Tuesday 28 June 2011

ആരാണ് നല്ല ഭ്രാന്തന്‍?

ഗാരി ഡേവിസിനെക്കുറിച്ച് അമേരിക്കന്‍ സര്‍ക്കാരിനോട് ചോദിച്ചാല്‍, "നല്ല ഒന്നാന്തരം ഭ്രാന്തന്‍" എന്നേ പറയൂ. മറ്റുരാജ്യങ്ങളും അതുതന്നെ പറയാനാണ് സാധ്യത. ഒരു രാജ്യത്തുതന്നെ അധികാരം പങ്കിടുമ്പോള്‍ അടിയാണ്. അപ്പോഴാണ് ലോകത്താകെ ഒരു ഗവണ്‍മെന്റ് മതിയെന്ന് വാദിക്കുന്നത്. ഭ്രാന്തെന്നല്ലാതെ എന്തുപറയും? ഈ ചോദ്യം ഗാരി ഡേവിസിനോട് തന്നെ ചോദിച്ചാല്‍ "ഞാനൊരു ഗുരുഭക്തന്‍" എന്നാകും മറുപടി. ആരാണ്  ഇപ്പറഞ്ഞ ഗുരു?
                "ശ്രീനാരായണഗുരു"
    ഗാരി ഡേവിസ് ഗുരുഭക്തന്‍ ആയതിനുപിന്നിലെ കഥ കുറച്ചു പഴയതാണ്. കഥയുടെ ആദ്യഭാഗത്ത് ഗാരി ഒരു അമേരിക്കന്‍ പോര്‍വിമാന പൈലറ്റായിരുന്നു. രണ്ടാംലോകമഹായുദ്ധകാലത്ത് ജര്‍മ്മനിക്കുമുകളില്‍ ബോംബുവര്‍ഷിച്ച പോരാളി. താന്‍ ബോംബിട്ടു നശിപ്പിച്ച ഇടങ്ങള്‍ ബൈനോക്കുലറിലൂടെ കണ്ടപ്പോള്‍ കലിംഗയുദ്ധഭൂമിയിലൂടെ കടന്നുപോയ അശോകനെപ്പോലെ ഗാരി അതീവ ദു:ഖിതനായി. തനിക്കോ തന്റെ രാജ്യത്തിനോ ഒരു ദ്രോഹവും ചെയ്യാത്ത പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പാവപ്പെട്ട തൊഴിലാളികളും വെന്തുവെണ്ണീറായി കിടക്കുന്നു. താനിനി ബോംബിടില്ല എന്ന് ഗാരി സര്‍ക്കാരിനെ അറിയിച്ചു. പട്ടാളക്കോടതി അദ്ദേഹത്തെ തടവിലിട്ടു. വിമുക്തനായപ്പോള്‍ ഗാരി നേരേ പോയത് ജര്‍മ്മനിയിലേക്ക.് താന്‍ ബോംബിട്ടുനശിപ്പിച്ച ഇടങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്കൊപ്പംകൂടി. 1948 ല്‍ അദ്ദേഹം അമേരിക്കന്‍ പൌരത്വം ഉപേക്ഷിച്ചു. ഇനി ഒരു രാജ്യത്തിന്റെയും പൌരത്വംവേണ്ടെന്ന് തീരുമാനിച്ചു. താന്‍ ലോകപൌരനാണെന്ന് ഗാരിയുടെ പ്രഖ്യാപനംകേട്ട് ചിരിക്കാത്ത ഏക ഭരണാധികാരി ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു. ഗാരിയുടെ ധീരതയെ അദ്ദേഹം അഭിനന്ദിച്ചു. പക്ഷേ ഗാരി ശരിക്കും പീഢനങ്ങള്‍ അനുഭവിച്ചു. ഒരു രാജ്യത്തും ചെല്ലാന്‍ വയ്യ. എല്ലാവരും പിടിച്ചുകെട്ടി അമേരിക്കയ്ക്ക് കൈമാറും. പൌരത്വമില്ലാത്തതിനാല്‍ അമേരിക്കയില്‍ വന്നാലും തടങ്കല്‍തന്നെ. ഒരിക്കല്‍ ഫ്രാന്‍സില്‍നിന്ന് പിടിച്ചുകെട്ടി അമേരിക്കയ്ക്ക് കൊണ്ടുപോകുംവഴിക്കാണ് കപ്പലില്‍വച്ച് ഗാരി ഒരു യഥാര്‍ത്ഥ മനുഷ്യനെക്കണ്ടത്. അത് ശ്രീനാരായണ ഗുരുശിഷ്യനായ നടരാജഗുരുവായിരുന്നു.
" ഈ ലോകത്തുളള മനുഷ്യര്‍ എല്ലാംകൂടി ഒരു സമുദായമാണെന്നു വിശ്വസിക്കുന്നതില്‍ വല്ല തെറ്റുമുണ്ടോ?" എന്നായിരുന്നു ഗാരിയുടെ ആദ്യചോദ്യം. " അതൊരു പരമാര്‍ത്ഥമാണ്" എന്ന് നടരാജഗുരു പറഞ്ഞു.   "ഇങ്ങനെ വിശ്വസിക്കുന്നതിനാല്‍ ഞാനൊരുഭ്രാാന്തനാണെന്ന് എല്ലാവരും പറയുന്നു". ഗാരിയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിയിട്ട് നടരാജഗുരു കടുത്ത സ്വരത്തില്‍പറഞ്ഞു, "എങ്കില്‍ ഞാനൊരു ഭ്രാന്തനാണ്. എന്റെ ഗുരുവും ഭ്രാന്തനാണ്"
