Monday, 20 February 2012

മരണദൂതുമായി വന്ന ആ നാല് കത്തുകള്‍


Dear Mr. Sanku,

നിങ്ങളുടെ കത്തുകള്‍ രണ്ടും കിട്ടി. ഞാന്‍ സ്ഥലത്തില്ലായിരുന്നു. ഒരു കാര്യവശാല്‍ മദ്രാസില്‍ പോയിരുന്നു. ഇന്നലെ മാത്രമേ മടങ്ങി എത്തിയുള്ളൂ. യോഗത്തിനു വന്നുചേരാന്‍ പല അസൌകര്യങ്ങളും ഉണ്ട്. മറ്റു വല്ലവരേയും അദ്ധ്യക്ഷനായി ക്ഷണിച്ച് എനിക്ക് ഒഴിവുതന്നാല്‍ വലിയ ഉപകാരമായിരിക്കും. നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ വരാം. ഒരു ദിവസത്തില്‍ അധികം എന്നെ ബുദ്ധിമുട്ടിക്കരുത്. ഞാന്‍ തന്നെ വരണമെന്നു തീര്‍ച്ചയാക്കുന്ന പക്ഷം വിവരത്തിനു മറുപടി ഉടന്‍ അയച്ചുതരുമല്ലോ.
എന്ന്,
സ്വന്തം എന്‍. കുമാരനാശാന്‍.

കോട്ടയത്തെ ആചന്ദ്രതാര പ്രശോഭിനി സഭയുടെ അദ്ധ്യക്ഷന്‍ കെ. എസ്. ശങ്കുവിന് 1924 ജനുവരി ആദ്യം (1099 ധനു20) മഹാകവി കുമാരനാശാന്‍ അയച്ച കത്തുകളില്‍ ഒന്നാണിത്. ചരിത്രഗവേഷണദൌത്യവുമായി കേരളകൌമുദിയുടെ പഴയലക്കങ്ങള്‍ പരതുമ്പോഴാണ് ആശാന്റെ നിര്യാണത്തിനുശേഷം പ്രസിദ്ധപ്പെടുത്തിയ ഈ കത്തുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ആചന്ദ്രതാരയുടെ 19-ാംവാര്‍ഷികാഘോഷത്തിന് അദ്ധ്യക്ഷതവഹിക്കാനുളള യാത്രയിലാണല്ലോ മലയാളത്തിന്റെ എക്കാലത്തേയും മഹാകവിയെ നമുക്ക് നഷ്ടമായത്. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് സാധിക്കുമോ എന്ന ആശങ്ക ശങ്കുവിനയച്ച നാലുകത്തുകളിലും ആശാന്‍ പ്രകടിപ്പിക്കുന്നുണ്ട്. അക്കാര്യം ചൂണ്ടിക്കാട്ടിയാണ് ശങ്കു പത്രാധിപര്‍ സി. വി. കുഞ്ഞുരാമന് ഈ കത്തുകള്‍ അയച്ചുകൊടുത്തത്.

കുമാരനാശാന്റെ മരണത്തെക്കുറിച്ച് ഒട്ടേറെ ദുര്‍നിമിത്തകഥകള്‍ പണ്ടുമുതല്‍ക്കേ പ്രചാരത്തിലുണ്ട്. ആശാന്‍ ആ യാത്രയ്ക്കിറങ്ങിയപ്പോള്‍ കണ്ട പല ദുര്‍നിമിത്തങ്ങളും അവഗണിച്ചതായി വിവരിച്ചുകൊണ്ട് ഒരു നാടന്‍പാട്ട് കുട്ടിക്കാലത്ത് ഓണാഘോഷക്കളികള്‍ക്കിടെ അമ്മമാര്‍ പാടിക്കേട്ട ഓര്‍മ്മയുണ്ട്. ഓണത്തിന്റെ സകല സന്തോഷവും ആ പാട്ട് ഒരു തിരമാലയെപ്പോലെ വന്ന് എടുത്തെറിഞ്ഞു കളഞ്ഞു അന്ന്. അറിഞ്ഞുകൊണ്ട് മരണത്തിലേക്ക് പറന്നടുത്ത ഒരു സ്നേഹപ്പക്ഷിയുടെ രൂപമായിരുന്നു ആ പാട്ടുകളില്‍ ആശാന്. 99ധനു 26ന് അയച്ച അടുത്ത കത്തില്‍ പറയുന്നത്; "6-നു ഞാന്‍ അവിടെ വന്നു ചേരാന്‍ ശ്രമിക്കും. 5-നു രാത്രിതന്നെ എന്നെ ഒരു ബോട്ടില്‍ നിങ്ങള്‍ ഏള്‍ക്കയും വേണം. 8-ഉം 9-ഉം തീയതികളില്‍ ശിവഗിരിയില്‍ ഉത്സവവും സഭയുമാണ്. തൃപ്പാദങ്ങള്‍ തന്നെയിരുന്ന് നടത്തുകയാണ്. അതില്‍ സംബന്ധിക്കാതിരിക്കാന്‍ തരമില്ല. ഞാന്‍ അവിടെ 6-നു വന്നുചേരുന്നത് തെക്കു നിന്നോ വടക്കുനിന്നോ എന്ന് ഇപ്പോള്‍ പറവാന്‍ തരമില്ല. അത് 1-നുക്കുമുമ്പു കൃത്യമായി അറിയിച്ചുകൊള്ളാം. ശേഷം വഴിയേ."

