തലസ്ഥാനത്തെ ഒരു വില്ലേജ് ഓഫീസ്. പല ആവശ്യങ്ങള്‍ക്കായി തിങ്ങിക്കൂടി നില്‍ക്കുകയാണ് ജനം. ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ മദ്ധ്യവയസ്സ്പിന്നിട്ട ഒരു വീട്ടമ്മയും ഓഫീസ് ക്ളാര്‍ക്കും തമ്മില്‍ ചെറിയ തര്‍ക്കം നടക്കുന്നു. അവരുടെയും പിതാവിന്റെയും പേരുകള്‍ മറ്റൊരു മതപ്രകാരമുളളതാണ്. സര്‍ട്ടിഫിക്കറ്റിലും അതേ മതമാണ്. അവര്‍ക്ക് വേണ്ടത് ഹിന്ദു എസ്. സി സര്‍ട്ടിഫിക്കറ്റും. ഇവര്‍ ഹിന്ദു എസ്. സി ആണെന്ന കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടുകയാണ് ക്ളാര്‍ക്ക്. അതിനൊന്നും അവര്‍ക്ക് മറുപടിയില്ല. "കുട്ടിയുടെ പഠനം നടക്കണം. അതിന് ഇത് കൂടിയേ തീരൂ" എന്ന് മന്ത്രംപോലെ ഉരുവിടുകമാത്രമാണവര്‍ ചെയ്യുന്നത്.
"നിങ്ങള്‍ പോയിട്ട് തിങ്കളാഴ്ചവരൂ. ഞാന്‍ ഓഫീസറുമായി സംസാരിക്കട്ടെ" എന്നുപറഞ്ഞ് ക്ളാര്‍ക്ക് അവരെ മടക്കി അയച്ചു. എന്നിട്ടും പോകാന്‍ മടിച്ച് പുറത്തെ മരത്തണലില്‍ അവര്‍ നിന്നു. അപേക്ഷകള്‍ പൂരിപ്പിച്ച് ഉപജീവനം കഴിക്കുന്ന പലരും അവരെ സമീപിച്ച് പോംവഴികള്‍ പറയുന്നുണ്ട്. ഇവരെപ്പോലെ ജീവിതത്തിന്റെ പരിതോവസ്ഥകളില്‍ സഹായിച്ചവര്‍ ചൊല്ലിക്കൊടുത്ത മതം സ്വീകരിക്കേണ്ടിവന്നവര്‍ ഒട്ടേറെയുണ്ടെന്ന് ആ വീട്ടമ്മ പറഞ്ഞു. മതം മാറിയാല്‍ ജീവിത നിലവാരം ഉയരും എന്നു കരുതിയാണ് അവരില്‍ ഭൂരിഭാഗവും അതു ചെയ്തത്. എന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. സാമൂഹ്യമായ ഉന്നമനം ഉണ്ടാകുന്നില്ല. താഴ്ന്ന ജാതിക്കാര്‍ മതംമാറിച്ചെന്നാലും താഴ്ന്നവര്‍ തന്നെ. അവരുമായി വിവാഹബന്ധമോ മറ്റെന്തിലും സഹകരണമോ ആ മതത്തില്‍ നിലവിലുണ്ടായിരുന്നവരില്‍ നിന്ന് ലഭിക്കുന്നില്ല. മതം മാറുന്നതുവരെയുണ്ടായിരുന്ന സാമ്പത്തിക സഹായം തുടര്‍ന്ന് ലഭിക്കാതെവരുമ്പോള്‍ അവര്‍ വീണ്ടും പഴയതിലേക്ക് തിരിച്ചുവരും. സര്‍ക്കാരിന്റെ ആനുകൂല്യങ്ങളെങ്കിലും നേടി കുട്ടികളുടെ വിദ്യാഭ്യാസം നടത്താമെന്ന് ധരിക്കും. അപ്പോഴേക്കും സ്ഥിതിഗതികള്‍ മാറിയിട്ടുണ്ടാവും. പേരും മതവും സര്‍ട്ടിഫിക്കറ്റുകളില്‍ സഹിതം മാറിക്കഴിഞ്ഞുവല്ലോ! എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? സ്വന്തം ഇഷ്ടപ്രകാരം ആര്‍ക്കും മതം മാറാന്‍ അവകാശമുണ്ട്. എന്നാല്‍ സാമൂഹ്യവും സാമ്പത്തികവുമായ അവശത മുതലെടുത്ത് അവരെ സ്വാധീനിച്ചു മതം മാറ്റുന്നവര്‍ക്ക് തുടര്‍ന്നും സംരക്ഷിക്കാന്‍ ബാധ്യത ഉണ്ടാവേണ്ടതല്ലേ? സ്വന്തം മതത്തില്‍ അനുയായികള്‍ കൂടുന്നു എന്നുകാണിച്ചാല്‍ മാത്രം മതിയോ? അവരെ വീണ്ടും ദളിതാവസ്ഥയിലേക്ക് തളളിവിടുന്നതില്‍ എന്ത് ന്യായമാണ് ഉളളത്? സ്വന്തം പേരും ആരാധിക്കുന്ന ദൈവത്തിന്റെ പേരും മാറ്റിയാല്‍ ഒരാള്‍ക്ക് സാംസ്കാരികമായി എന്ത് ഉന്നതിയാണ് ഉണ്ടാവുക? എന്നൊക്കെയുളള ചിന്തകള്‍ വില്ലേജ് ഓഫീസില്‍നിന്ന് മടങ്ങുമ്പോള്‍ മനസിനെ മഥിച്ചുകൊണ്ടിരുന്നു.
