Sunday, 24 June 2012

രണ്ട് മാധവന്മാരും ഒരു ഹരിദാസിയും


വാര്‍ത്താമാധ്യമങ്ങള്‍ക്ക് ഇന്നത്തെ അത്രയും പ്രചാരമില്ലാത്ത കാലമാണത്. പത്രങ്ങള്‍ വായിച്ചറിയാന്‍ സാധ്യതയുളളവര്‍ അത്ര വലിയ സംഖ്യവരില്ല. അതിനാല്‍ തിരുനാള്‍ ദിനത്തില്‍ ആഘോഷപൂര്‍വം ഒത്തുകൂടുന്നവരോട് ഗുരുദേവന്‍ അക്കൊല്ലം പ്രാധാന്യംകൊടുക്കേണ്ട വിഷയം എന്തെന്ന് പറയും. ഗുരുഭക്തരും എസ്. എന്‍. ഡി പിയോഗം പ്രവര്‍ത്തകരും നാടുമുഴുവന്‍ മീറ്റിംഗുകള്‍ സംഘടിപ്പിച്ചും കുടുംബയോഗങ്ങള്‍ വിളിച്ചും സ്വാമിതൃപ്പാദങ്ങളുടെ മൊഴികള്‍ ഭക്ത്യാദരപൂര്‍വം ജനസമക്ഷം അവതരിപ്പിക്കും. അങ്ങനെയായിരുന്നു പതിവ്. കേരളത്തില്‍ വിദ്യാഭ്യാസവളര്‍ച്ചയ്ക്ക് തുടക്കമിട്ടതും ജാതിവേര്‍തിരിവില്ലാത്ത ആരാധനാസമ്പ്രദായം കൊണ്ടുവന്നതും ജനങ്ങളില്‍ ശുചിത്വബോധം ഉണര്‍ത്തിയതും ഇത്തരം തിരുനാള്‍ സന്ദേശങ്ങളിലൂടെയായിരുന്നു.

1921 ലെ ശ്രീനാരായണ ജയന്തിദിനത്തില്‍ ഗുരുദേവന്റെ സന്ദേശമൊഴികള്‍ ഇങ്ങനെയായിരുന്നു:
" മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്." സ്വാഭാവികമായും ഇന്നും ഭൂരിഭാഗം പേരും വിമുഖതകാട്ടുന്ന ഗുരുസന്ദേശമാണ് മദ്യവര്‍ജനം. അതിനാല്‍ അക്കൊല്ലം ഗുരുസന്ദേശം നെഞ്ചിലേറ്റി ഭക്തര്‍ പ്രചാരണത്തിനിറങ്ങിയില്ല എന്നുവേണമെങ്കില്‍ ഇന്നത്തെ തലമുറയ്ക്ക് വിചാരിക്കാം. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. തിരുവിതാംകൂറില്‍ ആ ദിവ്യസന്ദേശം വളരെവേഗം അലയടിച്ചുയര്‍ന്നു. ടി. കെ. മാധവന്റെ നേതൃത്വത്തില്‍ എസ്. എന്‍.ഡി. പിയോഗം മദ്യവര്‍ജ്ജനപ്രസ്ഥാനവുമായി മുന്നോട്ടുവന്നു. ത്യാഗസുരഭിലമായ പോരാട്ടത്തിന്റെ മൂന്നുവര്‍ഷങ്ങള്‍ക്കാണ് പിന്നീട് നാട് സാക്ഷ്യം വഹിച്ചത്. കേരളത്തിന്റെ ചരിത്രമെഴുതിയവര്‍ തമസ്കരിച്ച ഒരു ധര്‍മ്മസമരമായിരുന്നു അത്. രാജ്യത്ത് ആദ്യമായാണ് അങ്ങനെയൊരു മദ്യവര്‍ജ്ജനപ്രക്ഷോഭം അരങ്ങേറിയത്.

മദ്യത്തിന്റെ ദൂഷ്യങ്ങളും ഗുരുസന്ദേശത്തിന്റെ പ്രസക്തിയും വിവരിച്ച് മീറ്റിംഗുകളും യോഗങ്ങളും നടന്നു. മിക്ക യോഗങ്ങളിലും ടി. കെ. മാധവന്‍ നേരിട്ട് പങ്കെടുത്തിരുന്നു. സര്‍ക്കാരിനെക്കൊണ്ട് ഘട്ടംഘട്ടമായി മദ്യം നിരോധിപ്പിക്കുന്ന ഒരു സ്കീം അന്ന് മാധവനും കുമാരനാശാനും ചേര്‍ന്ന് തയ്യാറാക്കി ദിവാന്‍ സമക്ഷം അവതരിപ്പിച്ചു. ശ്രീനാരായണഗുരുദേവന്റെ ആഹ്വാനം ഉളളതിനാല്‍ രാജഭരണത്തിന് ആ ആവശ്യം നിഷേധിക്കാന്‍ കഴിഞ്ഞില്ല. വളരെ കുറഞ്ഞ സമയംകൊണ്ട് തിരുവിതാംകൂറിലെ ആറ് താലൂക്കുകളില്‍ മദ്യവര്‍ജനം പൂര്‍ണ്ണമായും നടപ്പാക്കാന്‍ സാധിച്ചു. അന്ന് ടി. കെ. മാധവന് ഒരു ഓമനപ്പേര് വീണു-തിരുവിതാംകൂറിന്റെ പുസിഫട്ട്.

