Monday, 2 April 2012

നിനക്ക് നൊമ്പരം; എനിക്ക് മുക്തി


ടെമ്പോവാനിന്റെ മുന്‍ഭാഗത്തേക്ക് നീട്ടിയ തടിക്കഷ്ണങ്ങളിലെ ചൂണ്ടക്കൊളുത്തുകളില്‍ കൊരുത്ത് കമിഴ്ന്ന് കിടക്കുകയായിരുന്നു ആ മനുഷ്യര്‍. തോളിനുതാഴെയും കാല്‍മുട്ടുകള്‍ക്കടുത്തുമായി ദേഹത്ത് നാല് ഇരുമ്പുകൊളുത്തുകള്‍ തുളച്ചുകയറിയിരിക്കുന്നു. ആ കാഴ്ചയിലേക്ക് ഒന്നേ നോക്കാനായുള്ളൂ. കണ്ണുകളെ ആയിരം കാതം അകലേക്ക് വലിച്ചുകൊണ്ട് ഓടിമറയാനാണ് തോന്നിയത്. ഇത്തരമൊരു ദൃശ്യംകണ്ട് ഭക്തി മൂത്ത് "ആണ്ടവാ..." എന്നോ "അമ്മേ ...മഹാമായേ" എന്നോ കരഞ്ഞുപ്രാര്‍ത്ഥിക്കാന്‍ മനസ്സില്ലാതെ പോയവനെ നിരീശ്വരവാദിയെന്നോ മറ്റോ വിളിക്കുമെങ്കില്‍ അതേറ്റുവാങ്ങാന്‍ മനസ്സുകൊണ്ട് തയ്യാറെടുത്തശേഷമാണ് ഈ കുറിപ്പെഴുതുന്നത്.

ദേശീയപാതവഴി തലസ്ഥാനത്തേക്കുള്ള ഒരു മടക്കയാത്രയിലാണ് ഈ ഭക്തിപ്രയാണത്തിനിടയില്‍പ്പെട്ടുപോയത്. വില്ലിന്‍തൂക്കക്കാര്‍ക്ക് താഴെ ചെണ്ടമേളത്തോടൊപ്പം കാല്‍കുഴഞ്ഞ് തുള്ളുന്ന 'മദ്യപസംഘം'. (ഇതും ഭക്തി മാര്‍ഗമാണ്?) അവര്‍ക്കിടയില്‍ ശരീരമാകെ ശൂലം തറച്ച് കാവടിയേന്തുന്ന മഞ്ഞവസ്ത്രധാരികള്‍. കൊട്ടും പാട്ടുമായി ആ സംഘം റോഡിലൂടെ നീങ്ങുകയാണ്. വാഹനം ഗട്ടറില്‍ പതിച്ചാല്‍ ചൂണ്ടക്കൊളുത്തില്‍ കിടക്കുന്നവര്‍ക്ക് എത്രത്തോളം വേദനിക്കും എന്ന് ചിന്തിച്ചപ്പോള്‍ ഉള്ളൊന്നു കോരിപ്പെരുത്തു. അരുത്... ആ ദൃശ്യങ്ങള്‍ ഇനിയും ഓര്‍ക്കരുതേ... എന്ന് സ്വന്തം മനസ്സിനോട് തന്നെ കേണു. ആത്മപീഡനത്തിന്റെ ഇത്തരം ഭക്തിശാസ്ത്രത്തെ ഭക്തിയുടെ ഒരു തലമായി വ്യാഖ്യാനിക്കുന്നുണ്ട് ചിലര്‍. മറ്റൊരുവന്റെ കഷ്ടതകള്‍ തീരാന്‍ സ്വന്തം ശരീരം നോവില്‍നീറ്റിയെടുത്ത് തൂങ്ങിക്കിടക്കുന്ന വില്ലിന്‍തൂക്കക്കാരനിത് സ്വന്തം പാരമ്പര്യം നിലനിറുത്താനുള്ള വ്രതമാണത്രേ. അതില്‍നിന്ന് പിന്തിരിയാന്‍ ഏതെങ്കിലും ഒരു തലമുറക്കാരന്‍ തയ്യാറായാല്‍ പിന്നെ ഉണ്ടാകുന്ന വിധിദോഷങ്ങള്‍ മുഴുവന്‍ അവന്റെ 'ഭക്തിനിഷേധ'ത്തിന്റെ അക്കൌണ്ടിലിടും ബന്ധുക്കളും വിശ്വാസി സമൂഹവും. അതിനാല്‍ ഒരോ തലമുറയും ഈ ദുരാചാരവൃത്തിയില്‍ സ്വയം കൊരുക്കപ്പെടുന്നു.

