മെഡിക്കല്‍ കോളേജ് പരിസരത്തുവച്ച് പല തവണ കണ്ടിട്ടുണ്ട് ആ മനുഷ്യനെ. തലയില്‍ ഒരു മുടിപോലുമില്ല. വെളുത്ത് സുമുഖനായ ഒരു മദ്ധ്യവയസ്കന്‍. വാക്കിംഗ് സ്റ്റിക്കും ഊന്നി ആശുപത്രി പരിസരത്തോ ചിലപ്പോള്‍ വാര്‍ഡുകളിലോ കറങ്ങുന്നതുകാണാം. ഇപ്പോള്‍ ഇതാ ആര്‍.സി.സിയുടെ മുറ്റത്ത് നില്‍ക്കുന്നു. രോഗിയാണോ, അതോ രോഗിയുമായി വന്നതാണോ? എന്ന് പലതവണ അടുത്തുചെന്നു ചോദിക്കണമെന്നു വിചാരിച്ചിട്ടുണ്ട്. പക്ഷേ വാര്‍ത്തയുമെടുത്ത് എത്രയുംവേഗം മടങ്ങുക എന്ന തിരക്കില്‍ അതിനുകഴിഞ്ഞില്ല.
ഇതിപ്പോള്‍ ഒരു ബന്ധുവിന്റെ ആവശ്യത്തിന് വന്നതാണ്. അദ്ദേഹത്തിന്റെ ബയോപ്സി റിസല്‍റ്റ് കിട്ടാന്‍ വൈകും. പുറത്തിറങ്ങി നില്‍ക്കുമ്പോള്‍ അതാ അയാള്‍ വരുന്നു. ആരോടും ഒന്നും സംസാരിക്കുന്നതായി കണ്ടില്ല. അനുമതി വാങ്ങി ആശുപത്രിക്കുള്ളിലേക്ക് പോയിട്ട് കുറച്ചുകഴിഞ്ഞ് തിരിച്ചുവന്ന് കാറില്‍ കയറുന്നു. ഇനി ആകാംഷയെ പിടിച്ചു നിറുത്താന്‍ കഴിയില്ല. അടുത്തു ചെന്നു പരിചയപ്പെട്ടു. പത്രപ്രവര്‍ത്തകനാണ് എന്നറിഞ്ഞപ്പോള്‍ സമയമുണ്ടെങ്കില്‍ കാറില്‍ കയറാന്‍ ക്ഷണിച്ചു. സൈറന്‍മുഴക്കി പാഞ്ഞുവരുന്ന ആംബുലന്‍സുകളുടെ ഇടയിലൂടെ കാര്‍ സാവധാനം നീങ്ങുമ്പോള്‍ ജിജ്ഞാസകള്‍ക്ക് അയാള്‍ മറുപടിനല്‍കിത്തുടങ്ങി.
ചുറ്റിനും ആജ്ഞാനുവര്‍ത്തികള്‍, നല്ല ബന്ധുബലം, എതിര്‍ക്കുന്നവനെ ഏതുരീതിയിലും ഒതുക്കി മുന്നോട്ടുപോകുന്ന പ്രകൃതം. കേരളത്തില്‍നിന്ന് തമിഴ്നാട്ടില്‍ കുടിയേറി നേടിയ ബിസിനസ് വിജയം. അങ്ങനെയൊരു ഭൂതകാലം. അതിനുമിപ്പുറം ഈ മെഡിക്കല്‍കോളേജിലെ അത്യാഹിതവിഭാഗത്തില്‍ ആളറിയാതെ ആരെന്നുപറയാന്‍ ബോധംപോലുമില്ലാതെ കിടന്ന പത്തുദിവസങ്ങളുടെ മറ്റൊരു ഭൂതകാലം. ഇത് രണ്ടും തമ്മില്‍ ഒറ്റ നോട്ടത്തില്‍ ചേരുന്ന കഥകളല്ല. അത് മനസ്സില്‍ ചേര്‍ത്തുവയ്ക്കാനുള്ള നിരന്തരശ്രമത്തിലാണ് താനെന്നു പറഞ്ഞ് ആ മനുഷ്യന്‍ തൂവാലകൊണ്ട് കണ്ണുതുടച്ചു. തിരുവനന്തപുരത്ത് ഒരു ആവശ്യത്തിനുവന്നതാണ് മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ്. രാവിലെ നടക്കാനിറങ്ങിയപ്പോള്‍ ഏതോവണ്ടിതട്ടി. ബോധമില്ലാതെ റോഡില്‍ കിടന്നു . ആരൊക്കെയോചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ബന്ധുക്കള്‍ വിവരമറിഞ്ഞും അന്വേഷിച്ചുമെത്താന്‍ ദിവസങ്ങളെടുത്തു. ഇടയ്ക്ക് ബോധംവീണപ്പോള്‍ പറയാന്‍ നാവ് ചലിക്കുന്നില്ല. എഴുതിക്കാണിക്കാന്‍ വയ്യ. കൈ ചത്തുകിടക്കുന്നു. പരിസരത്ത് അതേ അവസ്ഥയില്‍കിടക്കുന്നവരെ നോക്കി നെടുവീര്‍പ്പിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ചെന്നൈ അപ്പോളോയിലേക്ക് മാറ്റാന്‍ സന്നാഹവുമായി വീട്ടുകാര്‍ എത്തി. ക്രിട്ടിക്കല്‍ ആയതിനാല്‍ പോസ്റ്റ് ഓപ്പറേറ്റിവ് വാര്‍ഡില്‍ കുറച്ചുദിവസം കിടത്തിയിട്ട് കൊണ്ടുപോയാല്‍മതിയെന്ന് ഡോക്ടര്‍മാര്‍. അങ്ങനെ ഒരാഴ്ചയോളം ഇവിടെ...
