Thursday, 21 July 2011

ശില്പരചനയെന്നാല്‍ കൂര്‍ക്കയോ കുന്നിക്കുരുവോ?

അഞ്ചുവര്‍ഷംമുമ്പ്  ചെമ്പഴന്തിയില്‍ വച്ച് അവസാനമായി കാണുമ്പോള്‍ നളിനി അമ്മയുടെ  കണ്ണിന് കാഴ്ച തീരെ നഷ്ടപ്പെട്ടിരുന്നു. ഓര്‍മ്മയുടെ നിഴലനക്കങ്ങള്‍ മാത്രം  അവരില്‍ അവശേഷിച്ചു. എന്നിട്ടും പതിവുപോലെ അവര്‍ ആ കഥ പറഞ്ഞ് കരഞ്ഞു; താമരപ്പൂവിതളുപോലെ ചുവന്നനിറമുളള സ്വാമി അപ്പുപ്പനെ കണ്ടകഥ...  കുട്ടിക്കാലത്ത്  ശിവഗിരിയിലെത്തുമ്പോള്‍ ഗുരുസ്വാമി നേരിട്ട് നല്‍കുന്ന കല്‍ക്കണ്ടവും  ഉണക്കമുന്തിരിയും കഴിച്ച നിര്‍വൃതി ആ ഓര്‍മ്മകളില്‍ തിളങ്ങുന്നുണ്ട്.  ഒരിക്കല്‍ ആ മധുരംകൊതിച്ച് ശിവഗിരിയില്‍ ചെന്നപ്പോള്‍ എഴുതിരിയിട്ടവിളക്കിനുമുന്നില്‍ ധ്യാനത്തിലെന്നപോലെ സമാധിയിലിരിക്കുന്ന ഗുരുസ്വാമിയെയാണ് കണ്ടത്.  ആ ജീവന്‍ നിലച്ചു എന്നറിയാതെ പതിവുപോലെ മുന്തിരിക്കും കല്‍ക്കണ്ടത്തിനുമായി ഗുരുദേവനുനേരെ കൈനീട്ടിയപ്പോള്‍ ഒരു തേങ്ങലോടെ അമ്മ നളിനിയുടെ കൈപിടിച്ച് താഴ്ത്തി.
    എങ്ങും കണ്ണീരുതോരാത്ത ജനസഞ്ചയം.  അന്ന്  ശിവഗിരിക്കുന്നില്‍ കണ്ട കാഴ്ചകളോരോന്നും പറഞ്ഞ്  വര്‍ഷങ്ങള്‍ക്കിപ്പുറം മരണശയ്യയില്‍ക്കിടന്ന് അവര്‍   കുറേ കരഞ്ഞു.  സ്വന്തം മക്കളുടെ പേരുപോലും മറന്നിട്ടും ഗുരുവെന്ന നിത്യസത്യത്തെ കണ്‍പാര്‍ത്തതിന്റെ ഓര്‍മ്മമാത്രം നളിനിയമ്മയില്‍ മങ്ങാതെ നില്‍ക്കുന്നതുകണ്ട് അത്ഭുതംതോന്നി. ഇതൊരു ജന്മസുകൃതമാണ്. ഓര്‍മ്മയുടെ അവസാനകണികയില്‍ ഗുരുസ്വരൂപം മാത്രം നിറഞ്ഞു നില്‍ക്കുക എന്നത്.  എല്ലാപൊരുളുകളും തൊട്ടെണ്ണി ഒടുങ്ങുമ്പോള്‍ ഒടുവില്‍ തെളിയുന്ന പരമാത്മചൈതന്യംപോലെയാണത്.  ഗുരുദേവന്റെ സഹോദരി മാതയുടെ കൊച്ചുമകളായിരുന്നു നളിനി അമ്മ. കുറച്ചുവര്‍ഷം മുമ്പ് അവര്‍ നിത്യതയില്‍ ലയിച്ചു. അവസാനശ്വാസം വരെ "ഗുരുസ്വാമി" എന്ന സ്നേഹാക്ഷരങ്ങള്‍ അവരുടെ കണ്ഠത്തില്‍  ജീവമന്ത്രംപോലെ തങ്ങിനിന്നിരുന്നു.
