Tuesday 5 July 2011

"അവര്‍ പെരിയവര്‍, എല്ലാം തെരിഞ്ഞവര്‍"

സദാ ധ്യാനലീനനായ രമണമഹര്‍ഷി എന്ന നിത്യമൌനത്തെ തേടി ഒരിക്കല്‍ ഗുരുദേവന്‍ തിരുവണ്ണാമലയിലെത്തി. 1916 ലായിരുന്നു അത്. മലയുടെ തെക്കുഭാഗത്താണ് വിഖ്യാതമായ രമണാശ്രമം. ഗുരുവും ശിഷ്യരും എത്തിയസമയത്ത് രമണമഹര്‍ഷി അതിനും ഒരു കിലോമീറ്റര്‍ ഉയരത്തിലുളള സ്കന്ദാശ്രമത്തിലായിരുന്നു. മഹര്‍ഷി താഴേക്ക് വരുന്നത് കാത്തുനില്‍ക്കാതെ ഗുരുദേവന്‍ മുകളിലേക്ക് കയറിച്ചെന്നു. പരസ്പരം കണ്ടു. കുറച്ചുനേരം പരസ്പരം കണ്ണുകളില്‍ നോക്കിനിന്നു. വാഗതീതമായ ഒരു സംവാദമായിരുന്നു അത്. പിന്നെ ആ മലമുകളില്‍ കുറേനേരം ധ്യാനനിരതനായി ഗുരു. ആശ്രമത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ നിര്‍വൃതിയുടെ ആ നിമിഷങ്ങള്‍ ഒരു ശ്ളോകധാരയായി ഗുരുവില്‍നിന്നൊഴുകി. പ്രശസ്തമായ നിര്‍വൃതിപഞ്ചകം എന്ന ഗുരുദേവകൃതി അങ്ങനെയാണ് ഉണ്ടായത്.
    ഒരു പക്ഷേ, ചരിത്രത്തില്‍ ഇത്രയും അസുലഭമായ നിമിഷങ്ങള്‍ വേറെ ഉണ്ടാവില്ല. രണ്ട് മഹാത്മാക്കള്‍ തമ്മില്‍ കാണുമ്പോള്‍ ഔപചരികതയില്ലാതെ അവസാനിക്കുന്ന സന്ദര്‍ശനം. എല്ലാം അറിയുന്നവര്‍ക്ക് തമ്മില്‍ എന്താണ് പിന്നെ സംസാരിക്കാന്‍ ഉണ്ടാവുക? ഒരിക്കല്‍ ഗുരുശിഷ്യനായ മംഗളാനന്ദസ്വാമി രമണാശ്രമത്തില്‍ എത്തിയപ്പോള്‍ ഗുരുദേവനെക്കുറിച്ച് രമണമഹര്‍ഷി പറഞ്ഞ വാക്കുകളില്‍ അന്നത്തെ മൌനത്തിന് ഉത്തരമുണ്ടായിരുന്നു, "അവര്‍ പെരിയവര്‍, എല്ലാം തെരിഞ്ഞവര്‍". പിന്നീട് 1923 ല്‍ ശിവഗിരിയിലെത്തിയ മഹാകവി രവീന്ദ്രനാഥടാഗോറുമായുളള ഗുരുവിന്റെ കൂടിക്കാഴ്ചയ്ക്ക്  ഇതുമായി ചില സമാനതകളുണ്ട്. എങ്കിലും വ്യത്യസ്തമായിരുന്നു ആ സന്ദര്‍ശനം. സന്ദേഹങ്ങള്‍ ഒഴിഞ്ഞ മനസ്സായിരുന്നു മഹാകവിയുടേത്. എന്നാല്‍ ഭാഷയിലൂടെ സത്യത്തെ തേടുന്ന ആ പ്രതിഭയ്ക്ക് വാക്കുകളെ അത്രകണ്ട് ഉപേക്ഷിക്കാനായില്ല. സംസാരത്തിനിടെ അദ്ദേഹം ഗുരു ചെയ്യുന്ന സാമൂഹ്യപരിവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. "നാം ഇതുവരെ യാതൊന്നും തന്നെ ചെയ്തിട്ടില്ല. ഇനി ഭാവിയില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല.നമ്മുടെ അശക്തിയില്‍ നാം ദു:ഖിക്കുന്നു" എന്നായിരുന്നു ഗുരുവിന്റെ മറുപടി. ആ വാക്കുകളില്‍നിന്ന് ഗുരുവിന്റെ കര്‍മ്മമണ്ഡലത്തിന്റെ അടിത്തറയെന്തെന്ന് മഹാകവി ടാഗോറിന് വ്യക്തമായി. കര്‍മ്മദര്‍ശനത്തില്‍ ഗുരു പറയുന്ന അതേ  അടിത്തറ. എല്ലാ ചലനങ്ങള്‍ക്കും പശ്ചാത്തലമായ  ചലിക്കാത്ത ഒരടിത്തറ. ഭൌതികശാസ്ത്രം പറയുന്ന ചലനനിയമം തന്നെയാണിത്. ചലനത്തിന് അവശ്യം വേണ്ട ചലനരഹിതമായ ഈ പശ്ചാത്തലത്തെ വേദാന്തശാസ്ത്രം കര്‍മ്മാധിഷ്ഠാനം എന്നുവിളിക്കുന്നു. പ്രപഞ്ചത്തിന്റെ മുഴുവന്‍ കര്‍മ്മാധിഷ്ഠാനമാണ് ബ്രഹ്മം. മനസ്സ് എവിടെയൊക്കെ എത്തുന്നുവോ അവിടെയൊക്കെ ബ്രഹ്മത്തെ ദര്‍ശിക്കാന്‍ കഴിവുളളവര്‍ ബ്രഹ്മനിഷ്ഠര്‍. ഗുരുദേവന്‍ തികഞ്ഞ ബ്രഹ്മനിഷ്ഠനായിരുന്നു. അദ്ദേഹത്തിന്റെ കര്‍മ്മം ബ്രഹ്മത്തില്‍ അധിഷ്ഠിതമായിരുന്നു.  എല്ലാ ചലനങ്ങളുടെയും ചലിക്കാത്ത അടിത്തറയില്‍ നിന്ന് ഒരു കാലഘട്ടത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുകയാണ് ഗുരുചെയ്തത്. പിന്നെങ്ങനെ താന്‍ എന്തെങ്കിലും ചെയ്യുന്നു എന്ന് അദ്ദേഹത്തിന് പറയാന്‍ കഴിയും? ഗുരുവിന്റെ ബ്രഹ്മനിഷ്ഠമായ കര്‍മ്മത്തിന്റെ ഒരു ഉപ ഉല്പന്നം മാത്രമാണ് ഇവിടെ ഉണ്ടായ സാമൂഹ്യപരിവര്‍ത്തനം. ഗുരു വെറുമൊരു സാമൂഹ്യപരിഷ്കര്‍ത്താവല്ല എന്ന അവബോധം  ഉണര്‍ന്നപ്പോള്‍ മഹാകവി എഴുന്നേറ്റുനിന്ന് പ്രണമിച്ചുപോയി. രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം 1925 ല്‍ ഗാന്ധിജി ശിവഗിരിയിലെത്തി. അദ്ദേഹത്തിന് പക്ഷേ ചില സന്ദേഹങ്ങള്‍ അവശേഷിച്ചിരുന്നു. വര്‍ണ്ണാശ്രമ ധര്‍മ്മത്തിലധിഷ്ഠിതമായ സാമൂഹ്യക്രമം എന്നവിശ്വാസം നശിച്ച്  പുതിയ ഒരു സത്യദര്‍ശനത്തിന്റെ ജീവവായു ശ്വസിച്ചാണ് അദ്ദേഹം ശിവഗിരിക്കുന്നിറങ്ങിയത്. ഗുണകര്‍മ്മങ്ങള്‍ തന്നെ സ്ഥായിയല്ലാത്തപ്പോള്‍ എങ്ങനെ അതിനെ അടിസ്ഥാനമാക്കി വര്‍ണ്ണാശ്രമങ്ങള്‍ ഉണ്ടാകും എന്ന ഗുരുവിന്റെ ചോദ്യം ഗാന്ധിജിയുടെ മുന്നില്‍ അദ്വൈതദര്‍ശനത്തിന്റെ സാമൂഹ്യവശം തുറന്നു. ഇന്ത്യയില്‍  അയിത്തോച്ചാടനത്തിന് ഗാന്ധിജി തുടക്കമിടുന്നത് ഈ ഗുരുപകര്‍ന്ന ഈ വെളിച്ചത്തിലാണ്.
