Sunday, 29 January 2012

ഓം ഋഷീങ് തര്‍പ്പയാമി... ഓം പിതൃങ് തര്‍പ്പയാമി...

ശ്രീനാരായണ സാഹിത്യം അതിന്റെ എക്കാലത്തെയും വലിയ നഷ്ടത്തിന്റെ അളക്കാനാവാത്ത ശൂന്യത അനുഭവിക്കുന്ന ശോകാന്തരീക്ഷത്തിലിരുന്നുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്. ഉറച്ചൊന്നുപെയ്യാനാവാതെ മഴമേഘങ്ങള്‍ ആകാശത്ത് വീര്‍പ്പുമുട്ടുംപോലെ വാക്കുകള്‍ ഉളളില്‍ തട്ടി വിങ്ങുന്ന അവസ്ഥ! ഇത് എത്ര വേദനാജനകമാണെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ...

ഗുരുദേവ സാഹിത്യത്തിലേക്ക് ഒരു പുസ്തകസഞ്ചികയൊന്നും നല്‍കാന്‍ സുകുമാര്‍ അഴീക്കോട് മാഷിന് കഴിഞ്ഞില്ല. എന്നാല്‍ എഴുതിവച്ചതത്രയും ഗുരുവെന്ന സത്യത്തോട് നീതിപുലര്‍ത്തുന്ന കാഴ്ചപ്പാടുകളായിരുന്നു. ഒരു തങ്കനാണയത്തിന്റെ ഒരു പുറത്ത് മഹാത്മജിയുടെയും മറുപുറത്ത് ഗുരുദേവന്റെയും ചിത്രം ആലേഖനം ചെയ്താല്‍ എങ്ങനെയിരിക്കും. അതിന്റെ മൂര്‍ത്തീഭാവമാണ് അഴീക്കോട് മാഷ് എന്ന് ആ ഗഹനാക്ഷരങ്ങളിലൂടെ കടന്നുപോകുമ്പോള്‍ തോന്നിപ്പോകും. വിയ്യൂരിലെ പഴയവീട്ടില്‍ അപൂര്‍വമല്ലാത്ത ഒരു സന്ദര്‍ശനത്തിനിടെ ഒരിക്കല്‍ കുറച്ച് സ്വാതന്ത്യ്രം എടുത്തുകൊണ്ട് മാഷിനോട് നേരിട്ട് ഈ സങ്കല്പം അവതരിപ്പിച്ചു. " ഇതു വലിയ ഒരു ബഹുമതിയാണല്ലോ? ഇവിടെയിരിക്കുന്ന ഒരു പുരസ്കാരത്തിനും ഇത്രയും ബഹുമതി ഉണ്ടോ എന്ന് സംശയിക്കേണ്ടിരിക്കുന്നു." എന്നു പറഞ്ഞ് അഴീക്കോട് മാഷ് ചിരിച്ചു. ചിരിയില്‍ പങ്കുചേരാതെ പറഞ്ഞവാക്ക് പിന്‍വലിക്കാന്‍ മടിച്ച് നിന്നപ്പോള്‍ മാഷ് വീണ്ടും വാക്ഗംഗയെ അല്പം തുറന്നുവിട്ടു. "ഖദര്‍ധാരികളെയെല്ലാം ഗാന്ധിയനെന്നും മഞ്ഞപുതച്ചവരെയെല്ലാം ശ്രീനാരായണീയര്‍ എന്നും വിളിച്ച് അവര്‍ അര്‍ഹിക്കാത്ത ബഹുമതി നല്‍കുന്നവരാണ് നമ്മള്‍... അതു കൊണ്ട് ഈ പരാമര്‍ശം ബഹുമതിയായിത്തന്നെ ഇരിക്കട്ടെ." മാഷിന്റെ ചിരിയില്‍ ഇത്തവണ പങ്കുചേരാതിരിക്കാന്‍ കഴിഞ്ഞില്ല.

"വൈക്കം സത്യാഗ്രഹകാലത്ത് സത്യാഗ്രഹാശ്രമം സന്ദര്‍ശിക്കാന്‍ എത്തിയ ഗുരുദേവനെ സത്യാഗ്രഹികള്‍ ഖദര്‍മാല ഇട്ടാണ് സ്വീകരിച്ചത്. മാല മണത്തു നോക്കിയിട്ട് ഗുരുദേവന്‍ ചോദിച്ചു, "ഇതിന് വാസന ഇല്ലല്ലോ? ഉളളിലാകും വാസന അല്ലേ?" എന്ന്. പിന്നീട് അവിടമാകെ ഖദര്‍ നിറഞ്ഞുകണ്ടപ്പോള്‍ ഗുരു സ്വതസിദ്ധമായ നര്‍മ്മം വീണ്ടും പുറത്തെടുത്തു. "നിങ്ങള്‍ ഉണ്ണുന്നതും ഖദര്‍ ആണോ?". വെറും ബാഹ്യപ്രകടനങ്ങള്‍ കൊണ്ട് ഒരുകാര്യവുമില്ലെന്ന് സൂചിപ്പിക്കുകയായിരുന്നു ഗുരുദേവന്‍. ഗാന്ധിജിയെ സംബന്ധിച്ച് സ്വയം പര്യാപ്തതയുടെയും തനിമചോരാത്ത പൈതൃകത്തിന്റെയും അദ്ധ്വാനിക്കാതെ ഉണ്ണരുത് എന്ന ജീവിതസന്ദേശത്തിന്റെയും പ്രതീകമായിരുന്നു ഖദര്‍. എന്നാല്‍ ആ പ്രതീകം മാത്രം എടുത്ത് ആര്‍ഭാടങ്ങള്‍ക്ക് പുറമേചൂടിക്കൊണ്ട് അഭിനവ ഗാന്ധിയന്മാര്‍ വിരാജിക്കുന്ന കാഴ്ച ആരും ചൂണ്ടിക്കാണിക്കാതെ തന്നെ കണ്ണില്‍പ്പെടുന്നുണ്ട്.

