Tuesday, 10 January 2012

ഈഴച്ചെമ്പകച്ചോട്ടിലെ കാട്ടുവളളികള്‍

" എന്റെ ശവകുടീരത്തിനരികത്ത് ഒരു ഈഴച്ചെമ്പകത്തൈ നടണം. അത് വളര്‍ന്ന് ശിഖരങ്ങള്‍ പടര്‍ത്തി ആറടിമണ്ണിനെ പൊതിഞ്ഞു നില്‍ക്കട്ടെ. ദിവസവും ഒരു പൂവെങ്കിലും ആ ചെമ്പകമരത്തില്‍നിന്ന് ഉതിര്‍ന്ന് എന്റെ ശിഷ്ടമായി മാറിയ മണ്ണില്‍ പതിക്കട്ടെ. ആ പൂമണം അറിഞ്ഞ് അതിന്റെ സ്നിഗ്ധതയിലാവണം എന്റെ അന്ത്യ ഉറക്കം..."
    തലസ്ഥാനത്തെ നന്തന്‍കോടുളള ഡോ. പല്പുവിന്റെ ശവകുടീരത്തിന്റെ മതിലിനുപുറത്തു നില്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഊറിവന്നത് അദ്ദേഹത്തിന്റെ ഈ അന്ത്യാഭിലാഷമായിരുന്നു.  കാട്ടുപുല്‍ച്ചെടികള്‍ പടര്‍ന്നുകയറി പാതിമറച്ച കാഴ്ചയില്‍ ആ ഈഴച്ചെമ്പകത്തിന്റെ ശിഖരങ്ങള്‍കാണാം. ചെമ്പകം  ഒന്നല്ല നൂറുപൂക്കള്‍ പൊഴിക്കുന്നുണ്ട്.  പക്ഷേ അവയ്ക്കൊന്നും പല്പുവിന്റെ ശവകുടീരത്തെ ചുംബിക്കാനുളള ഭാഗ്യമില്ല. കാട്ടുപടര്‍പ്പുകള്‍ അവ ഏറ്റുവാങ്ങി പരിഹാസച്ചിരിപൊഴിക്കുന്നു. കാട്ടുവളളികള്‍ ഈഴച്ചെമ്പകത്തെ ശ്വാസംമുട്ടിക്കുന്നു. ഏഴകള്‍ക്ക് മേല്‍ നൂറ്റാണ്ടുകളോളം വളര്‍ന്നു പടര്‍ന്നുകിടന്ന  അയിത്തക്കാടുവെട്ടിത്തെളിച്ച കേരളത്തിന്റെ വീരനായകനെ മരണാനന്തരം കീഴടക്കിയതിന്റെ അഹങ്കാരമാണ് ആ കാട്ടുപൊന്തകള്‍ക്ക്. ഡോ. പല്വുവിന്റെ ജീവിതം ആര്‍ക്കുവേണ്ടിയാണോ ഹോമിച്ചത് അവരുടെ തലമുറകള്‍  ഈ ശവകുടീരത്തിനുതാഴെയുളള പൊതുവഴിയിലൂടെ ശീതീകരിച്ച കാറുകളില്‍ പായുന്ന കാഴ്ചയെ നമുക്ക് കേരളത്തിന്റെ സാമൂഹ്യമാറ്റം എന്നുവിളിക്കാം.
    1890കളുടെ അവസാനത്തില്‍  ഒരു 1200 രൂപയ്ക്കുണ്ടായിരുന്ന മൂല്യം ഇപ്പോള്‍ എത്രയെന്ന് കണക്കാക്കാന്‍ അറിയില്ല. എങ്കിലും പറയട്ടെ, തിരുവിതാംകൂറില്‍ ഈഴവരെയും പിന്നാക്കവിഭാഗങ്ങളെയും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് അകറ്റിനിറുത്തിയിരിക്കുന്നതിനെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചോദ്യം ചെയ്യാന്‍ ബാരിസ്റ്റര്‍ ജി. പി. പിളളയെ ഇംഗ്ളണ്ടിലേക്ക് അയക്കാന്‍ ഡോ. പല്പു നടത്തിയ ശ്രമത്തിന് ഭഗീരഥനെ തോല്പിക്കുന്ന ത്യാഗമുണ്ടായിരുന്നു. സ്വാമിവിവേകാനന്ദനെ കാണാനുളള പരിശ്രമമായിരുന്നു ആദ്യഘട്ടം. മൈസൂര്‍രാജാവിനെ സന്ദര്‍ശിക്കാന്‍ വിവേകാനന്ദ സ്വാമി എത്തുന്നു എന്നറിഞ്ഞ് കൊട്ടാരം റിക്ഷാക്കാരനെ സ്വാധീനിച്ചു. അയാള്‍ക്കുപകരം വിവേകാനന്ദനെ റിക്ഷയില്‍വച്ച് വലിക്കാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഡോക്ടര്‍ക്ക് ഒരു മടിയുമില്ലായിരുന്നു. വണ്ടി വലിക്കുമ്പോള്‍ താന്‍ റിക്ഷാക്കാരനല്ലെന്നും ഡോക്ടറാണെന്നും അറിയിച്ചു. തന്റെ ഈ വേഷംമാറലിന്റെ ഉദ്ദേശ്യവും ധരിപ്പിച്ചു. സ്വാമി വിവേകാനന്ദന്‍ എന്ന ഭാരതത്തിന്റെ ആ സൂര്യതേജസ് ഒരു നിമിഷം ആ ഭിഷഗ്വരന്റെ ത്യാഗബുദ്ധിക്കുമുന്നില്‍ മനസ്സുകൊണ്ട് തലകുനിച്ചുപോയി. സ്വാമി യില്‍നിന്ന് സിസ്റ്റര്‍ നിവേദിതയ്ക്ക് ഒരു ശുപാര്‍ശക്കത്ത് വാങ്ങിയെടുത്തു. അതുമായി പോകാനുളള ചെലവിന് 1500 രൂപയോളം വേണം. നാട്ടിലെത്തി.പല പ്രമുഖരെയും കണ്ടു. അഞ്ചുരൂപ തികച്ചുകണ്ടിട്ടില്ലാത്ത ഏഴച്ചെറുമക്കള്‍ എല്ലാവരും കൂടി പിരിച്ചത് 300രൂപയാണ്. ബാക്കി 1200 രൂപ പ്േളേഗ് ബാധിതര്‍ക്കിടയില്‍ ജീവന്‍  പണയംവച്ച് ജോലിചെയ്തുണ്ടാക്കിയ ശമ്പളം സ്വരുക്കൂട്ടിയതാണ്. അങ്ങനെ ജി.