Sunday, 24 July 2011

ദൈവകണികയും നമ്മുടെ നാട്ടുകാരും


ശിവഗിരിയിലെ വൈദികമഠത്തിന്റെ മുറ്റത്ത് ചിലര്‍ കൂട്ടംകൂടി നില്‍ക്കുന്നു.  ഇരുളില്‍നിന്ന് ആരോ ധൃതിയില്‍ കടന്നുവരുന്നു.  മഠത്തിന്റെ മുറ്റത്ത് തിളങ്ങിനില്‍ക്കുന്ന ഒരു ചെറുവിളക്കിന്റെ ദീപ്തിയില്‍ ആഗതന്റെ മുഖം എല്ലാവരും കണ്ടു. 'കുമാരനാശാന്‍.' തിണ്ണയില്‍ ഇരുന്നവര്‍ ആ പ്രൌഢസാന്നിദ്ധ്യത്തില്‍ അറിയാതെ എണീറ്റുപോയി. പക്ഷേ, ആശാന്റെ മുഖകമലത്തില്‍മാത്രം അസ്വസ്ഥതയുടെ നിഴല്‍ കനംവച്ചുനിന്നു. ഗുരുദേവന്‍ ധ്യാനത്തിലാണ്. കാത്തുനില്‍ക്കാന്‍ സമയമില്ല, "ഗുരുസ്വാമി ഉണരുമ്പോള്‍ ഞാന്‍ വന്നു പോയതായി പറയണം" എന്നു പറഞ്ഞ് മഹാകവി കുന്നിറങ്ങി  ഇരുളില്‍ ലയിച്ചു. അത് കേരളത്തെ കണ്ണീരുകുടിപ്പിച്ച ഒരു വിധിവൈപരീത്യത്തിലേക്കുളളയാത്രയായിരുന്നു. ധ്യാനത്തില്‍നിന്നുണര്‍ന്ന് ശോകസങ്കുലനായി  അതേ ഇരുപ്പിലാണ് ഗുരുദേവന്‍. അതിന്റെ അര്‍ത്ഥം മനസ്സിലാകാതെ സന്ദേഹിച്ചുനിന്നവരോട് ഗുരു മൊഴിഞ്ഞു,        "കുമാരന്‍ പോയി അല്ലേ?" ആ വാക്കുകളുടെ സാമാന്യ അര്‍ത്ഥം ഗ്രഹിച്ചവര്‍, ശിഷ്യന്‍ തന്നെ കാണാന്‍കൂട്ടാക്കാതെ പോയി എന്നത് ഗുരുവിന് വിഷമമുണ്ടാക്കി എന്നു ധരിച്ചു. അതായിരുന്നില്ല ആ വാക്കുകളുടെ അര്‍ത്ഥവ്യാപ്തിയെന്ന് പിറ്റേന്ന് പ്രഭാതത്തില്‍ ബോധ്യമായി.
"പല്ലനയില്‍ ബോട്ടപകടം. കുമാരനാശാനും മുങ്ങി മരിച്ചു."
    ഉളളില്‍ നോവുപടര്‍ത്തുന്ന ഒരു രംഗമാണ് 1924 ജനുവരി 16ലെ ആ സന്ധ്യ. ഇതേക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ഉളളില്‍ ഉറഞ്ഞുകൂടുന്ന ഒന്നുണ്ട്, 'ആശാന് കുറച്ചുകൂടി കാത്തുനില്‍ക്കാമായിരുന്നു, ഗുരു ഉണരും വരേക്കെങ്കിലും. എങ്കില്‍ ഇതു സംഭവിക്കുമായിരുന്നോ?' എന്ന്.  ചിലപ്പോള്‍ ആപത്തുമുന്‍കൂട്ടികണ്ട് കുമാരനെ പിന്‍തിരിപ്പിക്കാനാണോ എന്നത്തേക്കാളും കൂടുതല്‍ സമയം ഗുരു ധ്യാനം നീട്ടിയതെന്നും സംസാരികളായ സമുക്ക്  സന്ദേഹിക്കാം. പക്ഷേ ദൈവനീതിക്കുമുന്നില്‍ ഈ സന്ദേഹങ്ങള്‍ക്ക് പ്രസക്തിയെന്ത്? അകാലത്തില്‍ ആ സ്നേഹതാരകം മറഞ്ഞുപോയതിന്റെ വേദന വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അടക്കാനാവാത്തതാണ് സന്ദേഹങ്ങള്‍ക്ക് കാരണം.
    പണ്ടുകാലം മുതല്‍ക്കേ ഗുരുവില്‍ ആശ്രയം തേടിയവര്‍ക്ക് പൂര്‍ണ്ണമായും ആ ദൈവജ്ഞനെ ഉള്‍ക്കൊളളാന്‍ കഴിഞ്ഞിരുന്നില്ല എന്നത് യാഥാര്‍ത്ഥ്യമായിത്തന്നെ നിലനില്‍ക്കുന്നു എന്നുസൂചിപ്പിക്കാനാണ് ഈ സന്ദര്‍ഭം വിവരിച്ചത്. ഗുരുവിന്റെ ആ സാന്നിദ്ധ്യത്തിന്, പൂവില്‍ നിറഞ്ഞ് ഇറ്റൊഴുകുന്ന തേന്‍തുളളിപോലെ അമൃതസമാനമായ ആ വാക്കുകള്‍ക്ക്, ആ മൌനത്തിന്, നോട്ടങ്ങള്‍ക്ക്, ചലനങ്ങള്‍ക്ക്, ചിലസമയത്തെ നിസംഗതകള്‍ക്കെല്ലാം പ്രപഞ്ചലീലയോളം പോന്ന അര്‍ത്ഥവ്യാപ്തിയുണ്ട്. അതൊന്നും വായിച്ചെടുക്കാന്‍ സാമാന്യബുദ്ധിക്ക് സാധ്യമല്ല. അതിന് മേധ ഉണരേണ്ടതുണ്ട്. സത്യം വെളിപ്പെടേണ്ടതുണ്ട്. സശരീരിയായ ഗുരുദേവന് ചുറ്റിനും നിന്നവരില്‍ ഇങ്ങനെ മേധയുണര്‍ന്നവര്‍ എത്രപേരുണ്ടായിരുന്നു എന്നത് സംശയിക്കേണ്ടതുണ്ട്. ഗുരു ചില സാഹചര്യങ്ങളില്‍ പറഞ്ഞതൊക്കെയും യാന്ത്രികമായി ചേര്‍ത്തുവച്ചാണ് മറ്റൊരു സാഹചര്യത്തില്‍ ഗുരുവിനെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്.
    സത്യത്തെക്കുറിച്ചു വാഗ്മയമായി പറഞ്ഞു തുടങ്ങുമ്പോഴേക്ക് അതില്‍ അസത്യം കലര്‍ന്നുതുടങ്ങിയിട്ടുണ്ടാകും എന്ന് ആദിശങ്കരന്‍ പറഞ്ഞിട്ടുണ്ട്. എങ്കില്‍ പിന്നെ എന്തിന് ബ്രഹ്മഭാഷ്യം എഴുതി എന്നു ചോദിച്ചപ്പോള്‍ ആചാര്യപാദര്‍ പറഞ്ഞു, ഇതിനേക്കാള്‍ വലിയ അസത്യങ്ങള്‍ പ്രചരിക്കാതിരിക്കാനാണതെന്ന്.  ഗുരുദേവനെക്കുറിച്ചുളള വ്യാഖ്യാനങ്ങളിലും   ഇപ്പറഞ്ഞത്  ആവര്‍ത്തിക്കുകയേ നിവര്‍ത്തിയുളളൂ. സാമാന്യബുദ്ധിക്ക് അപ്പുറത്തുനിന്നുകൊണ്ട് ഗുരുവിനെ അറിയാന്‍ എല്ലാവര്‍ക്കും കഴിയില്ല,  അങ്ങനെയൊരു ഉദ്യമത്തിനിറങ്ങുന്നവര്‍ എവിടെ നിന്നുതുടങ്ങണം എന്നു ചോദിച്ചാല്‍ ആ പാദത്തില്‍നിന്ന് തുടങ്ങണം എന്നേ പറയാനാകൂ. സമ്പൂര്‍ണ്ണവും സമര്‍പ്പിതവുമായ ഭക്തിക്കുമുന്നില്‍ തെളിഞ്ഞുവരാത്ത പ്രപഞ്ചരഹസ്യങ്ങള്‍ ഒന്നുമില്ല.  അവനവനില്‍ക്കൂടി അറിവുതേടുന്നവര്‍ക്കേ സൃഷ്ടിരഹസ്യം വെളിപ്പെടുകയുളളൂ. അത് ലബോറട്ടറികളിലോ ശാസ്ത്രഗ്രന്ഥങ്ങളിലോ ലഭിക്കുന്ന അറിവിനും അപ്പുറത്തുളളതായിരിക്കും.  ശാസ്ത്രത്തിലൂടെ പ്രപഞ്ചസത്യമറിയാന്‍ ആഗ്രഹിക്കുമ്പോള്‍ ദൈവത്തിന്റെ പങ്ക് തളളിക്കളയാതിരുന്നാല്‍ കിട്ടുന്നത് പൂര്‍ണ്ണസത്യമായിരിക്കും. അല്ലെങ്കില്‍ അത് എന്നും അപൂര്‍ണ്ണത്തില്‍ നിന്നുദിച്ച അപൂര്‍ണ്ണതയാകാനേ തരമുളളൂ. പ്രപഞ്ചസൃഷ്ടിക്ക് കാരണമായ 'ദൈവകണിക'യെക്കണ്ടെത്താനും അതുവഴി സൃഷ്ടി രഹസ്യങ്ങള്‍ അറിയാനും ജനീവയില്‍ ഭൌതികശാസ്തജ്ഞര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് കേട്ടിരിക്കും. യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ന്യൂക്ളിയാര്‍ റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ നടക്കുന്ന ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണം തുടങ്ങിയിട്ട് ഈ സെപ്തംബര്‍ വരുമ്പോള്‍ മൂന്നുവര്‍ഷമാകും. ഇനിയും മൂന്നുവര്‍ഷമെടുക്കും   പരീക്ഷണം പൂര്‍ത്തിയാക്കാന്‍ എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭൌതികശാസ്ത്രത്തിന്റെ ഇതുവരെയുളള പഠനങ്ങളില്‍ പ്രപഞ്ചരഹസ്യത്തിന്റെ നാലുശതമാനം മാത്രമേ വെളിപ്പെട്ടിട്ടുളളൂ  എന്നുകൂടി ഓര്‍ക്കണം. എന്നാല്‍ ഗുരുവിന്റെ ദര്‍ശനമാല പഠിച്ചുനോക്കൂ. പ്രപഞ്ചത്തിന്റെ സൃഷ്ടി രഹസ്യം അതില്‍ മറനീക്കി നില്‍ക്കുന്നതുകാണാം.
     ആസീദഗ്രേ ബ സദേവേദം
    ഭുവനം സ്വപ്നവത് പുനഃ
    സസര്‍ജ സര്‍വം സങ്കല്പ-
    മാത്രേണ പരമേശ്വരഃ എന്നു തുടങ്ങുന്ന ഈ കൃതി
പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിവുളളവര്‍ ഗുരുവിനു ശേഷം ഉണ്ടായിട്ടില്ല. എങ്കിലും സാമന്യഭാഷയില്‍ ലഭിക്കുന്ന അര്‍ത്ഥം തന്നെ ജിജ്ഞാസകള്‍ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാക്കും. അദ്വൈതസത്യവും ആധുനികശാസ്ത്രവും സമന്വയിപ്പിച്ചുകൊണ്ട് ഉല്പത്തിയെക്കുറിച്ച് പറയുകയാണ് ഗുരുദേവന്‍ ഇവിടെ. സൃഷ്ടിക്ക് മുമ്പ്  അവികൃതബ്രഹ്മമായിരുന്ന ഈ പ്രപഞ്ചത്തെ സ്വപ്നദര്‍ശി സങ്കല്പത്തിലൂടെയെന്നപോലെ പരമേശ്വരന്‍  സങ്കല്പമാത്രേണ സൃഷ്ടിച്ചു എന്നാണ്  ആദ്യ ശ്ളോകത്തിന്റെ സാരം. ഇത് വാഗര്‍ത്ഥം. അതിനുമപ്പുറത്തേക്ക് വ്യാഖ്യാനിച്ചാല്‍ ഇതില്‍ വേദങ്ങളും ഉപനിഷത്തുക്കളും  ആധുനികശാസ്ത്രവും തിളങ്ങുന്നതുകാണാം. ആധുനിക ശാസ്തരംഗത്തുണ്ടാകുന്ന പുരോഗതികള്‍ ഉള്‍ക്കൊളളാനും ശാസ്ത്രത്തിന് വഴിമുട്ടുന്ന ചോദ്യങ്ങള്‍ക്കുമുന്നില്‍ അദ്വൈതംകൊണ്ട് ഉത്തരംകണ്ടെത്തി അവര്‍ക്കുമുമ്പേ നടക്കാനും ഗുരുവിനു കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. ഇതൊന്നുമറിയാതെ നമുക്ക് ചുറ്റിനും ചിലര്‍ ഗുരുവിനെ ഒറ്റവാക്യത്തില്‍ നിര്‍വചിക്കുന്നതുകേള്‍ക്കാം. " ഒരു പാവം മനുഷ്യന്‍. അങ്ങേരെ എല്ലാവരും ചേര്‍ന്ന് ദൈവമാക്കാന്‍ നടക്കുന്നു". ഇത് കേള്‍ക്കേണ്ട താമസം "അതു ശരിയാ" എന്നു പറയാന്‍ ആളുണ്ടാകും.  ഇങ്ങനെയൊരുവാക്കുപറഞ്ഞ് ഗുരുവെന്ന വിഷയത്തെ പെട്ടിയിലടയ്ക്കാന്‍ ആര്‍ക്കും കഴിയും. അതിന് വലിയ മെനക്കേടൊന്നുമില്ല. ഗുരുവിന്റെ ജീവിതം പഠിക്കേണ്ട. ദര്‍ശനവും അറിയേണ്ടതുമില്ല.  ഇങ്ങനെ അഭിപ്രായം പാസാക്കുമ്പോള്‍ പത്താംക്ളാസ് തോറ്റവനായാലും എല്ലാം അറിഞ്ഞവന്‍ എന്ന ഇമേജും കിട്ടും. സംഗതി എളുപ്പമാണ്.  കുമാരനാശാനും ഗുരുദേവനും തമ്മില്‍ അവസാനത്തെ നടക്കാതെപോയ ആ കൂടിക്കാഴ്ചയെക്കുറിച്ച് അവിടെ കൂട്ടംചേര്‍ന്നവര്‍ ആദ്യംധരിച്ചതുപോലെയാണ്  ഇതും.  ഇവര്‍ ഇങ്ങനെയൊക്കയേ കാര്യങ്ങള്‍ ധരിക്കൂ.  അവര്‍ക്കുളള ഉത്തരം അക്കിത്തത്തിന്റെ ആ രണ്ടുവരികളാണ്, "വെളിച്ചം ദുഃ ഖമാണുണ്ണീ തമസല്ലോ സുഖപ്രദം."


Thursday, 21 July 2011

ശില്പരചനയെന്നാല്‍ കൂര്‍ക്കയോ കുന്നിക്കുരുവോ?

