അത്യാസന്നനിലയില്‍ ഓപ്പറേഷന്‍ നിശ്ചയിക്കപ്പെട്ട മകനെ തിയേറ്ററിലാക്കിയശേഷം ഡോക്ടറുടെ വരവുകാത്തുനില്‍ക്കുകയാണ് ഒരു പിതാവ്. ഓരോ സെക്കന്റും ഹൃദയവേദനയോടെയാണയാള്‍ തരണം ചെയ്യുന്നത്. ഡോക്ടര്‍ വരാന്‍ ഇനിയും വൈകിയാല്‍... ഒരു പക്ഷേ തന്റെ മകന്‍..?
ആശങ്കകള്‍ക്ക് വിരാമമിട്ട് ഡോക്ടറുടെ കാര്‍ ഗേറ്റ് കടന്നെത്തി. ഓപ്പറേഷന്‍ തിയേറ്ററിലേക്ക് ഓടിയാണ് അദ്ദേഹത്തിന്റെ വരവ്. തിയേറ്ററിനുമുന്നില്‍ കുട്ടിയുടെ പിതാവ് അദ്ദേഹത്തെ തടഞ്ഞുവച്ചു. "നിങ്ങള്‍ ഇത്രയും താമസിച്ചതെന്ത്? നിങ്ങളുടെ മകനാണ് ഇങ്ങനെ ഒരവസ്ഥ വന്നതെങ്കില്‍ നിങ്ങള്‍ വരാന്‍ വൈകുമായിരുന്നോ? അവനവന് വരുമ്പോഴേ എല്ലാവരും പഠിക്കൂ..." ഡോക്ടര്‍ ആ പിതാവിന്റെ കണ്ണുകളില്‍ കരുണാര്‍ദ്രമായി നോക്കിയിട്ടു പറഞ്ഞു; " നിങ്ങളുടെ മകന് ഒന്നും സംഭവിക്കില്ല. ദൈവം അവനെ കാത്തുകൊളളും. ഡോക്ടര്‍ അല്ല നിങ്ങളുടെ മകനെ രക്ഷിക്കുന്നത്. ദൈവമാണ്. അതിനാല്‍ എന്നെ പഴിക്കാതെ ദൈവത്തെ പ്രാര്‍ത്ഥിക്കൂ." പിതാവിന്റെ സ്വരം കടുത്തു; "ഉപദേശിക്കാന്‍ ആര്‍ക്കും സാധിക്കും.. അത് അന്യന്റെ കാര്യമാണല്ലോ.." "പ്രാര്‍ത്ഥിക്കൂ" എന്നുവീണ്ടും ശാന്തമായി ഉപദേശിച്ച് ഡോക്ടര്‍ തിയേറ്ററില്‍ കയറി. മണിക്കൂറുകള്‍ക്ക് ശേഷം സന്തോഷത്തോടെയാണ് ഡോക്ടര്‍ പുറത്തേക്ക് വന്നത്. ഒരു ജീവന്‍ രക്ഷിക്കാന്‍ നിമിത്തമായതിന്റെ ധന്യതയുണ്ടായിരുന്നു ആ മുഖത്ത്. "നിങ്ങളുടെ മകനെ ദൈവം കാത്തു." എന്നു പറഞ്ഞ് പിതാവിന്റെ തോളില്‍തട്ടി ആശ്വസിപ്പിച്ചിട്ട് അദ്ദേഹം ഓടി കാറില്‍ കയറി. നന്ദിവാക്കുപറയാന്‍ പിതാവ് പിറകേ പാഞ്ഞെങ്കിലും അദ്ദേഹം അതിനൊന്നും നിന്നില്ല. ഇതെല്ലാംകണ്ടു നിന്ന നഴ്സിനോട് പിതാവ് ചോദിച്ചു, " ഈ ഡോക്ടര്‍ക്ക് എന്തൊരു വിചിത്ര സ്വഭാവമാണ്... എന്തിനാണ് ഇങ്ങനെ തിരക്കുപിടിച്ചോടുന്നത്?". നഴ്സ് പറഞ്ഞു: "താങ്കള്‍ക്ക് അദ്ദേഹത്തെക്കുറിച്ച് എന്തറിയാം? ഇന്നലെ അദ്ദേഹത്തിന്റെ മകന്‍ ഒരു അപകടത്തില്‍ മരിച്ചു. ആ കുട്ടിയുടെ മൃതദേഹവുമായി വീട്ടിലേക്ക് പോകും വഴിക്കാണ് താങ്കളുടെ മകന്റെ ആവശ്യം പറഞ്ഞ് ഞങ്ങള്‍ വിളിച്ചത്. മകന്റെ മൃതദേഹംവഹിച്ചുകൊണ്ടുപോയ വാഹനത്തില്‍നിന്നിറങ്ങി അദ്ദേഹം ധൃതിയില്‍ വരികയായിരുന്നു. അവിടെ സംസ്കാരകര്‍മ്മങ്ങള്‍ക്കായി എല്ലാവരും അദ്ദേഹത്തെ കാത്തിരിക്കുകയാണ്." അതുകേട്ട് പിതാവ് കുറ്റബോധംകൊണ്ട് തലകുമ്പിട്ടുപോയി. ഒരു ദൈവദൂതനെപ്പോലെ കുറച്ചുമണിക്കൂറുകള്‍ക്കുമുമ്പ് തന്റെ മകന്റെ ജീവന്‍ രക്ഷിക്കാനെത്തിയ ആള്‍ ജീവിതത്തിലെ വലിയ നഷ്ടവും ഹൃദയത്തില്‍ താങ്ങിയാണ് വന്നതെന്ന് ആരറിഞ്ഞു?