മദ്യ ഷാപ്പുകള്‍ കൂടിവരുന്നത് നിയന്ത്രിക്കാന്‍ അന്ന് യോഗത്തിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് കമ്മറ്റികള്‍ രൂപീകരിക്കുകയുണ്ടായി. കളളുചെത്തുവ്യവസായത്തില്‍നിന്നും മദ്യനിര്‍മ്മാണത്തൊഴിലുകളില്‍നിന്നും ആള്‍ക്കാര്‍ പിന്‍വലിഞ്ഞു തുടങ്ങി. ഷാപ്പുകള്‍ ലേലത്തില്‍ പിടിക്കാന്‍ ആളില്ലാതെയായി. ഈഴവര്‍ മാത്രമായിരുന്നില്ല ഈ സ്വാമിസന്ദേശം നടപ്പാക്കാന്‍ ഇറങ്ങിയത്. ഇതരസമുദായങ്ങളും സഹകരിച്ചു. അന്ന്് പ്രജാസഭയില്‍ മദ്യവര്‍ജനപ്രമേയ നിശ്ചയം അവതരിപ്പിച്ചത് എം. ആര്‍. മാധവവാര്യര്‍ ആയിരുന്നു. എസ്. എന്‍. ഡി. പിയോഗമാണ് അദ്ദേഹത്തെ അതിന് ചുമതലപ്പെടുത്തിയത്. എന്നാല്‍ കാര്യങ്ങള്‍ മുന്നോട്ടുപോയതോടെ സര്‍ക്കാര്‍ കാലുമാറാന്‍ തുടങ്ങി. അതിനുളള കാരണം രണ്ടായിരുന്നു. ഒന്നാമത്തേത് സര്‍ക്കാരിന്റെ എക്സൈസ് നികുതി വരവ് കുറഞ്ഞതോടെ ഖജനാവില്‍ വിളളല്‍ വീണു. ഈഴവര്‍ കളളുചെത്തും മദ്യവ്യവസായവും നിറുത്തിയാല്‍ അത് ആ സമുദായത്തിന്റെ സാംസ്കാരിക വളര്‍ച്ചയെ പിടിച്ചാല്‍കിട്ടാത്തവിധം ഉയര്‍ത്തിവിടുമെന്നും അത് തടയണമെന്നുമുളള ചില മാടമ്പിപ്രഭുക്കന്മാരുടെ ഉപദേശമായിരുന്നു സര്‍ക്കാരിനെ പിന്തിരിപ്പിച്ച രണ്ടാമത്തെ കാരണം. അതോടെ യോഗത്തിന്റെ സമരങ്ങള്‍ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ തുടങ്ങി. നിരവധിപേര്‍ക്കെതിരെ കളളക്കേസുകളെടുത്തു. പലരെയും ജയിലില്‍ അടച്ചു.

കാര്‍ത്തിപ്പളളി താലൂക്കിലാണ് മദ്യവര്‍ജ്ജനത്തിന് ഊര്‍ജിതപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. അതിനാല്‍ സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ കൂടുതല്‍ ഏറ്റുവാങ്ങിയതും അവര്‍ തന്നെയായിരുന്നു. മധുവര്‍ജ്ജന സമിതി സെക്രട്ടറിയും മുന്‍സിഫ് കോര്‍ട്ട് വക്കീലുമായിരുന്ന എം. മാധവനെ ക്രിമിനല്‍വകുപ്പനുസരിച്ച് അറസ്റ്റുചെയ്ത് ഒരു രാത്രി ജയിലില്‍ ഇട്ടു. പിറ്റേന്ന് തൊണ്ടനനയ്ക്കാന്‍പോലും വെളളം നല്‍കാതെ കൈവിലങ്ങുവച്ച് ഹരിപ്പാട്ടുനിന്ന് അമ്പലപ്പുഴവരെ ചുട്ടുപൊളളുന്ന മണലില്‍ക്കൂടി നടത്തിച്ചു. പതിനഞ്ചു മൈല്‍ദൂരമാണ് അന്ന് മാധവന്‍ നടന്നത്. കാല്‍രണ്ടും പൊളളി. എന്നിട്ടും മാധവന്‍ സമരത്തില്‍നിന്ന് പിന്‍വാങ്ങിയില്ല. ഏതു മണലില്‍ പൊളളിയപാദങ്ങളും ഒരു സ്പര്‍ശംകൊണ്ടോ വാക്കുകൊണ്ടോ സുഖപ്പെടുത്തുന്ന ഗുരുസ്വാമിയായിരുന്നു അവരുടെ രക്ഷകന്‍. സര്‍ക്കാരിനെ പരസ്യമായി നിഷേധിച്ചുകൊണ്ട് മദ്യവര്‍ജ്ജന വിജിലന്‍സ് കമ്മറ്റികള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ രൂപീകരിക്കപ്പെട്ടു.