അഞ്ചുവര്‍ഷംമുമ്പ്  ചെമ്പഴന്തിയില്‍ വച്ച് അവസാനമായി കാണുമ്പോള്‍ നളിനി അമ്മയുടെ  കണ്ണിന് കാഴ്ച തീരെ നഷ്ടപ്പെട്ടിരുന്നു. ഓര്‍മ്മയുടെ നിഴലനക്കങ്ങള്‍ മാത്രം  അവരില്‍ അവശേഷിച്ചു. എന്നിട്ടും പതിവുപോലെ അവര്‍ ആ കഥ പറഞ്ഞ് കരഞ്ഞു; താമരപ്പൂവിതളുപോലെ ചുവന്നനിറമുളള സ്വാമി അപ്പുപ്പനെ കണ്ടകഥ...  കുട്ടിക്കാലത്ത്  ശിവഗിരിയിലെത്തുമ്പോള്‍ ഗുരുസ്വാമി നേരിട്ട് നല്‍കുന്ന കല്‍ക്കണ്ടവും  ഉണക്കമുന്തിരിയും കഴിച്ച നിര്‍വൃതി ആ ഓര്‍മ്മകളില്‍ തിളങ്ങുന്നുണ്ട്.  ഒരിക്കല്‍ ആ മധുരംകൊതിച്ച് ശിവഗിരിയില്‍ ചെന്നപ്പോള്‍ എഴുതിരിയിട്ടവിളക്കിനുമുന്നില്‍ ധ്യാനത്തിലെന്നപോലെ സമാധിയിലിരിക്കുന്ന ഗുരുസ്വാമിയെയാണ് കണ്ടത്.  ആ ജീവന്‍ നിലച്ചു എന്നറിയാതെ പതിവുപോലെ മുന്തിരിക്കും കല്‍ക്കണ്ടത്തിനുമായി ഗുരുദേവനുനേരെ കൈനീട്ടിയപ്പോള്‍ ഒരു തേങ്ങലോടെ അമ്മ നളിനിയുടെ കൈപിടിച്ച് താഴ്ത്തി.
    എങ്ങും കണ്ണീരുതോരാത്ത ജനസഞ്ചയം.  അന്ന്  ശിവഗിരിക്കുന്നില്‍ കണ്ട കാഴ്ചകളോരോന്നും പറഞ്ഞ്  വര്‍ഷങ്ങള്‍ക്കിപ്പുറം മരണശയ്യയില്‍ക്കിടന്ന് അവര്‍   കുറേ കരഞ്ഞു.  സ്വന്തം മക്കളുടെ പേരുപോലും മറന്നിട്ടും ഗുരുവെന്ന നിത്യസത്യത്തെ കണ്‍പാര്‍ത്തതിന്റെ ഓര്‍മ്മമാത്രം നളിനിയമ്മയില്‍ മങ്ങാതെ നില്‍ക്കുന്നതുകണ്ട് അത്ഭുതംതോന്നി. ഇതൊരു ജന്മസുകൃതമാണ്. ഓര്‍മ്മയുടെ അവസാനകണികയില്‍ ഗുരുസ്വരൂപം മാത്രം നിറഞ്ഞു നില്‍ക്കുക എന്നത്.  എല്ലാപൊരുളുകളും തൊട്ടെണ്ണി ഒടുങ്ങുമ്പോള്‍ ഒടുവില്‍ തെളിയുന്ന പരമാത്മചൈതന്യംപോലെയാണത്.  ഗുരുദേവന്റെ സഹോദരി മാതയുടെ കൊച്ചുമകളായിരുന്നു നളിനി അമ്മ. കുറച്ചുവര്‍ഷം മുമ്പ് അവര്‍ നിത്യതയില്‍ ലയിച്ചു. അവസാനശ്വാസം വരെ "ഗുരുസ്വാമി" എന്ന സ്നേഹാക്ഷരങ്ങള്‍ അവരുടെ കണ്ഠത്തില്‍  ജീവമന്ത്രംപോലെ തങ്ങിനിന്നിരുന്നു.
    ഗുരുവിനെ നേരില്‍ക്കണ്ട അനുഭൂതിയുമായി ഇപ്പോഴും ചെമ്പഴന്തിയിലെ പഴയതലമുറയില്‍ ചിലര്‍  ജീവിക്കുന്നു. തുണ്ടുവിള ജനാര്‍ദ്ദനനന്‍, ഇലയിക്കല്‍ വിളാകത്ത് ഭാനുമതി അമ്മ എന്നിവര്‍ അവരില്‍ ചിലരാണ്.  ഇതുപോലെ കേരളക്കരയില്‍ ഇപ്പോഴും ഗുരുദര്‍ശനഭാഗ്യം കിട്ടിയ കഥകളുമായി ചിലരെങ്കിലും ജീവിച്ചിരിപ്പുണ്ടാകണം. അവരുടെ അനുഭവങ്ങളില്‍ ഇതളിടുന്ന രൂപവും ഭാവവും ഒന്നും തന്നെ ഇന്ന്  പ്രചരിക്കുന്ന പ്രതിമകളിലും ചിത്രങ്ങളിലും കാണുന്നില്ല എന്നത് ഇന്നത്തെ തലമുറയ്ക്കെങ്കിലും വിരോധാഭാസമായി തോന്നണം. നാളത്തെ തലമുറയെക്കുറിച്ച് പറയേണ്ട ; അവര്‍ക്ക്  അതുപകര്‍ന്നു നല്‍കാന്‍  ഗുരുവിനെ നേരില്‍ക്കണ്ടവരാരും ശേഷിക്കില്ലല്ലോ.  ഇവരൊക്കെ മണ്‍മറയുന്നതുവരെയെങ്കിലും ഇപ്പോഴത്തെ പ്രതിമനിര്‍മ്മാതാക്കളും ചിത്രകാരന്മാരും സംയമനം പാലിക്കണം എന്നൊരപേക്ഷയുണ്ട്. അതുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്തുമാകാം. ആരും ചോദിക്കില്ല.
    വര്‍ഷങ്ങളോളം ഗുരുവിന്റെ ആശ്രിതനായി ജീവിക്കാന്‍ പുണ്യംലഭിച്ച പഴമ്പളളി അച്യുതന്‍ ഇങ്ങനെ എഴുതുന്നു, " ഉദ്ദേശം അഞ്ചടി പത്തിഞ്ച് പൊക്കം. പൊക്കത്തിനിണങ്ങുന്ന വണ്ണം. കൃശം എന്നോ സ്ഥൂലം എന്നോ പറയാന്‍ പറ്റാത്ത ശരീരം. ചുട്ടുപഴുപ്പിച്ച കനകത്തിന്റെ നിറം. വിസ്തൃതമായ നെറ്റി. അനന്തതയിലേക്ക് നീണ്ട യോഗനയനങ്ങള്‍, അല്പം വലിപ്പംകൂടുതലുളള ചെവികള്‍, പൂജാമണിയില്‍ നിന്ന് പുറപ്പെടുന്നതുപോലെ മൃദുഗംഭീരമായ ശബ്ദം. സര്‍വോപരി മധുരോദാരമായ മന്ദസ്മിതം. ഇതൊക്കെ ആ മുഖതേജസില്‍ ഇണങ്ങിക്കാണുമ്പോള്‍ ആരിലും അത്ഭുതാദരങ്ങള്‍ ജനിപ്പിക്കും. ഒരു പ്രാവശ്യം കണ്ടിട്ടുളളവര്‍ ജീവിതത്തില്‍ ഒരിക്കലും മറന്നുപോകാന്‍ ഇടയാകാത്ത വിധം അത്ര ആകര്‍ഷകമായിരുന്നു ആ വദനമണ്ഡലം."             ഇതൊന്നും അറിയാതെയാണ് ചില 'കലാകാരന്മാര്‍' ചിത്രം വരയ്ക്കാനും ശില്പമുണ്ടാക്കാനും ഇറങ്ങുന്നതെന്ന് തോന്നുന്നു. അടുത്തകാലത്ത് ഒരു ഗുരുഭക്തന്റെ വീട്ടില്‍ ചെന്നപ്പോള്‍ ആ കഷ്ടസ്ഥിതി നേരില്‍ക്കണ്ടു. ടിവിയുടെ മുകളില്‍ തലയാട്ടുന്ന പട്ടരുടെ പ്രതിമയിരിക്കുന്നു. വാതില്‍പ്പടിക്കടുത്ത് ഗുരുദേവന്റേതെന്ന് അവര്‍ വിശ്വസിക്കുന്ന പ്രതിമയും. രണ്ടും തമ്മില്‍ വലിയ വ്യത്യാസമില്ല ഒന്നിന് മഞ്ഞമുണ്ട് പുതച്ചിട്ടുണ്ട്. വെളളത്താടിയുമുണ്ട്. അത്രമാത്രം.  "ശ്രീനാരായണഗുരുദേവന്‍ ഈ വീടിന്റെ ഐശ്വര്യം."  എന്ന് പ്രതിമയുടെ താഴെ എഴുതിവച്ച വാക്കുകള്‍ കണ്ടാണ് ഇത് ഗുരുവിന്റേതാണെന്ന് മനസ്സിലാക്കുന്നത്. അതുകണ്ടിട്ട് അവര്‍ക്ക് ഇതിനേക്കാള്‍ വലിയ ഐശ്വര്യക്കേട് വരാനില്ല എന്നാണ് തോന്നിയത്. സാധുക്കളാണവര്‍. ഗുരുവിനോട് ഭക്തിയുണ്ട് എന്നതൊഴിച്ചാല്‍ മറ്റൊന്നും അവര്‍ക്കറിയില്ല. ആരും പറഞ്ഞുകൊടുക്കാനുമില്ല.   ഇങ്ങനെയുളള പാവങ്ങളെ പ്ളാസ്റ്റര്‍ ഓഫ് പാരീസ് മെനഞ്ഞുകൊടുത്തു പറ്റിക്കാന്‍ കുറേ 'മിടുക്കന്മാര്‍' ഇറങ്ങിയിട്ടുണ്ട്. ഏതോ അച്ചുവച്ച് വാര്‍ത്താണിവര്‍ സംഗതി തരപ്പെടുത്തുന്നത്. ശിവകാശിയിലെ ഏതോ പ്രസ്സുകാരും മാങ്ങപൂളിയതുപോലെ മുഖഭാവമുളള ഗുരുവിന്റെ ചിത്രം വിറ്റ് കുറേ കാശടിച്ചിട്ടുണ്ട്. അവയുടെ ശേഷിപ്പുകള്‍ ഇന്നും പലവീടുകളിലും കാണാം. ഇതിനേക്കാള്‍ കഷ്ടമാണ് വഴിയരുകില്‍ സിമന്റ്കുഴച്ചുരുട്ടിവച്ചിരിക്കുന്ന പ്രതിമകള്‍ കണ്ടാല്‍. ഉണ്ടാക്കിയവന്റെ മനോവൈകല്യം മുഴുവന്‍ ആ പ്രതിമയില്‍ ഉണ്ടാകും.  ആ വികൃതപരിവേഷവുംചുമന്നിരിക്കാന്‍ വിധിക്കപ്പെടുകയാണ് നമ്മുടെ സ്വന്തം ഗുരുദേവന്‍.
    വര്‍ഷങ്ങള്‍ക്കുമുമ്പ് ഗുരു സശരീരനായിരിക്കുമ്പോള്‍ തന്നെയാണ് മൂര്‍ക്കോത്തുകുമാരന്റെ നേതൃത്വത്തില്‍ തലശേരി ജഗന്നാഥക്ഷേത്രത്തില്‍ ഗുരുപ്രതിമ സ്ഥാപിച്ചത്. അന്ന് അതിന്റെ നിര്‍മ്മാണചുമതലയേറ്റെടുത്ത  ഇറ്റലിക്കാരനായ പ്രൊഫ. തവര്‍ലിക്ക് നല്‍കാന്‍ തലശേരിക്കാര്‍ ശിവഗിരിയില്‍ ഫോട്ടോഗ്രാഫറുമായി വന്ന് ഗുരു ചരിഞ്ഞിരിക്കുന്ന ഫോട്ടോ എടുത്തുകൊണ്ടുപോയി. ചരിഞ്ഞിരിക്കുന്ന പോസില്‍ ഫോട്ടോ എടുക്കാന്‍ അനുവാദം ചോദിക്കണം എന്ന് വിചാരിച്ച് വന്ന ഫോട്ടോഗ്രാഫറെ ഞെട്ടിച്ചുകൊണ്ട് ഗുരു അങ്ങോട്ടുചോദിച്ചു. " ഇങ്ങനെ ചരിഞ്ഞിരിക്കുന്ന പടം മതിയാകും അല്ലേ?" അയാള്‍ അതുകേട്ട് കാലില്‍ വീണുവണങ്ങിപ്പോയി. ഗുരുവിന്റെ യഥാര്‍ത്ഥചിത്രം മാതൃകയാക്കി പ്രതിഭാശാലിയായ ശില്പി ചെയ്തതിനാല്‍ അതിന്  അതിന്റേതായ ഗുണവും ഉണ്ടായി.ടി.കെ. ഹരിഹരന്‍ മൂത്തകുന്നം എന്ന ശില്പി രചിച്ച ഒരു  പ്രതിമ വര്‍ക്കല നാരായണ ഗുരുകുലത്തിലുണ്ട്. അത് ഗുരുവിന്റെ രൂപത്തോട് നീതി പുലര്‍ത്തുന്ന ഒന്നാണ്.  ശില്പരചന കൂര്‍ക്കയാണോ കുന്നിക്കുരുവാണോ എന്നറിയാത്തവര്‍ ചെയ്യുമ്പോഴാണ് അത് തലയാട്ടുന്ന പട്ടരുടെ പ്രതിമയെപ്പോലെയാകുന്നത്. ഗുരുവിന്റെ നല്ല ചിത്രങ്ങള്‍ ഇപ്പോഴും ലഭ്യമാണ്. ശില്പമുണ്ടാക്കുന്നവര്‍ക്ക് അത് ആധാരമാക്കി ചെയ്യാവുന്നതാണ്. എന്നാല്‍ എളുപ്പപ്പണിക്കാരാണ് ഇന്നീ തൊഴിലുമായി ഇറങ്ങിയിരിക്കുന്നത്. പണമുണ്ടാക്കാന്‍ ഈ ലോകത്ത് എത്രയോ മാര്‍ഗങ്ങളുണ്ട്. അതിന് പക്ഷേ, ഒരു  പുണ്യപുരുഷനെ  വികൃതമാക്കിയിട്ടുവേണോ?

Friday, 15 July 2011

'ആര്' നിറയുന്ന പ്രവൃത്തി

ശിവഗിരി സ്കൂള്‍ സ്ഥാപിക്കാന്‍ ഗുരുദേവന്‍ നേരിട്ട് പണപ്പിരിവിനിറങ്ങിയ സന്ദര്‍ഭം. വക്കത്ത് ഗുരു എത്തിയെന്നറിഞ്ഞ് ഭക്തജനങ്ങള്‍ തടിച്ചുകൂടി. അച്ചടക്കത്തോടെ ക്രമപ്രകാരം കാണിക്കവച്ചു തൊഴുതു. പൊന്നും പണവും ഉല്പന്നങ്ങളുമൊക്കെയുണ്ട്. സന്യാസിശിഷ്യര്‍ ഓരോന്നും തിട്ടപ്പെടുത്തി രസീത് എഴുതി നല്‍കുകയാണ്. അവസാന ഊഴക്കാരിയായി വന്ന ഒരു വൃദ്ധ വിറയ്ക്കുന്ന കൈകളോടെ  മൂന്ന് ഒറ്റരൂപാത്തുട്ടുകള്‍ ഗുരുവിന് സമര്‍പ്പിച്ച് നിറകണ്ണുകളോടെ മാറിനിന്നു. " അടിയനെക്കൊണ്ട് ഇതേ ഗതിയുളളൂ സ്വാമി" എന്ന തേങ്ങല്‍ അവരുടെ ഇടനെഞ്ചില്‍ അലയടിക്കുന്നത് ഗുരുവിന് കേള്‍ക്കാം. ആ കരുണാര്‍ദ്രനയനങ്ങള്‍ വൃദ്ധയുടെ മുഖത്ത് തങ്ങി നിന്നു. പണം എടുത്ത് രസീതെഴുതാന്‍ തുനിഞ്ഞ ശിഷ്യരെ ഗുരു തടഞ്ഞു. കണ്ണീര്‍ പുരണ്ട ആ നാണയത്തുട്ടുകള്‍ അവര്‍ക്ക് തിരികെ നല്‍കി.
"ഒരു നല്ലകാര്യത്തിന് പണം തരുവാനുളള മനസ്സ് ഉണ്ടായല്ലോ, അതു മതി" എന്നുപറഞ്ഞ് അവരെ അനുഗ്രഹിച്ച് അയച്ചു. പണം മടക്കിക്കൊടുത്തതിന്റെ പൊരുള്‍ മനസ്സിലാകാതെ നിന്ന ശിഷ്യരോട് ഗുരു പറഞ്ഞു: "നാം അതു വാങ്ങിയാല്‍ അവര്‍ ഇന്ന് ഇരുട്ടിലാകും". അന്വേഷിച്ചപ്പോള്‍ അതു ശരിയായിരുന്നു.  ആകെ ഉണ്ടായിരുന്ന ഒരു ഓട്ടുവിളക്ക് വിറ്റാണ് അവര്‍ പണവുമായെത്തിയത്. ഗുരുവിന്റെ കാലത്ത്  ആശ്രമത്തില്‍ പണപ്പിരിവിന് വലിയ ചിട്ടകള്‍ തന്നെ ഉണ്ടായിരുന്നു. ഏത് ദരിദ്രനും ഈ മഹത് കര്‍മ്മത്തില്‍ പങ്കാളിയാകാന്‍ പാകത്തിനായിരിക്കും പിരിവിന്റെ അടിസ്ഥാനതുക നിശ്ചയിക്കുന്നത്.  ആ തുകയുടെ കൂപ്പണ്‍ അച്ചടിക്കും.  കൂപ്പണ്‍ അവരവരുടെ കഴിവനുസരിച്ച് എത്രവേണമെങ്കിലും വാങ്ങാം. പിരിവിന് ഇറങ്ങുന്നവര്‍ ജനം നല്‍കിയ പണത്തില്‍നിന്ന് ഒരു നാണയംപോലും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കരുതെന്ന് ഗുരുവിന് നിര്‍ബന്ധമുണ്ടായിരുന്നു. ഭക്ഷണകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അതാത് ദേശത്ത് സ്വജനങ്ങള്‍ സഹായിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. 
    സ്കൂളും ആശ്രമവുമൊക്കെ ഉണ്ടാക്കാന്‍ ഗുരു നേരിട്ട് പിരിവിന് ഇറങ്ങുന്നതറിഞ്ഞ് "നാണൂന് ഇപ്പോള്‍ പ്രവര്‍ത്ത്യാര് ഉദ്യോഗമുണ്ടോ?" എന്ന്  സതീര്‍ത്ഥ്യന്‍ ചട്ടമ്പി സ്വാമി കളിയാക്കിയപ്പോള്‍ "പ്രവര്‍ത്തിയുണ്ട്. ആരില്ല.." എന്നായിരുന്നു ഗുരുവിന്റെ മറുമൊഴി. 'ആര്' കളഞ്ഞ പ്രവര്‍ത്തിയുടെ ഒരു നേര്‍ചിത്രമാണ് നമ്മള്‍  പരാമര്‍ശിച്ച സംഭവം. 'ആരി'ല്ലാത്ത പ്രവൃത്തി ഇന്നത്തെ സമൂഹത്തിന് അന്യമാണ്. ആരെന്ത് ചെയ്താലും അതില്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ 'ആര്' തെളിഞ്ഞുവരും. ഗുരു ഇവിടെ ഉദ്ദേശിച്ച 'ആര്' എന്ന പ്രയോഗത്തിന് വിപുലമായ മാനങ്ങളുണ്ട്.  പ്രവൃത്തിയുണ്ടെന്ന് പറയാതിരിക്കാന്‍ ഈ പ്രപഞ്ചത്തിലെ ഒരു പരമാണുവിനുപോലും കഴിയില്ല. ചലിക്കാത്തതായി ഒന്നുമില്ല, എല്ലാം ചലിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ഉപനിഷത്മതം. പ്രവൃത്തി ഒരു ചലനമാണ്. അത് പ്രപഞ്ചചലനത്തിന്റെ ഭാഗവുമാണ്.  അഹങ്കാരം, സ്വാര്‍ത്ഥത, അന്യര്‍ക്ക് ഉപദ്രവം എന്നിവ നീക്കം ചെയ്താല്‍ ഗുരു ഉദ്ദേശിച്ച 'ആരി'ല്ലാത്ത പ്രവൃത്തിയാകും. അനുഗ്രഹിച്ചും ആശിര്‍വദിച്ചും ദു:ഖങ്ങള്‍ കണ്ടറിഞ്ഞും ഒരു തീര്‍ത്ഥയാത്രപോലെയാണ് ഗുരു ജനങ്ങള്‍ക്കിടയിലൂടെ പൊതു ആവശ്യങ്ങള്‍ക്കായി പിരിവിന് നടന്നത്. തുടങ്ങാന്‍ പോകുന്ന വിദ്യാലയത്തിന്റെ  ആവശ്യം പറഞ്ഞും പറയാതെ പറഞ്ഞും ജനത്തെ വിശ്വാസത്തിലെടുക്കുമ്പോഴാണ് അടുപ്പില്‍ തീപുകയാന്‍ നിവര്‍ത്തിയില്ലാത്തവര്‍ സ്വന്തം കാതിലോലപോലും പറിച്ച് ആ കരുണക്കടലിന് കാണിക്കവയ്ക്കുന്നത്. അതൊക്കെയും അവര്‍ക്ക് നല്ലതേ വരുത്തിയിട്ടുളളൂ. മനസോടെ അര്‍പ്പിച്ച ഒന്നിന്റെയും മഹത്വമറിയാതെ ഗുരു സ്വീകരിച്ചിട്ടില്ല. കിട്ടിയതൊന്നും തന്റെ ഭാണ്ഡത്തില്‍ സൂക്ഷിച്ചതുമില്ല. വിവിധ ആവശ്യങ്ങള്‍ക്കായി പിരിവിനിറങ്ങുന്ന ഗുരുദേവന് സ്ഥിരം പണപ്പിരിവിനോട് താല്പര്യമില്ലായിരുന്നു. ശിവഗിരിയില്‍ പണ്ട് കാണിക്കപ്പെട്ടി വച്ചപ്പോള്‍ ഗുരു നീരസം പ്രകടിപ്പിച്ചതായി ശിഷ്യര്‍ തന്നെ പറയുന്നു. ഒരു ദിവസം കാണിക്കപ്പെട്ടി ഏതോ കളളന്‍ കവര്‍ന്നു. ഇനി എന്തുചെയ്യുമെന്നറിയാതെ അന്ധാളിച്ച് എത്തിയ ശിഷ്യര്‍ക്ക് ഗുരുമുഖത്തുനിന്ന് കേള്‍ക്കാന്‍ കഴിഞ്ഞത് ഒരു വലിയ തമാശയാണ്. "പണമെല്ലാം അവിടെ കൊണ്ടുവന്ന് ഇട്ടവരുടെ കൈവശം തന്നെ സൂക്ഷിച്ചിരുന്നെങ്കില്‍ കളളന്‍ ബുദ്ധിമുട്ടിയേനേ. എല്ലാവരുംചേര്‍ന്ന് ഒരിടത്തു കൊണ്ടുപോയിവച്ചപ്പോള്‍  അവന് കാര്യങ്ങള്‍ എളുപ്പമായി."
    മറ്റൊരിക്കല്‍ തന്റെ ശിഷ്യനായ ഒരു വൈദ്യനോട് ഗുരു ഇങ്ങനെ ഒരു സന്ദേഹം പ്രകടിപ്പിച്ചു, "പണം അധികമായാല്‍ മനുഷ്യന്‍ ചീത്തയാകും അല്ലേ? ധനംവര്‍ദ്ധിക്കുന്തോറും മനുഷ്യന്‍ നന്നാകുമോ?"
പണമില്ലാതെ ജീവിക്കാനും വിഷമം. ആവശ്യത്തിനു പണം വേണം. ആഹാരം, വസ്ത്രം ഇവയൊക്കെ വിലകൊടുക്കാതെ കിട്ടുമോ? വിദ്യാഭ്യാസം, രോഗചികിത്സ, അതുപോലെ മറ്റ് പലതും നടക്കണം. സമ്പാദ്യം അധികമായാല്‍ ആശവര്‍ദ്ധിക്കും. മനസ്സമാധാനം നഷ്ടപ്പെടും. തൃപ്തിയാണ് ആവശ്യം".  പണത്തിന്റെയും അതുകൊണ്ടുണ്ടാക്കുന്ന ആര്‍ഭാടങ്ങളുടെയും ആധിക്യം ഇന്ന് പൊതുപ്രസ്ഥാനങ്ങളുടെ ശാപമായിട്ടുണ്ട്. ലാളിത്യം ഒരിടത്തും കാണാനില്ല. എത്രകിട്ടിയാലും മതിവരാത്ത വ്യക്തികളും പ്രസ്ഥാനങ്ങളും പണപ്പിരിവിന് പുതിയ സമവാക്യങ്ങള്‍ കണ്ടെത്തുന്ന കാലമാണിത്.  അതിന് ഏറ്റവും നല്ല വില്പനച്ചരക്ക് ആത്മീയതയാണ്. വില്‍ക്കാല്‍ പറ്റിയ വിധത്തില്‍ അതിനെ അണിയിച്ചൊരുക്കാന്‍ പുതിയ മാനേജ്മെന്റ് വിദഗ്ധരുടെ സഹായങ്ങള്‍  ഇന്ന് ലഭ്യമാണ്്.   ലക്ഷ്യസംഖ്യ കൈവരിക്കാന്‍ ഭീഷണിയും പ്രലോഭനവും തരാതരത്തില്‍ ഉപയോഗിക്കും. പിരിവിന്റെ ബുള്‍ഡോസര്‍ ഓടിച്ച് അവര്‍ ജനത്തിനിടയിലൂടെ കടന്നുപോകുന്നു.  അത്തരക്കാരെ സംബന്ധിച്ച്് പക്ഷേ, ഗുരു ചെയ്തത് മണ്ടത്തരമാകാം. അത്തരം "മണ്ടത്തരങ്ങള്‍" ചെയ്യാന്‍  ആരും ഇല്ലാതെ പോയതാണ് ഈ നാടിന്റെ വര്‍ത്തമാനകാലദു:ഖം. ആ മഹാനുഭാവന്റെ ഉളളറിഞ്ഞ് പിന്തുടരാന്‍ ആളെണ്ണംകുറഞ്ഞുപോയത്  ഭാവിയുടെ തീരാശാപവും.

