Wednesday, 29 June 2011

ഇവിടെ ഇതൊക്കെയാണ് നാട്ടുനടപ്പ്...




മദ്ധ്യതിരുവിതാംകൂറില്‍ ഒരു മരണവീട്ടില്‍ എത്തിയതാണ്. അടുത്ത സുഹൃത്തിന്റെ അച്ഛനാണ് മരിച്ചത്. സംസ്കാരച്ചടങ്ങുകള്‍ നടക്കുകയാണ്. പുരോഹിതനായി വന്നയാള്‍ ബുക്ക് നോക്കി അക്ഷരശുദ്ധിയില്ലാതെ ചൊല്ലുന്നതൊക്കെ കേള്‍ക്കുന്നമട്ടില്‍ ആവര്‍ത്തിക്കുകയാണ് സുഹൃത്തും ബന്ധുക്കളും. ചടങ്ങുകള്‍ കഴിഞ്ഞ് അതീവ ദുഃഖിതനായി ഒരിടത്തേക്ക് മാറി ഒറ്റയ്ക്കിരിക്കുകയാണ് സുഹൃത്ത്. അച്ഛന്റെ വിയോഗം അത്രയ്ക്ക് അവനെ തളര്‍ത്തിയല്ലോയെന്നു വിഷമിച്ച് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അതല്ല അവന്റെ പ്രശ്നം എന്ന് സംസാരിച്ചുവന്നപ്പോള്‍ പിടികിട്ടി. അച്ഛന്‍ രോഗിയായിരുന്നു. ഏതു നിമിഷവും മരണം പ്രതീക്ഷിച്ചതുമാണ്. ശവസംസ്കാരത്തിന് വിറകുവെട്ടിയവര്‍ക്കും മരണമറിയിക്കാന്‍ ഓരോസ്ഥലത്തും പോയവര്‍ക്കും മറ്റ് കാര്യങ്ങള്‍ക്ക് സഹായിച്ചവര്‍ക്കുമെല്ലാം വൈകിട്ട് ഒരു മദ്യസേവ നടത്തുന്ന ചടങ്ങ് നാട്ടിലുണ്ട്. ഇങ്ങനെയൊരു ചടങ്ങ് വൈകിട്ട് ഉളളതിന്റെ ത്രില്ലിലാണ് കാര്യങ്ങള്‍ ഓടുന്നത്. 'സാധനം' കിട്ടില്ലെന്ന് ഉറപ്പുളള വീടുകളില്‍ ഉത്സാഹക്കാരുടെ എണ്ണവും കുറവായിരിക്കും. ഒന്നാംതീയതിയായതിനാല്‍  'സാധനം' എങ്ങും കിട്ടാനില്ല. കുറച്ചുദൂരെയുളള ഒരു പട്ടാളക്കാരന്റെ വീട്ടില്‍ 'മിലിട്ടറിക്വാട്ട'  ഇരിപ്പുണ്ടോ എന്നന്വേഷിച്ച് പോയവര്‍ മടങ്ങിവന്നിട്ടില്ല. അവര്‍ 'വിജയശ്രീലാളിതരായി' എത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കുഴയും. സുഹൃത്തിന്റെ ഈ വിഷമത്തില്‍ പങ്കുചേരാന്‍ നിവര്‍ത്തിയില്ലാതെ മടങ്ങി. മരണാനന്തരചടങ്ങുകള്‍ ഇവിടങ്ങളില്‍ 16 ദിവസമാണ്. എല്ലാദിവസവും ബലിയുണ്ട്. പതിനാറാംദിവസം കളങ്ങളൊക്കെവരച്ച് മണിക്കൂറുകള്‍ നീണ്ട ചടങ്ങുകളാണ് നടക്കുന്നത്. പുരോഹിതന്‍ പഴയതുപോലെ ബുക്കില്‍നോക്കി  മന്ത്രാക്ഷരങ്ങളുമായി 'ഗുസ്തി'കൂടുന്നുണ്ട്. അതിനുശേഷം ഗംഭീരസദ്യ നടന്നു. കാര്യങ്ങള്‍ സമംഗളം എന്നു കരുതി സുഹൃത്തിനോട് സംസാരിച്ച് ഇരിക്കുമ്പോഴാണ് വീടിന്റെ പിറകില്‍നിന്ന് മരണവെപ്രാളത്തോടെ ഒരാടിന്റെ ശബ്ദം. ഭയന്നുപോയി. എന്നാല്‍ സുഹൃത്തിന് ഒരു ഭാവഭേദവുമില്ല. "അത് വൈകിട്ടത്തേക്കാണ്.  അയല്‍ക്കാര്‍ക്ക് 'ഇത്തിരി കടിച്ചുവലിക്കാന്‍' കൊടുക്കണം." അതും നാട്ടുനടപ്പാണ്. ഇത്രയും ദിവസം സങ്കടത്തില്‍ പങ്കുചേര്‍ന്നവര്‍ക്കും സദ്യവട്ടം ഒരുക്കിയവര്‍ക്കും വേണ്ടി ഒരു നന്ദി പ്രകടനമാണ് ഈ 'കടിച്ചുവലി'. അതിന് ഒരാടിന്റെ ജീവനെടുത്തു, അത്രയേ ഉളളൂ. മാംസക്കറി ഉണ്ടാക്കി രാത്രി സദ്യ. ആണുങ്ങള്‍ക്ക് അതോടൊപ്പം അല്പം 'സേവയ്ക്കുളള' വകുപ്പും ഒരുക്കും. അങ്ങനെ മരണം ആഘോഷിച്ചു മടങ്ങുന്നവര്‍ ബന്ധുക്കളില്‍ പ്രായമായവരെ നോക്കി കമന്റും പാസാക്കും. "അടുത്തത് അങ്ങോട്ടേക്കാണേ..."
    തിരിച്ചെത്തിയ ശേഷം സുഹൃത്തിന് വിശദമായ ഒരു കത്തെഴുതി. ശ്രീനാരായണഗുരുദേവന്‍ മരണാനന്തരച്ചടങ്ങുകള്‍ എങ്ങനെയൊക്കെ നടത്തണം എന്നരുള്‍ചെയ്തതായിരുന്നു കത്തിന്റെ ഉളളടക്കം. 
    "ഒന്നും അറിയാത്ത പുരോഹിതന്‍ വന്നിരുന്ന് എളെളട്, പൂവെട്, തണ്ണികൊട് എന്നു പറയുന്ന രീതി നിറുത്തണം. മരിച്ചയാളുടെ ആത്മശാന്തിക്കായി മക്കളും ബന്ധുക്കളും എല്ലാദിവസവും പ്രാര്‍ത്ഥിക്കുക. പത്തുദിവസം ഈ ചടങ്ങുകള്‍ തുടരണം. പണം ധൂര്‍ത്തുവരുന്ന ഒരു ചടങ്ങും നടത്തരുത്."
