Friday, 15 July 2011

'ആര്' നിറയുന്ന പ്രവൃത്തി

ശിവഗിരി സ്കൂള്‍ സ്ഥാപിക്കാന്‍ ഗുരുദേവന്‍ നേരിട്ട് പണപ്പിരിവിനിറങ്ങിയ സന്ദര്‍ഭം. വക്കത്ത് ഗുരു എത്തിയെന്നറിഞ്ഞ് ഭക്തജനങ്ങള്‍ തടിച്ചുകൂടി. അച്ചടക്കത്തോടെ ക്രമപ്രകാരം കാണിക്കവച്ചു തൊഴുതു. പൊന്നും പണവും ഉല്പന്നങ്ങളുമൊക്കെയുണ്ട്. സന്യാസിശിഷ്യര്‍ ഓരോന്നും തിട്ടപ്പെടുത്തി രസീത് എഴുതി നല്‍കുകയാണ്. അവസാന ഊഴക്കാരിയായി വന്ന ഒരു വൃദ്ധ വിറയ്ക്കുന്ന കൈകളോടെ  മൂന്ന് ഒറ്റരൂപാത്തുട്ടുകള്‍ ഗുരുവിന് സമര്‍പ്പിച്ച് നിറകണ്ണുകളോടെ മാറിനിന്നു. " അടിയനെക്കൊണ്ട് ഇതേ ഗതിയുളളൂ സ്വാമി" എന്ന തേങ്ങല്‍ അവരുടെ ഇടനെഞ്ചില്‍ അലയടിക്കുന്നത് ഗുരുവിന് കേള്‍ക്കാം. ആ കരുണാര്‍ദ്രനയനങ്ങള്‍ വൃദ്ധയുടെ മുഖത്ത് തങ്ങി നിന്നു. പണം എടുത്ത് രസീതെഴുതാന്‍ തുനിഞ്ഞ ശിഷ്യരെ ഗുരു തടഞ്ഞു. കണ്ണീര്‍ പുരണ്ട ആ നാണയത്തുട്ടുകള്‍ അവര്‍ക്ക് തിരികെ നല്‍കി.
"ഒരു നല്ലകാര്യത്തിന് പണം തരുവാനുളള മനസ്സ് ഉണ്ടായല്ലോ, അതു മതി" എന്നുപറഞ്ഞ് അവരെ അനുഗ്രഹിച്ച് അയച്ചു. പണം മടക്കിക്കൊടുത്തതിന്റെ പൊരുള്‍ മനസ്സിലാകാതെ നിന്ന ശിഷ്യരോട് ഗുരു പറഞ്ഞു: "നാം അതു വാങ്ങിയാല്‍ അവര്‍ ഇന്ന് ഇരുട്ടിലാകും". അന്വേഷിച്ചപ്പോള്‍ അതു ശരിയായിരുന്നു.  ആകെ ഉണ്ടായിരുന്ന ഒരു ഓട്ടുവിളക്ക് വിറ്റാണ് അവര്‍ പണവുമായെത്തിയത്. ഗുരുവിന്റെ കാലത്ത്  ആശ്രമത്തില്‍ പണപ്പിരിവിന് വലിയ ചിട്ടകള്‍ തന്നെ ഉണ്ടായിരുന്നു. ഏത് ദരിദ്രനും ഈ മഹത് കര്‍മ്മത്തില്‍ പങ്കാളിയാകാന്‍ പാകത്തിനായിരിക്കും പിരിവിന്റെ അടിസ്ഥാനതുക നിശ്ചയിക്കുന്നത്.  ആ തുകയുടെ കൂപ്പണ്‍ അച്ചടിക്കും.  കൂപ്പണ്‍ അവരവരുടെ കഴിവനുസരിച്ച് എത്രവേണമെങ്കിലും വാങ്ങാം. പിരിവിന് ഇറങ്ങുന്നവര്‍ ജനം നല്‍കിയ പണത്തില്‍നിന്ന് ഒരു നാണയംപോലും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കരുതെന്ന് ഗുരുവിന് നിര്‍ബന്ധമുണ്ടായിരുന്നു. ഭക്ഷണകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അതാത് ദേശത്ത് സ്വജനങ്ങള്‍ സഹായിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. 
