Monday, 23 July 2012

ബ്രഹ്മശക്തിയെ നിഷേധിക്കാനാവുമോ?​അമേരിക്കക്കാരനായ ലൂയിസ്‌ ഫിഷര്‍ എന്ന പത്രപ്രവര്‍ത്തകന്‍ എഴുതിയ “ദി ലൈഫ്‌ ഒഫ്‌ മഹാത്‌മഗാന്‌ധി” എന്ന ഗാന്‌ധിജിയുടെ ജീവചരിത്രം ലോകപ്രശസ്‌തമാണ്‌.  ഈ ജീവചരിത്രം എഴുതുന്ന കാലത്ത്‌ ഗാന്‌ധിജി തന്റെ രാഷ്‌ട്രീയ കാഴ്‌ചപ്പാടിനെക്കുറിച്ച്‌ ലൂയിസ്‌ ഫിഷറിനോട്‌ ഇങ്ങനെ പറഞ്ഞു:

“ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്‌ എന്റെ സംഘടന. പക്ഷേ, അത്‌ എന്നില്‍നിന്ന്‌ അകന്നുപോകുകയാണെങ്കില്‍, പിന്നീട്‌ എന്റെ സംഘടന ഞാന്‍ തന്നെയാണ്‌. ഒരാദര്‍ശം ഉള്‍ക്കൊണ്ടിട്ടുളള വ്യക്‌തിയാണ്‌ ഞാന്‍. എന്നെപ്പോലെ ഒരാള്‍ക്ക്‌ ഒരു സംഘടനയുടെ സാമീപ്യമോ സഹകരണമോ നഷ്‌ടപ്പെട്ടുപോവുകയാണെങ്കില്‍, പിന്നെ ആ ആള്‍ തന്നെ സ്വയം ഒരു സംഘടനയായിത്തീരുകയേ നിവൃത്തിയുളളൂ.”

ഗാന്‌ധിജിയുടെ  ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഒരു നദിയുടെ കഥയാണ്‌  ഓര്‍മ്മവരുന്നത്‌.  പ്രകൃതിയുടെ സര്‍വ സ്‌നിഗ്‌ധതയും സമ്മേളിക്കുന്ന വിശുദ്ധിയുടെ ഒരു ജലകണമായാണ്‌ നദി ജനിച്ചത്‌. സമാനകണങ്ങള്‍ ചേര്‍ന്ന്‌ ചെറിയ വെളളക്കെട്ടായി. പിന്നെ, അത്‌ പാറത്തടത്തില്‍നിറഞ്ഞ്‌ തുളുമ്പി അരുവിയായി ഒഴുകിത്തുടങ്ങി. സസ്യലതാദികളെ തഴുകിയും തലോടിയും ജീവജലംകൊടുത്തും അത്‌ ഒഴുക്കുതുടര്‍ന്നു. മറ്റ്‌ പലയിടങ്ങളില്‍നിന്നും അതിലേക്ക്‌ വീണ്ടും അരുവികള്‍ ഒഴുകിയെത്തുന്നതോടെ അത്‌ നദിയായും മഹാനദിയായും മാറി. ആ നദിയെ ആശ്രയിച്ച്‌ ഒരു ജനസമൂഹവും അവര്‍ക്ക്‌ തനതായ സംസ്‌കാരവും ഉണ്ടായി.  അവര്‍ക്ക്‌ വേണ്ടുന്നത്‌ എടുക്കാനും വേണ്ടാത്തത്‌ വലിച്ചെറിയാനുമുളള ഇടമായി പിന്നെ  ആ നദി മാറി.  സമൂഹവിഴുപ്പുകള്‍ പെരുകിയതോടെ കാലാന്തരത്തില്‍  അത്‌  മലിനപ്പെട്ടു. മാലിന്യം കുമിഞ്ഞ്‌ ഒഴുക്കുനിലച്ചപ്പോള്‍ ഭൂമിയെ  മലിനപ്പെടുത്തി എന്ന കുറ്റം   ഇതേ സമൂഹം തന്നെ നദിയുടെ മേല്‍ ആരോപിച്ചു.