'ഹരിദാസി' എന്ന മദ്യവിരുദ്ധസന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഉത്തരേന്ത്യന്‍ കഥ അന്ന് ടി. കെ. മാധവന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. കുടംബയോഗങ്ങളില്‍ വിദ്യാഭ്യാസമുളള യുവാക്കള്‍ മുതിര്‍ന്നവര്‍ക്ക് കഥവായിച്ചുകൊടുത്തു. മൂന്നുവര്‍ഷത്തിനുശേഷം 1924ല്‍ നടന്ന ജയന്തി ആഘോഷവേളയില്‍ മാധവന്‍ 'ഹരിദാസി' എന്ന പുസ്തകം തൃപ്പാദങ്ങള്‍ക്ക് സമര്‍പ്പിച്ചു. തന്റെ മൊഴികള്‍ ഹൃദയത്തിലേറ്റി ആ ശിഷ്യന്‍ നടത്തിയ തേരോട്ടങ്ങളില്‍ ഗുരു തൃപ്തനായിരുന്നു. ഭോഗസുഖങ്ങള്‍ക്കുപിന്നാലേ പരക്കം പായുന്ന ഈ സമൂഹം തന്റെ ദിവ്യസന്ദേശത്തെ പിന്നീട് തിരസ്കരിക്കുമെന്ന് ഗുരുദേവന് ബോധ്യമുണ്ടായിരുന്നു. ദുരിതക്കടലില്‍ നിന്ന് കരയേറ്റാന്‍ തോണി ഇറക്കിക്കൊടുത്താലും കയറിവരില്ലെന്ന് തീരുമാനിച്ചവരെ പിന്നെ എന്തുചെയ്യാന്‍? മദ്യവര്‍ജനസന്ദേശം ഏറ്റെടുത്ത ജനങ്ങളെ ഗുരു അന്ന് അഭിനന്ദിച്ചു. വിലകൂടിയ ഒരു പട്ട് വാങ്ങിപ്പിച്ചു അദ്ദേഹം. അത്തവണത്തെ തിരുനാള്‍ദിന സമ്മേളനത്തില്‍ ടി. കെ. മാധവനെ ആ വീരാളിപ്പട്ടുപുതപ്പിച്ച് തൃപ്പാദങ്ങള്‍ അനുഗ്രഹിച്ചു. ഗുരുവിനും ശിഷ്യനും ഒരുപോലെ കണ്ണുതുളുമ്പിയ മുഹൂര്‍ത്തമായിരുന്നു അത്.

വര്‍ഷങ്ങള്‍ പിന്നിടുന്നു. അന്നത്തെക്കാള്‍ ഗംഭീരമാണ് ഇന്നത്തെ ഗുരുദേവ ജയന്തി ആഘോഷങ്ങള്‍. ഇന്ന് ജയന്തി ദിവസം രാവിലെ പത്രമെടുത്താല്‍ ജനം മറ്റൊരു സന്ദേശം വായിക്കുന്നു. ഓണത്തിന് മലയാളി കുടിച്ചുതീര്‍ത്ത മദ്യത്തിന്റെ കണക്ക്. അന്ന് എം. മാധവന്റെ കാല്പൊളളിയത് മദ്യം നിരോധിക്കാന്‍ സമരം നടത്തിയതിന്. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റിലേക്ക് വെയിലത്ത് ക്യൂ നിന്നാണ് ഇന്ന് മലയാളിയുടെ കാലുപൊളളുന്നത്

Sunday, 10 June 2012

ഗുരുവിന്റെ രാഷ്ട്രീയ ദര്‍ശനം

തരിശായിക്കിടക്കുന്ന ഭൂവിഭാഗത്തിലൂടെ കടന്നുപോകുന്ന ഒരു റെയില്‍പ്പാത. ആ തരിശുഭൂമിയുടെ നടുവില്‍ നില്‍ക്കുന്ന ഒരു ചെറുവൃക്ഷത്തെ നിലനിറുത്താനായി പാത അവിടെയെത്തുമ്പോള്‍ ഒന്നുവളഞ്ഞു നിവരുന്നു. ഫേസ്ബുക്കില്‍ കണ്ടതാണ് ഈ ചിത്രം. ആരുടെയോ ഭാവനയാണത്. നടക്കാത്ത സ്വപ്നത്തെ ഇഷ്ടംകൊണ്ട് താലോലിക്കുന്ന സുഖമുണ്ടായിരുന്നു ആ ചിത്രത്തിന്. സാങ്കേതിക വികസനങ്ങള്‍ക്ക് ഇങ്ങനെയൊരു മനസ്സുണ്ടാവുന്നത് നല്ലതാണെന്ന് അതുകണ്ടപ്പോള്‍ തോന്നി.