ശരീരത്തിലിരുന്നുകൊണ്ട് അനുകമ്പയോടെ സ്വന്തം കര്‍മ്മം അനുഷ്ഠിക്കുക എന്നതാണ് ശരിയായ ജീവനകലയെന്ന് ശ്രീനാരായണഗുരുദേവന്‍ പറഞ്ഞിട്ടുണ്ട്. അതെങ്ങനെയൊക്കെ സാധിക്കും എന്നതിന്റെ ഒരു ഉദാഹരണമാണ് ഈ സംഭവകഥയിലെ ഡോക്ടര്‍. ഗുരുവിന്റെ അനുകമ്പാദശകമോ ജീവകാരണ്യപഞ്ചകമോ അദ്ദേഹം വായിച്ചിട്ടുണ്ടാവില്ല. എങ്കിലും വായിച്ചുപഠിച്ചവരേക്കാള്‍ അതിന്റെ ഉണ്മയെ സ്വയം ഏറ്റുവാങ്ങിയ ആളാണ്. അതിനാല്‍ അദ്ദേഹത്തെ നമുക്ക് ഹൃദയനൈര്‍മ്മല്യത്തോടെ "ശ്രീനാരായണീയന്‍" എന്നു വിളിക്കാം.
ആത്മോപദേശ ശതകം കാണാതെ ചൊല്ലാന്‍ കഴിയുന്നവര്‍ പലരുമുണ്ട് നമ്മുടെ ഇടയില്‍. ചിലര്‍ക്ക് സവ്യാഖ്യാനം മനപ്പാഠമാണ്. ചിലര്‍ അത് മറ്റുളളവര്‍ക്ക് പ്രഭാഷണരൂപേണ പറഞ്ഞു കൊടുക്കുന്നുമുണ്ട്. അതുകൊണ്ടൊക്കെ തങ്ങള്‍ ശ്രീനാരായണഗുരുവിനെ അനുഗമിക്കുന്നു എന്ന് ധരിക്കാനും മടിയില്ല. എന്നാല്‍ ജീവിതത്തില്‍ പരനും അപരനും രണ്ടും രണ്ടായിത്തന്നെ അനുഭവിക്കേണ്ടിവരുന്നു. അതെന്തുകൊണ്ടാണ്? ഈശ്വരന് ദേവാലയം ആവശ്യമില്ല എല്ലായിടത്തും നിറഞ്ഞിരിക്കുന്നു എന്നത് എല്ലാവര്‍ക്കും വെറുതേ പറയാവുന്ന ഒരു കാര്യമാണ്. രാവിലെ എണീറ്റ് കുളിക്കാന്‍ മടിയുണ്ടെങ്കില്‍, ദേവാലയത്തില്‍പോകാന്‍ മൂഡില്ലാത്തപ്പോള്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു തടയിടാന്‍ ഒക്കെ ഈ വാദം ഉപയോഗിക്കാം. ഈശ്വരന്‍ അകവും പുറവും തിങ്ങും മഹിമാവാണെന്നു പറയുകയെന്നത് ബുദ്ധിയുടെ തലമാണ്. അത് സ്വയം അനുഭവിക്കുക എന്നതാണ് ആത്മീയതയുടെ തലം. ഗുരുവിനെ ബുദ്ധികൊണ്ട് വിശദീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നതും ആത്മാവുകൊണ്ടറിയാന്‍ ശ്രമിക്കുന്നവന് അനുഭവവേദ്യമാകുന്നതുമായ ഗുരുസ്വരൂപങ്ങള്‍ രണ്ടും രണ്ടാണ്. നമ്മള്‍ പറഞ്ഞ കഥയിലെ ഡോക്ടര്‍ സ്വന്തം കര്‍മ്മബലം കൊണ്ട് ഗുരുവിനെ അഥവാ സത്യത്തെ അറിയുന്നവനാണ്. അദ്ദേഹം തന്റെ വിശ്വാസമനുസരിച്ച് ഉളളില്‍ ഉണര്‍ന്നുനില്‍ക്കുന്ന ആ സ്വരൂപത്തെ കര്‍ത്താവെന്നോ കണ്ണനെന്നോ അളളാഹുവെന്നോ വിളിക്കുമെന്നുമാത്രം. സത്യത്തിന് ഒരു സ്വരൂപമേയുളളൂ. അതിനെ നാം അറിയുന്നതെങ്ങനെയോ അതേഭാവത്തില്‍ അത് നമ്മില്‍ തെളിയുന്നു എന്നതാണ് ശരി. അനുകമ്പയുളളവന് ഈ വക ഉപദേശമോ സത്സംഗമോ ആവശ്യമില്ല. അവന്‍ അറിഞ്ഞും അറിയാതെയും അനുഷ്ഠിക്കുന്നത് ഈശ്വരസേവയാണ്. അതുകൊണ്ടാണ് ഈശ്വരാനുഭവമുണ്ടാകാന്‍ അനുകമ്പവളര്‍ത്തണം എന്ന് ഗുരു മൊഴിയുന്നത്. അനുകമ്പ ഈശ്വരനിലേക്കെത്താനുളള എളുപ്പവഴിയാണ്.
