Sunday, 24 June 2012

രണ്ട് മാധവന്മാരും ഒരു ഹരിദാസിയും


വാര്‍ത്താമാധ്യമങ്ങള്‍ക്ക് ഇന്നത്തെ അത്രയും പ്രചാരമില്ലാത്ത കാലമാണത്. പത്രങ്ങള്‍ വായിച്ചറിയാന്‍ സാധ്യതയുളളവര്‍ അത്ര വലിയ സംഖ്യവരില്ല. അതിനാല്‍ തിരുനാള്‍ ദിനത്തില്‍ ആഘോഷപൂര്‍വം ഒത്തുകൂടുന്നവരോട് ഗുരുദേവന്‍ അക്കൊല്ലം പ്രാധാന്യംകൊടുക്കേണ്ട വിഷയം എന്തെന്ന് പറയും. ഗുരുഭക്തരും എസ്. എന്‍. ഡി പിയോഗം പ്രവര്‍ത്തകരും നാടുമുഴുവന്‍ മീറ്റിംഗുകള്‍ സംഘടിപ്പിച്ചും കുടുംബയോഗങ്ങള്‍ വിളിച്ചും സ്വാമിതൃപ്പാദങ്ങളുടെ മൊഴികള്‍ ഭക്ത്യാദരപൂര്‍വം ജനസമക്ഷം അവതരിപ്പിക്കും. അങ്ങനെയായിരുന്നു പതിവ്. കേരളത്തില്‍ വിദ്യാഭ്യാസവളര്‍ച്ചയ്ക്ക് തുടക്കമിട്ടതും ജാതിവേര്‍തിരിവില്ലാത്ത ആരാധനാസമ്പ്രദായം കൊണ്ടുവന്നതും ജനങ്ങളില്‍ ശുചിത്വബോധം ഉണര്‍ത്തിയതും ഇത്തരം തിരുനാള്‍ സന്ദേശങ്ങളിലൂടെയായിരുന്നു.

1921 ലെ ശ്രീനാരായണ ജയന്തിദിനത്തില്‍ ഗുരുദേവന്റെ സന്ദേശമൊഴികള്‍ ഇങ്ങനെയായിരുന്നു:
" മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്." സ്വാഭാവികമായും ഇന്നും ഭൂരിഭാഗം പേരും വിമുഖതകാട്ടുന്ന ഗുരുസന്ദേശമാണ് മദ്യവര്‍ജനം. അതിനാല്‍ അക്കൊല്ലം ഗുരുസന്ദേശം നെഞ്ചിലേറ്റി ഭക്തര്‍ പ്രചാരണത്തിനിറങ്ങിയില്ല എന്നുവേണമെങ്കില്‍ ഇന്നത്തെ തലമുറയ്ക്ക് വിചാരിക്കാം. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. തിരുവിതാംകൂറില്‍ ആ ദിവ്യസന്ദേശം വളരെവേഗം അലയടിച്ചുയര്‍ന്നു. ടി. കെ. മാധവന്റെ നേതൃത്വത്തില്‍ എസ്. എന്‍.ഡി. പിയോഗം മദ്യവര്‍ജ്ജനപ്രസ്ഥാനവുമായി മുന്നോട്ടുവന്നു. ത്യാഗസുരഭിലമായ പോരാട്ടത്തിന്റെ മൂന്നുവര്‍ഷങ്ങള്‍ക്കാണ് പിന്നീട് നാട് സാക്ഷ്യം വഹിച്ചത്. കേരളത്തിന്റെ ചരിത്രമെഴുതിയവര്‍ തമസ്കരിച്ച ഒരു ധര്‍മ്മസമരമായിരുന്നു അത്. രാജ്യത്ത് ആദ്യമായാണ് അങ്ങനെയൊരു മദ്യവര്‍ജ്ജനപ്രക്ഷോഭം അരങ്ങേറിയത്.