കേരളത്തില്‍ ജാതി അയിത്തത്തില്‍ മനംനൊന്ത് ഈഴവര്‍ ഒന്നടങ്കം ക്രിസ്തുമതത്തിലേക്കോ ബുദ്ധമതത്തിലേക്കോ പോകണം എന്ന ചര്‍ച്ച നടക്കുന്നകാലം. ഗുരുദേവന്‍ ക്രിസ്തുമതത്തില്‍ ചേരണം എന്ന് ആവശ്യപ്പെട്ട ഒരു പാതിരിയോട് "നിങ്ങള്‍ ജനിക്കും മുമ്പേ നാം ക്രിസ്തുമതത്തില്‍ ഉളളതാണ്" എന്നായിരുന്നു തൃപ്പാദങ്ങളുടെ മറുപടി. എസ്. എന്‍. ഡി. പിയോഗത്തില്‍ മതംമാറ്റച്ചര്‍ച്ചകള്‍ നടക്കുമ്പോള്‍ യാദൃശ്ചികമായി അവിടെയെത്തിയ ഗുരുദേവന്‍ കുറച്ചുനേരം ഈ ചര്‍ച്ചകള്‍ കേട്ടിരുന്നു.
" മതം മാറണമെന്നാണോ ആഗ്രഹം?" എന്ന് ഗുരു ചോദിച്ചു.
" അതേ" എന്ന് മതംമാറ്റവാദികള്‍ ഉത്തരം പറഞ്ഞു. ഗുരുദേവന്‍ ഒന്നും മിണ്ടാതെ അവിടെനിന്നും ഇറങ്ങിപ്പോയി. പിന്നീട് ഒരു കുറിപ്പെഴുതി ബോധാനന്ദസ്വാമിയുടെ കൈവശം കൊടുത്തുവിട്ടു. ബോധാനന്ദസ്വാമി യോഗത്തില്‍ എത്തി അതു വായിച്ചു
" മതം മാറണമെന്ന് ആഗ്രഹിക്കുന്നവര്‍, ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നുള്ള സനാതനധര്‍മ്മത്തെ മതമായി വിശ്വസിച്ച് ആ മതത്തില്‍ ചേരാവുന്നതാണ്" എന്നായിരുന്നു ആ കുറിപ്പില്‍ സ്വാമി എഴുതിയിരുന്നത്.
'സനാതനം'എന്നാല്‍ എന്നും നിലനില്‍ക്കുന്നത് എന്നാണ് അര്‍ത്ഥം. മനുഷ്യരില്‍ ജാതിവ്യത്യാസമില്ല എന്ന സത്യം മാത്രമേ എന്നും നിലനില്‍ക്കൂ. ലോകത്തെ നയിക്കുന്ന ധര്‍മ്മവും അതില്‍ അധിഷ്ഠിതമാണ്. ധര്‍മ്മത്തിന്റെ അടിത്തറ അഹിംസയാണ്. ജീവിതം മറ്റുളളവരുടെകൂടി ഹിതമറിഞ്ഞ് ആചരിക്കാനുളള തപസ്യയാണ്. വിവേകവും അനുകമ്പയുമാണ് അതിന്റെ മറ്റ് വശങ്ങള്‍. അതായിരിക്കണം എല്ലാവരുടെയും മതം, അഥവാ അഭിപ്രായം എന്നാണ് തൃപ്പാദങ്ങള്‍ ഉദ്ദേശിച്ചത്. സനാതനധര്‍മ്മം മതമാക്കണം എന്ന ഗുരുവിന്റെ ഉപദേശം പില്‍ക്കാലത്ത് ഹൈന്ദവ വാദികള്‍ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സനാതന ധര്‍മ്മം ഒരു പ്രത്യേകമതമല്ല എല്ലാ മതങ്ങളുടെയും ഉള്‍ക്കാമ്പാണ് എന്ന് ചിന്തിക്കുന്നവര്‍ക്ക് ബോധ്യമാകും. ആ അടിത്തട്ടില്‍ നിന്നുകൊണ്ടാണ് പലമതസാരവും ഏകമെന്നും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും ഗുരു അരുള്‍ചെയ്യുന്നത്.