കോടികള്‍കൊണ്ട് അമ്മാനമാടിയ കൈകള്‍... വെട്ടിമാറ്റിയേക്ക് എന്ന് ആക്രോശിച്ച നാവ്... "ഓപ്പറേഷന്‍ സക്സസ്" എന്ന് ഊറിയചിരിയോടെ സംഘത്തലവന്‍ മൊബൈലില്‍ അറിയിച്ചത് ആഹ്ളാദത്തോടെ കേട്ട ചെവികള്‍... എല്ലാം മറ്റേതോ ജന്മത്തിലേതുപോലെ ചലനമറ്റ് കിടക്കുന്നു. തനിയെ എണീറ്റ് നടക്കാന്‍ കഴിയും എന്ന് കരുതിയതല്ല. ഗുണ്ടാസംഘം തന്നെവിട്ട് അടുത്ത സങ്കേതം തേടിയിരുന്നു. ജീവിതത്തില്‍ നിരാശാബോധമോ പഴയജീവിതത്തെക്കുറിച്ച് വീണ്ടും മോഹമോ തോന്നുമ്പോള്‍ വണ്ടിയെടുത്ത് ഇവിടെ വരും. കാലുംകൈയും ഒടിഞ്ഞുകിടക്കുന്ന മനുഷ്യര്‍ക്കും കാന്‍സര്‍ ബാധിതര്‍ക്കും ഇടയിലൂടെ നടക്കും. "ജീവിതസുഖങ്ങള്‍ നിസാരമാണെന്നു ബോദ്ധ്യപ്പെടുത്താന്‍ ഒരു ആശ്രമവും ഈ മെഡിക്കല്‍കോളേജോളം വരില്ല ഭായ്..." അദ്ദേഹം ചിരിക്കാന്‍ ശ്രമിച്ചു.
"ദാ ഇതാണ് ഇപ്പോള്‍ എന്റെ വേദഗ്രന്ഥവും ജീവിതത്തിന്റെ കണക്കുപുസ്തകവും വഴികാട്ടിയുമെല്ലാം" എന്നു പറഞ്ഞ് അദ്ദേഹം ഒരു പുസ്തകം എടുത്തുകാട്ടി. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. അത് ശ്രീനാരായണ ഗുരുദേവന്റെ ആത്മോപദേശ ശതകമായിരുന്നു- അദ്ദേഹം തുടര്‍ന്നു:
"മെഡിക്കല്‍കോളേജ് വിട്ടിറങ്ങുമ്പോള്‍ ഭാര്യയാണ് അത് തലയിണക്കടിയില്‍നിന്നെടുത്ത് കാറില്‍ വച്ചത്. ഞാന്‍ ബോധംവിട്ടുറങ്ങിക്കിടന്ന സമയങ്ങളില്‍ എപ്പോഴോ ഒരാള്‍ കൊണ്ടുവന്ന് നല്‍കിയതാണെന്ന് അവള്‍ പിന്നീട് പറഞ്ഞു. "ബോധംവീഴുന്ന സമയം മുതല്‍ വായിച്ചുകൊള്ളട്ടെ" എന്നു പറഞ്ഞ് വന്നയാള്‍ മടങ്ങിപ്പോയി. ആരെന്ന് ഭാര്യയ്ക്കും അറിയില്ല. ആശുപത്രിവാസം കഴിഞ്ഞെത്തി കുറേ ദിവസങ്ങള്‍ പുസ്തകത്തെക്കുറിച്ചു മറന്നു. ആയിടയ്ക്ക് സന്ദര്‍ശനത്തിനുവന്ന പഴയ ഒരു ആശ്രിതന്‍ പറഞ്ഞു. "വെറുതേ ഇരിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ വായിക്കണം സാര്‍..." അപ്പോഴാണ് ഈ പുസ്തകത്തെക്കുറിച്ച് ഓര്‍ത്തത്. എടുത്തു മറിച്ചുനോക്കിയപ്പോള്‍ ആദ്യം കണ്ണില്‍പ്പെട്ടത് ഈ ശ്ളോകമാണ്.