Monday, 11 July 2011

ഹിമാലയത്തെ അറിഞ്ഞവര്‍ ഏറെ എവറസ്റ്റ് കയറിയവര്‍ എത്ര?    "നിനക്കു നമ്മോടൊപ്പം വരാന്‍ സമ്മതമാണോ?"
    "തൃപ്പാദങ്ങള്‍ അനുവദിക്കുമെങ്കില്‍..." 
ഒരു ഗുരു തന്റെ ശിഷ്യനെ കണ്ടെത്തിയ നിമിഷങ്ങളിലെ സംഭാഷണ ശകലമാണിത്. രണ്ട് മഹാത്മാക്കള്‍ കാലത്തിന്റെ ഭ്രമണപഥത്തില്‍ ക്രിയാത്മകമായി ഇടപെടാനിറങ്ങുന്നു എന്ന ഗോപ്യമായ അര്‍ത്ഥം ഈ ചോദ്യോത്തരങ്ങളില്‍ ഉണ്ട്.  കഠിനജ്വരത്തിന്റെ വക്ത്രത്തില്‍ മരണഭീതിയോടെ കിടക്കുമ്പോഴാണ് കുമാരന്‍ എന്ന ശിഷ്യനെ ഗുരുദേവന്‍ തന്നോടൊപ്പം വിളിക്കുന്നത്.  അതൊരു പിന്‍വിളിയായിരുന്നു, മരണത്തില്‍നിന്ന് പുതിയജന്മത്തിലേക്ക്.കായിക്കരകുമാരുവില്‍ മഹാകവി കുമാരനാശാനെ കണ്ടെത്തിയതാണ് ഗുരുദേവന്റെ ഏറ്റവും മഹത്തായ കണ്ടുപിടുത്തം. ഒരു സാധാരണകുടുംബത്തില്‍ ജനിച്ച ഒന്‍പതുമക്കളില്‍ രണ്ടാമന്‍. ആര്‍ക്കും ഒരു പ്രത്യേകതയും തോന്നാത്ത പയ്യന്റെ ഉളളില്‍ ജ്വലിക്കുന്ന കാവ്യസ്വരൂപം തിരിച്ചറിഞ്ഞു ഗുരു. കോലത്തുകരക്ഷേത്രമുറ്റത്തുവച്ച് നടത്തിയ പ്രശസ്തമായ സമസ്യാപൂരണത്തെക്കുറിച്ച് നമുക്കറിയാം.
    "കോലത്തുകരക്കോവിലില്‍ വാഴും
    ബാലപ്പിറചൂടിയ വാരിധിയേ" എന്ന് ഗുരുവിന്റെ സമസ്യയ്ക്ക്
    "കാലന്‍ കനിവറ്റു കുറിച്ചിടു-
    ന്നോലപ്പടി എന്നെ അയയ്ക്കരുതേ". എന്നായിരുന്നു ശിഷ്യന്റെ പൂരണം.  ഒരു തേങ്ങലായിരുന്നു അത്. അനന്തമ്മ, കൊച്ചു നീലകണ്ഠന്‍, കേശവന്‍ എന്നീ സഹോദരങ്ങള്‍ക്ക് സംഭവിച്ച ബാലമരണം കണ്‍മുന്നില്‍ കണ്ടതില്‍നിന്നാണ് കുമാരുവിന് ഈ മരണഭയം ഉടലെടുത്തത്. കവിത്വം ഉളളില്‍ക്കിടന്ന് ഉണ്ടാക്കുന്ന ആത്മസംഘര്‍ഷം, ഭാവി ഉയര്‍ത്തുന്ന ചോദ്യചിഹ്നം, തുടര്‍പഠനത്തിന് വഴികള്‍ അടയുന്നതിന്റെ ആശങ്ക, സ്നേഹവും കരുതലും കൊതിക്കുന്ന മനസ്സ്.. ഇങ്ങനെ ഒട്ടേറെ അലട്ടലുകള്‍  ആ കൌമാരഹൃദയത്തെ  ഭരിക്കുന്നതായി ഗുരുവിന് മനസ്സിലായി. അലഞ്ഞുതിരിയലുകള്‍ക്കിടയില്‍ അരുവിപ്പുറത്ത് എത്തുമ്പോള്‍ ഗുരു ഈ ആശങ്കയെ തന്നിലേക്ക് ആവാഹിക്കുന്നവണ്ണം പറഞ്ഞു: "കുമാരുവിലൂടെ നാം നമ്മെത്തന്നെയാണല്ലോ കാണുന്നത്".
     അത് ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. കുമാരനിലൂടെ ഗുരു കണ്ടെത്തിയത് തന്നെത്തന്നെയായിരുന്നു.  കുമാരനാശാന്റെ കാവ്യസമൃദ്ധിയിലും സ്നേഹവായ്പ്പിലും സ്വാതന്ത്യ്രബോധത്തിലുമെല്ലാം ഗുരുവിനെ ദര്‍ശിക്കാം. മണമ്പൂര്‍ ഗോവിന്ദനാശാന്റെ ഗുരുകുലത്തില്‍ മുടങ്ങിയ കുമാരന്റെ വിദ്യാഭ്യാസജീവിതം  ഗുരുതന്നെ  തുടര്‍ന്ന് നയിച്ചു. കുമാരനെ നേരിട്ട് കൊണ്ടുപോയി ഡോ. പല്പുവിനെ ഏല്പിക്കുകയായിരുന്നു. ബാംഗ്ളൂരിലെയും തുടര്‍ന്ന് കല്‍ക്കത്തയിലെയും വിദ്യാഭ്യാസമാണ് കുമാരനാശാനെ ലോക ക്ളാസിക്കുകളിലേക്ക് നയിച്ചത്. സന്ദേശകാവ്യങ്ങളില്‍ കുടുങ്ങിക്കിടന്ന മലയാളത്തെ കാല്പനികതയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് ഗുരുവിന്റെ  കര്‍മ്മഫലം. വീണപൂവ് ഉണ്ടാക്കിയ ചലനം നൂറ്റാണ്ട് പിന്നിട്ടിട്ടും മലയാളത്തെ ത്രസിപ്പിക്കുന്നു. ഓരോ കവിതയും എഴുതുമ്പോള്‍ താന്‍ അനുഭവിക്കുന്ന അതേ വേദന തന്റെ ഗുരുവും അനുഭവിക്കുന്നുവെന്ന് തിരിച്ചറിഞ്ഞത് ഒരുപക്ഷേ ശിഷ്യന്‍ മാത്രം. ഏകാന്തതയുടെ ദന്തഗോപുരത്തില്‍നിന്ന് ഇറങ്ങിവന്ന് ജനങ്ങളുടെ ജീവിതദുരിതങ്ങളില്‍നിന്ന് പ്രചോദനം കണ്ടെത്താന്‍ കുമാരകവിയെ ഗുരുദേവന്‍ നിയോഗിച്ചപ്പോള്‍ കേരളത്തിന് ലഭിച്ചത് കുമാരനാശാന്‍ എന്ന സാമൂഹ്യപരിഷ്കര്‍ത്താവിനെയാണ്.
    കെ. അയ്യപ്പന്‍ എന്ന ബാലന് പഠനത്തിന് സഹായം നല്‍കണമെന്ന് കുമാരനാശാനോട് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതുമ്പോള്‍ ഗുരു അതില്‍ ഒരു വാക്യം കൂടി ചേര്‍ത്തിരുന്നു, "ധനം വിദ്യയാകും, വിദ്യ അറിവാകും, അറിവ് സാമൂഹ്യസേവനമാകും". പില്‍ക്കാലത്ത് കേരളംകണ്ട ഏറ്റവും വലിയ വിപ്വകാരിയായിമാറിയ സഹോദരന്‍ അയ്യപ്പന്‍ ഗുരുവിന്റെ വാക്കുകള്‍ അര്‍ത്ഥപൂര്‍ണ്ണമാക്കി. സര്‍വമതങ്ങളുടെയും സാരംപഠിപ്പിക്കുന്ന ഒരു ലോകോത്തരവിദ്യാലയം തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് എം. എ. എല്‍.ടി ബിരുദംനേടിയ ദിവസംതന്നെ തന്നോടൊപ്പം കൂട്ടിയ നടരാജനെ ഗുരു പാരീസില്‍ അയച്ച് പഠിപ്പിച്ചത്. ട്രിപ്പിള്‍ ഓണേഴ്സുമായി ഡിലിറ്റ് നേടി നടരാജന്‍ തിരിത്തെത്തുമ്പോള്‍ ഗുരു സമാധിപ്രാപിച്ചിട്ട് നാലുവര്‍ഷം കഴിഞ്ഞിരുന്നു. നടരാജഗുരുവും അദ്ദേഹത്തിന്റെ 'ഈസ്റ്റ്വെസ്റ്റ് യൂണിവേഴ്സിറ്റി ഒഫ് ബ്രഹ്മവിദ്യ'യും പിന്നീട്  ലോകമെങ്ങും പേരെടുത്തു. ടി. കെ. മാധവന്‍ എന്ന വൈക്കം സത്യാഗ്രഹത്തിന്റെ അമരക്കാരന്‍ ഗാന്ധിജിയെ അയിത്തോച്ചാടനം എന്ന  ഇന്ത്യയുടെ പ്രഥമകര്‍ത്തവ്യത്തിലേക്ക് ശ്രദ്ധതിരിപ്പിച്ചതിനുപിന്നില്‍ ചാലകശക്തിയായതും ശ്രീനാരായണഗുരുദേവനാണ്. ഇങ്ങനെ നോക്കിയാല്‍ ഒരുപാട് ഉദാഹരണങ്ങള്‍ പറയാന്‍ കഴിയും ഗുരുവിന്റെ ഓരോ ശിഷ്യരെക്കുറിച്ചും. "മേക്കിംഗ് ഒഫ് മഹാത്മ" എന്ന്  കേട്ടിട്ടുണ്ട്. ഗുരുവിന്റെ കര്‍മ്മപഥത്തില്‍ നോക്കിയാല്‍ ഇതിന്റെ ബഹുവചനം വായിക്കാം. "മേക്കിംഗ് ഒഫ് മഹാത്മാസ്". ഏതാനും വ്യക്തികളെ ശരിയായരീതിയില്‍ 'ക്രാഫ്റ്റ് 'ചെയ്താല്‍  ഒരു ജനതയെ മാറ്റത്തിലേക്ക് നയിക്കാം എന്ന് നമുക്ക് കാട്ടിത്തന്നത് ഗുരുദേവനാണ്. ഇത് വളരെ കൈയടക്കത്തോടെയും സ്വാഭാവികതയോടെയുമാണ് ഗുരു നിര്‍വഹിച്ചത്. നേതൃഗുണം എന്തെന്നറിയാന്‍ ലോകം പഠിക്കേണ്ടത്  ശ്രീനാരായണഗുരുദേവനെയാണ് .  ഇന്നത്തെകാലത്ത്  ആരെയെങ്കിലുമൊക്കെ ചവിട്ടിത്താഴ്ത്താതെ സ്വയം മഹത്വത്തിലേക്ക്  ഉയര്‍ന്നവര്‍ എത്രപേരുണ്ട് എന്ന്  ഉറക്കെ ചോദിച്ചുനോക്കൂ. വിരലെണ്ണം എടുക്കാന്‍പോലും തികയില്ല ഉത്തരങ്ങള്‍. തനിക്കുശേഷം പ്രളയമാവട്ടെ എന്ന് കരുതുന്നവരും അവനവനെമാത്രം വളര്‍ത്തുന്നവരും നേതാക്കളിലും ഗുരുക്കന്മാരിലും അപൂര്‍വമല്ല.  എന്നിട്ടും അവരൊക്കെ വാഴ്ത്തപ്പെടുന്ന വേദികളുടെ എണ്ണം താരതമ്യം ചെയ്യുമ്പോള്‍  ഗുരുവിനെക്കുറിച്ച് പഠിക്കാനും പറയാനും  പൊതുവേദികള്‍ തുലോം കുറവാണ്്. ഒന്നോര്‍ത്ത് സമാധാനിക്കാം. ഹിമാലയത്തെ വിലയിരുത്തി  അനുഭവം എഴുതാന്‍ ഒട്ടേറെപ്പേരുണ്ടാകും. എന്നാല്‍ എവറസ്റ്റിനെക്കുറിച്ച് അനുഭവക്കുറിപ്പെഴുതാന്‍ അധികംപേര്‍ക്ക് സാധിച്ചിട്ടില്ല.

