Sunday, 22 April 2012

എന്റെ സുഹൃത്തേ, എന്തു ഭാവിച്ചാ ഇങ്ങനെ?

എറണാകുളം ഡര്‍ബാര്‍ഹാള്‍ ഗ്രൌണ്ടില്‍ ശിവക്ഷേത്രത്തിലെ ഉത്സവത്തിരക്കിനിടയില്‍ അലസമായി നടക്കുകയായിരുന്നു. ഒരു മുഖവും പരിചിതമല്ലാത്തതിനാല്‍ ഔപചാരികതയുടെ ചിരിയോ ഹസ്തദാനമോ മേമ്പൊടിചേര്‍ക്കാതെ സ്വതന്ത്രമായി നടക്കാം. വൈദ്യുത ദീപങ്ങളുടെ പ്രഭയില്‍ തിളങ്ങുന്ന നഗരം. ആകാശത്തേക്ക് പറന്നുപൊങ്ങാന്‍ ഒരു ചെറുചരട് തടസ്സം നില്‍ക്കുന്നതിനോട് അലോസരം കാണിച്ചുകൊണ്ട് ഇളകിയാടുന്ന ബലൂണ്‍കൂട്ടം.
       പെട്ടെന്ന് പിന്നിലൂടെ ചില മിന്നല്‍ നീക്കങ്ങള്‍. ബലൂണ്‍ വില്പനക്കാരന് സമീപം കുട്ടിക്കായി ബലൂണ്‍ തെരഞ്ഞുനിന്ന മദ്ധ്യവയസ്കന്‍ ഒരലര്‍ച്ചയോടെ താഴെ വീഴുന്നു. ഒരു വടിവാളുയര്‍ച്ചയില്‍ ചോരത്തുളളികള്‍ വര്‍ണ്ണബലൂണുകളിലേക്ക് തെറിക്കുന്നു. ഗ്രൌണ്ടിന്റെ അരമതില്‍ചാടി ഇരുട്ടിലേക്ക് ഊളിയിടുന്ന നിഴല്‍രൂപങ്ങള്‍ കണ്ട് പകച്ചുപോയി. പേടിച്ചരണ്ട് അച്ഛനെ വിളിച്ചുകരയുകയാണ് ഏഴോ എട്ടോ വയസുവരുന്ന ആണ്‍കുട്ടി. ആംബുലന്‍സിന്റെ മൂളക്കങ്ങളിലേക്ക് അവന്റെ കരച്ചില്‍ ലയിച്ചു ചേരുന്നു... നഗരം ഒരിട നിശബ്ദമായിട്ട് പിന്നെയും താളമേളങ്ങളിലേക്ക്...

ആ കാഴ്ചയുടെ ഭീതിയില്‍, കുഞ്ഞിന്റെ വാവിട്ട നിലവിളിയില്‍... ഉറക്കം നഷ്ടപ്പെട്ട രാവിന് കൂട്ടായി തൊട്ടടുത്ത ഫ്ളാറ്റില്‍ ഒരു സുഹൃത്തിന്റെ സൌമനസ്യത്തില്‍ കിട്ടിയ ഇത്തിരവട്ടത്തില്‍ ഉറങ്ങാതെ കിടന്നു. സ്വന്തം പിതാവിനെ വെട്ടുന്നതുകണ്ടുനില്‍ക്കേണ്ടിവന്ന കൊച്ചുകുട്ടി... അവന്‍ സമാധാന കാംക്ഷിയായി വളരുമോ? അതോ... അവനും ചോരയുടെ വഴി തിരയുമോ? ഹൊ.. അതാലോചിക്കാനേ വയ്യ. ഗ്രൌണ്ടിനു സമീപം കാര്‍പാര്‍ക്ക് ചെയ്യാനുളള ശ്രമത്തിനിടെ വഴിയില്‍ ബൈക്കുകളുമായി വട്ടംനിന്ന യുവാക്കളോട് "നിങ്ങള്‍ എന്തു തോന്ന്യാസമാണ് കാട്ടുന്നത്?" എന്നു ചോദിച്ചുപോയതാണ് ആ മദ്ധ്യവയസ്കന്‍ ചെയ്ത തെറ്റ്. പതിനഞ്ചുമിനിട്ടിനകം ശിക്ഷവിധിച്ചു. " ഇനി അവന്‍ കാറോടിക്കരുത്. ഒരു കൈ എടുത്തേക്കുക." ടൂള്‍സുമായി ആ സംഘം ആളെത്തിരഞ്ഞു വെട്ടി. അതായിരുന്നു ആ രാത്രി സംഭവിച്ചതെന്ന് സുഹൃത്തു പറഞ്ഞു. പിറ്റേന്ന് മടക്കയാത്രയ്ക്ക് ട്രെയിനില്‍ കയറിയപ്പോള്‍ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. ഇരുന്ന് അല്പം മയങ്ങിയോ?