ശിവഗിരിയില്‍ ഗുരുദേവന്‍ നേരിട്ടുനടത്തുന്ന ഉത്സവത്തില്‍ പങ്കെടുക്കുക എന്ന നിര്‍ബന്ധമാണ് ആശാന്‍ ഈ വരികളില്‍ പ്രകടിപ്പിക്കുന്നത്. ഗുരുസ്വാമി തൃപ്പാദങ്ങളെവിട്ട് ആശാന് മറ്റൊന്നും മഹത്തരമായി ഇല്ല എന്ന് വ്യക്തമായ സൂചനയാണിത്. കത്തില്‍ പറഞ്ഞതനുസരിച്ച് ബോട്ടില്‍ ആശാനെ എതിരേല്‍ക്കാന്‍ കാത്തുനിന്ന സംഘാടകര്‍ കരള്‍പിടിച്ചുലയ്ക്കുന്ന ആ അപകടവാര്‍ത്തയാണ് കേട്ടത്.

മൂന്നാമത്തെ കത്തില്‍( 99 മകരം 1) ഇങ്ങനെ പറയുന്നു; "മീറ്റിംഗ് രാത്രിവരെ നീട്ടുന്നത് വിഷമമാണ്. കണക്കുകളും വഴക്കുകളും കീറാമുട്ടികളും ഒന്നും മീറ്റിംഗില്‍ കൊണ്ടുവന്നിട്ട് സമയം കളയുകയും ആളുകളെ മുഷിപ്പിക്കുകയും ചെയ്യാതിരിപ്പാന്‍ അപേക്ഷ. ഞാന്‍ മറ്റന്നാള്‍ വൈകുന്നേരം ഇവിടെ വിടുന്നു. അതുകൊണ്ട് മേലാല്‍ ഇവിടത്തേക്ക് കത്തയയ്ക്കേണ്ടതില്ല. ഒഴിച്ചുകൂടാത്ത വല്ല സംഗതിയാലും എനിക്ക് പക്ഷേ വന്നുചേരാന്‍ കഴിയാതെ പോയാല്‍ സംഗതിക്ക് വിഘ്നം കൂടാതിരിപ്പാന്‍ വേണ്ട മുന്‍കരുതലുകള്‍ ചെയ്തുകൊണ്ടാല്‍ നന്ന്. മിസ്റ്റര്‍ സി.വി. അവിടെ ഉണ്ടായിരിക്കുമെന്ന് കാണുന്നു. അതുകൊണ്ട് ആശ്വാസമുണ്ട്."

മഹാകവിക്ക് വന്നുചേരാന്‍ കഴിഞ്ഞില്ല. എങ്കിലും കത്തില്‍ സൂചിപ്പിച്ച അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം യോഗം നിര്‍വിഘ്നം നടന്നു. സി. വി അദ്ധ്യക്ഷനുമായി. പക്ഷേ, അത് അനുശോചന യോഗമായിരുന്നു എന്നുമാത്രം.

നാലാമത്തെ കത്തില്‍ (മകരം3) ആശങ്ക ബലപ്പെടുന്നതു കാണാം; "ഞാന്‍ ഇന്ന് ഇവിടെ നിന്നും ആലുവായ്ക്കു പുറപ്പെടുന്നു. അവിടെ അത്യാവശ്യമായ ജോലിയുണ്ട്. 5-നു എന്റെ സാന്നിദ്ധ്യം അവിടെ ഒഴിച്ചുകൂടാത്തതാണ്. അടുത്ത ദിവസം തന്നെയും വളരെ ബുദ്ധിമുട്ടും അസൌകര്യവും കാര്യദോഷവും കൂടാതെ എനിക്ക് അവിടം വിടാന്‍ പ്രയാസമാണ്. 8-നു ശിവഗിരിയില്‍ എത്തുകയും വേണ്ടിയിരിക്കുന്നു. അതുകൊണ്ട് കോട്ടയത്തു വന്നുചേരുവാന്‍ വിഷമമുണ്ട്. ഞാന്‍ ശ്രമിച്ചുനോക്കാം." എന്നായിരുന്നു ആ കത്ത്.

