Wednesday, 29 June 2011

ഇവിടെ ഇതൊക്കെയാണ് നാട്ടുനടപ്പ്...
മദ്ധ്യതിരുവിതാംകൂറില്‍ ഒരു മരണവീട്ടില്‍ എത്തിയതാണ്. അടുത്ത സുഹൃത്തിന്റെ അച്ഛനാണ് മരിച്ചത്. സംസ്കാരച്ചടങ്ങുകള്‍ നടക്കുകയാണ്. പുരോഹിതനായി വന്നയാള്‍ ബുക്ക് നോക്കി അക്ഷരശുദ്ധിയില്ലാതെ ചൊല്ലുന്നതൊക്കെ കേള്‍ക്കുന്നമട്ടില്‍ ആവര്‍ത്തിക്കുകയാണ് സുഹൃത്തും ബന്ധുക്കളും. ചടങ്ങുകള്‍ കഴിഞ്ഞ് അതീവ ദുഃഖിതനായി ഒരിടത്തേക്ക് മാറി ഒറ്റയ്ക്കിരിക്കുകയാണ് സുഹൃത്ത്. അച്ഛന്റെ വിയോഗം അത്രയ്ക്ക് അവനെ തളര്‍ത്തിയല്ലോയെന്നു വിഷമിച്ച് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അതല്ല അവന്റെ പ്രശ്നം എന്ന് സംസാരിച്ചുവന്നപ്പോള്‍ പിടികിട്ടി. അച്ഛന്‍ രോഗിയായിരുന്നു. ഏതു നിമിഷവും മരണം പ്രതീക്ഷിച്ചതുമാണ്. ശവസംസ്കാരത്തിന് വിറകുവെട്ടിയവര്‍ക്കും മരണമറിയിക്കാന്‍ ഓരോസ്ഥലത്തും പോയവര്‍ക്കും മറ്റ് കാര്യങ്ങള്‍ക്ക് സഹായിച്ചവര്‍ക്കുമെല്ലാം വൈകിട്ട് ഒരു മദ്യസേവ നടത്തുന്ന ചടങ്ങ് നാട്ടിലുണ്ട്. ഇങ്ങനെയൊരു ചടങ്ങ് വൈകിട്ട് ഉളളതിന്റെ ത്രില്ലിലാണ് കാര്യങ്ങള്‍ ഓടുന്നത്. 'സാധനം' കിട്ടില്ലെന്ന് ഉറപ്പുളള വീടുകളില്‍ ഉത്സാഹക്കാരുടെ എണ്ണവും കുറവായിരിക്കും. ഒന്നാംതീയതിയായതിനാല്‍  'സാധനം' എങ്ങും കിട്ടാനില്ല. കുറച്ചുദൂരെയുളള ഒരു പട്ടാളക്കാരന്റെ വീട്ടില്‍ 'മിലിട്ടറിക്വാട്ട'  ഇരിപ്പുണ്ടോ എന്നന്വേഷിച്ച് പോയവര്‍ മടങ്ങിവന്നിട്ടില്ല. അവര്‍ 'വിജയശ്രീലാളിതരായി' എത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കുഴയും. സുഹൃത്തിന്റെ ഈ വിഷമത്തില്‍ പങ്കുചേരാന്‍ നിവര്‍ത്തിയില്ലാതെ മടങ്ങി. മരണാനന്തരചടങ്ങുകള്‍ ഇവിടങ്ങളില്‍ 16 ദിവസമാണ്. എല്ലാദിവസവും ബലിയുണ്ട്. പതിനാറാംദിവസം കളങ്ങളൊക്കെവരച്ച് മണിക്കൂറുകള്‍ നീണ്ട ചടങ്ങുകളാണ് നടക്കുന്നത്. പുരോഹിതന്‍ പഴയതുപോലെ ബുക്കില്‍നോക്കി  മന്ത്രാക്ഷരങ്ങളുമായി 'ഗുസ്തി'കൂടുന്നുണ്ട്. അതിനുശേഷം ഗംഭീരസദ്യ നടന്നു. കാര്യങ്ങള്‍ സമംഗളം എന്നു കരുതി സുഹൃത്തിനോട് സംസാരിച്ച് ഇരിക്കുമ്പോഴാണ് വീടിന്റെ പിറകില്‍നിന്ന് മരണവെപ്രാളത്തോടെ ഒരാടിന്റെ ശബ്ദം. ഭയന്നുപോയി. എന്നാല്‍ സുഹൃത്തിന് ഒരു ഭാവഭേദവുമില്ല. "അത് വൈകിട്ടത്തേക്കാണ്.  അയല്‍ക്കാര്‍ക്ക് 'ഇത്തിരി കടിച്ചുവലിക്കാന്‍' കൊടുക്കണം." അതും നാട്ടുനടപ്പാണ്. ഇത്രയും ദിവസം സങ്കടത്തില്‍ പങ്കുചേര്‍ന്നവര്‍ക്കും സദ്യവട്ടം ഒരുക്കിയവര്‍ക്കും വേണ്ടി ഒരു നന്ദി പ്രകടനമാണ് ഈ 'കടിച്ചുവലി'. അതിന് ഒരാടിന്റെ ജീവനെടുത്തു, അത്രയേ ഉളളൂ. മാംസക്കറി ഉണ്ടാക്കി രാത്രി സദ്യ. ആണുങ്ങള്‍ക്ക് അതോടൊപ്പം അല്പം 'സേവയ്ക്കുളള' വകുപ്പും ഒരുക്കും. അങ്ങനെ മരണം ആഘോഷിച്ചു മടങ്ങുന്നവര്‍ ബന്ധുക്കളില്‍ പ്രായമായവരെ നോക്കി കമന്റും പാസാക്കും. "അടുത്തത് അങ്ങോട്ടേക്കാണേ..."
