എറണാകുളം ഡര്‍ബാര്‍ഹാള്‍ ഗ്രൌണ്ടില്‍ ശിവക്ഷേത്രത്തിലെ ഉത്സവത്തിരക്കിനിടയില്‍ അലസമായി നടക്കുകയായിരുന്നു. ഒരു മുഖവും പരിചിതമല്ലാത്തതിനാല്‍ ഔപചാരികതയുടെ ചിരിയോ ഹസ്തദാനമോ മേമ്പൊടിചേര്‍ക്കാതെ സ്വതന്ത്രമായി നടക്കാം. വൈദ്യുത ദീപങ്ങളുടെ പ്രഭയില്‍ തിളങ്ങുന്ന നഗരം. ആകാശത്തേക്ക് പറന്നുപൊങ്ങാന്‍ ഒരു ചെറുചരട് തടസ്സം നില്‍ക്കുന്നതിനോട് അലോസരം കാണിച്ചുകൊണ്ട് ഇളകിയാടുന്ന ബലൂണ്‍കൂട്ടം.
പെട്ടെന്ന് പിന്നിലൂടെ ചില മിന്നല്‍ നീക്കങ്ങള്‍. ബലൂണ്‍ വില്പനക്കാരന് സമീപം കുട്ടിക്കായി ബലൂണ്‍ തെരഞ്ഞുനിന്ന മദ്ധ്യവയസ്കന്‍ ഒരലര്‍ച്ചയോടെ താഴെ വീഴുന്നു. ഒരു വടിവാളുയര്‍ച്ചയില്‍ ചോരത്തുളളികള്‍ വര്‍ണ്ണബലൂണുകളിലേക്ക് തെറിക്കുന്നു. ഗ്രൌണ്ടിന്റെ അരമതില്‍ചാടി ഇരുട്ടിലേക്ക് ഊളിയിടുന്ന നിഴല്‍രൂപങ്ങള്‍ കണ്ട് പകച്ചുപോയി. പേടിച്ചരണ്ട് അച്ഛനെ വിളിച്ചുകരയുകയാണ് ഏഴോ എട്ടോ വയസുവരുന്ന ആണ്‍കുട്ടി. ആംബുലന്‍സിന്റെ മൂളക്കങ്ങളിലേക്ക് അവന്റെ കരച്ചില്‍ ലയിച്ചു ചേരുന്നു... നഗരം ഒരിട നിശബ്ദമായിട്ട് പിന്നെയും താളമേളങ്ങളിലേക്ക്...
ആ കാഴ്ചയുടെ ഭീതിയില്‍, കുഞ്ഞിന്റെ വാവിട്ട നിലവിളിയില്‍... ഉറക്കം നഷ്ടപ്പെട്ട രാവിന് കൂട്ടായി തൊട്ടടുത്ത ഫ്ളാറ്റില്‍ ഒരു സുഹൃത്തിന്റെ സൌമനസ്യത്തില്‍ കിട്ടിയ ഇത്തിരവട്ടത്തില്‍ ഉറങ്ങാതെ കിടന്നു. സ്വന്തം പിതാവിനെ വെട്ടുന്നതുകണ്ടുനില്‍ക്കേണ്ടിവന്ന കൊച്ചുകുട്ടി... അവന്‍ സമാധാന കാംക്ഷിയായി വളരുമോ? അതോ... അവനും ചോരയുടെ വഴി തിരയുമോ? ഹൊ.. അതാലോചിക്കാനേ വയ്യ. ഗ്രൌണ്ടിനു സമീപം കാര്‍പാര്‍ക്ക് ചെയ്യാനുളള ശ്രമത്തിനിടെ വഴിയില്‍ ബൈക്കുകളുമായി വട്ടംനിന്ന യുവാക്കളോട് "നിങ്ങള്‍ എന്തു തോന്ന്യാസമാണ് കാട്ടുന്നത്?" എന്നു ചോദിച്ചുപോയതാണ് ആ മദ്ധ്യവയസ്കന്‍ ചെയ്ത തെറ്റ്. പതിനഞ്ചുമിനിട്ടിനകം ശിക്ഷവിധിച്ചു. " ഇനി അവന്‍ കാറോടിക്കരുത്. ഒരു കൈ എടുത്തേക്കുക." ടൂള്‍സുമായി ആ സംഘം ആളെത്തിരഞ്ഞു വെട്ടി. അതായിരുന്നു ആ രാത്രി സംഭവിച്ചതെന്ന് സുഹൃത്തു പറഞ്ഞു. പിറ്റേന്ന് മടക്കയാത്രയ്ക്ക് ട്രെയിനില്‍ കയറിയപ്പോള്‍ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. ഇരുന്ന് അല്പം മയങ്ങിയോ?
"എടോ.. എന്റെ സീറ്റില്‍നിന്ന് എണീക്കാന്‍... യൂ നോ ഹൂ ആം ഐ?" എന്ന ആക്രോശം കേട്ട് ഞെട്ടി. കൌബോയ് ജീന്‍സ് ധരിച്ച ഫ്രഞ്ച് താടിവച്ച ഒരു യുവാവ്. അവന്‍ ബാത്ത്റൂമില്‍ പോയിരുന്നു എന്നറിയാതെ അവന്റെ സീറ്റില്‍ ഇരുന്നതാണ് പ്രശ്നമായത്. "നിന്റെ വിലാസം അറിയാനല്ല ഞാന്‍ ട്രെയിനില്‍ കയറിയത്" എന്നു മറുപടി പറയാനാണ് ഉള്ളിലെ യുവത്വം ആവശ്യപ്പെട്ടത്. പക്ഷേ, ഹൃദയചക്രത്തിലിരുന്ന് അതല്ല ശരിയെന്ന് ആരോ വിലക്കുന്നു. ഒഴിഞ്ഞുകൊടുത്ത സീറ്റില്‍ അലസമായിരുന്ന് അവന്‍ മൊബൈലില്‍ വെറുതേ സെര്‍ച്ച് ചെയ്യുകയാണ്. ചുറ്റിനും ആരും ഒന്നും അറിഞ്ഞമട്ടുപോലും കാട്ടുന്നില്ല. ഇന്നലെ ഇരുളിന്റെ മറവില്‍... ഇന്നിതാ പകല്‍ വെളിച്ചത്തില്‍ യുവത്വം അലറിവിളിക്കുകയാണ്. അക്ഷമയോടെ... ഭ്രാന്തമായിത്തന്നെ... ഇവര്‍ക്ക് എന്താ ഈ ലോകത്തോടുമുഴുവന്‍ പകയാണോ? ഇതെങ്ങോട്ടുളള പോക്കാണ്? അനീതിക്കെതിരെ വെടിമുഴക്കത്തോളം ശബ്ദമുയര്‍ത്തിയ ഒട്ടേറെ വീരയുവത്വങ്ങളെ പോറ്റിവളര്‍ത്തിയ കൊച്ചിയുടെ മണ്ണിലൂടെ സമരകേസരികളുടെ വേണാടിലേക്ക് പായുന്ന ഈ ട്രെയിനില്‍ സമരവീര്യത്തിന്റെ ഗതകാലവും ക്വട്ടേഷന്‍ യുവതയുടെ വര്‍ത്തമാനവും തമ്മില്‍ ചേര്‍ത്തുവയ്ക്കാനാവാതെ വീര്‍പ്പുമുട്ടിയാണ് ആ യാത്ര അവസാനിപ്പിച്ചത്.
