ഇമവെട്ടാത്ത ദീപനാളങ്ങള്‍ തെളിഞ്ഞുനിന്ന നിലവിളക്കിനുമുന്നില്‍ ഇമകളടച്ച് ഭാഗീരഥിയമ്മ അന്ത്യയാത്രയ്ക്ക് ഒരുങ്ങിക്കിടന്നു. ചുവന്നകരയുളള സെറ്റുമുണ്ടാണ് അപ്പോഴും അവര്‍ ധരിച്ചിരുന്നത്. അതിന്റെ ഇഴകള്‍ കാലപ്പഴക്കംകൊണ്ട് പിഞ്ചിയിരിക്കുന്നു. അറ്റുപോകാത്ത ബന്ധങ്ങളുടെ ഇഴയടുപ്പംകൊണ്ട് ഭാഗീരഥിയമ്മ മറ്റെന്തിനേക്കാളും പ്രാധാന്യം ആ തുണിക്കഷ്ണത്തിന് നല്‍കിയിരുന്നു. വൃദ്ധസദനത്തിന്റെ പടിക്കെട്ടുകളിലേക്ക് ജീവിതത്തിന്റെ അവസാനകാണ്ഡം അനുഭവിക്കാന്‍ പ്രവേശിക്കുമ്പോള്‍ മകന്‍ പ്രഭാകരന്‍ അവസാനമായി നല്‍കിയതാണ് ചുവന്നകരയുളള ആ സെറ്റുമുണ്ട്. അതവര്‍ പിന്നെ ദേഹത്തുനിന്ന് മാറ്റിയിട്ടില്ല. വൃദ്ധസദനം നടത്തിപ്പുകാരും അന്തേവാസികളായ മറ്റുളളവരും പലതവണ നിര്‍ബന്ധിച്ചിട്ടും ആ സെറ്റുമുണ്ട് മാത്രം അവര്‍ നനച്ചുണക്കി ഉടുത്തുകൊണ്ടിരുന്നു.
ഒരു ഓണക്കാലത്താണ് ഭാഗീരഥി അമ്മയെകണ്ടത്.വൃദ്ധസദനത്തിലെ ഓണം എന്ന ഒരു ഫീച്ചര്‍ എഴുതുകയായിരുന്നു ദൌത്യം. ഓരോ ഓണത്തിനും മക്കളാരെങ്കിലും വന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമെന്ന് കരുതിയിരുന്ന് നിരാശരാകുന്ന ഒരു പാട് അമ്മമാരും അച്ഛന്‍മാരും അവിടെ ഉണ്ടായിരുന്നു. അവരുടെ സങ്കടങ്ങള്‍ കടലാസില്‍ പകര്‍ത്തിക്കഴിഞ്ഞപ്പോള്‍ മനസും ശൂന്യമായി. എന്നാല്‍ ഓര്‍മ്മയുടെ നിഴലനക്കം മാത്രം അവശേഷിക്കുമ്പോഴും "സിസ്റ്ററേ ഗേറ്റിലേക്ക് ഒന്നു നോക്കിക്കേ അവന്‍ വന്നോ" എന്നുമാത്രം ഇടയ്ക്കിടെ ഉരുവിട്ടുകൊണ്ടിരുന്ന ഭാഗീരഥിയമ്മ മാത്രം മനസില്‍നിന്നിറങ്ങിപ്പോകാതിരിക്കാന്‍ വാശിപിടിച്ചു. "ജോലിത്തിരക്ക് ഒഴിയാഞ്ഞിട്ടാണ്. അല്ലേല്‍ പ്രഭാകരന്‍ വരാതിരിക്കുമോ? എനിക്കറിഞ്ഞുകൂടേ അവനെ.. പാവത്താന്‍.." എന്നുമാത്രമേ മകനെക്കുറിച്ച് ചോദിച്ചാല്‍ അവര്‍ പറയൂ. പിന്നെ ഇടയ്ക്കിടെ ആ വൃദ്ധസദനത്തിലേക്ക് വിളിച്ച് "ഭാഗീരഥിയമ്മയുടെ മകന്‍ വന്നോ?" എന്ന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഉത്തരം മുന്‍കൂട്ടി അറിഞ്ഞുകൊണ്ടുളള ചോദ്യം. കഴിഞ്ഞ രാത്രി വൃദ്ധസദനംകാര്‍ ഇങ്ങോട്ടാണ് വിളിച്ചത്. വിവരം അറിഞ്ഞപ്പോള്‍ ആദ്യംചോദിച്ചത് "സിഡ്നിയില്‍ നിന്ന് അവരുടെ മകന്‍ എത്തുമോ" എന്നായിരുന്നു. പ്രഭാകരന് ജോലിത്തിരക്കാണ്. മരണാനന്തരചടങ്ങുകള്‍ നടത്താന്‍ നാട്ടില്‍ ഏര്‍പ്പാടുചെയ്തതായും ചിതാഭസ്മം അടുത്ത വെക്കേഷന് നിളയില്‍ ഒഴുക്കേണ്ടതിനാല്‍ സൂക്ഷിച്ചുവയ്ക്കണമെന്നും പ്രഭാകരന്‍ അറിയിച്ചിട്ടുണ്ടെന്ന് സദനം മാനേജര്‍ പറഞ്ഞു. നാട്ടില്‍ അടുക്കളപ്പണിക്കാരിയായി ജീവിച്ച ഭാഗീരഥി അമ്മയ്ക്ക് സ്വപ്നം കാണാന്‍പോലും കഴിയാത്ത അത്ര പ്രൌഢിയോടെ അടുത്ത വെക്കേഷന് എത്തുമ്പോള്‍ പ്രഭാകരന്‍ അവരുടെ ശ്രാദ്ധം നടത്തിയേക്കാം. നിളയുടെ ഇനിയും വറ്റാത്ത നീര്‍ച്ചാലുകളില്‍ ഒരിറ്റ് എളളും പൂവും വീണാല്‍ ഭാഗീരഥി അമ്മയ്ക്ക് ശാന്തി കിട്ടുമോ? ജീവിച്ചിരിക്കുമ്പോള്‍ കിട്ടാത്ത ശാന്തി മരണശേഷം എങ്ങനെ ലഭിക്കും? ഇത്തരം ചോദ്യങ്ങള്‍ ഉളളുനീറ്റുമ്പോള്‍ ഏറ്റവും അടുത്തുളള ഗുരുസങ്കേതങ്ങളില്‍ ഒന്നില്‍ അഭയം പ്രാപിക്കുകയാണ് പതിവ്. കുന്നുംപാറയിലെ കടലിന് അഭിമുഖമായി നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ക്ക് മുകളിലേക്കാണ്് ഇത്തവണ എത്തിയത്. മനസിലെ ശോകം പ്രതിഫലിച്ചിട്ടെന്നപോലെ ദൂരെ കടല്‍ ശോണിത വര്‍ണ്ണംപൂണ്ടു കിടന്നു. പാറക്കൂട്ടത്തിനുതാഴെ ഗുരു പ്രതിഷ്ഠിച്ച സുബ്രഹ്മണ്യക്ഷേത്രത്തില്‍ ദീപാരാധനയ്ക്ക് മണിമുഴങ്ങുന്നു. കടലില്‍ വീണലിയാന്‍ വെമ്പുന്ന കര്‍മ്മസാക്ഷിയോട് ചോദിച്ചു, എന്താണ് ഈ ജീവിതം? എന്താണ് കര്‍മ്മബന്ധങ്ങളുടെ അടിസ്ഥാനം?
ക്ഷേത്രമണിനാദത്തില്‍ ശ്രുതിചേര്‍ത്ത് ശ്രീനാരായണധര്‍മ്മത്തിലെ ആ ശ്ളോകധാര മനസിലേക്ക് മെല്ലെ ഒഴുകിവരികയാണ്.