Thursday, 7 July 2011

വിശപ്പില്‍ നിന്ന് വെളിച്ചത്തിലേക്ക്


കോട്ടായി കുമാരന്‍ ഗുരുദേവന്റെ വടക്കേമലബാര്‍ ശിഷ്യരില്‍ പ്രമുഖനാണ്. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരളക്കരയില്‍ ഗുരുദേവനും ശിഷ്യഗണങ്ങളും ഉണര്‍ത്തിവിട്ട സാമൂഹ്യമുന്നേറ്റത്തിലും  അതിന് ചാലകശക്തിയായി ഭവിച്ച ആത്മീയ അന്തര്‍ധാരയിലും കോട്ടായി കുമാരന്റെ സാന്നിദ്ധ്യം സജീവമായിരുന്നു. ഗുരുവിന്റെ മഹാസമാധിയ്ക്ക് ശേഷം  1929 ല്‍ അദ്ദേഹം "ശ്രീനാരായണ ഗുരുചരിതം" എന്ന പേരില്‍ ഗുരുദേവന്റെ ജീവചരിത്രം എഴുതി പ്രസിദ്ധപ്പെടുത്തി. ഗുരുദേവനെക്കുറിച്ച് മലയാളത്തില്‍ ഇറങ്ങിയ അന്‍പതിലേറെ ജീവചരിത്രങ്ങളില്‍ അവഗണനീയമല്ലാത്ത സ്ഥാനമുണ്ട് കോട്ടായി എഴുതിയ ചരിത്രത്തിന്. അതില്‍ പരാമര്‍ശിക്കപ്പെട്ട ഒരു സന്ദര്‍ഭം വായിച്ചപ്പോള്‍ വലിയ കൌതുകം തോന്നി.
    ഒരു ക്ഷേത്രപ്രതിഷ്ഠയോടനുബന്ധിച്ച് പ്രസംഗിക്കാന്‍ ക്ഷണിക്കപ്പെട്ട കോട്ടായി കുമാരന്‍  "ഏത് വിഷയത്തിലാണ് ഞാന്‍ പ്രസംഗിക്കേണ്ടത്?"  എന്ന് ഗുരുവിനോട് എന്ന് ചോദിച്ചു.
    "അവരോട് ഒന്നാമതായി വയറിനെ നല്ലവണ്ണം രക്ഷിക്കുവാന്‍ പറയണം. അദ്ധ്വാനിച്ചു പ്രവര്‍ത്തിയെടുത്തല്ലാതെ അത് സാധ്യമല്ല. രണ്ടാമതായി ഹൃദയത്തെ സൂക്ഷിക്കണം. ഹൃദയം നല്ലവണ്ണം സൂക്ഷിച്ചില്ലെങ്കില്‍ അവരവരോടും മറ്റുളളവരോടും അനുകമ്പ ഉണ്ടാവുകയില്ല. പിന്നെ തലയെയാണ് ശരിയായി പാലിക്കേണ്ടത്.  എന്തുവിചാരിക്കുന്നതും ചെയ്യുന്നതും ബുദ്ധി ശരിയായി ഉപയോഗിച്ചുവേണം. ഈ വിഷയം കുറേ വിശദമാക്കി പ്രസംഗിച്ചാല്‍ മതി". താന്‍ ഗുരുവിന്റെ ഗ്രാമഫോണ്‍ പോലെ ജനക്കൂട്ടത്തോട് സംസാരിച്ചു എന്നാണ് കോട്ടായി എഴുതിയിരിക്കുന്നത്. ആ പ്രസംഗം എങ്ങനെയായിരുന്നു എന്നറിയാന്‍  നിര്‍വാഹമില്ല. എങ്കിലും ഗുരു നിര്‍ദ്ദേശിച്ച പ്രകാരം ഈ വിഷയങ്ങള്‍  വിശദമാക്കി സംസാരിച്ചാല്‍ വിശപ്പ് എന്ന എല്ലാവര്‍ക്കും മനസ്സിലാകുന്ന  അടിസ്ഥാനപ്രശ്നത്തില്‍ തുടങ്ങി സത്യപ്രകാശമായ പ്രപഞ്ചരഹസ്യത്തിലേക്ക് നീളും പ്രസംഗം. വയറിന്റെ വിശപ്പില്‍ നിന്ന് ജിജ്ഞാസയെന്ന വിശപ്പിലേക്ക് എത്തുന്നവിഷയമാണത്.
     ചുരുക്കിപ്പറഞ്ഞാല്‍ അദ്ധ്വാനം, അനുകമ്പ, ബുദ്ധി, വിവേകം എന്നീ സദ്ഗുണങ്ങളെക്കുറിച്ച് പ്രസംഗിക്കാനാണ് ഗുരുദേവന്‍ ശിഷ്യനെ ഉപദേശിച്ചത്. അത് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയിലും ശൈലിയിലും ആകണം എന്ന നിര്‍ദ്ദേശവും ഈ വാക്കുകളില്‍ അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. " ആദ്യമായി വയറിനെ നല്ലവണ്ണം രക്ഷിക്കാന്‍ പറയണം" എന്നാണ് ഗുരു  ഉപയോഗിച്ച ശൈലി. വിശപ്പിനെക്കുറിച്ചും വയര്‍ നിറയ്ക്കുന്നതിനെക്കുറിച്ചും പറഞ്ഞു തുടങ്ങുന്നതാണ് ജനത്തെ വിഷയത്തിലേക്ക് കൊണ്ടുവരാന്‍ ഏറ്റവും നല്ല ഉപാധി.  അതു മാത്രമല്ല ഗുരു ഇവിടെ ഉദ്ദേശിക്കുന്നത്. വിശക്കുന്നവനോട് വേദാന്തം ഓതിയിട്ട് കാര്യമില്ലെന്ന് പഴമക്കാര്‍ പറയും. വിശപ്പ് വേദാന്തിക്കും സാധാരണക്കാരനും ഒരുപോലെയാണ്. മനുഷ്യന്‍ പരിഹരിക്കേണ്ട പ്രഥമപ്രശ്നം വിശപ്പുതന്നെയാണ്. ലോകരാഷ്ട്രങ്ങള്‍ സാമ്പത്തികമായും ബൌദ്ധികമായും വലിയ വളര്‍ച്ച നേടിയിട്ടും പട്ടിണിപ്പാവങ്ങളുടെ എണ്ണം ലോകത്ത് വര്‍ദ്ധിക്കുകയാണ്. വിശപ്പുമാറ്റാന്‍ സൌജന്യഭക്ഷണപ്പൊതി വിതരണമല്ല ശാശ്വതമായ പരിഹാരം. അദ്ധ്വാനിച്ച് വകകണ്ടെത്തി വേണം വിശപ്പുമാറ്റാന്‍. എല്ലാവര്‍ക്കും ജോലിചെയ്യാനും വരുമാനം ഉണ്ടാക്കാനും ഉളള സാഹചര്യമൊരുക്കുകയാണ് പൊതു സമൂഹം ചെയ്യേണ്ടത്. അതിനുളള അവകാശം നേടിയെടുക്കാന്‍ വിശക്കുന്നവന് സമരം ചെയ്യേണ്ടിവരും. അത് സാമൂഹ്യപരിവര്‍ത്തനത്തിന് വഴിതെളിക്കും.
     ഉണ്ടുനിറഞ്ഞാല്‍ പിന്നെ ആലസ്യമാണ്. ആലസ്യം സ്വാര്‍ത്ഥതയാണ്. തന്റെ കാര്യം കഴിഞ്ഞു ഇനി ആര്‍ക്ക് എന്തു സംഭവിച്ചാല്‍ എന്ത്? എന്ന സ്വര്‍ത്ഥത. അതിനാല്‍  ആലസ്യത്തിലേക്ക് വഴുതിവീഴാതെ നോക്കണം. അതിന് ഹൃദയത്തെ സൂക്ഷിക്കണം എന്ന് ഗുരു. ഹൃദയത്തെ സൂക്ഷിക്കണം എന്നുപറയുന്നതിലൂടെ ഹൃദയചക്രത്തെ ഉണര്‍ത്തണം എന്നാണ് അര്‍ത്ഥമാക്കുന്നത്. അതിന് സ്വന്തം ഉളളിലേക്ക് നോക്കാനുളള ശ്രമം ഉണ്ടാകണം. ഞാന്‍ ആര്? എന്ന അന്വേഷണം അവിടെ തുടങ്ങുന്നു. ഞാനാര് എന്ന ചോദ്യത്തിന് ഉത്തരം തേടാനുളള വഴി ദൈവദശകത്തിലെ പദ്യത്തില്‍ ഗുരുതന്നെ തുറന്നു കാട്ടുന്നുണ്ട്.
    "ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
    ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍,
    നിന്നിടും ദൃക്കുപോല്‍; ഉളളം
    നിന്നിലസ്പന്ദമാകണം."  കാണുന്ന പൊരുളുകള്‍ എല്ലാം തൊട്ടെണ്ണി ഒടുങ്ങിയാല്‍  ചിത്തം ഏകാഗ്രമായി ഭ്രമചിന്തകള്‍ വെടിഞ്ഞ് സര്‍വസാക്ഷിയായ ഈശ്വരനില്‍ ഏകീഭവിക്കും എന്ന് സാരം. താന്‍ ഈ പ്രപഞ്ചസ്വരൂപത്തില്‍ നിന്ന് ഭിന്നമല്ലെന്നറിയുന്നവനില്‍ അനുകമ്പ എന്ന ഗുണം മുളയ്ക്കുന്നു. തന്നില്‍നിന്ന് അന്യമായി മറ്റൊന്നിനെയും കാണാത്ത ഹൃദയം അവനില്‍ പരിലസിക്കും. അവന്‍ ഒരു യഥാര്‍ത്ഥ മനുഷ്യനായി മാറും. അദ്ധ്വാനത്തിലൂടെ തിന്നാനുളളത് സമ്പാദിക്കണം എന്ന് ഉപദേശിക്കുന്ന ഗുരു തന്നെ വീണ്ടും പറയുന്നു;
"അന്നവസ്ത്രാദിമുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍"  എന്ന്. ഭക്ഷ്യപേയങ്ങള്‍ ഉല്പാദിപ്പിക്കുന്നത് മനുഷ്യനാണെന്ന അഹങ്കാരം അദ്ധ്വാനിക്കുന്നവനില്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് ഗുരുദേവന്‍ അരുള്‍ ചെയ്യുന്നത്. അന്നവും വസ്ത്രവും നല്‍കുന്നത് ദൈവമാണ് എന്ന തിരിച്ചറിയണം. ഭക്ഷ്യയോഗ്യമായ ഒരു ചെടി വളര്‍ന്നുവരുന്നതിന്  ഭൌതിക സാഹചര്യങ്ങള്‍ ഒരുക്കാനേ മനുഷ്യന് കഴിയൂ. ഭൂമിയും സൂര്യനും വായുവും മഴയും അതിനേക്കാള്‍ വലിയ പങ്കാണ് വഹിക്കുന്നത്. മനുഷ്യന് ഭക്ഷണമാകാന്‍ ആ ചെടി അനുഷ്ഠിക്കുന്ന ആത്മത്യാഗത്തോളം വലുതാണോ നമ്മുടെ അദ്ധ്വാനം? ഇത് തിരിച്ചറിയാനുളള ബുദ്ധിയും വിവേകവും മനുഷ്യന് ഉണ്ടാകുമ്പോള്‍ അവന്‍ ഉള്‍ക്കൊളളും ഈ ലോകത്ത് അവന്റെ സ്ഥാനമെന്താണെന്ന്.  പ്രപഞ്ചത്തിന്റെ നിലനില്പിന് തന്നെക്കൊണ്ട് സാധിക്കുന്ന ഭൌതിക സാഹചര്യങ്ങള്‍ ദൈവം നല്‍കിയിട്ടുളള വിശേഷബുദ്ധിയും വിവേകവും ഉപയോഗിച്ച്  ഒരുക്കുക എന്നതാണ് മനുഷ്യന്‍ ചെയ്യേണ്ട അദ്ധ്വാനം. തന്നില്‍ നിന്ന് ഈ കാണുന്നവയൊന്നും അന്യമല്ലെന്നും താന്‍ അവയില്‍ ഒന്നുമാത്രമാണെന്നും അറിയുന്ന മനുഷ്യന്‍ ഭൂമിക്ക് ഭാരമാകില്ല. മറ്റ് സഹജീവികള്‍ക്ക് ഭീഷണിയും ആകില്ല.
     ഒരു  വിഗ്രഹപ്രതിഷ്ഠയ്ക്കുശേഷം ക്ഷേത്രാങ്കണത്തില്‍ ഒത്തുകൂടിയ ഭക്തജനങ്ങളോട് സംസാരിക്കാന്‍ ഗുരു തന്റെ ശിഷ്യനോട്  നിര്‍ദ്ദേശിച്ച വിഷയങ്ങളുടെ  വ്യാപ്തിയെക്കുറിച്ച്  ഇങ്ങനെ പറഞ്ഞുതുടങ്ങിയാല്‍  അത്  കടലോളം ആഴ്ന്നു പരക്കും.  ജീവിതത്തിന്  മൂല്യബോധം നല്‍കുന്ന പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ഒരിടമായി ക്ഷേത്രസങ്കേതങ്ങളെ ഗുരു കണ്ടു എന്നതിനും തെളിവാണ് ഈ സന്ദര്‍ഭം . അനാവശ്യമായ പണച്ചെലവും ധൂര്‍ത്തും ബഹളമയമായ ഉത്സവക്കൊഴുപ്പും മാത്രം കേളിയാടുന്ന ഇന്നത്തെ ക്ഷേത്രാരാധനാ സങ്കല്പത്തിലെത്താന്‍ ഗുരുവിന്റെ ക്ഷേത്രസങ്കല്പത്തില്‍ നിന്ന് എത്രപടി താഴേക്കാണ് നാം ചാടിയതാവോ?
   

ആ പഴമുറത്തിനും പുതിയ അവകാശികള്‍


ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രാങ്കണത്തില്‍ ഗുരുദേവന്‍ വന്നിരിക്കുന്നു എന്ന് ടി. സി. കേശവന്‍ വൈദ്യരാണ് വാടപ്പുറം പി. കെ. ബാവയ്ക്ക് വിവരം നല്‍കിയത്. അറിഞ്ഞപാടേ  ഓടിക്കിതച്ച് ബാവ ഗുരു സവിധത്തില്‍ എത്തി. ആലപ്പുഴയില്‍ വെളളക്കാര്‍ നടത്തിയിരുന്ന ഡറാസ് മെയില്‍ കമ്പനിയില്‍ ചാട്ടവാറടിയും പീഡനങ്ങളുമേറ്റ് തുച്ഛവരുമാനത്തിന് ജോലി ചെയ്യാന്‍വിധിക്കപ്പെട്ട അനേകരില്‍ ഒരാളാണ് ബാവ. "ഞങ്ങളെ സഹായിക്കണം സ്വാമീ" എന്ന് തേങ്ങിയ ബാവയെ   ഗുരുദേവന്‍ കരുണാര്‍ദ്രമായി നോക്കി. നിറഞ്ഞൊഴുകുന്ന ആ കണ്ണുകളില്‍ അടിമകളെപ്പോലെ പണിയെടുത്ത് ഒരു നേരത്തെ വിശപ്പടക്കാന്‍പോലും പാടുപെടുന്ന വലിയസമൂഹം തൊഴിലാളികളുടെ വേദനയാണ് ഗുരു കണ്ടറിഞ്ഞത്.
    "നാം പറയുന്നത് നിങ്ങള്‍ക്ക് രക്ഷയാകുമോ?"ഗുരു ചോദിച്ചു.
" അങ്ങേയ്ക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കാന്‍ കഴിയൂ" ബാവ ബോധിപ്പിച്ചു.
"എങ്കില്‍ തൊഴിലെടുക്കുന്നവരുടെ ഒരു സംഘം ഉണ്ടാക്കുക,സംഘത്തിന്റെ ശക്തിയില്‍ അവര്‍ കരുത്തുളളവരും സ്വതന്ത്രരും ആകട്ടെ." തൊഴിലാളിവര്‍ഗത്തിന്റെ മോചനകാഹളം മുഴക്കിയ ആ പ്രഖ്യാപനം ആഹ്ളാദത്തോടെയാണ് ബാവ ശ്രവിച്ചത്. ബാവ തന്റെ സഹപ്രവര്‍ത്തകരുമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. അങ്ങനെ  1922 മാര്‍ച്ച് 31ന് ആലുംമൂട്ടില്‍ കേശവന്റെ വക സ്ഥലത്ത് കേരളത്തിലെ ആദ്യതൊഴിലാളി പ്രസ്ഥാനം രൂപീകരിക്കാന്‍ യോഗം കൂടി. വാടപ്പുറം പി. കെ. ബാവയ്ക്കൊപ്പം  എന്‍. കൃഷ്ണനും ഉണ്ടായിരുന്നു. ഗുരുദേവന്‍ പറഞ്ഞിട്ടാണ് സംഘം തുടങ്ങുന്നതെന്നറിഞ്ഞപ്പോള്‍ തൊഴിലാളികള്‍ക്ക് മറിച്ച് ചിന്തിക്കാനേ തോന്നിയില്ല. 1922 ഏപ്രില്‍ 23 ന് ആലപ്പുഴ കളപ്പുരക്ഷേത്രമൈതാനത്തായിരുന്നു 'തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍' എന്ന ആദ്യ തൊഴിലാളി സംഘത്തിന്റെ ഉദ്ഘാടന സമ്മേളനം. അതില്‍ മുഖ്യ അതിഥിയായി എത്തിയത്  ഗുരു ശിഷ്യനായ സ്വാമി സത്യവ്രതന്‍. ഗുരു പറഞ്ഞയച്ചതായിരുന്നു അദ്ദേഹത്തെ. "ഭയപ്പെടേണ്ട തൊഴിലാളികളുടെ കാലമാണ് വരാന്‍പോകുന്നത്. ധൈര്യമായി എല്ലാവരുടെയും വിശ്വാസം നേടി മുന്നോട്ടു പോകുക" എന്ന ഗുരു സന്ദേശം അദ്ദേഹം അവിടെ വായിച്ചു. തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ ഉയര്‍ത്തിയ സംഘടനാ ശക്തിക്കുമുന്നില്‍ സായ്പിന്റെ ഉമ്മാക്കികള്‍ വിലപ്പോയില്ല   എന്നതായിരുന്നു പിന്നീടുളള ചരിത്രം. പിന്നീട്് വര്‍ഷങ്ങള്‍ക്ക് ശേഷം 1938  ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചത് ഈ പ്രവര്‍ത്തനങ്ങളുടെ ചുവടുപിടിച്ചായിരുന്നു. പി. കൃഷ്ണപിളള, ആര്‍. സുഗതന്‍, കെ. പി. പത്രോസ്, ടി. വി. തോമസ്, പി. കേശവദേവ് എന്നീ ജനനേതാക്കള്‍ കമ്മ്യൂണിസത്തിലേക്ക് വന്നത് ഈ സംഘടനാപാരമ്പര്യത്തില്‍ നിന്നാണ്. വര്‍ത്തമാനകാലത്ത് നമ്മെ പരിചയപ്പെടുത്തുന്ന തൊഴിലാളിസമരചരിത്രങ്ങളിലൊന്നും ഈ കഥകള്‍ കേള്‍ക്കാന്‍ വഴിയില്ല. കേള്‍പ്പിക്കാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടെന്നതും വിസ്മരിക്കാന്‍ കഴിയില്ല.  കേരളത്തിന്റെ ഇരുട്ടുപിടിച്ചുകിടന്ന ബോധമണ്ഡലത്തില്‍ അറിവിന്റെ വെളിച്ചമായി ഉദിച്ച ഗുരുവിനെ തമസ്കരിച്ച് ആ സ്ഥാനത്ത് കരിതുപ്പുന്ന ചില മണ്ണെണ്ണവിളക്കുകളെ പ്രതിഷ്ഠിക്കാന്‍ പണ്ടുമുതല്‍ക്കേ ശ്രമമുണ്ട്. മാനവസമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി ഗുരു അരുളിയതൊക്കെയും കേരളത്തിന്റെ സമസ്തമേഖലകളിലും ഗുരു ശിഷ്യരും ഭക്തരും ചേര്‍ന്ന് പ്രവര്‍ത്തിപഥത്തില്‍ എത്തിച്ചു എന്നതാണ് യഥാര്‍ത്ഥ ചരിത്രം. എന്നാല്‍ ഇന്ന് പഠിക്കാന്‍ വിധിക്കപ്പെടുന്ന ചരിത്രങ്ങളില്‍   അന്യരാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട ബിംബങ്ങളാണ്   ഈ സ്ഥാനത്ത് പൂജിക്കപ്പെടുന്നത്.   ഈ തമസ്കരണം ഗുരുദേവന്‍ സശരീരനായിരുന്ന കാലം മുതല്‍ക്കേ ഉളളതാണ്. വൈക്കം സത്യാഗ്രഹകാലത്ത് ഗുരുദേവന്‍ സത്യാഗ്രഹത്തിന് അനുകൂലിയല്ലെന്നും ക്ഷേത്രമതില്‍ചാടിക്കടക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നു എന്നും കാണിച്ച് ഗാന്ധിജിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. കെ. എം. കേശവന്‍ എന്ന മാന്യന്‍ ഗുരു ഒരു സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞതൊക്കെയും വളച്ചൊടിച്ച് അന്നത്തെ ദേശാഭിമാനിയില്‍  അഭിമുഖസംഭാഷണമായി എഴുതിയതാണ് ഗാന്ധിജിയെ തെറ്റിദ്ധരിപ്പിച്ചത്. ഈ അഭിമുഖം കണ്ടിട്ട് ഗുരുവിന്റെ നിലപാടുകള്‍ക്കെതിരെ 1924 ജൂണ്‍ 19  ലെ യംഗ് ഇന്ത്യയില്‍ ഗാന്ധിജി എഴുതി. ഇക്കാര്യത്തില്‍ ഉണ്ടായ തെറ്റിദ്ധാരണ തിരുത്തിക്കൊണ്ട് ഗുരുവിന്റെ സന്ദേശം ലഭിച്ചപ്പോഴാണ് ഗാന്ധിജിക്ക് കാര്യം ബോധ്യപ്പെട്ടത്. വൈക്കം സത്യാഗ്രഹത്തിന് നിമിത്തമായത് ഗുരുദേവനെ അയിത്തത്തിന്റെ പേരില്‍ ക്ഷേത്രപരിസരത്ത് തടഞ്ഞുവച്ചതാണെന്നത് ചരിത്രം രേഖപ്പെടുത്തിയ സത്യമാണ്. ഗുരുശിഷ്യനായ ടി. കെ. മാധവനാണ് സത്യാഗ്രഹത്തിന്റെ നേതാവ്. സത്യാഗ്രഹികള്‍ക്ക് വൈക്കത്ത് വെല്ലൂര്‍ മഠം വിട്ടുകൊടുത്ത ഗുരു അവിടം സന്ദര്‍ശിച്ച് അവര്‍ക്ക് ധാര്‍മ്മിക പ്രചോദനവും നല്‍കി. എന്നാല്‍ അടുത്തകാലത്ത് ചില ആധുനികചരിത്രകാരന്മാരും പ്രചരിപ്പിക്കുന്നത് ഗുരുവിന് വൈക്കം സത്യാഗ്രഹവുമായി ബന്ധമില്ലെന്നാണ്. സൂര്യനുദിച്ചുവരുമ്പോള്‍ പഴമുറം കൊണ്ടു മറയ്ക്കുന്നവരുടെ വംശം അറ്റുപോയിട്ടില്ലെന്നതിന് തെളിവാണിത്. ആര്‍ക്കുവേണ്ടിയാണ് ഈ പ്രയത്നങ്ങള്‍? പുതിയ തലമുറ ചരിത്രം പഠിക്കാന്‍ മെനക്കെടാത്തതാണ് ഇത്തരക്കാര്‍ക്ക് വളമാകുന്നതെന്നേ പറയാനുളളൂ. കടലിനെക്കാള്‍ അഗാധമായ അറിവ് നിറച്ചുവച്ച സാഹിത്യസൃഷ്ടികള്‍ കൊണ്ട് മനുഷ്യായുസ്സിന് മുഴുവന്‍ പൂജനീയനായ ഗുരുദേവനെ സാഹിത്യചരിത്രങ്ങളില്‍ വെറും പരാമര്‍ശമാക്കി ഒതുക്കിയത് ആരും കാണുന്നില്ല. ഗുരുദേവനെന്ന സത്യസ്വരൂപത്തെ ഒരു പെടലപഴം ഉരിഞ്ഞുവച്ച് കത്തിച്ചുവച്ച ചന്ദനത്തിരിക്കുമുന്നില്‍ എവിടെയെങ്കിലും മഞ്ഞപുതപ്പിച്ച്  ഒതുക്കിയിരുത്താമെന്നാണ് ചിലരുടെ വ്യാമോഹം.   അനേകം സാമൂഹ്യപരിഷ്കര്‍ത്താക്കളില്‍ ഒരാളെന്ന മട്ടില്‍ നൂറ്റിയെട്ട് പടങ്ങള്‍ക്കിടയില്‍  ഔദാര്യമെന്നപോലെ ഗുരുവിനെ തിരുകിവയ്ക്കാന്‍ ശ്രമിക്കുന്നു മറ്റൊരുകൂട്ടര്‍. ഗുരുജീവിതത്തിന്റെ അതിവിശാലമായ വാതിലുകള്‍ തുറന്നു കിടന്നിട്ടും ഒന്നെത്തിനോക്കാന്‍ മടിച്ച് മറ്റെന്തിന്റെയൊക്കെയോ പിന്നാലേ സമാധാനം തേടിപ്പായുന്നു വേറൊരുവിഭാഗം. ഗുരുവിനെ അറിയാന്‍ ശ്രമിക്കാതെ ധര്‍മ്മപ്രചാരകരാകുന്ന ഒരു ചെറിയ വിഭാഗവും   ഇവിടെയുണ്ട്. ഇവര്‍ നല്‍കുന്ന തെറ്റിദ്ധാരണകളേറ്റുവാങ്ങി ഗുരുദേവസാഹിത്യം വിഷലിപ്തമാകുന്നു. സര്‍ക്കാര്‍ ചെലവില്‍ ശ്രീനാരായണ ധര്‍മ്മം പ്രചരിപ്പിക്കാന്‍ ശ്രമവുമായി ഇറങ്ങിയ ഒരു നേതാവ് ചെമ്പഴന്തിയിലെ വയല്‍വാരം വീടുകാണാന്‍ എത്തിയിട്ട് ചോദിച്ച ഒരു ചോദ്യം  ഇവിടെ പരാമര്‍ശിച്ച പ്രശ്നങ്ങളുടെ കാഠിന്യം വ്യക്തമാക്കുന്നതാണ്, "ഈ കുടിലും ശ്രീനാരായണഗുരുവും തമ്മില്‍  യഥാര്‍ത്ഥത്തില്‍ എന്താണ് ബന്ധം?"