പണ്ട് മദ്രാസ് സെന്‍ട്രല്‍ സ്റ്റേഷനില്‍വച്ച് ഇതുപോലൊരു യുവാവ് ശ്രീനാരായണഗുരുവിനെ ട്രെയിനില്‍നിന്ന് വഴക്കുപറഞ്ഞ് ഇറക്കിവിട്ട കഥ വിദ്യാനന്ദസ്വാമിയുടെ അനുഭവക്കുറിപ്പുകളിലുണ്ട്. രാത്രി എട്ടുമണി. മദ്രാസില്‍നിന്ന് മെയില്‍വണ്ടി പുറപ്പെടാന്‍ ആദ്യ മണിയടി ശബ്ദംകേട്ടു. ഗുരു ഇരുന്ന കമ്പാര്‍ട്ടുമെന്റില്‍ താഴത്തെ ബര്‍ത്തിലുള്ളയാള്‍ തൃപ്പാദങ്ങളോട് അവിടെനിന്ന് എഴുന്നേറ്റു മാറാന്‍ ആജ്ഞാപിച്ചു. "ബെര്‍ത്ത് റിസര്‍വേഷന്‍ ഇല്ലാതെ രാത്രിയാത്ര പാടില്ലെന്ന് അറിഞ്ഞുകൂടേ സന്യാസീ" എന്നു ചോദിച്ചു. ബെര്‍ത്ത് റിസര്‍വേഷന്‍കാര്‍ക്ക് ഒഴിഞ്ഞുകൊടുക്കല്‍ രാത്രി 10 മണി കഴിഞ്ഞുമതി എന്ന റെയില്‍വേ ചട്ടം അറിയാമായിരുന്നിട്ടും അത് പറയാതെ ഗുരുസ്വാമി എഴുന്നേറ്റ് പുറത്തേക്കിറങ്ങി. ട്രെയിന്‍ പുറപ്പെടുന്നതിന് നിമിഷങ്ങള്‍ക്കുമുമ്പ് ആ യുവാവ് പാഞ്ഞെത്തി ഗുരുവിന്റെ കാലില്‍വീണ് മാപ്പിരന്നു. "ആളറിയാതെ പറ്റിയതാണ് ക്ഷമിക്കണം..." . അവനെ ആശ്വസിപ്പിച്ച് ഗുരു അവനൊപ്പം വീണ്ടും യാത്ര തുടര്‍ന്നു. തൃപ്പാദങ്ങള്‍ കാട്ടിയ ക്ഷമയാണ് യുവാവിന്റെ മനസ്സ് വിമലമാക്കിയതെന്നാണ് ആദ്യം തോന്നിയത്. സകല പ്രാപഞ്ചിക വെല്ലുവിളികളെയും മേധകൊണ്ട് നിര്‍വീര്യമാക്കുന്ന ആ സഹസ്രാരപത്മപ്രഭയുടെ അദ്ഭുതപ്രവാഹവും കാരണമായിട്ടുണ്ടാകാമെന്നായി രണ്ടാം വിചാരം. അത് നമ്മള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ വെളിച്ചമാണ്. അതിനാല്‍ ഗുരുഭക്തിയിലേക്ക് വേരോട്ടമുളള ക്ഷമതന്നെ നമുക്കായുധം.
പത്താംക്ളാസ് കഴിഞ്ഞ് സന്യസിക്കാനായി ശിവഗിരിയിലേക്ക് പുറപ്പെട്ട ചാത്തുക്കുട്ടി എന്ന കൌമാരക്കാരന്‍ ഗുരുവില്‍ ആകൃഷ്ടനായത്, കുട്ടിയായിരിക്കെ പണ്ട് പളളുരുത്തിയില്‍വച്ച് മുതിര്‍ന്നവര്‍ക്കൊപ്പം വിളിച്ചിരുത്തി ഗുരു അവന് ഊണുകൊടുത്തതിന്റെ ആ പരിഗണനയും സ്നേഹവും കൊണ്ടായിരുന്നു. രാവിലെ ഒരു കാപ്പി എന്ന ശീലം വിട്ടൊഴിയാത്ത ചാത്തുക്കുട്ടിക്ക് ആശ്രമത്തില്‍ രാവിലെ പതിവില്ലാത്ത കാപ്പി ഉണ്ടാക്കിക്കൊടുത്തു ഗുരുസ്വാമി. തന്റെ ഉളളറിഞ്ഞ ആ പരിഗണന ചാത്തുക്കുട്ടിക്ക് ജീവനെക്കാളേറെ വിശ്വാസമാണ് ഗുരുവില്‍ ഉണ്ടാക്കിയത്. ചാത്തുക്കുട്ടി പിന്നീട് ഗുരുപ്രസാദ് എന്ന പ്രഗല്ഭശിഷ്യനായി പരിണമിച്ചു. വേണ്ടസമയത്ത് കുട്ടികള്‍ക്കു നല്‍കേണ്ട പരിഗണനയും സൌമനസ്യവും അവരെ സത്യത്തിന്റെ വഴിയിലൂടെ നയിക്കും എന്ന് ചാത്തുക്കുട്ടിയുടെ കഥ വ്യക്തമാക്കുന്നു. ഇന്ന് ക്വട്ടേഷന്‍കാരുടെ വലയില്‍ മസില്‍ക്കരുത്ത് കാട്ടുന്ന യുവത്വത്തെ പരിശോധിക്കുക. വേണ്ടത് വേണ്ട സമയത്ത് അവര്‍ക്ക് കിട്ടിയിട്ടുണ്ടാവില്ല. കിട്ടിയതൊക്കെ അമിതാഹാരംപോലെ ഉളളില്‍ക്കിടന്ന് അജീര്‍ണമുണ്ടാക്കിയിട്ടുമുണ്ട്. അതിന്റെ ദഹനക്കേടാണ് വഴിയിലിറങ്ങി കാട്ടുന്നത്. ജീവിതം എന്തിനെന്നറിയാതെ പോകുന്നവരാണിവര്‍. താന്‍ അറിഞ്ഞ അല്ലല്‍ മകന്‍ അറിയാതിരിക്കാന്‍ കുട്ടിക്കാലത്ത് അവന്റെ ആഗ്രഹങ്ങള്‍ക്ക് പിന്നാലേ പാഞ്ഞിട്ടുണ്ടാകാം രക്ഷാകര്‍ത്താവ്. കുറച്ചൊക്കെ കഷ്ടപ്പാടുകള്‍ അറിഞ്ഞു വളരുന്നതാണ് നല്ലത്. വിശപ്പ് മനുഷ്യത്വമുണ്ടാകാന്‍ പറ്റിയ ഔഷധമാണ്. അന്തികഴിഞ്ഞാല്‍ കുടിച്ചു കൂത്താടിയെത്തുന്ന പിതാവില്‍നിന്നോ പൊമറേനിയന്‍ നായ്ക്കുട്ടിക്കൊപ്പം ഉറങ്ങിയുണരുന്ന മാതാവില്‍നിന്നോ അവന് കണ്ടെടുക്കാന്‍ ഒരു ഗുണവും കിട്ടാതെ പോയിരിക്കാം. ഗുരുദേവാ... മഹത്വത്തിലേക്ക് വഴികാട്ടുന്ന അങ്ങയുടെ ദര്‍ശനസൌരഭ്യം അറിയാതെ ഇവിടെ ആരും വെറുതേ ജനിച്ച് ജീവിച്ച് മരിക്കാന്‍ ഇടയാകരുതേ എന്നു മാത്രമാണ് പ്രാര്‍ത്ഥന.