    മരണാനന്തരചടങ്ങുകള്‍ 16 ദിവസം നടത്തുക എന്നത് അടിയാളരുടെ രീതിയും പത്തുദിവസം നടത്തുകയെന്നത് ബ്രാഹ്മണരുടെ രീതിയും ആയിരുന്നു ഒരു കാലത്ത്. മരണാനന്തരചടങ്ങ് എല്ലാവരും പത്തുദിവസമാക്കണമെന്ന് ആവശ്യപ്പെട്ടത് ഗുരുദേവനാണ്. ഇത് നടപ്പാക്കാന്‍ ശ്രമിച്ച തൃശൂര്‍ ജില്ലയിലെ  മുകുന്ദപുരത്തെ  ഒരു ഈഴവകുടുംബത്തെ  അന്ന് ബ്രാഹ്മണര്‍ ആളെവിട്ട് തല്ലിച്ചു.  ഗുരുശിഷ്യനായ സ്വാമി ബോധാനന്ദന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ധര്‍മ്മഭടസംഘം തിരിച്ചടിക്കാനിറങ്ങി.  അത് വലിയ ലഹളയായി മാറി. ഗുരുവിന്റെ വാക്കുകള്‍ പാലിക്കാനിറങ്ങിയവര്‍ ഇങ്ങനെ പരക്കെ അടികൊണ്ട ഒരു കാലമുണ്ട്. ഇന്ന് ആ വിധ തടസ്സങ്ങളൊന്നുമില്ല, എന്നിട്ടും 'പഴയകാട്ടാചാരങ്ങളില്‍' മുങ്ങിക്കിടക്കാനാണ് ജനത്തിന് താല്പര്യം. ഗുരുദേവന്‍ ആചാരപരിഷ്കാരത്തിലൂടെ മാറ്റംവരുത്തിയ എല്ലാദുരാചാരങ്ങളും ഇന്ന് മടങ്ങിവന്നിട്ടുണ്ട്. പുളികുടിയും തിരണ്ടുകുളിയും വന്‍പണാപഹരണച്ചടങ്ങുകളായി തിരിച്ചെത്തിയിട്ടുണ്ട്. ഗുരുവിനെ അനുനയിക്കുന്നു എന്നവകാശപ്പെടുന്നവരാണ് ഈ അനാചാരങ്ങളുടെ മുന്‍പന്തിയില്‍. ഗുരു അരുതെന്നുപറഞ്ഞ എല്ലാ ആര്‍ഭാട ചടങ്ങുകള്‍ക്കും സാക്ഷിയായി ഗുരുവിന്റെതന്നെ ചിത്രം മാലയിട്ട് വച്ചിട്ടുണ്ടാകും.  കല്യാണങ്ങള്‍ നടത്തി കടക്കെണിയിലാകുന്നവരുടെയും  മുടിഞ്ഞുപോകുന്നവരുടെയും എണ്ണം ചില്ലറയല്ല. പണമുളളവര്‍ ഒരു പ്രദേശമാകെ പന്തലിടും . അല്ലെങ്കില്‍ ലക്ഷങ്ങള്‍ മുടക്കി  ഓഡിറ്റോറിയങ്ങളില്‍ കല്യാണം കൊണ്ടാടും. പണമില്ലാത്തവന്‍ ദുരഭിമാനംകൊണ്ട് ഇതൊക്കെ അനുകരിക്കാന്‍ നോക്കും.  അതോടെ കുടുംബത്തിന്റെ അടിത്തട്ടിളകും. പുതുപ്പെണ്ണും ചെക്കനും ആദ്യമായി തിരിച്ചെത്തുമ്പോള്‍ വീട്ടില്‍ ആളുണ്ടാവില്ല. സ്വന്തംവീടുവിറ്റ് കടംവീട്ടിയ ശേഷം വീട്ടുകാര്‍ വല്ല വാടകവീട്ടിലും അഭയം തേടിയിട്ടുണ്ടാകും. ഇത്രയൊക്കെ  എഴുതിയപ്പോള്‍  രണ്ടുവരി മറുപടിയാണ് സുഹൃത്തില്‍ നിന്ന് കിട്ടിയത്. "ഇതൊന്നും പറഞ്ഞിട്ടു ഒരു കാര്യവുമില്ല... നാട്ടുകാര്‍  അതൊന്നും സമ്മതിക്കില്ല ആശാനേ.. അതാണ്  നാട്ടുനടപ്പ്.."

Tuesday, 28 June 2011

ആരാണ് നല്ല ഭ്രാന്തന്‍?

ഗാരി ഡേവിസിനെക്കുറിച്ച് അമേരിക്കന്‍ സര്‍ക്കാരിനോട് ചോദിച്ചാല്‍, "നല്ല ഒന്നാന്തരം ഭ്രാന്തന്‍" എന്നേ പറയൂ. മറ്റുരാജ്യങ്ങളും അതുതന്നെ പറയാനാണ് സാധ്യത. ഒരു രാജ്യത്തുതന്നെ അധികാരം പങ്കിടുമ്പോള്‍ അടിയാണ്. അപ്പോഴാണ് ലോകത്താകെ ഒരു ഗവണ്‍മെന്റ് മതിയെന്ന് വാദിക്കുന്നത്. ഭ്രാന്തെന്നല്ലാതെ എന്തുപറയും? ഈ ചോദ്യം ഗാരി ഡേവിസിനോട് തന്നെ ചോദിച്ചാല്‍ "ഞാനൊരു ഗുരുഭക്തന്‍" എന്നാകും മറുപടി. ആരാണ്  ഇപ്പറഞ്ഞ ഗുരു?