മദ്യത്തിന്റെ ദൂഷ്യങ്ങളും ഗുരുസന്ദേശത്തിന്റെ പ്രസക്തിയും വിവരിച്ച് മീറ്റിംഗുകളും യോഗങ്ങളും നടന്നു. മിക്ക യോഗങ്ങളിലും ടി. കെ. മാധവന്‍ നേരിട്ട് പങ്കെടുത്തിരുന്നു. സര്‍ക്കാരിനെക്കൊണ്ട് ഘട്ടംഘട്ടമായി മദ്യം നിരോധിപ്പിക്കുന്ന ഒരു സ്കീം അന്ന് മാധവനും കുമാരനാശാനും ചേര്‍ന്ന് തയ്യാറാക്കി ദിവാന്‍ സമക്ഷം അവതരിപ്പിച്ചു. ശ്രീനാരായണഗുരുദേവന്റെ ആഹ്വാനം ഉളളതിനാല്‍ രാജഭരണത്തിന് ആ ആവശ്യം നിഷേധിക്കാന്‍ കഴിഞ്ഞില്ല. വളരെ കുറഞ്ഞ സമയംകൊണ്ട് തിരുവിതാംകൂറിലെ ആറ് താലൂക്കുകളില്‍ മദ്യവര്‍ജനം പൂര്‍ണ്ണമായും നടപ്പാക്കാന്‍ സാധിച്ചു. അന്ന് ടി. കെ. മാധവന് ഒരു ഓമനപ്പേര് വീണു-തിരുവിതാംകൂറിന്റെ പുസിഫട്ട്.

മദ്യ ഷാപ്പുകള്‍ കൂടിവരുന്നത് നിയന്ത്രിക്കാന്‍ അന്ന് യോഗത്തിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് കമ്മറ്റികള്‍ രൂപീകരിക്കുകയുണ്ടായി. കളളുചെത്തുവ്യവസായത്തില്‍നിന്നും മദ്യനിര്‍മ്മാണത്തൊഴിലുകളില്‍നിന്നും ആള്‍ക്കാര്‍ പിന്‍വലിഞ്ഞു തുടങ്ങി. ഷാപ്പുകള്‍ ലേലത്തില്‍ പിടിക്കാന്‍ ആളില്ലാതെയായി. ഈഴവര്‍ മാത്രമായിരുന്നില്ല ഈ സ്വാമിസന്ദേശം നടപ്പാക്കാന്‍ ഇറങ്ങിയത്. ഇതരസമുദായങ്ങളും സഹകരിച്ചു. അന്ന്് പ്രജാസഭയില്‍ മദ്യവര്‍ജനപ്രമേയ നിശ്ചയം അവതരിപ്പിച്ചത് എം. ആര്‍. മാധവവാര്യര്‍ ആയിരുന്നു. എസ്. എന്‍. ഡി. പിയോഗമാണ് അദ്ദേഹത്തെ അതിന് ചുമതലപ്പെടുത്തിയത്. എന്നാല്‍ കാര്യങ്ങള്‍ മുന്നോട്ടുപോയതോടെ സര്‍ക്കാര്‍ കാലുമാറാന്‍ തുടങ്ങി. അതിനുളള കാരണം രണ്ടായിരുന്നു. ഒന്നാമത്തേത് സര്‍ക്കാരിന്റെ എക്സൈസ് നികുതി വരവ് കുറഞ്ഞതോടെ ഖജനാവില്‍ വിളളല്‍ വീണു. ഈഴവര്‍ കളളുചെത്തും മദ്യവ്യവസായവും നിറുത്തിയാല്‍ അത് ആ സമുദായത്തിന്റെ സാംസ്കാരിക വളര്‍ച്ചയെ പിടിച്ചാല്‍കിട്ടാത്തവിധം ഉയര്‍ത്തിവിടുമെന്നും അത് തടയണമെന്നുമുളള ചില മാടമ്പിപ്രഭുക്കന്മാരുടെ ഉപദേശമായിരുന്നു സര്‍ക്കാരിനെ പിന്തിരിപ്പിച്ച രണ്ടാമത്തെ കാരണം. അതോടെ യോഗത്തിന്റെ സമരങ്ങള്‍ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ തുടങ്ങി. നിരവധിപേര്‍ക്കെതിരെ കളളക്കേസുകളെടുത്തു. പലരെയും ജയിലില്‍ അടച്ചു.