പൂവിടുമ്പോള്‍
കണിക്കൊന്നയെപ്പോലെ,
ഇലമൂടി, ആകെയുലഞ്ഞ്
രാസപീയൂഷം നുകര്‍ന്നവളെ-
പ്പോലെ പൂവിടണം.
ഭൂമിയുടെ ഊഷരതയില്‍
ചൂടേറ്റ് വാടാതെ,
തളിര്‍ക്കണം.
ഇളംകാറ്റിനുപോലും
സ്നേഹസ്പര്‍ശമേകി,
നിറഞ്ഞ് പൊഴിയണം.
പൂവിടുമ്പോള്‍,
കണിക്കൊന്നയെപ്പോലെ,
മണം ചേര്‍ക്കാതെ,,
വര്‍ണ്ണംമാത്രം വാരിപ്പുതച്ച്,
കാമുക ഹൃദയം കവര്‍ന്നവളെ-
പ്പോലെ പൂവിടണം.
വേരുകളില്‍ തീ പടരുമ്പോള്‍,
അലറിവിളിക്കാതെ
നിറഞ്ഞ് ചിരിക്കണം.
പൂവിടുമ്പോള്‍,
കണിക്കൊന്നയെപ്പോലെ,
കണ്ണിന് കണിയായി,
കണ്ണന്റെ മേനിചേര്‍ന്ന്,
രാവിനെനോക്കി കൊതിച്ചവളെ
പ്പോലെ പൂവിടണം.
ഹെമിംഗ് വേയുടെ കിഴവന്‍
കടലില്‍ ഭാഗ്യം
പരീക്ഷിക്കുമ്പോള്‍
വേനലില്‍ തളിര്‍ക്കുന്ന
ഹൃദയംകാട്ടി
ധൈര്യം പകരണം.
പൂവിടുമ്പോള്‍
കണിക്കൊന്നയെപ്പോലെ,
വര്‍ഷ ഋതുവിനെകാത്ത്
വര്‍ഷമെത്തുംമുമ്പേ,
ഭൂമിയില്‍ പ്രണയം പെയ്യിച്ച-
വളായി പൂവിടണം.
വഴിതെറ്റി, നിഴല്‍പറ്റി ,
വഴിയോരത്ത്
തളര്‍ന്നണയുമ്പോള്‍
വെയിലിനെ തോല്പിച്ച
പൂങ്കുലകൊണ്ട്
തഴുകിയുറക്കണം.
അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പൊരു ദിവസമാണ് കുളത്തൂര്‍ സ്വദേശിയായ ബാലകൃഷ്ണനെ കാണുന്നത്. കേരളകൌമുദി ശ്രീനാരായണ ഡയറക്ടറിയുടെ നിര്‍മ്മാണ ജോലികളില്‍ മുഴുകിയിരിക്കുന്ന സമയം. "എനിക്ക് ഗുരുദേവനെക്കുറിച്ച് പറയാന്‍ ഒരു സ്വകാര്യ അനുഭവമുണ്ട്. അത് ദയവായി കേള്‍ക്കണം" എന്നായിരുന്നു ആവശ്യം. ഗുരു എന്നുച്ചരിക്കുമ്പോഴെല്ലാം ബാലകൃഷ്ണന്റെ കണ്ണുകളില്‍ മിന്നിമറയുന്ന തിളക്കമാണ് ആ അനുഭവകഥയിലേക്ക് ആകര്‍ഷിച്ചത്.
പട്ടാളത്തില്‍ ലീവ് കഴിഞ്ഞ് തിരികെപോകേണ്ടദിവസം ബാലകൃഷ്ണന്‍ ശിവഗിരിയില്‍ പോയി തൊഴുതു. പിന്നെ സ്റ്റേഷനില്‍വന്ന് മധുര ടെയ്രിനിന്റെ മൂന്നാമത്തെ കമ്പാര്‍ട്ടുമെന്റില്‍ കയറി ഇരിപ്പുറപ്പിച്ചു. ആ സമയം ഒരു ബാലന്‍ അങ്ങോട്ടുകടന്നുവന്ന് പെട്ടി കൈയിലെടുത്തു. " അണ്ണന്‍ വാ" എന്നു പറഞ്ഞ് അവന്‍ പുറത്തേക്കിറങ്ങി. ഇതേതു പയ്യന്‍? ആ തിരക്കിനിടെ വളരെ കഷ്ടപ്പെട്ടാണ് അവന്റെ പിന്നാലെ ഓടിയത്. അവന്‍ പെട്ടികൊണ്ടുപോയി പിന്നിലത്തെ ബോഗിയില്‍വച്ചിട്ട് കാത്തുനില്‍ക്കുകയാണ്. " ഇവിടെ സ്ഥലമുണ്ട് വലിയ തിരക്കുമില്ല." എന്നു പറഞ്ഞ് വച്ചുനീട്ടിയ പണംപോലും വാങ്ങാന്‍ നില്‍ക്കാതെ അവന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ മറഞ്ഞു. യാത്രയിലുടനീളം ആ പയ്യന്‍ മനസില്‍നിന്ന് മാഞ്ഞില്ല. ആരാണവന്‍? ഒരു പിടിയുമില്ല. രാത്രിയായി. വണ്ടി മധുരയില്‍ എത്താറായിട്ടുണ്ട്. പെട്ടെന്ന് അന്തരീക്ഷം മാറി. ഇടിയും മിന്നലും കോരിച്ചൊരിയുന്ന മഴയും. എന്തൊക്കെയോ ശബ്ദങ്ങള്‍. ട്രെയിന്‍ ആടി ഉലഞ്ഞ് നിന്നു. മഴയുടെ പെരുംകുത്തൊഴുക്കില്‍ എവിടെനിന്നോ അലര്‍ച്ചകള്‍ അവ്യക്തമായി കേള്‍ക്കാം. എന്തോ അപകടമാണ്. സാധനങ്ങള്‍ ഒന്നുമെടുക്കാതെ പുറത്തെ പെരുമഴയിലേക്ക് ഇറങ്ങി. ട്രെയിനിന്റെ മുന്നിലത്തെ മൂന്നുബോഗികള്‍ പാലത്തിനടിയിലേക്ക് മറിഞ്ഞു തുടങ്ങിയത്രേ. രക്ഷാപ്രവര്‍ത്തനത്തിന്റെ നിമിഷങ്ങളായിരുന്നു പിന്നെ. താന്‍ ആദ്യം കയറി ഇരുന്ന ബോഗി പാലത്തില്‍നിന്ന് താഴേക്ക് ഞാന്നുകിടക്കുന്നത് കണ്ടപ്പോള്‍ ബാലകൃഷ്ണനൊന്നു കിടുങ്ങി. ആ അജ്ഞാത ബാലന്‍ തന്നെ മരണമുഖത്തുനിന്ന് രക്ഷിക്കുകയായിരുന്നല്ലോ!... " അത് ഗുരുദേവന്‍ തന്നെയായിരുന്നു സാര്‍... എനിക്കുറപ്പാ.." എന്നു പറയുമ്പോള്‍ ബാലകൃഷ്ണന്‍ കണ്ണീരണിയുന്നു. ഇതൊരു ഒറ്റപ്പെട്ട അനുഭവമായിരുന്നില്ലെന്ന് കേരളത്തിന്റെ വിവിധ ഇടങ്ങളില്‍നിന്ന് പലരും അയച്ചുതന്ന അനുഭവക്കുറിപ്പുകള്‍ വ്യക്തമാക്കി. തലമുറകളായി പല കുടുംബങ്ങളും വ്യക്തികളും ഗുരുവിനെക്കുറിച്ച് ഇത്തരം ഊതിക്കാച്ചിയ പൊന്നുപോലുളള അനുഭവങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. അങ്ങനെയാണ് അവയില്‍ ചിലത് തിരഞ്ഞെടുത്ത് ഡയറക്ടറിയില്‍ 'അനുഭവത്തിലെ ഗുരു' എന്ന ഒരു അദ്ധ്യായം ഉണ്ടാക്കിയത്.