Tuesday, 5 July 2011

"അവര്‍ പെരിയവര്‍, എല്ലാം തെരിഞ്ഞവര്‍"

സദാ ധ്യാനലീനനായ രമണമഹര്‍ഷി എന്ന നിത്യമൌനത്തെ തേടി ഒരിക്കല്‍ ഗുരുദേവന്‍ തിരുവണ്ണാമലയിലെത്തി. 1916 ലായിരുന്നു അത്. മലയുടെ തെക്കുഭാഗത്താണ് വിഖ്യാതമായ രമണാശ്രമം. ഗുരുവും ശിഷ്യരും എത്തിയസമയത്ത് രമണമഹര്‍ഷി അതിനും ഒരു കിലോമീറ്റര്‍ ഉയരത്തിലുളള സ്കന്ദാശ്രമത്തിലായിരുന്നു. മഹര്‍ഷി താഴേക്ക് വരുന്നത് കാത്തുനില്‍ക്കാതെ ഗുരുദേവന്‍ മുകളിലേക്ക് കയറിച്ചെന്നു. പരസ്പരം കണ്ടു. കുറച്ചുനേരം പരസ്പരം കണ്ണുകളില്‍ നോക്കിനിന്നു. വാഗതീതമായ ഒരു സംവാദമായിരുന്നു അത്. പിന്നെ ആ മലമുകളില്‍ കുറേനേരം ധ്യാനനിരതനായി ഗുരു. ആശ്രമത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ നിര്‍വൃതിയുടെ ആ നിമിഷങ്ങള്‍ ഒരു ശ്ളോകധാരയായി ഗുരുവില്‍നിന്നൊഴുകി. പ്രശസ്തമായ നിര്‍വൃതിപഞ്ചകം എന്ന ഗുരുദേവകൃതി അങ്ങനെയാണ് ഉണ്ടായത്.
    ഒരു പക്ഷേ, ചരിത്രത്തില്‍ ഇത്രയും അസുലഭമായ നിമിഷങ്ങള്‍ വേറെ ഉണ്ടാവില്ല. രണ്ട് മഹാത്മാക്കള്‍ തമ്മില്‍ കാണുമ്പോള്‍ ഔപചരികതയില്ലാതെ അവസാനിക്കുന്ന സന്ദര്‍ശനം. എല്ലാം അറിയുന്നവര്‍ക്ക് തമ്മില്‍ എന്താണ് പിന്നെ സംസാരിക്കാന്‍ ഉണ്ടാവുക? ഒരിക്കല്‍ ഗുരുശിഷ്യനായ മംഗളാനന്ദസ്വാമി രമണാശ്രമത്തില്‍ എത്തിയപ്പോള്‍ ഗുരുദേവനെക്കുറിച്ച് രമണമഹര്‍ഷി പറഞ്ഞ വാക്കുകളില്‍ അന്നത്തെ മൌനത്തിന് ഉത്തരമുണ്ടായിരുന്നു, "അവര്‍ പെരിയവര്‍, എല്ലാം തെരിഞ്ഞവര്‍". പിന്നീട് 1923 ല്‍ ശിവഗിരിയിലെത്തിയ മഹാകവി രവീന്ദ്രനാഥടാഗോറുമായുളള ഗുരുവിന്റെ കൂടിക്കാഴ്ചയ്ക്ക്  ഇതുമായി ചില സമാനതകളുണ്ട്. എങ്കിലും വ്യത്യസ്തമായിരുന്നു ആ സന്ദര്‍ശനം. സന്ദേഹങ്ങള്‍ ഒഴിഞ്ഞ മനസ്സായിരുന്നു മഹാകവിയുടേത്. എന്നാല്‍ ഭാഷയിലൂടെ സത്യത്തെ തേടുന്ന ആ പ്രതിഭയ്ക്ക് വാക്കുകളെ അത്രകണ്ട് ഉപേക്ഷിക്കാനായില്ല. സംസാരത്തിനിടെ അദ്ദേഹം ഗുരു ചെയ്യുന്ന സാമൂഹ്യപരിവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. "നാം ഇതുവരെ യാതൊന്നും തന്നെ ചെയ്തിട്ടില്ല. ഇനി ഭാവിയില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല.നമ്മുടെ അശക്തിയില്‍ നാം ദു:ഖിക്കുന്നു" എന്നായിരുന്നു ഗുരുവിന്റെ മറുപടി. ആ വാക്കുകളില്‍നിന്ന് ഗുരുവിന്റെ കര്‍മ്മമണ്ഡലത്തിന്റെ അടിത്തറയെന്തെന്ന് മഹാകവി ടാഗോറിന് വ്യക്തമായി. കര്‍മ്മദര്‍ശനത്തില്‍ ഗുരു പറയുന്ന അതേ  അടിത്തറ. എല്ലാ ചലനങ്ങള്‍ക്കും പശ്ചാത്തലമായ  ചലിക്കാത്ത ഒരടിത്തറ. ഭൌതികശാസ്ത്രം പറയുന്ന ചലനനിയമം തന്നെയാണിത്. ചലനത്തിന് അവശ്യം വേണ്ട ചലനരഹിതമായ ഈ പശ്ചാത്തലത്തെ വേദാന്തശാസ്ത്രം കര്‍മ്മാധിഷ്ഠാനം എന്നുവിളിക്കുന്നു. പ്രപഞ്ചത്തിന്റെ മുഴുവന്‍ കര്‍മ്മാധിഷ്ഠാനമാണ് ബ്രഹ്മം. മനസ്സ് എവിടെയൊക്കെ എത്തുന്നുവോ അവിടെയൊക്കെ ബ്രഹ്മത്തെ ദര്‍ശിക്കാന്‍ കഴിവുളളവര്‍ ബ്രഹ്മനിഷ്ഠര്‍. ഗുരുദേവന്‍ തികഞ്ഞ ബ്രഹ്മനിഷ്ഠനായിരുന്നു. അദ്ദേഹത്തിന്റെ കര്‍മ്മം ബ്രഹ്മത്തില്‍ അധിഷ്ഠിതമായിരുന്നു.  എല്ലാ ചലനങ്ങളുടെയും ചലിക്കാത്ത അടിത്തറയില്‍ നിന്ന് ഒരു കാലഘട്ടത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുകയാണ് ഗുരുചെയ്തത്. പിന്നെങ്ങനെ താന്‍ എന്തെങ്കിലും ചെയ്യുന്നു എന്ന് അദ്ദേഹത്തിന് പറയാന്‍ കഴിയും? ഗുരുവിന്റെ ബ്രഹ്മനിഷ്ഠമായ കര്‍മ്മത്തിന്റെ ഒരു ഉപ ഉല്പന്നം മാത്രമാണ് ഇവിടെ ഉണ്ടായ സാമൂഹ്യപരിവര്‍ത്തനം. ഗുരു വെറുമൊരു സാമൂഹ്യപരിഷ്കര്‍ത്താവല്ല എന്ന അവബോധം  ഉണര്‍ന്നപ്പോള്‍ മഹാകവി എഴുന്നേറ്റുനിന്ന് പ്രണമിച്ചുപോയി. രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം 1925 ല്‍ ഗാന്ധിജി ശിവഗിരിയിലെത്തി. അദ്ദേഹത്തിന് പക്ഷേ ചില സന്ദേഹങ്ങള്‍ അവശേഷിച്ചിരുന്നു. വര്‍ണ്ണാശ്രമ ധര്‍മ്മത്തിലധിഷ്ഠിതമായ സാമൂഹ്യക്രമം എന്നവിശ്വാസം നശിച്ച്  പുതിയ ഒരു സത്യദര്‍ശനത്തിന്റെ ജീവവായു ശ്വസിച്ചാണ് അദ്ദേഹം ശിവഗിരിക്കുന്നിറങ്ങിയത്. ഗുണകര്‍മ്മങ്ങള്‍ തന്നെ സ്ഥായിയല്ലാത്തപ്പോള്‍ എങ്ങനെ അതിനെ അടിസ്ഥാനമാക്കി വര്‍ണ്ണാശ്രമങ്ങള്‍ ഉണ്ടാകും എന്ന ഗുരുവിന്റെ ചോദ്യം ഗാന്ധിജിയുടെ മുന്നില്‍ അദ്വൈതദര്‍ശനത്തിന്റെ സാമൂഹ്യവശം തുറന്നു. ഇന്ത്യയില്‍  അയിത്തോച്ചാടനത്തിന് ഗാന്ധിജി തുടക്കമിടുന്നത് ഈ ഗുരുപകര്‍ന്ന ഈ വെളിച്ചത്തിലാണ്.
    ജനക്കൂട്ടത്തിനുമുന്നില്‍പോലും അനന്തതയിലേക്ക് നോക്കി മൌനമായി നില്‍ക്കുന്ന പ്രകൃതമായിരുന്നു ഗുരുവിന്റേത്. നിവൃത്തിയില്ലെങ്കില്‍ മാത്രം അല്പഭാഷണം.ആ മൌനത്തിലൂടെ മനപരിവര്‍ത്തനം വരുന്നവര്‍ അദ്ദേഹത്തെ അനുഗമിച്ചു. തിരയിളക്കമില്ലാത്ത ശാന്തമൌനത്തിന്റെ  അഗാധശക്തി ഉള്‍ക്കൊളളാന്‍ കരുത്തില്ലാതെ എതിര്‍പ്പുകാര്‍ പത്തിമടക്കി.  ആദ്യത്തെ സര്‍വമത സമ്മേളനം ആലുവയില്‍ നടന്നപ്പോള്‍ കഷ്ടിച്ച് മൂന്നോനാലോവാക്യങ്ങളാണ് ഗുരുമുഖത്തുനിന്നുണര്‍ന്നത്. പക്ഷേ, ആ സമ്മേളനത്തില്‍ സംസാരിച്ച ഓരോ വ്യക്തിയിലും ഗുരുവിന്റെ ദര്‍ശനപ്രഭാവം സ്വാധീനം ചെലുത്തിയിരുന്നു. പ്രപഞ്ചത്തിന്റെ ശക്തിസ്രോതസ്സായ പരംപൊരുളിന്റെ സ്വാധീനം ജീവജാലങ്ങളില്‍ ഉളവാകുന്നതുപോലെയാണത്. ഇത്രയും മിതഭാഷിക്ക് എങ്ങനെ ഒരു കാലഘട്ടത്തിന്റെ ഭ്രമണദിശ തിരിച്ചുവിടാന്‍ കഴിഞ്ഞു  എന്നത് ചരിത്രം പഠിക്കുന്നവര്‍ക്ക്  ഇന്നും അത്ഭുതമാണ്. അതിന് ചരിത്രം മാത്രം പഠിച്ചാല്‍പോര അവനവന്റെ ഉളളുതുറക്കുന്ന ശാസ്ത്രംകൂടി അഭ്യസിക്കണമെന്ന് ഗുരുകൃതികള്‍  വെളിപ്പെടുത്തുന്നു.  ആത്മോപദേശശതകം, ദര്‍ശനമാല, അറിവ് എന്നീ കൃതികളില്‍ ഈ ദര്‍ശനം ഗുരു ചെപ്പുതുറന്ന് കാണിക്കുന്നുണ്ട്.
    ഒരാള്‍ എത്രകണ്ട് നന്നായി പ്രസംഗിക്കുന്നു എന്നതാണ് ഇന്നത്തെകാലത്ത് ജനനേതാവിന്റെ ലക്ഷണം. അതില്‍കളളമോ അവാസ്ഥവമോ ഉണ്ടായാലും തരക്കേടില്ല. സന്ദര്‍ഭോചിതമായി പറയുന്നവര്‍ക്ക് ജനത്തിന്റെ 'സബാഷ്' വിളി ലഭിക്കും. ഇടഞ്ഞുനില്‍ക്കുന്നവരെയും ഇടംകാല്‍വെട്ടുന്നവരെയും തന്ത്രപൂര്‍വം കൈകാര്യംചെയ്യുന്നവരും ബുദ്ധിയുടെ തലത്തില്‍ നിന്ന് സംസാരിച്ച് നയപരമായി കാര്യങ്ങള്‍ കൊണ്ടുപോകന്നവരും വിജയിക്കുന്നത് കാണാം.മോഡേണ്‍ മാനേജ്മെന്റ് പഠനങ്ങള്‍പോലും ഈ നയത്തിലാണ് കാലുറപ്പിക്കുന്നത്. സത്യം അവിടെയൊക്കെ വിദൂരമായിരിക്കും. ഹൃദയംകൊണ്ട് സംസാരിക്കുന്നവര്‍ അപൂര്‍വങ്ങളില്‍ അപൂര്‍വം.  ബുദ്ധികൊണ്ട് നടത്തുന്ന ഇടപെടലുകളില്‍ കച്ചവടതന്ത്രം പരിലസിക്കും. എന്നാല്‍ ശാശ്വതമായ പരിവര്‍ത്തനം ഉണ്ടാക്കാന്‍ ഹൃദയംകൊണ്ട് ഇടപെടുന്നവര്‍ക്കേ കഴിയൂ.  അത് പ്രകൃതിനിയമങ്ങളോട് നീതിപുലര്‍ത്തുന്നതായിരിക്കും.  അവരുടെ ഉളളില്‍ ഭേദചിന്തകള്‍ ഉണ്ടാവില്ല. അതിനാല്‍ അവരുടെ മാര്‍ഗത്തില്‍ എതിര്‍പ്പുകള്‍ അലിഞ്ഞ് ഇല്ലാതെയാകും. ശരീരത്തിലെ  സര്‍വചലനങ്ങള്‍ക്കും കാരണമായ  ഹൃദയത്തിന്റെ  സ്പന്ദനംപോലെ അവര്‍ ചുറ്റിനുമുളള ജീവലോകത്തെ ചലിപ്പിക്കുന്നു. ലോകവ്യവസ്ഥയെ അറിയുന്ന ഇങ്ങനെയൊരു മാനസിക തലം വളര്‍ത്തുന്ന വിദ്യാഭ്യാസത്തിനേ മനുഷ്യനെ സ്വതന്ത്രനാക്കാന്‍ കഴിയൂ. വിദ്യകൊണ്ട് സ്വതന്ത്രരാകുക എന്ന ഗുരുവരുളിന്റെ പൊരുളും ഇതുതന്നെ.

