Thursday, 7 July 2011
വിശപ്പില്‍ നിന്ന് വെളിച്ചത്തിലേക്ക്
കോട്ടായി കുമാരന്‍ ഗുരുദേവന്റെ വടക്കേമലബാര്‍ ശിഷ്യരില്‍ പ്രമുഖനാണ്. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരളക്കരയില്‍ ഗുരുദേവനും ശിഷ്യഗണങ്ങളും ഉണര്‍ത്തിവിട്ട സാമൂഹ്യമുന്നേറ്റത്തിലും അതിന് ചാലകശക്തിയായി ഭവിച്ച ആത്മീയ അന്തര്‍ധാരയിലും കോട്ടായി കുമാരന്റെ സാന്നിദ്ധ്യം സജീവമായിരുന്നു. ഗുരുവിന്റെ മഹാസമാധിയ്ക്ക് ശേഷം 1929 ല്‍ അദ്ദേഹം "ശ്രീനാരായണ ഗുരുചരിതം" എന്ന പേരില്‍ ഗുരുദേവന്റെ ജീവചരിത്രം എഴുതി പ്രസിദ്ധപ്പെടുത്തി. ഗുരുദേവനെക്കുറിച്ച് മലയാളത്തില്‍ ഇറങ്ങിയ അന്‍പതിലേറെ ജീവചരിത്രങ്ങളില്‍ അവഗണനീയമല്ലാത്ത സ്ഥാനമുണ്ട് കോട്ടായി എഴുതിയ ചരിത്രത്തിന്. അതില്‍ പരാമര്‍ശിക്കപ്പെട്ട ഒരു സന്ദര്‍ഭം വായിച്ചപ്പോള്‍ വലിയ കൌതുകം തോന്നി.
ഒരു ക്ഷേത്രപ്രതിഷ്ഠയോടനുബന്ധിച്ച് പ്രസംഗിക്കാന്‍ ക്ഷണിക്കപ്പെട്ട കോട്ടായി കുമാരന്‍ "ഏത് വിഷയത്തിലാണ് ഞാന്‍ പ്രസംഗിക്കേണ്ടത്?" എന്ന് ഗുരുവിനോട് എന്ന് ചോദിച്ചു.
"അവരോട് ഒന്നാമതായി വയറിനെ നല്ലവണ്ണം രക്ഷിക്കുവാന്‍ പറയണം. അദ്ധ്വാനിച്ചു പ്രവര്‍ത്തിയെടുത്തല്ലാതെ അത് സാധ്യമല്ല. രണ്ടാമതായി ഹൃദയത്തെ സൂക്ഷിക്കണം. ഹൃദയം നല്ലവണ്ണം സൂക്ഷിച്ചില്ലെങ്കില്‍ അവരവരോടും മറ്റുളളവരോടും അനുകമ്പ ഉണ്ടാവുകയില്ല. പിന്നെ തലയെയാണ് ശരിയായി പാലിക്കേണ്ടത്. എന്തുവിചാരിക്കുന്നതും ചെയ്യുന്നതും ബുദ്ധി ശരിയായി ഉപയോഗിച്ചുവേണം. ഈ വിഷയം കുറേ വിശദമാക്കി പ്രസംഗിച്ചാല്‍ മതി". താന്‍ ഗുരുവിന്റെ ഗ്രാമഫോണ്‍ പോലെ ജനക്കൂട്ടത്തോട് സംസാരിച്ചു എന്നാണ് കോട്ടായി എഴുതിയിരിക്കുന്നത്. ആ പ്രസംഗം എങ്ങനെയായിരുന്നു എന്നറിയാന്‍ നിര്‍വാഹമില്ല. എങ്കിലും ഗുരു നിര്‍ദ്ദേശിച്ച പ്രകാരം ഈ വിഷയങ്ങള്‍ വിശദമാക്കി സംസാരിച്ചാല്‍ വിശപ്പ് എന്ന എല്ലാവര്‍ക്കും മനസ്സിലാകുന്ന അടിസ്ഥാനപ്രശ്നത്തില്‍ തുടങ്ങി സത്യപ്രകാശമായ പ്രപഞ്ചരഹസ്യത്തിലേക്ക് നീളും പ്രസംഗം. വയറിന്റെ വിശപ്പില്‍ നിന്ന് ജിജ്ഞാസയെന്ന വിശപ്പിലേക്ക് എത്തുന്നവിഷയമാണത്.
