Sunday, 3 July 2011

നീ സത്യം ജ്ഞാനം ആനന്ദം

ഗുരുദേവന്റെ ജീവിതത്തിലെ അത്ഭുതസംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് ധര്‍മ്മാനന്ദജി എഴുതിയ ഗുരുചരിതത്തിനുളള അവതാരികയില്‍ മംഗളാനന്ദസ്വാമി ഇങ്ങനെ പറയുന്നു: "ഹേതു അറിയാത്തതുകൊണ്ടാണ് അദ്ഭുതങ്ങളുണ്ടാകുന്നത്. പ്രപഞ്ചത്തിലെ ചില സത്യങ്ങള്‍ക്കുമുന്നില്‍ അത്ഭുതംകൂറിനില്‍ക്കുന്ന മനുഷ്യന്‍ ഹിമാലയത്തില്‍ സഞ്ചരിക്കുന്ന ഉറുമ്പിനെപ്പോലെയാണ്. ഉറുമ്പ് ഹിമാലയത്തെ അറിയുന്നുണ്ടെങ്കിലും ലോകത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയോടുകൂടിയ മഹാപര്‍വതപംക്തിയാണിതെന്ന് മനസ്സിലാക്കാന്‍ ആ പ്രാണിക്ക് കഴിയുന്നുണ്ടാവില്ല." ഗുരുവിന്റെ ജീവിതത്തില്‍ പറഞ്ഞു പ്രചരിച്ചതും യഥാര്‍ത്ഥത്തില്‍ സംഭവിച്ചതുമായ നിരവധി അത്ഭുതങ്ങളുണ്ട്. ഒരു പഴമോ ചില പച്ചിലച്ചാറുകളോ നല്‍കി മാരക അസുഖങ്ങള്‍ മാറ്റുന്നു, പിറന്ന ഉടനേ സന്താനങ്ങള്‍ മരിച്ചു പോകുന്നവര്‍ക്ക് ദീര്‍ഘായുസ്വികളായ സന്തതികളുണ്ടാകാന്‍ അനുഗ്രഹിക്കുന്നു, ചാത്തനേറും ബാധോപദ്രവങ്ങളും നീക്കുന്നു ...ഇങ്ങനെ എണ്ണിപ്പറഞ്ഞാല്‍ തീരാത്ത കഥകള്‍. ഗുരുവിന്റെ പരഹൃദയജ്ഞാനം വെളിപ്പെടുന്ന നൂറു സംഭവങ്ങള്‍ വേറെയുണ്ട്. പക്ഷേ, അവയെക്കുറിച്ചോര്‍ത്ത് മൂക്കത്ത് വിരല്‍വച്ചു നിന്നാല്‍ മംഗളാനന്ദ സ്വാമി പറഞ്ഞതുപോലെ ഗുരു ഒരു പ്രഹേളികയായും നമ്മള്‍ ഹിമാലയത്തിലെ ഉറുമ്പുകളായും  അവശേഷിക്കും.
    ഗുരു അത്ഭുതമല്ല; അതിനേക്കാള്‍ വലിയ യാഥാര്‍ത്ഥ്യമാണ്. മനുഷ്യന്റെ സാമാന്യബുദ്ധി ഉപയോഗിച്ച് ഗുരുവിനെ അളക്കാന്‍ ശ്രമിക്കുമ്പോഴാണ് ഗുരു ചെയ്യുന്നതൊക്കെയും അത്ഭുതങ്ങളായി അനുഭവപ്പെടുന്നത്. പറഞ്ഞു പ്രചരിക്കുന്ന കഥകളില്‍ കെട്ടുകഥകള്‍ ധാരാളമുണ്ട്. അവയാണ് ഗുരുവിന്റെ സത്യദര്‍ശനത്തേക്കാള്‍ പ്രചാരം നേടുന്നത്. ഗുരുവിനെ നേരില്‍ക്കാണാനും  ആ സാമീപ്യം അനുഭവിക്കാനും ഭാഗ്യംസിദ്ധിച്ച സുകൃതികളില്‍ കുറേപ്പേരെങ്കിലും