ഗുരുദേവശിഷ്യനായ മാമ്പലം വിദ്യാനന്ദസ്വാമി ഒരിക്കല്‍ ഒരു അനുഭവം പറഞ്ഞു:
"ഒരു തീവണ്ടിയാത്രയില്‍ സഹയാത്രികനായ തമിഴന്‍ വെളളംകുടിക്കാന്‍ പാത്രമെടുത്തപ്പോള്‍ അതില്‍നിന്ന് തുളുമ്പിയവെളളംവീണ് ഗുരുസ്വാമിയുടെ മുണ്ടുകള്‍ അടുക്കിവച്ചിരുന്ന ഭാണ്ഡം നനഞ്ഞു. എനിക്കത് സഹിച്ചില്ല. ഞാന്‍ ആ തമിഴനെ നന്നായി വഴക്കുപറഞ്ഞു. മുന്നിലിരിക്കുന്നത് മഹാനായ ശ്രീനാരായണഗുരുവാണെന്നറിഞ്ഞപ്പോള്‍ അയാള്‍ തനിക്കുപറ്റിയതെറ്റ് ഏറ്റുപറഞ്ഞ് സ്വാമിയുടെ കാലില്‍വീണു. ഗുരുസ്വാമി അയാള്‍ക്ക് കല്‍ക്കണ്ടം നല്‍കി അനുഗ്രഹിച്ചു. അടുത്ത സ്റ്റേഷനില്‍ അയാള്‍ ഇറങ്ങി. കുറച്ചുസമയത്തെ മൌനം ഭഞ്ജിച്ച് സ്വാമി എന്നോട് ചോദിച്ചു;
"നീ തിരുക്കുറല്‍ വായിച്ചിട്ടുണ്ടോ? അതു പഠിക്കണം. സന്യാസി വികാരങ്ങള്‍ക്ക് അടിമയാകരുത്. സഹനശക്തിയില്ലാത്തവന് സന്യാസം നയിക്കാന്‍ യോഗ്യതയില്ല.
ഉറ്റനോയ് തോന്‍റല്‍ ഉയിര്‍ക്കുളളറുക്കണ്‍
ചെയ്യാമമൈ അറ്റേതവത്തിര്‍ക്കു ഗുരു
എന്നാണ് തിരുക്കുറല്‍ പറയുന്നത്. തനിക്കുണ്ടാകുന്ന കഷ്ടപ്പാടുകളും ദുരിതങ്ങളും മറ്റുളളവര്‍ക്കു ക്ളേശകരമാകാതെ സഹിക്കുകയാണ് സന്യാസി ധര്‍മ്മം. ഇതിനെ തിതിക്ഷ എന്നു പറയും.
സഹനം സര്‍വദു:ഖനാമ പ്രതീകാര പൂര്‍വകം
ചിന്താവിലാപരഹിതം സാ തിതിക്ഷാ നിഗത്യതേ
എന്ന് ശങ്കരനും (ശ്രീ ശങ്കരാചാര്യര്‍) പറയുന്നു. എല്ലാ ദു:ഖങ്ങളും പ്രതികാരചിന്തകൂടാതെ സഹിക്കുക. എനിക്ക് ഇങ്ങനെവന്നുപോയല്ലോ എന്നോര്‍ത്ത് വിലപിക്കാതെ, മനസ്സിനെ വ്യാകുലപ്പെടുത്താതെ ധീരതയോടെ സഹിക്കുന്നവനാണ് സന്യാസി."
ഗുരുദേവന് തിരുക്കുറലിനോട് വലിയ താല്പര്യം ഉണ്ടായിരുന്നു എന്ന് ഈ അനുഭവകഥ വ്യക്തമാക്കുന്നു. ഭാരതീയഗ്രന്ഥങ്ങളില്‍വച്ച് തിരുക്കുറലും ഈശാവാസ്യോപനിഷത്തും മാത്രമാണ് ഗുരു മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുളളത്. തിരുവളളുവരുടെ നാവില്‍ വാഗ്ദേവത നേരിട്ട് മൊഴിഞ്ഞുവെന്നാണ് തിരുക്കുറലിനെക്കുറിച്ചുളള വിശ്വാസം. സത്യം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ബ്രഹ്മനിഷ്ഠനായ ഗുരുവിന്റെ പാദത്തില്‍ സ്വയം സമര്‍പ്പിച്ചാല്‍ പരമമായ ആനന്ദത്തെ അറിഞ്ഞ് ജീവിക്കാമെന്ന് "കടവുള്‍ വാഴ്ത്തു" എന്ന ആദ്യ ആദ്യ അദ്ധ്യായത്തില്‍ പറയുന്നു. അതിന് ഗുരു നല്‍കിയ പരിഭാഷ ഇങ്ങനെയാണ്:
"മനമാം മലരേ വെല്ലുന്നവന്റെ വലുതാം പാദം
തൊഴുന്നവര്‍ സുഖം നീണാള്‍ മുഴുവന്‍ വാഴുമൂഴിയില്‍"