    " ആരാണ് അങ്ങയുടെ ഗുരു?"
"മനുഷ്യരെല്ലാം ഒരു ജാതിയില്‍പ്പെട്ടവരാണെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്ത ശ്രീനാരായണഗുരു". 'ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്' എന്നും 'മനുഷ്യന്റെ ജാതി മനുഷ്യത്വ'മാണെന്നും പറഞ്ഞ ഗുരുവിന്റെ ദര്‍ശനത്തില്‍ ആകൃഷ്ടനായി ഗാരി ഡേവിസ്. ഒരു ജാതിയെന്ന് ഗുരു പറയുമ്പോള്‍ നമുക്ക് ഇവിടെ അത് ഹിന്ദുമതത്തിലെ സങ്കുചിത ജാതി തിരിവിനെക്കുറിച്ച് പറഞ്ഞതായി മാത്രമേ വ്യാഖ്യാനിക്കാന്‍ കഴിഞ്ഞിട്ടുളളൂ. ലോകജനത ഒന്നാണെന്നും ലോക മനുഷ്യന്‍ ഒരു ജാതിയാണെന്നും ഉദ്ദേശിച്ചാണ് ഗുരു അത് പറഞ്ഞതെന്ന് എത്രപേര്‍ക്ക് മനസ്സിലായി? അത് മനസ്സിലായതോടെ ഗാരി ഡേവിസ് കടുത്ത ഗുരുഭക്തായി. ഗാരിയുടെ ഏകലോകവിശ്വാസത്തെ ഗുരുദേവദര്‍ശനമുപയോഗിച്ച് ഏകലോകദര്‍ശനമെന്ന മഹത്തായ തത്വചിന്തയുണ്ടാക്കികൊടുത്തു നടരാജഗുരു. അതിന്റെ തേരിലേറി ഗുരു വിഭാവനം ചെയ്ത സമത്വസുന്ദരലോകം പ്രാവര്‍ത്തികമാക്കാന്‍ ഗാരിയുടെ പ്രയത്നം തുടരുകയാണ്. ഗാരിക്കെതിരെ വ്യവസ്ഥിതിയുടെ ഇരുമ്പുചങ്ങലകളും മുറുകിത്തന്നെ തുടരുന്നു. ഗാരി ഡേവിസിന്റെ ഒരു മലയാളം പതിപ്പാണ് നാട്ടിലെ ജാതിപ്പിശാചിനെ ഓടിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ഗുരുശിഷ്യനായ ആനന്ദതീര്‍ത്ഥ സ്വാമി. ജന്മനാ സവര്‍ണ്ണനായിട്ടും ദളിതരെ കൈപിടിച്ച് പൊതുസ്ഥലങ്ങളില്‍ കയറ്റിയതിന്റെ പേരില്‍ ഭ്രാന്തനെന്നുവിളിച്ചു.കിട്ടിയ അടിക്ക് കൈയും കണക്കുമില്ല. മണ്ണെണ്ണ ഒഴിച്ചു കത്തിക്കാന്‍വരെ ജാതിവാദികള്‍ ശ്രമിച്ചു. ഗുരു ശരീരത്തോടെ ഇരുന്നകാലത്തും വിപ്ളവകക്ഷികള്‍ കേരളത്തില്‍ അധികാരത്തിലിരുന്ന കാലത്തുമൊക്കെ പെരുവഴിയിലും അമ്പലനടയിലുമൊക്കെ അയിത്തജാതിക്കാരെ കൊണ്ടുചെന്നതിന്റെ പേരില്‍  ആനന്ദതീര്‍ത്ഥര്‍ അടിവാങ്ങിക്കൂട്ടി. 1987ല്‍ സമാധിയാകുമ്പോഴും അദ്ദേഹത്തിന് ജാതിരഹിത കേരളംകാണാന്‍ കഴിഞ്ഞില്ല.  അപ്പോള്‍ ഗാരി ഡേവിസിന്റെ " അതിരുകടന്ന" സ്വപ്നത്തെക്കുറിച്ച് പറയണോ? ഭ്രാന്തല്ലാതെ എന്ത് , അല്ലേ?.. ഗുരുശിഷ്യന്മാര്‍ ഇങ്ങനെയുമുണ്ട് ലോകത്ത് എന്നറിഞ്ഞാല്‍ നമ്മള്‍ക്ക് അത്ഭുതമാണ്.  ഇക്കാര്യത്തില്‍ നമ്മള്‍ വളരെ സേഫാണ്. ഗുരുഭക്തരാണോ എന്നു ചോദിച്ചാല്‍,അതെ.പക്ഷേ, വര്‍ഷത്തിലൊരിക്കല്‍ ശിവഗിരിയില്‍ ചെന്ന് ഗുരുപൂജ നടത്തുക, അല്ലെങ്കില്‍ നാട്ടിലെ ചതയദിനറാലിയില്‍ പങ്കെടുക്കുക, സമാധിക്ക് പിരിവെടുത്ത് ദാനക്കഞ്ഞി വയ്ക്കുക എന്നതിനപ്പുറമുളള ത്യാഗമൊന്നും നമുക്കുപറ്റില്ല. നല്ല ഭ്രാന്തനാകാനും വേണം ശരിയായ ത്യാഗം..

