Sunday, 8 April 2012

ശ്രീശാരദയ്ക്ക് പ്രിയം വിദ്യാനിവേദ്യമൂട്ട്


പൂത്തുനില്‍ക്കുന്ന കണിക്കൊന്നയുടെ താഴെ വെണ്‍മയുടെ സുന്ദരചതുരംപോലെ നില്‍ക്കുന്ന അരുവിപ്പുറം ശിവക്ഷേത്രത്തിന്റെ നികടത്തില്‍ വിവിധപ്രായക്കാരായ അറുപതോളം വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ ഇരിക്കുമ്പോള്‍ ഓര്‍മ്മയില്‍ തെളിമയോടെ വീണുകിട്ടി ഒരു പഴയകാലത്തിന്റെ ഒളിമങ്ങാത്ത ചിത്രം... വിദ്യാര്‍ത്ഥികളില്‍ ഇന്നത്തെ അത്രയും അവകാശബോധമോ അദ്ധ്യാപകരില്‍ ഇത്രയും സ്വാര്‍ത്ഥതയോ ഉണ്ടാവാതിരുന്ന വിദ്യാതീര്‍ത്ഥത്തിന്റെ പവിത്രത നുകര്‍ന്നുനിന്ന ആ പഴയകാലം.

ഗര്‍ഭവതിയായ അമ്മ പൊക്കിള്‍ക്കൊടിയിലൂടെ തന്റെ ജീവരക്തത്തില്‍ അലിഞ്ഞ അമൃതാഹാരം കുഞ്ഞിലേക്ക് പകരുന്നതുപോലെ ഗുരുവും ശിഷ്യനും ഒരു പാരസ്പര്യത്തിന്റെ ചരടുമുറിക്കാതെ വിദ്യാദാനം നടത്തുന്ന പ്രക്രിയയെക്കുറിച്ച് നടരാജഗുരുവിന്റെ ആത്മകഥയിലെ ചില സന്ദര്‍ഭവിവരണങ്ങളാണ് ആ സുരഭിലകാലത്തിന്റെ തെളിമയുള്ള ചിത്രം മനസില്‍വരച്ചത്. "മുട്ടിപ്പുല്ലുകള്‍ക്കും കാട്ടുപൂച്ചെടികള്‍ക്കുമിടയ്ക്കൂടെ വയലിന്റെ വക്കിലൊഴുകിക്കൊണ്ടിരിക്കുന്ന നീരൊഴുക്കില്‍ ഗുരു കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വെയില്‍ നന്നായി ഉറച്ചിട്ടുണ്ട്. ആ യുവശിഷ്യന്‍ ഗുരുവിന്റെ വസ്ത്രങ്ങള്‍ അടിച്ചു നനച്ച് തൂവെള്ളയാക്കി വിരിച്ചു. പ്രാചീനഭാരതത്തിന്റെ ഒരംശം ആ വയല്‍വക്കില്‍ തങ്ങി നില്‍ക്കുന്നതായി തോന്നി." നടരാജഗുരു കേരളത്തിലെ ഒരു 'ഓണംകേറാമൂല'യില്‍ താന്‍ കണ്ട ഒരു ഗുരുകുലത്തെക്കുറിച്ചാണ് വിവരിച്ചിരിക്കുന്നത്. ഊട്ടിയിലെ ഫേണ്‍ഹില്ലില്‍ താന്‍ ഭാവിയില്‍ ഉണ്ടാക്കിയ മാതൃകാ ഗുരുകുലത്തിന് നാമ്പിട്ടത് ഈ ദൃശ്യമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ആരുടെയും സദാചാരബോധത്തെ കളങ്കപ്പെടുത്താത്ത ശൃംഗാരത്തിന്റെ ശുദ്ധഭാവം നിറഞ്ഞുനില്‍ക്കുന്ന കാളിദാസന്റെ ശാകുന്തളം പഠിപ്പിക്കുമ്പോള്‍ അവിവാഹിതരായ ശിഷ്യന്മാരില്‍ ഉണ്ടായേക്കാവുന്ന കൃത്രിമമായ ലജ്ജാഭിനയങ്ങളെ തുടച്ചുമാറ്റുന്ന അദ്ധ്യാപനകല ആ ഗുരുവില്‍ നിറഞ്ഞുനിന്നിരുന്നു എന്നും നടരാജഗുരു വീക്ഷിക്കുന്നു. ഇത്തരം ഒരു അദ്ധ്യാപനകലയിലൂടെ സ്വായത്തമാക്കുന്ന അറിവിന്റെ അനുഭൂതിരസം നുകരാന്‍ ഒരിക്കലും ഭാഗ്യം ലഭിച്ചിട്ടില്ലാത്ത മൂന്നാമത്തെയോ നാലാമത്തെയോ തലമുറക്കാരാണ് അരുവിപ്പുറത്ത് ഗുരുധര്‍മ്മ പ്രചാരണ സഭ സംഘടിപ്പിച്ച ഈ വെക്കേഷന്‍ ക്ളാസില്‍ ഇരിക്കുന്നത് എന്ന ബോധം ഉള്ളില്‍ ഒരു സഹതാപനുര സൃഷ്ടിച്ചു.

