Sunday 6 May 2012

അറിവിന്റെ അമ്മയ്ക്ക് 100


മാവിന്‍തണല്‍ വിരിച്ച ശാരദാമഠത്തിന്റെ പ്രദക്ഷിണവഴിയില്‍ നടക്കുമ്പോള്‍  വെളളമണല്‍ത്തരികള്‍ ചൊല്ലുന്നത് ശുദ്ധസങ്കല്പത്തിന്റെ  സങ്കീര്‍ത്തനം.  മണ്ണില്‍ ജനിച്ചവന്റെ ദൈവസങ്കല്പത്തെ അഞ്ജനശിലയില്‍ നിന്ന് അറിവിലേയ്ക്കുയര്‍ത്തിക്കൊണ്ട്  ശ്രീനാരായണഗുരുവിന്റെ  നവ്യസന്ദേശം പുറപ്പെട്ട കര്‍മ്മക്ഷേത്രമാണ്   നൂറുവര്‍ഷത്തിന്റെ നിറകതിര്‍ ചൂടി നില്‍ക്കുന്നത്.
    "ഈ പ്രകൃതി അമ്മയാണ്.  അമ്മ അറിവാണ്. അറിവ്് ദൈവവും. അതിനാല്‍ അമ്മയാണ് നമുക്ക് ദൈവം..." എന്ന് മൊഴിഞ്ഞുകൊണ്ട് ഗുരുദേവന്‍ ശ്വേതപത്മാസനത്തില്‍ അറിവിന്റെ ദേവിയെ പ്രതിഷ്ഠിച്ചത് ഇതേപോലൊരു ചിത്രാപൌര്‍ണ്ണമി ദിനത്തിലായിരുന്നു. കാഞ്ചനശോഭയോടെ തിളങ്ങിനില്‍ക്കുന്ന ശാരദാവിഗ്രഹം തൊഴുതു നില്‍ക്കുമ്പോള്‍ മനസൊരു ഭൂതകാലത്തിന്റെ ഏടുകളിലേക്ക് ഊളിയിടുന്നു... സംഘകൃതികളില്‍ വിരിയുന്ന ആദിമകേരളീയന്റെ ചരിത്രവഴികളാണ്  ഇപ്പോള്‍ മനസില്‍ തെളിയുന്നത്.
    സഹ്യന്റെ മടിത്തട്ടിലും മഹാസമുദ്രതീരത്തും നമ്മുടെ പൂര്‍പരമ്പരയുടെ ആദിമവാസത്തിന്റെ നാളുകള്‍. ഭൂപ്രകൃതിയും തൊഴിലും അനുസരിച്ച് അഞ്ചുതിണകളിലായി മനുഷ്യര്‍ സ്വയം വേര്‍തിരിഞ്ഞ കാലം. മരുതം, കുറിഞ്ഞി, മുല്ലൈ, നൈതല്‍, പാലൈ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍  ഉരുത്തിരിഞ്ഞുവന്നു. പറകൊട്ടിപ്പാടുന്ന സമതലങ്ങളിലെ ആദിമ കൃഷിക്കാരെ മരുതനിലക്കാര്‍ എന്നുവിളിച്ചു. അവരാണ് പില്‍ക്കാലത്ത് പറയര്‍ എന്നറിയപ്പെട്ടത്. മുളയരിയും തിനയും തേനും ശേഖരിച്ച് ഉപജീവനം നടത്തിയവര്‍ കുറിഞ്ഞിനിലക്കാര്‍. അവര്‍ പിന്നീട് കുറവര്‍ എന്നറിയപ്പെട്ടു. കന്നുകാലിവളര്‍ത്തലുമായി ഉപജീവനം തേടിയവര്‍ ഇടയവര്‍ഗക്കാരായ മുല്ലൈനിവാസികളായി.  സമുദ്രത്തിലിറങ്ങി മത്സ്യം പിടിച്ചും. ഉപ്പുണ്ടാക്കിയും മദ്യമുണ്ടാക്കിയും നൈതല്‍ നിലക്കാര്‍ ജീവിതം കരുപ്പിടിപ്പിച്ചു. വനത്തില്‍ വേട്ടയാടി പാലൈ നിവാസികള്‍ അദിമവേടരായി. നൈതല്‍ നിലക്കാര്‍ കേരളതീരത്തും അവിടെ നിന്ന് ലങ്കന്‍തീരത്തുമെല്ലാം തങ്ങളുടെ സംസ്കൃതിയെ വ്യാപിപ്പിച്ചു. ഈ വിഭാഗങ്ങളില്‍നിന്നാണ് പില്‍ക്കാലത്ത് ഈഴവരും ചാന്നാന്‍മാരും മുക്കുവരും  മരയ്ക്കാന്‍മാരും പരവരുമെല്ലാം