    ഗുരുവിനെ നേരില്‍ക്കണ്ട അനുഭൂതിയുമായി ഇപ്പോഴും ചെമ്പഴന്തിയിലെ പഴയതലമുറയില്‍ ചിലര്‍  ജീവിക്കുന്നു. തുണ്ടുവിള ജനാര്‍ദ്ദനനന്‍, ഇലയിക്കല്‍ വിളാകത്ത് ഭാനുമതി അമ്മ എന്നിവര്‍ അവരില്‍ ചിലരാണ്.  ഇതുപോലെ കേരളക്കരയില്‍ ഇപ്പോഴും ഗുരുദര്‍ശനഭാഗ്യം കിട്ടിയ കഥകളുമായി ചിലരെങ്കിലും ജീവിച്ചിരിപ്പുണ്ടാകണം. അവരുടെ അനുഭവങ്ങളില്‍ ഇതളിടുന്ന രൂപവും ഭാവവും ഒന്നും തന്നെ ഇന്ന്  പ്രചരിക്കുന്ന പ്രതിമകളിലും ചിത്രങ്ങളിലും കാണുന്നില്ല എന്നത് ഇന്നത്തെ തലമുറയ്ക്കെങ്കിലും വിരോധാഭാസമായി തോന്നണം. നാളത്തെ തലമുറയെക്കുറിച്ച് പറയേണ്ട ; അവര്‍ക്ക്  അതുപകര്‍ന്നു നല്‍കാന്‍  ഗുരുവിനെ നേരില്‍ക്കണ്ടവരാരും ശേഷിക്കില്ലല്ലോ.  ഇവരൊക്കെ മണ്‍മറയുന്നതുവരെയെങ്കിലും ഇപ്പോഴത്തെ പ്രതിമനിര്‍മ്മാതാക്കളും ചിത്രകാരന്മാരും സംയമനം പാലിക്കണം എന്നൊരപേക്ഷയുണ്ട്. അതുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്തുമാകാം. ആരും ചോദിക്കില്ല.
    വര്‍ഷങ്ങളോളം ഗുരുവിന്റെ ആശ്രിതനായി ജീവിക്കാന്‍ പുണ്യംലഭിച്ച പഴമ്പളളി അച്യുതന്‍ ഇങ്ങനെ എഴുതുന്നു, " ഉദ്ദേശം അഞ്ചടി പത്തിഞ്ച് പൊക്കം. പൊക്കത്തിനിണങ്ങുന്ന വണ്ണം. കൃശം എന്നോ സ്ഥൂലം എന്നോ പറയാന്‍ പറ്റാത്ത ശരീരം. ചുട്ടുപഴുപ്പിച്ച കനകത്തിന്റെ നിറം. വിസ്തൃതമായ നെറ്റി. അനന്തതയിലേക്ക് നീണ്ട യോഗനയനങ്ങള്‍, അല്പം വലിപ്പംകൂടുതലുളള ചെവികള്‍, പൂജാമണിയില്‍ നിന്ന് പുറപ്പെടുന്നതുപോലെ മൃദുഗംഭീരമായ ശബ്ദം. സര്‍വോപരി മധുരോദാരമായ മന്ദസ്മിതം. ഇതൊക്കെ ആ മുഖതേജസില്‍ ഇണങ്ങിക്കാണുമ്പോള്‍ ആരിലും അത്ഭുതാദരങ്ങള്‍ ജനിപ്പിക്കും. ഒരു പ്രാവശ്യം കണ്ടിട്ടുളളവര്‍ ജീവിതത്തില്‍ ഒരിക്കലും മറന്നുപോകാന്‍ ഇടയാകാത്ത വിധം അത്ര ആകര്‍ഷകമായിരുന്നു ആ വദനമണ്ഡലം."             ഇതൊന്നും അറിയാതെയാണ് ചില 'കലാകാരന്മാര്‍' ചിത്രം വരയ്ക്കാനും ശില്പമുണ്ടാക്കാനും ഇറങ്ങുന്നതെന്ന് തോന്നുന്നു. അടുത്തകാലത്ത് ഒരു ഗുരുഭക്തന്റെ വീട്ടില്‍ ചെന്നപ്പോള്‍ ആ കഷ്ടസ്ഥിതി നേരില്‍ക്കണ്ടു. ടിവിയുടെ മുകളില്‍ തലയാട്ടുന്ന പട്ടരുടെ പ്രതിമയിരിക്കുന്നു. വാതില്‍പ്പടിക്കടുത്ത് ഗുരുദേവന്റേതെന്ന് അവര്‍ വിശ്വസിക്കുന്ന പ്രതിമയും. രണ്ടും തമ്മില്‍ വലിയ വ്യത്യാസമില്ല ഒന്നിന് മഞ്ഞമുണ്ട് പുതച്ചിട്ടുണ്ട്. വെളളത്താടിയുമുണ്ട്. അത്രമാത്രം.  "ശ്രീനാരായണഗുരുദേവന്‍ ഈ വീടിന്റെ ഐശ്വര്യം."  