രാഷ്‌ട്രീയത്തെക്കുറിച്ച്‌ ഗാന്‌ധിജി ലൂയിസിനോടു പറഞ്ഞതും ലോകത്ത്‌ നവോത്‌ഥാനം ലക്ഷ്യമിട്ട്‌ തുടങ്ങിയ വിവിധ സംഘടനകളുടെ ചരിത്രവും മുകളില്‍ പറഞ്ഞ നദിയുടെ കഥയോട്‌ ചേര്‍ത്തുവായിച്ചാല്‍ ഒരു കാര്യം വ്യക്‌തമാകും. ഒരു വ്യക്‌തി സ്വയം ഒരാദര്‍ശം ഉള്‍ക്കൊണ്ട്‌  അതില്‍ ജീവിച്ചുതുടങ്ങുമ്പോള്‍ അതില്‍ ആകൃഷ്‌ടരായി മറ്റു ചിലര്‍  ഒപ്പം ചേരുന്നു. അവര്‍  ഒരു സംഘടനയായിരൂപാന്തരം പ്രാപിക്കുന്നു.  സംഘടനയില്‍ എത്തുന്നവര്‍ക്കെല്ലാം ഒരു പൊതു ലക്ഷ്യത്തോടൊപ്പം സ്വകാര്യമായ ചില ആവശ്യങ്ങള്‍ ഉണ്ടാകും. അത്‌ ചിലപ്പോള്‍ സംഘടനയുടെ രൂപീകരണത്തിന്‌ കാരണമായ ആദര്‍ശങ്ങളോട്‌ നീതി പുലര്‍ത്താത്തതും ആയിരിക്കും. അങ്ങനെ വിവിധതാല്‌പര്യക്കാര്‍ ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടി ഒന്നിക്കുന്ന ഇടമായി സംഘടനമാറുന്നു. അത്‌ വലുതാകുംതോറും   ഉളളിലെ അന്തരവും വര്‍ദ്ധിക്കുന്നു. അതോടെ ലക്ഷ്യം മറന്നുപോകുന്നു. അപ്പോള്‍ ചില മാനദണ്‌ഡങ്ങളുടെ പേരില്‍ ചിലര്‍ ചേര്‍ന്ന്‌  സംഘടനയ്ക്കുളളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നു. ഈ ഗ്രൂപ്പുകളിലും കാലക്രമത്തില്‍ വേര്‍തിരിവുണ്ടാകും. ഏകത്വം എന്നതില്‍നിന്ന്‌ ബഹുത്വം എന്നതിലേക്ക്‌ സംഘടന പൊട്ടിച്ചിതറുമ്പോള്‍  അത്‌ സമൂഹത്തിലെ സാംസ്‌കാരിക മാലിന്യമായി മാറുന്നു. സ്വയം സംഘടനയായി മാറിയ വ്യക്‌തിയും  അദ്ദേഹം ഉണ്ടാക്കിയ സംഘടനയും തമ്മില്‍ അപ്പോള്‍ അജഗജാന്തര വ്യത്യാസം കാണാം.

കാറല്‍ മാര്‍ക്‌സിന്റെ മുന്‍ഗാമിയായി അറിയപ്പെടുന്ന ഹെഗെല്‍  എന്ന ജര്‍മ്മന്‍ തത്വചിന്തകനാണ്‌  വൈരുദ്ധ്യവാദത്തിന്റെ അവതാരകന്‍. എന്നാല്‍  വൈരുദ്ധ്യവാദത്തിലൂടെ അദ്ദേഹം എത്തിച്ചേര്‍ന്നത്‌ ഈശ്വരനിലായിരുന്നു. പ്രപഞ്ചത്തിന്‌ ആദികാരണമായ ഒരു ശക്‌തിയുണ്ടെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു. പിന്നാലെ വന്ന മാര്‍ക്‌സ്‌ ഇത്‌ നിഷേധിക്കുകയും വൈരുദ്ധ്യവാദവുമായി മുന്നോട്ടു പോകുകയുമാണ്‌ ചെയ്‌തത്‌. മാര്‍ക്‌സ്‌ തന്റെ വൈരുദ്ധ്യാധിഷ്‌ഠിത ഭൌതികവാദവുമായി മുന്നോട്ടുവന്നപ്പോള്‍ അന്നുവരെയുളള മത, സംസ്‌കാര ചിന്താസരണികള്‍ കീഴ്‌മേല്‍ മറിക്കപ്പെട്ടു. മനുഷ്യര്‍ ആത്‌മീയവാദികളെന്നും ഭൌതികവാദികളെന്നും വേര്‍തിരിക്കപ്പെട്ടു. മാര്‍ക്‌സ്‌ തന്റെ ദര്‍ശനത്തെ അന്നോളമുളള ശാസ്‌ത്രവളര്‍ച്ചയുമായി ചേര്‍ത്തുവയ്ക്കാന്‍ ജാഗ്രതകാട്ടി. അത്‌ യുക്‌തിവാദത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടായിരുന്നു. 