    തിരിച്ചെത്തിയ ശേഷം സുഹൃത്തിന് വിശദമായ ഒരു കത്തെഴുതി. ശ്രീനാരായണഗുരുദേവന്‍ മരണാനന്തരച്ചടങ്ങുകള്‍ എങ്ങനെയൊക്കെ നടത്തണം എന്നരുള്‍ചെയ്തതായിരുന്നു കത്തിന്റെ ഉളളടക്കം. 
    "ഒന്നും അറിയാത്ത പുരോഹിതന്‍ വന്നിരുന്ന് എളെളട്, പൂവെട്, തണ്ണികൊട് എന്നു പറയുന്ന രീതി നിറുത്തണം. മരിച്ചയാളുടെ ആത്മശാന്തിക്കായി മക്കളും ബന്ധുക്കളും എല്ലാദിവസവും പ്രാര്‍ത്ഥിക്കുക. പത്തുദിവസം ഈ ചടങ്ങുകള്‍ തുടരണം. പണം ധൂര്‍ത്തുവരുന്ന ഒരു ചടങ്ങും നടത്തരുത്."
    മരണാനന്തരചടങ്ങുകള്‍ 16 ദിവസം നടത്തുക എന്നത് അടിയാളരുടെ രീതിയും പത്തുദിവസം നടത്തുകയെന്നത് ബ്രാഹ്മണരുടെ രീതിയും ആയിരുന്നു ഒരു കാലത്ത്. മരണാനന്തരചടങ്ങ് എല്ലാവരും പത്തുദിവസമാക്കണമെന്ന് ആവശ്യപ്പെട്ടത് ഗുരുദേവനാണ്. ഇത് നടപ്പാക്കാന്‍ ശ്രമിച്ച തൃശൂര്‍ ജില്ലയിലെ  മുകുന്ദപുരത്തെ  ഒരു ഈഴവകുടുംബത്തെ  അന്ന് ബ്രാഹ്മണര്‍ ആളെവിട്ട് തല്ലിച്ചു.  ഗുരുശിഷ്യനായ സ്വാമി ബോധാനന്ദന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ധര്‍മ്മഭടസംഘം തിരിച്ചടിക്കാനിറങ്ങി.  അത് വലിയ ലഹളയായി മാറി. ഗുരുവിന്റെ വാക്കുകള്‍ പാലിക്കാനിറങ്ങിയവര്‍ ഇങ്ങനെ പരക്കെ അടികൊണ്ട ഒരു കാലമുണ്ട്. ഇന്ന് ആ വിധ തടസ്സങ്ങളൊന്നുമില്ല, എന്നിട്ടും 'പഴയകാട്ടാചാരങ്ങളില്‍' മുങ്ങിക്കിടക്കാനാണ് ജനത്തിന് താല്പര്യം. ഗുരുദേവന്‍ ആചാരപരിഷ്കാരത്തിലൂടെ മാറ്റംവരുത്തിയ എല്ലാദുരാചാരങ്ങളും ഇന്ന് മടങ്ങിവന്നിട്ടുണ്ട്. പുളികുടിയും തിരണ്ടുകുളിയും വന്‍പണാപഹരണച്ചടങ്ങുകളായി തിരിച്ചെത്തിയിട്ടുണ്ട്. ഗുരുവിനെ അനുനയിക്കുന്നു എന്നവകാശപ്പെടുന്നവരാണ് ഈ അനാചാരങ്ങളുടെ മുന്‍പന്തിയില്‍. ഗുരു അരുതെന്നുപറഞ്ഞ എല്ലാ ആര്‍ഭാട ചടങ്ങുകള്‍ക്കും സാക്ഷിയായി ഗുരുവിന്റെതന്നെ ചിത്രം മാലയിട്ട് വച്ചിട്ടുണ്ടാകും.  കല്യാണങ്ങള്‍ നടത്തി കടക്കെണിയിലാകുന്നവരുടെയും  മുടിഞ്ഞുപോകുന്നവരുടെയും എണ്ണം ചില്ലറയല്ല. പണമുളളവര്‍ ഒരു പ്രദേശമാകെ പന്തലിടും . അല്ലെങ്കില്‍ ലക്ഷങ്ങള്‍ മുടക്കി  ഓഡിറ്റോറിയങ്ങളില്‍ കല്യാണം കൊണ്ടാടും. പണമില്ലാത്തവന്‍ ദുരഭിമാനംകൊണ്ട് ഇതൊക്കെ അനുകരിക്കാന്‍ നോക്കും.  അതോടെ കുടുംബത്തിന്റെ അടിത്തട്ടിളകും. പുതുപ്പെണ്ണും ചെക്കനും ആദ്യമായി തിരിച്ചെത്തുമ്പോള്‍ വീട്ടില്‍ ആളുണ്ടാവില്ല. സ്വന്തംവീടുവിറ്റ് കടംവീട്ടിയ ശേഷം വീട്ടുകാര്‍ വല്ല വാടകവീട്ടിലും അഭയം തേടിയിട്ടുണ്ടാകും. ഇത്രയൊക്കെ  എഴുതിയപ്പോള്‍  രണ്ടുവരി മറുപടിയാണ് സുഹൃത്തില്‍ നിന്ന് കിട്ടിയത്. "ഇതൊന്നും പറഞ്ഞിട്ടു ഒരു കാര്യവുമില്ല... നാട്ടുകാര്‍  അതൊന്നും സമ്മതിക്കില്ല ആശാനേ.. അതാണ്  നാട്ടുനടപ്പ്.."

No comments:

Post a Comment