Wednesday 2 May 2012

ഏകാകിയുടെ കര്‍മ്മ പഥത്തിലൂടെ


ശംഖുംമുഖം കടപ്പുറത്ത് വല്ലാത്ത തിരക്ക്. തിരകള്‍ക്കും തിരക്കിനുമിടയില്‍ അനന്തമായ ആകാശത്തേക്ക് നോക്കി നില്‍ക്കുമ്പോള്‍ ശബ്ദകോലാഹലങ്ങളില്‍ നിന്ന് കാതുകള്‍ ഉള്‍വലിയുന്നു. കാഴ്ച അതിന്റെ നാമരൂപങ്ങളില്‍നിന്ന് മുക്തമാകുന്നു. മനസൊരു ദിവ്യപ്രകാശത്തെ ലക്ഷ്യംവയ്ക്കുന്നതുപോലെ. അലയൊടുങ്ങിയ ആഴപ്പരപ്പിന് ദീപ്തതനല്‍കിയും അലയൊടുങ്ങാത്ത തിരകളില്‍ നക്ഷത്രക്കൂട്ടങ്ങളെ വാരിവിതറിയും സൂര്യകിരണങ്ങള്‍ മനസില്‍ ചിന്തയുടെ പുതിയ മണ്‍ചിരാത് കൊളുത്തുകയാണോ?.

ജീവിതത്തില്‍ അറിഞ്ഞുകൊണ്ട് ഒരു ബട്ടണും അമര്‍ത്തരുത്. സ്വാഭാവികമായി സംഭവിക്കുന്ന തവോയുടെ ഇച്ഛയ്ക്ക് വിധേയനാവുക എന്ന് നടരാജഗുരു പങ്കുവയ്ക്കുന്ന വീക്ഷണത്തിന്റെ പ്രായോഗികതയെക്കുറിച്ച് കുറച്ചുദിവസമായി ചിന്തിക്കുകയായിരുന്നു. ഒരാള്‍ക്ക് ഒന്നിലും ഇടപെടാതെ എങ്ങനെ ജീവിക്കാന്‍ സാധിക്കും എന്നത് സംശയമായിത്തന്നെ അവശേഷിച്ചു. തവോയുടെ ഇച്ഛയനുസരിച്ചുമാത്രം ജീവിക്കുക എന്നതേ മനുഷ്യന് സാധ്യമാകൂ എന്ന് മറ്റൊരുവഴിക്ക് മനസ് തര്‍ക്കിച്ചു. എന്നാല്‍ ഈ കടല്‍ക്കരയും അസ്തമനസൂര്യനും മനസിന്റെ പ്രക്ഷുബ്ധത ദൂരീകരിക്കുന്നു. സൂര്യന്‍ തന്റെ സാന്നിദ്ധ്യംകൊണ്ടുതന്നെ ജീവിതസന്ദേഹങ്ങള്‍ ഇല്ലാതാക്കുന്നു. അതിനാല്‍ എല്ലാ ശ്രദ്ധയും സൂര്യന്‍ അപഹരിക്കുകയാണ്.