മാര്‍ക്‌സിസവും ശ്രീനാരായണദര്‍ശനവും മനുഷ്യസ്‌നേഹത്തില്‍ അധിഷ്‌ഠിതമാണ്‌. എന്നാല്‍ വഴികള്‍ വ്യത്യസ്‌തമാണെന്നുമാത്രം. മാര്‍ക്‌സിന്റെ ദര്‍ശനം സൃഷ്‌ടിച്ച രണ്ട്‌ വിഭാഗക്കാരെ ഒന്നിപ്പിക്കാനും ഒരേ ലക്ഷ്യത്തിലേക്ക്‌ നയിക്കാനുമായിരുന്നു ശ്രീനാരായണഗുരുദേവന്റെ ശ്രമം. ആത്‌മീയവാദികള്‍ മതപരമായ ആചാരങ്ങളിലും അനുഷ്‌ഠാനങ്ങളിലും നിന്നുകൊണ്ട്‌ ഈശ്വരനെ അറിയാന്‍ ശ്രമിച്ചപ്പോള്‍ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അവയുടെ പുറംമോടികളും ഒഴിവാക്കിക്കൊണ്ട്‌ ഈശ്വരനിലേക്ക്‌ അടുത്തു ഗുരു. കാഷായം ഉപേക്ഷിച്ചുളള സംന്യാസംപോലും ഈ പുറംമോടികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിരുന്നു.  ആ നിഷേധങ്ങള്‍ ഭൌതികവാദികളെ ഗുരുവിലേക്ക്‌ അടുപ്പിച്ചു. ഗുരുവിന്റെ ചിന്താസരണി ഈശ്വരനില്‍ അധിഷ്‌ഠിതമാണെന്ന അറിവ്‌ ആത്‌മീയവാദികളെയും അദ്ദേഹത്തിലേക്ക്‌ അടുപ്പിച്ചു. പ്രായോഗികതയ്ക്ക്‌ കൂടുതല്‍ പ്രാമാണികത നല്‍കിക്കൊണ്ടായിരുന്നു ഗുരു തന്റെ ദര്‍ശനം അവതരിപ്പിച്ചത്‌. പ്രപഞ്ചശക്‌തിയെ അംഗീകരിക്കാത്ത ഭൌതികവാദിയെയും ഈശ്വരനെ അംഗീകരിക്കുന്ന ആത്‌മീയവാദിയെയും ഗുരുദേവന്‍ തന്നോട്‌ ചേര്‍ത്തു നിറുത്തുകയും അവര്‍ തമ്മിലുളള ഭിന്നത ഇല്ലാത്തതാണ്‌ എന്ന്‌ ബോധിപ്പിക്കുകയും ചെയ്‌തു.  ആത്‌മീയവും ഭൌതികവും വേര്‍തിരിക്കേണ്ടതല്ല എന്ന്‌ ഗുരു പറയുന്നത്‌ ഇവര്‍ക്ക്‌  പൂര്‍ണ്ണമായി ഉള്‍ക്കൊളളാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും  ഈ രണ്ടുകൂട്ടര്‍ക്കും  ഗുരുദേവന്‍ എന്ന സത്യത്തെ വിട്ടുപോകാന്‍  ഇന്നും സാധിക്കുന്നില്ല.