    സ്കൂളും ആശ്രമവുമൊക്കെ ഉണ്ടാക്കാന്‍ ഗുരു നേരിട്ട് പിരിവിന് ഇറങ്ങുന്നതറിഞ്ഞ് "നാണൂന് ഇപ്പോള്‍ പ്രവര്‍ത്ത്യാര് ഉദ്യോഗമുണ്ടോ?" എന്ന്  സതീര്‍ത്ഥ്യന്‍ ചട്ടമ്പി സ്വാമി കളിയാക്കിയപ്പോള്‍ "പ്രവര്‍ത്തിയുണ്ട്. ആരില്ല.." എന്നായിരുന്നു ഗുരുവിന്റെ മറുമൊഴി. 'ആര്' കളഞ്ഞ പ്രവര്‍ത്തിയുടെ ഒരു നേര്‍ചിത്രമാണ് നമ്മള്‍  പരാമര്‍ശിച്ച സംഭവം. 'ആരി'ല്ലാത്ത പ്രവൃത്തി ഇന്നത്തെ സമൂഹത്തിന് അന്യമാണ്. ആരെന്ത് ചെയ്താലും അതില്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ 'ആര്' തെളിഞ്ഞുവരും. ഗുരു ഇവിടെ ഉദ്ദേശിച്ച 'ആര്' എന്ന പ്രയോഗത്തിന് വിപുലമായ മാനങ്ങളുണ്ട്.  പ്രവൃത്തിയുണ്ടെന്ന് പറയാതിരിക്കാന്‍ ഈ പ്രപഞ്ചത്തിലെ ഒരു പരമാണുവിനുപോലും കഴിയില്ല. ചലിക്കാത്തതായി ഒന്നുമില്ല, എല്ലാം ചലിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ഉപനിഷത്മതം. പ്രവൃത്തി ഒരു ചലനമാണ്. അത് പ്രപഞ്ചചലനത്തിന്റെ ഭാഗവുമാണ്.  അഹങ്കാരം, സ്വാര്‍ത്ഥത, അന്യര്‍ക്ക് ഉപദ്രവം എന്നിവ നീക്കം ചെയ്താല്‍ ഗുരു ഉദ്ദേശിച്ച 'ആരി'ല്ലാത്ത പ്രവൃത്തിയാകും. അനുഗ്രഹിച്ചും ആശിര്‍വദിച്ചും ദു:ഖങ്ങള്‍ കണ്ടറിഞ്ഞും ഒരു തീര്‍ത്ഥയാത്രപോലെയാണ് ഗുരു ജനങ്ങള്‍ക്കിടയിലൂടെ പൊതു ആവശ്യങ്ങള്‍ക്കായി പിരിവിന് നടന്നത്. തുടങ്ങാന്‍ പോകുന്ന വിദ്യാലയത്തിന്റെ  ആവശ്യം പറഞ്ഞും പറയാതെ പറഞ്ഞും ജനത്തെ വിശ്വാസത്തിലെടുക്കുമ്പോഴാണ് അടുപ്പില്‍ തീപുകയാന്‍ നിവര്‍ത്തിയില്ലാത്തവര്‍ സ്വന്തം കാതിലോലപോലും പറിച്ച് ആ കരുണക്കടലിന് കാണിക്കവയ്ക്കുന്നത്. അതൊക്കെയും അവര്‍ക്ക് നല്ലതേ വരുത്തിയിട്ടുളളൂ. മനസോടെ അര്‍പ്പിച്ച ഒന്നിന്റെയും മഹത്വമറിയാതെ ഗുരു സ്വീകരിച്ചിട്ടില്ല. കിട്ടിയതൊന്നും തന്റെ ഭാണ്ഡത്തില്‍ സൂക്ഷിച്ചതുമില്ല. വിവിധ ആവശ്യങ്ങള്‍ക്കായി പിരിവിനിറങ്ങുന്ന ഗുരുദേവന് സ്ഥിരം പണപ്പിരിവിനോട് താല്പര്യമില്ലായിരുന്നു. ശിവഗിരിയില്‍ പണ്ട് കാണിക്കപ്പെട്ടി വച്ചപ്പോള്‍ ഗുരു നീരസം പ്രകടിപ്പിച്ചതായി ശിഷ്യര്‍ തന്നെ പറയുന്നു. ഒരു ദിവസം കാണിക്കപ്പെട്ടി