"എടോ.. എന്റെ സീറ്റില്‍നിന്ന് എണീക്കാന്‍... യൂ നോ ഹൂ ആം ഐ?" എന്ന ആക്രോശം കേട്ട് ഞെട്ടി. കൌബോയ് ജീന്‍സ് ധരിച്ച ഫ്രഞ്ച് താടിവച്ച ഒരു യുവാവ്. അവന്‍ ബാത്ത്റൂമില്‍ പോയിരുന്നു എന്നറിയാതെ അവന്റെ സീറ്റില്‍ ഇരുന്നതാണ് പ്രശ്നമായത്. "നിന്റെ വിലാസം അറിയാനല്ല ഞാന്‍ ട്രെയിനില്‍ കയറിയത്" എന്നു മറുപടി പറയാനാണ് ഉള്ളിലെ യുവത്വം ആവശ്യപ്പെട്ടത്. പക്ഷേ, ഹൃദയചക്രത്തിലിരുന്ന് അതല്ല ശരിയെന്ന് ആരോ വിലക്കുന്നു. ഒഴിഞ്ഞുകൊടുത്ത സീറ്റില്‍ അലസമായിരുന്ന് അവന്‍ മൊബൈലില്‍ വെറുതേ സെര്‍ച്ച് ചെയ്യുകയാണ്. ചുറ്റിനും ആരും ഒന്നും അറിഞ്ഞമട്ടുപോലും കാട്ടുന്നില്ല. ഇന്നലെ ഇരുളിന്റെ മറവില്‍... ഇന്നിതാ പകല്‍ വെളിച്ചത്തില്‍ യുവത്വം അലറിവിളിക്കുകയാണ്. അക്ഷമയോടെ... ഭ്രാന്തമായിത്തന്നെ... ഇവര്‍ക്ക് എന്താ ഈ ലോകത്തോടുമുഴുവന്‍ പകയാണോ? ഇതെങ്ങോട്ടുളള പോക്കാണ്? അനീതിക്കെതിരെ വെടിമുഴക്കത്തോളം ശബ്ദമുയര്‍ത്തിയ ഒട്ടേറെ വീരയുവത്വങ്ങളെ പോറ്റിവളര്‍ത്തിയ കൊച്ചിയുടെ മണ്ണിലൂടെ സമരകേസരികളുടെ വേണാടിലേക്ക് പായുന്ന ഈ ട്രെയിനില്‍ സമരവീര്യത്തിന്റെ ഗതകാലവും ക്വട്ടേഷന്‍ യുവതയുടെ വര്‍ത്തമാനവും തമ്മില്‍ ചേര്‍ത്തുവയ്ക്കാനാവാതെ വീര്‍പ്പുമുട്ടിയാണ് ആ യാത്ര അവസാനിപ്പിച്ചത്.