ഗാന്‌ധിജി വരുന്നതിനുമുമ്പേ കോണ്‍ഗ്രസ്‌ ഇന്ത്യന്‍ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ഗാന്‌ധിജിയുടെ വരവോടെ പ്രസ്‌ഥാനം  അദ്ദേഹത്തിലേക്ക്‌ ചേര്‍ന്നു. ലക്ഷ്യപ്രാപ്‌തിയോടെ പ്രസ്‌ഥാനവും ഗാന്‌ധിജിയും രണ്ടുവഴിക്ക്‌ പിരിയുകയും ചെയ്‌തു.  എന്നാല്‍ ഗുരുദേവന്റെ  ലോകം വ്യത്യസ്‌തമായിരുന്നു. അവിടെ ഒരിക്കലും ഗുരുവിനേക്കാള്‍ സ്‌ഥാനം അദ്ദേഹം ഉണ്ടാക്കിയ പ്രസ്‌ഥാനങ്ങള്‍ക്ക്‌ ലഭിച്ചില്ല. പ്രസ്‌ഥാനങ്ങള്‍ വളരുമ്പോള്‍ അതില്‍ അഴുക്കും വഴക്കും പ്രകടമാകും എന്ന്‌ അദ്ദേഹത്തിന്‌ നേരത്തേ അറിയാമായിരുന്നു. പ്രപഞ്ചവിഷയങ്ങളോട്‌ അടുത്തുനില്‍ക്കുമ്പോഴും അതില്‍നിന്ന്‌  അകലം പാലിക്കുകയാണ്‌ ഗുരുവിനെപ്പോലുളള ജീവന്‍മുക്‌തരുടെ  രീതി. അവര്‍ പുറമേ മയില്‍പ്പീലിപോലെ ചലിച്ചാലും ഉളളില്‍ മഹാമേരുവിനെപ്പോലെ അചഞ്ചലമായിരിക്കും.  അതുകൊണ്ടാണ്‌ പില്‍ക്കാലത്ത്‌ ഗുരുപ്രസ്‌ഥാനങ്ങളില്‍ ഉണ്ടായ ചേരിതിരിവുകളും വേര്‍തിരിവുകളും ഗുരുവിന്റെ ചൈതന്യത്തെ ബാധിക്കാതിരുന്നത്‌.  ആ ചൈതന്യം നിത്യസത്യമായി നിലനില്‍ക്കുന്നതിനാല്‍ ഗുരുപ്രസ്‌ഥാനങ്ങള്‍ക്ക്‌ വഴിതെറ്റുമ്പോള്‍ സത്യവിശ്വാസികള്‍ അത്‌ ചൂണ്ടിക്കാണിക്കുകയും തിരികെ ഗുരുവിലേക്ക്‌ മടങ്ങാന്‍ അവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്‌തുകൊണ്ടിരിക്കും.  ഗുരുവിന്റെ നാമം ധരിക്കുന്ന പ്രസ്‌ഥാനങ്ങള്‍ ആ ദര്‍ശനത്തോട്‌ നീതിപുലര്‍ത്തണമെന്ന്‌ സമൂഹം ശഠിച്ചുകൊണ്ടേയിരിക്കുന്നതും ഗുരു എന്ന ബ്രഹ്‌മശക്‌തിയുടെ പ്രേരണയാലാണ്‌. 

Monday, 9 July 2012

"സ്വല്പംപിത്തച്ഛായയുണ്ട്, കല്യാണഘൃതം സേവിക്കണം"


തലസ്ഥാനത്തെ ഒരു വില്ലേജ് ഓഫീസ്. പല ആവശ്യങ്ങള്‍ക്കായി തിങ്ങിക്കൂടി നില്‍ക്കുകയാണ് ജനം. ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ മദ്ധ്യവയസ്സ്പിന്നിട്ട ഒരു വീട്ടമ്മയും ഓഫീസ് ക്ളാര്‍ക്കും തമ്മില്‍ ചെറിയ തര്‍ക്കം നടക്കുന്നു. അവരുടെയും പിതാവിന്റെയും പേരുകള്‍ മറ്റൊരു മതപ്രകാരമുളളതാണ്. സര്‍ട്ടിഫിക്കറ്റിലും അതേ മതമാണ്. അവര്‍ക്ക് വേണ്ടത് ഹിന്ദു എസ്. സി സര്‍ട്ടിഫിക്കറ്റും. ഇവര്‍ ഹിന്ദു എസ്. സി ആണെന്ന കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടുകയാണ് ക്ളാര്‍ക്ക്. അതിനൊന്നും അവര്‍ക്ക് മറുപടിയില്ല. "കുട്ടിയുടെ പഠനം നടക്കണം. അതിന് ഇത് കൂടിയേ തീരൂ" എന്ന് മന്ത്രംപോലെ ഉരുവിടുകമാത്രമാണവര്‍ ചെയ്യുന്നത്.