ഒരിക്കല്‍ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിലെത്തിയപ്പോള്‍ സമാനമായ ഒരു അനുഭവമുണ്ടായി. ഗോപുരത്തിനുള്ളിലേക്ക് കടന്നതും തോര്‍ത്തുടുത്ത ഒരു ബാലന്‍ ദയനീയമുഖത്തോടെ മുന്നില്‍നില്‍ക്കുന്നു. "സാറിന്റെ എന്തുദോഷം തീര്‍ക്കാനാണെങ്കിലും ഞാന്‍ ഉരുളാം... എന്തെങ്കിലും തന്നാല്‍ മതി..."

എന്റെ ദോഷം തീര്‍ക്കാന്‍ നീ ഉരുണ്ടാല്‍ എങ്ങനെ?

"ഇവിടെ ഇത് പതിവാണ്..." എന്നായി ബാലന്‍. അവന് ഒരു നേരത്തെ ആഹാരം വാങ്ങാന്‍ കണക്കാക്കി പണംകൊടുത്തു. "ഇത് നിന്റെ ഉരുള്‍ നേര്‍ച്ചയില്‍നിന്ന് എന്നെ ഒഴിവാക്കാനുള്ള ദക്ഷിണയാണ്" എന്നു പറഞ്ഞു. കുറച്ചു നേരം അന്തം വിട്ട് നിന്നിട്ട് അവന്‍ അടുത്ത 'ഭക്തന്റെ' പിറകേ ഓടി. ഒരു വലിയ കുടുംബത്തിന് അന്നംതേടുകയാണവന്‍ എന്ന് പിന്നീടറിഞ്ഞു. അതു കേട്ടപ്പോള്‍ ശരിക്കും കേണുപോയി, " ആണ്ടവാ...നീയിത് കണ്ടിട്ട് അനങ്ങാതിരിക്കുന്നല്ലോ?"

നമ്മുടെ ആഗ്രഹ സാഫല്യത്തിനായി മറ്റുള്ളവരെ കുരുതികൊടുക്കുന്ന രീതി പണ്ടേ ഉള്ളതാണ്. മൃഗങ്ങള്‍ക്കും അയിത്തക്കാരായ മനുഷ്യര്‍ക്കുമൊക്കെ നമ്മുടെ മുന്‍തലമുറയുടെ മോക്ഷത്തിനായി ജീവന്‍ വെടിയേണ്ടിവന്നിട്ടുണ്ട്. വില്ലിന്‍ തൂക്കക്കാരനും ശൂലക്കാവടിക്കാരനും ഉരുള്‍ച്ചക്കാരനുമൊക്കെ ആര്‍ക്കൊക്കെയോ വേണ്ടി സ്വന്തം ശരീരത്തെ പീഡിപ്പിക്കുന്നതിനെയും ഭക്തി എന്നു വിളിക്കാമോ എന്നുറക്കെ ചോദിക്കണമെന്നുണ്ട്. പക്ഷേ ഗുരുദേവശിഷ്യനായ കോട്ടായി കുമാരന് പണ്ട് കൊടുങ്ങല്ലൂരില്‍വച്ചുകിട്ടിയ അടിയുടെ ബാക്കി ഇപ്പോഴും ഇവിടത്തെ 'ഭക്തസമൂഹം' സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന് അറിയാമെന്നതിനാല്‍ മിണ്ടുന്നില്ല. കൊടുങ്ങല്ലൂര്‍ ഭരണിക്ക് കോഴിവെട്ട് കുരുതിക്കായി കോഴികളുമായെത്തിയ ഭക്തരെ ജന്തുഹിംസപാപമാണെന്ന് പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു സഹോദരന്‍ അയ്യപ്പനും കോട്ടായി കുമാരനും. സഹോദരനെ അമ്പലക്കാരുടെ ആക്രമണത്തില്‍നിന്ന് രക്ഷിച്ചത് സോഡാവില്പനയ്ക്കെത്തിയ ഒരു മുസല്‍മാനായിരുന്നു. കുമാരനെ രക്ഷിക്കാന്‍ കഴിയുംമുമ്പേ അടി തലയ്ക്ക് കിട്ടിക്കഴിഞ്ഞു. അന്ന് കോട്ടായി കുമാരന്‍ അടികൊണ്ട് ചോരയൊലിപ്പിച്ച് ചെന്നത് ഗുരുദേവന്റെ സന്നിധിയിലേക്കായിരുന്നു. " ഓഹോ... കുമാരനും അടി കിട്ടിയോ... എങ്കില്‍ കുറച്ച് മെയ്യഭ്യാസമൊക്കെ പഠിച്ചുവയ്ക്കണം. ആരെയും ഉപദ്രവിക്കാനല്ല. ഇത്തരം അവസരങ്ങളില്‍ സ്വന്തം തടി സംരക്ഷിക്കാന്‍ ഉപകരിക്കും." എന്നായിരുന്നു ഗുരുദേവന്‍ പറഞ്ഞത്. മിശ്രഭോജനവുമായി നടന്ന് ജാതിഭ്രാന്തന്‍മാരുടെ ചാണകപ്രയോഗം ഏറ്റുവാങ്ങിയ സഹോദരന്‍ അയ്യപ്പനോട് "യേശുവിനെപ്പോലെ ക്ഷമിക്കണം" എന്നുപദേശിച്ച ഗുരുദേവന്‍ കോട്ടായി കുമാരനോട് മെയ്യഭ്യാസം പഠിക്കാന്‍ പറഞ്ഞത് അന്ന് അധികം ആര്‍ക്കും മനസ്സിലായില്ല. കുമാരന്‍ അത് വേണ്ടിടത്ത് പ്രയോഗിക്കും. അയ്യപ്പന്‍ ആവേശക്കാരനാണല്ലോ അപ്പോള്‍ വേണ്ടാത്തിടത്തും പ്രയോഗിച്ചേക്കാം എന്ന് ഗുരുദേവന്‍ കരുതിക്കാണും.