ആരാണ് സൂര്യന്‍? ഒരു ഏകാന്തപഥികന്‍ എന്ന് ഉത്തരം. സ്വന്തം ആത്മചൈതന്യത്താല്‍ സൌരയൂഥത്തിന് വെളിച്ചമേകുമ്പോഴും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ആകര്‍ഷണപരിധിവിട്ടുപോകാനാവാതെ വിധേയത്വത്തോടെ പ്രദക്ഷിണം ചെയ്യുമ്പോഴും അവയോടൊക്കെ നിര്‍മ്മമനായിക്കൊണ്ട് എകാന്തപദയാത്രചെയ്യുന്ന ആഗ്നേയ പ്രകൃതിയായ അവധൂതനാണ് സൂര്യന്‍. സ്വയം അറിവിന്റെ വെളിച്ചമായും ലക്ഷക്കണക്കിന് ആളുകളുടെ ആരാധനാപാത്രമായും ആകര്‍ഷണകേന്ദ്രമായും പരിലസിക്കുമ്പോഴും സൂര്യനെപ്പോലെ ഉള്ളില്‍ തികച്ചും ഏകാകിയായിരുന്നുവല്ലോ ശ്രീനാരായണ ഗുരുവും എന്നോര്‍ത്തു. അതൊരു ഉള്‍വെളിച്ചമായിരുന്നു. സ്വയം ഉദ്ദീപിപ്പിക്കുന്ന ചിന്ത. സൂര്യനെ ധ്യാനിച്ചു നിന്ന മനസ് ഗുരുവിലേക്കാണല്ലോ നീങ്ങുന്നത്. ഇതെങ്ങനെ സംഭവിച്ചു? ഇതാണോ തവോയുടെ ഇടപെടല്‍. കരുതിക്കൂട്ടി ഒന്നും ചിന്തിക്കാതെതന്നെ മനസ് പുതിയ ചിന്തകളിലേക്കും ഉത്തരങ്ങളിലേക്കും നയിക്കപ്പെടുന്നത് തവോയോടുളള വിധേയത്വം കൂടുന്നു എന്നതിന്റെ തെളിവാണോ?
ഒന്നോര്‍ത്താല്‍ ലോകം സൃഷ്ടിച്ച് രക്ഷിച്ച് ലയിപ്പിക്കുന്ന സവിതാവ് ഏകാകിയല്ലേ? ആ ഏകാന്തസത്യത്തെത്തേടിയിറങ്ങുന്നവര്‍ എന്നും ഉള്ളിന്റെ ഉളളില്‍ ഏകാകികളായിരിക്കും. സവിതാവ് സൂര്യനെ സ്വരൂപമാക്കുന്നതുപോലെ വിശ്വസിച്ച് തന്റെ ഹൃദയം സൂക്ഷിക്കാന്‍ ഏല്പിക്കുന്നത് ഏകാകിയുടെ കൈയിലാവണം. അതുകൊണ്ടാണ് ഏകാകി സങ്കടങ്ങളില്‍ അലിഞ്ഞും കരുണയാല്‍ വിങ്ങിയും സ്വയം ഉളളിലറിഞ്ഞ് നടക്കുന്നത്. കൃഷ്ണനും ക്രിസ്തുവും നബിയും ബുദ്ധനും ശങ്കരാചാര്യരുമെല്ലാം ഏകാകികളായിരുന്നല്ലോ! ആ വഴിത്താരയില്‍ വെളളമുണ്ടും തോര്‍ത്തും മാത്രമണിഞ്ഞ് വന്നിറങ്ങിയ ഒരു ഏകാന്തപഥികനെ നമ്മള്‍ ശ്രീനാരായണ ഗുരുവെന്നു വിളിച്ചു.

"ജീവിതത്തെക്കുറിച്ച് ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളെ ഉളളിലടക്കിക്കൊണ്ട് അക്ഷമരായി കഴിയുന്ന ലോകര്‍ക്ക് നൂറ്റാണ്ടുകള്‍കൂടുമ്പോള്‍ മാത്രം ജീവിതത്തിന്റെ വഴിത്താരയില്‍ പ്രത്യക്ഷപ്പെടുന്ന ഏകാകിയായ മനുഷ്യന്‍ ആശ്ചര്യം ഉളവാക്കുന്നു. ആ തേജഃ പുഞ്ജത്തില്‍ മനുഷ്യരാശിക്കെന്നും ലക്ഷ്യമായിരിക്കുന്ന ആനന്ദത്തിന്റെ ഉറവിടത്തെ അവര്‍ കാണുന്നു. ആ മഹാത്മാവിന്റെ വാക്കുകള്‍ നീണ്ടുപോകുന്ന സംശയങ്ങളെയും ഘനീഭവിച്ച അജ്ഞാനത്തെയും ദൂരീകരിക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ആധാരമാക്കി സാഹിത്യവും കലയും ശാസ്ത്രവുമെല്ലാം വളര്‍ന്നു വൃദ്ധിപ്രാപിക്കുന്നു. ചരിത്രത്തിനു പരിക്രമണം ചെയ്യാന്‍ അദ്ദേഹത്തിന്റെ ജീവിതം അച്ചുതണ്ടായിത്തീരുന്നു." എന്നിങ്ങനെ 'ഗുരുവരുള്‍' എന്ന നടരാജഗുരു എഴുതിയ ഗുരുദേവ ചരിതത്തില്‍ വിവരിക്കുന്നുണ്ട്. ചരിത്രം ഗുരുവിനെ അച്ചുതണ്ടാക്കി പരിക്രമണം ചെയ്തുവെന്ന വാക്യത്തിലൂടെ ഗുരു മുഖാന്തരം സാമൂഹ്യവ്യവസ്ഥിതിയിലുണ്ടായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു ജനതയുടെ ഉണര്‍ച്ച, സ്വയം കണ്ടെത്തല്‍, വളര്‍ച്ച എന്നിങ്ങനെ സംഭവങ്ങളെ വേര്‍തിരിച്ചാല്‍ അതെല്ലാം ഏകാകിയായ ഗുരുവില്‍ നിന്നുണ്ടായ പ്രഭാസ്ഫുരണങ്ങളാല്‍ സംഭവിക്കുന്നതാണെന്നു കാണാം.