"നിങ്ങള്‍ പോയിട്ട് തിങ്കളാഴ്ചവരൂ. ഞാന്‍ ഓഫീസറുമായി സംസാരിക്കട്ടെ" എന്നുപറഞ്ഞ് ക്ളാര്‍ക്ക് അവരെ മടക്കി അയച്ചു. എന്നിട്ടും പോകാന്‍ മടിച്ച് പുറത്തെ മരത്തണലില്‍ അവര്‍ നിന്നു. അപേക്ഷകള്‍ പൂരിപ്പിച്ച് ഉപജീവനം കഴിക്കുന്ന പലരും അവരെ സമീപിച്ച് പോംവഴികള്‍ പറയുന്നുണ്ട്. ഇവരെപ്പോലെ ജീവിതത്തിന്റെ പരിതോവസ്ഥകളില്‍ സഹായിച്ചവര്‍ ചൊല്ലിക്കൊടുത്ത മതം സ്വീകരിക്കേണ്ടിവന്നവര്‍ ഒട്ടേറെയുണ്ടെന്ന് ആ വീട്ടമ്മ പറഞ്ഞു. മതം മാറിയാല്‍ ജീവിത നിലവാരം ഉയരും എന്നു കരുതിയാണ് അവരില്‍ ഭൂരിഭാഗവും അതു ചെയ്തത്. എന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. സാമൂഹ്യമായ ഉന്നമനം ഉണ്ടാകുന്നില്ല. താഴ്ന്ന ജാതിക്കാര്‍ മതംമാറിച്ചെന്നാലും താഴ്ന്നവര്‍ തന്നെ. അവരുമായി വിവാഹബന്ധമോ മറ്റെന്തിലും സഹകരണമോ ആ മതത്തില്‍ നിലവിലുണ്ടായിരുന്നവരില്‍ നിന്ന് ലഭിക്കുന്നില്ല. മതം മാറുന്നതുവരെയുണ്ടായിരുന്ന സാമ്പത്തിക സഹായം തുടര്‍ന്ന് ലഭിക്കാതെവരുമ്പോള്‍ അവര്‍ വീണ്ടും പഴയതിലേക്ക് തിരിച്ചുവരും. സര്‍ക്കാരിന്റെ ആനുകൂല്യങ്ങളെങ്കിലും നേടി കുട്ടികളുടെ വിദ്യാഭ്യാസം നടത്താമെന്ന് ധരിക്കും. അപ്പോഴേക്കും സ്ഥിതിഗതികള്‍ മാറിയിട്ടുണ്ടാവും. പേരും മതവും സര്‍ട്ടിഫിക്കറ്റുകളില്‍ സഹിതം മാറിക്കഴിഞ്ഞുവല്ലോ! എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? സ്വന്തം ഇഷ്ടപ്രകാരം ആര്‍ക്കും മതം മാറാന്‍ അവകാശമുണ്ട്. എന്നാല്‍ സാമൂഹ്യവും സാമ്പത്തികവുമായ അവശത മുതലെടുത്ത് അവരെ സ്വാധീനിച്ചു മതം മാറ്റുന്നവര്‍ക്ക് തുടര്‍ന്നും സംരക്ഷിക്കാന്‍ ബാധ്യത ഉണ്ടാവേണ്ടതല്ലേ? സ്വന്തം മതത്തില്‍ അനുയായികള്‍ കൂടുന്നു എന്നുകാണിച്ചാല്‍ മാത്രം മതിയോ? അവരെ വീണ്ടും ദളിതാവസ്ഥയിലേക്ക് തളളിവിടുന്നതില്‍ എന്ത് ന്യായമാണ് ഉളളത്? സ്വന്തം പേരും ആരാധിക്കുന്ന ദൈവത്തിന്റെ പേരും മാറ്റിയാല്‍ ഒരാള്‍ക്ക് സാംസ്കാരികമായി എന്ത് ഉന്നതിയാണ് ഉണ്ടാവുക? എന്നൊക്കെയുളള ചിന്തകള്‍ വില്ലേജ് ഓഫീസില്‍നിന്ന് മടങ്ങുമ്പോള്‍ മനസിനെ മഥിച്ചുകൊണ്ടിരുന്നു.

