Sunday, 13 May 2012

മഞ്ഞയും കാവിയും മിളിന്ദ പ്രശ്നങ്ങളും


എ.ഡി ഒന്നാം ശതകത്തിന്റെ പൂര്‍വാര്‍ത്ഥത്തില്‍ ബുദ്ധമതപ്രചാരകനായി മാറിയ മിളിന്ദ മഹാരാജാവിലൂടെ എഴുതപ്പെട്ട പ്രശസ്തമായ 'മിളിന്ദപ്രശ്നങ്ങള്‍' എന്ന കൃതി ഗുരുവും ശിഷ്യനും തമ്മിലുള്ള സംവാദരൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിലൊരുഭാഗത്ത് മിളിന്ദന്‍ നാഗസേനനോട് ചോദിക്കുന്നു:

"തഥാഗതന്‍ (ബുദ്ധന്‍) പറഞ്ഞിരിക്കുന്നു; സഹോദരരേ, ഇതുവരെ ആരുമറിഞ്ഞിട്ടില്ലാത്ത ഒരു ധര്‍മ്മമാര്‍ഗം താന്‍ കണ്ടെത്തിയിരിക്കുന്നുവെന്ന്. മുമ്പുണ്ടായിരുന്ന ബുദ്ധന്മാര്‍ ചരിച്ചിരുന്ന അതേ ധര്‍മ്മം, അതേ മാര്‍ഗംതന്നെയാണ് താനും കണ്ടെത്തിയിരിക്കുന്നതെന്ന്. അതെങ്ങനെ ശരിയാകും. മുമ്പുണ്ടായിരുന്നവരുടെ മാര്‍ഗം പിന്നെ പ്രത്യേകിച്ച് കണ്ടെത്തുന്നതെന്തിന്? അത് നിലവില്‍ ഉളളതാണല്ലോ?

മിളിന്ദന്റെ സംശയത്തിന് മഞ്ഞുമലകളുടെ നാടായ ശാലകയിലെ( ഇന്നത്തെ വടക്കുകിഴക്കന്‍ പാകിസ്ഥാനിലെ സിയാല്‍കോട്ട്) ബുദ്ധവിഹാരത്തിലിരുന്നുകൊണ്ട് നാഗസേനന്‍ എന്ന ബുദ്ധഭിക്ഷു മറുപടി പറഞ്ഞു:

"രാജാവേ, അങ്ങ് തഥാഗതന്റെ ശരിയായ വാക്കുകള്‍ തന്നെയാണ് ഉച്ചരിച്ചത്. മുമ്പുണ്ടായിരുന്ന തഥാഗതന്മാര്‍ പോയിമറഞ്ഞപ്പോള്‍ അവര്‍ ഉപദേശിച്ചിരുന്ന തത്വങ്ങളും സഞ്ചരിച്ച മാര്‍ഗങ്ങളും പഠിപ്പിക്കാനാളില്ലാതെ നഷ്ടപ്പെട്ടു. അങ്ങനെ തകര്‍ന്നടിഞ്ഞുപോയ അതേ ധര്‍മ്മമാര്‍ഗമാണ് തഥാഗതന്‍ തന്റെ ജ്ഞാനത്താല്‍ കണ്ടെത്തിയിരിക്കുന്നത്."