ഏതോ കളളന്‍ കവര്‍ന്നു. ഇനി എന്തുചെയ്യുമെന്നറിയാതെ അന്ധാളിച്ച് എത്തിയ ശിഷ്യര്‍ക്ക് ഗുരുമുഖത്തുനിന്ന് കേള്‍ക്കാന്‍ കഴിഞ്ഞത് ഒരു വലിയ തമാശയാണ്. "പണമെല്ലാം അവിടെ കൊണ്ടുവന്ന് ഇട്ടവരുടെ കൈവശം തന്നെ സൂക്ഷിച്ചിരുന്നെങ്കില്‍ കളളന്‍ ബുദ്ധിമുട്ടിയേനേ. എല്ലാവരുംചേര്‍ന്ന് ഒരിടത്തു കൊണ്ടുപോയിവച്ചപ്പോള്‍  അവന് കാര്യങ്ങള്‍ എളുപ്പമായി."
    മറ്റൊരിക്കല്‍ തന്റെ ശിഷ്യനായ ഒരു വൈദ്യനോട് ഗുരു ഇങ്ങനെ ഒരു സന്ദേഹം പ്രകടിപ്പിച്ചു, "പണം അധികമായാല്‍ മനുഷ്യന്‍ ചീത്തയാകും അല്ലേ? ധനംവര്‍ദ്ധിക്കുന്തോറും മനുഷ്യന്‍ നന്നാകുമോ?"
പണമില്ലാതെ ജീവിക്കാനും വിഷമം. ആവശ്യത്തിനു പണം വേണം. ആഹാരം, വസ്ത്രം ഇവയൊക്കെ വിലകൊടുക്കാതെ കിട്ടുമോ? വിദ്യാഭ്യാസം, രോഗചികിത്സ, അതുപോലെ മറ്റ് പലതും നടക്കണം. സമ്പാദ്യം അധികമായാല്‍ ആശവര്‍ദ്ധിക്കും. മനസ്സമാധാനം നഷ്ടപ്പെടും. തൃപ്തിയാണ് ആവശ്യം".  പണത്തിന്റെയും അതുകൊണ്ടുണ്ടാക്കുന്ന ആര്‍ഭാടങ്ങളുടെയും ആധിക്യം ഇന്ന് പൊതുപ്രസ്ഥാനങ്ങളുടെ ശാപമായിട്ടുണ്ട്. ലാളിത്യം ഒരിടത്തും കാണാനില്ല. എത്രകിട്ടിയാലും മതിവരാത്ത വ്യക്തികളും പ്രസ്ഥാനങ്ങളും പണപ്പിരിവിന് പുതിയ സമവാക്യങ്ങള്‍ കണ്ടെത്തുന്ന കാലമാണിത്.  അതിന് ഏറ്റവും നല്ല വില്പനച്ചരക്ക് ആത്മീയതയാണ്. വില്‍ക്കാല്‍ പറ്റിയ വിധത്തില്‍ അതിനെ അണിയിച്ചൊരുക്കാന്‍ പുതിയ മാനേജ്മെന്റ് വിദഗ്ധരുടെ സഹായങ്ങള്‍  ഇന്ന് ലഭ്യമാണ്്.   ലക്ഷ്യസംഖ്യ കൈവരിക്കാന്‍ ഭീഷണിയും പ്രലോഭനവും തരാതരത്തില്‍ ഉപയോഗിക്കും. പിരിവിന്റെ ബുള്‍ഡോസര്‍ ഓടിച്ച് അവര്‍ ജനത്തിനിടയിലൂടെ കടന്നുപോകുന്നു.  അത്തരക്കാരെ സംബന്ധിച്ച്് പക്ഷേ, ഗുരു ചെയ്തത് മണ്ടത്തരമാകാം. അത്തരം "മണ്ടത്തരങ്ങള്‍" ചെയ്യാന്‍  ആരും ഇല്ലാതെ പോയതാണ് ഈ നാടിന്റെ വര്‍ത്തമാനകാലദു:ഖം. ആ മഹാനുഭാവന്റെ ഉളളറിഞ്ഞ് പിന്തുടരാന്‍ ആളെണ്ണംകുറഞ്ഞുപോയത്  ഭാവിയുടെ തീരാശാപവും.

1 comment:

  1. മതത്തിന്റെ പേരിൽ കച്ചവടം നടത്തുകയും മാധ്യമപ്രവർത്തകരെ തല്ലുകയും ചെയ്യുന്ന ഈ വേളയിൽ ഈ ബ്ലോഗ്‌ വളരെ അർത്ഥവത്താണു്

    ReplyDelete