Monday 11 July 2011

ഹിമാലയത്തെ അറിഞ്ഞവര്‍ ഏറെ എവറസ്റ്റ് കയറിയവര്‍ എത്ര?



    "നിനക്കു നമ്മോടൊപ്പം വരാന്‍ സമ്മതമാണോ?"
    "തൃപ്പാദങ്ങള്‍ അനുവദിക്കുമെങ്കില്‍..." 
ഒരു ഗുരു തന്റെ ശിഷ്യനെ കണ്ടെത്തിയ നിമിഷങ്ങളിലെ സംഭാഷണ ശകലമാണിത്. രണ്ട് മഹാത്മാക്കള്‍ കാലത്തിന്റെ ഭ്രമണപഥത്തില്‍ ക്രിയാത്മകമായി ഇടപെടാനിറങ്ങുന്നു എന്ന ഗോപ്യമായ അര്‍ത്ഥം ഈ ചോദ്യോത്തരങ്ങളില്‍ ഉണ്ട്.  കഠിനജ്വരത്തിന്റെ വക്ത്രത്തില്‍ മരണഭീതിയോടെ കിടക്കുമ്പോഴാണ് കുമാരന്‍ എന്ന ശിഷ്യനെ ഗുരുദേവന്‍ തന്നോടൊപ്പം വിളിക്കുന്നത്.  അതൊരു പിന്‍വിളിയായിരുന്നു, മരണത്തില്‍നിന്ന് പുതിയജന്മത്തിലേക്ക്.കായിക്കരകുമാരുവില്‍ മഹാകവി കുമാരനാശാനെ കണ്ടെത്തിയതാണ് ഗുരുദേവന്റെ ഏറ്റവും മഹത്തായ കണ്ടുപിടുത്തം. ഒരു സാധാരണകുടുംബത്തില്‍ ജനിച്ച ഒന്‍പതുമക്കളില്‍ രണ്ടാമന്‍. ആര്‍ക്കും ഒരു പ്രത്യേകതയും തോന്നാത്ത പയ്യന്റെ ഉളളില്‍ ജ്വലിക്കുന്ന കാവ്യസ്വരൂപം തിരിച്ചറിഞ്ഞു ഗുരു. കോലത്തുകരക്ഷേത്രമുറ്റത്തുവച്ച് നടത്തിയ പ്രശസ്തമായ സമസ്യാപൂരണത്തെക്കുറിച്ച് നമുക്കറിയാം.
    "കോലത്തുകരക്കോവിലില്‍ വാഴും
    ബാലപ്പിറചൂടിയ വാരിധിയേ" എന്ന് ഗുരുവിന്റെ സമസ്യയ്ക്ക്
    "കാലന്‍ കനിവറ്റു കുറിച്ചിടു-
    ന്നോലപ്പടി എന്നെ അയയ്ക്കരുതേ". എന്നായിരുന്നു ശിഷ്യന്റെ പൂരണം.  ഒരു തേങ്ങലായിരുന്നു അത്. അനന്തമ്മ, കൊച്ചു നീലകണ്ഠന്‍, കേശവന്‍ എന്നീ സഹോദരങ്ങള്‍ക്ക് സംഭവിച്ച ബാലമരണം കണ്‍മുന്നില്‍ കണ്ടതില്‍നിന്നാണ് കുമാരുവിന് ഈ മരണഭയം ഉടലെടുത്തത്. കവിത്വം ഉളളില്‍ക്കിടന്ന് ഉണ്ടാക്കുന്ന ആത്മസംഘര്‍ഷം, ഭാവി ഉയര്‍ത്തുന്ന ചോദ്യചിഹ്നം, തുടര്‍പഠനത്തിന് വഴികള്‍ അടയുന്നതിന്റെ ആശങ്ക, സ്നേഹവും കരുതലും കൊതിക്കുന്ന മനസ്സ്.. ഇങ്ങനെ ഒട്ടേറെ അലട്ടലുകള്‍  ആ കൌമാരഹൃദയത്തെ  ഭരിക്കുന്നതായി ഗുരുവിന് മനസ്സിലായി. അലഞ്ഞുതിരിയലുകള്‍ക്കിടയില്‍ അരുവിപ്പുറത്ത് എത്തുമ്പോള്‍ ഗുരു ഈ ആശങ്കയെ തന്നിലേക്ക് ആവാഹിക്കുന്നവണ്ണം പറഞ്ഞു: "കുമാരുവിലൂടെ നാം നമ്മെത്തന്നെയാണല്ലോ കാണുന്നത്".