ഗുരുവിനെക്കുറിച്ച് പഠിക്കുന്നു എഴുതുന്നു എന്നൊക്കെ അറിയുമ്പോള്‍ വഴിയാത്രയ്ക്കിടെ പലതവണ ഒരു ചോദ്യം അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്; "ഗുരുവിനെ ദൈവമായിക്കണ്ട് ആരാധിക്കുന്നത് ശരിയാണോ?" അപ്പോഴെല്ലാം ബാലകൃഷ്ണന്റെ ആ വികാരനിര്‍ഭരമായ അനുഭവവിവരണമാണ് മനസ്സിലെത്തുക. അദ്ദേഹത്തെപ്പോലെ ആയിരങ്ങള്‍ ഗുരുവിനെ ഈശ്വരസ്ഥാനത്തുകണ്ട് ആരാധിക്കുന്നു. അത് സത്യമായി അനുഭവിക്കുന്നു. ഗുരുവിനെ വെറും മനുഷ്യനായി കാണുന്നവരും നിരവധിയാണ്. ഗുരുവിനെ ദേവനായികണ്ട് ആരാധിക്കുന്നവര്‍ക്ക് സംശയമില്ല. സാമൂഹ്യ പരിഷ്കര്‍ത്താവ് എന്നുകണക്കാക്കുന്നവര്‍ക്കും സംശയമില്ല. ഇതിനിടയ്ക്കുളളവര്‍ക്കാണ് സംശയം. ഗുരുവിനെ എങ്ങനെ സമീപിക്കണം എന്നറിയാതെ അവര്‍ സംശയഗ്രസ്ഥരായി അലയുന്നു. സംശയാലുക്കള്‍ക്ക് വിശ്വാസികളും അവിശ്വാസികളും പറയുന്ന വാദങ്ങളില്‍ ഓരോന്നിലും കാര്യമുണ്ടെന്ന് തോന്നും. ഗുരുവിന്റെ ചിത്രത്തിനുമുന്നില്‍ നമിക്കേണ്ടിവന്നാല്‍ "ഇത് വേണോ വേണ്ടയോ?" എന്ന സംശയമാകും അവരുടെ മനസ്സുമുഴുവന്‍. ഗര്‍ഭപാത്രത്തിലുറയ്ക്കാത്ത ഭ്രൂണംപോലെയാണ് ഈ അസ്ഥിര ചിന്തകള്‍.
ഗുരുവിനെ ദൈവമായി കാണാമോ എന്നു ചോദിക്കുന്നവരോടുളള മറുചോദ്യം ദൈവത്തെ ഇപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് കാണുന്നത് എന്നാണ്. ആവശ്യങ്ങള്‍ സാധിച്ചുതരുന്ന ഒരു കേന്ദ്രമായിട്ടാണോ അതോ ജീവിതത്തില്‍ നല്ലതും ചീത്തയും വേര്‍തിരിച്ചറിയാന്‍ ഉള്‍വെളിച്ചം നല്‍കുന്ന ശക്തിയായിട്ടാണോ? ചിലര്‍ക്ക് ഇതു രണ്ടുമാണ് ദൈവം. അങ്ങനെയെങ്കില്‍ താന്‍ സ്വയം ആരായിട്ടാണ് അനുഭവപ്പെടുന്നതെന്ന് അടുത്ത ചോദ്യം. ഉത്തരം ഒരു സ്വയം വിശകലനത്തിലേക്ക് വഴികാട്ടും. മനുഷ്യന്റെ ഏന്തെല്ലാം ഗുണങ്ങള്‍ തന്നില്‍ ഇപ്പോഴുണ്ട്. എന്തൊക്കെ അഭാവമുണ്ട്. അവ പരിഹരിക്കാന്‍ സ്വയം കഴിയുമോ? അതോ ഒരു ബാഹ്യസഹായം വേണ്ടിവരുമോ? എന്നിങ്ങനെപോകും ആ വിശകലനം. സ്വയം അറിയാനും നേര്‍വഴി തിരഞ്ഞെടുക്കാനും ബാഹ്യസഹായം വേണ്ടിവരുമെന്നു തോന്നിത്തുടങ്ങിയാല്‍ ഗുരുവിനെക്കുറിച്ച് പഠിക്കാന്‍ സമയമായി എന്നര്‍ത്ഥം. സഗുണോപാസനയില്‍നിന്നു തുടങ്ങി പരബ്രഹ്മസ്വരൂപത്തെ സാക്ഷാത്കരിച്ചറിഞ്ഞ ഗുരുവിന്റെ ജീവിതത്തെക്കുറിച്ച് ആ പാദങ്ങള്‍ പിന്തുടര്‍ന്ന് പഠിക്കണം. കൃതികളുടെ അന്തര്‍ധാര തേടണം. അതിന്റെ ഒരു ഘട്ടത്തില്‍ അത്ഭുതാദരംകൊണ്ട് അന്വേഷകന് ഗുരുസ്വരൂപത്തോട് അദമ്യമായ ഭക്തി ഉണ്ടാകാം. മുന്നോട്ടുനടക്കാന്‍ അതു നല്ലതാണ്.
