Monday, 28 May 2012

ചരിത്രത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍

നെല്ലിന്‍മണികള്‍ക്ക് സ്വര്‍ണത്തേക്കാള്‍ മൂല്യം കല്പിച്ചിരുന്ന ഒരു പഴയകാലത്തിന്റെ ചരിത്രവും നെഞ്ചേറ്റിക്കൊണ്ടാണ് കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് കുട്ടനാട്ടിലെ കൃഷിഭൂമികള്‍ കാണാനെത്തിയത്. നെല്ലുസംഭരണത്തിന്റെ പ്രശ്നങ്ങള്‍ പഠിച്ച് ഒരു റിപ്പോര്‍ട്ടുതയ്യാറാക്കുക എന്നതായിരുന്നു ഔദ്യോഗികദൌത്യം.

ഉച്ചവെയിലിന്റെ കാഠിന്യം ഒട്ടുംകുറയാതെ ഉച്ചിയിലേറ്റി നടക്കുമ്പോള്‍ അകലെനിന്ന് വീശുന്ന വരണ്ടകാറ്റിന് വിളഞ്ഞ നെല്ലിന്റെ മണമായിരുന്നു. കൂട്ടിയിട്ട് കിളിര്‍ത്തുപോയ നെല്ലിന്‍കൂനയ്ക്കുമുന്നില്‍ കര്‍ഷകര്‍ അവരുടെ കണ്ണീര്‍ക്കഥകള്‍ അയവിറക്കി. ഒരു ചോറ്റുപാത്രത്തിന്റെ അടപ്പിലേക്ക് അവര്‍ പകര്‍ന്നുനല്‍കിയ ഉച്ചഭക്ഷണത്തിന്റെ പങ്ക് കഴിച്ച് പാടത്തിന്റെ കരയില്‍ തണലോരം പറ്റിയിരിക്കുമ്പോള്‍ മനസ് ഒരു ചോരച്ചാലിന്റെ മണം തേടിപ്പായുകയായിരുന്നു. പാടവരമ്പുറപ്പിക്കാന്‍ ഒരുപാട് ചെറുമരുടെ ചോരകുടിച്ച മണ്ണാണിത്. അതാണ് ഈ മണ്ണിന് ഇപ്പോഴും പശിമചോരാത്തതെന്നു തോന്നി. വ്യവസായലോകവും അധികാരവര്‍ഗവും അവഗണിച്ചിട്ടും ഇന്നും നെല്ലും മണ്ണും മാത്രം സ്വപ്നംകണ്ട് വിയര്‍പ്പൊഴുക്കുന്ന കര്‍ഷകത്തൊഴിലാളി സമൂഹത്തെ മണ്ടന്മാരായിട്ടാണ് പൊതുസമൂഹം കാണുന്നത്. ഇത് നഷ്ടമാണെങ്കില്‍ നിങ്ങള്‍ ലാഭമുള്ള തൊഴില്‍ എന്തെങ്കിലും ചെയ്യണം എന്നാണ് അവരുടെ മനോഭാവം.

"പൂര്‍വികരുടെ ചോരയും വിയര്‍പ്പും ഒരുപാട് കുടിച്ച ഈ മണ്ണില്‍ അവര്‍ക്ക് ശ്രാദ്ധംചെയ്യുന്നതുപോലെയാണ് ഞങ്ങള്‍ കൃഷിയിറക്കുന്നത്" എണ്ണക്കറുപ്പിന്റെ തൊലിയുളള ഒരു വൃദ്ധകര്‍ഷകന്‍ ഇതു പറയുമ്പോള്‍ പഴയ കുന്നുമ്മച്ചിറ സംഭവം ഓര്‍ത്തുപോയി. ശ്രീനാരായണഗുരുദേവന്റെ വത്സലശിഷ്യനായ ടി. കെ. മാധവന്‍ എസ്. എന്‍. ഡി. പി യോഗം സംഘടനാസെക്രട്ടറിയായി ചുമതലയേറ്റകാലത്താണ് കുന്നുമ്മച്ചിറയില്‍ കര്‍ഷകത്തൊഴിലാളികള്‍ ജന്മിയുടെ ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയായത്. മര്‍ദ്ദനത്തില്‍ പ്രതിഷേധിക്കാന്‍ കര്‍ഷകരുടെ കൂട്ടായ്മകളായ സ്കന്ദവിലാസിനി, ആനന്ദപ്രദായിനി, സന്മാര്‍ഗപ്രദായിനി എന്നീ സംഘടനകള്‍ ഒത്തുചേര്‍ന്നു. ആലംബഹീനര്‍ക്ക് നട്ടെല്ലുനിവര്‍ത്തി നില്‍ക്കാന്‍ ഈശ്വരീയമായ കരുത്തുനല്‍കിയ ഗുരുദേവന്റെ സാന്നിദ്ധ്യം ഈ യോഗത്തിലുണ്ടാകാന്‍ തൊഴിലാളികള്‍ ആഗ്രഹിച്ചു. അപ്പോള്‍ അതാ ഗുരുവിന്റെ അനുഗ്രഹവുമായി ടി. കെ. മാധവന്‍ അവിടെയെത്തിയിരിക്കുന്നു. തൊഴിലാളികള്‍ക്ക് അത് ആവേശമായി. ചെറുകര, നാരകത്തറ, കുന്നമ്മ, കണ്ണാടി, പുളിങ്കുന്നുമേഖലകളില്‍ ഗുരുശിഷ്യന്റെ സാന്നിദ്ധ്യം ഒരു പുതുയുഗപ്പിറവികുറിച്ചു. അങ്ങനെ തൊഴിലാളികളുടെ സംരക്ഷകരായി എസ്.എന്‍.ഡി.പി യോഗം അവിടെ ശാഖകള്‍ രൂപീകരിച്ച് ശക്തമായ സാന്നിദ്ധ്യം ഉണ്ടാക്കി.