ഇവര്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കിട്ടാതെപോകുന്ന അദ്ധ്യാപനകലയെക്കുറിച്ച് ഒരുദാഹരണം പറയാം. വീണപൂവ് എന്ന കവിതാഭാഗം പാഠപുസ്തകത്തില്‍ ആദ്യവായനയില്‍ത്തന്നെ വിദ്യാര്‍ത്ഥിയോട് ഭാവാത്മകമായി സംസാരിച്ചു തുടങ്ങും. അവന് അതുവരെ പിടികൊടുക്കാത്ത വാഗര്‍ത്ഥങ്ങളിലൂടെ ഭാവനയുടെ രസമുകുളങ്ങളെ ഉണര്‍ത്തുന്ന ഒരു വിവരണം. കവിതയുടെ രസം നിറയുന്ന ആലാപനം. മനുഷ്യജന്മത്തിന്റെ നശ്വരതയെക്കുറിച്ച് അതു പകരുന്ന ബോധം. കവിതയുടെ അന്നത്തെ കാലികപ്രസക്തി വിവരണം. എന്നിങ്ങനെ എത്രയോ ധര്‍മ്മങ്ങള്‍ ഈ കവിത പഠിപ്പിക്കുന്ന അദ്ധ്യാപകനില്‍ നിക്ഷിപ്തമാണ്. എന്നാല്‍ സംഭവിക്കുന്നതെന്താണ്? ഒരു വായന, വാക്കുകളുടെ അര്‍ത്ഥം മാര്‍ക്ക് ചെയ്യല്‍, കാണാതെ പഠിക്കേണ്ട ഭാഗം പുസ്തകത്തില്‍ അടയാളപ്പെടുത്തല്‍, പിന്നെ പിറ്റേന്ന് ഒരു ചൂരല്‍വടിയുടെ അകമ്പടിയോടെ കാണാപ്പാഠം ചൊല്ലിക്കല്‍. അതോടെ കഴിഞ്ഞു വീണപൂവ് എന്ന കവിതാപഠനം. വിദ്യാദാനത്തില്‍ ഉപയോഗിക്കാതെപോയ ഭാവാത്മകത ആ ക്ളാസ്മുറിയുടെ മൂലയില്‍ ഉപേക്ഷിക്കപ്പെട്ടുകിടക്കും. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ സ്നിഗ്ധത നിലനിന്നിരുന്ന ഒരു കാലം നമ്മുടെ ഗുരുകുല വിദ്യാഭ്യാസത്തിന്റെ തൊട്ടടുത്ത് നില്‍പ്പുണ്ട്. അതിന്റെ രസഞരമ്പ് മുറിച്ച അദ്ധ്യാപനരീതികള്‍ കാണാം ഇക്കാലത്തെ ഇംഗ്ളീഷ് മീഡിയം സ്കൂളുകളില്‍.

ആലുവ അദ്വൈതാശ്രമത്തില്‍ ശ്രീനാരായണഗുരുദേവന്‍ സംസ്കൃതസ്കൂള്‍ തുടങ്ങിയപ്പോള്‍ ജാതി അയിത്തം നിലനിന്നിട്ടുപോലും സവര്‍ണരും അവര്‍ണരും കുട്ടികളെ ഒരുപോലെ വിശ്വസിച്ച് അയച്ചിരുന്നു. "അവിടെനിന്ന് ഒന്നും വാങ്ങിക്കഴിക്കാന്‍ നില്‍ക്കേണ്ട" എന്നൊരു ഉപദേശം സവര്‍ണ മാതാപിതാക്കള്‍ നല്‍കിയിരുന്നു എന്നു മാത്രം. അങ്ങനെ ജാതിയുടെ പേരില്‍ ഉണ്ണാവ്രതം അനുഷ്ഠിക്കുന്ന കുട്ടികള്‍ക്ക് അവരുടെ വിശ്വാസഭംഗം വരുത്താതെ സവര്‍ണരുടെ കടയില്‍നിന്ന് ആഹാരം വാങ്ങി നല്‍കിയിട്ടുണ്ട് ഗുരുദേവന്‍. ഗുരുവിന്റെ ആ വിശാല ഹൃദയം കണ്ടുവളര്‍ന്ന ആ സവര്‍ണക്കുട്ടികള്‍ പിന്നീടൊരിക്കലും മറ്റൊരാളെ ജാതി അയിത്തത്തിന്റെ പേരില്‍ അന്യനായി കണ്ടിരുന്നില്ല. ചൂരലും ഇമ്പോസിഷനും മൊട്ടയടിക്കലും ഒന്നുമില്ലാതെ സ്നേഹബന്ധത്തിന്റെ ചരടില്‍കോര്‍ക്കുന്ന പരസ്പരവിശ്വാസത്തിന്റെ ഗുരുശിഷ്യബന്ധം. അതിനി എവിടെ കിട്ടും?