കേരളത്തില്‍ ജാതി അയിത്തത്തില്‍ മനംനൊന്ത് ഈഴവര്‍ ഒന്നടങ്കം ക്രിസ്തുമതത്തിലേക്കോ ബുദ്ധമതത്തിലേക്കോ പോകണം എന്ന ചര്‍ച്ച നടക്കുന്നകാലം. ഗുരുദേവന്‍ ക്രിസ്തുമതത്തില്‍ ചേരണം എന്ന് ആവശ്യപ്പെട്ട ഒരു പാതിരിയോട് "നിങ്ങള്‍ ജനിക്കും മുമ്പേ നാം ക്രിസ്തുമതത്തില്‍ ഉളളതാണ്" എന്നായിരുന്നു തൃപ്പാദങ്ങളുടെ മറുപടി. എസ്. എന്‍. ഡി. പിയോഗത്തില്‍ മതംമാറ്റച്ചര്‍ച്ചകള്‍ നടക്കുമ്പോള്‍ യാദൃശ്ചികമായി അവിടെയെത്തിയ ഗുരുദേവന്‍ കുറച്ചുനേരം ഈ ചര്‍ച്ചകള്‍ കേട്ടിരുന്നു.

" മതം മാറണമെന്നാണോ ആഗ്രഹം?" എന്ന് ഗുരു ചോദിച്ചു.

" അതേ" എന്ന് മതംമാറ്റവാദികള്‍ ഉത്തരം പറഞ്ഞു. ഗുരുദേവന്‍ ഒന്നും മിണ്ടാതെ അവിടെനിന്നും ഇറങ്ങിപ്പോയി. പിന്നീട് ഒരു കുറിപ്പെഴുതി ബോധാനന്ദസ്വാമിയുടെ കൈവശം കൊടുത്തുവിട്ടു. ബോധാനന്ദസ്വാമി യോഗത്തില്‍ എത്തി അതു വായിച്ചു

" മതം മാറണമെന്ന് ആഗ്രഹിക്കുന്നവര്‍, ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നുള്ള സനാതനധര്‍മ്മത്തെ മതമായി വിശ്വസിച്ച് ആ മതത്തില്‍ ചേരാവുന്നതാണ്" എന്നായിരുന്നു ആ കുറിപ്പില്‍ സ്വാമി എഴുതിയിരുന്നത്.

'സനാതനം'എന്നാല്‍ എന്നും നിലനില്‍ക്കുന്നത് എന്നാണ് അര്‍ത്ഥം. മനുഷ്യരില്‍ ജാതിവ്യത്യാസമില്ല എന്ന സത്യം മാത്രമേ എന്നും നിലനില്‍ക്കൂ. ലോകത്തെ നയിക്കുന്ന ധര്‍മ്മവും അതില്‍ അധിഷ്ഠിതമാണ്. ധര്‍മ്മത്തിന്റെ അടിത്തറ അഹിംസയാണ്. ജീവിതം മറ്റുളളവരുടെകൂടി ഹിതമറിഞ്ഞ് ആചരിക്കാനുളള തപസ്യയാണ്. വിവേകവും അനുകമ്പയുമാണ് അതിന്റെ മറ്റ് വശങ്ങള്‍. അതായിരിക്കണം എല്ലാവരുടെയും മതം, അഥവാ അഭിപ്രായം എന്നാണ് തൃപ്പാദങ്ങള്‍ ഉദ്ദേശിച്ചത്. സനാതനധര്‍മ്മം മതമാക്കണം എന്ന ഗുരുവിന്റെ ഉപദേശം പില്‍ക്കാലത്ത് ഹൈന്ദവ വാദികള്‍ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സനാതന ധര്‍മ്മം ഒരു പ്രത്യേകമതമല്ല എല്ലാ മതങ്ങളുടെയും ഉള്‍ക്കാമ്പാണ് എന്ന് ചിന്തിക്കുന്നവര്‍ക്ക് ബോധ്യമാകും. ആ അടിത്തട്ടില്‍ നിന്നുകൊണ്ടാണ് പലമതസാരവും ഏകമെന്നും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും ഗുരു അരുള്‍ചെയ്യുന്നത്.