അടങ്ങുന്ന വിഭാഗങ്ങള്‍ ഉണ്ടാകുന്നത്. പണ്ട് പളളത്തുരാമന്‍ മിശ്രകാന്തി എന്ന കവിത എഴുതി ഗുരുസ്വാമിയെ വായിച്ചുകേള്‍പ്പിച്ച കഥ ഓര്‍മ്മയുണ്ടാകും. നായിക മുക്കുവത്തിയും നായകന്‍ ഈഴവനുമാണ് കവിതയില്‍. "കളളും മീനും നന്നായി ചേരും" എന്നായിരുന്നു തൃപ്പാദങ്ങള്‍ അതുകേട്ട് മൊഴിഞ്ഞത്. അത് തൃപ്പാദങ്ങളുടെ വെറും പരിഹാസമാകാമെന്നു കരുതി ശിഷ്യര്‍ ചിരിച്ചുവെങ്കിലും നൈതല്‍ നിലങ്ങളില്‍ മദ്യമുണ്ടാക്കിയും മീന്‍പിടിച്ചും ഒന്നിച്ചുജീവിച്ച രണ്ട് വിഭാഗങ്ങളുടെ ചരിത്രത്തിലേക്കായിരുന്നു തൃപ്പാദങ്ങള്‍ വിരല്‍ചൂണ്ടിയതെന്ന് വ്യക്തം. നൈതല്‍ നിവാസികളാണ് ആദ്യം നാഗരികത ഉണ്ടാക്കിയത്. അവര്‍ മത്സ്യബന്ധനത്തിനും മദ്യനിര്‍മ്മാണത്തിനുമൊപ്പം കൃഷിയും കച്ചവടവും തുടങ്ങി. ഫലപുഷ്ടിയുടെയും സന്താനോത്പാദനശേഷിയുടെയും സമൃദ്ധിയുടെയും ദൈവമായി അവര്‍ ഭൂമിയെ സങ്കല്പിച്ചു. ഭൂമി അവര്‍ക്ക് അങ്ങനെ അമ്മയും ദൈവവുമായി.  അഞ്ചു തിണകളില്‍ കുടിയേറിയ നമ്മുടെ പൂര്‍വപിതാക്കള്‍ക്കിടയില്‍ പിന്നീട് ഗോത്രഭരണവും രാജഭരണവും രൂപപ്പെടുകയായിരുന്നു. ചേര,ചോള, പാണ്ഡ്യരാജവംശങ്ങളിലേക്ക് അതിന്റെ ചരിത്രം നീളുന്നു.  അവര്‍ ഇവിടത്തെ ദ്രാവിഡരായി.ദ്രാവിഡരുടെ പുരുഷദൈവമായിരുന്നു ശിവന്‍. എങ്കിലും അമ്മദൈവത്തിനായിരുന്നു പ്രാധാന്യം.
    കേരളത്തിന്റെ ഈ ആദിമവാസികള്‍ക്ക് വിദ്യാഭ്യാസത്തിന്റെലോകം തുറന്നുകൊടുത്തത്. ബുദ്ധമതക്കാരായിരുന്നു.  "നാനം മോനം" എന്ന അക്ഷരമാലയും "നമോസ്തുജിനതേ" എന്നുചൊല്ലിയുളള വിദ്യാരംഭവും കുടിപ്പളളിക്കൂടങ്ങളുമായി അവര്‍ വിദ്യാദേവതയെ നമ്മുടെ പൂര്‍വികര്‍ക്ക് പരിചയപ്പെടുത്തി.  അവര്‍ അക്ഷരജ്ഞാനത്തിലൂടെ പുതിയ മേഖലകളിലേക്ക് നീങ്ങി. ബുദ്ധപാരമ്പര്യത്തിന്റെ അഷ്ടാംഗഹൃദയം പഠിച്ച് വൈദ്യത്തിലേക്കും മറ്റും കടന്നു.  അതിനുശേഷം ആര്യന്‍ അധിനിവേശത്തില്‍ ആദിമകേരളീയര്‍ അധഃ കൃതരായി. വൈദികരായ ആദിമതലമുറയില്‍ ചിലരെ ആര്യന്മാര്‍ അവര്‍ക്കൊപ്പംകൂട്ടി. സംബന്ധം എന്ന അസംബന്ധത്തിന് കൂട്ടുനില്‍ക്കാത്തവരെ ശൂദ്രര്‍ക്കും താഴേക്ക് തളളി. അവര്‍ പഴയതുപോലെ മദ്യമുണ്ടാക്കിയും മീന്‍പിടിച്ച്ചുട്ടുതിന്നും ജീവിക്കട്ടെ എന്നു വിധിച്ചു. അങ്ങനെ അധഃകൃതവത്ക്കരിപ്പെട്ടവരുടെ ജീവിതം തലമുറകളില്‍നിന്ന് തലമുറകളിലേക്ക് പകര്‍ന്ന് ജാതിക്കോമരങ്ങളുടെ ഉറഞ്ഞുതുളളാട്ടത്തിലേക്ക് എത്തി. പന്തീരാണ്ടുസഭയുടെ ഭരണത്തില്‍ നമ്പൂതിരിമാര്‍ സര്‍വാധികാര്യക്കാരായ ചരിത്രമാണ് പിന്നീടുണ്ടായത്.
