Sunday, 25 March 2012

കൊടുങ്കാറ്റിലണയാത്ത കുടുംബവിളക്കാവുക

    ചുവപ്പു സിഗ്നലിന് പിന്നാലെ ട്രാക്കിലൂടെ ഉയര്‍ന്നുവന്ന റെയിലിരമ്പം ഹൃദയത്തെ പ്രകമ്പനംകൊളളിക്കുമ്പോള്‍ പ്രജ്ഞയുടെ നൂലിഴയില്‍ പിടിമുറുക്കി ഗുരുദാസന്‍ പ്ളാറ്റ്ഫോമില്‍ നിന്നു.

ബാഗ്ളൂര്‍ കന്യാകുമാരി എക്സ്പ്രസ് കിതപ്പണയ്ക്കുകയാണ്. "പപ്പാ.." എന്ന കലമ്പിച്ച വിളിയില്‍ സങ്കടത്തിന്റെ വേലിയേറ്റവുമായി മകള്‍ ചിന്നു .. . അയാള്‍ പരിസരബോധം വീണ്ടെടുക്കാന്‍ പാടുപെടുകയായിരുന്നു. അവളുടെ കല്യാണത്തിനുവിളമ്പിയ കറിക്കൂട്ടുകളുടെയും വീടിന് പുതുമോടിക്കായി അടിച്ച പെയിന്റിന്റെയും മണം ഇപ്പോഴും അയാളില്‍നിന്ന് വിട്ടുപോയിട്ടില്ല. ആഘോഷപൂര്‍വം ഒരു യാത്രയയപ്പിന് മകളും മരുമകനുമായി ഈ സ്റ്റേഷനില്‍ ഇതേ പ്ളാറ്റ്ഫോമില്‍ വന്നുനിന്നത് കഴിഞ്ഞ ഞായറാഴ്ചയാണ്. പച്ചസിഗ്നലില്‍ ഇതേ ട്രെയിന്‍ മുന്നോട്ടുകുതിക്കുന്നതുകണ്ട് ചാരിതാര്‍ത്ഥ്യത്തോടെയായിരുന്നു മടക്കം. ചിന്നുവിന്റെ സങ്കട ശബ്ദവും വഹിച്ച് ആ ഫോണ്‍ സന്ദേശം വരുവോളം എല്ലാം ഭദ്രം എന്നു കരുതി തൃപ്തനായിരുന്നു. വിനോദുമായി പിരിയാന്‍ തീരുമാനമെടുത്തപ്പോള്‍ അവള്‍ ആദ്യം വിളിച്ചത് പപ്പയെത്തന്നെയാണ്. അവള്‍ പിണക്കത്തിന്റേതായി പറഞ്ഞ കാരണങ്ങളൊന്നും അയാള്‍ക്ക് വ്യക്തമായില്ല. രാവിലെ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കണമെന്നു പറഞ്ഞതുമാത്രം ഓര്‍മ്മയില്‍നിന്നു. വിവാഹ ഉടമ്പടികളില്‍നിന്ന് മോചനം നേടി ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളിലേക്ക് ചിറകടിക്കുന്ന നൂറുകണക്കിന് യുവതീയുവാക്കന്മാരില്‍ ഒരാളായിക്കഴിഞ്ഞു തന്റെ ചിന്നുവും. കരഞ്ഞുകലങ്ങിയ മുഖവുമായി വീട്ടില്‍ കാത്തിരിക്കുന്ന അവളുടെ അമ്മ ശാരിയെക്കുറിച്ച് ഗുരുദാസന്‍ ഓര്‍ത്തു. ജംഗ്ഷനില്‍ നിന്ന് വീട്ടിലേക്കുളള വഴിക്കല്ലാതെ വണ്ടി നീങ്ങിയപ്പോള്‍ ചിന്നു ചോദിച്ചു, " എന്താ പപ്പാ ഇതു വഴി?"

