Monday, 4 July 2011

ഇനി പറയൂ, ഞാന്‍ കേള്‍ക്കാം

സായന്തന സൂര്യന്റെ ഇളം രശ്മികള്‍ ശാരദാക്ഷേത്രമകുടത്തെ തഴുകുന്ന കാഴ്ചയ്ക്ക് സമാനതകണ്ടെത്താനാവാതെ നില്‍ക്കുമ്പോഴാണ് മറ്റൊരു ദൃശ്യം ശ്രദ്ധകവരുന്നത്. വൈദിക മഠത്തിലെ ഗുരുവിന്റെ വിശ്രമമുറിയിലേക്ക് നോക്കികൊണ്ട് ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു പെണ്‍കുട്ടി. പന്ത്രണ്ടോ പതിമൂന്നോ വയസ്. അതില്‍ക്കൂടില്ല പ്രായം. മുറിക്കുളളിലേക്ക് നോക്കി എന്തൊക്കെയോ പറയുകയാണവള്‍. അവളുടെ പരിദേവനങ്ങളും പരാതികളും കേള്‍ക്കാന്‍ വിശ്വസ്തനായ ആരോ ആ മുറിക്കുളളില്‍ ഉണ്ടെന്നു തോന്നും.  പഠനത്തിരക്കിനിടയില്‍ അവളുടെ അദ്ധ്യാപകനും സഹപാഠിയും കേള്‍ക്കാന്‍ ചെവികൊടുക്കാത്ത കാര്യങ്ങള്‍, ജീവിതത്തിരക്കിനിടയില്‍ മാതാപിതാക്കള്‍ ശ്രദ്ധകൊടുക്കാന്‍  മടിക്കുന്നതൊക്കെയും വൈദികമഠത്തിലെ അദൃശ്യ സാന്നിദ്ധ്യത്തോട് പങ്കുവയ്ക്കുന്നു. ഇടയ്ക്ക് വിതുമ്പുന്നു.പിന്നെ,  ഒപ്പംവന്നവരുടെ പിന്‍വിളികേട്ട് കണ്ണീരടങ്ങി അവള്‍ മടങ്ങുമ്പോള്‍ ഒരിളം കാറ്റില്‍ അലിഞ്ഞ ഗുരുഹൃദയം അവളുടെ ഇളം മുടിയിഴകളില്‍ തഴുകുന്നുണ്ടായിരുന്നു. യാന്ത്രിക ഹൃദയരുടെ ലോകത്ത് ഇനി കുറച്ചുദിവസം അവള്‍ക്ക് അദൃശ്യനായഗുരു നല്‍കിയ  സ്വാസ്ഥ്യവുമായി ജീവിക്കാം.  ഹൃദയം വീണ്ടും കലുഷമാകുമ്പോള്‍ അവള്‍ ഈ സന്നിധിയിലേക്ക് മടങ്ങിവരാം. ഏതോ മുജ്ജന്മ സുകൃതിയാണവള്‍.  മാനവരാശിക്ക്  മുഴുവന്‍ സൌഖ്യം നല്‍കാന്‍ വന്ന മഹാഗുരുവിന്റെ സാന്നിദ്ധ്യത്തെ ഇപ്പോഴും അവള്‍ തിരിച്ചറിയുന്നുണ്ടല്ലോ? അതും ഈ പ്രായത്തില്‍ . ചാറ്റിംഗിന്റെ ചതിക്കുഴികളിലേക്ക് വീഴുന്ന അനേകം കൌമാരങ്ങളില്‍  ഒരുവളായി ആണ്ടുപോകുന്നതില്‍ നിന്ന് അവളെ തടയുന്നത് ആ സുകൃതബലം അല്ലാതെ മറ്റെന്താണ്?
    സശരീരനായിരിക്കുമ്പോള്‍ തന്നെ ഗുരു ഒരു നല്ല കേഴ്വിക്കാരനായിരുന്നു.  ആര്‍ക്കും സങ്കടനിവൃത്തി വരുത്താന്‍ പറ്റുന്ന സവിധം. ശരീരം ഉപേക്ഷിച്ച് സൂക്ഷ്മ പ്രകൃതമായപ്പോഴും അനേകരുടെ സങ്കടങ്ങള്‍ക്ക് ഗുരുസന്നിധി ആശ്വാസമേകുന്നു. ഗുരുപ്രസാദ് സ്വാമി എഴുതിയ അനുഭവക്കുറിപ്പുകളാണ് അപ്പോള്‍ മനസ്സിലേക്ക് വന്നത്. 1918 ആഗസ്റ്റില്‍ ഗുരുദേവന്‍ ശിഷ്യസംഘത്തോടൊപ്പം സിലോണിലേക്ക് യാത്ര നടത്തുകയായിരുന്നു. യാത്രയില്‍ ഗുരുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഒപ്പംവന്ന ചെറുവാരി ഗോവിന്ദന്‍ ഒരു രണ്ടണ നാണയം എടുത്തുകാണിച്ചുകൊണ്ട് ഗുരുവിനോട് അതിന്റെ വിശേഷങ്ങള്‍ വിവരിച്ചു. അതുണ്ടാക്കിയ ലോഹത്തെക്കുറിച്ചും അത് ഇപ്പോള്‍ പുതുതായി പ്രചരിച്ചതാണെന്നുമൊക്കെ പറഞ്ഞ് സ്വന്തം അറിവ്  പ്രകടിപ്പിച്ചു.   " അങ്ങനെയാണോ" എന്നു ചോദിച്ച് ഒരു കൊച്ചുകുട്ടിയെപ്പോലെ എല്ലാം ശ്രദ്ധിച്ചു കേട്ടു ഗുരുദേവന്‍. ഈ നാണയം ഇതിനുമുമ്പ് പലവട്ടം സ്വാമി കണ്ടിട്ടുണ്ട്. അതിന്റെ  പ്രത്യേകതകള്‍ തിരക്കി അറിഞ്ഞിട്ടുമുണ്ട്. എങ്കിലും അത് പുതിയ അറിവെന്നപോലെ സഹയാത്രികന്‍ പറഞ്ഞപ്പോള്‍ അയാളെ ഒട്ടും മുഷിപ്പിക്കാതെ കേട്ടിരുന്നു. അറിയുവാന്‍ ആഗ്രഹിച്ച് ചോദ്യങ്ങളുമായി എത്തുന്നവരോട് അവര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ കാര്യം പറഞ്ഞുകൊടുക്കും. എല്ലാം അറിഞ്ഞതായി ഭാവിച്ച് സംസാരിക്കുന്നവര്‍  വന്നാല്‍ അവര്‍ പറയുന്നതെന്തിനെയും ഗുരു അനുകൂലിക്കും. ഗുരു പറഞ്ഞിട്ടുളള കാര്യങ്ങളെ ഖണ്ഡിച്ചും തര്‍ക്കിച്ചും സംസാരിച്ചാല്‍ അതു മുഴുവന്‍ ശാന്തമായി കേട്ടിരിക്കും. പിന്നെ, ചെറിയ ഉദാഹരണങ്ങളും മിതമായ വാക്കുകളും ഉപയോഗിച്ച് അവരെ ശരിയെന്തെന്ന് ബോധിപ്പിക്കും.
    കുമാരനാശാനും മറ്റ് ശിഷ്യരും ഒപ്പം ഉണ്ടായിരുന്ന ഒരു സന്ദര്‍ഭത്തില്‍ വിദ്വാന്‍മാരായ ചില നമ്പൂതിരിമാര്‍ ഗുരുവിനെ കാണാനെത്തി. അവരില്‍ ഒരാള്‍ ഗുരുവിനെ ഒട്ടും മാനിക്കാതെ ഒരുകാല്‍ ഉയര്‍ത്തി ഗുരു ഇരുന്ന തിണ്ണയില്‍ വച്ചുകൊണ്ടാണ് സംസാരം. അതു കണ്ടപ്പോള്‍ ശിഷ്യര്‍ക്ക് രോഷം വന്നു. അവരെ തടഞ്ഞുകൊണ്ട് കുമാരനാശാന്‍  പറഞ്ഞു. "ക്ഷമിക്കൂ.   അതൊക്കെ സ്വാമി തന്നെ ആയിക്കോളും". അത് ശരിയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ എല്ലാവരും നോക്കി നില്‍ക്കേ ആ മാന്യന്മാര്‍ ഗുരുപാദം തൊട്ടുനമസ്കരിച്ച് ആചാരപൂര്‍വം നില്‍ക്കുന്ന കാഴ്ചയാണ്  കണ്ടത്.
    നിന്ദകളിലും സ്തുതികളിലും ഒരുപോലെ അക്ഷോഭ്യനായിരുന്നു ഗുരുദേവന്‍.  ക്ഷേത്രപ്രതിഷ്ഠകള്‍ തുടങ്ങിയ കാലത്ത് "മോക്ഷദ്വാരത്തെ കല്ലിട്ടടയ്ക്കുന്ന ആചാര്യന്‍ എന്നും, സ്വാമി സര്‍വേക്കല്ലു നാട്ടുകയാണെന്നു"മൊക്കെ പരിഹസിച്ചിരുന്നു ചിലര്‍. ( ഇന്നും ചിലര്‍ ഈ   വിമര്‍ശന പാതയില്‍ തുടരുന്നുണ്ട്) അതിനൊന്നും സ്വാമി മറുപടി പറഞ്ഞില്ല. അവരോട് ഒരു നീരസവും ആ ഹൃദയത്തില്‍ ഉയര്‍ന്നില്ല. മംഗളപത്രങ്ങളും സ്തുതികളും കൊണ്ട് വീര്‍പ്പുമുട്ടിയ ഒരു കാലമായിരുന്നു പിന്നീടുണ്ടായത്. ആരോപണങ്ങള്‍ കേട്ടപ്പോള്‍  ഉണ്ടായിരുന്ന  അതേ ചിന്മയഭാവമായിരുന്നു മംഗളപത്രം വായിച്ചുകേള്‍ക്കുമ്പോഴും ആ മുഖത്ത് കളിയാടിയിരുന്നതെന്ന്  ശിഷ്യരുടെ അനുഭവസാക്ഷ്യം. തന്നെ പിടികൂടിയ മഹാരോഗത്തോടുപോലും ഗുരു അനുകമ്പകാട്ടി.    