സര്‍ക്കാരുകളും സാങ്കേതികവിദഗ്ധരും പഞ്ചപുച്ഛമടക്കി നില്‍ക്കുമ്പോള്‍ മള്‍ട്ടിനാഷണല്‍ കണ്‍സള്‍ട്ടന്റുകള്‍ മെനയുന്ന ഡിസൈനുകളിലാണ് നമ്മുടെ സാങ്കേതിക വളര്‍ച്ച. പണത്തിന്റെയും ഭൌതികസൌകര്യങ്ങളുടെയും കാര്യങ്ങളില്‍മാത്രമായിരിക്കും ഇവര്‍ക്ക് ശ്രദ്ധ. അവിടെ ഭൂമിയും വെള്ളവും മണ്ണുമൊന്നും പ്രശ്നമേയല്ല. പാശ്ചാത്യരാജ്യങ്ങളില്‍ മരങ്ങളെ സംരക്ഷിച്ചുകൊണ്ടും അവയെ ഭാഗഭാക്കാക്കിക്കൊണ്ടും കെട്ടിടങ്ങളും വീടുകളും ഉണ്ടാക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ഒരു റോഡുണ്ടാക്കാന്‍ പത്തുമരമെങ്കിലും മുറിക്കണം. കെട്ടിടമുണ്ടാക്കാനും ഇതുതന്നെയാണ് നടപ്പുരീതി.
മറ്റുള്ളവരുടെ ഇഷ്ടങ്ങളോ സൌകര്യങ്ങളോ നോക്കാതെ സ്വന്തം ഇഷ്ടം നടപ്പാക്കിക്കൊണ്ട് ജീവിക്കുന്ന യുവതലമുറയാണ് നമ്മുടേത്. സ്വന്തം 'ഫീലിംഗുകളാണ്' പ്രധാനം. അതിനുവേണ്ടി മറ്റുള്ളവരെല്ലാം നിന്നുകൊടുക്കണം. അല്ലെങ്കില്‍ അവന്‍ വിനാശകാരിയായി മാറും. ചിലപ്പോള്‍ സ്വയം നശിപ്പിക്കും. അല്ലെങ്കില്‍ അവന്റെ ഇംഗിതത്തിനു തടസം നില്‍ക്കുന്നയാളെ നശിപ്പിക്കും. ഭക്ഷണത്തിലും വസ്ത്രത്തിലും സ്വത്തിലും എന്നപോലെ പ്രണയത്തില്‍പോലും ഇതേ സ്വാര്‍ത്ഥതയുണ്ട്. പ്രണയം അല്ല, ഒരാള്‍ക്ക് മറ്റൊരാളോട് താത്പര്യമാണ് ഉണ്ടാകുന്നത്. അത് നശിക്കുന്ന നിമിഷം അടുത്തയാള്‍ അത്രതന്നെ. ഒരു പയ്യന്‍ അടുത്തുവന്ന് ഇഷ്ടമാണെന്നു പറയുമ്പോള്‍ അത് നിഷേധിച്ചാല്‍ പെണ്‍കുട്ടിക്ക് കത്തികൊണ്ടാകും മറുപടി. കാമുകനെ ഒഴിവാക്കാന്‍ ക്വട്ടേഷന്‍ കൊടുക്കുന്ന പെണ്‍കുട്ടികളും ഉണ്ട്. ഇതേ തലമുറയാണ് നാടിന്റെ വികസനസ്വപ്നങ്ങള്‍ ചുമക്കുന്നത്. അവര്‍ സഹജീവികളായ മറ്റു മനുഷ്യരെ പരിഗണിക്കാത്തവരാണെന്നിരിക്കെ എങ്ങനെ പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും പരിഗണിക്കും? ഈ ഭൂമി എല്ലാവര്‍ക്കുംവേണ്ടിയുള്ളതാണെന്ന് എങ്ങനെ ബോധ്യപ്പെടും?

പരിസ്ഥിതി പ്രശ്നങ്ങളുടെ പേരില്‍ ഒരു വികസനപദ്ധതി വേണ്ടെന്നു വച്ചപ്പോള്‍ അത് ഡിസൈന്‍ ചെയ്ത യുവസുഹൃത്തിന്റെ പ്രതികരണം ഭയാനകമായിരുന്നു. അവന്‍ സ്വന്തം കാറിന്റെ സീറ്റ് കുത്തിക്കീറി. ലാപ്ടോപ്പ് തല്ലിയുടച്ചു. മദ്യപിച്ച് പരസ്യമായി ലോകത്തെമുഴുവന്‍ ചീത്തവിളിച്ചു. അയാളെ സംബന്ധിച്ച് കോടികള്‍ കിട്ടിയേക്കാവുന്ന ഒരു പദ്ധതിയാണ് നഷ്ടപ്പെട്ടത്. ആ നഷ്ടം മാത്രമാണ് മനസില്‍. അതുമൂലം നശിക്കുന്ന ഭൂഗര്‍ഭജലമോ വീടുനഷ്ടപ്പെടുന്ന പാവങ്ങളോ മനസിന്റെ ഏഴയലത്തുവരില്ല. എന്താണ് കാരണം? അന്വേഷണം അങ്ങ് ഗോത്രകാലത്തിനപ്പുറത്തേക്ക് നീളണം വ്യക്തമായ ഉത്തരംകിട്ടാന്‍.