" ഇതൊരു പഴയ വഴിയാണ് ചിന്നൂ. കുട്ടിക്കാലത്ത് അമ്മയുടെയും അച്ഛന്റെയും കൈപിടിച്ച് ഞാന്‍ നടന്നുവന്നിരുന്ന ഗുരുസവിധത്തിലേക്കുളള വഴി."പച്ചിലക്കാടുകള്‍ക്കപ്പുറം ഗുരുദേവസമാധിമന്ദിരത്തിന്റെ താഴികക്കുടം ചൂണ്ടിക്കാട്ടിയിട്ട് അയാള്‍ തുടര്‍ന്നു.. " ഞാനൊരിക്കലും നിങ്ങള്‍ മക്കളെ ഇവിടെ കൊണ്ടുവന്നിട്ടില്ല. നിങ്ങള്‍ കാണണമെന്നാവശ്യപ്പെട്ടത് ആഘോഷങ്ങളുടെ മറ്റ് പല കേന്ദ്രങ്ങളുമായിരുന്നു. നിങ്ങളുടെ ഇഷ്ടത്തിനൊത്ത് നില്‍ക്കാനുളള പ്രേരണയാല്‍ ഞാന്‍ ഇങ്ങോട്ടേക്കുളള എന്റെ ഇഷ്ടം മറച്ചുവച്ചു. ഇന്ന് മറ്റെങ്ങോട്ടുപോയാലും നിനക്കുകിട്ടാത്ത മനഃ ശാന്തി ഇവിടെനിന്ന് ലഭിക്കും. ഇത് ശിവഗിരിയാണ്. കച്ചവടക്കണ്ണില്ലാത്ത ലോകശാന്തിയുടെ ഏക ആശ്രയം."

അച്ഛനെ മറുത്ത് പറയാനാവാതെ അവള്‍ ആദ്യമായി വൈദികമഠത്തിനുമുന്നിലേക്ക് നടന്നു. ജനലഴികള്‍ക്കിടയിലൂടെ തെളിഞ്ഞു ശോഭപരത്തുന്ന വിളക്കും മഞ്ഞവിരിപ്പുകളും നിറഞ്ഞ മുറിയില്‍ ഗുരുവിന്റെ ചിത്രം. അവള്‍ അച്ഛനൊപ്പം നിന്ന് തൊഴുതു. ഇളംതിണ്ണയുടെ തണുപ്പ് ഉളളിലേക്ക് അരിച്ചുകയറുമ്പോള്‍ മനസ് പതുക്കെ മഞ്ഞുരുകുന്ന ഹിമവല്‍സാന്നിദ്ധ്യമറിയുന്നു. വിനോദുമായുളള വഴക്കുകള്‍, പൊരുത്തക്കേടുകള്‍, തന്റെ മനസറിയാന്‍ ശ്രമിക്കാത്ത ഈഗോക്ളാഷുകള്‍... അവള്‍ അച്ഛനോട് എന്നതിനേക്കാള്‍ ആ തണുത്ത പ്രകൃതിയോടാണ് സങ്കടങ്ങള്‍ പറഞ്ഞത്. ആകെ ഉരുകിയൊലിച്ച് കദനക്കടല്‍ ഒന്നടങ്ങിയപ്പോള്‍ ഗുരുദാസന്‍ ചിന്നുവിന് ഒരു പുസ്തകം സമ്മാനിച്ചു. കുറച്ചുമുമ്പ് ശിവഗിരിമഠം ബുക്ക് സ്റ്റാളില്‍നിന്നു വാങ്ങിയതാണത്. 'ശ്രീനാരായണ സ്മൃതി' എന്നെഴുതിയ തലക്കെട്ടിനുതാഴെ ഗുരുവിന്റെ ചിത്രത്തില്‍നോക്കി അവളിരുന്നു. " ഇത് ഞാന്‍ നേരത്തേ നിനക്ക് നല്‍കേണ്ടിയിരുന്നു. അഗാതാ ക്രിസ്റ്റിയും കെന്നത് ബെന്‍ടോണുമൊക്കെയായിരുന്നല്ലോ നിന്റെ പ്രിയപ്പെട്ട എഴുത്തുകാര്‍. അതിനാല്‍ ഞാനും നിന്നെ ഈ വിശ്വമഹാത്മാവിന്റെ പുസ്തകങ്ങളിലേക്ക് വഴിതിരിച്ചില്ല. അതെന്റെ തെറ്റ്". അയാള്‍ പുസ്തകത്തിലെ ഒരു പ്രത്യേക പേജ് മറിച്ച് അവള്‍ക്ക് നല്‍കി. കറുത്ത അരിയുറുമ്പുകള്‍പോലുളള അക്ഷരങ്ങളില്‍ എഴുതിയ ശ്ളോകങ്ങളും അന്വയാര്‍ത്ഥവുമാണ് ആ പേജില്‍.