                "ശ്രീനാരായണഗുരു"
    ഗാരി ഡേവിസ് ഗുരുഭക്തന്‍ ആയതിനുപിന്നിലെ കഥ കുറച്ചു പഴയതാണ്. കഥയുടെ ആദ്യഭാഗത്ത് ഗാരി ഒരു അമേരിക്കന്‍ പോര്‍വിമാന പൈലറ്റായിരുന്നു. രണ്ടാംലോകമഹായുദ്ധകാലത്ത് ജര്‍മ്മനിക്കുമുകളില്‍ ബോംബുവര്‍ഷിച്ച പോരാളി. താന്‍ ബോംബിട്ടു നശിപ്പിച്ച ഇടങ്ങള്‍ ബൈനോക്കുലറിലൂടെ കണ്ടപ്പോള്‍ കലിംഗയുദ്ധഭൂമിയിലൂടെ കടന്നുപോയ അശോകനെപ്പോലെ ഗാരി അതീവ ദു:ഖിതനായി. തനിക്കോ തന്റെ രാജ്യത്തിനോ ഒരു ദ്രോഹവും ചെയ്യാത്ത പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പാവപ്പെട്ട തൊഴിലാളികളും വെന്തുവെണ്ണീറായി കിടക്കുന്നു. താനിനി ബോംബിടില്ല എന്ന് ഗാരി സര്‍ക്കാരിനെ അറിയിച്ചു. പട്ടാളക്കോടതി അദ്ദേഹത്തെ തടവിലിട്ടു. വിമുക്തനായപ്പോള്‍ ഗാരി നേരേ പോയത് ജര്‍മ്മനിയിലേക്ക.് താന്‍ ബോംബിട്ടുനശിപ്പിച്ച ഇടങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്കൊപ്പംകൂടി. 1948 ല്‍ അദ്ദേഹം അമേരിക്കന്‍ പൌരത്വം ഉപേക്ഷിച്ചു. ഇനി ഒരു രാജ്യത്തിന്റെയും പൌരത്വംവേണ്ടെന്ന് തീരുമാനിച്ചു. താന്‍ ലോകപൌരനാണെന്ന് ഗാരിയുടെ പ്രഖ്യാപനംകേട്ട് ചിരിക്കാത്ത ഏക ഭരണാധികാരി ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു. ഗാരിയുടെ ധീരതയെ അദ്ദേഹം അഭിനന്ദിച്ചു. പക്ഷേ ഗാരി ശരിക്കും പീഢനങ്ങള്‍ അനുഭവിച്ചു. ഒരു രാജ്യത്തും ചെല്ലാന്‍ വയ്യ. എല്ലാവരും പിടിച്ചുകെട്ടി അമേരിക്കയ്ക്ക് കൈമാറും. പൌരത്വമില്ലാത്തതിനാല്‍ അമേരിക്കയില്‍ വന്നാലും തടങ്കല്‍തന്നെ. ഒരിക്കല്‍ ഫ്രാന്‍സില്‍നിന്ന് പിടിച്ചുകെട്ടി അമേരിക്കയ്ക്ക് കൊണ്ടുപോകുംവഴിക്കാണ് കപ്പലില്‍വച്ച് ഗാരി ഒരു യഥാര്‍ത്ഥ മനുഷ്യനെക്കണ്ടത്. അത് ശ്രീനാരായണ ഗുരുശിഷ്യനായ നടരാജഗുരുവായിരുന്നു.
" ഈ ലോകത്തുളള മനുഷ്യര്‍ എല്ലാംകൂടി ഒരു സമുദായമാണെന്നു വിശ്വസിക്കുന്നതില്‍ വല്ല തെറ്റുമുണ്ടോ?" എന്നായിരുന്നു ഗാരിയുടെ ആദ്യചോദ്യം. " അതൊരു പരമാര്‍ത്ഥമാണ്" എന്ന് നടരാജഗുരു പറഞ്ഞു.   "ഇങ്ങനെ വിശ്വസിക്കുന്നതിനാല്‍ ഞാനൊരുഭ്രാാന്തനാണെന്ന് എല്ലാവരും പറയുന്നു". ഗാരിയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിയിട്ട് നടരാജഗുരു കടുത്ത സ്വരത്തില്‍പറഞ്ഞു, "എങ്കില്‍ ഞാനൊരു ഭ്രാന്തനാണ്. എന്റെ ഗുരുവും ഭ്രാന്തനാണ്"
    " ആരാണ് അങ്ങയുടെ ഗുരു?"
"മനുഷ്യരെല്ലാം ഒരു ജാതിയില്‍പ്പെട്ടവരാണെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്ത ശ്രീനാരായണഗുരു". 'ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്' എന്നും 'മനുഷ്യന്റെ ജാതി മനുഷ്യത്വ'മാണെന്നും പറഞ്ഞ ഗുരുവിന്റെ ദര്‍ശനത്തില്‍ ആകൃഷ്ടനായി ഗാരി ഡേവിസ്. ഒരു ജാതിയെന്ന് ഗുരു പറയുമ്പോള്‍ നമുക്ക് ഇവിടെ അത് ഹിന്ദുമതത്തിലെ സങ്കുചിത ജാതി തിരിവിനെക്കുറിച്ച് പറഞ്ഞതായി മാത്രമേ വ്യാഖ്യാനിക്കാന്‍ കഴിഞ്ഞിട്ടുളളൂ. ലോകജനത ഒന്നാണെന്നും ലോക മനുഷ്യന്‍ ഒരു ജാതിയാണെന്നും ഉദ്ദേശിച്ചാണ് ഗുരു അത് പറഞ്ഞതെന്ന് എത്രപേര്‍ക്ക് മനസ്സിലായി? അത് മനസ്സിലായതോടെ ഗാരി ഡേവിസ് കടുത്ത ഗുരുഭക്തായി. ഗാരിയുടെ ഏകലോകവിശ്വാസത്തെ ഗുരുദേവദര്‍ശനമുപയോഗിച്ച് ഏകലോകദര്‍ശനമെന്ന മഹത്തായ തത്വചിന്തയുണ്ടാക്കികൊടുത്തു നടരാജഗുരു. അതിന്റെ തേരിലേറി ഗുരു വിഭാവനം ചെയ്ത സമത്വസുന്ദരലോകം പ്രാവര്‍ത്തികമാക്കാന്‍ ഗാരിയുടെ പ്രയത്നം തുടരുകയാണ്. ഗാരിക്കെതിരെ വ്യവസ്ഥിതിയുടെ ഇരുമ്പുചങ്ങലകളും മുറുകിത്തന്നെ തുടരുന്നു. ഗാരി ഡേവിസിന്റെ ഒരു മലയാളം പതിപ്പാണ് നാട്ടിലെ ജാതിപ്പിശാചിനെ ഓടിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ഗുരുശിഷ്യനായ ആനന്ദതീര്‍ത്ഥ സ്വാമി. ജന്മനാ സവര്‍ണ്ണനായിട്ടും ദളിതരെ കൈപിടിച്ച് പൊതുസ്ഥലങ്ങളില്‍ കയറ്റിയതിന്റെ പേരില്‍ ഭ്രാന്തനെന്നുവിളിച്ചു.കിട്ടിയ അടിക്ക് കൈയും കണക്കുമില്ല. മണ്ണെണ്ണ ഒഴിച്ചു കത്തിക്കാന്‍വരെ ജാതിവാദികള്‍ ശ്രമിച്ചു. ഗുരു ശരീരത്തോടെ ഇരുന്നകാലത്തും വിപ്ളവകക്ഷികള്‍ കേരളത്തില്‍ അധികാരത്തിലിരുന്ന കാലത്തുമൊക്കെ പെരുവഴിയിലും അമ്പലനടയിലുമൊക്കെ അയിത്തജാതിക്കാരെ കൊണ്ടുചെന്നതിന്റെ പേരില്‍  ആനന്ദതീര്‍ത്ഥര്‍ അടിവാങ്ങിക്കൂട്ടി. 1987ല്‍ സമാധിയാകുമ്പോഴും അദ്ദേഹത്തിന് ജാതിരഹിത കേരളംകാണാന്‍ കഴിഞ്ഞില്ല.  അപ്പോള്‍ ഗാരി ഡേവിസിന്റെ " അതിരുകടന്ന" സ്വപ്നത്തെക്കുറിച്ച് പറയണോ? ഭ്രാന്തല്ലാതെ എന്ത് , അല്ലേ?.. ഗുരുശിഷ്യന്മാര്‍ ഇങ്ങനെയുമുണ്ട് ലോകത്ത് എന്നറിഞ്ഞാല്‍ നമ്മള്‍ക്ക് അത്ഭുതമാണ്.  ഇക്കാര്യത്തില്‍ നമ്മള്‍ വളരെ സേഫാണ്. ഗുരുഭക്തരാണോ എന്നു ചോദിച്ചാല്‍,അതെ.പക്ഷേ, വര്‍ഷത്തിലൊരിക്കല്‍ ശിവഗിരിയില്‍ ചെന്ന് ഗുരുപൂജ നടത്തുക, അല്ലെങ്കില്‍ നാട്ടിലെ ചതയദിനറാലിയില്‍ പങ്കെടുക്കുക, സമാധിക്ക് പിരിവെടുത്ത് ദാനക്കഞ്ഞി വയ്ക്കുക എന്നതിനപ്പുറമുളള ത്യാഗമൊന്നും നമുക്കുപറ്റില്ല. നല്ല ഭ്രാന്തനാകാനും വേണം ശരിയായ ത്യാഗം..