ആദിമ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ സാമ്പത്തിക അസമത്വം ഉണ്ടായതാണ് മനുഷ്യരില്‍ സ്വാര്‍ത്ഥതയും വേര്‍ തിരിവും ഉണ്ടാക്കിയതെന്ന് ചരിത്രം പറയുന്നു. സ്വത്തുണ്ടാക്കുന്നവര്‍, സ്വത്തുനഷ്ടപ്പെട്ടവര്‍, ഉള്ളവന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നവര്‍, സ്വന്തം വയറ്റിപ്പിഴപ്പിനായി ഇവര്‍ക്ക് വിടുപണിചെയ്യുന്നവര്‍ എന്നിങ്ങനെയാണ് മനുഷ്യര്‍ക്കിടയില്‍ ഉണ്ടായ ആദ്യത്തെ നാല് വിഭാഗങ്ങള്‍. ജാതി അസമത്വം പിന്നാലെ വന്നതാണ്. സാമ്പത്തിക അസമത്വത്തെ ഊട്ടിയുറപ്പിക്കാന്‍ സ്വത്ത് കൈവശംവച്ചിരുന്ന മാടമ്പിമാര്‍ ജാതി അയിത്തത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക അസമത്വം അവസാനിപ്പിച്ച് അവരെ സമത്വത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യംകൂടിയുണ്ടായിരുന്നു ജാതി പോകണം എന്ന ഗുരുദേവന്റെ വാദത്തിനുള്ളില്‍. പ്രശ്നത്തിന്റെ നാരായവേരിലാണ് ശ്രീനാരായണ ഗുരുദേവന്‍ കൈവച്ചത്. ജാതി വ്യത്യാസം ഉള്ളതല്ല എന്ന് പ്രപഞ്ചത്തിന്റെ പരമമായ സത്യത്തെ സാക്ഷിനിറുത്തിക്കൊണ്ട് വളരെ ശാസ്ത്രീയമായാണ് ഗുരു തെളിയിച്ചത്.

എല്ലാമതങ്ങളുടെയും സാരം ഒന്നായതിനാല്‍ മതവും ഒന്നുമതി എന്നു പറയുമ്പോള്‍ വിവിധ മതപുരോഹിതവിഭാഗം വിശ്വാസികളെ അടിമകളാക്കിക്കൊണ്ട് സാമ്പത്തികമായും അധികാരപരമായും ഉണ്ടാക്കിയെടുക്കുന്ന മേല്‍ക്കൈ അവസാനിപ്പിക്കാനും അതില്‍ ആഹ്വാനമുണ്ട്. ഫ്യൂഡലിസത്തിനും മതപൌരോഹിത്യ കുത്തകയ്ക്കും മറുമരുന്നായി ലോകം സ്വീകരിച്ചത് കമ്മ്യൂണിസ്റ്റ് തത്വശാസ്തമാണ്. ഉള്ളവനില്‍ നിന്ന് ഇല്ലാത്തവന് പിടിച്ചെടുത്തു നല്‍കുക. അതില്‍ അക്രമമുണ്ട്; ചോരചിന്താതെ കാര്യം നടക്കില്ല. വാളിന് വിവേകമില്ല. അത് പിടിക്കുന്നവനും വിവേകം പോകും. അത് ഇപ്പോഴത്തെ വികസനരീതികള്‍ പോലെയാണ്; തടസ്സം നില്‍ക്കുന്നതൊക്കെ വെട്ടിമാറ്റും. എന്നാല്‍ വിദ്യയാണ് വാളിനുപകരം കൈയിലേന്തുന്നതെങ്കില്‍ വിവേകം താനേ വരും.