ഗുരു ഈശ്വരവിശ്വാസി അല്ലായിരുന്നു എന്നുകാട്ടാന്‍ യുക്തിവാദികള്‍ എടുത്തുകാട്ടാറുളള അദ്ദേഹത്തിന്റെ യുക്തിചിന്തയെന്നത് ബ്രഹ്മസ്വരൂപത്തെ അറിഞ്ഞശേഷം ദൈവത്തിന്റെ നാമരൂപ സങ്കല്പങ്ങളോടുളള നിസംഗതയില്‍നിന്നുണ്ടായതാണെന്ന് ഒരു ഘട്ടത്തില്‍ തിരിച്ചറിയാം. രണ്ടാമത്തേത് ഗുരുവിനെ വലംവയ്ക്കുന്ന അത്ഭുതങ്ങളുടെ രഹസ്യമാണ്. അതൊരു യാത്രയുടെ ഭാഗമായ മായക്കാഴ്ചയാണ്. സത്യത്തെ തേടുന്നയാത്രയില്‍ ഇത്തരം മായക്കാഴ്ചകണ്ട് അവിടെത്തന്നെ നില്‍ക്കരുതെന്ന് ദൈവചിന്തനത്തില്‍ ഗുരു തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്്. സ്വാനുഭവഗീതി, തേവാരപ്പതികങ്കള്‍ എന്നീകൃതികളില്‍ ഗുരുവിന്റെ ഈ സത്യതീര്‍ത്ഥാടനം നമുക്ക് അനുഭവിച്ചറിയാം. ആരെങ്കിലും പറഞ്ഞുകേട്ടതുകൊണ്ടുമാത്രം അറിയാന്‍ കഴിയുന്നതല്ല ഗുരു എന്ന സത്യം. ഗുരു ആരെന്ന സംശയം തോന്നിത്തുടങ്ങിയാല്‍ അത് തേടി അറിയുക എന്നതാണ് ഏക മാര്‍ഗം. വിശ്വസിക്കുന്നവരെ മാത്രം പരിപാലിക്കുന്ന ദൈവം ശ്രീനാരായണഗുരുവിന്റെ അന്വേഷണത്തില്‍ അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞിട്ടില്ല. അവിശ്വാസികളും വിശ്വാസികളും അന്വേഷകരും അലസരും ആലംബഹീനരും അടങ്ങുന്ന ഈ ലോകത്തെ തനിക്കുവേണ്ടിയല്ലാതെ സൃഷ്ടിക്കുകയും നിലനിറുത്തുകയും ലയിപ്പിക്കുകയും ചെയ്യുന്ന ഏക ശക്തിയാണ് ദൈവം എന്നാണ് ഗുരുകൃതികള്‍ വ്യക്തമാക്കുന്നത്. ഗുരുവിന്റെ ബോധമണ്ഡലത്തില്‍ പതിനായിരം ആദിത്യന്മാര്‍ ഒന്നിച്ചുയര്‍ന്നപോലെ വെളിവായ സത്യമാണത്. അതനുഭവിച്ചറിഞ്ഞ മഹത്സ്വരൂപനെ പിന്നെ ബ്രഹ്മസ്വരൂപത്തില്‍ നിന്ന് വേറിട്ട് കാണാന്‍ സത്യാന്വേഷികള്‍ക്ക് സാധിക്കില്ല. അപ്പോള്‍ ശരിക്കും ആരാണ് ഗുരു? സംശയം തീരുന്നില്ലെങ്കില്‍ യാത്ര തുടരുക തന്നെ.
പൂത്തുനില്‍ക്കുന്ന കണിക്കൊന്നയുടെ താഴെ വെണ്‍മയുടെ സുന്ദരചതുരംപോലെ നില്‍ക്കുന്ന അരുവിപ്പുറം ശിവക്ഷേത്രത്തിന്റെ നികടത്തില്‍ വിവിധപ്രായക്കാരായ അറുപതോളം വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ ഇരിക്കുമ്പോള്‍ ഓര്‍മ്മയില്‍ തെളിമയോടെ വീണുകിട്ടി ഒരു പഴയകാലത്തിന്റെ ഒളിമങ്ങാത്ത ചിത്രം... വിദ്യാര്‍ത്ഥികളില്‍ ഇന്നത്തെ അത്രയും അവകാശബോധമോ അദ്ധ്യാപകരില്‍ ഇത്രയും സ്വാര്‍ത്ഥതയോ ഉണ്ടാവാതിരുന്ന വിദ്യാതീര്‍ത്ഥത്തിന്റെ പവിത്രത നുകര്‍ന്നുനിന്ന ആ പഴയകാലം.
ഗര്‍ഭവതിയായ അമ്മ പൊക്കിള്‍ക്കൊടിയിലൂടെ തന്റെ ജീവരക്തത്തില്‍ അലിഞ്ഞ അമൃതാഹാരം കുഞ്ഞിലേക്ക് പകരുന്നതുപോലെ ഗുരുവും ശിഷ്യനും ഒരു പാരസ്പര്യത്തിന്റെ ചരടുമുറിക്കാതെ വിദ്യാദാനം നടത്തുന്ന പ്രക്രിയയെക്കുറിച്ച് നടരാജഗുരുവിന്റെ ആത്മകഥയിലെ ചില സന്ദര്‍ഭവിവരണങ്ങളാണ് ആ സുരഭിലകാലത്തിന്റെ തെളിമയുള്ള ചിത്രം മനസില്‍വരച്ചത്. "മുട്ടിപ്പുല്ലുകള്‍ക്കും കാട്ടുപൂച്ചെടികള്‍ക്കുമിടയ്ക്കൂടെ വയലിന്റെ വക്കിലൊഴുകിക്കൊണ്ടിരിക്കുന്ന നീരൊഴുക്കില്‍ ഗുരു കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വെയില്‍ നന്നായി ഉറച്ചിട്ടുണ്ട്. ആ യുവശിഷ്യന്‍ ഗുരുവിന്റെ വസ്ത്രങ്ങള്‍ അടിച്ചു നനച്ച് തൂവെള്ളയാക്കി വിരിച്ചു. പ്രാചീനഭാരതത്തിന്റെ ഒരംശം ആ വയല്‍വക്കില്‍ തങ്ങി നില്‍ക്കുന്നതായി തോന്നി." നടരാജഗുരു കേരളത്തിലെ ഒരു 'ഓണംകേറാമൂല'യില്‍ താന്‍ കണ്ട ഒരു ഗുരുകുലത്തെക്കുറിച്ചാണ് വിവരിച്ചിരിക്കുന്നത്. ഊട്ടിയിലെ ഫേണ്‍ഹില്ലില്‍ താന്‍ ഭാവിയില്‍ ഉണ്ടാക്കിയ മാതൃകാ ഗുരുകുലത്തിന് നാമ്പിട്ടത് ഈ ദൃശ്യമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ആരുടെയും സദാചാരബോധത്തെ കളങ്കപ്പെടുത്താത്ത ശൃംഗാരത്തിന്റെ ശുദ്ധഭാവം നിറഞ്ഞുനില്‍ക്കുന്ന കാളിദാസന്റെ ശാകുന്തളം പഠിപ്പിക്കുമ്പോള്‍ അവിവാഹിതരായ ശിഷ്യന്മാരില്‍ ഉണ്ടായേക്കാവുന്ന കൃത്രിമമായ ലജ്ജാഭിനയങ്ങളെ തുടച്ചുമാറ്റുന്ന അദ്ധ്യാപനകല ആ ഗുരുവില്‍ നിറഞ്ഞുനിന്നിരുന്നു എന്നും നടരാജഗുരു വീക്ഷിക്കുന്നു. ഇത്തരം ഒരു അദ്ധ്യാപനകലയിലൂടെ സ്വായത്തമാക്കുന്ന അറിവിന്റെ അനുഭൂതിരസം നുകരാന്‍ ഒരിക്കലും ഭാഗ്യം ലഭിച്ചിട്ടില്ലാത്ത മൂന്നാമത്തെയോ നാലാമത്തെയോ തലമുറക്കാരാണ് അരുവിപ്പുറത്ത് ഗുരുധര്‍മ്മ പ്രചാരണ സഭ സംഘടിപ്പിച്ച ഈ വെക്കേഷന്‍ ക്ളാസില്‍ ഇരിക്കുന്നത് എന്ന ബോധം ഉള്ളില്‍ ഒരു സഹതാപനുര സൃഷ്ടിച്ചു.
