ഇമ്പമാര്‍ന്ന ഈണത്തില്‍ ദൈവദശകം കേട്ടുകഴിയുമ്പോള്‍ മനസ്സില്‍ തെളിയുന്ന ഒരുദൃശ്യമുണ്ട്. കരകാണാനാവാത്ത ഒരു പാരാവാരം. അതിലൊരു തോണിയില്‍ ഏകനായിരിക്കുന്ന തോണിക്കാരന്‍. ഓരോ മുഖങ്ങളിലേക്കും പ്രതീക്ഷയോടെ നോക്കുകയാണ് അദ്ദേഹം. "വരുന്നില്ലേ അക്കരയ്ക്ക്?" എന്ന ചോദ്യം ആ കണ്ണുകളില്‍ ഒരിറ്റ് ജലകണത്തോട് ഒട്ടി നില്‍പ്പുണ്ട്.
പകല്‍ക്കിനാവെന്ന പോലെ തെളിയുന്ന ഈ ദൃശ്യത്തിലെ തോണിക്കാരന്‍ ഗുരുദേവന്‍ തന്നെയാണെന്ന് തിരിച്ചറിയുമ്പോള്‍ ഉളളില്‍ വല്ലാത്ത നോവ് പടരാറുണ്ട്. മലീമസമായ ജീവിതക്കയത്തില്‍ നിന്ന് മനുഷ്യനെ മനുഷ്യത്വമെന്ന സംസ്കൃതിയിലേക്ക് കരകയറ്റാന്‍ വന്ന തോണിക്കാരന്‍. ഒരു വിലപ്പെട്ട ആയുസ്സും വപുസ്സും ആത്മതപസ്സും ബലി അര്‍പ്പിച്ച ിട്ടും സ്വയം അറിയാനും മാറാനും മനസ്സുകാട്ടാതെ പോയ സമൂഹം ഈ കയത്തില്‍ ആണ്ടു കിടപ്പുണ്ട്. അവര്‍ എന്നെങ്കിലും അറിവുനേടാന്‍ ആഗ്രഹിക്കും എന്ന പ്രതീക്ഷയില്‍ അക്ഷമനായി കാത്തിരിക്കുകയാണ് ഗുരു . ആ കാത്തിരിപ്പിന്റെ ആഴമറിയാന്‍ തിരക്കൊഴിഞ്ഞ നിമിഷങ്ങളില്‍ ദൈവദശകം നെഞ്ചോട് ചേര്‍ത്തുവയ്ക്കുക. എല്ലാ വിരുദ്ധചിന്തകളില്‍നിന്നും മനസ്സുപറിച്ചെടുത്ത് ആ തൃപ്പാദത്തില്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ കരുണാര്‍ദ്രമായ ആ ശബ്ദം കേള്‍ക്കാം. "വരുന്നില്ലേ അക്കരയ്ക്ക്?"
ആര് കേള്‍ക്കുന്നു, ആര്‍ക്കതിനു നേരം?
ദൈവദശകം ചൊല്ലിയാണ് ഗുരുഭക്തര്‍ എന്നറിയപ്പെടുന്ന സമൂഹം നല്ലകാര്യങ്ങള്‍ തുടങ്ങുന്നത്. എന്നാല്‍ ശുഭം ചൊല്ലി അവസാനിക്കുന്നിടത്തേക്ക് നോക്കിയാല്‍ കാണുന്നത് മദ്യലഹരി പതഞ്ഞുപൊങ്ങുന്നതാണ്. മനുഷ്യന്റെ ക്ഷണികമായ സന്തോഷങ്ങള്‍ക്കായി ബലി നല്‍കപ്പെട്ടവരെപ്പോലെ കോഴികളും ആടുമാടുകളും മസാലയില്‍ പൊതിഞ്ഞ് മേശമേല്‍ നിരന്നിട്ടുണ്ടാവും. മദ്യമില്ലാതെ സന്തോഷവും സങ്കടങ്ങളും പങ്കുവയ്ക്കാന്‍ വയ്യാത്തവിധം സമൂഹം ദുഷിക്കുകയാണ്. ഇതിന്റെ കണക്കുകള്‍ വിശേഷദിവസങ്ങള്‍ കഴിയുന്ന മുറയ്ക്ക് പത്രത്താളുകളില്‍ വരാറുമുണ്ട്. ഇക്കാര്യത്തില്‍ ആര്‍ക്കും ജാതിമതഭേദമില്ല.