Monday, 4 July 2011

മഹിമയെ നമിക്കാനും ഒരു മഹത്വം വേണം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ നിന്ന്  കുറച്ച് ദൃശ്യങ്ങള്‍ അവതരിപ്പിക്കാം. ചിലകാര്യങ്ങള്‍ ഇങ്ങനെ ഇടയ്ക്ക് ഓര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
    തിരുവനന്തപുരത്തെ മുട്ടത്തറയില്‍  നിന്നാണ് ആദ്യദൃശ്യം. പൊതുസമൂഹത്തിന്റെ നാലയലത്തുകടത്താതെ വരേണ്യര്‍ ആട്ടിയകറ്റിയിരുന്ന ഒരു വിഭാഗം മനുഷ്യര്‍ സ്വയം സംഘടിക്കാന്‍ തീരുമാനിച്ച കാലം. അതിനുളള ആലോചനായോഗങ്ങളില്‍ ഒന്നില്‍ അദ്ധ്യക്ഷനായി അവര്‍ ക്ഷണിച്ചത് ശ്രീനാരായണ ഗുരുദേവനെയായിരുന്നു. സമ്മേളന നഗരിയില്‍ ഗുരുസവിധത്തില്‍ ഭക്ത്യാദരങ്ങളോടെ    അധഃസ്ഥിതരുടെ വീരനായകന്‍ അയ്യന്‍കാളി നില്‍പ്പുണ്ട്. ആ മഹാ തേജസ്വിയെ നോക്കി ഒന്നു മന്ദഹസിച്ചശേഷം ഗുരു ഇങ്ങനെ അരുള്‍ചെയ്തു. " മനുഷ്യരൊക്കെ ഒരു ജാതിയാണ്. അവരുടെ ഇടയില്‍ സ്ഥിതി ഭേദമല്ലാതെ ജാതിഭേദമില്ല. ഉണ്ടാകാന്‍ നിവൃത്തിയുമില്ല. ചിലര്‍ക്ക് പഠിപ്പും പണവും ശുചിത്വവും കൂടുതലായിരിക്കും. മറ്റുചിലര്‍ക്ക് അതൊക്കെ കുറവുമായിരിക്കും. ചിലരുടെ നിറമായിരിക്കില്ല മറ്റു ചിലരുടെ നിറം. ഈ മാതിരിയുളള വ്യത്യാസങ്ങളല്ലാതെ മനുഷ്യര്‍ക്ക് ജാതി വ്യത്യാസമില്ല. പുലയര്‍ക്കിപ്പോള്‍ ധനവും വിദ്യയും ഇല്ലാത്ത കുറവ് വളരെയുണ്ട്. ഇത് രണ്ടും ഉണ്ടാക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസം പ്രധാനമായും വേണം. അതുണ്ടായാല്‍ ധനവും ശുചിത്വവുമെല്ലാം താനേ ഉണ്ടാകും. നിങ്ങള്‍ക്ക് പണമില്ലെന്ന് പറയുന്നത് ശരിയല്ല, നിങ്ങളൊക്കെ പണമാണല്ലോ! ദിവസേന ജോലിചെയ്ത് പണമുണ്ടാക്കാത്തവര്‍ നിങ്ങളില്‍ ആരുമില്ല. ഇപ്പോള്‍ അത് മദ്യപാനംചെയ്തും മറ്റും വെറുതേ പോകുന്നു. അതില്‍ ഒരണ വീതമെങ്കിലും മാസംതോറും നിങ്ങളൊക്കെ ഒരു പൊതു ഭണ്ഡാരത്തിലിട്ടാല്‍ അതുകൊണ്ട് കുട്ടികളെ വിദ്യ അഭ്യസിപ്പിക്കാം. മറ്റാരുടെയും സഹായംകൂടാതെ  തന്നെ നിങ്ങള്‍ക്ക് ഇതൊക്കെ സാധിക്കും. മാസം തോറും ഒരു പൊതു സ്ഥലത്ത് സഭകൂടി വേണ്ടകാര്യങ്ങള്‍ ആലോചിച്ച് ചെയ്യണം. മദ്യപാനം കഴിവതും നിറുത്തണം. ഇനി കുട്ടികളെ കളളുകുടിക്കാന്‍ അനുവദിക്കരുത്. പ്രായം ചെന്നവരും കുടിനിറുത്തണം."
    ഗുരുമുഖത്തുനിന്നുതിര്‍ന്ന വാക്കുകള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമെന്ന് അയ്യന്‍കാളി അന്ന് സ്വസമുദായത്തെക്കൊണ്ട് ഏറ്റുചൊല്ലിച്ചു. ആ സംഘടന വളര്‍ന്നു. അധഃസ്ഥിതവിഭാഗത്തിന്റെ മുന്നണിപോരാളികളായി അവര്‍. 1905 ല്‍  അയ്യന്‍കാളി സാധുജന പരിപാലനയോഗം രൂപീകരിക്കപ്പെട്ടത് ഇങ്ങനെയാണ്.  അതിനും രണ്ടുവര്‍ഷം മുമ്പ് ഉദയം ചെയ്ത എസ്. എന്‍. ഡി. പി യോഗത്തിന്റെ മാതൃകയിലാണ് അയ്യന്‍കാളി സംഘടന ഉണ്ടാക്കിയത്.
    1912 ല്‍ കൊച്ചിയിലെ പുലയര്‍ കൃഷ്ണാതി ആശാന്റെ നേതൃത്വത്തിലാണ് ആദ്യമായി രംഗത്തുവന്നത്. കരയില്‍ വച്ച് യോഗംകൂടിയാല്‍ സവര്‍ണ്ണര്‍ മര്‍ദ്ദിക്കുമെന്നതിനാല്‍ വെണ്ടുരുത്തിക്കായലില്‍ വളളങ്ങള്‍കൂട്ടിക്കെട്ടി അവര്‍ വേദിയുണ്ടാക്കി. ഗുരുസ്വാമി തുറന്ന പാതയിലൂടെ നടക്കാനായിരുന്നു ആ യോഗത്തിലെ ആഹ്വാനം. അതിനും രണ്ടുവര്‍ഷം മുമ്പ് കവി തിലകന്‍ പണ്ഡിറ്റ്  കെ. പി. കറുപ്പന്‍ ഗുരുവില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് വാലസമുദായ പരിഷ്കാരിണി സഭ രൂപീകരിച്ചത്. 1914 ല്‍ നായര്‍ ഭൃത്യജനസംഘത്തില്‍ നിന്ന് മന്നം എന്‍. എസ്. എസിന് രൂപം നല്‍കുന്നതും എസ്. എന്‍. ഡി. പി യോഗത്തിന്റെ വളര്‍ച്ചകണ്ടും ഗുരുദേവനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുമാണ്. വക്കംമൌലവിയുടെ മുസ്ളിംസമുദായ പരിഷ്കരണത്തിനും ഗുരുസന്ദേശങ്ങളായിരുന്നു പ്രചോദനം.
    മേഴത്തൂര്‍ വെളളത്തിരുത്തി താഴത്ത് രാമന്‍ ഭട്ടതിരിപ്പാട് എന്ന കേരളത്തിന്റെ സ്വന്തം വി.ടി. ഭട്ടതിരിപ്പാടിന്റെ അനുഭവങ്ങളില്‍ നിന്നും തൊട്ടെടുക്കാം ഗുരുദേവന്റെ സ്വാധീനം. ഗുരു ശിഷ്യനായ സഹോദരന്‍ അയ്യപ്പനുമായുണ്ടായിരുന്ന സൌഹൃദമാണ് നമ്പൂതിരിസമുദായത്തില്‍ പരിഷ്കാരങ്ങള്‍ക്ക് തുടക്കമിടാന്‍ വി.ടിയ്ക്ക് പ്രേരണയായത്. സാമൂഹ്യ പുരോഗതിക്ക് ആധുനികവിദ്യാഭ്യാസം വേണമെന്ന വീക്ഷണത്തോടെ ശിവഗിരിയില്‍ ഇംഗ്ളീഷ് സ്കൂള്‍ സ്ഥാപിക്കാന്‍ ഗുരുദേവന്‍ നേരിട്ട് പിരിവിനിറങ്ങിയ കഥകേട്ടാണ്  നമ്പൂതിരി സമുദായത്തിനുവേണ്ടി ഒരു 'യാചനാ പദയാത്ര' സംഘടിപ്പിച്ചതെന്ന് വി.ടി പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. തന്റെ ഭാര്യാസഹോദരിയായ പ്രിയദത്തയെ കല്ലാട്ടു കൃഷ്ണന്‍ എന്ന ഈഴവനും അനുജത്തി പാര്‍വതിയെ രാഘവപ്പണിക്കര്‍ എന്ന നായര്‍ക്കും വിവാഹം ചെയ്തുകൊടുത്തുകൊണ്ടാണ് വി.ടി ഗുരുവിന്റെ ഒരു ജാതി, ഒരുമതം, ഒരു ദൈവം എന്ന സന്ദേശം നടപ്പാക്കിയത്. വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ചുകൊണ്ട് സവര്‍ണ്ണജാഥയുമായി തിരുവനന്തപുരത്തേക്ക് തിരിച്ച മഹാനായ മന്നത്തുപത്മനാഭന്‍ ശിവഗിരിയില്‍ എത്തിയപ്പോള്‍ ഗുരുപാദത്തില്‍ സാഷ്ടാംഗം നമിച്ച് അനുഗ്രഹം തേടിയത് ഒരു കാലഘട്ടത്തിന്റെ മാഹാത്മ്യമായിരുന്നു. പുരാണങ്ങളില്‍ വിഷ്ണു ശിവനെയും ശിവന്‍ വിഷ്ണുവിനെയും തപസ്സുചെയ്തുവെന്ന കഥകള്‍ വായിക്കുന്ന കുളിര്‍മ്മയുണ്ട് ഈ അനുഭവങ്ങളിലെല്ലാം.
     ഇപ്പോള്‍ ഇതൊക്കെ ഓര്‍ക്കാനും ഓര്‍മ്മിപ്പിക്കാനും ചില കാരണങ്ങള്‍  ഉണ്ടായിട്ടുണ്ട്. ഗുരുദേവന്‍ സംഘടിക്കുവാന്‍ പറഞ്ഞത് ഈഴവരോട് മാത്രമാണെന്നും ഗുരു പരിഷ്കരിച്ചത് ഈഴവസമുദായത്തെ മാത്രമാണെന്നും പ്രചരിപ്പിക്കുന്ന അഭിനവ 'ബ്രമ്മവിത്തുകള്‍'  അവിടവിടെ പൊട്ടിമുളയ്ക്കുന്നുണ്ട്. യുവതലമുറയെ ഏറക്കുറെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുമുണ്ട്.  ഇരുട്ടിന്റെ ശക്തികള്‍ നാടാകെ ഗുരുദേവപ്രതിമകള്‍ തകര്‍ക്കുമ്പോള്‍  ഈഴവേതരസമുദായ സംഘടനകള്‍  ഒരു ചെറുപ്രതിഷേധം പോലും ഉയര്‍ത്താത്തത്  ഇത്തരം നുണപ്രചാരണങ്ങളുടെ സ്വാധീനത്താലാവണം.   പ്രതിമവയ്ക്കുന്നതിലും ആരാധിക്കുന്നതിലും  എതിര്‍പ്പുതോന്നുന്നവര്‍ ഉണ്ടാകാം. അത് അവരുടെ സ്വാതന്ത്യ്രം.  ദൈവവിശ്വാസികളും യുക്തിവാദികളും ഗുരുവിന് ഒരുപോലെപ്രിയപ്പെട്ടവരാണ് . പക്ഷേ, ഒന്നോര്‍ക്കണം;  കേരളത്തില്‍ ഇന്ന് പൂജിക്കപ്പെടുന്ന മറ്റെല്ലാവിഗ്രഹങ്ങളേക്കാളും പൂജനീയ യോഗ്യത ഗുരുവിനു തന്നെയാണ്. ലക്ഷക്കണക്കിന് ഭക്തര്‍ ജാതിഭേദമില്ലാതെ അത് അനുഷ്ഠിക്കുന്നുമുണ്ട്.  അപ്പോള്‍ പ്രതിമതകര്‍ക്കല്‍ കലാപങ്ങള്‍ ഉണ്ടാക്കാന്‍ ലക്ഷ്യം വച്ചാവണം. എങ്കില്‍ അവര്‍ക്കു തെറ്റി. ഗുരുവിനെ പൂജിക്കുന്നവര്‍ക്ക് ക്ഷമാശീലം  ഉണ്ടാകുക സ്വാഭാവികം. എന്നാല്‍ അത് ദൌര്‍ബല്യമല്ലെന്ന് ധരിക്കുക.  "മദ്യപിച്ച് നശിക്കരുത്" എന്ന് ആവര്‍ത്തിച്ചു പറഞ്ഞയാളിന്റെ പ്രതിമയോട് , 'രണ്ടെണ്ണം വിട്ടുകഴിയുമ്പോള്‍' തോന്നുന്ന വൈരാഗ്യമാണോ ഗുരുദേവ പ്രതിമകള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണത്തിന്റെ പ്രചോദനം എന്നും സംശയിക്കണം.  അവരോടും ഒന്നേ പറയാനുളളൂ. അന്ന് ഗുരു പറഞ്ഞതുകേട്ട് കാര്‍ന്നോന്മാര്‍ ജീവിച്ചതുകൊണ്ടാണ് ഇന്ന്  "അടിച്ചുകിറുങ്ങാന്‍"  കുടുംബത്തില്‍ എന്തെങ്കിലുമൊക്കെ മിച്ചമുണ്ടായത്.