ശത്രുവിനെ ജയിക്കാന്‍ ആത്മാവുകൊണ്ട് അയാളെ നന്നായി വെറുക്കുക എന്നാണ് റഷ്യന്‍ നേതാവ് സ്റ്റാലിന്‍ പറഞ്ഞത്. ശത്രുവിനെ സ്നേഹിച്ചു വശത്താക്കാന്‍ ഗാന്ധിജി പറയുന്നു. ഇതിനെക്കാളൊക്കെ ഉദാത്തമായ ഒരു രാഷ്ട്രീയസംസ്കാരമാണ് ഗുരുദേവന്‍ മുന്നോട്ടുവച്ചത്. അവന്‍ ഇവന്‍ എന്ന ചിന്ത കളയുക. എല്ലാവരും ഒരേ ആത്മരൂപം തന്നെ. ഒരു ഭേദവും ആര്‍ക്കും തമ്മില്‍ ഇല്ല. പിന്നെങ്ങനെ മാടമ്പിയും തൊഴിലാളിയും ഉണ്ടാകും? അവര്‍ണനും സവര്‍ണനും ഉണ്ടാകും? എല്ലാവര്‍ക്കും ഇവിടെ ജീവിക്കാന്‍ തുല്യ അവകാശമുണ്ട്. മനുഷ്യനും മറ്റു ജീവികള്‍ക്കും അത് ഒരുപോലെയാണെന്ന് ഗുരു പറയുന്നു. അത് തിരിച്ചറിയാന്‍ അനുകമ്പ ഉള്ളില്‍ വളര്‍ത്തണം. വിദ്യനേടിയാണ് അനുകമ്പ അഭ്യസിക്കേണ്ടത്. മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കാന്‍ കഴിയുന്ന വിദ്യാഭ്യാസമാണ് വേണ്ടത്. സമ്പത്തിന്റെയോ ജാതിയുടെയോ പേരില്‍ അവഗണിക്കപ്പെടുന്നവര്‍ സംഘടിക്കാനും വിദ്യയും സമ്പത്തും നേടി വളര്‍ന്നുകൊണ്ട് മധുരമായി പ്രതികരിക്കാനും പറഞ്ഞതാണ് ഗുരു പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം. അത് ചോരചിന്തുന്നതല്ല. മറുകരണത്ത് അടിവാങ്ങുന്നതുമല്ല. സ്വന്തം നട്ടെല്ലില്‍ ആര്‍ക്കും ഉപദ്രവമില്ലാതെ സ്വയം വളരാനുള്ളതുമാത്രമാണ്. അങ്ങനെയൊരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ ഗുരുദര്‍ശനമല്ലാതെ മറ്റൊരു പോംവഴിയുമില്ല. ഗുരുദര്‍ശനത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയത്തിലൂടെയേ സമൂഹത്തിന് സമാധാനം ലഭിക്കൂ. സ്വന്തം ദേഹത്തെ കസ്തൂരിയെ തിരിച്ചറിയാതെ കസ്തൂരിതേടി നടക്കുന്ന മാനിനെപ്പോലെയാണ് ഗുരുദര്‍ശനത്തിലെ ഈ നവീനചിന്തകള്‍ അറിയാതെ നമ്മള്‍ ഇപ്പോഴും പഴകിയ തത്വശാസ്തങ്ങളില്‍ ആശ്വാസം കണ്ടെത്താന്‍ വെമ്പല്‍പൂണ്ടു നടക്കുന്നത്.

Monday, 4 June 2012

ആത്മവിദ്യാലയത്തിന്റെ തിരുമുറ്റത്ത്


മെഡിക്കല്‍ കോളേജ് പരിസരത്തുവച്ച് പല തവണ കണ്ടിട്ടുണ്ട് ആ മനുഷ്യനെ. തലയില്‍ ഒരു മുടിപോലുമില്ല. വെളുത്ത് സുമുഖനായ ഒരു മദ്ധ്യവയസ്കന്‍. വാക്കിംഗ് സ്റ്റിക്കും ഊന്നി ആശുപത്രി പരിസരത്തോ ചിലപ്പോള്‍ വാര്‍ഡുകളിലോ കറങ്ങുന്നതുകാണാം. ഇപ്പോള്‍ ഇതാ ആര്‍.സി.സിയുടെ മുറ്റത്ത് നില്‍ക്കുന്നു. രോഗിയാണോ, അതോ രോഗിയുമായി വന്നതാണോ? എന്ന് പലതവണ അടുത്തുചെന്നു ചോദിക്കണമെന്നു വിചാരിച്ചിട്ടുണ്ട്. പക്ഷേ വാര്‍ത്തയുമെടുത്ത് എത്രയുംവേഗം മടങ്ങുക എന്ന തിരക്കില്‍ അതിനുകഴിഞ്ഞില്ല.

ഇതിപ്പോള്‍ ഒരു ബന്ധുവിന്റെ ആവശ്യത്തിന് വന്നതാണ്. അദ്ദേഹത്തിന്റെ ബയോപ്സി റിസല്‍റ്റ് കിട്ടാന്‍ വൈകും. പുറത്തിറങ്ങി നില്‍ക്കുമ്പോള്‍ അതാ അയാള്‍ വരുന്നു. ആരോടും ഒന്നും സംസാരിക്കുന്നതായി കണ്ടില്ല. അനുമതി വാങ്ങി ആശുപത്രിക്കുള്ളിലേക്ക് പോയിട്ട് കുറച്ചുകഴിഞ്ഞ് തിരിച്ചുവന്ന് കാറില്‍ കയറുന്നു. ഇനി ആകാംഷയെ പിടിച്ചു നിറുത്താന്‍ കഴിയില്ല. അടുത്തു ചെന്നു പരിചയപ്പെട്ടു. പത്രപ്രവര്‍ത്തകനാണ് എന്നറിഞ്ഞപ്പോള്‍ സമയമുണ്ടെങ്കില്‍ കാറില്‍ കയറാന്‍ ക്ഷണിച്ചു. സൈറന്‍മുഴക്കി പാഞ്ഞുവരുന്ന ആംബുലന്‍സുകളുടെ ഇടയിലൂടെ കാര്‍ സാവധാനം നീങ്ങുമ്പോള്‍ ജിജ്ഞാസകള്‍ക്ക് അയാള്‍ മറുപടിനല്‍കിത്തുടങ്ങി.

