Monday 27 June 2011

മറയുന്ന പ്രതിഷ്ഠകള്‍ തെളിയുന്ന വിഗ്രഹങ്ങള്‍

   
ചിലസംശയങ്ങള്‍ അങ്ങനെയാണ് തീര്‍ക്കാന്‍ ശ്രമിച്ചാലും തീരില്ല. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ജനിച്ച് ഇരുതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിലേറെക്കാലം ജീവിച്ചിരുന്ന ഗുരുദേവനെക്കുറിച്ച് ഇല്ലാത്ത സംശയങ്ങളില്ല. അതില്‍ പ്രധാന അദ്ദേഹത്തിന്റെ ജന്മവര്‍ഷമാണ്. 1854,1855,1856 എന്നിങ്ങനെ മൂന്നുവര്‍ഷങ്ങളാണ് ഗുരുവിന്റെ ജന്മവര്‍ഷമായി പലര്‍ പരിഗണിക്കുന്നത്. അവര്‍ക്കൊക്കെ അവരുടേതായ ന്യായവാദങ്ങളുണ്ട്. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയ്ക്ക് ശേഷം ഗുരു എഴുതിവയ്പ്പിച്ചു എന്നു പറയപ്പെടുന്ന ചരിത്രപ്രസിദ്ധമായ ഒരു ശ്ളോകമുണ്ട്:
    "ജാതിഭേദം മതദ്വേഷം
    ഏതുമില്ലാതെ സര്‍വരും
    സോദരത്വേന വാഴുന്ന
    മാതൃകാ സ്ഥാന...." എന്നഭാഗംവരെ ആര്‍ക്കും തര്‍ക്കമില്ല. അതിനുശേഷം വരുന്ന വാക്കാണ് തര്‍ക്കഹേതു. "മാമിത്" എന്നാണോ "മാണിത്" എന്നാണോ ഗുരു പറഞ്ഞത്. മാണിത് എന്നുപറയുന്നത് ഒരു പ്രഖ്യാപനമാണെന്നും അങ്ങനെ ഗുരു ഒരിക്കലും പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നില്ലെന്നും ഒരു കൂട്ടര്‍ വാദിക്കുന്നു. മാമിത് എന്നു പറയുമ്പോള്‍ ആയിത്തീരും എന്നര്‍ത്ഥം വരും അതാവും ശരിയെന്നാണ്  ഇവര്‍ പറയുന്നത്. രണ്ടായാലും സദുദ്ദേശമാണ് ഗുരുവിനുണ്ടായിരുന്നത് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അതല്ല നമ്മുടെ ചിന്താവിഷയം. ഗുരു എഴുതിയതെന്നും അല്ല, എഴുതിവയ്പ്പിച്ചതെന്നും പറയുന്ന ആ ഫലകം ഒരു ചരിത്രസൂക്ഷിപ്പല്ലേ? അതെവിടെ? അതാര്‍ക്കും അറിയില്ല. അതുണ്ടായിരുന്നെങ്കില്‍ ഒരു സംശയത്തിനെങ്കിലും കൃത്യമായി ഉത്തരം കണ്ടെത്താമായിരുന്നു. ഉത്തരം കിട്ടാത്ത മറ്റൊരുചോദ്യമുണ്ട്. അരുവിപ്പുറംക്ഷേത്രത്തില്‍ ഗുരു പ്രതിഷ്ഠിച്ച ആ ചരിത്രശിലയെവിടെ? അത് ഇരുളില്‍മറഞ്ഞിരിക്കുന്നതിന് എന്ത്ന്യായം പറയും? ശിവലിംഗത്തിനെ മറച്ച് ലോഹനിര്‍മ്മിതമായ ശിവന്റെ ശിരസ്സാണ് ശ്രീകോവിലില്‍ കാണുന്നത്. ശിലകണ്ടാല്‍ ഭക്തിതോന്നാത്തവര്‍ക്ക് തലകണ്ടെങ്കിലും ഭക്തിയുണ്ടാവട്ടെ എന്ന നിര്‍ദ്ദോഷകരമായ ചിന്തയാകും ഈ പരിഷ്കാരത്തിനുപിന്നില്‍. അതിന് ഇങ്ങനെയല്ല വേണ്ടത്. ശിലയും തലയും തമ്മിലുളളവ്യത്യാസം അവര്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് വേണ്ടത്.
    ഒരു കാലത്ത് കിരാതനായി കണ്ട ശിവനെ ദക്ഷിണാമൂര്‍ത്തി സങ്ക്ലപത്തില്‍ അവതരിപ്പിച്ചത് ശ്രീ ശങ്കരാചാര്യരാണ്. ആ സങ്കല്പം ശിവനോട് നീതിപുലര്‍ത്തുന്നതുമാണ്. എന്നാല്‍ ഗുരു പ്രതിഷ്ഠിച്ചത് പരംപൊരുളായ ശിവനെയാണ്. അതാണ് ശങ്കരന്‍കുഴിയിലെ ആ ഉരുളന്‍കല്ല്. മനുഷ്യര്‍ തമ്മില്‍ പ്രപഞ്ചസത്യത്തിനു നിരക്കാത്തവിധത്തില്‍ വിദ്വേഷവും വെറുപ്പും അയിത്തവും ആചരിച്ച്സ്വയം ഭ്രാന്തന്മാരായിമാറിയ കാലത്താണ് ഗുരുവിന്റെ ശിവപ്രതിഷ്ഠ.നിരര്‍ത്ഥകമായ ഭേഭചിന്തവെടിഞ്ഞ് മനുഷ്യര്‍ യോജിപ്പിലെത്തണം എന്നാണ്ശിവലിംഗപ്രതിഷ്ഠയിലൂടെ ഗുരുപറഞ്ഞുവച്ചത്. അനന്തമായ രണ്ട് പൊരുളുകളെ കൂട്ടിയിണക്കി ഏകമാക്കുന്നു എന്നതാണ് ശിവലിംഗ സങ്കല്പം. അദ്വൈതമാണത്. പാലാഴിമഥനസമയത്ത് കാളകൂടം എന്നവിഷം ഉയര്‍ന്നുവന്നപ്പോള്‍ അത് ലോകനാശത്തിനിടയാകാതിരിക്കാന്‍ ശിവന്‍ വിഴുങ്ങിയതായി പുരാണംപറയുന്നു. നന്മയും തിന്മയും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുമ്പോള്‍ സംഭവിക്കാവുന്ന അനിശ്ചിതത്വും സംശയവുമാണ് ഈ കാളകൂടവിഷം. ബുദ്ധിക്കുനിരക്കുന്ന തീരുമാനങ്ങളെടുക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന ശിവന്‍ മൂന്നാമന്റെ സ്ഥാനമേറ്റെടുത്ത് ലോകനാശകാരിയായ ഈ അനിശ്ചിതത്വത്തെ ഇല്ലായ്മചെയ്യുന്നു. ആദിയും അന്തവും ഇല്ലാത്ത പൊരുളാണ് ശിവലിംഗം. സവര്‍ണ്ണനും അവര്‍ണ്ണനും തമ്മില്‍നിലനിന്ന അന്തരവും ഒന്ന് ഒന്നിനുമേല്‍ നടത്തിയ അധിനിവേശവും ലോകഹിതമല്ലെന്നുകണ്ട് രണ്ടിനെയും പരംപൊരുളാല്‍ ഒന്നിപ്പിക്കാന്‍ ഗുരു നടത്തിയ ആദ്യചുവടുവയ്പ്പാണ് ശിവലിംഗപ്രതിഷ്ഠ. പ്രതീകാത്മകമാണ് ഈ നിലപാട്. "വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്" എന്ന് ലോകസര്‍വമതസമ്മേളനത്തില്‍ ഗുരുദേവന്‍ ഈ നിലപാട് തുറന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അരുവിപ്പുറത്തെ ശിവലിംഗത്തെ നമിക്കുമ്പോള്‍ ഈ തിരിച്ചറിവ് മനസ്സിലേക്ക്വരണം. അപ്പോള്‍ ശിലകണ്ടാലും ഭക്തിവരും. തുറന്ന ചിന്തയും അതിലൂടെ മുക്തിയും ലഭിക്കും. ഇത് പറഞ്ഞു കൊടുത്താല്‍ നമുക്ക് ധൈര്യത്തോടെ ശിവന്റെ തലയെടുത്ത്മാറ്റി ശിലയെ പൂജിക്കാം. ഗുരുവിന്റെ ദീപപ്രതിഷ്ഠയും കണ്ണാടിയും മാന്‍കൊമ്പുമെല്ലാം മറച്ച് ഇന്ന് വിഗ്രഹങ്ങള്‍ സ്ഥാനംപിടിച്ചുകഴിഞ്ഞു. അമ്പലം എന്നത് കാര്യസാധ്യത്തിനായി വഴിപാടും കുരുതിയും നടത്താനുളള ഇടം എന്നതിനപ്പുറത്തേക്ക് നാം വളര്‍ന്നില്ല എന്നതിന്റെ തെളിവാണിത്. അത് മനശാന്തിയുടെ ഇടമാണെന്നും വിദ്യയുടെ വിലാസകേന്ദ്രമാണെന്നും പറഞ്ഞുതന്ന് ഗുരുദേവന്‍ കാതങ്ങളോളം മുന്നോട്ടുനടന്നു. ആ കാലടിപിന്തുടരാന്‍ അശക്തരായി നമ്മള്‍ തിരിച്ചുനടക്കുന്നു.



