Monday 16 April 2012

കണിക്കൊന്ന

പൂവിടുമ്പോള്‍
കണിക്കൊന്നയെപ്പോലെ,
ഇലമൂടി, ആകെയുലഞ്ഞ്
രാസപീയൂഷം നുകര്‍ന്നവളെ-
പ്പോലെ പൂവിടണം.
ഭൂമിയുടെ ഊഷരതയില്‍
ചൂടേറ്റ് വാടാതെ,
തളിര്‍ക്കണം.
ഇളംകാറ്റിനുപോലും
സ്നേഹസ്പര്‍ശമേകി,
നിറഞ്ഞ് പൊഴിയണം.
    പൂവിടുമ്പോള്‍,
    കണിക്കൊന്നയെപ്പോലെ,
    മണം ചേര്‍ക്കാതെ,,
    വര്‍ണ്ണംമാത്രം വാരിപ്പുതച്ച്,
    കാമുക ഹൃദയം കവര്‍ന്നവളെ-
    പ്പോലെ പൂവിടണം.
    വേരുകളില്‍ തീ പടരുമ്പോള്‍,
    അലറിവിളിക്കാതെ
    നിറഞ്ഞ് ചിരിക്കണം.
പൂവിടുമ്പോള്‍,
കണിക്കൊന്നയെപ്പോലെ,
കണ്ണിന് കണിയായി,
കണ്ണന്റെ മേനിചേര്‍ന്ന്,
രാവിനെനോക്കി കൊതിച്ചവളെ
പ്പോലെ പൂവിടണം.
ഹെമിംഗ് വേയുടെ കിഴവന്‍
കടലില്‍ ഭാഗ്യം
പരീക്ഷിക്കുമ്പോള്‍
വേനലില്‍ തളിര്‍ക്കുന്ന
ഹൃദയംകാട്ടി
ധൈര്യം പകരണം.
    പൂവിടുമ്പോള്‍
    കണിക്കൊന്നയെപ്പോലെ,
    വര്‍ഷ ഋതുവിനെകാത്ത്
    വര്‍ഷമെത്തുംമുമ്പേ,
    ഭൂമിയില്‍ പ്രണയം പെയ്യിച്ച-
    വളായി പൂവിടണം.
    വഴിതെറ്റി, നിഴല്‍പറ്റി ,
    വഴിയോരത്ത്
    തളര്‍ന്നണയുമ്പോള്‍
    വെയിലിനെ തോല്പിച്ച
    പൂങ്കുലകൊണ്ട്
    തഴുകിയുറക്കണം.

4 comments:

  1. നന്നായി, ആശംസകള്‍

    ReplyDelete
  2. അതെ കൊന്നപോലെ പൂക്കണം.
    ചെയ്യുന്നതെന്തും ആത്മാർത്ഥമായി ചെയ്യണം.
    ആശം സകൾ

    ReplyDelete
  3. അങ്ങിനെ തന്നെ വേണം. എങ്കിലേ ഭംഗിയാവൂ

    ReplyDelete
  4. നന്നായിട്ടുണ്ട് സജിവ്,, മനസിലെന്നും കണിക്കൊന്ന വിരിയട്ടെ.

    ReplyDelete