Sunday, 18 March 2012

തിളച്ചുതൂവാതെ കലം ഇറക്കിവയ്ക്കാം

"കുടിപ്പളളിക്കൂടത്തിലേക്ക് നാട്ടുവഴിയിലൂടെ നടന്നുപോകുമ്പോഴാണ് ഒരു പുലയക്കുടിലില്‍ അടുപ്പത്തുവച്ചിരുന്ന അരിതിളച്ചു തൂവുന്നത് നാണു കണ്ടത്. നമ്പൂതിരിക്കും നായര്‍ക്കും ഈഴവരോട് തീണ്ടല്‍ ഉണ്ടായിരുന്നതുപോലെ ഈഴവര്‍ക്ക് പുലയരോടും തീണ്ടല്‍ ഉണ്ടായിരുന്ന കാലമാണത്. ഇതൊന്നും കാര്യമാക്കാതെ നാണു പുലയക്കുടിയില്‍ കയറി തിളച്ചുതൂവുന്ന അരിക്കലം ഇറക്കിവച്ചു. ഇതറിഞ്ഞ കാരണവര്‍ നാണുവിനെ ശാസിക്കാനായി വിളിച്ചു. "ഞാന്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ അവര്‍ പട്ടിണിയാകുമായിരുന്നു." എന്നു നിര്‍ഭയനായി നാണു പ്രതികരിച്ചു." ഗുരുദേവന്റെ കുട്ടിക്കാലത്തെക്കുറിച്ച് ജീവചരിത്രങ്ങളില്‍ വിവരിക്കപ്പെട്ട സന്ദര്‍ഭമാണിത്.

നാണുവിന് ബാല്യം മുതല്‍ക്കേ തീണ്ടലും തൊടീലും ഒന്നും ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കാനാണ് ജീവചരിത്രകാരന്മാര്‍ ഈ സന്ദര്‍ഭവിവരണം നടത്തുന്നത്. എന്നാല്‍ ശ്രീനാരായണഗുരുവിനെപ്പോലെ കാലാതിവര്‍ത്തിയായ ഒരു മഹായോഗിയുടെ പ്രവൃത്തി എന്ന നിലയ്ക്ക് പരിശോധിക്കുമ്പോള്‍ ഇതങ്ങനെ നിസാരമായി വ്യാഖ്യാനിക്കാന്‍ സാധിക്കുന്ന ഒന്നല്ല. അദ്ധ്വാനിക്കുന്നവരോടും അവഗണിക്കപ്പെടുന്നവരോടും കുട്ടിക്കാലം മുതല്‍ക്കേ ഗുരുവിന് അനുകമ്പയുണ്ടായിരുന്നു. സാമൂഹ്യവ്യവസ്ഥിതിയുടെ ദൂഷിതാവസ്ഥകള്‍ നീക്കി അവരെക്കൂടി പൊതുധാരയില്‍ എത്തിക്കാനും ജാതിക്കതീതരാക്കാനും ഗുരുദേവന്‍ നടത്തിയ ആദ്യശ്രമം എന്ന നിലയില്‍ ഈ സംഭവത്തെ കാണണം.