കൊടുങ്ങല്ലൂരില്‍ കുരുതിക്ക് കൊണ്ടുവന്ന കോഴികളെ പിന്നീട് ഗുരുദേവന്‍ തന്നെ നേരിട്ടുവന്ന് ഭക്തരില്‍നിന്ന് വാങ്ങി പറത്തിവിടുകയുണ്ടായി. അന്നാരും പക്ഷേ, കുറുവടിയുമായി വന്നില്ല. അന്നത്തെ അപേക്ഷിച്ച് ഇന്ന് കൂടുതല്‍ രൂക്ഷമാണ് കാര്യങ്ങള്‍. പരിഷ്കൃതസമൂഹമാണെന്നും ഹൈടെക് മനുഷ്യരാണെന്നുമൊക്കെ അഭിമാനിക്കുന്ന നമ്മള്‍ക്ക് എന്തുകൊണ്ടാണ് വര്‍ഷം മുഴുവന്‍ പൂജിക്കുന്ന ദേവിയെ ഒരു ദിവസം ചെന്നുനിന്ന് അസഭ്യം വിളിക്കാന്‍ തോന്നുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. സ്വന്തം ആരാധനാമൂര്‍ത്തിയെ ഭക്തരെക്കൊണ്ടുതന്നെ ചീത്തവിളിപ്പിക്കുക എന്ന ആചാരത്തിനുപിന്നില്‍ ബൌദ്ധധര്‍മ്മത്തിനുമേലുണ്ടായ ആര്യന്‍ അധിനിവേശത്തിന്റെ ഇനിയും തീരാത്ത പകവീട്ടലിന്റെ തുടര്‍ച്ചയുണ്ട്. ഈ വിശ്വാസക്കറകളൊക്കെ മുന്നോട്ടുകൊണ്ടുപോകാന്‍ ഇന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ പിന്‍ബലമുണ്ട്. അവനവന്റെ ഉള്ളിലുള്ള ഈശ്വരനെ കണ്ടെത്താനാണ് ഉപാസനയും സാധനയും ചെയ്യേണ്ടതെന്ന് ഗുരുദേവന്‍ പറഞ്ഞു. എന്നാല്‍ ഇന്ന് രാഷ്ട്രീയവും മതവും സ്വാര്‍ത്ഥലാഭവും ഒക്കെ കൂട്ടിക്കുഴച്ചുള്ള ഒരു വില്ലിന്‍തൂക്കമായി മാറിക്കഴിഞ്ഞു ഭക്തിയും വിശ്വാസവുമെല്ലാം.

2 comments:

  1. നല്ലോരു ലേഖനം. അല്പം മൂര്ച്ച കൂടിയോ എന്നു സംശയം.അനാചാരങ്ങള്‍ വര്ദ്ധിക്കുന്ന ഇക്കാലത്ത് ഇത്തരം വിമര്‍ശനങ്ങള്‍ അത്യാവശ്യം തന്നെ

    ReplyDelete
  2. ഭക്തിയുടെ പേരില്‍ എന്തൊക്കെ കോപ്രായങ്ങള്‍ ആണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്...

    ReplyDelete