ശിവഗിരി തീര്‍ത്ഥാടനത്തിന് വെളളമുണ്ട് മഞ്ഞളില്‍മുക്കി ഉടുത്തുവരാനും അതിനുശേഷം അടിച്ചുനനച്ച് മഞ്ഞള്‍ കഴുകിക്കളയാനും നിര്‍ദ്ദേശിച്ചു ഗുരുദേവന്‍. ദീര്‍ഘയാത്രയില്‍ രോഗാണുക്കളെ ചെറുക്കാനുളള ഒരു തന്ത്രമാണത്. മഞ്ഞ നിറത്തിന് ഊര്‍ജ്ജപ്രസരണത്തില്‍ ഉളള മേല്‍ക്കൈയും ആരോഗ്യപരമായി പ്രയോജനപ്പെടുത്താം. എന്നാല്‍ ഇന്ന് തീര്‍ത്ഥാടനം മഞ്ഞപ്പട്ടുവസ്ത്രങ്ങളുടെ സംസ്ഥാനസമ്മേളനം പോലെയാണ്. വന്‍കിട വസ്ത്രവ്യാപാരികള്‍ക്കല്ലാതെ മറ്റാര്‍ക്കും അത് പ്രയോജനപ്പെടില്ല. മഞ്ഞള്‍ മുക്കിയ ഒരു കൈലേസുപോലും എടുക്കാനുണ്ടാവില്ല ആരുടെയും കൈയില്‍. അതും പ്രകടനപരതയിലേക്ക് എന്നേ മാറിക്കഴിഞ്ഞു." അഴീക്കോട്മാഷിന്റെ ചിരിയില്‍ ഇത്രയും ആന്തരാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടായിരുന്നു എന്ന് അപ്പോഴാണ് വ്യക്തമായത്. ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്തത് ത്രിമൂര്‍ത്തികളാണെന്ന് മാഷ് മറ്റൊരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു. അത് സ്വാമി വിവേകാനന്ദനും ഗാന്ധിജിയും ഗുരുദേവനുമാണെന്നാണ് മാഷിന്റെ കണ്ടെത്തല്‍. ഒരു യാത്രയ്ക്കിടെ കരുനാഗപ്പളളിയിലെ ഒരു ഹോട്ടലില്‍ മോരില്‍കുഴച്ച ഒരുപിടിച്ചോറിന്റെ മുന്നിലിരുന്നുകൊണ്ടാണ് മാഷ് ഇതുപറഞ്ഞത്. വിശക്കുന്നവന്റെ ഇന്ത്യയെ കണ്ടെത്തിയവരാണിവര്‍ മൂവരും. വിശക്കുന്നവനുമുന്നില്‍ അന്നമാണ് ദൈവം എന്നറിഞ്ഞവര്‍. അവര്‍ വിശപ്പിന്റെ വിലയറിഞ്ഞു. വിശക്കുന്നവന്റെ ജീവിതവീക്ഷണത്തിനുമുന്നില്‍ വേദാന്തം തോറ്റുപോകും. അധഃസ്ഥിതനെ വിശപ്പില്‍നിന്നും ജാതി അടിമത്തത്തില്‍നിന്നും രക്ഷിക്കാന്‍ ഉപായം തേടിയുളള അതികഠിനമായ സാധനായാത്രയില്‍ വിശപ്പേറെ അറിഞ്ഞിട്ടുണ്ട് ഗുരുദേവന്‍. ഒരിക്കല്‍ ഒരു പാതിരാവില്‍ വിശപ്പിന്റെ മൂര്‍ദ്ധന്യതയില്‍ ഏതോ ഒരു വീടിന്റെ പശുത്തൊഴുത്തില്‍ ഒഴിച്ചുവച്ചിരുന്ന കാടിവെളളത്തില്‍ കൈയിട്ടു പരതി ഒരു പിടി വറ്റെടുത്ത് തോര്‍ത്തില്‍ പിഴിഞ്ഞ് വെളളംകളഞ്ഞ് താന്‍ ഭക്ഷിച്ച കഥ ഗുരുദേവന്‍ തന്നെ പറഞ്ഞിട്ടുണ്ട്. കുടലിന്റെ വിശന്നുളള നീറ്റലില്‍നിന്നാണ് ഗുരുദേവന്‍ ജീവിതയാഥാര്‍ത്ഥ്യത്തിന്റെ അമൃതകുംഭം ഉയര്‍ത്തിയെടുത്തത്. അത് സര്‍വര്‍ക്കും സ്വീകാര്യമായ ശ്രീനാരായണ ധര്‍മ്മമായി പരിലസിച്ചു. വിശപ്പിന്റെ ഒരു ചെറുതാളം നമ്മള്‍ ഉളളില്‍ സൂക്ഷിക്കുമ്പോള്‍ ജീവിതത്തിന്റെ മൂല്യം ഒരിക്കലും മറക്കില്ല. അതിനാല്‍ അധികം ആഹരിക്കാതിരിക്കുക. എന്നു പറഞ്ഞ് മാഷ് രണ്ടോമൂന്നോപിടിച്ചോറില്‍ ഉച്ചയൂണ് അവസാനിപ്പിച്ചു. മാഷിന്റെ വാഗ്ധോരണിയില്‍ ജീവിതസത്യങ്ങള്‍ നിറയുന്നത് എങ്ങനെയെന്ന് അവിടെവച്ചാണ് തിരിച്ചറിഞ്ഞത്. സംഗീതത്തിന്റെ പിറവിപോലും വിശപ്പില്‍നിന്നായിരുന്നല്ലോ!

ഗുരുദേവനെ സാമൂഹ്യപരിഷ്കര്‍ത്താവെന്നും ആത്മീയ ആചാര്യനെന്നും രണ്ടുതട്ടില്‍ക്കണ്ട് തര്‍ക്കിക്കുന്നവര്‍ക്കായി അഴീക്കോട് മാഷ് ഇങ്ങനെ എഴുതി: "ശ്രീനാരായണന്‍ അദ്വൈതസത്യത്തെ സ്വാംശീകരിച്ച മഹാ ഋഷിയാണ്. അദ്ദേഹം ജാതിക്കെതിരെ ഒരു പോംവഴി അന്വേഷിച്ച് അദ്വൈതദര്‍ശനത്തില്‍ എത്തിയതാണ്. അനേകം സമുദായങ്ങള്‍ പുലര്‍ന്നുപോന്നിരുന്ന കേരളത്തിന്റെ ഗുരുവാണ് ശ്രീനാരായണന്‍. അതേ സമയം ഇന്ത്യയിലെ ഗുരുപരമ്പരയുടെ മഹത്തായ കണ്ണിയുമാണ്."