"ബ്രാഹ്മഃ പിത്യ്രസ്തഥാ ദൈവസ്തതോ ഭൌതികമാനുഷൌ
ഏതേ പഞ്ചമഹായജ്ഞാഃ പ്രോച്യന്തേ നയകോവിദൈ
ഭൂതയജ്ഞസ്തിരശ്ചാം യദാഹാരാദിസമര്‍പ്പണം
മാനുഷ്യോതിഥിവര്‍ണ്ണാര്‍ത്തഭൃത്യാനാമാപി പൂജനം"
സൂര്യന്‍ പ്രകാശിക്കുകയും ജീവജാലങ്ങള്‍ക്ക് ഊര്‍ജം പകരുകയും ചെയ്യുന്നത് യജ്ഞമാണ്. മനുഷ്യജീവിതവും യജ്ഞമായിക്കണ്ട് അനുഷ്ഠിക്കണം. ബ്രഹ്മയജ്ഞം, പിതൃയജ്ഞം, ദേവയജ്ഞം, ഭൂതയജ്ഞം, അതിഥിയജ്ഞം എന്നിവയാണ് മനുഷ്യന്‍ അനുഷ്ഠിക്കേണ്ട പഞ്ചമഹായജ്ഞങ്ങള്‍. വിദ്യനേടുകയും മറ്റൊരാള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുകയെന്നതാണ് ബ്രഹ്മയജ്ഞം. ദേവന്മാര്‍ക്കായി ദേവയജ്ഞവും പക്ഷിമൃഗാദികള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഭൂതയജ്ഞവുമാണ്. അതിഥിയജ്ഞം ആലംബഹീനര്‍ക്ക് ആഹാരം നല്‍കുക എന്നതാണ്. പിതൃയജ്ഞം എന്നത് പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടുകയെന്നാണ് പൊതുവേ വിശദീകരിക്കുന്നത്. എന്നാല്‍ ഗുരുദേവന്‍ പറയുന്നത് ജീവിച്ചിരിക്കുന്ന മാതാപിതാക്കള്‍ക്ക് അന്നവും വസ്ത്രവും ഔഷധവും മനസ്സുഖവും നല്‍കി സന്തോഷിപ്പിക്കുകയാണ് പിതൃയജ്ഞം എന്നാണ്. ഒരു ജന്മത്തിന്റെ കടംവീട്ടലാണത്. ജീവന്‍ നിലനിര്‍ത്താന്‍ കാരണഭൂതരായ സൂര്യന്‍, വായു, ജലം, മണ്ണ് എന്നിവയോട് നന്ദി ഉണ്ടായിരിക്കുന്നതുപോലെ തന്നെ ജന്മം നല്‍കിയവരോടും നന്ദി ഉണ്ടാകണം. മരിച്ചതിനുശേഷം കുറേ കണ്ണീരൊഴുക്കിയിട്ടോ വൈദികന്‍ പറയുന്നപോലെ "എളെളട് , തണ്ണികൊട്" എന്ന് അനുസരിച്ച് ചെയ്തിട്ടോ കാര്യമില്ല. മനുഷ്യശരീരം സ്വീകരിച്ചവര്‍ക്ക് ആ ശരീരത്തിലിരിക്കുമ്പോള്‍ കൊടുക്കാന്‍ കഴിയുന്നതിനപ്പുറത്തേക്ക് മറ്റൊന്നും പകരമാവില്ല. അങ്ങനെയെങ്കില്‍ ഭാഗീരഥിയമ്മയുടെ ചിതാഭസ്മവുമായി പ്രഭാകരന്‍ നടത്താനുദ്ദേശിക്കുന്ന ആര്‍ഭാടശ്രാദ്ധമൂട്ടിന് എന്തു പ്രസക്തി? ഇതൊക്കെ ചിന്തിക്കാനും അറിയാനും കൂടുവിട്ടുപറക്കുന്ന പ്രഭാകരന്മാര്‍ക്ക് എവിടെ സാവകാശം? അവര്‍ ഓടട്ടെ.. ഓടിത്തളരട്ടെ... അവര്‍ക്കുളള വൃദ്ധസദനങ്ങള്‍ എവിടെയോ കാത്തിരിക്കുന്നുണ്ട്. ഇതൊക്കെ അവിടെയെത്തുമ്പോള്‍ സ്വയം ബോധ്യമായിക്കൊളളുമെന്ന് നേര്‍ത്ത ഇരുട്ടില്‍ ആരോ മന്ത്രിക്കുന്നു?