ചുരുക്കിപ്പറഞ്ഞാല്‍ അദ്ധ്വാനം, അനുകമ്പ, ബുദ്ധി, വിവേകം എന്നീ സദ്ഗുണങ്ങളെക്കുറിച്ച് പ്രസംഗിക്കാനാണ് ഗുരുദേവന്‍ ശിഷ്യനെ ഉപദേശിച്ചത്. അത് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയിലും ശൈലിയിലും ആകണം എന്ന നിര്‍ദ്ദേശവും ഈ വാക്കുകളില്‍ അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. " ആദ്യമായി വയറിനെ നല്ലവണ്ണം രക്ഷിക്കാന്‍ പറയണം" എന്നാണ് ഗുരു ഉപയോഗിച്ച ശൈലി. വിശപ്പിനെക്കുറിച്ചും വയര്‍ നിറയ്ക്കുന്നതിനെക്കുറിച്ചും പറഞ്ഞു തുടങ്ങുന്നതാണ് ജനത്തെ വിഷയത്തിലേക്ക് കൊണ്ടുവരാന്‍ ഏറ്റവും നല്ല ഉപാധി. അതു മാത്രമല്ല ഗുരു ഇവിടെ ഉദ്ദേശിക്കുന്നത്. വിശക്കുന്നവനോട് വേദാന്തം ഓതിയിട്ട് കാര്യമില്ലെന്ന് പഴമക്കാര്‍ പറയും. വിശപ്പ് വേദാന്തിക്കും സാധാരണക്കാരനും ഒരുപോലെയാണ്. മനുഷ്യന്‍ പരിഹരിക്കേണ്ട പ്രഥമപ്രശ്നം വിശപ്പുതന്നെയാണ്. ലോകരാഷ്ട്രങ്ങള്‍ സാമ്പത്തികമായും ബൌദ്ധികമായും വലിയ വളര്‍ച്ച നേടിയിട്ടും പട്ടിണിപ്പാവങ്ങളുടെ എണ്ണം ലോകത്ത് വര്‍ദ്ധിക്കുകയാണ്. വിശപ്പുമാറ്റാന്‍ സൌജന്യഭക്ഷണപ്പൊതി വിതരണമല്ല ശാശ്വതമായ പരിഹാരം. അദ്ധ്വാനിച്ച് വകകണ്ടെത്തി വേണം വിശപ്പുമാറ്റാന്‍. എല്ലാവര്‍ക്കും ജോലിചെയ്യാനും വരുമാനം ഉണ്ടാക്കാനും ഉളള സാഹചര്യമൊരുക്കുകയാണ് പൊതു സമൂഹം ചെയ്യേണ്ടത്. അതിനുളള അവകാശം നേടിയെടുക്കാന്‍ വിശക്കുന്നവന് സമരം ചെയ്യേണ്ടിവരും. അത് സാമൂഹ്യപരിവര്‍ത്തനത്തിന് വഴിതെളിക്കും.
ഉണ്ടുനിറഞ്ഞാല്‍ പിന്നെ ആലസ്യമാണ്. ആലസ്യം സ്വാര്‍ത്ഥതയാണ്. തന്റെ കാര്യം കഴിഞ്ഞു ഇനി ആര്‍ക്ക് എന്തു സംഭവിച്ചാല്‍ എന്ത്? എന്ന സ്വര്‍ത്ഥത. അതിനാല്‍ ആലസ്യത്തിലേക്ക് വഴുതിവീഴാതെ നോക്കണം. അതിന് ഹൃദയത്തെ സൂക്ഷിക്കണം എന്ന് ഗുരു. ഹൃദയത്തെ സൂക്ഷിക്കണം എന്നുപറയുന്നതിലൂടെ ഹൃദയചക്രത്തെ ഉണര്‍ത്തണം എന്നാണ് അര്‍ത്ഥമാക്കുന്നത്. അതിന് സ്വന്തം ഉളളിലേക്ക് നോക്കാനുളള ശ്രമം ഉണ്ടാകണം. ഞാന്‍ ആര്? എന്ന അന്വേഷണം അവിടെ തുടങ്ങുന്നു. ഞാനാര് എന്ന ചോദ്യത്തിന് ഉത്തരം തേടാനുളള വഴി ദൈവദശകത്തിലെ പദ്യത്തില്‍ ഗുരുതന്നെ തുറന്നു കാട്ടുന്നുണ്ട്.
"ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍,
നിന്നിടും ദൃക്കുപോല്‍; ഉളളം
നിന്നിലസ്പന്ദമാകണം." കാണുന്ന പൊരുളുകള്‍ എല്ലാം തൊട്ടെണ്ണി ഒടുങ്ങിയാല്‍ ചിത്തം ഏകാഗ്രമായി ഭ്രമചിന്തകള്‍ വെടിഞ്ഞ് സര്‍വസാക്ഷിയായ ഈശ്വരനില്‍ ഏകീഭവിക്കും എന്ന് സാരം. താന്‍ ഈ പ്രപഞ്ചസ്വരൂപത്തില്‍ നിന്ന് ഭിന്നമല്ലെന്നറിയുന്നവനില്‍ അനുകമ്പ എന്ന ഗുണം മുളയ്ക്കുന്നു. തന്നില്‍നിന്ന് അന്യമായി മറ്റൊന്നിനെയും കാണാത്ത ഹൃദയം അവനില്‍ പരിലസിക്കും. അവന്‍ ഒരു യഥാര്‍ത്ഥ മനുഷ്യനായി മാറും. അദ്ധ്വാനത്തിലൂടെ തിന്നാനുളളത് സമ്പാദിക്കണം എന്ന് ഉപദേശിക്കുന്ന ഗുരു തന്നെ വീണ്ടും പറയുന്നു;
"അന്നവസ്ത്രാദിമുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍" എന്ന്. ഭക്ഷ്യപേയങ്ങള്‍ ഉല്പാദിപ്പിക്കുന്നത് മനുഷ്യനാണെന്ന അഹങ്കാരം അദ്ധ്വാനിക്കുന്നവനില്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് ഗുരുദേവന്‍ അരുള്‍ ചെയ്യുന്നത്. അന്നവും വസ്ത്രവും നല്‍കുന്നത് ദൈവമാണ് എന്ന തിരിച്ചറിയണം. ഭക്ഷ്യയോഗ്യമായ ഒരു ചെടി വളര്‍ന്നുവരുന്നതിന് ഭൌതിക സാഹചര്യങ്ങള്‍ ഒരുക്കാനേ മനുഷ്യന് കഴിയൂ. ഭൂമിയും സൂര്യനും വായുവും മഴയും അതിനേക്കാള്‍ വലിയ പങ്കാണ് വഹിക്കുന്നത്. മനുഷ്യന് ഭക്ഷണമാകാന്‍ ആ ചെടി അനുഷ്ഠിക്കുന്ന ആത്മത്യാഗത്തോളം വലുതാണോ നമ്മുടെ അദ്ധ്വാനം? ഇത് തിരിച്ചറിയാനുളള ബുദ്ധിയും വിവേകവും മനുഷ്യന് ഉണ്ടാകുമ്പോള്‍ അവന്‍ ഉള്‍ക്കൊളളും ഈ ലോകത്ത് അവന്റെ സ്ഥാനമെന്താണെന്ന്. പ്രപഞ്ചത്തിന്റെ നിലനില്പിന് തന്നെക്കൊണ്ട് സാധിക്കുന്ന ഭൌതിക സാഹചര്യങ്ങള്‍ ദൈവം നല്‍കിയിട്ടുളള വിശേഷബുദ്ധിയും വിവേകവും ഉപയോഗിച്ച് ഒരുക്കുക എന്നതാണ് മനുഷ്യന്‍ ചെയ്യേണ്ട അദ്ധ്വാനം. തന്നില്‍ നിന്ന് ഈ കാണുന്നവയൊന്നും അന്യമല്ലെന്നും താന്‍ അവയില്‍ ഒന്നുമാത്രമാണെന്നും അറിയുന്ന മനുഷ്യന്‍ ഭൂമിക്ക് ഭാരമാകില്ല. മറ്റ് സഹജീവികള്‍ക്ക് ഭീഷണിയും ആകില്ല.
ഒരു വിഗ്രഹപ്രതിഷ്ഠയ്ക്കുശേഷം ക്ഷേത്രാങ്കണത്തില്‍ ഒത്തുകൂടിയ ഭക്തജനങ്ങളോട് സംസാരിക്കാന്‍ ഗുരു തന്റെ ശിഷ്യനോട് നിര്‍ദ്ദേശിച്ച വിഷയങ്ങളുടെ വ്യാപ്തിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞുതുടങ്ങിയാല്‍ അത് കടലോളം ആഴ്ന്നു പരക്കും. ജീവിതത്തിന് മൂല്യബോധം നല്‍കുന്ന പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ഒരിടമായി ക്ഷേത്രസങ്കേതങ്ങളെ ഗുരു കണ്ടു എന്നതിനും തെളിവാണ് ഈ സന്ദര്‍ഭം . അനാവശ്യമായ പണച്ചെലവും ധൂര്‍ത്തും ബഹളമയമായ ഉത്സവക്കൊഴുപ്പും മാത്രം കേളിയാടുന്ന ഇന്നത്തെ ക്ഷേത്രാരാധനാ സങ്കല്പത്തിലെത്താന്‍ ഗുരുവിന്റെ ക്ഷേത്രസങ്കല്പത്തില്‍ നിന്ന് എത്രപടി താഴേക്കാണ് നാം ചാടിയതാവോ?
Subscribe to:
Post Comments (Atom)
No comments:
Post a Comment