Monday, 27 June 2011

മറയുന്ന പ്രതിഷ്ഠകള്‍ തെളിയുന്ന വിഗ്രഹങ്ങള്‍

   
ചിലസംശയങ്ങള്‍ അങ്ങനെയാണ് തീര്‍ക്കാന്‍ ശ്രമിച്ചാലും തീരില്ല. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ജനിച്ച് ഇരുതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിലേറെക്കാലം ജീവിച്ചിരുന്ന ഗുരുദേവനെക്കുറിച്ച് ഇല്ലാത്ത സംശയങ്ങളില്ല. അതില്‍ പ്രധാന അദ്ദേഹത്തിന്റെ ജന്മവര്‍ഷമാണ്. 1854,1855,1856 എന്നിങ്ങനെ മൂന്നുവര്‍ഷങ്ങളാണ് ഗുരുവിന്റെ ജന്മവര്‍ഷമായി പലര്‍ പരിഗണിക്കുന്നത്. അവര്‍ക്കൊക്കെ അവരുടേതായ ന്യായവാദങ്ങളുണ്ട്. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയ്ക്ക് ശേഷം ഗുരു എഴുതിവയ്പ്പിച്ചു എന്നു പറയപ്പെടുന്ന ചരിത്രപ്രസിദ്ധമായ ഒരു ശ്ളോകമുണ്ട്:
    "ജാതിഭേദം മതദ്വേഷം
    ഏതുമില്ലാതെ സര്‍വരും
    സോദരത്വേന വാഴുന്ന
    മാതൃകാ സ്ഥാന...." എന്നഭാഗംവരെ ആര്‍ക്കും തര്‍ക്കമില്ല. അതിനുശേഷം വരുന്ന വാക്കാണ് തര്‍ക്കഹേതു. "മാമിത്" എന്നാണോ "മാണിത്" എന്നാണോ ഗുരു പറഞ്ഞത്. മാണിത് എന്നുപറയുന്നത് ഒരു പ്രഖ്യാപനമാണെന്നും അങ്ങനെ ഗുരു ഒരിക്കലും പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നില്ലെന്നും ഒരു കൂട്ടര്‍ വാദിക്കുന്നു. മാമിത് എന്നു പറയുമ്പോള്‍ ആയിത്തീരും എന്നര്‍ത്ഥം വരും അതാവും ശരിയെന്നാണ്  ഇവര്‍ പറയുന്നത്. രണ്ടായാലും സദുദ്ദേശമാണ് ഗുരുവിനുണ്ടായിരുന്നത് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അതല്ല നമ്മുടെ ചിന്താവിഷയം. ഗുരു എഴുതിയതെന്നും അല്ല, എഴുതിവയ്പ്പിച്ചതെന്നും പറയുന്ന ആ ഫലകം ഒരു ചരിത്രസൂക്ഷിപ്പല്ലേ? അതെവിടെ? അതാര്‍ക്കും അറിയില്ല. അതുണ്ടായിരുന്നെങ്കില്‍ ഒരു സംശയത്തിനെങ്കിലും കൃത്യമായി ഉത്തരം കണ്ടെത്താമായിരുന്നു. ഉത്തരം കിട്ടാത്ത മറ്റൊരുചോദ്യമുണ്ട്. അരുവിപ്പുറംക്ഷേത്രത്തില്‍ ഗുരു പ്രതിഷ്ഠിച്ച ആ ചരിത്രശിലയെവിടെ? അത് ഇരുളില്‍മറഞ്ഞിരിക്കുന്നതിന് എന്ത്ന്യായം പറയും? ശിവലിംഗത്തിനെ മറച്ച് ലോഹനിര്‍മ്മിതമായ ശിവന്റെ ശിരസ്സാണ് ശ്രീകോവിലില്‍ കാണുന്നത്. ശിലകണ്ടാല്‍ ഭക്തിതോന്നാത്തവര്‍ക്ക് തലകണ്ടെങ്കിലും ഭക്തിയുണ്ടാവട്ടെ എന്ന നിര്‍ദ്ദോഷകരമായ ചിന്തയാകും ഈ പരിഷ്കാരത്തിനുപിന്നില്‍. അതിന് ഇങ്ങനെയല്ല വേണ്ടത്. ശിലയും തലയും തമ്മിലുളളവ്യത്യാസം അവര്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് വേണ്ടത്.