തിളച്ചു തൂവുന്ന കലം എന്നത് ഒരു ബിംബമായി കണ്ടാല്‍ അടിച്ചമര്‍ത്തപ്പെടുന്നവന്റെ ഉളളിലെ വിപ്ളവചിന്തകളുടെ തിളയ്ക്കല്‍ കൂടിയാണത്. പക്വവും സമയോചിതവുമായ നേതൃത്വ ഇടപെല്‍ ഇല്ലെങ്കില്‍ ആ ചിന്തകള്‍ തിളച്ചുതൂവുക തന്നെ ചെയ്യും. അതിന്റെ ഫലം സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കല്‍, ആള്‍ നാശം എന്നിവയാണ്. രക്തരൂക്ഷിത സമരങ്ങളിലൂടെ പാവപ്പെട്ട ജനതയെ അരാജകത്വത്തിലേക്ക് വലിച്ചിഴയ്ക്കാനും അതുവഴി ചിലര്‍ക്ക് സ്വാര്‍ത്ഥതയുടെ സാമ്രാജ്യങ്ങള്‍ ഉണ്ടാക്കാനും കഴിയും. അതിനിടവരുത്താതെ തിളച്ചുതൂവും മുമ്പ് വിവേകബുദ്ധിയോടെ വികാരം ഇറക്കിവച്ച് പാകപ്പെടുത്തിയാല്‍ സ്വയം തിരിച്ചറിയാനും ആത്മവിശ്വാസത്തോടെ വളരാനും ഊര്‍ജം ലഭിക്കും. ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗത്തിലൂടെ മാതൃക കാട്ടിയശേഷം അതേ രീതിയില്‍ ഉയര്‍ന്നുവരാന്‍ ഗുരു അന്നത്തെ പിന്നാക്കവിഭാഗ നേതാക്കളെ പ്രേരിപ്പിച്ചു. ഗുരുഭക്തരായിരുന്ന അയ്യന്‍കാളിയും പണ്ഡിറ്റ് കെ. പി. കറുപ്പനും കൃഷ്ണാതി ആശാനും അടക്കമുളള വിദ്യാസമ്പന്നരായ നേതാക്കള്‍ സ്വസമുദായത്തെ വെളിച്ചത്തിലേക്ക് വഴിനടത്തിയത് ഗുരുമാര്‍ഗം മാതൃകയാക്കിക്കൊണ്ടായിരുന്നു.