തഥാഗതന്റെ വാക്കുകള്‍ അര്‍ത്ഥവത്തായിരുന്നു. അദ്ദേഹം തന്റെ മുന്‍ഗാമികളായ ധര്‍മ്മചാരികളുടേതായി കണ്ടെത്തിയ മാര്‍ഗത്തിലൂടെ വളരെ ദൂരം മുന്നോട്ടുപോയി. മിളിന്ദനെയും അശോകനെയും ഗുപ്തരാജാക്കന്മാരെയും പോലുളള കരുത്തരായ ഭരണാധിപന്മാര്‍ അടക്കമുളള ശിഷ്യവൃന്ദം പ്രചാരണം നടത്തിയിട്ടും ആ ധര്‍മ്മമാര്‍ഗവും തകര്‍ന്നടിഞ്ഞുവെന്ന് ചരിത്രം നമ്മോടുപറയുന്നു. പിന്നെ ആ വഴിക്ക് കടന്നുവന്നത് കേരളം ജന്മം നല്‍കിയ രണ്ട് തഥാഗതന്മാരാണ്. അതിലൊന്ന് ശങ്കരാചാര്യരും രണ്ടാമന്‍ ശ്രീനാരായണഗുരുവും ആയിരുന്നു. ബുദ്ധമതത്തിന്റെ നാസ്തികപ്രഭാവത്തെ അതിജീവിച്ചുകൊണ്ട് ആചാര്യപാദരുടെ ആസ്തിക പ്രഭാവം ഇവിടെ കടന്നുവന്നതിനെക്കുറിച്ച് ഗുരുദേവശിഷ്യനായ നടരാജഗുരു പറയുന്നത് "പരമ്പരാഗതമായ ജ്ഞാനവചസിന്റെ പുതിയ ഒഴുക്കുകള്‍ വന്ന് അതിനെ ഇവിടെനിന്ന് പിഴുതെറിഞ്ഞു" എന്നാണ്. ചാതുര്‍വര്‍ണ്യത്തിനുനേര്‍ക്ക് കണ്ണടച്ചുകൊണ്ട് ആചാര്യപാദര്‍ അദ്വൈതത്തെ നിര്‍വചിച്ചപ്പോള്‍ ആ ധര്‍മ്മപ്രചാരണത്തിനും മങ്ങലേറ്റു. അകത്തളങ്ങളിലിരുന്ന് ശങ്കരസൌന്ദര്യലഹരി നുണയുന്നവരേക്കാള്‍ അതിനുളള അവസരം നിഷേധിക്കപ്പെട്ട് പുറത്തുനിന്നവരുടെ എണ്ണം പെരുകിയപ്പോള്‍ ജ്ഞാനദിഗ്വിജയത്തിന്റെ ശംഖനാദത്തിലെവിടെയോ ശബ്ദം ചിലമ്പിച്ചു. ഒരു വലിയകാലത്തോളം വളര്‍ന്ന ധര്‍മ്മച്യുതിയായി ജാതി അസമത്വങ്ങള്‍ ഇവിടെ വേരുറച്ചു. ബുദ്ധന്‍ പറഞ്ഞതുപോലെ ഒട്ടേറെ മുന്‍ഗാമികള്‍ നടന്നവഴിയാണ് ഗുരുദേവനും കണ്ടെത്തിയത്. തെറ്റുകള്‍ സ്വയം ആവര്‍ത്തിക്കാതിരിക്കാനും കറപുരളാത്ത പുതിയ ഒരു ധര്‍മ്മമാര്‍ഗത്തിന് തുടക്കമിടാനുമാണ് ഗുരുദേവന്‍ പരിശ്രമിച്ചത്. അതില്‍ നൂറുശതമാനവും വിജയിച്ചു അദ്ദേഹം. അതുകൊണ്ടാണ് പണവും അധികാരവുമുളള പ്രചാരകര്‍ ആരും തന്നെ ഇല്ലാതിരുന്നിട്ടുപോലും ഗുരുവിന്റെ ധര്‍മ്മം പ്രചരിക്കപ്പെട്ടത്. മുമ്പേ കടന്നുപോയ വലിയ ഒരു ജ്ഞാനപരമ്പരയുടെ മുഴുവന്‍ ഊര്‍ജവും ഉളളിലാവാഹിച്ചുകൊണ്ടാണ് ഗുരു യാത്രപുറപ്പെട്ടത്. പരമമായ അറിവിന്റെ ധവളിമയില്‍ സഞ്ചരിച്ച ഗുരു പരമ്പരാഗതരീതികളില്‍ ശരിയായതിനോട് പൊരുത്തപ്പെട്ടും. സത്യത്തോട് നീതിപുലര്‍ത്താത്തവയെ പുറന്തളളിയും ധര്‍മ്മത്തിന്റെ വഴിയില്‍ ശുദ്ധിവരുത്തി. ഉറമ്പും കരിയിലകള്‍പോലും അറിയാതെയുളള പാദചലനമായിരുന്നു അത്. മുല്ലപ്പൂക്കള്‍ അതിന്റെ സത്യമാകുന്ന സൌരഭ്യം ആയുധമാക്കി യുദ്ധം ചെയ്ത് ദുര്‍ഗന്ധമാകുന്ന ധര്‍മ്മച്യുതിയെ തുടച്ചുമാറ്റുംപോലെയായിരുന്നു ആ പ്രയാണം. ഗുരു ചരിച്ച ധര്‍മ്മം കാലാതിവര്‍ത്തിയാണെങ്കിലും അതുള്‍ക്കൊണ്ട് പ്രചരിപ്പിക്കാനും ആചരിക്കാനും ആളില്ലാതെപോയാല്‍ ഗുരുമാര്‍ഗത്തിലും അഴുക്കുകയറും. വഴി മറയും തഥാഗതന്റെ മുന്‍ഗാമികള്‍ക്ക് പിന്നാലെ പ്രപഞ്ചസത്യത്തിലേക്കുളള വഴി അടഞ്ഞതുപോലെ ചരിത്രം ആവര്‍ത്തിക്കപ്പെടും.