ഇവര്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കിട്ടാതെപോകുന്ന അദ്ധ്യാപനകലയെക്കുറിച്ച് ഒരുദാഹരണം പറയാം. വീണപൂവ് എന്ന കവിതാഭാഗം പാഠപുസ്തകത്തില്‍ ആദ്യവായനയില്‍ത്തന്നെ വിദ്യാര്‍ത്ഥിയോട് ഭാവാത്മകമായി സംസാരിച്ചു തുടങ്ങും. അവന് അതുവരെ പിടികൊടുക്കാത്ത വാഗര്‍ത്ഥങ്ങളിലൂടെ ഭാവനയുടെ രസമുകുളങ്ങളെ ഉണര്‍ത്തുന്ന ഒരു വിവരണം. കവിതയുടെ രസം നിറയുന്ന ആലാപനം. മനുഷ്യജന്മത്തിന്റെ നശ്വരതയെക്കുറിച്ച് അതു പകരുന്ന ബോധം. കവിതയുടെ അന്നത്തെ കാലികപ്രസക്തി വിവരണം. എന്നിങ്ങനെ എത്രയോ ധര്‍മ്മങ്ങള്‍ ഈ കവിത പഠിപ്പിക്കുന്ന അദ്ധ്യാപകനില്‍ നിക്ഷിപ്തമാണ്. എന്നാല്‍ സംഭവിക്കുന്നതെന്താണ്? ഒരു വായന, വാക്കുകളുടെ അര്‍ത്ഥം മാര്‍ക്ക് ചെയ്യല്‍, കാണാതെ പഠിക്കേണ്ട ഭാഗം പുസ്തകത്തില്‍ അടയാളപ്പെടുത്തല്‍, പിന്നെ പിറ്റേന്ന് ഒരു ചൂരല്‍വടിയുടെ അകമ്പടിയോടെ കാണാപ്പാഠം ചൊല്ലിക്കല്‍. അതോടെ കഴിഞ്ഞു വീണപൂവ് എന്ന കവിതാപഠനം. വിദ്യാദാനത്തില്‍ ഉപയോഗിക്കാതെപോയ ഭാവാത്മകത ആ ക്ളാസ്മുറിയുടെ മൂലയില്‍ ഉപേക്ഷിക്കപ്പെട്ടുകിടക്കും. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ സ്നിഗ്ധത നിലനിന്നിരുന്ന ഒരു കാലം നമ്മുടെ ഗുരുകുല വിദ്യാഭ്യാസത്തിന്റെ തൊട്ടടുത്ത് നില്‍പ്പുണ്ട്. അതിന്റെ രസഞരമ്പ് മുറിച്ച അദ്ധ്യാപനരീതികള്‍ കാണാം ഇക്കാലത്തെ ഇംഗ്ളീഷ് മീഡിയം സ്കൂളുകളില്‍.
ആലുവ അദ്വൈതാശ്രമത്തില്‍ ശ്രീനാരായണഗുരുദേവന്‍ സംസ്കൃതസ്കൂള്‍ തുടങ്ങിയപ്പോള്‍ ജാതി അയിത്തം നിലനിന്നിട്ടുപോലും സവര്‍ണരും അവര്‍ണരും കുട്ടികളെ ഒരുപോലെ വിശ്വസിച്ച് അയച്ചിരുന്നു. "അവിടെനിന്ന് ഒന്നും വാങ്ങിക്കഴിക്കാന്‍ നില്‍ക്കേണ്ട" എന്നൊരു ഉപദേശം സവര്‍ണ മാതാപിതാക്കള്‍ നല്‍കിയിരുന്നു എന്നു മാത്രം. അങ്ങനെ ജാതിയുടെ പേരില്‍ ഉണ്ണാവ്രതം അനുഷ്ഠിക്കുന്ന കുട്ടികള്‍ക്ക് അവരുടെ വിശ്വാസഭംഗം വരുത്താതെ സവര്‍ണരുടെ കടയില്‍നിന്ന് ആഹാരം വാങ്ങി നല്‍കിയിട്ടുണ്ട് ഗുരുദേവന്‍. ഗുരുവിന്റെ ആ വിശാല ഹൃദയം കണ്ടുവളര്‍ന്ന ആ സവര്‍ണക്കുട്ടികള്‍ പിന്നീടൊരിക്കലും മറ്റൊരാളെ ജാതി അയിത്തത്തിന്റെ പേരില്‍ അന്യനായി കണ്ടിരുന്നില്ല. ചൂരലും ഇമ്പോസിഷനും മൊട്ടയടിക്കലും ഒന്നുമില്ലാതെ സ്നേഹബന്ധത്തിന്റെ ചരടില്‍കോര്‍ക്കുന്ന പരസ്പരവിശ്വാസത്തിന്റെ ഗുരുശിഷ്യബന്ധം. അതിനി എവിടെ കിട്ടും?
ഗുരുദേവന്‍ എന്ന ഗുരു സമൂഹത്തിന് നല്‍കിയ കരുത്തരായ സിംഹക്കുട്ടികളുടെ ഒരു വലിയ നിരതന്നെയുണ്ട് ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍. അവര്‍ പടുത്തുയര്‍ത്തിയതാണ് ഈ കേരളത്തിന്റെ സമസ്തമേഖലകളും. കുമാരനാശാനെന്നോ ടി.കെ. മാധവനെന്നോ ഡോ. പല്പുവെന്നോ നടരാജഗുരുവെന്നോ പറയാതെ കേരളനവോത്ഥാനത്തെക്കുറിച്ച് ഒരാള്‍ക്കും ഒന്നും പറയാന്‍ കഴിയാത്തവിധം കരുത്തുള്ള ഒരു ശിഷ്യാവലിയെയാണ് ഗുരു സൃഷ്ടിച്ചത്.
വിദ്യാഭ്യാസരംഗത്തുനിന്ന് മാഞ്ഞുപോയ മൂല്യങ്ങളെ നട്ടുവളര്‍ത്തുന്ന മാതൃകാ വിദ്യാഭ്യാസം ഇന്നത്തെ കാലത്തിന് അന്യമാണ്. ഒരു തൊഴില്‍ എന്നതിലുപരി അദ്ധ്യാപനത്തെ സ്വധര്‍മ്മമായി കാണുന്ന ഒരുപറ്റം അദ്ധ്യാപകര്‍. മനുഷ്യന്‍ എന്ന പദത്തിന്റെ അര്‍ത്ഥപൌര്‍ണമി ഉള്ളിലുദിക്കാനായി ജീവിതപാഠങ്ങള്‍ നുകരാനെത്തുന്ന വിദ്യാര്‍ത്ഥി സമൂഹം. അവര്‍ ഏതു തൊഴിലില്‍ പ്രാഗത്ഭ്യം നേടിയാലും മനുഷ്യന്‍ എന്ന അടിസ്ഥാനഗുണം കൈവിടാതെ ജീവിക്കണം. അതിന് വരുംതലമുറയെ പ്രാപ്തരാക്കുന്ന ഒരു വിദ്യാലയം ഗുരുവിന്റെ നാമത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ശാരദാപ്രതിഷ്ഠാ ശതാബ്ദിയില്‍ ഗുരുവിനെ ധ്യാനിച്ച് ശാരദാദേവിയെ ഉപാസിച്ച് അങ്ങനെയൊരു വിദ്യാലയത്തിന്റെ രൂപീകരണത്തിന് നമുക്ക് തുടക്കമിട്ടാലോ? നൂറ് ശതാബ്ദി സമ്മേളനങ്ങളേക്കാളും ലക്ഷം മന്ത്രജപങ്ങളേക്കാളുമേറെ ഗുരുദേവനെയും ശാരദാദേവിയെയും ഒരുമിച്ചു പ്രസാദിപ്പിക്കുന്ന ഒരു നിവേദ്യപൂജയായിരിക്കും അത്.