ചുറ്റിനും ആജ്ഞാനുവര്‍ത്തികള്‍, നല്ല ബന്ധുബലം, എതിര്‍ക്കുന്നവനെ ഏതുരീതിയിലും ഒതുക്കി മുന്നോട്ടുപോകുന്ന പ്രകൃതം. കേരളത്തില്‍നിന്ന് തമിഴ്നാട്ടില്‍ കുടിയേറി നേടിയ ബിസിനസ് വിജയം. അങ്ങനെയൊരു ഭൂതകാലം. അതിനുമിപ്പുറം ഈ മെഡിക്കല്‍കോളേജിലെ അത്യാഹിതവിഭാഗത്തില്‍ ആളറിയാതെ ആരെന്നുപറയാന്‍ ബോധംപോലുമില്ലാതെ കിടന്ന പത്തുദിവസങ്ങളുടെ മറ്റൊരു ഭൂതകാലം. ഇത് രണ്ടും തമ്മില്‍ ഒറ്റ നോട്ടത്തില്‍ ചേരുന്ന കഥകളല്ല. അത് മനസ്സില്‍ ചേര്‍ത്തുവയ്ക്കാനുള്ള നിരന്തരശ്രമത്തിലാണ് താനെന്നു പറഞ്ഞ് ആ മനുഷ്യന്‍ തൂവാലകൊണ്ട് കണ്ണുതുടച്ചു. തിരുവനന്തപുരത്ത് ഒരു ആവശ്യത്തിനുവന്നതാണ് മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ്. രാവിലെ നടക്കാനിറങ്ങിയപ്പോള്‍ ഏതോവണ്ടിതട്ടി. ബോധമില്ലാതെ റോഡില്‍ കിടന്നു . ആരൊക്കെയോചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ബന്ധുക്കള്‍ വിവരമറിഞ്ഞും അന്വേഷിച്ചുമെത്താന്‍ ദിവസങ്ങളെടുത്തു. ഇടയ്ക്ക് ബോധംവീണപ്പോള്‍ പറയാന്‍ നാവ് ചലിക്കുന്നില്ല. എഴുതിക്കാണിക്കാന്‍ വയ്യ. കൈ ചത്തുകിടക്കുന്നു. പരിസരത്ത് അതേ അവസ്ഥയില്‍കിടക്കുന്നവരെ നോക്കി നെടുവീര്‍പ്പിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ചെന്നൈ അപ്പോളോയിലേക്ക് മാറ്റാന്‍ സന്നാഹവുമായി വീട്ടുകാര്‍ എത്തി. ക്രിട്ടിക്കല്‍ ആയതിനാല്‍ പോസ്റ്റ് ഓപ്പറേറ്റിവ് വാര്‍ഡില്‍ കുറച്ചുദിവസം കിടത്തിയിട്ട് കൊണ്ടുപോയാല്‍മതിയെന്ന് ഡോക്ടര്‍മാര്‍. അങ്ങനെ ഒരാഴ്ചയോളം ഇവിടെ...

കോടികള്‍കൊണ്ട് അമ്മാനമാടിയ കൈകള്‍... വെട്ടിമാറ്റിയേക്ക് എന്ന് ആക്രോശിച്ച നാവ്... "ഓപ്പറേഷന്‍ സക്സസ്" എന്ന് ഊറിയചിരിയോടെ സംഘത്തലവന്‍ മൊബൈലില്‍ അറിയിച്ചത് ആഹ്ളാദത്തോടെ കേട്ട ചെവികള്‍... എല്ലാം മറ്റേതോ ജന്മത്തിലേതുപോലെ ചലനമറ്റ് കിടക്കുന്നു. തനിയെ എണീറ്റ് നടക്കാന്‍ കഴിയും എന്ന് കരുതിയതല്ല. ഗുണ്ടാസംഘം തന്നെവിട്ട് അടുത്ത സങ്കേതം തേടിയിരുന്നു. ജീവിതത്തില്‍ നിരാശാബോധമോ പഴയജീവിതത്തെക്കുറിച്ച് വീണ്ടും മോഹമോ തോന്നുമ്പോള്‍ വണ്ടിയെടുത്ത് ഇവിടെ വരും. കാലുംകൈയും ഒടിഞ്ഞുകിടക്കുന്ന മനുഷ്യര്‍ക്കും കാന്‍സര്‍ ബാധിതര്‍ക്കും ഇടയിലൂടെ നടക്കും. "ജീവിതസുഖങ്ങള്‍ നിസാരമാണെന്നു ബോദ്ധ്യപ്പെടുത്താന്‍ ഒരു ആശ്രമവും ഈ മെഡിക്കല്‍കോളേജോളം വരില്ല ഭായ്..." അദ്ദേഹം ചിരിക്കാന്‍ ശ്രമിച്ചു.

