Sunday, 10 June 2012

ഗുരുവിന്റെ രാഷ്ട്രീയ ദര്‍ശനം

തരിശായിക്കിടക്കുന്ന ഭൂവിഭാഗത്തിലൂടെ കടന്നുപോകുന്ന ഒരു റെയില്‍പ്പാത. ആ തരിശുഭൂമിയുടെ നടുവില്‍ നില്‍ക്കുന്ന ഒരു ചെറുവൃക്ഷത്തെ നിലനിറുത്താനായി പാത അവിടെയെത്തുമ്പോള്‍ ഒന്നുവളഞ്ഞു നിവരുന്നു. ഫേസ്ബുക്കില്‍ കണ്ടതാണ് ഈ ചിത്രം. ആരുടെയോ ഭാവനയാണത്. നടക്കാത്ത സ്വപ്നത്തെ ഇഷ്ടംകൊണ്ട് താലോലിക്കുന്ന സുഖമുണ്ടായിരുന്നു ആ ചിത്രത്തിന്. സാങ്കേതിക വികസനങ്ങള്‍ക്ക് ഇങ്ങനെയൊരു മനസ്സുണ്ടാവുന്നത് നല്ലതാണെന്ന് അതുകണ്ടപ്പോള്‍ തോന്നി.

സര്‍ക്കാരുകളും സാങ്കേതികവിദഗ്ധരും പഞ്ചപുച്ഛമടക്കി നില്‍ക്കുമ്പോള്‍ മള്‍ട്ടിനാഷണല്‍ കണ്‍സള്‍ട്ടന്റുകള്‍ മെനയുന്ന ഡിസൈനുകളിലാണ് നമ്മുടെ സാങ്കേതിക വളര്‍ച്ച. പണത്തിന്റെയും ഭൌതികസൌകര്യങ്ങളുടെയും കാര്യങ്ങളില്‍മാത്രമായിരിക്കും ഇവര്‍ക്ക് ശ്രദ്ധ. അവിടെ ഭൂമിയും വെള്ളവും മണ്ണുമൊന്നും പ്രശ്നമേയല്ല. പാശ്ചാത്യരാജ്യങ്ങളില്‍ മരങ്ങളെ സംരക്ഷിച്ചുകൊണ്ടും അവയെ ഭാഗഭാക്കാക്കിക്കൊണ്ടും കെട്ടിടങ്ങളും വീടുകളും ഉണ്ടാക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ഒരു റോഡുണ്ടാക്കാന്‍ പത്തുമരമെങ്കിലും മുറിക്കണം. കെട്ടിടമുണ്ടാക്കാനും ഇതുതന്നെയാണ് നടപ്പുരീതി.
മറ്റുള്ളവരുടെ ഇഷ്ടങ്ങളോ സൌകര്യങ്ങളോ നോക്കാതെ സ്വന്തം ഇഷ്ടം നടപ്പാക്കിക്കൊണ്ട് ജീവിക്കുന്ന യുവതലമുറയാണ് നമ്മുടേത്. സ്വന്തം 'ഫീലിംഗുകളാണ്' പ്രധാനം. അതിനുവേണ്ടി മറ്റുള്ളവരെല്ലാം നിന്നുകൊടുക്കണം. അല്ലെങ്കില്‍ അവന്‍ വിനാശകാരിയായി മാറും. ചിലപ്പോള്‍ സ്വയം നശിപ്പിക്കും. അല്ലെങ്കില്‍ അവന്റെ ഇംഗിതത്തിനു തടസം നില്‍ക്കുന്നയാളെ നശിപ്പിക്കും. ഭക്ഷണത്തിലും വസ്ത്രത്തിലും സ്വത്തിലും എന്നപോലെ പ്രണയത്തില്‍പോലും ഇതേ സ്വാര്‍ത്ഥതയുണ്ട്. പ്രണയം അല്ല, ഒരാള്‍ക്ക് മറ്റൊരാളോട് താത്പര്യമാണ് ഉണ്ടാകുന്നത്. അത് നശിക്കുന്ന നിമിഷം അടുത്തയാള്‍ അത്രതന്നെ. ഒരു പയ്യന്‍ അടുത്തുവന്ന് ഇഷ്ടമാണെന്നു പറയുമ്പോള്‍ അത് നിഷേധിച്ചാല്‍ പെണ്‍കുട്ടിക്ക് കത്തികൊണ്ടാകും മറുപടി. കാമുകനെ ഒഴിവാക്കാന്‍ ക്വട്ടേഷന്‍ കൊടുക്കുന്ന പെണ്‍കുട്ടികളും ഉണ്ട്. ഇതേ തലമുറയാണ് നാടിന്റെ വികസനസ്വപ്നങ്ങള്‍ ചുമക്കുന്നത്. അവര്‍ സഹജീവികളായ മറ്റു മനുഷ്യരെ പരിഗണിക്കാത്തവരാണെന്നിരിക്കെ എങ്ങനെ പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും പരിഗണിക്കും? ഈ ഭൂമി എല്ലാവര്‍ക്കുംവേണ്ടിയുള്ളതാണെന്ന് എങ്ങനെ ബോധ്യപ്പെടും?