എന്ന് പ്രതിമയുടെ താഴെ എഴുതിവച്ച വാക്കുകള്‍ കണ്ടാണ് ഇത് ഗുരുവിന്റേതാണെന്ന് മനസ്സിലാക്കുന്നത്. അതുകണ്ടിട്ട് അവര്‍ക്ക് ഇതിനേക്കാള്‍ വലിയ ഐശ്വര്യക്കേട് വരാനില്ല എന്നാണ് തോന്നിയത്. സാധുക്കളാണവര്‍. ഗുരുവിനോട് ഭക്തിയുണ്ട് എന്നതൊഴിച്ചാല്‍ മറ്റൊന്നും അവര്‍ക്കറിയില്ല. ആരും പറഞ്ഞുകൊടുക്കാനുമില്ല.   ഇങ്ങനെയുളള പാവങ്ങളെ പ്ളാസ്റ്റര്‍ ഓഫ് പാരീസ് മെനഞ്ഞുകൊടുത്തു പറ്റിക്കാന്‍ കുറേ 'മിടുക്കന്മാര്‍' ഇറങ്ങിയിട്ടുണ്ട്. ഏതോ അച്ചുവച്ച് വാര്‍ത്താണിവര്‍ സംഗതി തരപ്പെടുത്തുന്നത്. ശിവകാശിയിലെ ഏതോ പ്രസ്സുകാരും മാങ്ങപൂളിയതുപോലെ മുഖഭാവമുളള ഗുരുവിന്റെ ചിത്രം വിറ്റ് കുറേ കാശടിച്ചിട്ടുണ്ട്. അവയുടെ ശേഷിപ്പുകള്‍ ഇന്നും പലവീടുകളിലും കാണാം. ഇതിനേക്കാള്‍ കഷ്ടമാണ് വഴിയരുകില്‍ സിമന്റ്കുഴച്ചുരുട്ടിവച്ചിരിക്കുന്ന പ്രതിമകള്‍ കണ്ടാല്‍. ഉണ്ടാക്കിയവന്റെ മനോവൈകല്യം മുഴുവന്‍ ആ പ്രതിമയില്‍ ഉണ്ടാകും.  ആ വികൃതപരിവേഷവുംചുമന്നിരിക്കാന്‍ വിധിക്കപ്പെടുകയാണ് നമ്മുടെ സ്വന്തം ഗുരുദേവന്‍.
    വര്‍ഷങ്ങള്‍ക്കുമുമ്പ് ഗുരു സശരീരനായിരിക്കുമ്പോള്‍ തന്നെയാണ് മൂര്‍ക്കോത്തുകുമാരന്റെ നേതൃത്വത്തില്‍ തലശേരി ജഗന്നാഥക്ഷേത്രത്തില്‍ ഗുരുപ്രതിമ സ്ഥാപിച്ചത്. അന്ന് അതിന്റെ നിര്‍മ്മാണചുമതലയേറ്റെടുത്ത  ഇറ്റലിക്കാരനായ പ്രൊഫ. തവര്‍ലിക്ക് നല്‍കാന്‍ തലശേരിക്കാര്‍ ശിവഗിരിയില്‍ ഫോട്ടോഗ്രാഫറുമായി വന്ന് ഗുരു ചരിഞ്ഞിരിക്കുന്ന ഫോട്ടോ എടുത്തുകൊണ്ടുപോയി. ചരിഞ്ഞിരിക്കുന്ന പോസില്‍ ഫോട്ടോ എടുക്കാന്‍ അനുവാദം ചോദിക്കണം എന്ന് വിചാരിച്ച് വന്ന ഫോട്ടോഗ്രാഫറെ ഞെട്ടിച്ചുകൊണ്ട് ഗുരു അങ്ങോട്ടുചോദിച്ചു. " ഇങ്ങനെ ചരിഞ്ഞിരിക്കുന്ന പടം മതിയാകും അല്ലേ?" അയാള്‍ അതുകേട്ട് കാലില്‍ വീണുവണങ്ങിപ്പോയി. ഗുരുവിന്റെ യഥാര്‍ത്ഥചിത്രം മാതൃകയാക്കി പ്രതിഭാശാലിയായ ശില്പി ചെയ്തതിനാല്‍ അതിന്  അതിന്റേതായ ഗുണവും ഉണ്ടായി.ടി.കെ. ഹരിഹരന്‍ മൂത്തകുന്നം എന്ന ശില്പി രചിച്ച ഒരു  പ്രതിമ വര്‍ക്കല നാരായണ ഗുരുകുലത്തിലുണ്ട്. അത് ഗുരുവിന്റെ രൂപത്തോട് നീതി പുലര്‍ത്തുന്ന ഒന്നാണ്.  ശില്പരചന കൂര്‍ക്കയാണോ കുന്നിക്കുരുവാണോ എന്നറിയാത്തവര്‍ ചെയ്യുമ്പോഴാണ് അത് തലയാട്ടുന്ന പട്ടരുടെ പ്രതിമയെപ്പോലെയാകുന്നത്. ഗുരുവിന്റെ നല്ല ചിത്രങ്ങള്‍ ഇപ്പോഴും ലഭ്യമാണ്. ശില്പമുണ്ടാക്കുന്നവര്‍ക്ക് അത് ആധാരമാക്കി ചെയ്യാവുന്നതാണ്. എന്നാല്‍ എളുപ്പപ്പണിക്കാരാണ് ഇന്നീ തൊഴിലുമായി ഇറങ്ങിയിരിക്കുന്നത്. പണമുണ്ടാക്കാന്‍ ഈ ലോകത്ത് എത്രയോ മാര്‍ഗങ്ങളുണ്ട്. അതിന് പക്ഷേ, ഒരു  പുണ്യപുരുഷനെ  വികൃതമാക്കിയിട്ടുവേണോ?

No comments:

Post a Comment