Sunday, 15 January 2012

ഗുരുവിനെ കുഴക്കിയ 'ബ്രേക്കിംഗ് ന്യൂസ്'

അഴുക്കുമായി പായുന്ന കാക്കയെ പൊതിഞ്ഞ്  കാക്കക്കൂട്ടം കലപിലകൂട്ടുന്നത്  നാട്ടിന്‍പ്രദേശത്തെ സാധാരണകാഴ്ചയാണ്. ചിലപ്പോഴൊക്കെ സെന്‍സേഷണലിസത്തിനുപിറകേ പായുന്ന മാധ്യമക്കൂട്ടത്തിനു നേര്‍ക്ക് കണ്ണാടിപിടിച്ചതുപോലെ തോന്നും ഈ കാഴ്ചകണ്ടാല്‍. ഇത് പുതിയ പ്രവണതയല്ല. പത്രമാധ്യമങ്ങള്‍ പ്രചാരം തുടങ്ങിയ കാലം മുതല്‍ക്കേ ഇങ്ങനെയൊരു സ്ഥിതി നിലവിലുണ്ട്.
     തിരക്കുപിടിച്ചുളള ഓട്ടത്തിനിടയില്‍ സാധാരണവര്‍ത്തമാനങ്ങളും പുരോഗമനപരമായ വാര്‍ത്തകളും സമയക്കുറവ് പറഞ്ഞ് ശ്രദ്ധിക്കാതെ വിടുന്നവരാണ്  ഭൂരിഭാഗം. അതേ സമയം ബില്‍ക്ളിന്റണ്‍- മോണിക്ക സംഭവംപോലെ എരിവും പുളിയുമുണ്ടെങ്കില്‍  എടുത്തുവച്ച് അരിച്ചുഗുണിക്കും. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കും. ഉത്തരം തേടും. അതിനൊന്നും സമയക്കുറവ് പ്രശ്നമേയല്ല. പൊതുസമൂഹത്തിന്റെ ഈ പ്രവണതയാണ് മാധ്യമങ്ങളെ സ്വാധീനിക്കുന്നത്. തമ്മില്‍ മത്സരിക്കാന്‍ സെന്‍സേഷന്‍ അല്ലാതെ മറ്റൊന്നും ആയുധമായി ഇല്ലെന്നുളള ധാരണയാണ് ഇന്ന് മാധ്യമലോകത്തെ നിയന്ത്രിക്കുന്നത്. ഒരിക്കല്‍ ഇത്തരം സെന്‍സേഷണല്‍ പ്രചാരവേലയില്‍ ഗുരുദേവനും പെട്ടുപോയിട്ടുണ്ട്. ഗാന്ധിജി ശ്രീനാരായണഗുരുവിനെ ഒരു വേള തെറ്റിദ്ധരിക്കുന്നതിലേക്കുവരെ പോയി ഒരു പത്രപ്രവര്‍ത്തകന്‍ ഉണ്ടാക്കിയ പുകില്.
    1924ലാണ് സംഭവം.  അക്കാലത്തെ 'ദേശാഭിമാനി'യില്‍ ഒരു വാര്‍ത്തവന്നു. കെ. എം. കേശവന്‍ എന്ന പത്രപ്രവര്‍ത്തകന്‍ നല്‍കിയ വാര്‍ത്തയായിരുന്നു അത്. "വൈക്കം സത്യാഗ്രഹത്തിന്റെ രീതികളോട് തനിക്ക് മതിപ്പില്ലെന്നും സന്നദ്ധഭടന്മാര്‍ വഴിക്കോട്ടകള്‍ ചാടിക്കടന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്നും ഭക്ഷണം കഴിക്കാന്‍ ഉയര്‍ന്നജാതിക്കാര്‍ക്കൊപ്പം ബലമായി കടന്നിരിക്കണമെന്നും ശ്രീനാരായണഗുരു ആവശ്യപ്പെട്ടിരിക്കുന്നു" എന്നാണ് വാര്‍ത്ത. ഈ പത്രക്കട്ടിംഗ് ആരോ ഗാന്ധിജിക്ക് അയച്ചുകൊടുത്തു. ചൌരി ചൌരാ സംഭവംപോലെ ഗുരുവിന്റെ നേതൃത്വത്തില്‍ വൈക്കം സത്യാഗ്രഹം അക്രമമാര്‍ഗത്തിലേക്ക് പോകുകയാണെന്നും അതിനാല്‍ സത്യാഗ്രഹം പിന്‍വലിക്കാന്‍ ഗാന്ധിജി പ്രാദേശിക