കാര്‍ത്തിപ്പളളി താലൂക്കിലാണ് മദ്യവര്‍ജ്ജനത്തിന് ഊര്‍ജിതപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. അതിനാല്‍ സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ കൂടുതല്‍ ഏറ്റുവാങ്ങിയതും അവര്‍ തന്നെയായിരുന്നു. മധുവര്‍ജ്ജന സമിതി സെക്രട്ടറിയും മുന്‍സിഫ് കോര്‍ട്ട് വക്കീലുമായിരുന്ന എം. മാധവനെ ക്രിമിനല്‍വകുപ്പനുസരിച്ച് അറസ്റ്റുചെയ്ത് ഒരു രാത്രി ജയിലില്‍ ഇട്ടു. പിറ്റേന്ന് തൊണ്ടനനയ്ക്കാന്‍പോലും വെളളം നല്‍കാതെ കൈവിലങ്ങുവച്ച് ഹരിപ്പാട്ടുനിന്ന് അമ്പലപ്പുഴവരെ ചുട്ടുപൊളളുന്ന മണലില്‍ക്കൂടി നടത്തിച്ചു. പതിനഞ്ചു മൈല്‍ദൂരമാണ് അന്ന് മാധവന്‍ നടന്നത്. കാല്‍രണ്ടും പൊളളി. എന്നിട്ടും മാധവന്‍ സമരത്തില്‍നിന്ന് പിന്‍വാങ്ങിയില്ല. ഏതു മണലില്‍ പൊളളിയപാദങ്ങളും ഒരു സ്പര്‍ശംകൊണ്ടോ വാക്കുകൊണ്ടോ സുഖപ്പെടുത്തുന്ന ഗുരുസ്വാമിയായിരുന്നു അവരുടെ രക്ഷകന്‍. സര്‍ക്കാരിനെ പരസ്യമായി നിഷേധിച്ചുകൊണ്ട് മദ്യവര്‍ജ്ജന വിജിലന്‍സ് കമ്മറ്റികള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ രൂപീകരിക്കപ്പെട്ടു.

'ഹരിദാസി' എന്ന മദ്യവിരുദ്ധസന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഉത്തരേന്ത്യന്‍ കഥ അന്ന് ടി. കെ. മാധവന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. കുടംബയോഗങ്ങളില്‍ വിദ്യാഭ്യാസമുളള യുവാക്കള്‍ മുതിര്‍ന്നവര്‍ക്ക് കഥവായിച്ചുകൊടുത്തു. മൂന്നുവര്‍ഷത്തിനുശേഷം 1924ല്‍ നടന്ന ജയന്തി ആഘോഷവേളയില്‍ മാധവന്‍ 'ഹരിദാസി' എന്ന പുസ്തകം തൃപ്പാദങ്ങള്‍ക്ക് സമര്‍പ്പിച്ചു. തന്റെ മൊഴികള്‍ ഹൃദയത്തിലേറ്റി ആ ശിഷ്യന്‍ നടത്തിയ തേരോട്ടങ്ങളില്‍ ഗുരു തൃപ്തനായിരുന്നു. ഭോഗസുഖങ്ങള്‍ക്കുപിന്നാലേ പരക്കം പായുന്ന ഈ സമൂഹം തന്റെ ദിവ്യസന്ദേശത്തെ പിന്നീട് തിരസ്കരിക്കുമെന്ന് ഗുരുദേവന് ബോധ്യമുണ്ടായിരുന്നു. ദുരിതക്കടലില്‍ നിന്ന് കരയേറ്റാന്‍ തോണി ഇറക്കിക്കൊടുത്താലും കയറിവരില്ലെന്ന് തീരുമാനിച്ചവരെ പിന്നെ എന്തുചെയ്യാന്‍? മദ്യവര്‍ജനസന്ദേശം ഏറ്റെടുത്ത ജനങ്ങളെ ഗുരു അന്ന് അഭിനന്ദിച്ചു. വിലകൂടിയ ഒരു പട്ട് വാങ്ങിപ്പിച്ചു അദ്ദേഹം. അത്തവണത്തെ തിരുനാള്‍ദിന സമ്മേളനത്തില്‍ ടി. കെ. മാധവനെ ആ വീരാളിപ്പട്ടുപുതപ്പിച്ച് തൃപ്പാദങ്ങള്‍ അനുഗ്രഹിച്ചു. ഗുരുവിനും ശിഷ്യനും ഒരുപോലെ കണ്ണുതുളുമ്പിയ മുഹൂര്‍ത്തമായിരുന്നു അത്.

വര്‍ഷങ്ങള്‍ പിന്നിടുന്നു. അന്നത്തെക്കാള്‍ ഗംഭീരമാണ് ഇന്നത്തെ ഗുരുദേവ ജയന്തി ആഘോഷങ്ങള്‍. ഇന്ന് ജയന്തി ദിവസം രാവിലെ പത്രമെടുത്താല്‍ ജനം മറ്റൊരു സന്ദേശം വായിക്കുന്നു. ഓണത്തിന് മലയാളി കുടിച്ചുതീര്‍ത്ത മദ്യത്തിന്റെ കണക്ക്. അന്ന് എം. മാധവന്റെ കാല്പൊളളിയത് മദ്യം നിരോധിക്കാന്‍ സമരം നടത്തിയതിന്. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റിലേക്ക് വെയിലത്ത് ക്യൂ നിന്നാണ് ഇന്ന് മലയാളിയുടെ കാലുപൊളളുന്നത്

6 comments:

 1. ചരിത്രസത്യങ്ങള്‍. വെട്ടത്തില്‍ നിന്ന് ഇരുട്ടത്തേയ്ക്ക് കുതിക്കുന്ന നമുക്ക് വായിക്കാന്‍...