പി. പിളള ലണ്ടനിലെത്തി. നിവേദിതയില്‍നിന്ന് റെക്കമെന്റേഷന്‍ ലെറ്റര്‍വാങ്ങി പാര്‍ലമെന്റ് മെമ്പര്‍മാരെക്കണ്ട് നിവേദനം കൊടുത്തു. പ്രശ്നം  ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഒച്ചപ്പാടുണ്ടാക്കി. അവിടെനിന്ന്  തിരുവിതാംകൂര്‍ വാഴുന്ന പൊന്നുതമ്പുരാന് ചോദ്യംവന്നു,. അങ്ങനെയാണ് എം. ഗോവിന്ദന്‍  ഈഴവര്‍ക്കിടയില്‍ നിന്ന് ആദ്യത്തെ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകുന്നത്.
    പഠിക്കാനും തൊഴിലെടുക്കാനും അവസരം നല്‍കാതെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ആട്ടിയിറക്കിയ അനേകം പിന്നാക്കക്കാരില്‍  ഒരുവനായിരുന്നു ഡോ. പല്പു. ബ്രിട്ടീഷ് സര്‍വീസില്‍ കയറിപ്പറ്റി അന്യരാജ്യങ്ങളില്‍ ജോലിവാങ്ങിയ മറ്റ് മിടുക്കന്മാര്‍ പലരുമുണ്ട്. പിന്നെ സ്വരാജ്യത്തെയോ തന്നെപ്പോലെ അവശത അനുഭവിക്കുന്ന സ്വസമുദായത്തെയോ തിരിഞ്ഞുനോക്കിയിട്ടില്ല. മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമായി സമ്പാദിച്ചു കൂട്ടി അവര്‍. അവര്‍ക്കൊക്കെ ഇന്ന് നല്ല മാര്‍ബിളിന്റെ കല്ലറകള്‍ ഉണ്ടാകും. പൂന്തോട്ടങ്ങളുടെ പരിലാളനം കാണും. ദിവസവും വിളക്ക് തെളിയും ആ കല്ലറകള്‍ക്കുമുന്നില്‍. പല്പുവിന് സംഭവിച്ചത് നേരേ മറിച്ചാണ്. കുടുംബകാര്യം പലപ്പോഴും മറന്നുപോയി. മൈസൂറില്‍നിന്ന് ഇടയ്ക്കിടെ തിരുവിതാംകൂറിലെത്തി ഈഴവരെ സംഘടിപ്പിക്കാന്‍ ശ്രമിച്ചു. മലയാളി മെമ്മോറിയലിന് ഒപ്പം നിന്നു. വണ്ടിയും വളളവുമില്ലാത്ത കാലത്ത് കൈപിടിച്ച് ഒപ്പിടാന്‍പോലും അക്ഷരജ്ഞാനമില്ലാഞ്ഞ ഭൂരിഭാഗത്തിന്റെ  ഇടയില്‍നിന്ന് 13000 പേരെ സംഘടിപ്പിച്ച് ഈഴവ മെമ്മോറിയല്‍  ഉണ്ടാക്കി മഹാരാജാവിന് കൊടുത്തു. കുമാരനാശാന്റെ പഠനച്ചെലവ്. യോഗത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ എല്ലാം പല്പുവിന്റെ കോട്ടിന്റെ പോക്കറ്റില്‍നിന്നെടുത്ത പണമാണ്. എം. എ. എല്‍. റ്റി വരെ വിദേശത്തുവിട്ട് പഠിപ്പിച്ചു വളര്‍ത്തിയ ഒരു മകനെയും ( നടരാജഗുരു) ഗുരുധര്‍മ്മ പ്രചാരണത്തിനായി വിട്ടുകൊടുത്തു പല്പു. ആ ഭഗീരഥജന്മത്തിന് ആകെയുണ്ടായ ആശ്വാസം ഗുരുദേവന്‍ എന്ന സ്നേഹമൂര്‍ത്തിയുടെ കരുണാകടാക്ഷങ്ങളും വിശ്വാസവുമായിരുന്നു.  തലസ്ഥാനത്തെ ഇംഗ്ളീഷ്സ്കൂളില്‍ മൂന്നാം ഫോറത്തില്‍ ചേര്‍ന്ന  പല്പുവിനെ പണ്ട് സവര്‍ണ്ണര്‍ ഇടപെട്ട് പൊടിയും മാറാലയും പിടിച്ച ക്ളാസ്മുറിയുടെ മൂലയ്ക്കിരുത്തി. ഇന്ന് സര്‍വസമത്വം വിളമ്പുന്ന ആധുനിക തലസ്ഥാനം പല്പുവിന്റെ സ്മരണകുടീരത്തെ കാട്ടുപൊന്തയ്ക്കിടയില്‍ തളളിയിരിക്കുന്നു. ആരും അദ്ദേഹത്തിനായി സൌജന്യം ചെയ്യേണ്ടതില്ല. പഴയൊരുകടമുണ്ട് വീട്ടാന്‍. അതെങ്കിലും  തിരികെകൊടുക്കണം. പണ്ടത്തെ ആ ആയിരത്തി ഇരുനൂറിന്റെ ഇപ്പോഴത്തെ മൂല്യവും നോക്കുന്നില്ല. രണ്ടാളെ നിറുത്തി പല്പുവിന്റെ ശവകുടീരം ഒന്നു വൃത്തിയാക്കിയിടാന്‍ ആ ആയിരത്തി ഇരുന്നൂറ് രൂപയെങ്കിലും മുടക്കാന്‍ തയ്യാറാകണം നമ്മള്‍ മലയാളികള്‍. ജനുവരി 25 പല്വുവിന്റെ ഓര്‍മ്മദിവസമാണ്. മൈക്കുകെട്ടി വാചകക്കസര്‍ത്തുനടത്തുന്നതിനുമുമ്പ് ആ കുടീരം വൃത്തിയാക്കി ഒരു വിളക്കു കൊളുത്തുക. തൃശൂര്‍ കാരമുക്കില്‍ 1920 മേയ് 20ന് ദീപപ്രതിഷ്ഠനടത്തിക്കൊണ്ട് ഗുരുദേവന്‍ അരുളിയ വാക്കുകള്‍ കടംകൊണ്ടു പറഞ്ഞാല്‍, "വെളിച്ചം ഉണ്ടാവട്ടെ.. തമസോമാ ജ്യോതിര്‍ ഗമയ".