അരുവിപ്പുറത്ത് ഗുരുവില്‍ ആകൃഷ്ടരായി ജനം തടിച്ചുകൂടി. അവിടെ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജനക്കൂട്ടവും ജീവിതവ്യവഹാരങ്ങളും ഏറിവന്നപ്പോള്‍ ഗുരുവിലെ ഏകാകി സ്വസ്ഥമായ മറ്റൊരിടം തേടിയിറങ്ങി. അതായിരുന്നു ശിവഗിരി. അവിടം ആ പവിത്ര സാന്നിദ്ധ്യംകൊണ്ട് ലോകശ്രദ്ധയാകര്‍ഷിക്കുന്ന ഒരു ആദ്ധ്യാത്മിക കേന്ദ്രമായി. അവിടെയും അശരണര്‍ തിരക്കുകൂട്ടി. ശാരദാപ്രതിഷ്ഠകഴിഞ്ഞ് നമുക്കിരിക്കാന്‍ മറ്റൊരിടം വേണം എന്നുപറഞ്ഞ് ഗുരു അവിടെനിന്നും ഇറങ്ങി. അത് ആലുവ അദ്വൈതാശ്രമം ഉണ്ടാക്കുന്നതില്‍ അവസാനിച്ചു. ഏകാന്തതയ്ക്ക് ഭഞ്ജനമുണ്ടാകുമ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ വലയംഭേദിച്ച് തൃപ്പാദങ്ങള്‍ ഇങ്ങനെ സഞ്ചരിച്ചുകൊണ്ടേയിരുന്നു. ഓരോയിടത്തും ആ പാദസ്പര്‍ശം ജനമനസ്സുകളെ ഇളക്കി. അവരില്‍ ആ സാന്നിദ്ധ്യം ഉണ്ടാക്കിയ ഊര്‍ജം പുതിയ കാലത്തെ നിര്‍മ്മിക്കുന്ന കര്‍മ്മപഥങ്ങളായി. ഗുരു ബോധപൂര്‍വം അതിനു പ്രോത്സാഹനം നല്‍കിക്കൊണ്ടിരുന്നു.

ജനം തങ്ങളുടെ ജീവിതവ്യഥകള്‍ ഇറക്കിവയ്ക്കാന്‍ മറ്റൊരു ആശ്രയമില്ലാതെ വലയുന്ന ഇടങ്ങളില്‍ നിയതി ഗുരുവിനെ എത്തിച്ചു. ഫുല്ലബാലരവിപോലെ ജനക്കൂട്ടത്തിനിടയില്‍ തിളങ്ങിനിന്ന ഗുരുസ്വാമി എതിര്‍പ്പുകള്‍ക്കതീതനായിരുന്നു. ഒളിഞ്ഞും മറഞ്ഞും ചില മനുഷ്യര്‍ ഗുരുവിനെ എതിര്‍ത്തിരുന്നു അക്കാലത്ത്. എന്നാല്‍ ഒരു ക്ഷണമാത്രയുള്ള സാമീപ്യംകൊണ്ട് ആ എതിര്‍പ്പിനെ ഇല്ലാതാക്കാനുളള തേജസ് ആ മുഖകമലത്തില്‍ ഉണ്ടായിരുന്നു. സശരീരിയായിട്ടുളള യാത്രകളില്‍ ഏകാന്തത നഷ്ടമായപ്പോള്‍ ഗുരുസ്വാമി തന്റെ ശരീരമുപേക്ഷിച്ച് നിത്യ സത്യത്തില്‍ ലയിച്ചു. എന്നാല്‍ വിശ്വസിച്ച് പിന്‍പറ്റിയ ബഹുലക്ഷങ്ങള്‍ക്ക് ഇന്നും ആശ്രയം ഗുരുസ്വാമിതന്നെ. കാരണം, ഇത്രയും കറതീര്‍ന്ന മറ്റൊരു ആഗ്നേയപ്രകൃതം മനുഷ്യര്‍ക്ക് ദൃഷ്ടിഗോചരമായിട്ടില്ലല്ലോ. "നമുക്കിതില്‍പ്പരം ദൈവം നിനയ്ക്കിലുണ്ടോ" എന്ന് ആശാന്‍പാടിയത് എത്ര അന്വര്‍ത്ഥമാണ്. ഇന്നും ഈ മണ്ണില്‍ കരുണയും സ്നേഹവും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സാന്ത്വനമാണ് ശ്രീനാരായണഗുരു. ആ കാല്പാടുകള്‍ പിന്‍പറ്റുകയെന്നതാണ് ഈശ്വരനിയോഗം അഥവാ തവോയുടെ ഇച്ഛയെന്ന ബോധ്യമാണ് ശംഖുംമുഖം കടല്‍ക്കരയില്‍ അസ്തമനസൂര്യന്‍ നല്‍കിയ സന്ദേശമെന്ന് തിരിച്ചറിയുന്നു.

1 comment:

  1. ഗുരുചരണം സ്മരണീയം..

    ReplyDelete