     ഇപ്പോള്‍ ഇതൊക്കെ ഓര്‍ക്കാനും ഓര്‍മ്മിപ്പിക്കാനും ചില കാരണങ്ങള്‍  ഉണ്ടായിട്ടുണ്ട്. ഗുരുദേവന്‍ സംഘടിക്കുവാന്‍ പറഞ്ഞത് ഈഴവരോട് മാത്രമാണെന്നും ഗുരു പരിഷ്കരിച്ചത് ഈഴവസമുദായത്തെ മാത്രമാണെന്നും പ്രചരിപ്പിക്കുന്ന അഭിനവ 'ബ്രമ്മവിത്തുകള്‍'  അവിടവിടെ പൊട്ടിമുളയ്ക്കുന്നുണ്ട്. യുവതലമുറയെ ഏറക്കുറെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുമുണ്ട്.  ഇരുട്ടിന്റെ ശക്തികള്‍ നാടാകെ ഗുരുദേവപ്രതിമകള്‍ തകര്‍ക്കുമ്പോള്‍  ഈഴവേതരസമുദായ സംഘടനകള്‍  ഒരു ചെറുപ്രതിഷേധം പോലും ഉയര്‍ത്താത്തത്  ഇത്തരം നുണപ്രചാരണങ്ങളുടെ സ്വാധീനത്താലാവണം.   പ്രതിമവയ്ക്കുന്നതിലും ആരാധിക്കുന്നതിലും  എതിര്‍പ്പുതോന്നുന്നവര്‍ ഉണ്ടാകാം. അത് അവരുടെ സ്വാതന്ത്യ്രം.  ദൈവവിശ്വാസികളും യുക്തിവാദികളും ഗുരുവിന് ഒരുപോലെപ്രിയപ്പെട്ടവരാണ് . പക്ഷേ, ഒന്നോര്‍ക്കണം;  കേരളത്തില്‍ ഇന്ന് പൂജിക്കപ്പെടുന്ന മറ്റെല്ലാവിഗ്രഹങ്ങളേക്കാളും പൂജനീയ യോഗ്യത ഗുരുവിനു തന്നെയാണ്. ലക്ഷക്കണക്കിന് ഭക്തര്‍ ജാതിഭേദമില്ലാതെ അത് അനുഷ്ഠിക്കുന്നുമുണ്ട്.  അപ്പോള്‍ പ്രതിമതകര്‍ക്കല്‍ കലാപങ്ങള്‍ ഉണ്ടാക്കാന്‍ ലക്ഷ്യം വച്ചാവണം. എങ്കില്‍ അവര്‍ക്കു തെറ്റി. ഗുരുവിനെ പൂജിക്കുന്നവര്‍ക്ക് ക്ഷമാശീലം  ഉണ്ടാകുക സ്വാഭാവികം. എന്നാല്‍ അത് ദൌര്‍ബല്യമല്ലെന്ന് ധരിക്കുക.  "മദ്യപിച്ച് നശിക്കരുത്" എന്ന് ആവര്‍ത്തിച്ചു പറഞ്ഞയാളിന്റെ പ്രതിമയോട് , 'രണ്ടെണ്ണം വിട്ടുകഴിയുമ്പോള്‍' തോന്നുന്ന വൈരാഗ്യമാണോ ഗുരുദേവ പ്രതിമകള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണത്തിന്റെ പ്രചോദനം എന്നും സംശയിക്കണം.  അവരോടും ഒന്നേ പറയാനുളളൂ. അന്ന് ഗുരു പറഞ്ഞതുകേട്ട് കാര്‍ന്നോന്മാര്‍ ജീവിച്ചതുകൊണ്ടാണ് ഇന്ന്  "അടിച്ചുകിറുങ്ങാന്‍"  കുടുംബത്തില്‍ എന്തെങ്കിലുമൊക്കെ മിച്ചമുണ്ടായത്.

No comments:

Post a Comment