    ഒരു കാലത്ത് കിരാതനായി കണ്ട ശിവനെ ദക്ഷിണാമൂര്‍ത്തി സങ്ക്ലപത്തില്‍ അവതരിപ്പിച്ചത് ശ്രീ ശങ്കരാചാര്യരാണ്. ആ സങ്കല്പം ശിവനോട് നീതിപുലര്‍ത്തുന്നതുമാണ്. എന്നാല്‍ ഗുരു പ്രതിഷ്ഠിച്ചത് പരംപൊരുളായ ശിവനെയാണ്. അതാണ് ശങ്കരന്‍കുഴിയിലെ ആ ഉരുളന്‍കല്ല്. മനുഷ്യര്‍ തമ്മില്‍ പ്രപഞ്ചസത്യത്തിനു നിരക്കാത്തവിധത്തില്‍ വിദ്വേഷവും വെറുപ്പും അയിത്തവും ആചരിച്ച്സ്വയം ഭ്രാന്തന്മാരായിമാറിയ കാലത്താണ് ഗുരുവിന്റെ ശിവപ്രതിഷ്ഠ.നിരര്‍ത്ഥകമായ ഭേഭചിന്തവെടിഞ്ഞ് മനുഷ്യര്‍ യോജിപ്പിലെത്തണം എന്നാണ്ശിവലിംഗപ്രതിഷ്ഠയിലൂടെ ഗുരുപറഞ്ഞുവച്ചത്. അനന്തമായ രണ്ട് പൊരുളുകളെ കൂട്ടിയിണക്കി ഏകമാക്കുന്നു എന്നതാണ് ശിവലിംഗ സങ്കല്പം. അദ്വൈതമാണത്. പാലാഴിമഥനസമയത്ത് കാളകൂടം എന്നവിഷം ഉയര്‍ന്നുവന്നപ്പോള്‍ അത് ലോകനാശത്തിനിടയാകാതിരിക്കാന്‍ ശിവന്‍ വിഴുങ്ങിയതായി പുരാണംപറയുന്നു. നന്മയും തിന്മയും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുമ്പോള്‍ സംഭവിക്കാവുന്ന അനിശ്ചിതത്വും സംശയവുമാണ് ഈ കാളകൂടവിഷം. ബുദ്ധിക്കുനിരക്കുന്ന തീരുമാനങ്ങളെടുക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന ശിവന്‍ മൂന്നാമന്റെ സ്ഥാനമേറ്റെടുത്ത് ലോകനാശകാരിയായ ഈ അനിശ്ചിതത്വത്തെ ഇല്ലായ്മചെയ്യുന്നു. ആദിയും അന്തവും ഇല്ലാത്ത പൊരുളാണ് ശിവലിംഗം. സവര്‍ണ്ണനും അവര്‍ണ്ണനും തമ്മില്‍നിലനിന്ന അന്തരവും ഒന്ന് ഒന്നിനുമേല്‍ നടത്തിയ അധിനിവേശവും ലോകഹിതമല്ലെന്നുകണ്ട് രണ്ടിനെയും പരംപൊരുളാല്‍ ഒന്നിപ്പിക്കാന്‍ ഗുരു നടത്തിയ ആദ്യചുവടുവയ്പ്പാണ് ശിവലിംഗപ്രതിഷ്ഠ. പ്രതീകാത്മകമാണ് ഈ നിലപാട്. "വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്" എന്ന് ലോകസര്‍വമതസമ്മേളനത്തില്‍ ഗുരുദേവന്‍ ഈ നിലപാട് തുറന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അരുവിപ്പുറത്തെ ശിവലിംഗത്തെ നമിക്കുമ്പോള്‍ ഈ തിരിച്ചറിവ് മനസ്സിലേക്ക്വരണം. അപ്പോള്‍ ശിലകണ്ടാലും ഭക്തിവരും. തുറന്ന ചിന്തയും അതിലൂടെ മുക്തിയും ലഭിക്കും. ഇത് പറഞ്ഞു കൊടുത്താല്‍ നമുക്ക് ധൈര്യത്തോടെ ശിവന്റെ തലയെടുത്ത്മാറ്റി ശിലയെ പൂജിക്കാം. ഗുരുവിന്റെ ദീപപ്രതിഷ്ഠയും കണ്ണാടിയും മാന്‍കൊമ്പുമെല്ലാം മറച്ച് ഇന്ന് വിഗ്രഹങ്ങള്‍ സ്ഥാനംപിടിച്ചുകഴിഞ്ഞു. അമ്പലം എന്നത് കാര്യസാധ്യത്തിനായി വഴിപാടും കുരുതിയും നടത്താനുളള ഇടം എന്നതിനപ്പുറത്തേക്ക് നാം വളര്‍ന്നില്ല എന്നതിന്റെ തെളിവാണിത്. അത് മനശാന്തിയുടെ ഇടമാണെന്നും വിദ്യയുടെ വിലാസകേന്ദ്രമാണെന്നും പറഞ്ഞുതന്ന് ഗുരുദേവന്‍ കാതങ്ങളോളം മുന്നോട്ടുനടന്നു. ആ കാലടിപിന്തുടരാന്‍ അശക്തരായി നമ്മള്‍ തിരിച്ചുനടക്കുന്നു.



തിരുക്കുറലും ചില വീണ്ടുവിചാരങ്ങളും



ഗുരുദേവശിഷ്യനായ മാമ്പലം വിദ്യാനന്ദസ്വാമി ഒരിക്കല്‍ ഒരു അനുഭവം പറഞ്ഞു:
    "ഒരു തീവണ്ടിയാത്രയില്‍ സഹയാത്രികനായ തമിഴന്‍ വെളളംകുടിക്കാന്‍ പാത്രമെടുത്തപ്പോള്‍ അതില്‍നിന്ന് തുളുമ്പിയവെളളംവീണ് ഗുരുസ്വാമിയുടെ മുണ്ടുകള്‍ അടുക്കിവച്ചിരുന്ന ഭാണ്ഡം നനഞ്ഞു. എനിക്കത് സഹിച്ചില്ല. ഞാന്‍ ആ തമിഴനെ നന്നായി വഴക്കുപറഞ്ഞു. മുന്നിലിരിക്കുന്നത് മഹാനായ ശ്രീനാരായണഗുരുവാണെന്നറിഞ്ഞപ്പോള്‍ അയാള്‍ തനിക്കുപറ്റിയതെറ്റ് ഏറ്റുപറഞ്ഞ് സ്വാമിയുടെ കാലില്‍വീണു. ഗുരുസ്വാമി അയാള്‍ക്ക് കല്‍ക്കണ്ടം നല്‍കി അനുഗ്രഹിച്ചു. അടുത്ത സ്റ്റേഷനില്‍ അയാള്‍ ഇറങ്ങി. കുറച്ചുസമയത്തെ മൌനം ഭഞ്ജിച്ച് സ്വാമി എന്നോട് ചോദിച്ചു;
    "നീ തിരുക്കുറല്‍ വായിച്ചിട്ടുണ്ടോ? അതു പഠിക്കണം. സന്യാസി വികാരങ്ങള്‍ക്ക് അടിമയാകരുത്. സഹനശക്തിയില്ലാത്തവന് സന്യാസം നയിക്കാന്‍ യോഗ്യതയില്ല.
    ഉറ്റനോയ് തോന്‍റല്‍ ഉയിര്‍ക്കുളളറുക്കണ്‍
    ചെയ്യാമമൈ അറ്റേതവത്തിര്‍ക്കു ഗുരു
എന്നാണ് തിരുക്കുറല്‍ പറയുന്നത്. തനിക്കുണ്ടാകുന്ന കഷ്ടപ്പാടുകളും ദുരിതങ്ങളും മറ്റുളളവര്‍ക്കു ക്ളേശകരമാകാതെ സഹിക്കുകയാണ് സന്യാസി ധര്‍മ്മം. ഇതിനെ തിതിക്ഷ എന്നു പറയും.
    സഹനം സര്‍വദു:ഖനാമ പ്രതീകാര പൂര്‍വകം
    ചിന്താവിലാപരഹിതം സാ തിതിക്ഷാ നിഗത്യതേ
എന്ന് ശങ്കരനും (ശ്രീ ശങ്കരാചാര്യര്‍) പറയുന്നു. എല്ലാ ദു:ഖങ്ങളും പ്രതികാരചിന്തകൂടാതെ സഹിക്കുക. എനിക്ക് ഇങ്ങനെവന്നുപോയല്ലോ എന്നോര്‍ത്ത് വിലപിക്കാതെ, മനസ്സിനെ വ്യാകുലപ്പെടുത്താതെ ധീരതയോടെ സഹിക്കുന്നവനാണ് സന്യാസി."