കോണ്‍ഗ്രസ് കമ്മറ്റിയോട് ആവശ്യപ്പെടണം എന്നുമായിരുന്നു വാര്‍ത്തയ്ക്കൊപ്പം വച്ചിരുന്ന കത്തിലെ ആവശ്യം. ആവശ്യം കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും  ആ വാര്‍ത്ത  ഗാന്ധിജിക്ക് അയച്ചയാളുടെ മനോഗതം വ്യക്തമാകും. സത്യാഗ്രഹം പൊളിക്കുക എന്നതാണ് വ്യംഗ്യമായി സൂചിപ്പിക്കുന്ന ആവശ്യം. ഈ കത്തും വാര്‍ത്തയും ചൂണ്ടിക്കാണിച്ചുകൊണ്ട് 'യംഗ് ഇന്ത്യ'യുടെ 1924ജൂണ്‍ 19 ലക്കത്തില്‍ ഗാന്ധിജി ഗുരുദേവനെ വിമര്‍ശിച്ചുകൊണ്ട് എഴുതി. "അക്രമമാര്‍ഗം ഉപയോഗിച്ച് തീയന്മാര്‍ക്ക് അവരുടെ കാര്യം നേടിയെടുക്കാന്‍ സാധിക്കുകയില്ലെന്ന് ഞാന്‍ പറയുകയില്ല. ഒരുകാര്യം മാത്രം-  അവര്‍ക്ക് ശക്തി ഉണ്ടായിരിക്കണം. വേണ്ടുവോളം ആളുകള്‍ ചാകാന്‍ സന്നദ്ധരുമായിരിക്കണം. എന്നാല്‍പ്പോലും അവര്‍ക്ക് യാഥാസ്ഥിതികരുടെ മനസ്സുമാറ്റാന്‍ കഴിഞ്ഞിട്ടുണ്ടാവുകയില്ല. ശക്തി ഉപയോഗിച്ച് അവര്‍ അത് അടിച്ചേല്‍പ്പിച്ചിരിക്കും എന്നുമാത്രം." ഇങ്ങനെ പോകുന്നു ഗാന്ധിജിയുടെ വിമര്‍ശനം. 'യംഗ് ഇന്ത്യ' കണ്ട് ഗുരുഭക്തനായ നാരായണന്‍ ഗുരുസ്വാമിയുമായി സംസാരിച്ചു. ദേശാഭിമാനി ലേഖകനോട് അങ്ങനെ ഒന്നും ഗുരു പറഞ്ഞിട്ടില്ലെന്ന് അറിഞ്ഞു. അദ്ദേഹം അക്കാര്യങ്ങള്‍ വിശദമാക്കി ഗാന്ധിജിക്ക് കത്തയച്ചു. പിന്നാലേ ഗുരുദേവന്‍ നേരിട്ടും ഒരു കുറിപ്പ് ഗാന്ധിജിക്ക് എഴുതുകയുണ്ടായി. അത് ഇങ്ങനെയായിരുന്നു,
    "തീവണ്ടിയില്‍ വച്ച് കെ. എം. കേശവന്‍  നമ്മെക്കണ്ട് നടത്തിയ അഭിമുഖസംഭാഷണത്തിന്റെ റിപ്പോര്‍ട്ട് 'ദേശാഭിമാനി' യില്‍ പ്രസിദ്ധം ചെയ്തുകണ്ടു. അത് നാം  ഉദ്ദേശിക്കുന്നതെന്താണെന്ന് ശരിയായി മനസ്സിലാക്കാതെ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ്. പ്രസിദ്ധപ്പെടുത്തുംമുമ്പ് ആ റിപ്പോര്‍ട്ട് നമ്മെ കാണിച്ചതില്ല. പ്രസിദ്ധം ചെയ്തുകഴിഞ്ഞും നാം ഉടനെ അതുകണ്ടില്ല. സാമൂഹ്യമായ സൌഹാര്‍ദ്ദമനോഭാവം നേടിയെടുക്കുന്നതിന് അയിത്തത്തിന്റെ നിവാരണം അത്യന്താപേക്ഷിതമാണ്. മഹാത്മഗാന്ധി ഈ തിന്മ നിവാരണം ചെയ്യുന്നതിനുവേണ്ടി നടത്തുന്ന സത്യാഗ്രഹപ്രസ്ഥാനത്തോട്, നമുക്ക്് യാതൊരഭിപ്രായവ്യത്യാസവുമില്ല. അയിത്തോച്ചാടനത്തിനുവേണ്ടി സ്വീകരിക്കുന്ന ഏതുപ്രവര്‍ത്തനമാര്‍ഗവും തികച്ചും അഹിംസാനിഷ്ഠമായിരിക്കേണ്ടതാണ്.