വെക്കേഷന്‍ ക്ളാസിനെത്തിയ കുട്ടികളുമായി ഗുരുദര്‍ശനത്തെക്കുറിച്ച് ഹ്രസ്വസംവാദത്തിനുശേഷം തിളയ്ക്കുന്ന ഉച്ചവെയില്‍താണ്ടി അരുവിപ്പുറത്തുനിന്ന് മടങ്ങുമ്പോള്‍ നെയ്യാറിനെ തലോടിയെത്തിയ ഇളംകാറ്റും പറയുന്നു. "അതേ വേണം, ശാരദാദേവിക്ക് ഇങ്ങനെയൊരു വിദ്യാനിവേദ്യമൂട്ട്.
ടെമ്പോവാനിന്റെ മുന്‍ഭാഗത്തേക്ക് നീട്ടിയ തടിക്കഷ്ണങ്ങളിലെ ചൂണ്ടക്കൊളുത്തുകളില്‍ കൊരുത്ത് കമിഴ്ന്ന് കിടക്കുകയായിരുന്നു ആ മനുഷ്യര്‍. തോളിനുതാഴെയും കാല്‍മുട്ടുകള്‍ക്കടുത്തുമായി ദേഹത്ത് നാല് ഇരുമ്പുകൊളുത്തുകള്‍ തുളച്ചുകയറിയിരിക്കുന്നു. ആ കാഴ്ചയിലേക്ക് ഒന്നേ നോക്കാനായുള്ളൂ. കണ്ണുകളെ ആയിരം കാതം അകലേക്ക് വലിച്ചുകൊണ്ട് ഓടിമറയാനാണ് തോന്നിയത്. ഇത്തരമൊരു ദൃശ്യംകണ്ട് ഭക്തി മൂത്ത് "ആണ്ടവാ..." എന്നോ "അമ്മേ ...മഹാമായേ" എന്നോ കരഞ്ഞുപ്രാര്‍ത്ഥിക്കാന്‍ മനസ്സില്ലാതെ പോയവനെ നിരീശ്വരവാദിയെന്നോ മറ്റോ വിളിക്കുമെങ്കില്‍ അതേറ്റുവാങ്ങാന്‍ മനസ്സുകൊണ്ട് തയ്യാറെടുത്തശേഷമാണ് ഈ കുറിപ്പെഴുതുന്നത്.
ദേശീയപാതവഴി തലസ്ഥാനത്തേക്കുള്ള ഒരു മടക്കയാത്രയിലാണ് ഈ ഭക്തിപ്രയാണത്തിനിടയില്‍പ്പെട്ടുപോയത്. വില്ലിന്‍തൂക്കക്കാര്‍ക്ക് താഴെ ചെണ്ടമേളത്തോടൊപ്പം കാല്‍കുഴഞ്ഞ് തുള്ളുന്ന 'മദ്യപസംഘം'. (ഇതും ഭക്തി മാര്‍ഗമാണ്?) അവര്‍ക്കിടയില്‍ ശരീരമാകെ ശൂലം തറച്ച് കാവടിയേന്തുന്ന മഞ്ഞവസ്ത്രധാരികള്‍. കൊട്ടും പാട്ടുമായി ആ സംഘം റോഡിലൂടെ നീങ്ങുകയാണ്. വാഹനം ഗട്ടറില്‍ പതിച്ചാല്‍ ചൂണ്ടക്കൊളുത്തില്‍ കിടക്കുന്നവര്‍ക്ക് എത്രത്തോളം വേദനിക്കും എന്ന് ചിന്തിച്ചപ്പോള്‍ ഉള്ളൊന്നു കോരിപ്പെരുത്തു. അരുത്... ആ ദൃശ്യങ്ങള്‍ ഇനിയും ഓര്‍ക്കരുതേ... എന്ന് സ്വന്തം മനസ്സിനോട് തന്നെ കേണു. ആത്മപീഡനത്തിന്റെ ഇത്തരം ഭക്തിശാസ്ത്രത്തെ ഭക്തിയുടെ ഒരു തലമായി വ്യാഖ്യാനിക്കുന്നുണ്ട് ചിലര്‍. മറ്റൊരുവന്റെ കഷ്ടതകള്‍ തീരാന്‍ സ്വന്തം ശരീരം നോവില്‍നീറ്റിയെടുത്ത് തൂങ്ങിക്കിടക്കുന്ന വില്ലിന്‍തൂക്കക്കാരനിത് സ്വന്തം പാരമ്പര്യം നിലനിറുത്താനുള്ള വ്രതമാണത്രേ. അതില്‍നിന്ന് പിന്തിരിയാന്‍ ഏതെങ്കിലും ഒരു തലമുറക്കാരന്‍ തയ്യാറായാല്‍ പിന്നെ ഉണ്ടാകുന്ന വിധിദോഷങ്ങള്‍ മുഴുവന്‍ അവന്റെ 'ഭക്തിനിഷേധ'ത്തിന്റെ അക്കൌണ്ടിലിടും ബന്ധുക്കളും വിശ്വാസി സമൂഹവും. അതിനാല്‍ ഒരോ തലമുറയും ഈ ദുരാചാരവൃത്തിയില്‍ സ്വയം കൊരുക്കപ്പെടുന്നു.
ഒരിക്കല്‍ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിലെത്തിയപ്പോള്‍ സമാനമായ ഒരു അനുഭവമുണ്ടായി. ഗോപുരത്തിനുള്ളിലേക്ക് കടന്നതും തോര്‍ത്തുടുത്ത ഒരു ബാലന്‍ ദയനീയമുഖത്തോടെ മുന്നില്‍നില്‍ക്കുന്നു. "സാറിന്റെ എന്തുദോഷം തീര്‍ക്കാനാണെങ്കിലും ഞാന്‍ ഉരുളാം... എന്തെങ്കിലും തന്നാല്‍ മതി..."
എന്റെ ദോഷം തീര്‍ക്കാന്‍ നീ ഉരുണ്ടാല്‍ എങ്ങനെ?