പണ്ടൊക്കെ വീടുകളില്‍ ബന്ധുജനം ഒത്തുകൂടുന്ന മംഗള കര്‍മ്മങ്ങള്‍ ആഘോഷിക്കാന്‍ പായസം വയ്ക്കുമായിരുന്നു. നാവില്‍ മധുരമായി പടരുന്ന ആഘോഷം. ലഹരിയും ചിക്കന്‍മസാലയുമാണ് ഇന്ന് ആഘോഷത്തിന്റെ വിശിഷ്ടരുചികള്‍. നാവില്‍ എരിഞ്ഞുപടരുന്ന ആഘോഷം. വിരുന്നുണ്ണാന്‍ ഒത്തുകൂടുന്നവര്‍ക്ക് അടുക്കളപ്പുറത്ത് അവസാനശ്വാസത്തിനായി കുറേജീവികള്‍ വിലപിച്ചു പിടയുന്നത് കേട്ടില്ലെന്ന് നടിക്കും. നമ്മുടെ സ്വാര്‍ത്ഥമോഹങ്ങള്‍ക്ക് മുന്നില്‍ ഒരു ജന്മം ബലിനല്‍കിയാണ് ആ ജീവികള്‍ വിടപറയുന്നത്. പാടവരമ്പ് ഉറയ്ക്കാന്‍ ചെറുമനെ കുരുതികൊടുത്തിരുന്നതും ഇതേപോലൊരു സ്വര്‍ത്ഥതയായിരുന്നു. ആ കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നമുക്കിന്നും വികാരമടക്കാന്‍ കഴിയില്ല. ആ കുരുതിയും ഈ 'മൃഗബലി'കളും തമ്മില്‍ ഒരു അദ്വൈതിക്ക് വ്യത്യാസം കാണാനാവില്ല. അദ്വൈതിയായ ഗുരുവിന് ഇതൊന്നും പൊറുക്കാനുമാവില്ല.
ഒരിക്കല്‍ അധമപൂജ നടത്തിവന്ന ഒരു ക്ഷേത്രത്തിലെത്തി ഗുരുദേവന്‍. ഹിംസ നിറുത്തണമെന്നും ജന്തുക്കളെ കൊന്ന് ചോരയൊഴുക്കിയാല്‍ ഒരു ദൈവവും പ്രസാദിക്കില്ലെന്നും ഗുരു ഉപദേശിച്ചു. ഹിംസ നിറുത്താവാന്‍ ഞങ്ങള്‍ക്ക് വിരോധമില്ലെന്നായി ഒരു ഭക്തന്‍. "പിന്നെ ആര്‍ക്കാണ് വിരോധം?" ഗുരു ചോദിച്ചു. "അത് ഭാരവാഹികള്‍ക്കാണ്". കോഴിക്കുപകരം ഉത്തമപൂജയ്ക്ക് കുമ്പളങ്ങയാകാം എന്നൊരാള്‍ അഭിപ്രായം പറഞ്ഞു. സ്വതേ മിതഭാഷയില്‍ പ്രതികരിക്കുന്ന ഗുരു അല്പം കനത്തശബ്ദത്തില്‍ പറഞ്ഞു, "വേണ്ടാ, കോഴി വെട്ടുന്നവന്റെ മകനെ കുരുതികൊടുത്താലെന്ത്?" ആ വാക്കുകളും ആ യോഗനയനങ്ങളില്‍ നിന്ന് അപൂര്‍വമായി സ്ഫുരിച്ച കനലുകളും കണ്ട് എല്ലാവര്‍ക്കും നാവിറങ്ങിപ്പോയി. ക്ഷേത്രനടയില്‍ അറുക്കപ്പെടുന്ന കോഴിയെയും അറവുകാരന്റെ മകനെയും ഒന്നായി കാണാനേ ഗുരുദേവന് കഴിയൂ. ജീവന്റെ വില എല്ലാ ജീവികള്‍ക്കും ഒരുപോലെയാണെന്ന് തിരിച്ചറിയാത്ത ഒരേയൊരു ജീവി മനുഷ്യന്‍ മാത്രമാണല്ലോ എന്ന വ്യഥയായിരുന്നു ഗുരുവിന്റെ മുഖത്ത് അമര്‍ഷമായി തെളിഞ്ഞത്.
