Sunday, 29 January 2012

ഓം ഋഷീങ് തര്‍പ്പയാമി... ഓം പിതൃങ് തര്‍പ്പയാമി...

ശ്രീനാരായണ സാഹിത്യം അതിന്റെ എക്കാലത്തെയും വലിയ നഷ്ടത്തിന്റെ അളക്കാനാവാത്ത ശൂന്യത അനുഭവിക്കുന്ന ശോകാന്തരീക്ഷത്തിലിരുന്നുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്. ഉറച്ചൊന്നുപെയ്യാനാവാതെ മഴമേഘങ്ങള്‍ ആകാശത്ത് വീര്‍പ്പുമുട്ടുംപോലെ വാക്കുകള്‍ ഉളളില്‍ തട്ടി വിങ്ങുന്ന അവസ്ഥ! ഇത് എത്ര വേദനാജനകമാണെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ...

ഗുരുദേവ സാഹിത്യത്തിലേക്ക് ഒരു പുസ്തകസഞ്ചികയൊന്നും നല്‍കാന്‍ സുകുമാര്‍ അഴീക്കോട് മാഷിന് കഴിഞ്ഞില്ല. എന്നാല്‍ എഴുതിവച്ചതത്രയും ഗുരുവെന്ന സത്യത്തോട് നീതിപുലര്‍ത്തുന്ന കാഴ്ചപ്പാടുകളായിരുന്നു. ഒരു തങ്കനാണയത്തിന്റെ ഒരു പുറത്ത് മഹാത്മജിയുടെയും മറുപുറത്ത് ഗുരുദേവന്റെയും ചിത്രം ആലേഖനം ചെയ്താല്‍ എങ്ങനെയിരിക്കും. അതിന്റെ മൂര്‍ത്തീഭാവമാണ് അഴീക്കോട് മാഷ് എന്ന് ആ ഗഹനാക്ഷരങ്ങളിലൂടെ കടന്നുപോകുമ്പോള്‍ തോന്നിപ്പോകും. വിയ്യൂരിലെ പഴയവീട്ടില്‍ അപൂര്‍വമല്ലാത്ത ഒരു സന്ദര്‍ശനത്തിനിടെ ഒരിക്കല്‍ കുറച്ച് സ്വാതന്ത്യ്രം എടുത്തുകൊണ്ട് മാഷിനോട് നേരിട്ട് ഈ സങ്കല്പം അവതരിപ്പിച്ചു. " ഇതു വലിയ ഒരു ബഹുമതിയാണല്ലോ? ഇവിടെയിരിക്കുന്ന ഒരു പുരസ്കാരത്തിനും ഇത്രയും ബഹുമതി ഉണ്ടോ എന്ന് സംശയിക്കേണ്ടിരിക്കുന്നു." എന്നു പറഞ്ഞ് അഴീക്കോട് മാഷ് ചിരിച്ചു. ചിരിയില്‍ പങ്കുചേരാതെ പറഞ്ഞവാക്ക് പിന്‍വലിക്കാന്‍ മടിച്ച് നിന്നപ്പോള്‍ മാഷ് വീണ്ടും വാക്ഗംഗയെ അല്പം തുറന്നുവിട്ടു. "ഖദര്‍ധാരികളെയെല്ലാം ഗാന്ധിയനെന്നും മഞ്ഞപുതച്ചവരെയെല്ലാം ശ്രീനാരായണീയര്‍ എന്നും വിളിച്ച് അവര്‍ അര്‍ഹിക്കാത്ത ബഹുമതി നല്‍കുന്നവരാണ് നമ്മള്‍... അതു കൊണ്ട് ഈ പരാമര്‍ശം ബഹുമതിയായിത്തന്നെ ഇരിക്കട്ടെ." മാഷിന്റെ ചിരിയില്‍ ഇത്തവണ പങ്കുചേരാതിരിക്കാന്‍ കഴിഞ്ഞില്ല.

"വൈക്കം സത്യാഗ്രഹകാലത്ത് സത്യാഗ്രഹാശ്രമം സന്ദര്‍ശിക്കാന്‍ എത്തിയ ഗുരുദേവനെ സത്യാഗ്രഹികള്‍ ഖദര്‍മാല ഇട്ടാണ് സ്വീകരിച്ചത്. മാല മണത്തു നോക്കിയിട്ട് ഗുരുദേവന്‍ ചോദിച്ചു, "ഇതിന് വാസന ഇല്ലല്ലോ? ഉളളിലാകും വാസന അല്ലേ?" എന്ന്. പിന്നീട് അവിടമാകെ ഖദര്‍ നിറഞ്ഞുകണ്ടപ്പോള്‍ ഗുരു സ്വതസിദ്ധമായ നര്‍മ്മം വീണ്ടും പുറത്തെടുത്തു. "നിങ്ങള്‍ ഉണ്ണുന്നതും ഖദര്‍ ആണോ?". വെറും ബാഹ്യപ്രകടനങ്ങള്‍ കൊണ്ട് ഒരുകാര്യവുമില്ലെന്ന് സൂചിപ്പിക്കുകയായിരുന്നു ഗുരുദേവന്‍. ഗാന്ധിജിയെ സംബന്ധിച്ച് സ്വയം പര്യാപ്തതയുടെയും തനിമചോരാത്ത പൈതൃകത്തിന്റെയും അദ്ധ്വാനിക്കാതെ ഉണ്ണരുത് എന്ന ജീവിതസന്ദേശത്തിന്റെയും പ്രതീകമായിരുന്നു ഖദര്‍. എന്നാല്‍ ആ പ്രതീകം മാത്രം എടുത്ത് ആര്‍ഭാടങ്ങള്‍ക്ക് പുറമേചൂടിക്കൊണ്ട് അഭിനവ ഗാന്ധിയന്മാര്‍ വിരാജിക്കുന്ന കാഴ്ച ആരും ചൂണ്ടിക്കാണിക്കാതെ തന്നെ കണ്ണില്‍പ്പെടുന്നുണ്ട്.