ഇന്ന് ജീവിച്ചിരിപ്പുണ്ട്. അതറിയാവുന്നതിനാലാകാം കെട്ടുകഥകളില്‍ ഗുരുവിന് പുരാണകഥാപാത്രങ്ങളെപ്പോലെ നാലുകൈകളുണ്ടായിരുന്നു എന്ന് പ്രചരിപ്പിക്കാത്തത്. അടുത്ത തലമുറയ്ക്ക് ഇങ്ങനത്തെ കഥകളും കേള്‍ക്കേണ്ടിവന്നേക്കാം. അതിനിടവരാത്തവിധത്തില്‍ ഗുരുവിനെ അനുഭവിച്ചറിയാനുളള പഠനങ്ങളാണ് ആവശ്യം. മതസ്ഥാപകരായ പുണ്യപുരുഷന്മാരെപ്പോലെ ഒരുവലിയ സമൂഹത്തിന്റെ  അന്ധമായ ഭക്തിവികാരമായി ഗുരുവിനെ തളച്ചിടുകയാണെങ്കില്‍  യഥാര്‍ത്ഥഗുരുവിനെ അറിയാന്‍ പുതിയതലമുറയ്ക്ക് കഴിഞ്ഞെന്നുവരില്ല. 'നാരായണഗുരു' എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ പി. കെ. ബാലകൃഷ്ണന്‍ സാര്‍ പറഞ്ഞതുപോലെ, " വായനയിലുളള താല്പര്യം കൊണ്ടുമാത്രം ഒരാള്‍ സ്വാമിയെപ്പറ്റി കിട്ടാവുന്ന ഒരു ഗ്രന്ഥം വായിച്ചുതുടങ്ങിയാല്‍ പലപ്പോഴും മുഷിഞ്ഞും, മിക്കപ്പോഴും വൈരസ്യം തോന്നിയും പിന്തിരിയേണ്ടിവരുന്നു." ഇങ്ങനെയൊരു നിത്യവിരസതയിലേക്കാണ് ശ്രീനാരായണസാഹിത്യത്തിന്റെ പോക്ക്. പഴഞ്ചനെന്നുകരുതി പുതിയ തലമുറ എടുത്ത് തട്ടിന്‍പുറത്ത് ഇടാതിരിക്കണമെങ്കില്‍ കാലാതിവര്‍ത്തിയായ ഗുരുജീവിതത്തെയും സന്ദേശങ്ങളെയും പുതിയകാലത്തിന്റെ ഭാഷയില്‍ പുനരവതരിപ്പിക്കേണ്ടതുണ്ട്. ഗുരു പറഞ്ഞതൊക്കെയും പല്ലവിപോലെ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍  ഇത് അസാധ്യമാകും. ഇന്നത്തെയും എന്നത്തേയും സമസ്യകള്‍ക്ക് ഉത്തരമാണ് ആ  തിരുമൊഴികളെന്ന് പുതിയതലമുറയ്ക്ക് ബോധ്യമുണ്ടാക്കുകയാണ് വേണ്ടത്.
    ചതയദിനത്തിലോ മഹാസമാധിദിനത്തിലോ ഗുരുഭക്തര്‍ ഒരുക്കുന്നവേദികളില്‍ വന്ന് ഗുരുവിന്റെ ചില കഥകള്‍ വിളമ്പി തടിതപ്പുന്നവര്‍ക്ക് അതുകഴിഞ്ഞാല്‍ പിന്നെ അടുത്തവര്‍ഷം അതേ സമയത്തല്ലാതെ മറ്റൊരു സാഹചര്യത്തിലും ഗുരുദേവന്‍ പഠനവിഷയമോ ചിന്താവിഷയമോ പോലുമാകുന്നില്ല. അങ്ങനെയൊരു ബുദ്ധിജീവിസമൂഹത്തെ ആശ്രയിച്ച് ഗുരുസാഹിത്യം മുന്നോട്ടുപോകുമെന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ട്. പൊതുസമൂഹം ഒരു