ശ്രീനാരായണ സാഹിത്യത്തിലേക്ക് എക്കാലത്തെയും മികച്ച സംഭാവനകള്‍ നല്‍കിയ നടരാജഗുരുവും ശിഷ്യന്‍ ഗുരു നിത്യചൈതന്യയതിയും സമാധിസ്ഥരായി. ശ്രീനാരായണഗുരുവിനെക്കുറിച്ച് ആര് എവിടെ എന്തൊക്കെ എഴുതി എന്നന്വേഷിച്ചറിഞ്ഞ് അവയെല്ലാം പുതിയ തലമുറയ്ക്കായി സ്വരുക്കൂട്ടിവയ്ക്കുമായിരുന്ന ചമ്പാടന്‍ വിജയന്‍ എന്ന വിജയേട്ടന്‍, ആധികാരികതയോടെ ഗുരുകൃതികള്‍ക്ക് ഭാഷ്യം രചിച്ച ഡോ. ടി. ഭാസ്കരന്‍ സാര്‍, ഗുരുദര്‍ശനത്തിന്റെ ആത്മീയ വൈഭവം തുറന്നുകാട്ടിയ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ സാര്‍.. ഒടുവിലിതാ പടനായകന്റെ കരുത്തുമായി ഗുരുസാഹിത്യത്തില്‍ എപ്പോഴും ഇടപെടലിന് സജ്ജനായി നിന്ന അഴീക്കോട് മാഷും വിടപറയുന്നു. മരിച്ചവരെ ഓര്‍ത്ത് കരയരുത് എന്ന് ഗുരുദേവന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരിറ്റ് കണ്ണീരെങ്കിലും ഈ ഗുരുപരമ്പരയ്ക്ക് തര്‍പ്പണമായി വീഴ്ത്താതിരിക്കാന്‍ ആവുന്നില്ലല്ലോ ഗുരുദേവാ... ജഗത് പാലകാ ഈ തര്‍പ്പണം ഏറ്റുവാങ്ങിയാലും...

" ഓം ഋഷിങ് തര്‍പ്പയാമി.. ഓം പിതൃങ് തര്‍പ്പയാമി...

Monday, 23 January 2012

മാഷേ.. ഈ വേര്‍പാട് എങ്ങനെ സഹിക്കും?