    ഗുരുദേവന് തിരുക്കുറലിനോട് വലിയ താല്പര്യം ഉണ്ടായിരുന്നു എന്ന് ഈ അനുഭവകഥ വ്യക്തമാക്കുന്നു. ഭാരതീയഗ്രന്ഥങ്ങളില്‍വച്ച് തിരുക്കുറലും ഈശാവാസ്യോപനിഷത്തും മാത്രമാണ് ഗുരു മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുളളത്. തിരുവളളുവരുടെ നാവില്‍ വാഗ്ദേവത നേരിട്ട് മൊഴിഞ്ഞുവെന്നാണ് തിരുക്കുറലിനെക്കുറിച്ചുളള വിശ്വാസം. സത്യം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ബ്രഹ്മനിഷ്ഠനായ ഗുരുവിന്റെ പാദത്തില്‍ സ്വയം സമര്‍പ്പിച്ചാല്‍ പരമമായ ആനന്ദത്തെ അറിഞ്ഞ് ജീവിക്കാമെന്ന് "കടവുള്‍ വാഴ്ത്തു" എന്ന ആദ്യ ആദ്യ അദ്ധ്യായത്തില്‍ പറയുന്നു. അതിന് ഗുരു നല്‍കിയ പരിഭാഷ ഇങ്ങനെയാണ്:
    "മനമാം മലരേ വെല്ലുന്നവന്റെ വലുതാം പാദം
    തൊഴുന്നവര്‍ സുഖം നീണാള്‍ മുഴുവന്‍ വാഴുമൂഴിയില്‍"
എത്രമനോഹരമാണ് ഈ വരികള്‍! തിരുക്കുറലിന്റെ പരിഭാഷയിലൂടെ പ്രപഞ്ചസത്യി അറിയാനുളള വഴിയാണ് ഗുരുദേവന്‍ നമുക്കുമുന്നില്‍ തുറന്നത്. ധര്‍മ്മ, അര്‍ത്ഥ, കാമങ്ങള്‍ വേണ്ടവിധം ആചരിച്ചാല്‍ മോക്ഷത്തിലെത്തുമെന്ന് കുറല്‍ പറയുന്നു. സത്യം, ധര്‍മ്മം, ദയ എന്നീ ത്രിഗുണങ്ങളാല്‍ ഈ മോക്ഷമാര്‍ഗം മുന്നില്‍ തുറക്കുമെന്ന് ഗുരുവും പറയുന്നു. പുതുസമൂഹസൃഷ്ടിക്കായി ഗുരുദേവന്‍ മുന്നോട്ടുവച്ച മൂല്യങ്ങളും ഇവതന്നെ. ഈ ഗുണങ്ങളെ ദൈവതുല്യം ആരാധിക്കാന്‍ സത്യ, ധര്‍മ്മം, ദയ എന്നെഴുതി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. വളളുവരെപ്പോലെയുളള ഒരു മഹാസിദ്ധന്റെ കൃതി തത്തുല്യനായ ഒരു മഹാസിദ്ധനില്‍ക്കൂടി ഭാഷാന്തരം ചെയ്തുകിട്ടിയത് അപൂര്‍വഭാഗ്യമാണെന്ന് ഗുരുകൃതികള്‍ക്ക് വ്യാഖ്യാനമെഴുതിയ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ പറയുന്നു.
    അപൂര്‍വമായി മാത്രം പ്രാപഞ്ചികര്‍ക്ക് പരമമായ സത്യത്തിലേക്ക് വഴിതുറക്കുന്ന താക്കോല്‍ക്കൂട്ടങ്ങളായിരുന്നു ഗുരുദേവന്റെ സാധാരണസംഭാഷണങ്ങള്‍ പോലും. സ്വതസിദ്ധമായ നര്‍മ്മത്തില്‍ പൊതിഞ്ഞ ചിന്താമലരുകള്‍ വിതറി അദ്ദേഹം നടന്നു നീങ്ങുമ്പോള്‍ അതൊക്കെ തമാശകള്‍ എന്നമട്ടില്‍ ചിരിച്ചാസ്വദിക്കാനേ ഒപ്പമുണ്ടായിരുന്ന പലര്‍ക്കും സാധിച്ചിരുന്നുളളൂ.  അപൂര്‍വം ശിഷ്യരാണ് അവയില്‍ ചിലതെങ്കിലും പെറുക്കി നമുക്കായി സൂക്ഷിച്ചത്. അങ്ങനെയൊരു അക്ഷന്തവ്യമായ നിസ്സംഗതയാണ് തിരുക്കുറലിന്റെ ഗുരുപരിഭാഷയില്‍ ഭൂരിഭാഗവും നഷ്ടപ്പെടുത്തിയത്. മൂന്ന് അദ്ധ്യായങ്ങളേ തിരികെ കിട്ടിയുളളൂ. ഗുരു നമുക്കായി പകര്‍ന്നു നല്‍കിയത് അമൂല്യമായ ഒരു ജീവിതമായിരുന്നു. അത് പൂര്‍ണ്ണമായും അറിയാന്‍ ലോകര്‍ക്ക് കഴിഞ്ഞില്ല. പകരം കാട്ടുതീപോലെ പ്രചരിച്ചത് കെട്ടുകഥകളാണ്. ചോരകുടിച്ചു ചീര്‍ത്ത   ആരാധനാമൂര്‍ത്തികളെ പടിയിറക്കി, പകരം അറിവിനെ പ്രതിഷ്ഠിച്ച ഗുരുസ്വാമിയെ ഇന്ന് അവര്‍ക്കൊപ്പം പ്രതിഷ്ഠിച്ച് നിവേദ്യമൂട്ടുകയാണ് നമ്മള്‍. സ്വത്തുതര്‍ക്കം നിലനിന്ന കാലത്ത് സിലോണ്‍യാത്രയ്ക്കിടെ ഭൂമിദാനമായി നല്‍കാന്‍ ശ്രമിച്ച ഭക്തനോട് ഗുരു മൊഴിഞ്ഞു: "നമുക്ക് ഭൂമി വേണ്ട.. ആകാശത്തെവിടെയെങ്കിലും കുറച്ച്ഭാഗം പതിച്ചുതരുമോ?"
    ഗുരു മോഹിച്ചത് ഭേദചിന്തയില്ലാത്ത ഒരുമയുടെയും സഹവര്‍ത്തിത്വത്തിന്റെയും നീലാകാശമായിരുന്നു. അത് ഇന്നുവരെ നാം പതിച്ചു കൊടുത്തതുമില്ല.