ഗുരുദേവന്‍ എന്ന ഗുരു സമൂഹത്തിന് നല്‍കിയ കരുത്തരായ സിംഹക്കുട്ടികളുടെ ഒരു വലിയ നിരതന്നെയുണ്ട് ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍. അവര്‍ പടുത്തുയര്‍ത്തിയതാണ് ഈ കേരളത്തിന്റെ സമസ്തമേഖലകളും. കുമാരനാശാനെന്നോ ടി.കെ. മാധവനെന്നോ ഡോ. പല്പുവെന്നോ നടരാജഗുരുവെന്നോ പറയാതെ കേരളനവോത്ഥാനത്തെക്കുറിച്ച് ഒരാള്‍ക്കും ഒന്നും പറയാന്‍ കഴിയാത്തവിധം കരുത്തുള്ള ഒരു ശിഷ്യാവലിയെയാണ് ഗുരു സൃഷ്ടിച്ചത്.

വിദ്യാഭ്യാസരംഗത്തുനിന്ന് മാഞ്ഞുപോയ മൂല്യങ്ങളെ നട്ടുവളര്‍ത്തുന്ന മാതൃകാ വിദ്യാഭ്യാസം ഇന്നത്തെ കാലത്തിന് അന്യമാണ്. ഒരു തൊഴില്‍ എന്നതിലുപരി അദ്ധ്യാപനത്തെ സ്വധര്‍മ്മമായി കാണുന്ന ഒരുപറ്റം അദ്ധ്യാപകര്‍. മനുഷ്യന്‍ എന്ന പദത്തിന്റെ അര്‍ത്ഥപൌര്‍ണമി ഉള്ളിലുദിക്കാനായി ജീവിതപാഠങ്ങള്‍ നുകരാനെത്തുന്ന വിദ്യാര്‍ത്ഥി സമൂഹം. അവര്‍ ഏതു തൊഴിലില്‍ പ്രാഗത്ഭ്യം നേടിയാലും മനുഷ്യന്‍ എന്ന അടിസ്ഥാനഗുണം കൈവിടാതെ ജീവിക്കണം. അതിന് വരുംതലമുറയെ പ്രാപ്തരാക്കുന്ന ഒരു വിദ്യാലയം ഗുരുവിന്റെ നാമത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ശാരദാപ്രതിഷ്ഠാ ശതാബ്ദിയില്‍ ഗുരുവിനെ ധ്യാനിച്ച് ശാരദാദേവിയെ ഉപാസിച്ച് അങ്ങനെയൊരു വിദ്യാലയത്തിന്റെ രൂപീകരണത്തിന് നമുക്ക് തുടക്കമിട്ടാലോ? നൂറ് ശതാബ്ദി സമ്മേളനങ്ങളേക്കാളും ലക്ഷം മന്ത്രജപങ്ങളേക്കാളുമേറെ ഗുരുദേവനെയും ശാരദാദേവിയെയും ഒരുമിച്ചു പ്രസാദിപ്പിക്കുന്ന ഒരു നിവേദ്യപൂജയായിരിക്കും അത്.

വെക്കേഷന്‍ ക്ളാസിനെത്തിയ കുട്ടികളുമായി ഗുരുദര്‍ശനത്തെക്കുറിച്ച് ഹ്രസ്വസംവാദത്തിനുശേഷം തിളയ്ക്കുന്ന ഉച്ചവെയില്‍താണ്ടി അരുവിപ്പുറത്തുനിന്ന് മടങ്ങുമ്പോള്‍ നെയ്യാറിനെ തലോടിയെത്തിയ ഇളംകാറ്റും പറയുന്നു. "അതേ വേണം, ശാരദാദേവിക്ക് ഇങ്ങനെയൊരു വിദ്യാനിവേദ്യമൂട്ട്.

No comments:

Post a Comment