വലിയരോഗത്തിന്റെ പിടിയിലമര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിന്റെ തലേദിവസമാണ് അഴീക്കോട് മാഷിന്റെ സ്വരം അവസാനമായി എന്റെ ഫോണ്‍റിസീവറില്‍ കേട്ടത്. കേരളകൌമുദിയുടെ 1952ലെ ഒരു പത്രം മറിച്ചുനോക്കവേ കണ്ട ഒരു വാര്‍ത്തയാണ് പെട്ടെന്ന് മാഷിനെ വിളിക്കാന്‍ തോന്നിച്ചത്. ഗുരുവായൂര്‍ ഹിന്ദുമതകണ്‍വെന്‍ഷനില്‍ ഡോ. സുകുമാര്‍ അഴീക്കോട് മൈസൂര്‍ രാജാവിന്റെ സന്ദേശം വായിച്ചു എന്നായിരുന്നു ആ വാര്‍ത്ത. ഫോണിന്റെ മറുതലപ്പത്ത് മാഷിന്റെ പതിഞ്ഞ സ്വരത്തിലുളള "ഹലോ" ശബ്ദംകേട്ടപ്പോള്‍ ഞാന്‍ ആവേശത്തോടെ ഈ പഴയ ന്യൂസ് വായിച്ചു കേള്‍പ്പിച്ചു. " അന്ന് മുതല്‍ക്ക് പിന്നീട് 18 വര്‍ഷം തുടര്‍ച്ചയായി ഗുരുവായൂര്‍ ഹിന്ദുമതകണ്‍വെന്‍ഷനില്‍ പ്രസംഗിച്ച ഏക അവര്‍ണ്ണന്‍ ഞാനായിരുന്നു" എന്നാണ് മാഷ് അതിനോട് പ്രതികരിച്ചത്. ശബ്ദം വളരെ ദുര്‍ബലമായിരുന്നു. എന്നാല്‍ അതിനുളളിലെ ആര്‍ജവത്തിന്റെ ഹോമഗ്നിക്ക് ചൂട് ഒട്ടും കുറഞ്ഞിരുന്നില്ല. വികലാംഗ അസോസിയേഷന്റെ ഒരു പരിപാടിക്ക് ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു മാഷ്. "ഒട്ടും സുഖമില്ല എന്നുപറഞ്ഞാലും വിടില്ല നമ്മുടെ ആള്‍ക്കാര്‍" എന്ന് സ്വകാര്യമായി പരിതപിച്ചു മാഷ്. "യാത്രകുറയ്ക്ക് മാഷേ കുറച്ച് റസ്റ്റെടുക്ക്" എന്നു പറഞ്ഞു. ഒരു ചിരിയായിരുന്നു മറുപടി. ആര്‍ദ്രതയില്ലാത്ത ചെറുചൂടുളള കാറ്റുപോലെ അതിപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നു.
    രണ്ടാം ദിവസം തൃശൂര്‍ യൂണിറ്റില്‍ നിന്നുവന്ന റിപ്പോര്‍ട്ടുകളില്‍ ഒന്നില്‍ അഴീക്കോട് മാഷിനെ അര്‍ബുദബാധിതനായി തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന ഒരു വാര്‍ത്ത കണ്ടു.  അവശനായി കിടക്കുന്ന മാഷിനെ കണ്ടിട്ട് വിശ്വസിക്കാന്‍ തോന്നിയില്ല. ഏതു മലയാളിയെയും പോലെ എന്റെ ഉളളിലും പതിഞ്ഞുപോയ ആ ജ്ഞാന ഹിമവാന്റെ രൂപം അത്രപെട്ടെന്നൊന്നും ഒരു രോഗാണുവിനും തട്ടിമറിച്ചിടാനാവില്ല. ഇന്ന് ആ മുഖതേജസൊക്കെ മായിച്ചുകൊണ്ട് കാന്‍സറിന്റെ ഭ്രാന്ത് ഒരിക്കല്‍കൂടി വെളിപ്പെട്ടു. ഒരു പാട് കശ്മലന്മാര്‍ കരിവാരിത്തേക്കാന്‍ ഒരെമ്പെട്ടപ്പോഴെല്ലാം അവരെ അറിവുകൊണ്ട് അടിയറവുപറയിച്ച് ന്യായത്തിന്റെ കൊടി ഉയര്‍ത്തിക്കെട്ടിയ മാഷിനെ ഒടുവില്‍ കരിക്കട്ടപോലെ കറപ്പിച്ച് നമുക്കുവച്ചുനീട്ടുകയാണ് ഈ മഹാരോഗം. എനിക്ക് വെറുപ്പാണ് ഈ രോഗത്തെ. അവസാനനാളുകളില്‍ എന്റെ അച്ഛനെയും എല്ലിന്‍കൂടാക്കി ക്രൂരമായി നോവിച്ചതും ഇതേ കാന്‍സര്‍ തന്നെയായിരുന്നല്ലോ!    
       അഴീക്കോട് മാഷിനെക്കുറിച്ചോര്‍ത്ത് ഇങ്ങനെ  ഉളളില്‍ ഓര്‍ത്തു വിതുമ്പാന്‍ അനുഭവങ്ങളുളള കേരളത്തിലെ ഒരുപാടു പത്രപ്രവര്‍ത്തകരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. എങ്കിലും മാഷിനെ വിളിക്കുമ്പോള്‍, തൃശൂരിലെ വീട്ടില്‍ കാണാന്‍ പോകുമ്പോള്‍, ഒന്നിച്ചുയാത്രചെയ്യാന്‍ ഭാഗ്യം കിട്ടിയപ്പോള്‍ എല്ലാം മാഷിന്റെ ഏറ്റവും അടുത്തയാള്‍ ഞാനാണ് എന്ന തോന്നല്‍ ആ സാന്നിദ്ധ്യം സമ്മാനിച്ചിരുന്നു. ഇത് അദ്ദേഹത്തോട് ഒരുവട്ടമെങ്കിലും അടുത്ത ആര്‍ക്കും ഉണ്ടാകാവുന്നതാണ്. എങ്കിലും വാക്കിന്റെ ആ മഹാമൂര്‍ത്തിയുടെ സൌഹൃദംകിട്ടിയ നിമിഷങ്ങള്‍ എന്റെ സ്വകാര്യ അഹങ്കാരത്തിന്റേതായിരുന്നു. ഹൈസ്കൂള്‍ ക്ളാസില്‍ പ്രഭാഷണകലയെക്കുറിച്ചുളള ആ അദ്ധ്യായം പഠിച്ചപ്പോള്‍ തോന്നിയ ആരാധനയാണ്. എന്നെങ്കിലും കാണാന്‍ കഴിയുമോ എന്ന  ആശങ്ക തീര്‍ത്ത് മാഷ് വൈക്കത്ത് ഒന്നുരണ്ടുതവണ പ്രസംഗിക്കാനെത്തി. ചരിത്രവും രാഷ്ട്രീയവും കാലവും സ്വയം പരിഹാസവും വേദവും സംഗീതവും വഴിഞ്ഞൊഴുകുന്ന ആ വാഗ്ധോരണികേട്ട് അപ്പോഴൊക്കെ അന്തംവിട്ടുനിന്നു. പത്രപ്രവര്‍ത്തകനായപ്പോള്‍ ഏറ്റവും ബുദ്ധിമുട്ടായിതോന്നിയത് മാഷിന്റെ പ്രസംഗം റിപ്പോര്‍ട്ട്ചെയ്യാനുളള അസൈന്‍മെന്റായിരുന്നു. എഴുതിയെടുക്കാന്‍ ഒരു മനുഷ്യകരത്തിനും കഴിയാത്ത അത്ര ഒഴുക്കാണ് ആ വാക്ഗംഗയ്ക്ക്. തൃശൂരില്‍ പത്രപ്രവര്‍ത്തകനായി എത്തിയപ്പോള്‍ ഞാന്‍ ആ ആഗ്രഹം സാധിച്ചു. വിയ്യരിലെ വീട്ടിലെത്തി മാഷിന്റെ അടുത്ത് ഇരുന്നു. കുറേ നേരം ആ കണ്ണുകളുടെ ആഴത്തിലേക്ക് നോക്കി കേഴ്വിക്കാരനായി. "നല്ല പത്രക്കാരന്‍ നല്ല ചോദ്യക്കാരനാവണം. ഇങ്ങനെ മിഴിച്ച് നോക്കി ഇരിക്കുന്നയാളാവരുത്" എന്ന് മാഷ് പറഞ്ഞു. പിന്നെ കലാകൌമുദിക്കും കേരളകൌമുദിക്കുംവേണ്ടി മാഷിനെ കാണാനും ഇന്റര്‍വ്യൂ ചെയ്യാനും പല അവസരങ്ങളില്‍ പ്രതികരണങ്ങള്‍ എടുക്കാനും നിയോഗിക്കപ്പെട്ടു. ഓരോ അവസരവും സന്തോഷത്തോടെയാണ് വിയ്യരില്‍ എത്തിയത്. മാഷ് പുത്തൂര്‍ പുഴയുടെ തീരത്തേക്ക് താമസം മാറ്റുന്നു എന്ന വാര്‍ത്ത ആദ്യം ഈ ലോകത്തെ അറിയിക്കാനുളള ഭാഗ്യം