ഇനി പറയൂ, ഞാന്‍ കേള്‍ക്കാം

സായന്തന സൂര്യന്റെ ഇളം രശ്മികള്‍ ശാരദാക്ഷേത്രമകുടത്തെ തഴുകുന്ന കാഴ്ചയ്ക്ക് സമാനതകണ്ടെത്താനാവാതെ നില്‍ക്കുമ്പോഴാണ് മറ്റൊരു ദൃശ്യം ശ്രദ്ധകവരുന്നത്. വൈദിക മഠത്തിലെ ഗുരുവിന്റെ വിശ്രമമുറിയിലേക്ക് നോക്കികൊണ്ട് ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു പെണ്‍കുട്ടി. പന്ത്രണ്ടോ പതിമൂന്നോ വയസ്. അതില്‍ക്കൂടില്ല പ്രായം. മുറിക്കുളളിലേക്ക് നോക്കി എന്തൊക്കെയോ പറയുകയാണവള്‍. അവളുടെ പരിദേവനങ്ങളും പരാതികളും കേള്‍ക്കാന്‍ വിശ്വസ്തനായ ആരോ ആ മുറിക്കുളളില്‍ ഉണ്ടെന്നു തോന്നും.  പഠനത്തിരക്കിനിടയില്‍ അവളുടെ അദ്ധ്യാപകനും സഹപാഠിയും കേള്‍ക്കാന്‍ ചെവികൊടുക്കാത്ത കാര്യങ്ങള്‍, ജീവിതത്തിരക്കിനിടയില്‍ മാതാപിതാക്കള്‍ ശ്രദ്ധകൊടുക്കാന്‍  മടിക്കുന്നതൊക്കെയും വൈദികമഠത്തിലെ അദൃശ്യ സാന്നിദ്ധ്യത്തോട് പങ്കുവയ്ക്കുന്നു. ഇടയ്ക്ക് വിതുമ്പുന്നു.പിന്നെ,  ഒപ്പംവന്നവരുടെ പിന്‍വിളികേട്ട് കണ്ണീരടങ്ങി അവള്‍ മടങ്ങുമ്പോള്‍ ഒരിളം കാറ്റില്‍ അലിഞ്ഞ ഗുരുഹൃദയം അവളുടെ ഇളം മുടിയിഴകളില്‍ തഴുകുന്നുണ്ടായിരുന്നു. യാന്ത്രിക ഹൃദയരുടെ ലോകത്ത് ഇനി കുറച്ചുദിവസം അവള്‍ക്ക് അദൃശ്യനായഗുരു നല്‍കിയ  സ്വാസ്ഥ്യവുമായി ജീവിക്കാം.  ഹൃദയം വീണ്ടും കലുഷമാകുമ്പോള്‍ അവള്‍ ഈ സന്നിധിയിലേക്ക് മടങ്ങിവരാം. ഏതോ മുജ്ജന്മ സുകൃതിയാണവള്‍.  മാനവരാശിക്ക്  മുഴുവന്‍ സൌഖ്യം നല്‍കാന്‍ വന്ന മഹാഗുരുവിന്റെ സാന്നിദ്ധ്യത്തെ ഇപ്പോഴും അവള്‍ തിരിച്ചറിയുന്നുണ്ടല്ലോ? അതും ഈ പ്രായത്തില്‍ . ചാറ്റിംഗിന്റെ ചതിക്കുഴികളിലേക്ക് വീഴുന്ന അനേകം കൌമാരങ്ങളില്‍  ഒരുവളായി ആണ്ടുപോകുന്നതില്‍ നിന്ന് അവളെ തടയുന്നത് ആ സുകൃതബലം അല്ലാതെ മറ്റെന്താണ്?
    സശരീരനായിരിക്കുമ്പോള്‍ തന്നെ ഗുരു ഒരു നല്ല കേഴ്വിക്കാരനായിരുന്നു.  ആര്‍ക്കും സങ്കടനിവൃത്തി വരുത്താന്‍ പറ്റുന്ന സവിധം. ശരീരം ഉപേക്ഷിച്ച് സൂക്ഷ്മ പ്രകൃതമായപ്പോഴും അനേകരുടെ സങ്കടങ്ങള്‍ക്ക് ഗുരുസന്നിധി ആശ്വാസമേകുന്നു. ഗുരുപ്രസാദ് സ്വാമി എഴുതിയ അനുഭവക്കുറിപ്പുകളാണ് അപ്പോള്‍ മനസ്സിലേക്ക് വന്നത്. 1918 ആഗസ്റ്റില്‍ ഗുരുദേവന്‍ ശിഷ്യസംഘത്തോടൊപ്പം സിലോണിലേക്ക് യാത്ര നടത്തുകയായിരുന്നു. യാത്രയില്‍ ഗുരുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഒപ്പംവന്ന ചെറുവാരി ഗോവിന്ദന്‍ ഒരു രണ്ടണ നാണയം എടുത്തുകാണിച്ചുകൊണ്ട് ഗുരുവിനോട് അതിന്റെ വിശേഷങ്ങള്‍ വിവരിച്ചു. അതുണ്ടാക്കിയ ലോഹത്തെക്കുറിച്ചും അത് ഇപ്പോള്‍ പുതുതായി പ്രചരിച്ചതാണെന്നുമൊക്കെ പറഞ്ഞ് സ്വന്തം അറിവ്  പ്രകടിപ്പിച്ചു.   " അങ്ങനെയാണോ" എന്നു ചോദിച്ച് ഒരു കൊച്ചുകുട്ടിയെപ്പോലെ എല്ലാം ശ്രദ്ധിച്ചു കേട്ടു ഗുരുദേവന്‍. ഈ നാണയം ഇതിനുമുമ്പ് പലവട്ടം സ്വാമി കണ്ടിട്ടുണ്ട്. അതിന്റെ  പ്രത്യേകതകള്‍ തിരക്കി അറിഞ്ഞിട്ടുമുണ്ട്. എങ്കിലും അത് പുതിയ അറിവെന്നപോലെ സഹയാത്രികന്‍ പറഞ്ഞപ്പോള്‍ അയാളെ ഒട്ടും മുഷിപ്പിക്കാതെ കേട്ടിരുന്നു. അറിയുവാന്‍ ആഗ്രഹിച്ച് ചോദ്യങ്ങളുമായി എത്തുന്നവരോട് അവര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ കാര്യം പറഞ്ഞുകൊടുക്കും. എല്ലാം അറിഞ്ഞതായി ഭാവിച്ച് സംസാരിക്കുന്നവര്‍  വന്നാല്‍ അവര്‍ പറയുന്നതെന്തിനെയും ഗുരു അനുകൂലിക്കും. ഗുരു പറഞ്ഞിട്ടുളള കാര്യങ്ങളെ ഖണ്ഡിച്ചും തര്‍ക്കിച്ചും സംസാരിച്ചാല്‍ അതു മുഴുവന്‍ ശാന്തമായി കേട്ടിരിക്കും. പിന്നെ, ചെറിയ ഉദാഹരണങ്ങളും മിതമായ വാക്കുകളും ഉപയോഗിച്ച് അവരെ ശരിയെന്തെന്ന് ബോധിപ്പിക്കും.
    കുമാരനാശാനും മറ്റ് ശിഷ്യരും ഒപ്പം ഉണ്ടായിരുന്ന ഒരു സന്ദര്‍ഭത്തില്‍ വിദ്വാന്‍മാരായ ചില നമ്പൂതിരിമാര്‍ ഗുരുവിനെ കാണാനെത്തി. അവരില്‍ ഒരാള്‍ ഗുരുവിനെ ഒട്ടും മാനിക്കാതെ ഒരുകാല്‍ ഉയര്‍ത്തി ഗുരു ഇരുന്ന തിണ്ണയില്‍ വച്ചുകൊണ്ടാണ് സംസാരം. അതു കണ്ടപ്പോള്‍ ശിഷ്യര്‍ക്ക് രോഷം വന്നു. അവരെ തടഞ്ഞുകൊണ്ട് കുമാരനാശാന്‍  പറഞ്ഞു. "ക്ഷമിക്കൂ.   അതൊക്കെ സ്വാമി തന്നെ ആയിക്കോളും". അത് ശരിയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ എല്ലാവരും നോക്കി നില്‍ക്കേ ആ മാന്യന്മാര്‍ ഗുരുപാദം തൊട്ടുനമസ്കരിച്ച് ആചാരപൂര്‍വം നില്‍ക്കുന്ന കാഴ്ചയാണ്  കണ്ടത്.
    നിന്ദകളിലും സ്തുതികളിലും ഒരുപോലെ അക്ഷോഭ്യനായിരുന്നു ഗുരുദേവന്‍.  ക്ഷേത്രപ്രതിഷ്ഠകള്‍ തുടങ്ങിയ കാലത്ത് "മോക്ഷദ്വാരത്തെ കല്ലിട്ടടയ്ക്കുന്ന ആചാര്യന്‍ എന്നും, സ്വാമി സര്‍വേക്കല്ലു നാട്ടുകയാണെന്നു"മൊക്കെ പരിഹസിച്ചിരുന്നു ചിലര്‍. ( ഇന്നും ചിലര്‍ ഈ   വിമര്‍ശന പാതയില്‍ തുടരുന്നുണ്ട്) അതിനൊന്നും സ്വാമി മറുപടി പറഞ്ഞില്ല. അവരോട് ഒരു നീരസവും ആ ഹൃദയത്തില്‍ ഉയര്‍ന്നില്ല. മംഗളപത്രങ്ങളും സ്തുതികളും കൊണ്ട് വീര്‍പ്പുമുട്ടിയ ഒരു കാലമായിരുന്നു പിന്നീടുണ്ടായത്. ആരോപണങ്ങള്‍ കേട്ടപ്പോള്‍  ഉണ്ടായിരുന്ന  അതേ ചിന്മയഭാവമായിരുന്നു മംഗളപത്രം വായിച്ചുകേള്‍ക്കുമ്പോഴും ആ മുഖത്ത് കളിയാടിയിരുന്നതെന്ന്  ശിഷ്യരുടെ അനുഭവസാക്ഷ്യം. തന്നെ പിടികൂടിയ മഹാരോഗത്തോടുപോലും ഗുരു അനുകമ്പകാട്ടി.    വേദനകൊണ്ട്  ഉളളില്‍ പുളയുമ്പോഴും മറ്റുളളവരുടെ സങ്കടങ്ങള്‍ കേള്‍ക്കാനും മന്ദസ്മിതത്തോടെ പരിഹാരം ചൊല്ലാനും ഗുരുദേവന്‍ പ്രത്യേകം ശ്രദ്ധകാട്ടിയിരുന്നു.  ആത്മീയ വേരിലൂടെ ഊറിയെത്തുന്ന 'ഭൌതികജലം' തളിര്‍പ്പിച്ച  മഹാവൃക്ഷമാണ് ഗുരുദേവന്‍. അതിന്റെ ചുവട്ടിലെത്തിയാല്‍ ഏത് കഠിനവെയിലും കുളിര്‍ മഴപോലെ.
    മറ്റുളളവര്‍ എന്തുപറഞ്ഞാലും ഞാനാണ് ശരി  എന്നു വിചാരിക്കുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. പണ്ഡിതനും പാമരനും തൊഴിലാളിയും മുതലാളിയും അദ്ധ്യാപകനും ശിഷ്യനും ഭാര്യയും ഭര്‍ത്താവും മാതാപിതാക്കളും മക്കളും എല്ലാം ഈ  'മനോഭാവരോഗത്തിന്'  അടിമകളാണ്. മറ്റൊരാള്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുന്നതിലല്ല, സ്വന്തം തീരുമാനവും അഭിപ്രായവും മറ്റുളളവരെക്കൊണ്ട് അനുസരിപ്പിക്കുന്നതിലാണ് എല്ലാവര്‍ക്കും താല്പര്യം. ഒരാളുടെ ഹൃദയം അറിയാന്‍ ഏറ്റവും നല്ലവഴി  അയാളുടെ പ്രിയപ്പെട്ട  കേഴ്വിക്കാരനാകുക എന്നതാണ്.  ഇത് മനുഷ്യരോട് മാത്രമല്ല, പക്ഷി മൃഗാദികളാടും പ്രകൃതിയോടും ആകാം.  അതിലൂടെ തന്റെ ചുറ്റുപാടുകളുടെ സ്പന്ദനം, പ്രകൃതിയുടെ മാറ്റം എന്നിവ തിരിച്ചറിയാന്‍ സാധിക്കും. അങ്ങനെയുളള ഒരുവന് ആരെയും തന്റെ ആരാധകനും അനുയായിയും ആക്കാന്‍ കഴിയും. പൌലോ കെയ്ലോയുടെ പ്രശസ്തമായ 'ആല്‍ക്കെമിസ്റ്റ്' എന്ന നോവലില്‍ സമാനമായ  ആശയംകാണാം. ചുറ്റുപാടുകളുടെ ശരിയായ കേഴ്വിക്കാരന്  വരാനിരിക്കുന്നവയെക്കുറിച്ച്  പ്രകൃതി ചില നിമിത്തങ്ങളിലൂടെ സൂചന നല്‍കും. ഒരിക്കല്‍ അതവഗണിച്ചാല്‍ പിന്നെ ആ വാതില്‍ അടയും.  തക്ക സമയത്തെ ഒരു വാക്ക്. ഒരു ശ്രദ്ധ. ഇതു മതി ഒരു ജീവന്‍ പൊലിയാതെ കാക്കാന്‍. മറ്റുളളവരെ തിരിച്ചറിയാതെ സ്വന്തം തീരുമാനങ്ങളും ഗിരിപ്രഭാഷണങ്ങളുമായി നീങ്ങുന്നവര്‍ ഒടുവില്‍ പിന്തിരിഞ്ഞ് നോക്കുമ്പോള്‍ ആരും പിന്നില്‍ ഇല്ലെന്നറിഞ്ഞ് നിരാശരാകും.   ഇത് നേതാക്കള്‍ മാത്രം തിരിച്ചറിയേണ്ട ഒന്നല്ല. എല്ലാ മനുഷ്യര്‍ക്കും സ്വധര്‍മ്മം ഭംഗിയായി നിറവേറ്റാന്‍  ഗുരു കാട്ടുന്ന ഈ വഴിയാണ്  ഉത്തമ മാര്‍ഗം.

Sunday, 3 July 2011

നീ സത്യം ജ്ഞാനം ആനന്ദം

ഗുരുദേവന്റെ ജീവിതത്തിലെ അത്ഭുതസംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് ധര്‍മ്മാനന്ദജി എഴുതിയ ഗുരുചരിതത്തിനുളള അവതാരികയില്‍ മംഗളാനന്ദസ്വാമി ഇങ്ങനെ പറയുന്നു: "ഹേതു അറിയാത്തതുകൊണ്ടാണ് അദ്ഭുതങ്ങളുണ്ടാകുന്നത്. പ്രപഞ്ചത്തിലെ ചില സത്യങ്ങള്‍ക്കുമുന്നില്‍ അത്ഭുതംകൂറിനില്‍ക്കുന്ന മനുഷ്യന്‍ ഹിമാലയത്തില്‍ സഞ്ചരിക്കുന്ന ഉറുമ്പിനെപ്പോലെയാണ്. ഉറുമ്പ് ഹിമാലയത്തെ അറിയുന്നുണ്ടെങ്കിലും ലോകത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയോടുകൂടിയ മഹാപര്‍വതപംക്തിയാണിതെന്ന് മനസ്സിലാക്കാന്‍ ആ പ്രാണിക്ക് കഴിയുന്നുണ്ടാവില്ല." ഗുരുവിന്റെ ജീവിതത്തില്‍ പറഞ്ഞു പ്രചരിച്ചതും യഥാര്‍ത്ഥത്തില്‍ സംഭവിച്ചതുമായ നിരവധി അത്ഭുതങ്ങളുണ്ട്. ഒരു പഴമോ ചില പച്ചിലച്ചാറുകളോ നല്‍കി മാരക അസുഖങ്ങള്‍ മാറ്റുന്നു, പിറന്ന ഉടനേ സന്താനങ്ങള്‍ മരിച്ചു പോകുന്നവര്‍ക്ക് ദീര്‍ഘായുസ്വികളായ സന്തതികളുണ്ടാകാന്‍ അനുഗ്രഹിക്കുന്നു, ചാത്തനേറും ബാധോപദ്രവങ്ങളും നീക്കുന്നു ...ഇങ്ങനെ എണ്ണിപ്പറഞ്ഞാല്‍ തീരാത്ത കഥകള്‍. ഗുരുവിന്റെ പരഹൃദയജ്ഞാനം വെളിപ്പെടുന്ന നൂറു സംഭവങ്ങള്‍ വേറെയുണ്ട്. പക്ഷേ, അവയെക്കുറിച്ചോര്‍ത്ത് മൂക്കത്ത് വിരല്‍വച്ചു നിന്നാല്‍ മംഗളാനന്ദ സ്വാമി പറഞ്ഞതുപോലെ ഗുരു ഒരു പ്രഹേളികയായും നമ്മള്‍ ഹിമാലയത്തിലെ ഉറുമ്പുകളായും  അവശേഷിക്കും.
    ഗുരു അത്ഭുതമല്ല; അതിനേക്കാള്‍ വലിയ യാഥാര്‍ത്ഥ്യമാണ്. മനുഷ്യന്റെ സാമാന്യബുദ്ധി ഉപയോഗിച്ച് ഗുരുവിനെ അളക്കാന്‍ ശ്രമിക്കുമ്പോഴാണ് ഗുരു ചെയ്യുന്നതൊക്കെയും അത്ഭുതങ്ങളായി അനുഭവപ്പെടുന്നത്. പറഞ്ഞു പ്രചരിക്കുന്ന കഥകളില്‍ കെട്ടുകഥകള്‍ ധാരാളമുണ്ട്. അവയാണ് ഗുരുവിന്റെ സത്യദര്‍ശനത്തേക്കാള്‍ പ്രചാരം നേടുന്നത്. ഗുരുവിനെ നേരില്‍ക്കാണാനും  ആ സാമീപ്യം അനുഭവിക്കാനും ഭാഗ്യംസിദ്ധിച്ച സുകൃതികളില്‍ കുറേപ്പേരെങ്കിലും ഇന്ന് ജീവിച്ചിരിപ്പുണ്ട്. അതറിയാവുന്നതിനാലാകാം കെട്ടുകഥകളില്‍ ഗുരുവിന് പുരാണകഥാപാത്രങ്ങളെപ്പോലെ നാലുകൈകളുണ്ടായിരുന്നു എന്ന് പ്രചരിപ്പിക്കാത്തത്. അടുത്ത തലമുറയ്ക്ക് ഇങ്ങനത്തെ കഥകളും കേള്‍ക്കേണ്ടിവന്നേക്കാം. അതിനിടവരാത്തവിധത്തില്‍ ഗുരുവിനെ അനുഭവിച്ചറിയാനുളള പഠനങ്ങളാണ് ആവശ്യം. മതസ്ഥാപകരായ പുണ്യപുരുഷന്മാരെപ്പോലെ ഒരുവലിയ സമൂഹത്തിന്റെ  അന്ധമായ ഭക്തിവികാരമായി ഗുരുവിനെ തളച്ചിടുകയാണെങ്കില്‍  യഥാര്‍ത്ഥഗുരുവിനെ അറിയാന്‍ പുതിയതലമുറയ്ക്ക് കഴിഞ്ഞെന്നുവരില്ല. 'നാരായണഗുരു' എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ പി. കെ. ബാലകൃഷ്ണന്‍ സാര്‍ പറഞ്ഞതുപോലെ, " വായനയിലുളള താല്പര്യം കൊണ്ടുമാത്രം ഒരാള്‍ സ്വാമിയെപ്പറ്റി കിട്ടാവുന്ന ഒരു ഗ്രന്ഥം വായിച്ചുതുടങ്ങിയാല്‍ പലപ്പോഴും മുഷിഞ്ഞും, മിക്കപ്പോഴും വൈരസ്യം തോന്നിയും പിന്തിരിയേണ്ടിവരുന്നു." ഇങ്ങനെയൊരു നിത്യവിരസതയിലേക്കാണ് ശ്രീനാരായണസാഹിത്യത്തിന്റെ പോക്ക്. പഴഞ്ചനെന്നുകരുതി പുതിയ തലമുറ എടുത്ത് തട്ടിന്‍പുറത്ത് ഇടാതിരിക്കണമെങ്കില്‍ കാലാതിവര്‍ത്തിയായ ഗുരുജീവിതത്തെയും സന്ദേശങ്ങളെയും പുതിയകാലത്തിന്റെ ഭാഷയില്‍ പുനരവതരിപ്പിക്കേണ്ടതുണ്ട്. ഗുരു പറഞ്ഞതൊക്കെയും പല്ലവിപോലെ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍  ഇത് അസാധ്യമാകും. ഇന്നത്തെയും എന്നത്തേയും സമസ്യകള്‍ക്ക് ഉത്തരമാണ് ആ  തിരുമൊഴികളെന്ന് പുതിയതലമുറയ്ക്ക് ബോധ്യമുണ്ടാക്കുകയാണ് വേണ്ടത്.
    ചതയദിനത്തിലോ മഹാസമാധിദിനത്തിലോ ഗുരുഭക്തര്‍ ഒരുക്കുന്നവേദികളില്‍ വന്ന് ഗുരുവിന്റെ ചില കഥകള്‍ വിളമ്പി തടിതപ്പുന്നവര്‍ക്ക് അതുകഴിഞ്ഞാല്‍ പിന്നെ അടുത്തവര്‍ഷം അതേ സമയത്തല്ലാതെ മറ്റൊരു സാഹചര്യത്തിലും ഗുരുദേവന്‍ പഠനവിഷയമോ ചിന്താവിഷയമോ പോലുമാകുന്നില്ല. അങ്ങനെയൊരു ബുദ്ധിജീവിസമൂഹത്തെ ആശ്രയിച്ച് ഗുരുസാഹിത്യം മുന്നോട്ടുപോകുമെന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ട്. പൊതുസമൂഹം ഒരു ഭരണക്രമം ഉണ്ടാക്കി ജാതിചിന്തകളും അനാചാരങ്ങളുംകൊണ്ട് വേലികെട്ടിത്തിരിച്ചകാലത്ത് അതിന് സമാന്തരമായി സംസ്കാരസമ്പന്നമായ മറ്റൊരു സമൂഹത്തെകെട്ടി ഉയര്‍ത്തിക്കൊണ്ടാണ് ഗുരുദേവന്‍ സമൂഹത്തെ തിരുത്തിയത്. ഗുരുവിനെ അന്ധവിശ്വാസങ്ങളുടെ കൂട്ടില്‍ തളച്ചിട്ട് പൂജിക്കുന്നവരില്‍നിന്നും തേച്ചുരച്ചാലും പോകാത്ത ജാതിചിന്തയുടെ പേരില്‍ ഇന്നും ഗുരുവിനെ അവഗണിക്കുന്നവരില്‍ നിന്നുമൊക്കെ ഗുരുദര്‍ശനത്തെ കൈപിടിച്ച്  മുന്നോട്ടു കൊണ്ടുപോകുന്ന സമാന്തരസമൂഹം ഇവിടെ വളരണം. അവര്‍ക്കുമാത്രമേ  സത്യപ്രകാശത്തില്‍ ജീവിതത്തെ ദര്‍ശിക്കാന്‍ സാധിക്കൂ. ഗുരുദേവനെ ആത്മീയമെന്നും ഭൌതികമെന്നും വേര്‍തിരിവോടെ പഠിക്കാതിരിക്കുകയാണ് നല്ല മാര്‍ഗം. ജീവനും ജീവിയുംപോലെ ഇത് രണ്ടും സമഞ്ജസമായിരിക്കണം. സത്യത്തെ അന്വേഷിക്കന്നവന്  സ്വന്തം അന്തരാത്മാവാണ് വഴികാട്ടി. ഗുരുവിനെ അറിയാനും ഇതേ അന്തരാത്മാവിനെ ഉണര്‍ത്തേണ്ടതുണ്ട്. "അറിവതു ധര്‍മ്മിയെയല്ല ധര്‍മ്മമാമീയരുളിയ ധര്‍മ്മിയദൃശ്യമാകയാലേ" എന്ന് ആത്മോപദേശശതകത്തില്‍ ഗുരു പറയുന്നു. പുറമേ നിന്ന് നാമറിയുന്നത് ധര്‍മ്മംപ്രവര്‍ത്തിക്കുന്ന ധര്‍മ്മിയെ അല്ല, ധര്‍മ്മത്തെയാണ്. ധര്‍മ്മിയെ അറിയാന്‍ പഞ്ചേന്ദ്രിയങ്ങള്‍ക്ക് സാധ്യമല്ല. അതിന് ഉളളിലെ ബോധസ്വരൂപത്തെ ഉണര്‍ത്തണം. അങ്ങനെ ബോധസ്വരൂപം ഉണര്‍ന്ന് കോടിദിവാകരതുല്യം ധര്‍മ്മിയുടെ സ്വരൂപം  മുന്നില്‍ തെളിഞ്ഞതായി ഗുരു വെളിപ്പെടുത്തിയിട്ടുണ്ട്. ബോധസ്വരൂപം തെളിയുമ്പോള്‍ 'ജനനീനവരത്നമഞ്ജരിയില്‍' ഗുരു നിരീക്ഷിക്കുന്നതുപോലെ "അഹോ നാടകം നിഖിലവും" എന്നറിയാം. പ്രപഞ്ചവ്യവഹാരങ്ങളെ നാടകമായി കണ്ടറിഞ്ഞ ഗുരുവിന്റെ പേരിലും എത്രയോ നാടകങ്ങളാണ് ഇന്ന് നമുക്ക് ചുറ്റും.