അന്ന് കുട്ടിയായിരുന്നപ്പോള്‍ കാട്ടിയ അതേ യുക്തിബോധംകൊണ്ട് ദളിതരില്‍ ഉണര്‍ന്ന വിപ്ളവവീര്യം തിളച്ചുതൂവാതെ കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനരംഗത്തേക്ക് ഇറക്കിവയ്ക്കാനും ആ വികാരാവേശത്തില്‍നിന്ന് സമൂഹവളര്‍ച്ചയ്ക്കുളള അന്നവും ഊര്‍ജവും ഉണ്ടാക്കാനും ഗുരുവിന്റെ ഇടപെടലുകളാണ് സഹായിച്ചത്. തളളക്കോഴിയില്‍ നിന്ന് സൂത്രംപറഞ്ഞ് കുഞ്ഞുങ്ങളെ ദൂരേക്ക് അകറ്റിക്കൊണ്ടുപോയി ശാപ്പിടുന്ന ചിത്രകഥകളിലെ കുറുക്കന്റെ വംശക്കാര്‍ ദളിത്പ്രേമവും പറഞ്ഞ് കുറേക്കാലമായി ഇവിടെ ചുറ്റിക്കറങ്ങുന്നത് കാണുന്നുണ്ട്. ദളിതന്‍ എന്നും ദളിതനായി കളളിനും നിരക്ഷരതയ്ക്കും അടിപ്പെട്ടു കിടന്നാലേ അവര്‍ക്ക് സ്വന്തം അജണ്ട നടപ്പാക്കാന്‍ കഴിയൂ. അവര്‍ക്കുമുന്നില്‍ ഇന്നും വലിയ പ്രതിസന്ധി തീര്‍ക്കുന്നത് ഗുരുദര്‍ശനമാണ്. ഒരുവന്‍ മനസുകൊണ്ട് സ്വയം ദളിതനാണെന്ന് കരുതാത്തിടത്തോളം കാലം ആര്‍ക്കും ആരെയും ദളിതനായി കാണാന്‍ കഴിയില്ലെന്ന ഗുരുവിന്റെ സിദ്ധാന്തമാണ് ഈ അഭിനവ ദളിത്പ്രേമികളുടെ ശത്രു. അതിനാല്‍ ഗുരുവിനെ അകറ്റിനിറുത്തിക്കൊണ്ട് ദളിത്മോചനത്തിന്റെ മറ്റൊരു ചരിത്രം സൃഷ്ടിക്കാനാണ് അവരുടെ ശ്രമം. സഹോദരന്‍ അയ്യപ്പന്റെ പന്തിഭോജനപ്രസ്ഥാനത്തോട് ഗുരുവിനും കുമാരനാശാനും എതിര്‍പ്പായിരുന്നു എന്ന് അടുത്തകാലത്ത് ഒരു ദളിത്പ്രേമി എഴുതിയ ലേഖനങ്ങളില്‍ പരാമര്‍ശിച്ചുകണ്ടു. കേരളത്തിലെ പുതിയ തലമുറ ചരിത്രം പഠിക്കാന്‍ കാട്ടുന്ന അലസതയെ മുതലെടുക്കാനുളള ശ്രമമാണിത്. കൊടിയവിഷമുളള ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുളളിയിരുന്നകാലത്ത് ചാത്തന്‍പുലയനെ സാവിത്രി അന്തര്‍ജ്ജനത്തിന്റെ നായകനാക്കി കവിതയെഴുതാന്‍ നട്ടെല്ലുറപ്പുകാട്ടിയ ആശാനെയാണ് ദളിത് വിരുദ്ധനായി ചിത്രീകരിക്കുന്നത്. "നെല്ലിന്‍ ചുവട്ടില്‍ മുളയ്ക്കും കാട്ടുപുല്ലല്ല സാധുപുലയന്‍" എന്ന് ഇവിടുത്തെ തമ്പ്രാക്കളുടെ മുഖത്തുനോക്കി പാടിയ കുമാരമഹാകവി സഹോദരന്‍ അയ്യപ്പന്‍ പുലയരോടൊപ്പം ഭക്ഷണം കഴിച്ചത് എതിര്‍ത്തുപോലും. ഗുരുവിന്റെ ആവശ്യപ്രകാരമാണ് താന്‍ മിശ്രഭോജന പ്രസ്ഥാനം തുടങ്ങിയതെന്ന് പി. കെ. ബാലകൃഷ്ണന്റെ 'നാരായണഗുരു' എന്ന സമാഹാരഗ്രന്ഥത്തില്‍ സഹോദരന്‍തന്നെ പറയുന്നുണ്ട്. ഇതൊക്കെ ഒരുവശത്ത് നടക്കുമ്പോള്‍ മറുഭാഗത്ത് അരുവിപ്പുറം പ്രതിഷ്ഠയെത്തുടര്‍ന്ന് ഗുരു ഈഴവശിവനെ പ്രതിഷ്ഠിച്ചു എന്നു പറഞ്ഞുവോ ഇല്ലയോ എന്ന് തര്‍ക്കിക്കാനാണ് നമ്മുടെ ബുദ്ധിജീവികള്‍ക്ക് താല്പര്യം. ഒരിക്കലും അവസാനിക്കാത്ത തര്‍ക്കം. പാലാഴികടയുമ്പോള്‍ അമൃതകുംഭം ഉയര്‍ന്നുവരുമെന്നതുപോലെ കാളകൂടവും ഉയര്‍ന്നുവരും. 'ഈഴവശിവന്‍ തര്‍ക്കമഥന' ത്തിനിടയില്‍നിന്ന് ഉയര്‍ന്നുവന്ന കാളകൂടമാണ് ഗുരുദേവനെ ഒരു സമുദായ പക്ഷപാതിയായും അതു വഴി ദളിത് വിരുദ്ധനായും വ്യാഖ്യാനിക്കാനുളള ശ്രമങ്ങള്‍.