പണ്ട് മദ്രാസ് സെന്‍ട്രല്‍ സ്റ്റേഷനില്‍വച്ച് ഇതുപോലൊരു യുവാവ് ശ്രീനാരായണഗുരുവിനെ ട്രെയിനില്‍നിന്ന് വഴക്കുപറഞ്ഞ് ഇറക്കിവിട്ട കഥ വിദ്യാനന്ദസ്വാമിയുടെ അനുഭവക്കുറിപ്പുകളിലുണ്ട്. രാത്രി എട്ടുമണി. മദ്രാസില്‍നിന്ന് മെയില്‍വണ്ടി പുറപ്പെടാന്‍ ആദ്യ മണിയടി ശബ്ദംകേട്ടു. ഗുരു ഇരുന്ന കമ്പാര്‍ട്ടുമെന്റില്‍ താഴത്തെ ബര്‍ത്തിലുള്ളയാള്‍ തൃപ്പാദങ്ങളോട് അവിടെനിന്ന് എഴുന്നേറ്റു മാറാന്‍ ആജ്ഞാപിച്ചു. "ബെര്‍ത്ത് റിസര്‍വേഷന്‍ ഇല്ലാതെ രാത്രിയാത്ര പാടില്ലെന്ന് അറിഞ്ഞുകൂടേ സന്യാസീ" എന്നു ചോദിച്ചു. ബെര്‍ത്ത് റിസര്‍വേഷന്‍കാര്‍ക്ക് ഒഴിഞ്ഞുകൊടുക്കല്‍ രാത്രി 10 മണി കഴിഞ്ഞുമതി എന്ന റെയില്‍വേ ചട്ടം അറിയാമായിരുന്നിട്ടും അത് പറയാതെ ഗുരുസ്വാമി എഴുന്നേറ്റ് പുറത്തേക്കിറങ്ങി. ട്രെയിന്‍ പുറപ്പെടുന്നതിന് നിമിഷങ്ങള്‍ക്കുമുമ്പ് ആ യുവാവ് പാഞ്ഞെത്തി ഗുരുവിന്റെ കാലില്‍വീണ് മാപ്പിരന്നു. "ആളറിയാതെ പറ്റിയതാണ് ക്ഷമിക്കണം..." . അവനെ ആശ്വസിപ്പിച്ച് ഗുരു അവനൊപ്പം വീണ്ടും യാത്ര തുടര്‍ന്നു. തൃപ്പാദങ്ങള്‍ കാട്ടിയ ക്ഷമയാണ് യുവാവിന്റെ മനസ്സ് വിമലമാക്കിയതെന്നാണ് ആദ്യം തോന്നിയത്. സകല പ്രാപഞ്ചിക വെല്ലുവിളികളെയും മേധകൊണ്ട് നിര്‍വീര്യമാക്കുന്ന ആ സഹസ്രാരപത്മപ്രഭയുടെ അദ്ഭുതപ്രവാഹവും കാരണമായിട്ടുണ്ടാകാമെന്നായി രണ്ടാം വിചാരം. അത് നമ്മള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ വെളിച്ചമാണ്. അതിനാല്‍ ഗുരുഭക്തിയിലേക്ക് വേരോട്ടമുളള ക്ഷമതന്നെ നമുക്കായുധം.