ഭരണക്രമം ഉണ്ടാക്കി ജാതിചിന്തകളും അനാചാരങ്ങളുംകൊണ്ട് വേലികെട്ടിത്തിരിച്ചകാലത്ത് അതിന് സമാന്തരമായി സംസ്കാരസമ്പന്നമായ മറ്റൊരു സമൂഹത്തെകെട്ടി ഉയര്‍ത്തിക്കൊണ്ടാണ് ഗുരുദേവന്‍ സമൂഹത്തെ തിരുത്തിയത്. ഗുരുവിനെ അന്ധവിശ്വാസങ്ങളുടെ കൂട്ടില്‍ തളച്ചിട്ട് പൂജിക്കുന്നവരില്‍നിന്നും തേച്ചുരച്ചാലും പോകാത്ത ജാതിചിന്തയുടെ പേരില്‍ ഇന്നും ഗുരുവിനെ അവഗണിക്കുന്നവരില്‍ നിന്നുമൊക്കെ ഗുരുദര്‍ശനത്തെ കൈപിടിച്ച്  മുന്നോട്ടു കൊണ്ടുപോകുന്ന സമാന്തരസമൂഹം ഇവിടെ വളരണം. അവര്‍ക്കുമാത്രമേ  സത്യപ്രകാശത്തില്‍ ജീവിതത്തെ ദര്‍ശിക്കാന്‍ സാധിക്കൂ. ഗുരുദേവനെ ആത്മീയമെന്നും ഭൌതികമെന്നും വേര്‍തിരിവോടെ പഠിക്കാതിരിക്കുകയാണ് നല്ല മാര്‍ഗം. ജീവനും ജീവിയുംപോലെ ഇത് രണ്ടും സമഞ്ജസമായിരിക്കണം. സത്യത്തെ അന്വേഷിക്കന്നവന്  സ്വന്തം അന്തരാത്മാവാണ് വഴികാട്ടി. ഗുരുവിനെ അറിയാനും ഇതേ അന്തരാത്മാവിനെ ഉണര്‍ത്തേണ്ടതുണ്ട്. "അറിവതു ധര്‍മ്മിയെയല്ല ധര്‍മ്മമാമീയരുളിയ ധര്‍മ്മിയദൃശ്യമാകയാലേ" എന്ന് ആത്മോപദേശശതകത്തില്‍ ഗുരു പറയുന്നു. പുറമേ നിന്ന് നാമറിയുന്നത് ധര്‍മ്മംപ്രവര്‍ത്തിക്കുന്ന ധര്‍മ്മിയെ അല്ല, ധര്‍മ്മത്തെയാണ്. ധര്‍മ്മിയെ അറിയാന്‍ പഞ്ചേന്ദ്രിയങ്ങള്‍ക്ക് സാധ്യമല്ല. അതിന് ഉളളിലെ ബോധസ്വരൂപത്തെ ഉണര്‍ത്തണം. അങ്ങനെ ബോധസ്വരൂപം ഉണര്‍ന്ന് കോടിദിവാകരതുല്യം ധര്‍മ്മിയുടെ സ്വരൂപം  മുന്നില്‍ തെളിഞ്ഞതായി ഗുരു വെളിപ്പെടുത്തിയിട്ടുണ്ട്. ബോധസ്വരൂപം തെളിയുമ്പോള്‍ 'ജനനീനവരത്നമഞ്ജരിയില്‍' ഗുരു നിരീക്ഷിക്കുന്നതുപോലെ "അഹോ നാടകം നിഖിലവും" എന്നറിയാം. പ്രപഞ്ചവ്യവഹാരങ്ങളെ നാടകമായി കണ്ടറിഞ്ഞ ഗുരുവിന്റെ പേരിലും എത്രയോ നാടകങ്ങളാണ് ഇന്ന് നമുക്ക് ചുറ്റും.

1 comment:

  1. താങ്കള്‍ ചെയ്യുന്ന ഈ സത്കര്‍മതിനു ഒരു പാട് നന്ദി ..

    "അവനവന്‍ ആത്മ സുഖതിനാച്ചരിക്കുന്നവ
    അപരന്നു സുഖത്തിനായ് വരേണം "

    Let us Make this World a Better Place.

    ReplyDelete