3 comments:

  1. വര്‍ഷത്തിലൊരിക്കല്‍ ശിവഗിരിയില്‍ ചെന്ന് ഗുരുപൂജ നടത്തുക, അല്ലെങ്കില്‍ നാട്ടിലെ ചതയദിനറാലിയില്‍ പങ്കെടുക്കുക, സമാധിക്ക് പിരിവെടുത്ത് ദാനക്കഞ്ഞി വയ്ക്കുക എന്നതിനപ്പുറമുളള ത്യാഗമൊന്നും നമുക്കുപറ്റില്ല. നല്ല ഭ്രാന്തനാകാനും വേണം ശരിയായ ത്യാഗം..

    തീര്‍ത്തും ശരിയാണ്...ഇതില്‍ കൂടുതല്‍ ത്യാഗമൊന്നും ചെയ്യാന്‍ നമുക്ക് പറ്റില്ല കാരണം
    ജാതി ചോദിക്കരുത് ..പറയരുത് എന്ന് പഠിപ്പിച്ച ഗുരുവിന്റെ നാട്ടില്‍ ഇപ്പോള്‍ ജീവിക്കണമെങ്കില്‍ ജാതി പറഞ്ഞേ പറ്റൂ എന്ന സ്ഥിതിയല്ലേ?

    ReplyDelete
  2. നല്ല ഭ്രാന്തനാകാനും വേണം
    ജാതി
    ജാതി അറിയില്ലെങ്കിൽ ആരും തിരിഞ്ഞ് നേക്കില്ല

    ReplyDelete
  3. sanely insane... insanely sane...


    its quite insane suffering this sanity!

    ReplyDelete