എനിക്കായിരുന്നു. കേരളകൌമുദിയില്‍ ആ വാര്‍ത്ത വന്ന ശേഷം പത്രങ്ങളും ചാനലുകളും മാഷിന്റെ വീട്ടിലേക്ക് ഓടി. അങ്ങനെ വീടുമാറ്റം മാസങ്ങള്‍ നീണ്ടുനിന്ന ആഘോഷമായി. തൃശൂര്‍ കൈനൂരില്‍ ഒരു നാടിനെ മലിനപ്പെടുത്തിയ പന്നിവര്‍ളര്‍ത്തല്‍ കേന്ദ്രത്തിനെതിരെ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പോരാടിയപ്പോള്‍ മാഷ് ഒപ്പം നിന്നു. ഒരു വട്ടം നിരാഹാരത്തിനുവരെ ഒരുങ്ങി. മുഖ്യമന്ത്രി നേരിട്ടെത്തിയാണ് മാഷിനെ പിന്‍തിരിപ്പിച്ചത്. ജനകീയ വിഷയങ്ങളില്‍ മാധ്യമങ്ങള്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ കൂടെ നിറുത്തുന്ന ബലമുളള ശബ്ദം  എന്നും മാഷിന്റേതായിരുന്നു
    കേരളകൌമുദിയുടെ സ്റ്റാര്‍ റിപ്പോര്‍ട്ടറായി മാഷിനെ നിയമസഭയില്‍ കൊണ്ടുവരാനുളള ദൌത്യത്തിന് തിരുവനന്തപുരത്തുനിന്ന് എന്നെ അയച്ചാല്‍ മതി എന്ന് മാഷ് അന്ന് ഞങ്ങളുടെ എക്സിക്യൂട്ടിവ് എഡിറ്ററോടു പറഞ്ഞു എന്നറിഞ്ഞപ്പോള്‍ സംസ്ഥാന അവാര്‍ഡ് കിട്ടിയതുപോലെയായിരുന്നു എന്റെ ആഹ്ളാദം. മാഷിനോടൊത്ത് രണ്ടുതവണ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തി ഈ ദൌത്യവുമായി. ആദ്യവട്ടം നിയമസഭാപ്രവേശനം സാധിച്ചില്ല. രണ്ടാംവട്ടം ആണ് വിജയിച്ചത്. അന്ന് തൃശൂരില്‍നിന്നുളള ആ നീണ്ടയാത്രയില്‍ മാഷ് സ്വകാര്യജീവിതത്തെക്കുറിച്ചും സംസാരിച്ചു. ഇപ്പോള്‍ കൊട്ടിഘോഷിക്കുന്ന പ്രണയകഥയുടെ പൊളളത്തരങ്ങളെക്കുറിച്ച് പറഞ്ഞു. അതിനുപിന്നില്‍ ഒരു സുഹൃത്തിന്റെ ചതി ഉണ്ടായിരുന്നതിനെക്കുറിച്ച് പറഞ്ഞു. കല്യാണം കഴിക്കാത്തതില്‍ മാഷിന് വിഷമമുണ്ടോ എന്നു ചോദിച്ചു ഞാന്‍. "ഞാന്‍ ഇതേവരെ ഒറ്റപ്പെടല്‍ അനുഭവിച്ചിട്ടില്ല" എന്നായിരുന്നു മാഷിന്റെ മറുപടി. അത് ശരിയായിരുന്നു. മരണക്കിടക്കയില്‍ പ്രാണന്‍പറിക്കുന്ന വേദനയില്‍പോലും മാഷിനുചുറ്റിനും ആള്‍ക്കൂട്ടമുണ്ടായിരുന്നു. മോഹന്‍ലാലിനെപ്പോലെ തേഡ്റേറ്റ് ആരാധകര്‍ ആരാധിച്ച് നശിപ്പിക്കുന്ന ഒരു നല്ല നടനോട് രാജാവ് നഗ്നനാണെന്ന് വിളിച്ചുപറഞ്ഞ കുട്ടിയുടെ നിഷ്കളങ്കതയോടെ സത്യം വിളിച്ചുപറഞ്ഞു മാഷ്. അത് മാഷിനെക്കൊണ്ട് മാത്രം സാധിക്കുന്ന കാര്യമാണ്. ആ വിവാദത്തിനിടെ ഒരിക്കല്‍ തിരുവനന്തപുരം ചൈത്രംഹോട്ടലില്‍വച്ചുകണ്ടപ്പോള്‍ ഞാനിത് മാഷിനോട് സൂചിപ്പിച്ചു. "മലയാളികള്‍ മണ്ടന്മാരല്ലെന്നു തെളിയിച്ചു" എന്നായിരുന്നു മാഷിന്റെ പ്രതികരണം.
     അഴീക്കോട് മാഷിന്റെ സഭാപ്രവേശനം കേരളകൌമുദി വലിയ സംഭവമാക്കി. ഒപ്പമുളള  യാത്രയില്‍ ഞാന്‍ ചെയ്ത ഇന്റര്‍വ്യൂ ഫ്ളാഷിലും കൌമുദിയിലും അച്ചടിച്ചു. കേരളനിയമസഭ ഒരു ഹെഡ്മാസ്റ്ററെ എന്നപോലെ മാഷിനെ സ്വീകരിച്ചു. മാഷ് അവര്‍ക്ക് മാര്‍ക്കിട്ടു. ആ യാത്രയില്‍ ഞാന്‍ മാഷിനോട് ചോദിച്ചു. ലെജിസ്ളേറ്ററില്‍ ഇടപെട്ടു ഇനി എന്നാണ് ജുഡീഷറിയില്‍? "അതും ഉടനെ ഉണ്ട് ഹൈക്കോടതി ജഡ്ജിമാരെ ഒൂു യോഗത്തില്‍ ഞാനാണ് പ്രഭാഷകന്‍. ചിലപ്രവണതകള്‍ക്കെതിരെ കണക്കുപറഞ്ഞ് വിമര്‍ശിക്കേണ്ടതുണ്ട്" എന്ന്. അങ്ങനെതന്നെ സംഭവിച്ചു. അത് പക്ഷേ ജഡ്ജിമാര്‍  കോര്‍ട്ടലക്ഷ്യമൊന്നും ആക്കിയില്ല. അവരുടെ മനസാക്ഷിയുടെ മന്ത്രണംപോലെ ആ വിമര്‍ശനം ഉള്‍ക്കൊണ്ടു. അക്ഷരകലയില്‍ ആരുമല്ലാതിരുന്നിട്ടും മാഷിന്റെ വാത്സല്യം ആവോളം കിട്ടിയിട്ടുണ്ട എനിക്ക്. ശ്രീനാരായണഗുരുവിനെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചപ്പോള്‍ മാഷാണ് അതിന് ജീവവായു നല്‍കിയത്. എന്റെ ചെറിയ പുസ്തകത്തിന് സന്തോഷത്തോടെ അവതാരിക എഴുതി. അതിന്റെ പ്രകാശനത്തിന് വരാമെന്നേറ്റു. എന്നാല്‍ പനി ബാധിതനായി ആശുപത്രിയിലായിപ്പോയി. എങ്കിലും അവിടെക്കിടന്ന് ഉദ്ഘാടനപ്രസംഗം ഫോണില്‍ പറഞ്ഞുതന്നു. അതെഴുതിയെടുത്ത്  സദസിനെ വായിച്ചു കേള്‍പ്പിക്കുകയായിരുന്നു.
    മാഷ് പ്രതിനിധാനം ചെയ്യുന്ന ഒരു സമൂഹവ്യവസ്ഥയുടെ പരിസരത്തുനില്‍ക്കാനുളള യോഗ്യതപോലും നമുക്ക് മലയാളികള്‍ക്കില്ല. എന്നിട്ടും നമുക്കായി ധര്‍മ്മസമരത്തിനിറങ്ങിയ പടനായകനായിരുന്നു അദ്ദേഹം. ആ മെലിഞ്ഞുണങ്ങിയ  ആ ദേഹത്തില്‍ ജീവന്റെനാളം ഉണര്‍ന്നിരിക്കുന്നു എന്ന പേടി ഇവിടുത്തെ കാട്ടാളന്മാരെ വിരട്ടുന്ന തിരിച്ചറിവായിരുന്നു.  ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളെ ഒരു കറയുമില്ലാതെ ആഴത്തില്‍ സ്വാശീകരിച്ചിരുന്നു അദ്ദേഹം. അതുപോലൊരു ശ്രീനാരായണീയന്‍ ഇവിടെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല. മാഷേ.. ഞങ്ങളൊക്കെ മണ്‍ മറഞ്ഞിട്ടു മതിയായിരുന്നു ഈ വേര്‍പാട്. ഈ സമൂഹത്തെ ഉണര്‍ന്നിരുന്നു വഴികാട്ടാന്‍ അങ്ങുണ്ട് എന്ന സമാധാനത്തോടെ സ്വയംമരിക്കാന്‍  ആഗ്രഹിച്ചിരുന്ന ഓരോ മലയാളിക്കുവേണ്ടിയും ഞാന്‍ ഹൃദയംകൊണ്ട് വിലപിക്കാന്‍ ആഗ്രഹിക്കുന്നു...