    ദാരിദ്യ്രത്തിന്റെയും അധമജീവിതത്തിന്റെയും പാതാളത്തില്‍നിന്ന് ശ്രീനാരായണഗുരുദേവന്‍ കൈപിടിച്ച് ഉയര്‍ത്തുംവരെ  ആദിമകേരളീയരുടെ അവസ്ഥ ഇതായിരുന്നു. ഗുരു ആദ്യം തന്റെ ജനതയ്ക്ക് അവരുടെ നല്ല ദൈവത്തെ തിരിച്ചുനല്‍കി. പിന്നെ അവരെ ആദര്‍ശജീവിതത്തിലേക്ക് നയിച്ചു. അതിന്റെ മറ്റൊരു ഘട്ടത്തില്‍ അറിവായി നിറയുന്ന അവരുടെ അമ്മദൈവത്തെ സര്‍വവിശുദ്ധിയോടുകൂടെ തിരികെ നല്‍കി. അതാണ് ഈ കൂപ്പുകൈക്ക് അഭിമുഖമായി ശാരദാമഠത്തിനുളളില്‍ നിറഞ്ഞു പരിലസിക്കുന്ന ശാരദാദേവിയെന്ന ബോധം മനസില്‍ ഉണര്‍ന്നപ്പോള്‍ ഉള്‍ക്കുളിരടങ്ങുന്നില്ല. "നാനംമോനം" എന്ന അക്ഷരമാലയിലൂടെ നമ്മുടെ പൂര്‍വികര്‍ക്ക് വിദ്യയെ നല്‍കിയ ബുദ്ധമതത്തോടുളള കടപ്പാടാണ് ശാരദയുടെ കോവില്‍ നിര്‍മ്മിതിയില്‍ ബുദ്ധമാതൃകയെ സ്വീകരിക്കാന്‍ തൃപ്പാദങ്ങള്‍ക്ക് പ്രേരണയായത്. അങ്ങനെ ശാരദാക്ഷേത്രം എന്നറിയപ്പെടുമായിരുന്ന ഇടം ശാരദാമഠമായി. അറവുമാടുകളുടെ ചോരകുടിക്കുന്ന ദേവീസങ്കല്പത്തെ ബുദ്ധന്റെ അഹിംസയില്‍ അധിഷ്ഠിതമാക്കി പരിഷ്കരിച്ച ഗുരുദേവന്‍ "ശാരദയ്ക്ക് പൂവും വെളളവും മതി" എന്ന് മൊഴിഞ്ഞു. പൂവ് നമ്മുടെ മനമാം മലരാണ്. വെളളം നമ്മുടെ സ്നേഹപ്രവാഹവും.  അതു നല്‍കിയാല്‍ അമ്മ അറിവിന്റെ മൊഴിമുത്തുകള്‍ പകരം തരും. അതേറ്റുവാങ്ങിക്കൊണ്ടാണ് ഇരുപതാം നൂറ്റാണ്ടില്‍ നമ്മള്‍ വിദ്യാവിജയത്തില്‍ നൂറില്‍ നൂറും നേടിയത്.                 വിദ്യാരൂപിണിയായ ശാരദ മനുഷ്യന്റെ ഉളളില്‍ സത്യബോധം അഥവാ ജ്ഞാനത്തെ ഉളവാക്കുമെന്ന് ഗുരുദേവന്‍ പറഞ്ഞു. ജ്ഞാനോദയത്തോടെ നൂറ്റാണ്ടുകള്‍കൊണ്ട് അടിഞ്ഞുകൂടിയ പാപമെല്ലാം കഴുകിക്കളയപ്പെടുന്നു. ആത്മാവില്‍ അഴുക്കുകയറുന്നു എന്നു തോന്നുമ്പോള്‍ ശ്രീശാരദയുടെ മുന്നില്‍ വരിക. കൂപ്പുകൈയോടെ നില്‍ക്കുമ്പോള്‍ അമ്മ പ്രസാദിക്കും. നിവേദ്യമില്ല. ഇവിടെ വെടിക്കെട്ടും ഉത്സവവും ഇല്ല. പ്രാര്‍ത്നമാത്രം. അതെ ശതാബ്ദിവേളയില്‍ ജനശതങ്ങളുടെ കണ്ഠത്തില്‍നിന്ന് ശതകോടി പ്രാര്‍ത്ഥന ഉയരുകയാണ്... "മീനായതും ഭവതി മാനായതും ജനനി.."