എത്രമനോഹരമാണ് ഈ വരികള്‍! തിരുക്കുറലിന്റെ പരിഭാഷയിലൂടെ പ്രപഞ്ചസത്യി അറിയാനുളള വഴിയാണ് ഗുരുദേവന്‍ നമുക്കുമുന്നില്‍ തുറന്നത്. ധര്‍മ്മ, അര്‍ത്ഥ, കാമങ്ങള്‍ വേണ്ടവിധം ആചരിച്ചാല്‍ മോക്ഷത്തിലെത്തുമെന്ന് കുറല്‍ പറയുന്നു. സത്യം, ധര്‍മ്മം, ദയ എന്നീ ത്രിഗുണങ്ങളാല്‍ ഈ മോക്ഷമാര്‍ഗം മുന്നില്‍ തുറക്കുമെന്ന് ഗുരുവും പറയുന്നു. പുതുസമൂഹസൃഷ്ടിക്കായി ഗുരുദേവന്‍ മുന്നോട്ടുവച്ച മൂല്യങ്ങളും ഇവതന്നെ. ഈ ഗുണങ്ങളെ ദൈവതുല്യം ആരാധിക്കാന്‍ സത്യ, ധര്‍മ്മം, ദയ എന്നെഴുതി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. വളളുവരെപ്പോലെയുളള ഒരു മഹാസിദ്ധന്റെ കൃതി തത്തുല്യനായ ഒരു മഹാസിദ്ധനില്‍ക്കൂടി ഭാഷാന്തരം ചെയ്തുകിട്ടിയത് അപൂര്‍വഭാഗ്യമാണെന്ന് ഗുരുകൃതികള്‍ക്ക് വ്യാഖ്യാനമെഴുതിയ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ പറയുന്നു.
അപൂര്‍വമായി മാത്രം പ്രാപഞ്ചികര്‍ക്ക് പരമമായ സത്യത്തിലേക്ക് വഴിതുറക്കുന്ന താക്കോല്‍ക്കൂട്ടങ്ങളായിരുന്നു ഗുരുദേവന്റെ സാധാരണസംഭാഷണങ്ങള്‍ പോലും. സ്വതസിദ്ധമായ നര്‍മ്മത്തില്‍ പൊതിഞ്ഞ ചിന്താമലരുകള്‍ വിതറി അദ്ദേഹം നടന്നു നീങ്ങുമ്പോള്‍ അതൊക്കെ തമാശകള്‍ എന്നമട്ടില്‍ ചിരിച്ചാസ്വദിക്കാനേ ഒപ്പമുണ്ടായിരുന്ന പലര്‍ക്കും സാധിച്ചിരുന്നുളളൂ. അപൂര്‍വം ശിഷ്യരാണ് അവയില്‍ ചിലതെങ്കിലും പെറുക്കി നമുക്കായി സൂക്ഷിച്ചത്. അങ്ങനെയൊരു അക്ഷന്തവ്യമായ നിസ്സംഗതയാണ് തിരുക്കുറലിന്റെ ഗുരുപരിഭാഷയില്‍ ഭൂരിഭാഗവും നഷ്ടപ്പെടുത്തിയത്. മൂന്ന് അദ്ധ്യായങ്ങളേ തിരികെ കിട്ടിയുളളൂ. ഗുരു നമുക്കായി പകര്‍ന്നു നല്‍കിയത് അമൂല്യമായ ഒരു ജീവിതമായിരുന്നു. അത് പൂര്‍ണ്ണമായും അറിയാന്‍ ലോകര്‍ക്ക് കഴിഞ്ഞില്ല. പകരം കാട്ടുതീപോലെ പ്രചരിച്ചത് കെട്ടുകഥകളാണ്. ചോരകുടിച്ചു ചീര്‍ത്ത ആരാധനാമൂര്‍ത്തികളെ പടിയിറക്കി, പകരം അറിവിനെ പ്രതിഷ്ഠിച്ച ഗുരുസ്വാമിയെ ഇന്ന് അവര്‍ക്കൊപ്പം പ്രതിഷ്ഠിച്ച് നിവേദ്യമൂട്ടുകയാണ് നമ്മള്‍. സ്വത്തുതര്‍ക്കം നിലനിന്ന കാലത്ത് സിലോണ്‍യാത്രയ്ക്കിടെ ഭൂമിദാനമായി നല്‍കാന്‍ ശ്രമിച്ച ഭക്തനോട് ഗുരു മൊഴിഞ്ഞു: "നമുക്ക് ഭൂമി വേണ്ട.. ആകാശത്തെവിടെയെങ്കിലും കുറച്ച്ഭാഗം പതിച്ചുതരുമോ?"
ഗുരു മോഹിച്ചത് ഭേദചിന്തയില്ലാത്ത ഒരുമയുടെയും സഹവര്‍ത്തിത്വത്തിന്റെയും നീലാകാശമായിരുന്നു. അത് ഇന്നുവരെ നാം പതിച്ചു കൊടുത്തതുമില്ല.
No comments:
Post a Comment