1103 മകരം രണ്ടിന് കോട്ടയം നാഗമ്പടത്തു ചേര്‍ന്ന യോഗത്തില്‍ നീലമ്പേരൂര്‍ ഒന്നാം നമ്പര്‍ ശാഖയുള്‍പ്പെടെ 108 ശാഖകള്‍ക്ക് ഗുരുദേവന്‍ തൃക്കൈകൊണ്ട് നേരിട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കി അനുഗ്രഹിച്ചു. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ക്ക് അതൊരു ദേവസ്പര്‍ശമായിരുന്നു. നെല്ലിന്റെ പൈതൃകവും മണ്ണിന്റെ പുണ്യവും നിലനിറുത്തിക്കൊണ്ട് അഭിമാനികളായ ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുകയായിരുന്നു ആ കൂട്ടായ്മകളിലൂടെ ഗുരുദേവന്‍ ലക്ഷ്യമിട്ടത്. ജന്മിയെന്നും കുടിയാനെന്നും വേര്‍തിരിവില്ലാത്ത ഒരു കര്‍ഷകസമൂഹത്തെ സൃഷ്ടിക്കുക എന്ന ദൌത്യമാണ് യോഗനേതൃത്വത്തെ അന്ന് തൃപ്പാദങ്ങള്‍ ഏല്പിച്ചത്. എന്നാല്‍ പിന്നീട് ഗുരുദര്‍ശനത്തിന്റെ പാതയില്‍നിന്ന് കേരളത്തിലെ നവവിപ്ളവപ്രസ്ഥാനങ്ങള്‍ വ്യതിചലിച്ചപ്പോള്‍ വിപ്ളവങ്ങള്‍ക്ക് മണ്ണിന്റെ പശിമ നഷ്ടപ്പെട്ടു. നെല്ലിന്റെയും പാടത്തെ ചെളിയുടെയും ഗന്ധം അരോചകമായിത്തോന്നുന്ന ഇന്നത്തെ പുതിയ തലമുറ, പണിയെടുക്കുന്നവനെയും പണിയെടുപ്പിക്കുന്നവനെയും പരസ്പരം വെറുക്കാന്‍ പഠിപ്പിച്ച സമരചരിത്രങ്ങളുടെ ഉപോല്പന്നമാണ്. കൊന്നും കൊലവിളിച്ചുമുണ്ടാക്കുന്ന മാറ്റങ്ങള്‍ക്ക് ഒരിക്കലും ശാന്തി നല്‍കാനാവില്ല. ചോരയ്ക്കു പകരം ചോദിക്കേണ്ടത് ചോരനീരാക്കി അദ്ധ്വാനിച്ച് നേടിക്കൊണ്ടാവണമെന്നാണ് ശ്രീനാരായണ ധര്‍മ്മപ്രചാരണത്തിലൂടെ ഗുരുദേവന്‍ പകര്‍ന്ന വിപ്ളവചിന്തകള്‍. അവഗണിക്കുന്നവരെയും അടിച്ചമര്‍ത്തുന്നവരെയും അവര്‍ അംഗീകരിക്കുന്നത്രയും ഉയരത്തില്‍ വളര്‍ന്നുകൊണ്ട് മധുരമായി പകരംചോദിക്കുക. ആത്മീയമായും ഭൌതികമായും ആര്‍ക്കും അവഗണിക്കാനാവാത്ത വിധത്തില്‍ വളര്‍ന്നുപടരുക. അതിനായി ഹീനമാര്‍ഗങ്ങള്‍ ഉപയോഗിക്കാതെ സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും മാര്‍ഗങ്ങള്‍ ഉപയോഗിക്കുക എന്നിങ്ങനെ എത്ര സന്ദേശങ്ങളാണ് ഗുരുദേവന്‍ ഒരു ജന്മംകൊണ്ട് പകര്‍ന്നത്.