തനുവിലമര്‍ന്ന ശരീരി, തന്റെ സത്താ-
തനുവിലതെന്റെതിതെന്റെതെന്നു സര്‍വം
തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ-
ലനുഭവശാലികളാമിതോര്‍ക്കിലാരും.
(ശരീരത്തില്‍ അകപ്പെട്ട ജീവന്‍ താന്‍ ശരീരംതന്നെയാണെന്നു ഭാവിക്കുന്നു. അങ്ങനെ മറ്റ് ജഡദൃശ്യങ്ങളില്‍ അതെന്റേത്, ഇതെന്റേത് എന്നിങ്ങനെ മമതാബന്ധത്തില്‍ കുടുങ്ങുന്നു. ഈ മമതാരഹസ്യം തിരിച്ചറിയുമെങ്കില്‍ ഏതൊരാളും നേരിട്ട് ആത്മാനുഭവത്തിന് അര്‍ഹനാകും.)
ആദ്യ വായനയില്‍ അര്‍ത്ഥം മുഴുവന്‍ പിടികിട്ടിയില്ല . അര്‍ത്ഥം ഗ്രഹിച്ചു തുടങ്ങിയതോടെ ഇത് എനിക്കുവേണ്ടി ഗുരു എഴുതിയതാണെന്ന് തോന്നി. പിന്നെ മുഴുവന്‍ ശ്ളോകങ്ങളും വായിച്ചു. ജീവിതത്തെക്കുറിച്ച് അന്നുവരെയുണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ വികലമാണെന്നു തോന്നി. ഈ പുസ്തകം ഗുരുദേവന്‍ തന്നെ നേരിട്ട് കൊണ്ടുവന്ന് തന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തില്‍ ഈ ആശുപത്രിയാകുന്ന ആത്മവിദ്യാലയത്തില്‍ എപ്പൊഴോ ഗുരുദേവന്‍ അടുത്തുവന്നിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ശരീരമാകെ കുളിരുകോരും. ആ സാന്നിദ്ധ്യം സ്വബോധത്തോടെ ഒരിക്കല്‍കൂടി കിട്ടുവാന്‍ ആഗ്രഹിച്ചാണ് ഒരോവട്ടവും ഇവിടെ വരുന്നത്. ഇതുവരെ അതിന് സാധിച്ചിട്ടില്ല. എങ്കിലും ചെന്നൈയില്‍നിന്നുള്ള ഈ ഓരോയാത്രയിലും ഞാന്‍ സ്വയം സംസ്കരിക്കപ്പെടുകയാണ്. അത് പൂര്‍ത്തിയാകുമ്പോള്‍ ഞാന്‍ പൂര്‍ണമനുഷ്യനാകും. അപ്പോള്‍ ആ വിശുദ്ധ സാന്നിദ്ധ്യം എന്റെ സമീപം വരും." അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
കാര്‍ നഗരം വലംവച്ച് ആശുപത്രി പരിസരത്ത് തിരിച്ചെത്തി. ആശുപത്രി എന്ന ആത്മവിദ്യാലയത്തിന്റെ വാതില്‍ പുതിയ വിദ്യാര്‍ത്ഥികളെക്കാത്ത് അപ്പോഴും തുറന്നുകിടപ്പുണ്ടായിരുന്നു.
ആത്മവിദ്യാലയം തന്നെ. സകലവിധ അഹംഭാവത്തെയും ഇല്ലായ്മ ചെയ്യുന്ന ആത്മവിദ്യാലയം
ReplyDeleteമനോഹരം വളരെ ഹൃദയസ്പര്‍ശിയായ വിവരണം ..... നന്ദി സജീവ്
ReplyDelete