പരിസ്ഥിതി പ്രശ്നങ്ങളുടെ പേരില്‍ ഒരു വികസനപദ്ധതി വേണ്ടെന്നു വച്ചപ്പോള്‍ അത് ഡിസൈന്‍ ചെയ്ത യുവസുഹൃത്തിന്റെ പ്രതികരണം ഭയാനകമായിരുന്നു. അവന്‍ സ്വന്തം കാറിന്റെ സീറ്റ് കുത്തിക്കീറി. ലാപ്ടോപ്പ് തല്ലിയുടച്ചു. മദ്യപിച്ച് പരസ്യമായി ലോകത്തെമുഴുവന്‍ ചീത്തവിളിച്ചു. അയാളെ സംബന്ധിച്ച് കോടികള്‍ കിട്ടിയേക്കാവുന്ന ഒരു പദ്ധതിയാണ് നഷ്ടപ്പെട്ടത്. ആ നഷ്ടം മാത്രമാണ് മനസില്‍. അതുമൂലം നശിക്കുന്ന ഭൂഗര്‍ഭജലമോ വീടുനഷ്ടപ്പെടുന്ന പാവങ്ങളോ മനസിന്റെ ഏഴയലത്തുവരില്ല. എന്താണ് കാരണം? അന്വേഷണം അങ്ങ് ഗോത്രകാലത്തിനപ്പുറത്തേക്ക് നീളണം വ്യക്തമായ ഉത്തരംകിട്ടാന്‍.

ആദിമ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ സാമ്പത്തിക അസമത്വം ഉണ്ടായതാണ് മനുഷ്യരില്‍ സ്വാര്‍ത്ഥതയും വേര്‍ തിരിവും ഉണ്ടാക്കിയതെന്ന് ചരിത്രം പറയുന്നു. സ്വത്തുണ്ടാക്കുന്നവര്‍, സ്വത്തുനഷ്ടപ്പെട്ടവര്‍, ഉള്ളവന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നവര്‍, സ്വന്തം വയറ്റിപ്പിഴപ്പിനായി ഇവര്‍ക്ക് വിടുപണിചെയ്യുന്നവര്‍ എന്നിങ്ങനെയാണ് മനുഷ്യര്‍ക്കിടയില്‍ ഉണ്ടായ ആദ്യത്തെ നാല് വിഭാഗങ്ങള്‍. ജാതി അസമത്വം പിന്നാലെ വന്നതാണ്. സാമ്പത്തിക അസമത്വത്തെ ഊട്ടിയുറപ്പിക്കാന്‍ സ്വത്ത് കൈവശംവച്ചിരുന്ന മാടമ്പിമാര്‍ ജാതി അയിത്തത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക അസമത്വം അവസാനിപ്പിച്ച് അവരെ സമത്വത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യംകൂടിയുണ്ടായിരുന്നു ജാതി പോകണം എന്ന ഗുരുദേവന്റെ വാദത്തിനുള്ളില്‍. പ്രശ്നത്തിന്റെ നാരായവേരിലാണ് ശ്രീനാരായണ ഗുരുദേവന്‍ കൈവച്ചത്. ജാതി വ്യത്യാസം ഉള്ളതല്ല എന്ന് പ്രപഞ്ചത്തിന്റെ പരമമായ സത്യത്തെ സാക്ഷിനിറുത്തിക്കൊണ്ട് വളരെ ശാസ്ത്രീയമായാണ് ഗുരു തെളിയിച്ചത്.