ഉത്തമം, കുശലം, വിദ്യ




അദ്വൈതാശ്രമത്തിലും മഹാശിവക്ഷേത്രത്തിലും  ഉയരുന്ന ശാന്തിമന്ത്രങ്ങളില്‍ അലിഞ്ഞൊഴുകുന്ന   ആലുവാപ്പുഴ ഭാരതത്തിലെ അനേകം നദികളില്‍ ഒന്നാണ്. എന്നാല്‍ ഈ കുഞ്ഞോളങ്ങളും കുളിര്‍കാറ്റും മണല്‍പ്പരപ്പും സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യമുണ്ട്. ഭാരതം ഉയര്‍ത്തിപ്പിടിച്ച വിശ്വമഹാദര്‍ശനത്തിന് മഹത്തായ അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തത്  ഈ നദിയുടെ തീരമാണെന്ന സത്യം. അക്കഥകളാവട്ടെ  ഇത്തവണത്തെ നമ്മുടെ ചിന്താവിഷയം.
    മഹാനായ കുറ്റിപ്പുഴ കൃഷ്ണപിളള ഗുരുദേവന്റെ സ്നേഹവാത്സല്യങ്ങള്‍ അനുഭവിച്ച് ആലുവ അദ്വൈതാശ്രമത്തില്‍ അദ്ധ്യാപകനായി കഴിയുന്ന കാലം. ബ്രഹ്മസൂത്രത്തിലെ അപശ്രൂദ്രാധികരണത്തെപ്പറ്റിയുളള ശ്രീ ശങ്കരാചാര്യരുടെ ഭാഷ്യത്തെക്കുറിച്ച് കൃഷ്ണപിളളയോട് സംസാരിക്കവേ  "അവിടെ ശങ്കരന് തെറ്റിപ്പോയി" എന്ന് ഗുരുദേവന്‍ പറഞ്ഞു.  ആ സമയം ഗുരുവിന്റെ മുഖം പ്രകാശപൂര്‍ണ്ണമായിരുന്നു. ആദി ശങ്കരനുമപ്പുറത്തേക്ക് ദര്‍ശനഗരിമയുടെ പാദം ഉയര്‍ത്തിവച്ച് നില്‍ക്കുന്ന മഹാജ്ഞാനിയെയാണ് കുറ്റിപ്പുഴ ആ സമയം ഗുരുദേവനില്‍ കണ്ടത്. "സമാരാധ്യനായ പൂര്‍വാചാര്യന്റെ വിധിയെയും തെറ്റാണെന്നുകണ്ടാല്‍ എതിര്‍ക്കാനുളള ധീരമായ സന്നദ്ധത ശ്രീനാരായണ ഗുരുവിനെപ്പോലെ മറ്റൊരു ഇന്ത്യന്‍ സംന്യാസിയും ഇങ്ങനെ നിശ്ശങ്കം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല." എന്നാണ് പിന്നീട് കുറ്റിപ്പുഴ തന്റെ സ്്മരണകളില്‍ രേഖപ്പെടുത്തിയത്. ആലുവാപ്പുഴയുടെ തീരം ലോകത്തിന് സമ്മാനിച്ച സര്‍വജ്ഞപീഠാധിപതിയാണ് ആദിശങ്കരന്‍. ചരിത്രവഴികളില്‍ അദ്ദേഹത്തിന്റെ  ദര്‍ശനം പിന്തുടര്‍ന്ന ഗുരുദേവന്‍ ആചാര്യപാദര്‍ക്ക് തിരുത്തു കല്പിക്കുന്നതിനും സാക്ഷി ആലുവാപ്പുഴ തന്നെയായിരുന്നു.
     ചരിത്രം പരിശോധിച്ചാല്‍ സ്വാമി വിവേകാനന്ദന്റെ  ആഹ്വാനങ്ങള്‍ക്കും ഗുരുദേവന്റെ വക കാലോചിതമായ ഒരു കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായിട്ടുണ്ടെന്നു കാണാം.  "ബുദ്ധമുനിയുടെ ഹൃദയവും ശങ്കരാചാര്യരുടെ ബുദ്ധിയും ചേര്‍ന്നെങ്കിലല്ലാതെ ഭാരതീയരുടെ മതം പൂര്‍ണ്ണമാകില്ലെ"ന്നാണ് സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ പറഞ്ഞത്. അത് ബുദ്ധമതത്തെ ഹിന്ദുസംസ്കാരമായിത്തന്നെ കണ്ടുകൊണ്ടുളള വിശാലവീക്ഷണത്തില്‍നിന്ന് ഉടലെടുത്ത സവിത്ചിന്തയാണ്. എന്നാല്‍ അനുകമ്പാദശകത്തിലെ ഗുരുവിന്റെ ദര്‍ശനം വ്യക്തമാക്കിക്കൊണ്ട് ആലുവയില്‍ നടന്ന   സര്‍വമതസമ്മേളനത്തില്‍ ഗുരുശിഷ്യനായ സത്യവ്രതസ്വാമി ഇങ്ങനെ പറയുന്നുണ്ട്, "ഹിന്ദുവിന്റെ ജ്ഞാനവും ബുദ്ധന്റെ കരുണയും ക്രിസ്തുവിന്റെ സ്നേഹവും മുഹമ്മദ് നബിയുടെ സാഹോദര്യവും ചേര്‍ന്നെങ്കിലല്ലാതെ ലോകശാന്തിക്ക് ഉപയുക്തമായ മനുഷ്യജാതിയുടെ മതം പൂര്‍ണമാകില്ലെന്നാണ് ശ്രീനാരായണ പരമഹംസന്‍ സിദ്ധാന്തിക്കുന്നത്." വിവേകാനന്ദവാണിക്ക് അനുബന്ധമായി ഈ ഗുരുവാണി ചേര്‍ത്തുവച്ചുകൊണ്ടാണ് ചിന്തിക്കുന്നവരുടെ ലോകം  ശ്രീനാരായണഗുരുവിനെ വിശ്വഗുരുവായി ഉയര്‍ത്തിക്കാട്ടുന്നത്.  സര്‍വമതസമ്മേളനം മുന്നോട്ടുവച്ച സന്ദേശത്തിലൂടെ ഗുരുദേവന്‍ സ്വാമി വിവേകാനന്ദനെയും തിരുത്തുമ്പോള്‍ അതിനും സാക്ഷിയായത് ആലുവാപ്പുഴയുടെ തീരമാണെന്നത് ആശ്ചര്യകരമായിരിക്കുന്നു. സി. വി. കുഞ്ഞുരാമന്‍ എഴുതിതയ്യാറാക്കി ഗുരുവിന്റെ ചില തിരുത്തലുകളോടെ സത്യവ്രത സ്വാമി  സര്‍വമത സമ്മേളനത്തില്‍ അവതരിപ്പിച്ച ആ മഹത്തായ സ്വാഗതപ്രസംഗം എക്കാലവും പ്രസക്തമാകുന്നത് മതസാഹോദര്യത്തിന്റെ അടിസ്ഥാനതത്ത്വങ്ങളെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ്.  എല്ലാം ഒന്നായിക്കാണാനുളള മലയാളിയുടെ ഒരു പൊതുമനോഭാവം ഈ പ്രസംഗത്തില്‍ വരച്ചുകാട്ടുന്നുണ്ട്.