3 comments:

 1. ‘അവനവനാത്മസുഖത്തിനാചരിക്കുന്നവർ...’ ആയിപ്പോയില്ലേ ഇന്നത്തെ തലമുറ? ഇനിയെങ്കിലും ത്യാഗികളെ ആദരിക്കാൻ സന്മനസ്സുണ്ടാകട്ടെ......

  ReplyDelete
 2. "വെളിച്ചം ഉണ്ടാവട്ടെ.. തമസോമാ ജ്യോതിര്‍ ഗമയ".

  ReplyDelete
 3. പ്രീയപ്പെട്ട സജിവ് കൃഷ്ണൻ,

  തൻകളുടെ ലേഖനം വായിച്ചു. വളരെ നന്ദി. താൻകൾ പറയുന്ന കാര്യങ്ങൾ തികച്ചും സത്യം ആണെൻകിലും അവയിൽ ചിലവ തുടർന്നും എഴുതാതിരിക്കയാണു ഭാവിക്കുനല്ലതെന്ന അഭിപ്രായക്കാരനാണു ഈ കുറിപ്പെഴുതുന്നയാൾ.

  ആ മഹാത്മാവിന്റെ ശവകുടീരം വൃത്തിയാക്കാൻ ചുമതലപ്പെട്ടവർ ആരെൻകിലും ഉണ്ടോ? അവരെക്കൊണ്ടു ചെയ്യിക്കാൻ പറ്റുമോ? പണമാണു പ്രശ്നം എൻകിൽ അതുണ്ടാക്കാം. ദയവായി അറിയിക്കുക.

  ReplyDelete