"ഇവിടെ ഇത് പതിവാണ്..." എന്നായി ബാലന്‍. അവന് ഒരു നേരത്തെ ആഹാരം വാങ്ങാന്‍ കണക്കാക്കി പണംകൊടുത്തു. "ഇത് നിന്റെ ഉരുള്‍ നേര്‍ച്ചയില്‍നിന്ന് എന്നെ ഒഴിവാക്കാനുള്ള ദക്ഷിണയാണ്" എന്നു പറഞ്ഞു. കുറച്ചു നേരം അന്തം വിട്ട് നിന്നിട്ട് അവന്‍ അടുത്ത 'ഭക്തന്റെ' പിറകേ ഓടി. ഒരു വലിയ കുടുംബത്തിന് അന്നംതേടുകയാണവന്‍ എന്ന് പിന്നീടറിഞ്ഞു. അതു കേട്ടപ്പോള്‍ ശരിക്കും കേണുപോയി, " ആണ്ടവാ...നീയിത് കണ്ടിട്ട് അനങ്ങാതിരിക്കുന്നല്ലോ?"
നമ്മുടെ ആഗ്രഹ സാഫല്യത്തിനായി മറ്റുള്ളവരെ കുരുതികൊടുക്കുന്ന രീതി പണ്ടേ ഉള്ളതാണ്. മൃഗങ്ങള്‍ക്കും അയിത്തക്കാരായ മനുഷ്യര്‍ക്കുമൊക്കെ നമ്മുടെ മുന്‍തലമുറയുടെ മോക്ഷത്തിനായി ജീവന്‍ വെടിയേണ്ടിവന്നിട്ടുണ്ട്. വില്ലിന്‍ തൂക്കക്കാരനും ശൂലക്കാവടിക്കാരനും ഉരുള്‍ച്ചക്കാരനുമൊക്കെ ആര്‍ക്കൊക്കെയോ വേണ്ടി സ്വന്തം ശരീരത്തെ പീഡിപ്പിക്കുന്നതിനെയും ഭക്തി എന്നു വിളിക്കാമോ എന്നുറക്കെ ചോദിക്കണമെന്നുണ്ട്. പക്ഷേ ഗുരുദേവശിഷ്യനായ കോട്ടായി കുമാരന് പണ്ട് കൊടുങ്ങല്ലൂരില്‍വച്ചുകിട്ടിയ അടിയുടെ ബാക്കി ഇപ്പോഴും ഇവിടത്തെ 'ഭക്തസമൂഹം' സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന് അറിയാമെന്നതിനാല്‍ മിണ്ടുന്നില്ല. കൊടുങ്ങല്ലൂര്‍ ഭരണിക്ക് കോഴിവെട്ട് കുരുതിക്കായി കോഴികളുമായെത്തിയ ഭക്തരെ ജന്തുഹിംസപാപമാണെന്ന് പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു സഹോദരന്‍ അയ്യപ്പനും കോട്ടായി കുമാരനും. സഹോദരനെ അമ്പലക്കാരുടെ ആക്രമണത്തില്‍നിന്ന് രക്ഷിച്ചത് സോഡാവില്പനയ്ക്കെത്തിയ ഒരു മുസല്‍മാനായിരുന്നു. കുമാരനെ രക്ഷിക്കാന്‍ കഴിയുംമുമ്പേ അടി തലയ്ക്ക് കിട്ടിക്കഴിഞ്ഞു. അന്ന് കോട്ടായി കുമാരന്‍ അടികൊണ്ട് ചോരയൊലിപ്പിച്ച് ചെന്നത് ഗുരുദേവന്റെ സന്നിധിയിലേക്കായിരുന്നു. " ഓഹോ... കുമാരനും അടി കിട്ടിയോ... എങ്കില്‍ കുറച്ച് മെയ്യഭ്യാസമൊക്കെ പഠിച്ചുവയ്ക്കണം. ആരെയും ഉപദ്രവിക്കാനല്ല. ഇത്തരം അവസരങ്ങളില്‍ സ്വന്തം തടി സംരക്ഷിക്കാന്‍ ഉപകരിക്കും." എന്നായിരുന്നു ഗുരുദേവന്‍ പറഞ്ഞത്. മിശ്രഭോജനവുമായി നടന്ന് ജാതിഭ്രാന്തന്‍മാരുടെ ചാണകപ്രയോഗം ഏറ്റുവാങ്ങിയ സഹോദരന്‍ അയ്യപ്പനോട് "യേശുവിനെപ്പോലെ ക്ഷമിക്കണം" എന്നുപദേശിച്ച ഗുരുദേവന്‍ കോട്ടായി കുമാരനോട് മെയ്യഭ്യാസം പഠിക്കാന്‍ പറഞ്ഞത് അന്ന് അധികം ആര്‍ക്കും മനസ്സിലായില്ല. കുമാരന്‍ അത് വേണ്ടിടത്ത് പ്രയോഗിക്കും. അയ്യപ്പന്‍ ആവേശക്കാരനാണല്ലോ അപ്പോള്‍ വേണ്ടാത്തിടത്തും പ്രയോഗിച്ചേക്കാം എന്ന് ഗുരുദേവന്‍ കരുതിക്കാണും.
കൊടുങ്ങല്ലൂരില്‍ കുരുതിക്ക് കൊണ്ടുവന്ന കോഴികളെ പിന്നീട് ഗുരുദേവന്‍ തന്നെ നേരിട്ടുവന്ന് ഭക്തരില്‍നിന്ന് വാങ്ങി പറത്തിവിടുകയുണ്ടായി. അന്നാരും പക്ഷേ, കുറുവടിയുമായി വന്നില്ല. അന്നത്തെ അപേക്ഷിച്ച് ഇന്ന് കൂടുതല്‍ രൂക്ഷമാണ് കാര്യങ്ങള്‍. പരിഷ്കൃതസമൂഹമാണെന്നും ഹൈടെക് മനുഷ്യരാണെന്നുമൊക്കെ അഭിമാനിക്കുന്ന നമ്മള്‍ക്ക് എന്തുകൊണ്ടാണ് വര്‍ഷം മുഴുവന്‍ പൂജിക്കുന്ന ദേവിയെ ഒരു ദിവസം ചെന്നുനിന്ന് അസഭ്യം വിളിക്കാന്‍ തോന്നുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. സ്വന്തം ആരാധനാമൂര്‍ത്തിയെ ഭക്തരെക്കൊണ്ടുതന്നെ ചീത്തവിളിപ്പിക്കുക എന്ന ആചാരത്തിനുപിന്നില്‍ ബൌദ്ധധര്‍മ്മത്തിനുമേലുണ്ടായ ആര്യന്‍ അധിനിവേശത്തിന്റെ ഇനിയും തീരാത്ത പകവീട്ടലിന്റെ തുടര്‍ച്ചയുണ്ട്. ഈ വിശ്വാസക്കറകളൊക്കെ മുന്നോട്ടുകൊണ്ടുപോകാന്‍ ഇന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ പിന്‍ബലമുണ്ട്. അവനവന്റെ ഉള്ളിലുള്ള ഈശ്വരനെ കണ്ടെത്താനാണ് ഉപാസനയും സാധനയും ചെയ്യേണ്ടതെന്ന് ഗുരുദേവന്‍ പറഞ്ഞു. എന്നാല്‍ ഇന്ന് രാഷ്ട്രീയവും മതവും സ്വാര്‍ത്ഥലാഭവും ഒക്കെ കൂട്ടിക്കുഴച്ചുള്ള ഒരു വില്ലിന്‍തൂക്കമായി മാറിക്കഴിഞ്ഞു ഭക്തിയും വിശ്വാസവുമെല്ലാം.