1 comment:

  1. ഇവിടെ ചൂണ്ടി കാണിക്കുന്നത് പോലെ തന്നെ ഗുരുദേവന്‍ അവസാനം സ്ഥാപിച്ചത് വിഗ്രഹങ്ങളല്ലായിരുന്നു. എന്നാല്‍ ആ ക്ഷേത്രങ്ങളില്‍ ഇന്ന് വിഗ്രഹങ്ങള്‍ക്കാണ് പ്രാധാന്യം വന്നിരിക്കുന്നത്. ഫലകവും, കണ്ണാടിയും, വിളക്കുമെല്ലാം വിഗ്രഹങ്ങള്‍ക്ക് പിന്നിലേയ്ക്ക് തള്ളപ്പെട്ടു... എന്തിനേറെ ഗുരുദേവനെ “സിമന്റില്‍‌” നിന്ന് മോചിപ്പിച്ച് പഞ്ചലോഹങ്ങളിലേയ്ക്ക് ആക്കികൊണ്ടിരിക്കുന്നു!!! ഗുരുവിന്റെ “യഥാര്‍ത്ഥ മുഖം” ലോകത്തിന്റെ മുന്നില്‍ വികൃതമാക്കിയിരിക്കുന്നു! അങ്ങിനെ ആകുമെന്ന് മുങ്കൂട്ടീ കണ്ട് സ്ഥാപിച്ച സന്യാസി സ്ഥാപനവും ഗുരുവിനെ ഉപേക്ഷിച്ചു!!! യതിയേയും മറ്റും നാം കണ്ടതായി പോലും നടിക്കുന്നില്ല മറിച്ച് ചില സമുദായ നേതാക്കളുടെ ഹൈജാക്കിങ്ങിന് നാം കൂട്ട് നില്‍ക്കുന്നു!!!

    ReplyDelete