വൃത്തിയുളള സാഹചര്യത്തില്‍ ജീവിക്കാനും വിദ്യ അഭ്യസിച്ച് വളരാനും ഗുരു പഠിപ്പിച്ചത് എല്ലാവിഭാഗം മനുഷ്യരെയുമാണ്. മനുഷ്യത്വമാണ് നമ്മള്‍ നേടേണ്ട പരമപദം എന്ന് ഗുരു പറയുമ്പോള്‍ അവിടെ ജാതി, മത, രാഷ്ട്രീയ ഭേദമില്ല. നന്നാകണം എന്നാഗ്രഹിക്കുന്ന ഏതു ജനതയ്ക്കും പിന്തുടരാന്‍ ഗുരുദര്‍ശനമാണ് മികച്ച മാതൃക. ഗുരുദേവന്‍ വിശുദ്ധിയുടെ വെളള വസ്ത്രം ഉടുപ്പിച്ച് പൊതുധാരയിലിറക്കിയവരുടെ പിന്‍തലമുറയെ കറുപ്പണിയിച്ച് നിഴല്‍യുദ്ധത്തിന് തയ്യാറാക്കി വിടുന്നവരുടെ മനസ്സിലിരിപ്പ് എന്താണെന്ന് ചിന്തിക്കുന്നവര്‍ക്ക് പിടികിട്ടും. അരാജകത്വത്തിന്റെ പുതിയ സമവാക്യങ്ങള്‍ അവതരിപ്പിക്കുന്നവരും പറയുന്നത് അറിവ് വിസ്ഫോടനമുണ്ടാക്കുമെന്നാണ്. അവര്‍ ബോംബുണ്ടാക്കുന്ന അറിവാണ് വിളമ്പുന്നത്. ആ വഴിക്ക് ഇറങ്ങിപ്പുറപ്പെടുന്നവര്‍ അതിനു മുമ്പ് ഗുരുചരിതം വായിക്കണമെന്നാണ് അപേക്ഷ. ആ വിശ്വദര്‍ശനം തുളുമ്പിനില്‍ക്കുന്ന കൃതികള്‍ പഠിക്കാന്‍ ശ്രമിക്കുക. മനസ്സിലെ വിദ്വേഷംതിളയ്ക്കുന്ന കലം ഗുരുദേവന്‍ തന്നെ വന്ന് സമയോചിതമായി ഇറക്കി വച്ചുകൊളളും.

3 comments:

 1. ഗുരുദേവനെ കുറിച്ചുള്ള അതീവ മനോഹരമായ ഒരു പഠനം...

  ലേഖകനു ആശംസകള്‍...

  ReplyDelete
 2. നമുക്കുചുറ്റും പതിയിരിക്കുന്ന ചതിക്കുഴികളെ വളരെ മനോഹരമായി പ്രതിപാതിക്കുന്ന ബ്ലോഗിനു് എന്റെ അഭിനന്ദനങ്ങൾ. (.....കിടന്നാലെ അവർക്ക്‌ സ്വന്തം അജണ്ട നടപ്പാക്കാൻ കഴിയൂ.....)യുവ തലമുറ ഇത്‌ മനസ്സിലാക്കി പ്രവർത്തിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നൂ. എല്ലാ വിഭാഗം മനുഷ്യരെയും ഒന്നുപോലേകണ്ട്‌ ജീവിക്കുവാൻ അനുവധിക്കാത്തത്താണു് ഇന്ന് കേരളത്തിന്റെ ശാപം.

  ReplyDelete
 3. നല്ല ലേഖനം ! പതിവ് പോലെ മിതവും മനോഹരമായ ഭാഷയും എന്നാല്‍ ശക്തമായ ആശയ സംവേദനവും .! തീര്‍ച്ചയായും ഏറെ പ്രസക്തമായ വിഷയം ആണിത് . ചരിത്രത്തെ വികല്പ്പെടുതിയും തെറ്റിദ്ധരിപ്പിച്ചും ഊഹാപോഹങ്ങളും പുകമറകളും ശ്രുഷ്ടിക്കേണ്ടത് ആരുടെ ആവശ്യമാണോ എന്നറിയില്ല .പക്ഷെ അത്തരക്കാരുടെ ഉദ്ദേശം സദുദ്ദേശം അല്ല എന്ന് തന്നെ പറയേണ്ടി വരും .. ച്നദ്രബിംബതിലും കളങ്കം മാത്രം കാണാന്‍ ശ്രമിക്കുന്നവര്‍ , പൌരമിയില്‍ ഇരുട്ടിനെ തേടി അലയുന്നവര്‍ ആയിരിക്കാം ! അവരെ പരിഗണിക്കേണ്ടതില്ല ! കാരണം കാലത്തിനോടൊപ്പം നടക്കുമ്പോള്‍ എല്ലാവരും തളര്‍ന്നു പോയേക്കാം സത്യം ഒഴിച്ച് ..അത് കൊണ്ട് എല്ലാവരും പോയ്‌ മറഞ്ഞാലും സത്യം വഴികാട്ടിയായി അന്നത്തെ തലമുറയുടെ കൂടെ തന്നെ ഉണ്ടാകും. ! നന്ദി !

  ReplyDelete