ശിവഗിരി തീര്‍ത്ഥാടനത്തിന് വെളളമുണ്ട് മഞ്ഞളില്‍മുക്കി ഉടുത്തുവരാനും അതിനുശേഷം അടിച്ചുനനച്ച് മഞ്ഞള്‍ കഴുകിക്കളയാനും നിര്‍ദ്ദേശിച്ചു ഗുരുദേവന്‍. ദീര്‍ഘയാത്രയില്‍ രോഗാണുക്കളെ ചെറുക്കാനുളള ഒരു തന്ത്രമാണത്. മഞ്ഞ നിറത്തിന് ഊര്‍ജ്ജപ്രസരണത്തില്‍ ഉളള മേല്‍ക്കൈയും ആരോഗ്യപരമായി പ്രയോജനപ്പെടുത്താം. എന്നാല്‍ ഇന്ന് തീര്‍ത്ഥാടനം മഞ്ഞപ്പട്ടുവസ്ത്രങ്ങളുടെ സംസ്ഥാനസമ്മേളനം പോലെയാണ്. വന്‍കിട വസ്ത്രവ്യാപാരികള്‍ക്കല്ലാതെ മറ്റാര്‍ക്കും അത് പ്രയോജനപ്പെടില്ല. മഞ്ഞള്‍ മുക്കിയ ഒരു കൈലേസുപോലും എടുക്കാനുണ്ടാവില്ല ആരുടെയും കൈയില്‍. അതും പ്രകടനപരതയിലേക്ക് എന്നേ മാറിക്കഴിഞ്ഞു." അഴീക്കോട്മാഷിന്റെ ചിരിയില്‍ ഇത്രയും ആന്തരാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടായിരുന്നു എന്ന് അപ്പോഴാണ് വ്യക്തമായത്. ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്തത് ത്രിമൂര്‍ത്തികളാണെന്ന് മാഷ് മറ്റൊരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു. അത് സ്വാമി വിവേകാനന്ദനും ഗാന്ധിജിയും ഗുരുദേവനുമാണെന്നാണ് മാഷിന്റെ കണ്ടെത്തല്‍. ഒരു യാത്രയ്ക്കിടെ കരുനാഗപ്പളളിയിലെ ഒരു ഹോട്ടലില്‍ മോരില്‍കുഴച്ച ഒരുപിടിച്ചോറിന്റെ മുന്നിലിരുന്നുകൊണ്ടാണ് മാഷ് ഇതുപറഞ്ഞത്. വിശക്കുന്നവന്റെ ഇന്ത്യയെ കണ്ടെത്തിയവരാണിവര്‍ മൂവരും. വിശക്കുന്നവനുമുന്നില്‍ അന്നമാണ് ദൈവം എന്നറിഞ്ഞവര്‍. അവര്‍ വിശപ്പിന്റെ വിലയറിഞ്ഞു. വിശക്കുന്നവന്റെ ജീവിതവീക്ഷണത്തിനുമുന്നില്‍ വേദാന്തം തോറ്റുപോകും. അധഃസ്ഥിതനെ വിശപ്പില്‍നിന്നും ജാതി അടിമത്തത്തില്‍നിന്നും രക്ഷിക്കാന്‍ ഉപായം തേടിയുളള അതികഠിനമായ സാധനായാത്രയില്‍ വിശപ്പേറെ അറിഞ്ഞിട്ടുണ്ട് ഗുരുദേവന്‍. ഒരിക്കല്‍ ഒരു പാതിരാവില്‍ വിശപ്പിന്റെ മൂര്‍ദ്ധന്യതയില്‍ ഏതോ ഒരു വീടിന്റെ പശുത്തൊഴുത്തില്‍ ഒഴിച്ചുവച്ചിരുന്ന കാടിവെളളത്തില്‍ കൈയിട്ടു പരതി ഒരു പിടി വറ്റെടുത്ത് തോര്‍ത്തില്‍ പിഴിഞ്ഞ് വെളളംകളഞ്ഞ് താന്‍ ഭക്ഷിച്ച കഥ ഗുരുദേവന്‍ തന്നെ പറഞ്ഞിട്ടുണ്ട്. കുടലിന്റെ വിശന്നുളള നീറ്റലില്‍നിന്നാണ് ഗുരുദേവന്‍ ജീവിതയാഥാര്‍ത്ഥ്യത്തിന്റെ അമൃതകുംഭം ഉയര്‍ത്തിയെടുത്തത്. അത് സര്‍വര്‍ക്കും സ്വീകാര്യമായ ശ്രീനാരായണ ധര്‍മ്മമായി പരിലസിച്ചു. വിശപ്പിന്റെ ഒരു ചെറുതാളം നമ്മള്‍ ഉളളില്‍ സൂക്ഷിക്കുമ്പോള്‍ ജീവിതത്തിന്റെ മൂല്യം ഒരിക്കലും മറക്കില്ല. അതിനാല്‍ അധികം ആഹരിക്കാതിരിക്കുക. എന്നു പറഞ്ഞ് മാഷ് രണ്ടോമൂന്നോപിടിച്ചോറില്‍ ഉച്ചയൂണ് അവസാനിപ്പിച്ചു. മാഷിന്റെ വാഗ്ധോരണിയില്‍ ജീവിതസത്യങ്ങള്‍ നിറയുന്നത് എങ്ങനെയെന്ന് അവിടെവച്ചാണ് തിരിച്ചറിഞ്ഞത്. സംഗീതത്തിന്റെ പിറവിപോലും വിശപ്പില്‍നിന്നായിരുന്നല്ലോ!