വരുന്നില്ലേ അക്കരയ്ക്ക്


ഇമ്പമാര്‍ന്ന ഈണത്തില്‍ ദൈവദശകം കേട്ടുകഴിയുമ്പോള്‍ മനസ്സില്‍ തെളിയുന്ന ഒരുദൃശ്യമുണ്ട്. കരകാണാനാവാത്ത ഒരു പാരാവാരം. അതിലൊരു തോണിയില്‍ ഏകനായിരിക്കുന്ന തോണിക്കാരന്‍. ഓരോ മുഖങ്ങളിലേക്കും പ്രതീക്ഷയോടെ നോക്കുകയാണ് അദ്ദേഹം. "വരുന്നില്ലേ അക്കരയ്ക്ക്?" എന്ന ചോദ്യം ആ കണ്ണുകളില്‍ ഒരിറ്റ് ജലകണത്തോട് ഒട്ടി നില്‍പ്പുണ്ട്.
    പകല്‍ക്കിനാവെന്ന പോലെ തെളിയുന്ന ഈ ദൃശ്യത്തിലെ തോണിക്കാരന്‍ ഗുരുദേവന്‍ തന്നെയാണെന്ന് തിരിച്ചറിയുമ്പോള്‍ ഉളളില്‍ വല്ലാത്ത നോവ് പടരാറുണ്ട്. മലീമസമായ ജീവിതക്കയത്തില്‍ നിന്ന് മനുഷ്യനെ മനുഷ്യത്വമെന്ന സംസ്കൃതിയിലേക്ക് കരകയറ്റാന്‍ വന്ന തോണിക്കാരന്‍. ഒരു വിലപ്പെട്ട ആയുസ്സും വപുസ്സും ആത്മതപസ്സും ബലി അര്‍പ്പിച്ച ിട്ടും സ്വയം അറിയാനും മാറാനും മനസ്സുകാട്ടാതെ പോയ സമൂഹം ഈ കയത്തില്‍ ആണ്ടു കിടപ്പുണ്ട്. അവര്‍ എന്നെങ്കിലും അറിവുനേടാന്‍ ആഗ്രഹിക്കും എന്ന പ്രതീക്ഷയില്‍ അക്ഷമനായി കാത്തിരിക്കുകയാണ് ഗുരു . ആ കാത്തിരിപ്പിന്റെ ആഴമറിയാന്‍ തിരക്കൊഴിഞ്ഞ നിമിഷങ്ങളില്‍ ദൈവദശകം നെഞ്ചോട് ചേര്‍ത്തുവയ്ക്കുക. എല്ലാ വിരുദ്ധചിന്തകളില്‍നിന്നും മനസ്സുപറിച്ചെടുത്ത് ആ തൃപ്പാദത്തില്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍  കരുണാര്‍ദ്രമായ ആ ശബ്ദം കേള്‍ക്കാം. "വരുന്നില്ലേ അക്കരയ്ക്ക്?"
    ആര് കേള്‍ക്കുന്നു, ആര്‍ക്കതിനു നേരം?
ദൈവദശകം ചൊല്ലിയാണ് ഗുരുഭക്തര്‍ എന്നറിയപ്പെടുന്ന സമൂഹം നല്ലകാര്യങ്ങള്‍ തുടങ്ങുന്നത്. എന്നാല്‍ ശുഭം ചൊല്ലി അവസാനിക്കുന്നിടത്തേക്ക് നോക്കിയാല്‍ കാണുന്നത് മദ്യലഹരി പതഞ്ഞുപൊങ്ങുന്നതാണ്. മനുഷ്യന്റെ ക്ഷണികമായ സന്തോഷങ്ങള്‍ക്കായി ബലി നല്‍കപ്പെട്ടവരെപ്പോലെ കോഴികളും ആടുമാടുകളും മസാലയില്‍ പൊതിഞ്ഞ് മേശമേല്‍ നിരന്നിട്ടുണ്ടാവും.   മദ്യമില്ലാതെ സന്തോഷവും സങ്കടങ്ങളും പങ്കുവയ്ക്കാന്‍ വയ്യാത്തവിധം സമൂഹം ദുഷിക്കുകയാണ്. ഇതിന്റെ കണക്കുകള്‍ വിശേഷദിവസങ്ങള്‍ കഴിയുന്ന മുറയ്ക്ക് പത്രത്താളുകളില്‍ വരാറുമുണ്ട്. ഇക്കാര്യത്തില്‍ ആര്‍ക്കും ജാതിമതഭേദമില്ല.
    പണ്ടൊക്കെ വീടുകളില്‍ ബന്ധുജനം ഒത്തുകൂടുന്ന മംഗള കര്‍മ്മങ്ങള്‍ ആഘോഷിക്കാന്‍ പായസം വയ്ക്കുമായിരുന്നു. നാവില്‍ മധുരമായി പടരുന്ന ആഘോഷം. ലഹരിയും ചിക്കന്‍മസാലയുമാണ് ഇന്ന് ആഘോഷത്തിന്റെ വിശിഷ്ടരുചികള്‍. നാവില്‍ എരിഞ്ഞുപടരുന്ന ആഘോഷം. വിരുന്നുണ്ണാന്‍ ഒത്തുകൂടുന്നവര്‍ക്ക് അടുക്കളപ്പുറത്ത് അവസാനശ്വാസത്തിനായി കുറേജീവികള്‍ വിലപിച്ചു പിടയുന്നത് കേട്ടില്ലെന്ന് നടിക്കും. നമ്മുടെ സ്വാര്‍ത്ഥമോഹങ്ങള്‍ക്ക് മുന്നില്‍ ഒരു ജന്മം ബലിനല്‍കിയാണ് ആ ജീവികള്‍ വിടപറയുന്നത്. പാടവരമ്പ് ഉറയ്ക്കാന്‍ ചെറുമനെ കുരുതികൊടുത്തിരുന്നതും ഇതേപോലൊരു സ്വര്‍ത്ഥതയായിരുന്നു. ആ കാലത്തെക്കുറിച്ച്  ഓര്‍ക്കുമ്പോള്‍ നമുക്കിന്നും വികാരമടക്കാന്‍ കഴിയില്ല. ആ കുരുതിയും ഈ 'മൃഗബലി'കളും തമ്മില്‍ ഒരു അദ്വൈതിക്ക് വ്യത്യാസം കാണാനാവില്ല. അദ്വൈതിയായ ഗുരുവിന് ഇതൊന്നും പൊറുക്കാനുമാവില്ല.