പരമ്പരാഗതധര്‍മ്മമാര്‍ഗത്തില്‍ മുന്‍ഗാമികള്‍ ശീലിച്ച മാര്‍ഗങ്ങളില്‍ ഗുരു തളളിപ്പറഞ്ഞ നിരവധി സമ്പ്രദായങ്ങളുണ്ട്. അതിലൊന്നാണ് സന്യാസത്തിന് കാവി എന്ന യൂണിഫോം ധരിക്കുന്ന രീതി. വസ്ത്രം നാണം മറയ്ക്കാനും ശരീരസംരക്ഷണത്തിനുമുളളതാണ്. അതിന് വൃത്തിയും ശുദ്ധിയും ലാളിത്യവും വേണം എന്നേ തൃപ്പാദങ്ങള്‍ വിവക്ഷിച്ചതുളളൂ. ഭാരതീയര്‍ക്ക് പക്ഷേ, കാവി ത്യാഗത്തിന്റെ പ്രതീകമാണ്. അതിനാല്‍ സ്വയം ത്യാഗിയായ ഗുരുവര്യനു നേര്‍ക്ക് ശിഷ്യര്‍പോലും ആ പഴയപാതയില്‍നിന്നുകൊണ്ട് പലതവണ കാവിവച്ചു നീട്ടി. പ്രകടനപരതകളെ നിരസിച്ചുകൊണ്ട് ശുദ്ധബ്രഹ്മത്തിന്റെ വെളുപ്പ് പ്രസരിപ്പിച്ചിരുന്ന ഗുരുവിനെ അവര്‍ക്ക് ഉള്‍ക്കൊളളാന്‍ കഴിഞ്ഞതേയില്ല. ഒരിക്കല്‍ ഇഷ്ടജനങ്ങളുടെ ഇച്ഛയ്ക്ക് വഴങ്ങി വെളളവസ്ത്രംമാറ്റി കാവി ധരിച്ചിട്ട് ഗുരു ചോദിച്ചു "ഇതില്‍ അഴുക്കുപറ്റിയാല്‍ അറിയില്ല അല്ലേ." ആ വാക്കുകള്‍ക്ക് ഒരുപാട് അര്‍ത്ഥങ്ങള്‍ വായിച്ച് യുവതലമുറ ഇന്ന് ഗുരുവിനെ നോക്കി ആശ്ചര്യപ്പെടുന്നു. കാരണം, ഉളളിലെയും പുറത്തെയും അഴുക്കു മറച്ചുപിടിക്കാന്‍ സുരക്ഷിതമാര്‍ഗമായി കാവിധരിക്കുന്നവരെ നമ്മള്‍ കണ്ടുമടുക്കുകയാണല്ലോ!

ചൈതന്യസ്വാമി എന്ന ശിഷ്യന് സന്യാസദീക്ഷാദാന സമയത്ത് വെളളവസ്ത്രം നല്‍കിക്കൊണ്ട് ഗുരു മൊഴിഞ്ഞു. "ചൈതന്യര്‍ക്ക് കാവി ഉളളിലാണുളളത് അതിനാല്‍ പുറമേ വേണ്ട". വസ്ത്രമല്ല ത്യാഗമാണ് സന്യാസം എന്നു പറഞ്ഞ് സായ്പായ ഏണസ്റ്റ് കെര്‍ക്കിന് കോട്ടും ടൈയും ഷൂസും സന്യാസദീക്ഷയായി നല്‍കിയ ഗുരുസ്വാമിയുടെ സ്വത്വബോധത്തെ നാം മറന്നുപോകാതിരിക്കുക. പലതരം അഴുക്കു നിറഞ്ഞ സമൂഹത്തിലൂടെ ധര്‍മ്മപ്രചാരണാര്‍ത്ഥം നടക്കുമ്പോള്‍ അണുക്കള്‍ അടുക്കാതിരിക്കാന്‍ മഞ്ഞളിന്റെ അണുനാശകഗുണം വെളളയോടു ചേര്‍ക്കാന്‍ പറഞ്ഞു ഗുരു. അതിലൊക്കെ ഒത്തിരി ആന്തരാര്‍ത്ഥങ്ങളുണ്ട്. മഞ്ഞിന്റെ മായാപടലത്തിനപ്പുറം യഥാര്‍ത്ഥവഴികാണാന്‍ വാഹനങ്ങള്‍ മഞ്ഞപ്രകാശം ഉപയോഗിക്കുന്നതുപോലെയാണത്. അതുകേട്ടപ്പോള്‍ നാം ഒരു വിലകൂടിയ മഞ്ഞപ്പട്ടെടുത്ത് ആചാര്യനെ പുതപ്പിച്ചു. മഞ്ഞ അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ അങ്ങുതന്നെ പുതച്ചോളൂ എന്നു പറയുംപോലെ. തഥാഗതന്റെ വാക്കുകള്‍ അനേകശതങ്ങള്‍ പിന്നിട്ട് ആവര്‍ത്തിക്കപ്പെടാന്‍ വെമ്പല്‍പൂണ്ട് നമ്മുടെ ഹൃത്തടങ്ങളില്‍ മുട്ടിവിളിക്കുന്നത് കേള്‍ക്കുന്നില്ലേ?

2 comments:

  1. ബോധോദയം വരുത്തുന്ന നല്ല പോസ്റ്റ്

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട് സജീവ്‌
    ഇപ്പോഴാണ്‌ ഇങ്ങനെയൊരു ബ്ലോഗ്‌ കണ്ണില്‍ പെട്ടത്. വളരെയധികം സന്തോഷം തോന്നുന്നു ആത്മാന്വേഷിയായ ഒരാളെ കണ്ടു മുട്ടിയപ്പോള്‍

    ReplyDelete