    "മതവിഷയമായ ഭയങ്കര കലഹങ്ങളിലൊന്നും ഏര്‍പ്പെട്ടിട്ടില്ലാത്തവര്‍ എന്നുളള അഭിമാനകരമായ പാരമ്പര്യം കേരളീയര്‍ക്കുളളതിനെ നാം മേലിലും പാലിച്ചുകൊണ്ടുപോകേണ്ടതാണ്. അതോടുകൂടി ഭാരതീയരായ മറ്റു ഹിന്ദുക്കള്‍ക്കാര്‍ക്കും ഇല്ലാത്ത ഒരു വിശേഷവും കേരളീയ ഹിന്ദുക്കള്‍ക്കുണ്ട്. കേരളത്തിനു പുറത്ത് ശൈവനും ശാക്തേയനും വൈഷ്ണവനും ഭിന്നമതക്കാരെപ്പോലെ കഴിഞ്ഞുകൂടുമ്പോള്‍ കേരളീയന്‍ ശൈവന്റെ ഭസ്മക്കുറി തേച്ച് അതിനുമേല്‍ വൈഷ്ണവന്റെ ഗോപിക്കുറിയും വരച്ച് അതിനകത്ത് ശാക്തേയന്റെ സിന്ദൂരപ്പൊട്ടും തൊട്ട്, ശാക്തേയന്റെ ഭഗവതിക്ഷേത്രത്തില്‍ ചെന്നിരുന്ന് ശൈവന്റെ ശനിപ്രദോഷസന്ധ്യയില്‍ വൈഷ്ണവന്റെ ഭഗവത്ഗീത പാരായണം ചെയ്യുന്ന കൌതുകകരമായ കാഴ്ച മതഭ്രാന്ത് ഇല്ലാത്ത ഏതു ഹിന്ദുവിനെയാണ് ആഹ്ളാദഭരിതനാക്കി തീര്‍ക്കാത്തത്? മതങ്ങള്‍ തമ്മിലുളള മത്സരം കൂടാതെ കഴിയാനുളള പാരമ്പര്യം മാത്രമല്ല ഭിന്നമതങ്ങളെ കൂട്ടിയുരുക്കി ഏകമതമാക്കാനുളള പാരമ്പര്യവും കേരളീയര്‍ക്കുണ്ടെന്നല്ലേ ഇത് വെളിപ്പെടുത്തുന്നത്."  എന്നിങ്ങനെ എത്രഭംഗിയായും അടിസ്ഥാനപരമായുമാണ് ഗുരുശിഷ്യര്‍ കേരളീയരുടെ വിശ്വാസഘടനയെവരച്ചുകാട്ടുന്നതെന്ന് നോക്കുക.   ഇക്കാലത്തും അമ്പലങ്ങളിലും പളളികളിലും ഒരേ വിശ്വാസതീവ്രതയോടെ വഴിപാടുനടത്തുന്ന മലയാളികളുടെ എണ്ണം  ചെറുതല്ലെന്ന് ഓര്‍ക്കണം.
    മറ്റൊരു ഭാഗത്ത് മത കലഹങ്ങളുടെ മൂലകാരണം വ്യക്തമാക്കിക്കൊണ്ട് ഗുരുശിഷ്യന്‍ പറയുന്നത് കേള്‍ക്കുക, "സള്‍ഫ്യൂറിക് ആസിഡ് കണ്ടുപിടിക്കുന്നത് ശാസ്ത്രജ്ഞനാണ് എന്നാല്‍ മൂലധനം മുടക്കി അത് ധാരാളമായി സംഭരിച്ച് വിതരണം ചെയ്ത് ആദായമുണ്ടാക്കുന്നത് മുതലാളന്മാരാണ്."  ആദ്ധ്യാത്മിക മോക്ഷമാര്‍ഗം  അവനവന്റെ ശൈലിയില്‍ വിശദീകരിച്ച മതസ്ഥാപകര്‍ സള്‍ഫ്യൂറിക് ആസിഡ് കണ്ടെത്തിയ ശാസ്ത്രജ്ഞനെപ്പോലെയാണ്്.  അവര്‍ സ്ഥാപിച്ച മതത്തെ  ആദായകരമായ വാണിജ്യസാധനങ്ങളാക്കി  "ഉത്തമം, കുശലം, വിദ്യ" എന്ന മട്ടില്‍ വില്‍ക്കുന്നത്ചില ബുദ്ധിമാന്മാരുമാണ്. മുടിവളരാന്‍ തങ്ങളുടെ എണ്ണയാണ് നല്ലത് എന്നുപറയുന്ന  എണ്ണക്കമ്പനികളെപ്പോലെ ഈ തീവ്രവാദപുരോഹിതവിഭാഗങ്ങളാണ് വിഭാഗീയത പ്രചരിപ്പിച്ച് തങ്ങളുടെ  'ഉല്പന്നത്തിന്റെ' മാര്‍ക്കറ്റ് ഉയര്‍ത്തുന്നത്. ഗുരുവിന്റെ സര്‍വമതസമ്മേളനം ഇക്കാര്യം പറഞ്ഞിട്ട് 88വര്‍ഷം പിന്നിട്ടു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് പഠിപ്പിച്ച്  ശ്രീനാരായണഗുരുദേവന്‍ പരുവപ്പെടുത്തിയ കേരളീയന്റെ മനസില്‍ വിഭാഗീയത കുത്തിവയ്ക്കാനും അക്രമം അഴിച്ചുവിട്ട് മതഭ്രാന്ത് മുതലെടുക്കാനും പണ്ടുമുതല്‍ക്കേ ശ്രമമുണ്ട്. എന്നാല്‍ അതത്രകണ്ട് വിജയിക്കുന്നില്ല. അതൊരുകാലത്തും വിജയിക്കില്ലെന്ന് 88 വര്‍ഷങ്ങള്‍ക്കുമുമ്പ് ഗുരുവും ശിഷ്യരും ചേര്‍ന്ന് ആലുവാപ്പുഴയെ സാക്ഷിയാക്കി പ്രഖ്യാപിച്ചത് ഇക്കൂട്ടര്‍ ഇതുവരെ അറിഞ്ഞിട്ടില്ല. അമ്പലമുറ്റത്ത് പശുവിനെ അറുത്താലോ കടപ്പുറത്ത് അങ്ങോട്ടുമിങ്ങോട്ടും കുറച്ചുപേരെ വെട്ടിക്കൊന്നാലോ ഒരു ഇ-മെയില്‍ വിവാദത്തിലോ ഇടിഞ്ഞുവീഴുന്ന മതസൌഹാര്‍ദ്ദമല്ല മലയാളിയുടേതെന്ന്  ഇക്കൂട്ടര്‍ ഇനിയും തിരിച്ചറിയുന്നില്ല. ഒരേ മതത്തില്‍പ്പെട്ടവര്‍ തന്നെ ആരാധനാലയത്തിന്റെ അവകാശത്തിനായി അങ്കംവെട്ടുന്ന സംഭവങ്ങള്‍ക്കുപിന്നിലും "ഉത്തമം, കുശലം, വിദ്യ" എന്ന പ്രമാണം വച്ച് കച്ചവടം കൊഴുപ്പിക്കുന്നവരുടെ നിഴലനക്കം കാണുന്നുണ്ട്. 
    "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി"യെന്ന ഗുരു സന്ദേശം  യുക്തിക്ക് നിരക്കാത്തതാണെന്നു വാദിച്ചുകൊണ്ട്  1949 ല്‍ കൊല്ലത്ത് ഒരു പാതിരി നടത്തിയ മതപ്രചാരണപ്രസംഗത്തിന് അന്ന് കേരളകൌമുദി നല്‍കിയ മറുപടിയില്‍ ഒരുഭാഗമാണ് ഇപ്പോള്‍ ഓര്‍മ്മവരുന്നത്. "അജ്ഞത, അജ്ഞതയാണെന്നറിഞ്ഞശേഷവും അതിനെ പുരോഹിത പ്രഭാവത്വത്തിന്റെ നിലനില്‍പ്പിനുവേണ്ടി സാധൂകരിച്ചുകൊണ്ട് നടക്കാന്‍ ഇടവരുന്ന മനുഷ്യന്‍ ദയാനര്‍ഹന്‍ മാത്രമാകുന്നു. ശ്രീനാരായണഗുരുദേവന്‍ പറയുന്നതുപോലെ ആ മനുഷ്യന്‍ നന്നായി കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു."