വേദനകൊണ്ട്  ഉളളില്‍ പുളയുമ്പോഴും മറ്റുളളവരുടെ സങ്കടങ്ങള്‍ കേള്‍ക്കാനും മന്ദസ്മിതത്തോടെ പരിഹാരം ചൊല്ലാനും ഗുരുദേവന്‍ പ്രത്യേകം ശ്രദ്ധകാട്ടിയിരുന്നു.  ആത്മീയ വേരിലൂടെ ഊറിയെത്തുന്ന 'ഭൌതികജലം' തളിര്‍പ്പിച്ച  മഹാവൃക്ഷമാണ് ഗുരുദേവന്‍. അതിന്റെ ചുവട്ടിലെത്തിയാല്‍ ഏത് കഠിനവെയിലും കുളിര്‍ മഴപോലെ.
    മറ്റുളളവര്‍ എന്തുപറഞ്ഞാലും ഞാനാണ് ശരി  എന്നു വിചാരിക്കുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. പണ്ഡിതനും പാമരനും തൊഴിലാളിയും മുതലാളിയും അദ്ധ്യാപകനും ശിഷ്യനും ഭാര്യയും ഭര്‍ത്താവും മാതാപിതാക്കളും മക്കളും എല്ലാം ഈ  'മനോഭാവരോഗത്തിന്'  അടിമകളാണ്. മറ്റൊരാള്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുന്നതിലല്ല, സ്വന്തം തീരുമാനവും അഭിപ്രായവും മറ്റുളളവരെക്കൊണ്ട് അനുസരിപ്പിക്കുന്നതിലാണ് എല്ലാവര്‍ക്കും താല്പര്യം. ഒരാളുടെ ഹൃദയം അറിയാന്‍ ഏറ്റവും നല്ലവഴി  അയാളുടെ പ്രിയപ്പെട്ട  കേഴ്വിക്കാരനാകുക എന്നതാണ്.  ഇത് മനുഷ്യരോട് മാത്രമല്ല, പക്ഷി മൃഗാദികളാടും പ്രകൃതിയോടും ആകാം.  അതിലൂടെ തന്റെ ചുറ്റുപാടുകളുടെ സ്പന്ദനം, പ്രകൃതിയുടെ മാറ്റം എന്നിവ തിരിച്ചറിയാന്‍ സാധിക്കും. അങ്ങനെയുളള ഒരുവന് ആരെയും തന്റെ ആരാധകനും അനുയായിയും ആക്കാന്‍ കഴിയും. പൌലോ കെയ്ലോയുടെ പ്രശസ്തമായ 'ആല്‍ക്കെമിസ്റ്റ്' എന്ന നോവലില്‍ സമാനമായ  ആശയംകാണാം. ചുറ്റുപാടുകളുടെ ശരിയായ കേഴ്വിക്കാരന്  വരാനിരിക്കുന്നവയെക്കുറിച്ച്  പ്രകൃതി ചില നിമിത്തങ്ങളിലൂടെ സൂചന നല്‍കും. ഒരിക്കല്‍ അതവഗണിച്ചാല്‍ പിന്നെ ആ വാതില്‍ അടയും.  തക്ക സമയത്തെ ഒരു വാക്ക്. ഒരു ശ്രദ്ധ. ഇതു മതി ഒരു ജീവന്‍ പൊലിയാതെ കാക്കാന്‍. മറ്റുളളവരെ തിരിച്ചറിയാതെ സ്വന്തം തീരുമാനങ്ങളും ഗിരിപ്രഭാഷണങ്ങളുമായി നീങ്ങുന്നവര്‍ ഒടുവില്‍ പിന്തിരിഞ്ഞ് നോക്കുമ്പോള്‍ ആരും പിന്നില്‍ ഇല്ലെന്നറിഞ്ഞ് നിരാശരാകും.   ഇത് നേതാക്കള്‍ മാത്രം തിരിച്ചറിയേണ്ട ഒന്നല്ല. എല്ലാ മനുഷ്യര്‍ക്കും സ്വധര്‍മ്മം ഭംഗിയായി നിറവേറ്റാന്‍  ഗുരു കാട്ടുന്ന ഈ വഴിയാണ്  ഉത്തമ മാര്‍ഗം.

1 comment:

  1. നല്ലത് ഇനിയും ഇതു പോലെ അറിയപ്പെടാതെ ഉള്ള ...കഥകള്‍ എഴുത്തു...
    ഒരു ഹായ് പിടിച്ചോ ...
    സ്നേഹത്തോടെ പ്രദീപ്‌

    ReplyDelete