കേരളത്തിലെ അടിസ്ഥാനവിഭാഗങ്ങളുടെ രണഭൂമികളിലൂടെ ഇന്ന് നടന്നാല്‍ ഒരു തലമുറയ്ക്ക് സ്വയം തിരിച്ചറിഞ്ഞ് വളരാന്‍ വരമ്പുറപ്പിച്ച ചെറുമന്‍മാരുടെ പേരുകള്‍ പുതിയ തലമുറയുടെ ഓര്‍മ്മകളില്‍പ്പോലും കാണില്ല. പകരം എന്തിന്റെയൊക്കെയോ പേരില്‍ പരസ്പരം വെട്ടിമരിക്കുന്ന പുതിയ രക്തസാക്ഷികളുടെ കുടീരങ്ങള്‍കാണാം. ചരിത്രം പരിശോധിച്ചാല്‍ ഓരോ സമരവിജയങ്ങളിലും ഇതുപോലെ അറിയപ്പെടാതെപോകുന്നവര്‍ ഏറെയാണ്. അവഗണിക്കപ്പെടുന്നവരുടെ ലിസ്റ്റിന് ജാതിവ്യത്യാസമില്ല. വൈക്കം സത്യാഗ്രഹത്തില്‍ ആദ്യം ചൂണ്ടുപലക മുറിച്ചുകടന്ന പുലയന്‍ കുഞ്ഞപ്പിയെയും ബാഹുലേയനെന്ന ഈഴവനെയും ഗോവിന്ദപ്പണിക്കര്‍ എന്ന നായരെയും ഇന്ന് ആരോര്‍ക്കുന്നു? സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന് സവര്‍ണ്ണര്‍ കണ്ണില്‍ ചുണ്ണാമ്പെഴുതിവിട്ട രാമന്‍ ഇളയതിനെ ആര്‍ക്കാണ് ഓര്‍മ്മയുളളത്? സത്യാഗ്രഹത്തിനും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും വെള്ളവും വളവുമായി ഓടിനടന്ന ചങ്ങനാശേരി പരമേശ്വരന്‍പിള്ള, സ്വസമുദായത്തിന്റെ വിലക്കുമറികടന്ന് ക്ഷേത്രപ്രവേശനത്തിനായി സവര്‍ണജാഥയില്‍ പങ്കെടുത്ത നാരായണന്‍ നമ്പൂതിരി, പുലയരുടെ യോഗത്തില്‍ ആദ്യമായി അദ്ധ്യക്ഷംവഹിച്ച ജസ്റ്റിസ് പരമേശ്വരയ്യര്‍... എന്നിങ്ങനെ പെറുക്കിയെടുക്കാന്‍ ഒരുപാട് പേരുകള്‍ ചരിത്രത്തിന്റെ കൊട്ടയിലുണ്ട്. അവയ്ക്കൊക്കെമീതേ അനര്‍ഹരായ പലരുടെയും പേരുകള്‍ കൊത്തപ്പെടുമ്പോള്‍ ഒരു ജനതയുടെ യഥാര്‍ത്ഥ ചരിത്രം മണ്‍മറഞ്ഞുപോകുകയാണ്. ചരിത്രത്തിന്റെ യഥാര്‍ത്ഥ അവകാശികളോടുളള ഈ തമസ്കരണങ്ങളാണ് നമ്മെ കൂടുതല്‍ അന്ധകാരത്തിലേക്കും പുതിയ അടിമത്തങ്ങളിലേക്കും നയിക്കുന്നത്.

ഇളവെയില്‍ മഞ്ഞനിറംപകര്‍ന്ന കുട്ടനാടന്‍ പാടവരമ്പിലൂടെ തിരിച്ചുനടക്കുമ്പോള്‍ ഗുരുവിന്റെ ദത്താപഹാരം എന്ന കൃതിയിലെ വരികളായിരുന്നു മനസില്‍: " ധര്‍മ്മം ജയിക്കുന്നു, സത്യം
ജയിക്കുന്നിങ്ങു സര്‍വദാ
അധര്‍മ്മവും ജയിക്കുന്നി-
ല്ലസത്യവുമൊരിക്കലും.

No comments:

Post a Comment