    ഒരിക്കല്‍ അധമപൂജ നടത്തിവന്ന ഒരു ക്ഷേത്രത്തിലെത്തി ഗുരുദേവന്‍. ഹിംസ നിറുത്തണമെന്നും ജന്തുക്കളെ കൊന്ന് ചോരയൊഴുക്കിയാല്‍ ഒരു ദൈവവും പ്രസാദിക്കില്ലെന്നും ഗുരു ഉപദേശിച്ചു. ഹിംസ നിറുത്താവാന്‍ ഞങ്ങള്‍ക്ക് വിരോധമില്ലെന്നായി ഒരു ഭക്തന്‍. "പിന്നെ ആര്‍ക്കാണ് വിരോധം?" ഗുരു ചോദിച്ചു. "അത് ഭാരവാഹികള്‍ക്കാണ്". കോഴിക്കുപകരം ഉത്തമപൂജയ്ക്ക് കുമ്പളങ്ങയാകാം എന്നൊരാള്‍ അഭിപ്രായം പറഞ്ഞു. സ്വതേ മിതഭാഷയില്‍ പ്രതികരിക്കുന്ന ഗുരു അല്പം കനത്തശബ്ദത്തില്‍  പറഞ്ഞു, "വേണ്ടാ, കോഴി വെട്ടുന്നവന്റെ മകനെ കുരുതികൊടുത്താലെന്ത്?" ആ വാക്കുകളും ആ യോഗനയനങ്ങളില്‍ നിന്ന്  അപൂര്‍വമായി സ്ഫുരിച്ച കനലുകളും കണ്ട് എല്ലാവര്‍ക്കും നാവിറങ്ങിപ്പോയി. ക്ഷേത്രനടയില്‍ അറുക്കപ്പെടുന്ന കോഴിയെയും അറവുകാരന്റെ മകനെയും ഒന്നായി കാണാനേ ഗുരുദേവന് കഴിയൂ. ജീവന്റെ വില എല്ലാ ജീവികള്‍ക്കും ഒരുപോലെയാണെന്ന് തിരിച്ചറിയാത്ത ഒരേയൊരു ജീവി മനുഷ്യന്‍ മാത്രമാണല്ലോ എന്ന വ്യഥയായിരുന്നു ഗുരുവിന്റെ മുഖത്ത് അമര്‍ഷമായി തെളിഞ്ഞത്.
    ഗുരുദേവന്‍ തപസ്സുണര്‍ന്ന് പൊതുസമൂഹത്തിലേക്ക് തിരികെ വന്നതിന്റെ സാഹചര്യം വ്യക്തമാക്കാന്‍ പൊതുവേ ഉദ്ധരിക്കപ്പെടുന്നത് ഗുരുവിന്റെ സുബ്രഹ്മണ്യ കീര്‍ത്തനത്തിലെ 12-ാമത്തെ ശ്ളോകമാണ്.
"കഷ്ടം ദീനംപിടിച്ചോ മദിരയതുകുടി-
ച്ചോ കിടക്കുന്ന ലോകര്‍-
ക്കുത്തിഷ്ഠോത്തിഷ്ഠ ശീഘ്രം,
നദിയില്‍ മുഴുകുവാന്‍
കാലമായ് വന്നിതിപ്പോള്‍". എന്നു പറയുന്ന ഭാഗത്ത് മദ്യപാനവും രോഗവും ഒരേ തലത്തിലാണ് ഗുരുവിനെ അലട്ടുന്നത് എന്നുകാണാം. മദ്യത്തില്‍ മുങ്ങുന്ന സമൂഹം ഒരിക്കലും സാംസ്കാരിക ഉന്നതി പ്രാപിക്കില്ല. മദ്യത്തിന്റെ സ്വാധീനത്തില്‍ നിന്നു മോചിക്കപ്പെടാത്തവര്‍ എത്ര വിദ്യാഭ്യാസം നേടിയിട്ടും ബൌദ്ധികമായി ഉയര്‍ന്നിട്ടും ഫലമില്ല. മദ്യത്തെ ആശ്രയിക്കുന്നവര്‍ തൊടുന്നതിലും പറയുന്നതിലും എന്തിന് അവരുടെ ചിന്തകള്‍ക്ക് പോലും മദ്യഗന്ധമാകുമെന്ന് ഗുരു ശ്രീനാരായണ ധര്‍മ്മത്തില്‍ വിവരിക്കുന്നു. സാത്വികഭക്ഷണത്തിലൂടെ മനുഷ്യന്റെ ചിന്താഗതികളില്‍ പോലും മാറ്റമുണ്ടാക്കാന്‍ കഴിയും. ചിന്തകള്‍ക്ക് ശുദ്ധിയുണ്ടായാല്‍ വിശ്വാസങ്ങളിലും ശുദ്ധിയുണ്ടാകും. അത് കര്‍മ്മത്തെ ശുദ്ധമാക്കും. ഇങ്ങനെ ജീവിത വിശുദ്ധി നേടാനുളള ഇടങ്ങളായിട്ടാണ് ഗുരു ക്ഷേത്രങ്ങള്‍ ഉണ്ടാക്കിയത്. ക്ഷേത്രദര്‍ശനത്തിന് എത്തുമ്പോഴെങ്കിലും ജീവിത വിശുദ്ധി പാലിക്കുമല്ലോ! അതിലൂടെ പടിപടിയായി സാംസ്കാരിക ഉന്നമനമാണ് ഗുരു ലക്ഷ്യമിട്ടത്. വേദാന്തവും കൃഷിയും ഒരേതലത്തില്‍ ദര്‍ശിച്ചു. എന്നാല്‍ ഇവരണ്ടും ഒന്നുചേരുന്ന ഇടം കാണാനുളള കണ്ണ് നമുക്കുണ്ടായില്ല.
    പഠിക്കാനും പൊതുവഴിയേ നടക്കാനും അവകാശമുളള  ലോകം ഗുരുദേവന്‍ നമുക്ക് നല്‍കി . എന്നാല്‍ അടിസ്ഥാനപരമായ മനുഷ്യസംസ്കരണത്തിന്റെ വിശുദ്ധ പടവുകയറ്റത്തിനിടെ നാം അദ്ദേഹത്തെ തളളിപ്പറയുന്നു. മനുഷ്യത്വത്തിന്റെ പരമപദത്തിലേക്ക് നമ്മെ നയിക്കാന്‍ അറിവിന്റെ തോണിയിറക്കി ഗുരുദേവന്‍ ഇന്നും കാത്തിരിക്കുന്നു. അത് കാണാന്‍ കാഴ്ചയില്ലാതെ നാം "കഷ്ടം ദീനംപിടിച്ചും മദിരയതു കുടിച്ചും" സാംസ്കാരിക മലീമസമായ സമുദ്രത്തില്‍ തന്നെ ആഴ്ന്നുകിടക്കുന്നു. കുടുംബനാഥനെ അംഗീകരിക്കാം പക്ഷേ, അദ്ദേഹം എന്തൊക്കെചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിക്കും എന്നുപറയുന്ന മക്കളെപ്പോലെയാണ് നമ്മുടെ ഗുരുഭക്തി. ഗുരു ആരെന്നറിഞ്ഞ് അനുഗമിക്കുന്നവര്‍ ന്യൂനപക്ഷമാണെങ്കില്‍ അതൊരു വലിപ്പക്കുറവല്ല. ഗുരുവിനെ ഒരു വശത്ത് ധിക്കരിച്ചുകൊണ്ട് ഭക്തികാണിക്കുന്നവരുടെ എണ്ണം കൂടുന്നതാണ് യഥാര്‍ത്ഥ വലിപ്പക്കുറവ്.