പത്താംക്ളാസ് കഴിഞ്ഞ് സന്യസിക്കാനായി ശിവഗിരിയിലേക്ക് പുറപ്പെട്ട ചാത്തുക്കുട്ടി എന്ന കൌമാരക്കാരന്‍ ഗുരുവില്‍ ആകൃഷ്ടനായത്, കുട്ടിയായിരിക്കെ പണ്ട് പളളുരുത്തിയില്‍വച്ച് മുതിര്‍ന്നവര്‍ക്കൊപ്പം വിളിച്ചിരുത്തി ഗുരു അവന് ഊണുകൊടുത്തതിന്റെ ആ പരിഗണനയും സ്നേഹവും കൊണ്ടായിരുന്നു. രാവിലെ ഒരു കാപ്പി എന്ന ശീലം വിട്ടൊഴിയാത്ത ചാത്തുക്കുട്ടിക്ക് ആശ്രമത്തില്‍ രാവിലെ പതിവില്ലാത്ത കാപ്പി ഉണ്ടാക്കിക്കൊടുത്തു ഗുരുസ്വാമി. തന്റെ ഉളളറിഞ്ഞ ആ പരിഗണന ചാത്തുക്കുട്ടിക്ക് ജീവനെക്കാളേറെ വിശ്വാസമാണ് ഗുരുവില്‍ ഉണ്ടാക്കിയത്. ചാത്തുക്കുട്ടി പിന്നീട് ഗുരുപ്രസാദ് എന്ന പ്രഗല്ഭശിഷ്യനായി പരിണമിച്ചു. വേണ്ടസമയത്ത് കുട്ടികള്‍ക്കു നല്‍കേണ്ട പരിഗണനയും സൌമനസ്യവും അവരെ സത്യത്തിന്റെ വഴിയിലൂടെ നയിക്കും എന്ന് ചാത്തുക്കുട്ടിയുടെ കഥ വ്യക്തമാക്കുന്നു. ഇന്ന് ക്വട്ടേഷന്‍കാരുടെ വലയില്‍ മസില്‍ക്കരുത്ത് കാട്ടുന്ന യുവത്വത്തെ പരിശോധിക്കുക. വേണ്ടത് വേണ്ട സമയത്ത് അവര്‍ക്ക് കിട്ടിയിട്ടുണ്ടാവില്ല. കിട്ടിയതൊക്കെ അമിതാഹാരംപോലെ ഉളളില്‍ക്കിടന്ന് അജീര്‍ണമുണ്ടാക്കിയിട്ടുമുണ്ട്. അതിന്റെ ദഹനക്കേടാണ് വഴിയിലിറങ്ങി കാട്ടുന്നത്. ജീവിതം എന്തിനെന്നറിയാതെ പോകുന്നവരാണിവര്‍. താന്‍ അറിഞ്ഞ അല്ലല്‍ മകന്‍ അറിയാതിരിക്കാന്‍ കുട്ടിക്കാലത്ത് അവന്റെ ആഗ്രഹങ്ങള്‍ക്ക് പിന്നാലേ പാഞ്ഞിട്ടുണ്ടാകാം രക്ഷാകര്‍ത്താവ്. കുറച്ചൊക്കെ കഷ്ടപ്പാടുകള്‍ അറിഞ്ഞു വളരുന്നതാണ് നല്ലത്. വിശപ്പ് മനുഷ്യത്വമുണ്ടാകാന്‍ പറ്റിയ ഔഷധമാണ്. അന്തികഴിഞ്ഞാല്‍ കുടിച്ചു കൂത്താടിയെത്തുന്ന പിതാവില്‍നിന്നോ പൊമറേനിയന്‍ നായ്ക്കുട്ടിക്കൊപ്പം ഉറങ്ങിയുണരുന്ന മാതാവില്‍നിന്നോ അവന് കണ്ടെടുക്കാന്‍ ഒരു ഗുണവും കിട്ടാതെ പോയിരിക്കാം. ഗുരുദേവാ... മഹത്വത്തിലേക്ക് വഴികാട്ടുന്ന അങ്ങയുടെ ദര്‍ശനസൌരഭ്യം അറിയാതെ ഇവിടെ ആരും വെറുതേ ജനിച്ച് ജീവിച്ച് മരിക്കാന്‍ ഇടയാകരുതേ എന്നു മാത്രമാണ് പ്രാര്‍ത്ഥന.

2 comments:

  1. വീട്ടിലെ അന്തരീക്ഷം കുട്ടികളുടെ മാനസിക വളര്‍ച്ചക്കു യോജിച്ചതയിരികണം. ചാനലുകളിലെ പാട്ടും കൂത്തും സിനിമയും അത്രമാത്രം കുട്ടികളുടെ ജീവിത രീതിയെ സ്വാധിനിക്കുന്നു എന്ന് മാതാപിതാക്കള്‍ മനസ്സിലാക്കണം.അവര്‍ പോകുന്നതും വരുന്നതും അവരുടെ കൂട്ടുകെട്ടും മാതാപിതാക്കള്‍ മനസ്സിലാക്കണം.

    ReplyDelete
  2. കാലാതിവര്‍ത്തിയായ സ്നേഹസന്ദേശം പകര്‍ന്ന് കൊടുക്കാം. എല്ലാം സൌമ്യവും ദീപ്തവുമായിത്തീരട്ടെ. നല്ല പോസ്റ്റ്. (ഒരിയ്ക്കല്‍ രാജീവ് കോടമ്പള്ളി-ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റിലെ ആര്‍ജെ- ഇങ്ങിനെ പറഞ്ഞു. കേരളത്തില്‍ പോയാല്‍ ആരോടും ഒന്നും എതിര്‍ പറയാന്‍ നില്‍ക്കരുത്. അതാണ് ജീവരക്ഷയ്ക്ക് ഉത്തമം) ഇപ്പോള്‍ ഡര്‍ബാര്‍ ഹാള്‍ ഗ്രൌണ്ടിലെ കൊട്ടേഷന്‍ വിഷയം വായിച്ചപ്പോള്‍ അത് ശരിയെന്ന് തോന്നുന്നു

    ReplyDelete