"ദാ ഇതാണ് ഇപ്പോള്‍ എന്റെ വേദഗ്രന്ഥവും ജീവിതത്തിന്റെ കണക്കുപുസ്തകവും വഴികാട്ടിയുമെല്ലാം" എന്നു പറഞ്ഞ് അദ്ദേഹം ഒരു പുസ്തകം എടുത്തുകാട്ടി. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. അത് ശ്രീനാരായണ ഗുരുദേവന്റെ ആത്മോപദേശ ശതകമായിരുന്നു- അദ്ദേഹം തുടര്‍ന്നു:

"മെഡിക്കല്‍കോളേജ് വിട്ടിറങ്ങുമ്പോള്‍ ഭാര്യയാണ് അത് തലയിണക്കടിയില്‍നിന്നെടുത്ത് കാറില്‍ വച്ചത്. ഞാന്‍ ബോധംവിട്ടുറങ്ങിക്കിടന്ന സമയങ്ങളില്‍ എപ്പോഴോ ഒരാള്‍ കൊണ്ടുവന്ന് നല്‍കിയതാണെന്ന് അവള്‍ പിന്നീട് പറഞ്ഞു. "ബോധംവീഴുന്ന സമയം മുതല്‍ വായിച്ചുകൊള്ളട്ടെ" എന്നു പറഞ്ഞ് വന്നയാള്‍ മടങ്ങിപ്പോയി. ആരെന്ന് ഭാര്യയ്ക്കും അറിയില്ല. ആശുപത്രിവാസം കഴിഞ്ഞെത്തി കുറേ ദിവസങ്ങള്‍ പുസ്തകത്തെക്കുറിച്ചു മറന്നു. ആയിടയ്ക്ക് സന്ദര്‍ശനത്തിനുവന്ന പഴയ ഒരു ആശ്രിതന്‍ പറഞ്ഞു. "വെറുതേ ഇരിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ വായിക്കണം സാര്‍..." അപ്പോഴാണ് ഈ പുസ്തകത്തെക്കുറിച്ച് ഓര്‍ത്തത്. എടുത്തു മറിച്ചുനോക്കിയപ്പോള്‍ ആദ്യം കണ്ണില്‍പ്പെട്ടത് ഈ ശ്ളോകമാണ്.

തനുവിലമര്‍ന്ന ശരീരി, തന്റെ സത്താ-
തനുവിലതെന്റെതിതെന്റെതെന്നു സര്‍വം
തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ-
ലനുഭവശാലികളാമിതോര്‍ക്കിലാരും.

(ശരീരത്തില്‍ അകപ്പെട്ട ജീവന്‍ താന്‍ ശരീരംതന്നെയാണെന്നു ഭാവിക്കുന്നു. അങ്ങനെ മറ്റ് ജഡദൃശ്യങ്ങളില്‍ അതെന്റേത്, ഇതെന്റേത് എന്നിങ്ങനെ മമതാബന്ധത്തില്‍ കുടുങ്ങുന്നു. ഈ മമതാരഹസ്യം തിരിച്ചറിയുമെങ്കില്‍ ഏതൊരാളും നേരിട്ട് ആത്മാനുഭവത്തിന് അര്‍ഹനാകും.)

ആദ്യ വായനയില്‍ അര്‍ത്ഥം മുഴുവന്‍ പിടികിട്ടിയില്ല . അര്‍ത്ഥം ഗ്രഹിച്ചു തുടങ്ങിയതോടെ ഇത് എനിക്കുവേണ്ടി ഗുരു എഴുതിയതാണെന്ന് തോന്നി. പിന്നെ മുഴുവന്‍ ശ്ളോകങ്ങളും വായിച്ചു. ജീവിതത്തെക്കുറിച്ച് അന്നുവരെയുണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ വികലമാണെന്നു തോന്നി. ഈ പുസ്തകം ഗുരുദേവന്‍ തന്നെ നേരിട്ട് കൊണ്ടുവന്ന് തന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തില്‍ ഈ ആശുപത്രിയാകുന്ന ആത്മവിദ്യാലയത്തില്‍ എപ്പൊഴോ ഗുരുദേവന്‍ അടുത്തുവന്നിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ശരീരമാകെ കുളിരുകോരും. ആ സാന്നിദ്ധ്യം സ്വബോധത്തോടെ ഒരിക്കല്‍കൂടി കിട്ടുവാന്‍ ആഗ്രഹിച്ചാണ് ഒരോവട്ടവും ഇവിടെ വരുന്നത്. ഇതുവരെ അതിന് സാധിച്ചിട്ടില്ല. എങ്കിലും ചെന്നൈയില്‍നിന്നുള്ള ഈ ഓരോയാത്രയിലും ഞാന്‍ സ്വയം സംസ്കരിക്കപ്പെടുകയാണ്. അത് പൂര്‍ത്തിയാകുമ്പോള്‍ ഞാന്‍ പൂര്‍ണമനുഷ്യനാകും. അപ്പോള്‍ ആ വിശുദ്ധ സാന്നിദ്ധ്യം എന്റെ സമീപം വരും." അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

കാര്‍ നഗരം വലംവച്ച് ആശുപത്രി പരിസരത്ത് തിരിച്ചെത്തി. ആശുപത്രി എന്ന ആത്മവിദ്യാലയത്തിന്റെ വാതില്‍ പുതിയ വിദ്യാര്‍ത്ഥികളെക്കാത്ത് അപ്പോഴും തുറന്നുകിടപ്പുണ്ടായിരുന്നു.