ഗുരുദേവന്‍ തപസ്സുണര്‍ന്ന് പൊതുസമൂഹത്തിലേക്ക് തിരികെ വന്നതിന്റെ സാഹചര്യം വ്യക്തമാക്കാന്‍ പൊതുവേ ഉദ്ധരിക്കപ്പെടുന്നത് ഗുരുവിന്റെ സുബ്രഹ്മണ്യ കീര്‍ത്തനത്തിലെ 12-ാമത്തെ ശ്ളോകമാണ്.
"കഷ്ടം ദീനംപിടിച്ചോ മദിരയതുകുടി-
ച്ചോ കിടക്കുന്ന ലോകര്‍-
ക്കുത്തിഷ്ഠോത്തിഷ്ഠ ശീഘ്രം,
നദിയില്‍ മുഴുകുവാന്‍
കാലമായ് വന്നിതിപ്പോള്‍". എന്നു പറയുന്ന ഭാഗത്ത് മദ്യപാനവും രോഗവും ഒരേ തലത്തിലാണ് ഗുരുവിനെ അലട്ടുന്നത് എന്നുകാണാം. മദ്യത്തില്‍ മുങ്ങുന്ന സമൂഹം ഒരിക്കലും സാംസ്കാരിക ഉന്നതി പ്രാപിക്കില്ല. മദ്യത്തിന്റെ സ്വാധീനത്തില്‍ നിന്നു മോചിക്കപ്പെടാത്തവര്‍ എത്ര വിദ്യാഭ്യാസം നേടിയിട്ടും ബൌദ്ധികമായി ഉയര്‍ന്നിട്ടും ഫലമില്ല. മദ്യത്തെ ആശ്രയിക്കുന്നവര്‍ തൊടുന്നതിലും പറയുന്നതിലും എന്തിന് അവരുടെ ചിന്തകള്‍ക്ക് പോലും മദ്യഗന്ധമാകുമെന്ന് ഗുരു ശ്രീനാരായണ ധര്‍മ്മത്തില്‍ വിവരിക്കുന്നു. സാത്വികഭക്ഷണത്തിലൂടെ മനുഷ്യന്റെ ചിന്താഗതികളില്‍ പോലും മാറ്റമുണ്ടാക്കാന്‍ കഴിയും. ചിന്തകള്‍ക്ക് ശുദ്ധിയുണ്ടായാല്‍ വിശ്വാസങ്ങളിലും ശുദ്ധിയുണ്ടാകും. അത് കര്‍മ്മത്തെ ശുദ്ധമാക്കും. ഇങ്ങനെ ജീവിത വിശുദ്ധി നേടാനുളള ഇടങ്ങളായിട്ടാണ് ഗുരു ക്ഷേത്രങ്ങള്‍ ഉണ്ടാക്കിയത്. ക്ഷേത്രദര്‍ശനത്തിന് എത്തുമ്പോഴെങ്കിലും ജീവിത വിശുദ്ധി പാലിക്കുമല്ലോ! അതിലൂടെ പടിപടിയായി സാംസ്കാരിക ഉന്നമനമാണ് ഗുരു ലക്ഷ്യമിട്ടത്. വേദാന്തവും കൃഷിയും ഒരേതലത്തില്‍ ദര്‍ശിച്ചു. എന്നാല്‍ ഇവരണ്ടും ഒന്നുചേരുന്ന ഇടം കാണാനുളള കണ്ണ് നമുക്കുണ്ടായില്ല.