ഈ ഭൌതികപ്രപഞ്ചത്തിന്റെ മായക്കാഴ്ചകള്‍ കണ്ട് മദിച്ച് നടക്കുകയാണ് മനുഷ്യന്‍. കൂടുതല്‍ സുഖം എവിടെയുണ്ടോ അങ്ങോട്ട് ഒഴുകിയെത്തും. ഇത്തരം മനോനിയന്ത്രണമില്ലായ്മയാണ് അവസരവാദികളായ മതപ്രചാരകരും രാഷ്ട്രീയക്കാരും കച്ചവടക്കാരും മുതലെടുക്കുന്നത്. മനസിനെ നിയന്ത്രിക്കാനും ഭോഗചിന്തകളെ നിയന്ത്രിക്കാനും ദൈവവിചാരം നിലനിറുത്താനുമാണ് മതങ്ങള്‍ ശ്രമിക്കേണ്ടത്. കൂടുതല്‍ ഭോഗങ്ങള്‍ കാണിച്ച് വിളിച്ചുകൊണ്ടുപോയി വഞ്ചിക്കുകയല്ല വേണ്ടത്. മതങ്ങള്‍ സമൂഹ നന്മയ്ക്ക് ഉതകുന്നത് അതില്‍ വിശ്വസിക്കുന്നവരെ നിസ്വാര്‍ത്ഥരും അച്ചടക്കമുളളവരുമാക്കി മാറ്റുമ്പോഴാണ്.

" പ്രപഞ്ചമിഥ്യാത്ത്വത്തെപ്പറ്റി നിരന്തരം സ്മരിക്കണം. അല്ലെങ്കില്‍ പ്രപഞ്ചത്തില്‍ ഒട്ടിപ്പോകും" എന്ന് ഗുരുദേവന്‍ ഇടയ്ക്കിടെ സന്ദര്‍ഭോചിതമായി പറയുമായിരുന്നു.

ആഗമാനന്ദസ്വാമികള്‍ സന്യാസിയാകുന്നതിനുമുമ്പ് ഒരിക്കല്‍ ഗുരുദേവനെ സന്ദര്‍ശിച്ചു . "സ്വല്പം പിത്തച്ഛായയുണ്ട്, കല്യാണഘൃതം സേവിക്കണം" എന്ന് ഗുരു അദ്ദേഹത്തോടു പറഞ്ഞു. വേണമെങ്കില്‍ അത് താന്‍ ഉണ്ടാക്കിത്തരാം എന്നും ഗുരു പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടുകാര്‍ അത് ചെവിക്കൊണ്ടില്ല. ജാത്യാഭിമാനികളായ അവര്‍ക്ക് ഗുരുവില്‍ അത്രവിശ്വാസം ഉണ്ടായിരുന്നില്ല. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞ് മഞ്ഞപ്പിത്തം കടുത്ത് തലചുറ്റിവീണു. അപ്പോഴാണ് ഗുരുസ്വാമിയുടെ വാക്കിന്റെ വില അവര്‍ തിരിച്ചറിഞ്ഞത്. മതപ്രീണനത്തിന്റെ ഇന്നത്തെ സാമൂഹ്യവ്യവസ്ഥയെ നോക്കി ഗുരുദേവന്‍ പറയുന്നു, എല്ലാവരും 'കല്യാണഘൃതം കഴിക്കാന്‍'. ആരും കേള്‍ക്കുന്നില്ല. 'കല്യാണം' എന്നാല്‍ 'മംഗളം' എന്നാണ് അര്‍ത്ഥം. മംഗളദായിയായ ഘൃതം അഥവാ നെയ്യ് ആണ് ഗുരുവിന്റെ സനാതനധര്‍മ്മം. അത് ഉള്ളിലാക്കിയാല്‍ ഒന്നിലേക്കും തലചുറ്റിവീഴാതെ ജീവിക്കാം