ഗുരുദേവനെ സാമൂഹ്യപരിഷ്കര്‍ത്താവെന്നും ആത്മീയ ആചാര്യനെന്നും രണ്ടുതട്ടില്‍ക്കണ്ട് തര്‍ക്കിക്കുന്നവര്‍ക്കായി അഴീക്കോട് മാഷ് ഇങ്ങനെ എഴുതി: "ശ്രീനാരായണന്‍ അദ്വൈതസത്യത്തെ സ്വാംശീകരിച്ച മഹാ ഋഷിയാണ്. അദ്ദേഹം ജാതിക്കെതിരെ ഒരു പോംവഴി അന്വേഷിച്ച് അദ്വൈതദര്‍ശനത്തില്‍ എത്തിയതാണ്. അനേകം സമുദായങ്ങള്‍ പുലര്‍ന്നുപോന്നിരുന്ന കേരളത്തിന്റെ ഗുരുവാണ് ശ്രീനാരായണന്‍. അതേ സമയം ഇന്ത്യയിലെ ഗുരുപരമ്പരയുടെ മഹത്തായ കണ്ണിയുമാണ്."

ശ്രീനാരായണ സാഹിത്യത്തിലേക്ക് എക്കാലത്തെയും മികച്ച സംഭാവനകള്‍ നല്‍കിയ നടരാജഗുരുവും ശിഷ്യന്‍ ഗുരു നിത്യചൈതന്യയതിയും സമാധിസ്ഥരായി. ശ്രീനാരായണഗുരുവിനെക്കുറിച്ച് ആര് എവിടെ എന്തൊക്കെ എഴുതി എന്നന്വേഷിച്ചറിഞ്ഞ് അവയെല്ലാം പുതിയ തലമുറയ്ക്കായി സ്വരുക്കൂട്ടിവയ്ക്കുമായിരുന്ന ചമ്പാടന്‍ വിജയന്‍ എന്ന വിജയേട്ടന്‍, ആധികാരികതയോടെ ഗുരുകൃതികള്‍ക്ക് ഭാഷ്യം രചിച്ച ഡോ. ടി. ഭാസ്കരന്‍ സാര്‍, ഗുരുദര്‍ശനത്തിന്റെ ആത്മീയ വൈഭവം തുറന്നുകാട്ടിയ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ സാര്‍.. ഒടുവിലിതാ പടനായകന്റെ കരുത്തുമായി ഗുരുസാഹിത്യത്തില്‍ എപ്പോഴും ഇടപെടലിന് സജ്ജനായി നിന്ന അഴീക്കോട് മാഷും വിടപറയുന്നു. മരിച്ചവരെ ഓര്‍ത്ത് കരയരുത് എന്ന് ഗുരുദേവന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരിറ്റ് കണ്ണീരെങ്കിലും ഈ ഗുരുപരമ്പരയ്ക്ക് തര്‍പ്പണമായി വീഴ്ത്താതിരിക്കാന്‍ ആവുന്നില്ലല്ലോ ഗുരുദേവാ... ജഗത് പാലകാ ഈ തര്‍പ്പണം ഏറ്റുവാങ്ങിയാലും...

" ഓം ഋഷിങ് തര്‍പ്പയാമി.. ഓം പിതൃങ് തര്‍പ്പയാമി...

1 comment:

  1. Really touching write ups and it is slowly piercing to the deeper consiousness. Thanks Sajeev, You are blessed one.

    Deepak S.

    ReplyDelete