    ജനക്കൂട്ടത്തിനുമുന്നില്‍പോലും അനന്തതയിലേക്ക് നോക്കി മൌനമായി നില്‍ക്കുന്ന പ്രകൃതമായിരുന്നു ഗുരുവിന്റേത്. നിവൃത്തിയില്ലെങ്കില്‍ മാത്രം അല്പഭാഷണം.ആ മൌനത്തിലൂടെ മനപരിവര്‍ത്തനം വരുന്നവര്‍ അദ്ദേഹത്തെ അനുഗമിച്ചു. തിരയിളക്കമില്ലാത്ത ശാന്തമൌനത്തിന്റെ  അഗാധശക്തി ഉള്‍ക്കൊളളാന്‍ കരുത്തില്ലാതെ എതിര്‍പ്പുകാര്‍ പത്തിമടക്കി.  ആദ്യത്തെ സര്‍വമത സമ്മേളനം ആലുവയില്‍ നടന്നപ്പോള്‍ കഷ്ടിച്ച് മൂന്നോനാലോവാക്യങ്ങളാണ് ഗുരുമുഖത്തുനിന്നുണര്‍ന്നത്. പക്ഷേ, ആ സമ്മേളനത്തില്‍ സംസാരിച്ച ഓരോ വ്യക്തിയിലും ഗുരുവിന്റെ ദര്‍ശനപ്രഭാവം സ്വാധീനം ചെലുത്തിയിരുന്നു. പ്രപഞ്ചത്തിന്റെ ശക്തിസ്രോതസ്സായ പരംപൊരുളിന്റെ സ്വാധീനം ജീവജാലങ്ങളില്‍ ഉളവാകുന്നതുപോലെയാണത്. ഇത്രയും മിതഭാഷിക്ക് എങ്ങനെ ഒരു കാലഘട്ടത്തിന്റെ ഭ്രമണദിശ തിരിച്ചുവിടാന്‍ കഴിഞ്ഞു  എന്നത് ചരിത്രം പഠിക്കുന്നവര്‍ക്ക്  ഇന്നും അത്ഭുതമാണ്. അതിന് ചരിത്രം മാത്രം പഠിച്ചാല്‍പോര അവനവന്റെ ഉളളുതുറക്കുന്ന ശാസ്ത്രംകൂടി അഭ്യസിക്കണമെന്ന് ഗുരുകൃതികള്‍  വെളിപ്പെടുത്തുന്നു.  ആത്മോപദേശശതകം, ദര്‍ശനമാല, അറിവ് എന്നീ കൃതികളില്‍ ഈ ദര്‍ശനം ഗുരു ചെപ്പുതുറന്ന് കാണിക്കുന്നുണ്ട്.
    ഒരാള്‍ എത്രകണ്ട് നന്നായി പ്രസംഗിക്കുന്നു എന്നതാണ് ഇന്നത്തെകാലത്ത് ജനനേതാവിന്റെ ലക്ഷണം. അതില്‍കളളമോ അവാസ്ഥവമോ ഉണ്ടായാലും തരക്കേടില്ല. സന്ദര്‍ഭോചിതമായി പറയുന്നവര്‍ക്ക് ജനത്തിന്റെ 'സബാഷ്' വിളി ലഭിക്കും. ഇടഞ്ഞുനില്‍ക്കുന്നവരെയും ഇടംകാല്‍വെട്ടുന്നവരെയും തന്ത്രപൂര്‍വം കൈകാര്യംചെയ്യുന്നവരും ബുദ്ധിയുടെ തലത്തില്‍ നിന്ന് സംസാരിച്ച് നയപരമായി കാര്യങ്ങള്‍ കൊണ്ടുപോകന്നവരും വിജയിക്കുന്നത് കാണാം.മോഡേണ്‍ മാനേജ്മെന്റ് പഠനങ്ങള്‍പോലും ഈ നയത്തിലാണ് കാലുറപ്പിക്കുന്നത്. സത്യം അവിടെയൊക്കെ വിദൂരമായിരിക്കും. ഹൃദയംകൊണ്ട് സംസാരിക്കുന്നവര്‍ അപൂര്‍വങ്ങളില്‍ അപൂര്‍വം.  ബുദ്ധികൊണ്ട് നടത്തുന്ന ഇടപെടലുകളില്‍ കച്ചവടതന്ത്രം പരിലസിക്കും. എന്നാല്‍ ശാശ്വതമായ പരിവര്‍ത്തനം ഉണ്ടാക്കാന്‍ ഹൃദയംകൊണ്ട് ഇടപെടുന്നവര്‍ക്കേ കഴിയൂ.  അത് പ്രകൃതിനിയമങ്ങളോട് നീതിപുലര്‍ത്തുന്നതായിരിക്കും.  അവരുടെ ഉളളില്‍ ഭേദചിന്തകള്‍ ഉണ്ടാവില്ല. അതിനാല്‍ അവരുടെ മാര്‍ഗത്തില്‍ എതിര്‍പ്പുകള്‍ അലിഞ്ഞ് ഇല്ലാതെയാകും. ശരീരത്തിലെ  സര്‍വചലനങ്ങള്‍ക്കും കാരണമായ  ഹൃദയത്തിന്റെ  സ്പന്ദനംപോലെ അവര്‍ ചുറ്റിനുമുളള ജീവലോകത്തെ ചലിപ്പിക്കുന്നു. ലോകവ്യവസ്ഥയെ അറിയുന്ന ഇങ്ങനെയൊരു മാനസിക തലം വളര്‍ത്തുന്ന വിദ്യാഭ്യാസത്തിനേ മനുഷ്യനെ സ്വതന്ത്രനാക്കാന്‍ കഴിയൂ. വിദ്യകൊണ്ട് സ്വതന്ത്രരാകുക എന്ന ഗുരുവരുളിന്റെ പൊരുളും ഇതുതന്നെ.

No comments:

Post a Comment