3 comments:

  1. അറിവിന്റെ മൂര്‍ത്തിയായ അമ്മ

    ഒന്നായ മാമതിയില്‍ നിന്നായിരം ത്രിപുടി
    വന്നാശു തന്‍മതി മറ-
    ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടലാം കടലി-
    ലൊന്നായി വീണു വലയും
    എന്നാശയം ഗതിപെറും നാദഭൂമിയില-
    മര്‍ന്നാവിരാഭ പടരും-
    ചിന്നാഭയില്‍ ത്രിപുടിയെന്നാണറുംപടി
    കലര്‍ന്നാറിടുന്നു ജനനീ!

    ReplyDelete
  2. ആശംസകള്‍

    ReplyDelete
  3. ആശംസകള്‍ .......നല്ല ഉള്‍കാഴ്ച .....കാഞ്ചനശോഭയോടെ തിളങ്ങിനില്‍ക്കുന്ന ശാരദാവിഗ്രഹം തൊഴുതു നില്‍ക്കുമ്പോള്‍ മനസൊരു ഭൂതകാലത്തിന്റെ ഏടുകളിലേക്ക് ഊളിയിടുന്നു... ..............നല്ല നിലവാരം പുലര്‍ത്തുന്ന ചിന്തകള്‍ ..... ആഭിനന്ദനങ്ങള്‍ .........

    ReplyDelete