Friday, 1 July 2011

അവനവന്റെ ആത്മസുഖങ്ങള്‍

ഒരിക്കല്‍ ശിവഗിരി ആശ്രമത്തില്‍ ഗുരുദേവന്‍ ഒരു തെരുവ്നായ്ക്കുട്ടിക്ക് ഭക്ഷണം നല്‍കുകയാണ്. മറ്റൊരു നായ വന്ന് അതിനെ കടിച്ചിട്ട് പോയി. കടിക്കാനെത്തിയ നായയെ ഗുരു ഒന്നും ചെയ്തില്ല. കടികൊണ്ട നായയെ തലോടിക്കൊണ്ട് ഗുരു പറഞ്ഞു, "എന്തുചെയ്യാം അതിന്റെ സ്വഭാവം ചീത്തയായിപ്പോയി".  നായ്ക്കുട്ടിയെ കടിച്ചതിന്റെ പേരില്‍  നായയെ ഉപദ്രവിച്ചാലും അത് അടുത്ത സാഹചര്യത്തില്‍ ഇത് ആവര്‍ത്തിക്കും. കാരണം, അതിന് വിവേകമില്ല. തന്റെ പ്രവൃത്തിവിലയിരുത്താനോ സ്വയംവിമര്‍ശനാത്മകമായി ചിന്തിക്കാനോ കഴിയില്ല.  മനുഷ്യര്‍ക്കിടയിലും അങ്ങനെയുളളവര്‍ ഉണ്ട്. അവരോടും ഇതേ നയമാണ് ഗുരു പുലര്‍ത്തിയിരുന്നത്. അറിവില്ലാത്തവരുടെ തെറ്റുകളോട് അറിവുളളവര്‍ പൊറുക്കണം എന്ന് ഗുരു മൊഴിയുന്നു. അവരോട് വിദ്വേഷം കാട്ടാതിരിക്കുക എന്നതാണ് വിജ്ഞന്‍മാര്‍ക്ക് അവലംബിക്കാവുന്ന രീതി. ഇത് സമൂഹസമാധാനത്തിന് ഉതകുന്ന നയമാണ്. സമൂഹത്തില്‍ ഉണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ ആദ്യം രൂപംകൊളളുന്നത് വ്യക്തിയുടെ മനസ്സിലാണ്. അതിനാല്‍ വ്യക്തിയുടെ വീക്ഷണങ്ങളിലും അടിസ്ഥാനചിന്തകളിലുമാണ് ആദ്യം പരിവര്‍ത്തനം ഉണ്ടാകേണ്ടത്. അത് ബീജം നല്‍കുന്ന അച്ഛനില്‍നിന്ന് തുടങ്ങി അതേറ്റുവാങ്ങി പ്രസവിക്കുന്ന അമ്മയില്‍ എത്തി പൂര്‍ണ്ണതനേടണം. അതിനുശേഷമാണ് ഗുരുവിന് അല്ലെങ്കില്‍ ആചാര്യന് വ്യക്തിയുടെ ജീവിതത്തില്‍ ഇടപെടാന്‍ അവസരം ലഭിക്കുക. സ്ത്രീവിദ്യാഭ്യാസത്തിന് ഗുരുദേവന്‍ വലിയപ്രാധാന്യം കല്പിച്ചത് ഇതിനാലാണ്. ഒരു പുതിയ ജീവന് ജന്മംകൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ മനുഷ്യര്‍ അറിഞ്ഞിരിക്കേണ്ടത് ജീവന്റെയും ജീവിതത്തിന്റെയും മൂല്യങ്ങളാണെന്ന് ശ്രീനാരായണധര്‍മ്മത്തില്‍ ഗുരു വ്യക്തമാക്കുന്നുണ്ട്.
    "തയാ ദയിതയാ ധര്‍മ്മമാചരേന്നിയതേന്ദ്രിയ:
    ധര്‍മ്മായ ജീവനം നൂനം പ്രജായൈ ച ഗൃഹവ്രതം"
 ഭാര്യാസഹിതനായ ഗൃഹസ്ഥാശ്രമി സല്‍പുത്രനും ധര്‍മ്മത്തിനുംവേണ്ടി പ്രിയതമയോടുകൂടി ധര്‍മ്മം നിലനിര്‍ത്തിക്കൊണ്ട് ജീവിക്കണം എന്നര്‍ത്ഥം. പിതാവാകുക , അമ്മയാകുക എന്നിവ മനുഷ്യജീവിതത്തിലെ ഏറ്റവും മഹത്തരമായ സ്ഥാനങ്ങളാണ്.  സമൂഹത്തിനും മനുഷ്യരാശിക്കും ഗുണങ്ങള്‍ ചെയ്യുന്ന പുത്രനെയോ പുത്രിയേയോ കിട്ടാന്‍ മനുഷ്യന്‍ അനുഷ്ഠിക്കേണ്ട ധര്‍മ്മങ്ങള്‍ ഗുരു വ്യക്തമാക്കുന്നുണ്ട്.  ഒരു ആചാര്യന്‍ പത്ത് അദ്ധ്യാപകരേക്കാള്‍ പൂജ്യനാണെന്ന് പറയും. ഇങ്ങനെയുളള നൂറ് ആചാര്യന്മാര്‍ക്കും മേലേയാണ് പിതാവിന്റെ സ്ഥാനം. ഗുരുസ്ഥാനത്തും പൂജനീയതയിലും ആയിരം പിതാക്കന്മാരേക്കാള്‍ ഉയര്‍ന്ന സ്ഥാനമാണ് മാതാവിന്റേത്. കുഞ്ഞിനെ താലോലിച്ചും പാലൂട്ടിയും വളര്‍ത്തുമ്പോള്‍ നല്ല സംസ്കാരംകൂടി നല്‍കാന്‍ കഴിയുംവിധം വിദ്യാഭ്യാസവും മൂല്യബോധങ്ങളും മാതാവിന് ഉണ്ടാകണം. കഥകളിലൂടെയും ചിത്രങ്ങളിലൂടെയും കുട്ടികളില്‍ നല്ല ശീലങ്ങള്‍ നല്‍കി വളര്‍ത്തണം. ശരിയായി വിദ്യാഭ്യാസം ചെയ്യിക്കണം. ജീവിതസാഹചര്യങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും സമചിത്തതയോടെ നേരിടാന്‍ കഴിയുന്നവര്‍ക്കേ ലോകത്തില്‍ സമാധാനപരമായ അന്തരീക്ഷം ഉണ്ടാക്കാന്‍ കഴിയൂ എന്നതാണ് ഗുരുവിന്റെ ഇത്തരം ചിന്തകളുടെ സാമൂഹ്യവശം. ഇത് സന്യാസിമാര്‍ക്ക് പറഞ്ഞിട്ടുളളതാണെന്നും സാധാരണമനുഷ്യന് ക്ഷോഭിക്കാനും പ്രതികരിക്കാനും അക്രമംകാട്ടാനും ലൈസന്‍സ് ഉണ്ട് എന്നുമാണ് പൊതുവേ സമൂഹം പുലര്‍ത്തുന്ന കാഴ്ചപ്പാട്. തീവ്രവാദത്തിന്റെയും മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളുടെയും വേര് ആഴ്ന്നിരിക്കുന്നത് ഈ ചിന്തയിലാണ്.
    ഈ ലോകത്ത് ജനിച്ചത് എന്തിനാണെന്ന്  ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ എല്ലാവരും സ്വയം ചോദിക്കുന്നതാണ്. താനാരാണെന്ന് തിരിച്ചറിയാനുളള അന്വേഷണം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ എല്ലാവരും നടത്തുന്നുണ്ട്.  ചിലര്‍ക്ക് ലോകത്ത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നു. ചിലര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതെ കാലം പോകുന്നു. മറ്റുചിലര്‍  സ്വന്തംകാര്യം കഴിഞ്ഞ് ലോകകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയംകിട്ടാതെ ജീവിക്കുന്നു. എല്ലാവരും വ്യക്തമായ ലക്ഷ്യങ്ങളോടെയാണോ ഭൂമിയില്‍ എത്തുന്നത്? ഈ ചോദ്യത്തിന് ഉത്തരം തേടി ഗുരുവചനങ്ങളെ ആശ്രയിച്ചാല്‍ "അതേ" എന്നാണ് മറുപടി. ഒരു ജീവനും വ്യര്‍ത്ഥമല്ല. ഓരോന്നും വിലപ്പെട്ടതാണ്. അതിനാല്‍ ഈ ലോകത്ത് ഒരു ജീവിയും നിസ്സാരനല്ല. അത് തിരിച്ചറിയുകയാണ് ആദ്യപടി.  ബ്രഹ്മാംശത്തിന്റെ പ്രതിബിംബമാണ് ജീവന്‍ എന്ന് ഗുരു പറയുന്നു. ബ്രഹ്മശക്തി സ്പന്ദിച്ച് ഉയരുന്നതാണ് സൃഷ്ടി. ഗുരുവിന്റെ  ഈ കാഴ്ചപ്പാട് ആത്മോപദേശശതകത്തിലും ദര്‍ശനമാലയിലുമെല്ലാം കാണാം. ജീവന്റെ വിലയെന്തെന്ന് ഗുരുദേവന്‍ നമ്മെപഠിപ്പിക്കുന്നു. ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുളള നിതാന്തമായ പ്രാര്‍ത്ഥനയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. ഓരോ കാലടിവയ്ക്കുമ്പോഴും അതിനടിയില്‍ അമരുന്ന മണ്ണിനോടുപോലും ക്ഷമചോദിക്കുന്ന പൈതൃകമാണ്  ഗുരുവെന്ന നിത്യസത്യത്തില്‍ അന്തര്‍ലീനമായിരിക്കുന്നത്.
      മുന്നില്‍ വരുന്ന സാഹചര്യങ്ങളാണ് മനുഷ്യന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതെന്നാണ് പൊതുവേ കരുതപ്പെടുന്നത്. കുറ്റവാളികളെക്കുറിച്ച് പറയുമ്പോള്‍ നമ്മള്‍ പറയും സാഹചര്യമാണ് അയാളെ കുറ്റവാളിയാക്കിയതെന്ന്. എന്തെങ്കിലും അനിഷ്ഠമായി സംഭവിച്ചാല്‍ നമ്മള്‍ പറയും എല്ലാം വിധിയാണെന്ന്. പിതാവിനെ പുത്രന്‍  വധിച്ചു എന്നറിഞ്ഞാല്‍ അത് കലികാലം എന്നായിരിക്കും നമ്മുടെ പ്രതികരണം. നമ്മുടെ നിരീക്ഷണത്തില്‍ സാഹചര്യങ്ങളും വിധിയും കലികാലവുമാണ് കുറ്റക്കാര്‍.  എന്നാല്‍ ഇതില്‍ നിന്ന് വിരുദ്ധമാണ് ഗുരുവിന്റെ കാഴ്ചപ്പാട്. സ്വന്തം ലോകം സൃഷ്ടിക്കാനും പരിവര്‍ത്തനം ചെയ്യാനും മനുഷ്യനുകഴിയുമെന്ന് ഗുരുദേവന്‍ ഉറച്ച് വിശ്വസിക്കുന്നു. മുന്നില്‍ വരുന്ന സാഹചര്യങ്ങളോട് നമ്മള്‍ നടത്തുന്ന പ്രതികരണമാണ് കാര്യങ്ങളുടെ വഴിതിരിച്ചുവിടുന്നത്. സാഹചര്യങ്ങളേയും അതിനോടുളള നമ്മുടെ സ്വാഭാവിക പ്രതികരണത്തിന്റെയും ഉറവിടത്തെ ഉളളില്‍തന്നെ കാണാന്‍ കഴിഞ്ഞാല്‍ മനുഷ്യന് അവന്റെ വിധിയെ നേരിടാന്‍ കഴിയും. അതിന് ആത്മബോധം ഉണരണം. പ്രപഞ്ചത്തിന്റെ സൃഷ്ടി- സ്ഥിതി- ലയങ്ങള്‍ പരംപൊരുളില്‍ നിന്നുണ്ടാകുന്നു എന്ന ബോധമാണ് ആത്മബോധം.  പ്രപഞ്ചത്തെപ്പറ്റിയുളള ഗുരുവിന്റെ വീക്ഷണങ്ങള്‍ സത്യപ്രകാശം ചൊരിയുന്ന അറിവാണ്. അതിലൂടെ കടന്നുപോകുന്നവര്‍ക്ക് ലോകത്തിന്റെ ഘടനയും സൃഷ്ടി രഹസ്യവും വെളിപ്പെടും. ലോകത്തെക്കുറിച്ച് ധാരണയുണ്ടെങ്കില്‍ പിന്നെ ലോകവ്യവസ്ഥയില്‍ ഉളവാകുന്ന സാഹചര്യങ്ങളും അവയുടെ പ്രതികരണങ്ങളും എവിടെ നിന്ന് ഉണ്ടാകുന്നു എന്ന് തിരിച്ചറിയാന്‍ കഴിയും. അത് പ്രശ്നങ്ങളെ സൃഷ്ടിപരമായി നേരിടാനുളള മാര്‍ഗം  തെളിക്കുന്നു. അതീവ കലുഷിതമായ ഒരു കാലഘട്ടത്തെ വളരെ തന്മയത്വത്തോടെ നേരിട്ടുകൊണ്ട് ഗുരു തന്നെ ഈ ദര്‍ശനം വാസ്തവമാണെന്ന് തെളിയിച്ചുകാണിച്ചു. 
    ആധുനിക സമൂഹത്തില്‍ മനുഷ്യന് മെച്ചപ്പെട്ട ജീവിത സൌകര്യങ്ങള്‍ ഉണ്ട്. എന്നാല്‍ സമാധാനം സ്വന്തം ഉളളില്‍ കണ്ടെത്താനാവുന്നില്ല.  സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ആരോഗ്യപരമായി പ്രതികരിക്കാനും സാധിക്കാത്തതാണ് യുവതലമുറനേരിടുന്ന പ്രശ്നം. ഉളളില്‍ എല്ലാവരും അരക്ഷിരതരാണ്. ചെറിയ ശകാരങ്ങളോ ചെറിയ തോല്‍വികളോ പോലും താങ്ങാന്‍ വയ്യാതെ ജീവന്‍ ഉപേക്ഷിക്കുന്നത് ഈ അരക്ഷിതബോധംമൂലമാണ്. ശാശ്വതമല്ലാത്തവയെ ആശ്രയമായിക്കരുതുന്നതാണ് ഈ അരക്ഷിതബോധത്തിന്റെ കാരണം. അച്ഛനോടോ അമ്മയോടോ ഗുരുക്കന്മാരോടോ മമതാബന്ധം പുലര്‍ത്തുന്നില്ല എന്ന പരാതിയും പുതിയ തലമുറയെക്കുറിച്ചുണ്ട്. ഈ കുഴപ്പങ്ങളുടെ വേരുകള്‍ തേടിയാല്‍ അത്  അവനെ വളര്‍ത്തിയ രക്ഷിതാക്കളുടെ ജീവിതരീതിയിലും മൂല്യബോധക്കുറവിലും തട്ടിനില്‍ക്കുന്നത് കാണാം. ഇത്തരം സമൂഹജീര്‍ണ്ണതയ്ക്ക് ഏറ്റവും നല്ല മരുന്ന് ഗുരുദര്‍ശനമാണ്.  എന്നാല്‍, ഗുരുവിനെ അറിയുക, പഠിക്കുക എന്നത് ഒരു പഴഞ്ചന്‍ ഏര്‍പ്പാടായി കാണുന്നവരാണ് ഇന്ന് അധികവും. ഏത് മതത്തില്‍ വിശ്വസിച്ചാലും  മനുഷ്യത്വമുളളവനായി ജീവിക്കാന്‍ പഠിപ്പിച്ച ഗുരുവിന്റെ ദര്‍ശനത്തോളം നിത്യചൈതന്യമുളള മറ്റൊരുവിഷയവും നമ്മുടെ ലോകത്ത്  ഇനിയും ഉണ്ടായിട്ടില്ല എന്ന് തിരിച്ചറിയണം. ഗുരുദേവനെന്നാല്‍ വഴിയരുകില്‍ ചമ്രംപടിഞ്ഞ് ഇരിക്കുന്ന മഞ്ഞപുതച്ച വെറും പ്രതിമയല്ലെന്ന് കുട്ടികളെ പഠിപ്പിച്ച് വളര്‍ത്തണം. അതിനേക്കാള്‍ നല്ലതൊന്നും അവര്‍ക്കായി ചെയ്തുകൊടുക്കാനില്ല. മക്കളെ എന്‍ജിനീയറും ഡോക്ടറും  ഐ.ടി വിദഗ്ധനുമൊക്ക ആക്കാന്‍ ശ്രമം തുടങ്ങുന്നതിനുമുമ്പ് സഹജീവികളോട് ഭേദചിന്തപുലര്‍ത്താത്ത നല്ല മനുഷ്യനായി വളരാനുളള സാഹചര്യമാണ് ഒരുക്കേണ്ടത്. മനുഷ്യത്വം ഇല്ലാത്ത ഒരു ഡോക്ടറും എന്‍ജിനീയറും സമൂഹത്തിനുമാത്രമല്ല പെറ്റുവളര്‍ത്തുന്നവര്‍ക്കും ബാധ്യതയാകും. ഒരു വ്യക്തി എങ്ങനെ വളര്‍ന്നാല്‍ പൂര്‍ണ്ണമനുഷ്യനാകാം എന്ന് ഗുരുദേവശിഷ്യപരമ്പരയില്‍ പ്രമുഖനായ ഗുരു നിത്യചൈതന്യയതി പറയുന്നു: "സമ്യക്കായ ദര്‍ശനങ്ങള്‍ അവന്റെ വഴിതെളിക്കുന്ന വിളക്കുകളാണ്. ശരിയായ അഭിലാഷങ്ങള്‍  അയാളുടെ വഴികാട്ടിയായിരിക്കണം. ശരിയായവചനം തെരുവില്‍ അവന്റെ വാസസ്ഥലമാകും. അവന്‍ നടക്കുന്നത് നേര്‍വഴി ആയിരിക്കും; കാരണം അതായിരിക്കുന്നു അവന്റെ ചര്യ. നേര്‍വഴിക്കു ഉപജീവനം തേടുന്നതിലൂടെയായിരിക്കും അവന് വിശ്രാന്തി ലഭിക്കുക, ശരിയായ പ്രയത്നങ്ങളായിരിക്കും അവന്റെ ചവിട്ടുപടികള്‍, ശരിയായ ചിന്ത അവന്റെ ജീവശ്വാസം. ശരിയായ ധ്യാനം അവനു ശാന്തി നല്‍കും, അത് അവന്റെ പാദമുദ്രകളെ പിന്‍പറ്റും.