എല്ലാമതങ്ങളുടെയും സാരം ഒന്നായതിനാല്‍ മതവും ഒന്നുമതി എന്നു പറയുമ്പോള്‍ വിവിധ മതപുരോഹിതവിഭാഗം വിശ്വാസികളെ അടിമകളാക്കിക്കൊണ്ട് സാമ്പത്തികമായും അധികാരപരമായും ഉണ്ടാക്കിയെടുക്കുന്ന മേല്‍ക്കൈ അവസാനിപ്പിക്കാനും അതില്‍ ആഹ്വാനമുണ്ട്. ഫ്യൂഡലിസത്തിനും മതപൌരോഹിത്യ കുത്തകയ്ക്കും മറുമരുന്നായി ലോകം സ്വീകരിച്ചത് കമ്മ്യൂണിസ്റ്റ് തത്വശാസ്തമാണ്. ഉള്ളവനില്‍ നിന്ന് ഇല്ലാത്തവന് പിടിച്ചെടുത്തു നല്‍കുക. അതില്‍ അക്രമമുണ്ട്; ചോരചിന്താതെ കാര്യം നടക്കില്ല. വാളിന് വിവേകമില്ല. അത് പിടിക്കുന്നവനും വിവേകം പോകും. അത് ഇപ്പോഴത്തെ വികസനരീതികള്‍ പോലെയാണ്; തടസ്സം നില്‍ക്കുന്നതൊക്കെ വെട്ടിമാറ്റും. എന്നാല്‍ വിദ്യയാണ് വാളിനുപകരം കൈയിലേന്തുന്നതെങ്കില്‍ വിവേകം താനേ വരും.

ശത്രുവിനെ ജയിക്കാന്‍ ആത്മാവുകൊണ്ട് അയാളെ നന്നായി വെറുക്കുക എന്നാണ് റഷ്യന്‍ നേതാവ് സ്റ്റാലിന്‍ പറഞ്ഞത്. ശത്രുവിനെ സ്നേഹിച്ചു വശത്താക്കാന്‍ ഗാന്ധിജി പറയുന്നു. ഇതിനെക്കാളൊക്കെ ഉദാത്തമായ ഒരു രാഷ്ട്രീയസംസ്കാരമാണ് ഗുരുദേവന്‍ മുന്നോട്ടുവച്ചത്. അവന്‍ ഇവന്‍ എന്ന ചിന്ത കളയുക. എല്ലാവരും ഒരേ ആത്മരൂപം തന്നെ. ഒരു ഭേദവും ആര്‍ക്കും തമ്മില്‍ ഇല്ല. പിന്നെങ്ങനെ മാടമ്പിയും തൊഴിലാളിയും ഉണ്ടാകും? അവര്‍ണനും സവര്‍ണനും ഉണ്ടാകും? എല്ലാവര്‍ക്കും ഇവിടെ ജീവിക്കാന്‍ തുല്യ അവകാശമുണ്ട്. മനുഷ്യനും മറ്റു ജീവികള്‍ക്കും അത് ഒരുപോലെയാണെന്ന് ഗുരു പറയുന്നു. അത് തിരിച്ചറിയാന്‍ അനുകമ്പ ഉള്ളില്‍ വളര്‍ത്തണം. വിദ്യനേടിയാണ് അനുകമ്പ അഭ്യസിക്കേണ്ടത്. മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കാന്‍ കഴിയുന്ന വിദ്യാഭ്യാസമാണ് വേണ്ടത്. സമ്പത്തിന്റെയോ ജാതിയുടെയോ പേരില്‍ അവഗണിക്കപ്പെടുന്നവര്‍ സംഘടിക്കാനും വിദ്യയും സമ്പത്തും നേടി വളര്‍ന്നുകൊണ്ട് മധുരമായി പ്രതികരിക്കാനും പറഞ്ഞതാണ് ഗുരു പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം. അത് ചോരചിന്തുന്നതല്ല. മറുകരണത്ത് അടിവാങ്ങുന്നതുമല്ല. സ്വന്തം നട്ടെല്ലില്‍ ആര്‍ക്കും ഉപദ്രവമില്ലാതെ സ്വയം വളരാനുള്ളതുമാത്രമാണ്. അങ്ങനെയൊരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ ഗുരുദര്‍ശനമല്ലാതെ മറ്റൊരു പോംവഴിയുമില്ല. ഗുരുദര്‍ശനത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയത്തിലൂടെയേ സമൂഹത്തിന് സമാധാനം ലഭിക്കൂ. സ്വന്തം ദേഹത്തെ കസ്തൂരിയെ തിരിച്ചറിയാതെ കസ്തൂരിതേടി നടക്കുന്ന മാനിനെപ്പോലെയാണ് ഗുരുദര്‍ശനത്തിലെ ഈ നവീനചിന്തകള്‍ അറിയാതെ നമ്മള്‍ ഇപ്പോഴും പഴകിയ തത്വശാസ്തങ്ങളില്‍ ആശ്വാസം കണ്ടെത്താന്‍ വെമ്പല്‍പൂണ്ടു നടക്കുന്നത്.

2 comments:

  1. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ ഗുരുവിന്റെ ദര്‍ശനങ്ങള്‍ വിസ്മരിച്ചതുകൊണ്ടുള്ളതാണ്.

    ReplyDelete
  2. ഗുരുദര്‍ശനം തികവുറ്റത്.

    ReplyDelete