കുന്നുംപാറ സുബ്രഹ്മണ്യന്റെ ശ്രീകോവിലില്‍ നിന്ന് എരിയുന്ന കര്‍പ്പൂരഗന്ധം നാസാരന്ധ്രങ്ങളില്‍ തട്ടിയപ്പോഴാണ് ചിന്താപടലങ്ങളില്‍ നിന്ന് മുക്തനായത്. അന്തിച്ചുവപ്പ് ഇനിയും മായാത്ത ആകാശത്തിനു താഴെ അനുഭൂതിയുടെ നിഗൂഢരഹസ്യങ്ങളുമായി 'ഗുരുസാഗരം' അനന്തമായി ആഴ്ന്ന് പരന്നു കിടന്നു.
കഥയുറ്റെ പേര് ആകര്‍ഷണീയം, കരുതിയത് നിളയുടെ ഇന്നത്തെ അവസ്ഥയെപ്പറ്റിയുള്ള ലേഖനമായിരിക്കുമെന്ന്!
ReplyDeleteകഥ, വായിച്ചതില്‍ പക്ഷെ നഷ്ടമില്ല. പഴകിയ വിഷയമാണ്, എന്നാലും ജീവിതം വായിക്കുമ്പൊള്‍ വല്ലാതാവുന്നു..
ഇതിലും ഹൃദയ സംവേദിയായി എഴുതാനില്ല. അത്രയ്ക്ക് ശക്തമാണ് എഴുത്ത് ..വായിക്കന്നവനില്‍ ഉള്ളത്തില്‍ തീര്‍ച്ചയായും മാറ്റമുണ്ടാകും എന്നുറപ്പ് . ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് കൈമാറേണ്ട ഈ സ്നേഹമാന്ത്രങ്ങല്‍ക്കായി കാത്തിരിക്കുന്നു. തുടര്‍ന്നും ഏറെ പ്രതീക്ഷിക്കുന്നു ആശംസകള്‍..!
ReplyDeleteഇല്ല വിഷയം പഴയതല്ല ഏറ്റവും പുതിയതാണ് ...ഈ നിമിഷം പോലും സമൂഹത്തെ ബാധിക്കുന്നത് ..! ഏറെ സാമൂഹ്യ പ്രസക്തം .. മാനവീയതയുടെ അടിസ്ഥാനം പരസ്പര സ്നേഹവും തിരിച്ചറിവും അല്ലാതെ മറ്റെണ്ട്താണ് ..നിളക്ക് എള്ളും പൂവും അല്ലല്ലോ വേണ്ടത് , പൂ പോലെ പൂത്തു നില്‍ക്കുന്ന മനസ്സുകള്‍ നിറയുന്ന പൂങ്കാവനങ്ങള്‍ അല്ലെ ചുറ്റും നിളക്ക് വേണ്ടത് . മനോഹരമായ തലക്കെട്ടും ..അവതരണവും ..! നന്ദി !
ഒന്ന് കൂടി :കമന്റിനു വേര്‍ഡ് വെരിഫിക്കേഷന്‍ ദയവായി ഒഴിവാക്കിയാലും .
പ്രഭാകരന്മാര്‍ ഓടട്ടെ...ഓടിത്തളരട്ടെ... അവര്‍ക്കുളള വൃദ്ധസദനങ്ങള്‍ എവിടെയോ കാത്തിരിക്കുന്നുണ്ട്.
ReplyDelete