27 6 1924                                          നാരായണഗുരു"

    ഗാന്ധിജി അടുത്തലക്കം യംഗ് ഇന്ത്യയില്‍ ഒരു ക്ഷമാപണത്തോടെ ഗുരുദേവന്റെ ഈ കത്ത് പ്രസിദ്ധീകരിച്ചു. ഗുരുപറയുന്നതില്‍ വിവാദച്ചുവയുണ്ടാക്കി ശ്രദ്ധപിടിക്കാന്‍ഒരു പത്രപ്രവര്‍ത്തകന്‍ കാട്ടിയ തിടുക്കമാണ് ഈ വിമര്‍ശനത്തിലും വിശദീകരണത്തിലും ഒടുവില്‍ ക്ഷമാപണത്തിലും ചെന്നെത്തിയത്. പാതിവിവരംപോലും ലഭിക്കുംമുമ്പേ ന്യൂസ് ഫ്ളാഷ് ചെയ്യുന്ന  ഇന്നത്തെ മാധ്യമസമൂഹത്തിന് ഒരു പാഠമാണ് ഗുരുദേവന്റെയും ഗാന്ധിജിയുടെയും ഈ അനുഭവം. ഒരു സംഭവത്തെ അവനവന്റെ താല്പര്യസംരക്ഷണത്തിനായി എങ്ങനെ ഉപയോഗിക്കാം എന്നാലോചിച്ചിരിക്കുന്നവര്‍ ഇത്തരം സെന്‍സേഷണലിസം സ്വാര്‍ത്ഥലാഭത്തിനായി ഉപയോഗിക്കാറുണ്ട്. പലപ്പോഴും ഇത്തരക്കാരാണ് ന്യൂസിന്റെ സോഴ്സ് ആകുന്നതും.
    മലയാളപത്രങ്ങളില്‍ ആദ്യത്തെ അഭിമുഖമായി അറിയപ്പെടുന്ന സി. വി. കുഞ്ഞുരാമന്‍-ഗുരുദേവന്‍ സംവാദം ഇക്കാലത്തും പ്രസക്തമായി നില്‍ക്കുന്നത് സി. വി എന്ന പ്രൊഫഷണല്‍ ജേര്‍ണലിസ്റ്റിന്റെ സത്യസന്ധമായ സമീപനം കൊണ്ടാണ്. പലതവണ ഗുരുദേവനെ നേരില്‍ക്കണ്ട് സംസാരിച്ച് സംശയനിവൃത്തിവരുത്തിയും എഴുതിയഭാഗങ്ങള്‍ ഗുരുവിനെ വായിച്ച് കേള്‍പ്പിച്ച് ധാരണാപിശക് ഒഴിവാക്കിയും ആണ് സി. വി അത് കേരളകൌമുദിയില്‍ പ്രസിദ്ധം ചെയ്തത്. "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന ഗുരുദേവന്റെ  വിഖ്യാതസന്ദേശം പുറത്തുവന്നത് കൊല്ലവര്‍ഷം 1101കന്നി23 ന് കേരളകൌമുദി പ്രസിദ്ധപ്പെടുത്തിയ 'ഒരു സംവാദം' എന്ന ഈ അഭിമുഖത്തില്‍നിന്നാണ്. പത്രത്തിന്റെ അച്ചില്‍നിന്ന് പകര്‍ന്ന് വാമൊഴിയായും വരമൊഴിയായും ആ ദിവ്യസന്ദേശം ലോകമാകെ പരന്നു.  ഗുരുസന്ദേശങ്ങളെക്കുറിച്ച്    ഒന്നും അറിയാത്തവര്‍ക്കുപോലും "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന സന്ദേശം മനപ്പാഠമാണ്.  അത് സത്യസന്ധമായ പത്രപ്രവര്‍ത്തനത്തിന് കൂടി അവകാശപ്പെട്ട വിജയമാണ്. ആ  അഭിമുഖത്തിലൂടെ സി. വി തന്റെ പ്രൊഫഷനോട് കാണിച്ച കൂറും കൃത്യത ഉറപ്പാക്കലും പത്രപ്രവര്‍ത്തനരംഗത്തിന് മാത്രമല്ല കൊതിയും നുണയുംപറഞ്ഞ് പ്രസ്ഥാനങ്ങളെ നശിപ്പിക്കുകയും സമൂഹം മലീമസമാക്കുകയും ചെയ്യുന്നവരൊക്കെ കണ്ടുപഠിക്കേണ്ട പാഠമാണ്.

1 comment:

  1. അതേ സമയം ബില്‍ക്ളിന്റണ്‍- മോണിക്ക സംഭവംപോലെ എരിവും പുളിയുമുണ്ടെങ്കില്‍ എടുത്തുവച്ച് അരിച്ചുഗുണിക്കും.

    ReplyDelete