പഠിക്കാനും പൊതുവഴിയേ നടക്കാനും അവകാശമുളള ലോകം ഗുരുദേവന്‍ നമുക്ക് നല്‍കി . എന്നാല്‍ അടിസ്ഥാനപരമായ മനുഷ്യസംസ്കരണത്തിന്റെ വിശുദ്ധ പടവുകയറ്റത്തിനിടെ നാം അദ്ദേഹത്തെ തളളിപ്പറയുന്നു. മനുഷ്യത്വത്തിന്റെ പരമപദത്തിലേക്ക് നമ്മെ നയിക്കാന്‍ അറിവിന്റെ തോണിയിറക്കി ഗുരുദേവന്‍ ഇന്നും കാത്തിരിക്കുന്നു. അത് കാണാന്‍ കാഴ്ചയില്ലാതെ നാം "കഷ്ടം ദീനംപിടിച്ചും മദിരയതു കുടിച്ചും" സാംസ്കാരിക മലീമസമായ സമുദ്രത്തില്‍ തന്നെ ആഴ്ന്നുകിടക്കുന്നു. കുടുംബനാഥനെ അംഗീകരിക്കാം പക്ഷേ, അദ്ദേഹം എന്തൊക്കെചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിക്കും എന്നുപറയുന്ന മക്കളെപ്പോലെയാണ് നമ്മുടെ ഗുരുഭക്തി. ഗുരു ആരെന്നറിഞ്ഞ് അനുഗമിക്കുന്നവര്‍ ന്യൂനപക്ഷമാണെങ്കില്‍ അതൊരു വലിപ്പക്കുറവല്ല. ഗുരുവിനെ ഒരു വശത്ത് ധിക്കരിച്ചുകൊണ്ട് ഭക്തികാണിക്കുന്നവരുടെ എണ്ണം കൂടുന്നതാണ് യഥാര്‍ത്ഥ വലിപ്പക്കുറവ്.
:) നാരായണ ധര്‍മ്മം പരിപാലിക്കാനെന്ന പേരിലുള്ള നേതാക്കളില്‍ പലരും മദ്യ രാജാക്കന്മാരാകുന്നിടത്ത് തന്നെ പരാജയമടയുന്നു!!! സമുദായത്തിലെ ഉന്നതര്‍ വേണം മറ്റുള്ളവര്‍ക്ക് വഴി കാട്ടുവാന്‍ എന്നല്ലേ ഗുരുദേവന്‍ കാട്ടി തന്നത്!!!
ReplyDeleteഅങ്ങയുടെ ലേഖനങ്ങള്‍ സ്ഥിരമായി ഞാന്‍ വായിക്കാറുണ്ട്. നമ്മുടെ ഇടയില്‍ അങ്ങയെ പോലെ സത്യത്തിനെ തുറന്നുകാട്ടാന്‍ കഴിവുള്ളവര്‍ ഉണ്ട് എന്നതുതന്നെ ഒരു ആശ്വാസം. ഗുരു തന്നെയാണ് അങ്ങയുടെ പേനയിലൂടെ സംസാരിക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വീണ്ടും വീണ്ടും ഗുരുവിന്‍റെ അനുഗ്രഹം ഉണ്ടാകട്ടെ.
ReplyDeleteപ്രകൃതിയെ സംരക്ഷിക്കാൻ പഴമക്കാർ ആചരിച്ചവയാണ് ഇന്നത്തെ വിശ്വാസങ്ങളിൽ പലതും. മുമ്പ് നോയമ്പ് കാലമെന്നാൽ ഭക്തിയോടെ അഹിംസാ വൃതം നോൽക്കുന്നതായിരുന്നു, എന്നാൽ ഇന്നത് ശരീരത്തിനു വേണ്ടിയുള്ള ഒരു ഭക്ഷണക്രമീകരണം മാത്രമായി. നമ്മുടെ മതഗ്രന്ഥങ്ങളിൽ പലതിലും കാണാവുന്ന ഒരു വാക്കാണ് "ദൈവം ഭൂമിയിലുള്ള സകലജീവജാലങ്ങൾക്കും മേലുള്ള അധികാരം മനുഷ്യന് നല്കി" എന്നത്. മതങ്ങൾ അഹിംസക്ക് പ്രാധാന്യം നല്കുമ്പോൾ ഈ അധികാരവും സംരക്ഷിക്കാനുള്ളതാണെന്ന് മനസ്സിലാക്കാം (ഒരു ഉദാ: താഴത്തെ ലിങ്കിൽ). അത് ഹിംസിക്കാൻ ഉള്ള അനുവാദമായി ഉയർത്തിക്കാട്ടിയാൽ..
ReplyDeleteവാളെടുക്കുന്നവൻ വാളാൽ എന്നതാണ് പ്രകൃതി നിയമം. കൊല്ലാൻ ഒരാൾ മുന്നിട്ടിറങ്ങുമ്പോൾ ഭൂമിയിലെ ജീവജാലങ്ങളിലൊന്ന് കൊല്ലപ്പെടുക തന്നെ ചെയ്യും. നാളെ അത് ഒരു പക്ഷെ നാമല്ലെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾ തന്നെയാകാം.
https://m.facebook.com/story.php?story_fbid=2316357738647803&id=1571090779841173