     അത് ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. കുമാരനിലൂടെ ഗുരു കണ്ടെത്തിയത് തന്നെത്തന്നെയായിരുന്നു.  കുമാരനാശാന്റെ കാവ്യസമൃദ്ധിയിലും സ്നേഹവായ്പ്പിലും സ്വാതന്ത്യ്രബോധത്തിലുമെല്ലാം ഗുരുവിനെ ദര്‍ശിക്കാം. മണമ്പൂര്‍ ഗോവിന്ദനാശാന്റെ ഗുരുകുലത്തില്‍ മുടങ്ങിയ കുമാരന്റെ വിദ്യാഭ്യാസജീവിതം  ഗുരുതന്നെ  തുടര്‍ന്ന് നയിച്ചു. കുമാരനെ നേരിട്ട് കൊണ്ടുപോയി ഡോ. പല്പുവിനെ ഏല്പിക്കുകയായിരുന്നു. ബാംഗ്ളൂരിലെയും തുടര്‍ന്ന് കല്‍ക്കത്തയിലെയും വിദ്യാഭ്യാസമാണ് കുമാരനാശാനെ ലോക ക്ളാസിക്കുകളിലേക്ക് നയിച്ചത്. സന്ദേശകാവ്യങ്ങളില്‍ കുടുങ്ങിക്കിടന്ന മലയാളത്തെ കാല്പനികതയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് ഗുരുവിന്റെ  കര്‍മ്മഫലം. വീണപൂവ് ഉണ്ടാക്കിയ ചലനം നൂറ്റാണ്ട് പിന്നിട്ടിട്ടും മലയാളത്തെ ത്രസിപ്പിക്കുന്നു. ഓരോ കവിതയും എഴുതുമ്പോള്‍ താന്‍ അനുഭവിക്കുന്ന അതേ വേദന തന്റെ ഗുരുവും അനുഭവിക്കുന്നുവെന്ന് തിരിച്ചറിഞ്ഞത് ഒരുപക്ഷേ ശിഷ്യന്‍ മാത്രം. ഏകാന്തതയുടെ ദന്തഗോപുരത്തില്‍നിന്ന് ഇറങ്ങിവന്ന് ജനങ്ങളുടെ ജീവിതദുരിതങ്ങളില്‍നിന്ന് പ്രചോദനം കണ്ടെത്താന്‍ കുമാരകവിയെ ഗുരുദേവന്‍ നിയോഗിച്ചപ്പോള്‍ കേരളത്തിന് ലഭിച്ചത് കുമാരനാശാന്‍ എന്ന സാമൂഹ്യപരിഷ്കര്‍ത്താവിനെയാണ്.
    കെ. അയ്യപ്പന്‍ എന്ന ബാലന് പഠനത്തിന് സഹായം നല്‍കണമെന്ന് കുമാരനാശാനോട് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതുമ്പോള്‍ ഗുരു അതില്‍ ഒരു വാക്യം കൂടി ചേര്‍ത്തിരുന്നു, "ധനം വിദ്യയാകും, വിദ്യ അറിവാകും, അറിവ് സാമൂഹ്യസേവനമാകും". പില്‍ക്കാലത്ത് കേരളംകണ്ട ഏറ്റവും വലിയ വിപ്വകാരിയായിമാറിയ സഹോദരന്‍ അയ്യപ്പന്‍ ഗുരുവിന്റെ വാക്കുകള്‍ അര്‍ത്ഥപൂര്‍ണ്ണമാക്കി. സര്‍വമതങ്ങളുടെയും സാരംപഠിപ്പിക്കുന്ന ഒരു ലോകോത്തരവിദ്യാലയം തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് എം. എ. എല്‍.