ധനു എട്ടിന് ജീവനോടെ ശിവഗിരിയില്‍ എത്താന്‍ ആശാന് കഴിഞ്ഞില്ല. ഒരു വെളളിമേഘത്തിന്റെ ചിറകിലേറി ആശാന്‍ അക്കൊല്ലത്തെ ധനു എട്ടിന് ശിവഗിരിക്കുന്നിലെ സ്നേഹസ്വരൂപന്റെ മുന്നില്‍ എത്തിയിരിക്കാം എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചുപോകുന്നു.

നമ്മള്‍ മനുഷ്യര്‍ക്ക് മരണം എന്നും പ്രഹേളികയാണ്. ജീവിച്ചുതുടങ്ങുമ്പോള്‍ മുതല്‍ മരണം ഒഴിവാക്കാനാവാത്ത സഹയാത്രികനെപ്പോലെ ഒപ്പം സഞ്ചരിച്ചുതുടങ്ങും എന്നാണ് തത്ത്വചിന്തകര്‍ പറയുന്നത്. "ഈ ശരീരം പഴയതായി. ഇതു മാറണം" എന്ന് ഗുരുദേവന്‍ തന്റെ സമാധിയോടടുക്കുന്ന കാലത്ത് പറഞ്ഞതായി ശിഷ്യരുടെ ചില കുറിപ്പുകളില്‍ കണ്ടിട്ടുണ്ട്. ഗുരുവിന്റെ ആദ്യശിഷ്യനായ ശിവലിംഗദാസസ്വാമി തന്റെ സമാധിയുടെ തലേന്ന് "നാളെ ഞാന്‍ മടങ്ങുകയാണ്" എന്നു പറഞ്ഞിരുന്നു. മഹത്തുക്കളുടെ ജീവിതത്തിലേക്ക് ഒരു മുന്നറിയിപ്പു നല്‍കാതെ കടന്നുവരാന്‍ മരണത്തിനുപോലും കഴിയില്ലെന്ന സൂചനയാണിത്.

സത്യത്തോട് അടുത്തുനില്‍ക്കുന്നവര്‍ക്ക്, ജീവിതത്തെ അതിന്റേതായ സ്വത്വബോധത്തോടെ ഉള്‍ക്കൊണ്ട് സ്വകര്‍മ്മം അനുഷ്ഠിക്കുന്നവര്‍ക്ക്, മരണം ഒരു പ്രഹേളികയേ അല്ല. അതൊരു കൂടുമാറ്റമാണ്. ഇതൊന്നുമറിയാതെ സംസാരഗര്‍ത്തത്തിന്റെ ഇരുളിലിരുന്ന് നമ്മള്‍ നാളെയുടെ നേട്ടങ്ങളെ കിനാവ് കാണുന്നു. അന്യന്റെ സ്വത്തപഹരിച്ചിട്ടായാലും നേട്ടമുണ്ടാക്കാന്‍ ആഗ്രഹിച്ച് നെട്ടോട്ടമോടുന്നു. അടുത്തനിമിഷം മരണം മുന്നില്‍ വായ്പിളര്‍ക്കുമ്പോള്‍ ജീവിതത്തിന്റെ വര്‍ത്തുളപാതയില്‍നിന്ന് ശൂന്യതയിലേക്ക് തെറിച്ചുപോകുന്നു

1 comment:

  1. കത്തുകൾ വായിച്ചപ്പോൾ വല്ലാതെ തോന്നി.അദ്ദേഹം അറിഞ്ഞിരുന്നോ അത്...
    മരണം എപ്പോൾ വേണമെങ്കിലും വരാം, നമ്മൾ അറിഞ്ഞേ പറ്റു..പക്ഷെ എത്രപേർ അതൊക്കെ ഓർത്തിരിക്കും. അന്യനെ വേദനിപ്പിക്കാനും ദ്രൊഹം ചെയ്യാൻഉമൊക്കെ നേന്മുള്ളൂ...

    ദൈവം കാക്കട്ടെ..

    ReplyDelete