" വിവാഹസ്തു വിനോദായ പരമൈഹിക ജീവിതേ
സുഖായേദം ഹിതം കിഞ്ചിത് കര്‍മ്മേതി ച ന ചിന്തയേത്." (വിവാഹമെന്നത് കേവലം സുഖത്തിനും വിനോദത്തിനും വേണ്ടിമാത്രമുളള കര്‍മ്മമാണെന്ന് വിചാരിക്കരുത്) എന്ന ശ്ളോകത്തിലാണ് അവളുടെ കണ്ണുകള്‍ ആദ്യം പതിഞ്ഞത്. പിന്നെ, ഗുരുകാരുണ്യം വാഗര്‍ത്ഥങ്ങളിലൂടെ അവളിലേക്ക് പ്രവഹിച്ചു തുടങ്ങി. മനുഷ്യജീവിതത്തിന്റെ അര്‍ത്ഥം അനാവരണം ചെയ്യപ്പെടുന്ന മൊഴിമുത്തുകളിലൂടെയുളള യാത്ര. നല്ല സമൂഹസൃഷ്ടിക്കായി ഉത്തമ പുത്രന്മാരെ ഗര്‍ഭംധരിച്ച് പ്രസവിച്ച് വളര്‍ത്തുക എന്നതാണ് ദാമ്പത്യത്തിന്റെ പ്രധാനധര്‍മ്മം. ഉത്തമപൌരനാക്കി ഒരു പുത്രനെയോ പുത്രിയെയോ സമൂഹത്തിനു നല്‍കാനുളള വ്രതമായി ദാമ്പത്യത്തെ കാണണം. ഒന്നിച്ചുളള ജീവിതത്തിന്റെ നന്മതിന്‍മകളെക്കുറിച്ച് ആലോചിച്ചും തുറന്ന് ചര്‍ച്ചചെയ്തും ധാരണയിലെത്തിയശേഷം വേണം ദാമ്പത്യത്തിലേക്ക് കടക്കാന്‍ . അത് ആല്‍ത്തറവട്ടത്തിലോ അമ്പലമുറ്റങ്ങളിലോ ശുദ്ധവായു നുകര്‍ന്ന് മാതാപിതാക്കളുടെ വിദൂരസാന്നിദ്ധ്യത്തിലാവണം. വിവാഹശേഷം എല്ലാ പ്രവര്‍ത്തികളും ആത്മാര്‍പ്പണത്തോടെയും പരസ്പരാനുരാഗത്തോടെയും അനുഷ്ഠിക്കുമ്പോള്‍ അന്യോന്യമുളള തെറ്റുകള്‍ സസന്തോഷം പരിഹരിക്കപ്പെടുന്നു . കൊടുങ്കാറ്റിലണയാത്ത കുടുംബവിളക്കായി സര്‍വൈശ്വര്യങ്ങളുടെ ദേവതയായി നീ പ്രകൃതിക്ക് അനുഗുണയായ സ്ത്രീ രത്നമാവുക എന്ന മൊഴിമാധുര്യം ഗുരുദേവന്‍ പുസ്തകത്താളുകളില്‍ നേരിട്ടുവന്നിരുന്ന് പകര്‍ന്നു നല്‍കുന്നതുപോലെ തോന്നി അവള്‍ക്ക്. അവള്‍ ദ്വേഷങ്ങളുടെ ലോകത്തോട് വിടപറഞ്ഞു. മൊബൈലെടുത്ത് നമ്പര്‍ പരതുമ്പോള്‍ കണ്ണുകളില്‍ പുതിയ തിളക്കം . " വിനോദ് ... വിശുദ്ധ സ്നേഹത്തിന്റെ ശാന്തി തീരത്ത് വാശികളകന്ന ഹൃദയവുമായി ഞാന്‍ കാത്തിരിക്കുന്നു. വര്‍ക്കലയിലെ ഈ ഗുരുസവിധത്തിലേക്ക് വരാന്‍ മനസ്സനുവദിക്കുമെങ്കില്‍ വരിക. ശാരദാംബ നമ്മുടെ രണ്ടാംസമാഗമത്തിന് വേദിയൊരുക്കും." വൈദികമഠത്തെ വലംവച്ച് ചന്ദനഗന്ധമുളള ഒരിളംകാറ്റുവന്ന് അവളുടെ മുടിയിഴകളില്‍ തഴുകി. ശാന്തിയുടെ പ്രതീകംപോലൊരു വെളളിമേഘം മഹാസമാധിക്കുമുകളില്‍ ആകാശം മൂടുന്നതുകണ്ട് ഗുരുദാസന്റെ കണ്ണുകള്‍ നിറഞ്ഞു. ജീവിതത്തിന്റെ ഒരു വലിയഭാഗം ഈ ദര്‍ശനസൌഭാഗ്യത്തെ അവഗണിച്ചു ജീവിക്കേണ്ടിവന്നതില്‍ അയാള്‍ക്ക് വല്ലാത്ത നഷ്ടബോധം തോന്നി.