ടി ബിരുദംനേടിയ ദിവസംതന്നെ തന്നോടൊപ്പം കൂട്ടിയ നടരാജനെ ഗുരു പാരീസില്‍ അയച്ച് പഠിപ്പിച്ചത്. ട്രിപ്പിള്‍ ഓണേഴ്സുമായി ഡിലിറ്റ് നേടി നടരാജന്‍ തിരിത്തെത്തുമ്പോള്‍ ഗുരു സമാധിപ്രാപിച്ചിട്ട് നാലുവര്‍ഷം കഴിഞ്ഞിരുന്നു. നടരാജഗുരുവും അദ്ദേഹത്തിന്റെ 'ഈസ്റ്റ്വെസ്റ്റ് യൂണിവേഴ്സിറ്റി ഒഫ് ബ്രഹ്മവിദ്യ'യും പിന്നീട്  ലോകമെങ്ങും പേരെടുത്തു. ടി. കെ. മാധവന്‍ എന്ന വൈക്കം സത്യാഗ്രഹത്തിന്റെ അമരക്കാരന്‍ ഗാന്ധിജിയെ അയിത്തോച്ചാടനം എന്ന  ഇന്ത്യയുടെ പ്രഥമകര്‍ത്തവ്യത്തിലേക്ക് ശ്രദ്ധതിരിപ്പിച്ചതിനുപിന്നില്‍ ചാലകശക്തിയായതും ശ്രീനാരായണഗുരുദേവനാണ്. ഇങ്ങനെ നോക്കിയാല്‍ ഒരുപാട് ഉദാഹരണങ്ങള്‍ പറയാന്‍ കഴിയും ഗുരുവിന്റെ ഓരോ ശിഷ്യരെക്കുറിച്ചും. "മേക്കിംഗ് ഒഫ് മഹാത്മ" എന്ന്  കേട്ടിട്ടുണ്ട്. ഗുരുവിന്റെ കര്‍മ്മപഥത്തില്‍ നോക്കിയാല്‍ ഇതിന്റെ ബഹുവചനം വായിക്കാം. "മേക്കിംഗ് ഒഫ് മഹാത്മാസ്". ഏതാനും വ്യക്തികളെ ശരിയായരീതിയില്‍ 'ക്രാഫ്റ്റ് 'ചെയ്താല്‍  ഒരു ജനതയെ മാറ്റത്തിലേക്ക് നയിക്കാം എന്ന് നമുക്ക് കാട്ടിത്തന്നത് ഗുരുദേവനാണ്. ഇത് വളരെ കൈയടക്കത്തോടെയും സ്വാഭാവികതയോടെയുമാണ് ഗുരു നിര്‍വഹിച്ചത്. നേതൃഗുണം എന്തെന്നറിയാന്‍ ലോകം പഠിക്കേണ്ടത്  ശ്രീനാരായണഗുരുദേവനെയാണ് .  ഇന്നത്തെകാലത്ത്  ആരെയെങ്കിലുമൊക്കെ ചവിട്ടിത്താഴ്ത്താതെ സ്വയം മഹത്വത്തിലേക്ക്  ഉയര്‍ന്നവര്‍ എത്രപേരുണ്ട് എന്ന്  ഉറക്കെ ചോദിച്ചുനോക്കൂ. വിരലെണ്ണം എടുക്കാന്‍പോലും തികയില്ല ഉത്തരങ്ങള്‍. തനിക്കുശേഷം പ്രളയമാവട്ടെ എന്ന് കരുതുന്നവരും അവനവനെമാത്രം വളര്‍ത്തുന്നവരും നേതാക്കളിലും ഗുരുക്കന്മാരിലും അപൂര്‍വമല്ല.  എന്നിട്ടും അവരൊക്കെ വാഴ്ത്തപ്പെടുന്ന വേദികളുടെ എണ്ണം താരതമ്യം ചെയ്യുമ്പോള്‍  ഗുരുവിനെക്കുറിച്ച് പഠിക്കാനും പറയാനും  പൊതുവേദികള്‍ തുലോം കുറവാണ്്. ഒന്നോര്‍ത്ത് സമാധാനിക്കാം. ഹിമാലയത്തെ വിലയിരുത്തി  അനുഭവം എഴുതാന്‍ ഒട്ടേറെപ്പേരുണ്ടാകും. എന്നാല്‍ എവറസ്റ്റിനെക്കുറിച്ച് അനുഭവക്കുറിപ്പെഴുതാന്‍ അധികംപേര്‍ക്ക് സാധിച്ചിട്ടില്ല.

No comments:

Post a Comment