ഈ ഭൌതികപ്രപഞ്ചത്തിന്റെ മായക്കാഴ്ചകള്‍ കണ്ട് മദിച്ച് നടക്കുകയാണ് മനുഷ്യന്‍. കൂടുതല്‍ സുഖം എവിടെയുണ്ടോ അങ്ങോട്ട് ഒഴുകിയെത്തും. ഇത്തരം മനോനിയന്ത്രണമില്ലായ്മയാണ് അവസരവാദികളായ മതപ്രചാരകരും രാഷ്ട്രീയക്കാരും കച്ചവടക്കാരും മുതലെടുക്കുന്നത്. മനസിനെ നിയന്ത്രിക്കാനും ഭോഗചിന്തകളെ നിയന്ത്രിക്കാനും ദൈവവിചാരം നിലനിറുത്താനുമാണ് മതങ്ങള്‍ ശ്രമിക്കേണ്ടത്. കൂടുതല്‍ ഭോഗങ്ങള്‍ കാണിച്ച് വിളിച്ചുകൊണ്ടുപോയി വഞ്ചിക്കുകയല്ല വേണ്ടത്. മതങ്ങള്‍ സമൂഹ നന്മയ്ക്ക് ഉതകുന്നത് അതില്‍ വിശ്വസിക്കുന്നവരെ നിസ്വാര്‍ത്ഥരും അച്ചടക്കമുളളവരുമാക്കി മാറ്റുമ്പോഴാണ്.
" പ്രപഞ്ചമിഥ്യാത്ത്വത്തെപ്പറ്റി നിരന്തരം സ്മരിക്കണം. അല്ലെങ്കില്‍ പ്രപഞ്ചത്തില്‍ ഒട്ടിപ്പോകും" എന്ന് ഗുരുദേവന്‍ ഇടയ്ക്കിടെ സന്ദര്‍ഭോചിതമായി പറയുമായിരുന്നു.
ആഗമാനന്ദസ്വാമികള്‍ സന്യാസിയാകുന്നതിനുമുമ്പ് ഒരിക്കല്‍ ഗുരുദേവനെ സന്ദര്‍ശിച്ചു . "സ്വല്പം പിത്തച്ഛായയുണ്ട്, കല്യാണഘൃതം സേവിക്കണം" എന്ന് ഗുരു അദ്ദേഹത്തോടു പറഞ്ഞു. വേണമെങ്കില്‍ അത് താന്‍ ഉണ്ടാക്കിത്തരാം എന്നും ഗുരു പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടുകാര്‍ അത് ചെവിക്കൊണ്ടില്ല. ജാത്യാഭിമാനികളായ അവര്‍ക്ക് ഗുരുവില്‍ അത്രവിശ്വാസം ഉണ്ടായിരുന്നില്ല. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞ് മഞ്ഞപ്പിത്തം കടുത്ത് തലചുറ്റിവീണു. അപ്പോഴാണ് ഗുരുസ്വാമിയുടെ വാക്കിന്റെ വില അവര്‍ തിരിച്ചറിഞ്ഞത്. മതപ്രീണനത്തിന്റെ ഇന്നത്തെ സാമൂഹ്യവ്യവസ്ഥയെ നോക്കി ഗുരുദേവന്‍ പറയുന്നു, എല്ലാവരും 'കല്യാണഘൃതം കഴിക്കാന്‍'. ആരും കേള്‍ക്കുന്നില്ല. 'കല്യാണം' എന്നാല്‍ 'മംഗളം' എന്നാണ് അര്‍ത്ഥം. മംഗളദായിയായ ഘൃതം അഥവാ നെയ്യ് ആണ് ഗുരുവിന്റെ സനാതനധര്‍മ്മം. അത് ഉള്ളിലാക്കിയാല്‍ ഒന്നിലേക്കും തലചുറ്റിവീഴാതെ ജീവിക്കാം
കല്യാണഘൃതം സേവിക്കണം
ReplyDeleteഒന്നിലേക്കും തലചുറ്റിവീഴാതെ ജീവിക്കാം
എക്കാലത്തും പ്രസക്തമായ കാര്യങ്ങള്‍, മനോഹരമായ എഴുത്ത്.
ReplyDeleteഗുരുവിന്റെ വാക്കുകള്‍ സനാതനം
ReplyDeletePlease disable "word verification"
ശരിയായി പറഞ്ഞു
ReplyDelete