3 comments:

  1. ഈ ലോകത്ത്‌ എന്തല്ലാം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ നമ്മള്‍ വിഷമിക്കുന്നുവോ അതിനെല്ലാം ഉത്തരം ഗുരുദേവന്‍ എഴുതി വച്ചിട്ടുണ്ട്

    ReplyDelete
  2. പക്ഷേ അതു പഠിച്ചു മനസ്സിലാക്കൻ ആളുകൾ വിരളം ദിലീപ്. തന്നെയുമല്ല, പണ്ടൊക്കെ ശിവഗിരിയിലെത്തുമ്പോൾ കിട്ടിയിരുന്ന ശാന്തിയും സമാധാനവും കിട്ടുന്നും ഇല്ല്. വീട്ടിലേ ഗുരുദേവന്റെ പടത്തിനുമുമ്പിൽ ഇരുന്നു ദൈവദശകം ചൊല്ലുമ്പോൾ കിട്ടുന്ന സമാധാനവും ശന്തിയും അതിലും ആയിരം മടങ്ങു കൂറ്റുതലും. അതിനാൽ ഞാൻ എന്റെ പൂജാമുറിയെത്തന്നെ ശിവഗിരിയാക്കി മാറ്റി. സജീവിനു നന്ദി.

    ReplyDelete
  3. നമ്മുടെ ഒന്നു രണ്ടു തലമുറ തികച്ചും ഭൊഉതികലോകത്തിലെ മായാവലയത്തിലേയ്ക്കു മാത്രം നോക്കുകയായിരുന്നു. ഒരു തിരിച്ചറിവിനുള്ള സമയമായി. നമ്മുടെ പൊഉരാണിക ഗ്രന്ഥങ്ങളെല്ലാം അശാസ്ത്രീയമാണെന്ന പ്രചരണം മൂലം ആരും അതൊന്നും ശ്രദ്ധിക്കുന്നില്ല. ഗുരുദേവന്‍ വേദോപനിഷത്തുക്കളിലെ സാരാംശം ആധുനികയുഗത്തിനു ചേരുന്ന പരുവത്തില്‍ വളരെ ഭംഗിയായി പല കൃതികളിലൂടെയും നമുക്ക് നല്‍കിയിട്ടുണ്ട്. വൈവാഹിക ജീവിതവും സന്താനോല്പാദനവും ഒരു യജ്ഞമായി കരുതണം എന്നാണ്‌ 'ബൃഹദാരണ്യകം' പറയുന്നത്.

    ReplyDelete