വിവാഹവും മരണാനന്തരകര്‍മ്മവും ആര്‍ഭാടമില്ലാതെ നടത്തണം എന്ന് ഗുരു ഉപദേശിച്ചകാര്യം ഒരു പ്രസംഗമദ്ധ്യേ പറഞ്ഞിട്ടിറങ്ങിയപ്പോള്‍ ഒരു സ്നേഹിതന്‍ പറഞ്ഞ മറുപടി അത് ഗുരു പണമില്ലാത്തവരെ ഉദ്ദേശിച്ച് പറഞ്ഞതാണ് എന്നാണ്. ദൈവം പണം തന്നിട്ടുളളപ്പോള്‍ 'അതിന്റേതായ രീതിയില്‍' ചെലവഴിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അതിന്റേതായ ആ രീതി'ക്ക് പണം ചെലവഴിച്ച മറ്റൊരു വ്യക്തിയുടെ ഉദാഹരണം അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു. അത് പ്ളാനിംഗ് ബോര്‍ഡ് മുന്‍സെക്രട്ടറിയും ഗുരുദേവസാഹിത്യകാരനുമായിരുന്ന ഡോ. പി. കെ. ഗോപാലകൃഷ്ണന്‍ കാണിച്ചു തന്ന മാതൃകയാണ്. പ്രൊഫ. ജി. ബാലകൃഷ്ണന്‍നായര്‍ സാര്‍ എഴുതിയ ഗുരുദേവകൃതികളുടെ വ്യാഖ്യാനം പത്തുവാല്യമായി പ്രസിദ്ധപ്പെടുത്താന്‍ പണം മുടക്കിയ ആളാണ് അദ്ദേഹം. ശിവഗിരി സമാധിമണ്ഡപം പണിതു നല്‍കിയ എം. പി. മൂത്തേടത്തിന്റെ മരുമകന്‍. സ്വന്തം മകളെ പൊന്നിട്ടുമൂടി വിടാനുളള വക വീട്ടിലുണ്ടായിട്ടും പി. കെ. ഗോപാലകൃഷ്ണന്‍ സാര്‍ ശാരദാമഠത്തിനുമുന്നില്‍വച്ച് ഗുരുവരുള്‍ പ്രകാരം പത്തുപേരെ മാത്രം പങ്കെടുപ്പിച്ച് മകളുടെ കല്യാണം നടത്തി. മകളെ കെട്ടിക്കാന്‍ കരുതിയ പണം അരുവിപ്പുറത്ത് ഗുരുവിന്റെ തപോഭൂമിയായ കൊടിതൂക്കി മല അടക്കമുളള രണ്ടേക്കര്‍ സ്ഥലം വാങ്ങി ശിവഗിരി മഠത്തിന് നല്‍കാന്‍ ഉപയോഗിച്ചു. ഇതൊക്കെ ത്യാഗമാണോ എന്നു ചോദിച്ചാല്‍ ഇതൊരുതരം വട്ട് എന്നേ ഇന്നത്തെ തലമുറപറയൂ. ഇത്തരം ചില 'വട്ടുകള്‍' ഉളളവരാണ് ഈ ഭൂമിയെ ജീവിക്കാന്‍ കൊളളാവുന്ന ഗ്രഹമാക്കി നിലനിര്‍ത്തുന്നത് എന്നേ അവരോടു പറയാനുളളൂ.
No comments:
Post a Comment