  ReplyDelete
 2. താങ്കളുടെ 'ഗുരുസാഗരം' പരമ്പര കൗമുദിയിൽ പതിവായി വായിക്കുന്നു. വളരെ നന്നാവുന്നുണ്ടു്.

  ഇക്കഴിഞ്ഞ ലക്കത്തിലെ ഒരു പരാമർശത്തെപ്പറ്റി ഒരു വിശദീകരണത്തിനായിട്ടാണീ കുറിപ്പ്. ശ്രീ ടി.കെ.മാധവനെ 'തിരുവിതാംകൂറിന്റെ പുസിഫട്ട്' എന്നു വിശേഷിപ്പിച്ചുകണ്ടു. ആരാണീ പുസിഫട്? എവിടെയും ഒരു റെഫറൻസ് കിട്ടുന്നില്ല. സഹായിച്ചാൽ ഉപകാരം.

  മുൻലക്കങ്ങളിലൊന്നിൽ ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനമെടുക്കുന്നതിനെപ്പറ്റി ഗുരുദേവന്റെ അഭിപ്രായം ഓർക്കുന്നു. "സമൂഹത്തിൽ വിദ്യാഭ്യാസമുള്ളവർ(വിവേകികൾ) ന്യൂനപക്ഷം. അപ്പോൾ ഭൂരിപക്ഷത്തിന്റെ അഭിപ്രായം നടപ്പാക്കിയാലെങ്ങനെ?" ദായക്രമത്തെപ്പറ്റിയായിരുന്നു അവിടെ ചർച്ച. ഇന്നത്തെ ജനാധിപത്യസമ്പ്ര-ദായക്രമ-ത്തിലും ഇതു പ്രസക്തം തന്നെയെന്നു തോന്നി.

  സ്വതവേ മടിയനായതിനാൽ ഒരു കുറിപ്പെഴുതാൻ ഇതുവരെ തരമായില്ല. ക്ഷമിക്കുക.
  നന്ദിയോടെ,
  അന്തിപ്പോഴൻ

  ReplyDelete
 3. അന്തിപ്പോഴന്‍, ഒരു പൂച്ചയെ പ്പോലെ , പതുങ്ങി പതുങ്ങി ചെന്നു, അനധികൃതമായി , നടത്തി ക്കൊണ്ടിരുന്ന , മദ്യശാലകള്‍ക്കെതിരെ നടപടി എടുത്ത , ഒരു അമേരിക്കന്‍ നിയമ പാലകന്‍ ആണ് , പുസ്സി ഫുട് . ടി. കെ .മാധവനെയും , ഹരിപ്പാട് , മാധവന്‍ വക്കീലിനെയും , ഗുരുദേവന്റെ , പുസ്സിഫുട് , എന്നു വിളിച്ചിരിന്നു. സത്യത്തില്‍ , ആ പേരാണോ അവര്‍ക്കു യോജിക്കുക എന്ന കാര്യത്തില്‍ , സംശയം ഉണ്ട് . ടി .കെ . മാധവനും, മാധവന്‍ വക്കീലും ഒന്നും നിയമ പാലകര്‍ ആയിരുന്നില്ല ല്ലോ ? പുസ്സി ഫുട് ജോണ്‍സണ്‍ , (വില്യം .ഇ .ജോണ്‍സണ്‍ ) അമേരിക്കയിലെ , മദ്യ നിരോധന ,ചൂതുകളി , നിരോധന , നിയമം നടപ്പാക്കാന്‍ ,വളരെ സാമര്‍ത്ഥ്യം ചെലുത്തിയിട്ടുണ്ട് , പലപ്പോഴും അന്നു നിലവില്‍ ഉണ്ടായിരുന്ന നിയമം തന്നെ കാറ്റില്‍ പറത്തി ക്കൊണ്ട്

  ReplyDelete
 4. http://www.facebook.com/photo.php?fbid=250652038386937&set=oa.380284345372120&type=1&theater

  ReplyDelete