Friday, 20 January 2012

ഗുരുദേവന്‍ എന്നും യുവമനസ്സുകള്‍ക്കൊപ്പം

ലോകത്തിന്റെ സമസ്തകോണുകളിലേക്കും മനസ്സിന്റെ ജാലകം തുറന്നുവയ്ക്കുന്ന സ്വതന്ത്രചിന്തയാണ് യുവത്വത്തിന്റെ പ്രതീകം. അവന്റെ മുന്നില്‍ വിശ്വാസങ്ങളും ആചാരങ്ങളും വേലികെട്ടിത്തിരിക്കുന്നില്ല. അവന്റെ പ്രണയത്തിനുപോലും മതത്തിന്റെയും ജാതിയുടെയും ദേശത്തിന്റെയും വേലക്കെട്ടുകളില്ല. നവമാധ്യമസംസ്കാരത്താല്‍ നയിക്കപ്പെടുന്ന ഇന്നത്തെക്കാലത്ത് ഇതൊക്കെ ഏതൊരു യുവാവിനും കൈയെത്തും ദൂരെമാത്രമിരിക്കുന്ന സ്വാതന്ത്യ്രക്കനികളാണ്. എന്നാല്‍ ഇതൊന്നുമില്ലാത്ത ഒരു  ഇരുണ്ടകാലം നമ്മുടെ അധികംപഴകാത്ത ഭൂതകാലത്തില്‍ ഉണ്ട്. ദേശവും മതവും ജാതിയും വേലികെട്ടിത്തിരിച്ച പന്തീരാണ്ടുസഭയുടെ ഭരണകാലം. അന്ന് വിശാലമായ ലോകത്തിന്റെ പ്രാണവായു നുകരാന്‍ കൊതിച്ച ഒരു പറ്റം ചെറുപ്പക്കാര്‍ ആശ്രയം തേടിയെത്തിയത് അവരേക്കാള്‍ പ്രായത്തില്‍ വളരെ മുമ്പിലല്ലാത്ത ഒരു മഹാതപസ്വിയുടെ അടുത്തായിരുന്നു.  ലോകംകണ്ട  ഏറ്റവും വലിയ മനുഷ്യസ്നേഹിയായ ശ്രീനാരായണ ഗുരുവായിരുന്നു ആ പ്രതീക്ഷയുടെ തണല്‍ വൃക്ഷം.
     അരുവിപ്പുറത്ത്  നവസ്വാതന്ത്യ്രബോധത്തിന്റെ കാഹളം ഉണര്‍ത്തുമ്പോള്‍ ശ്രീനാരായണഗുരുവിന് വയസ് 32. യുവത്വം അതിന്റെ സകലധീരതയോടുംകൂടി ശരീരത്തിനു താങ്ങായി നില്‍ക്കുന്ന കാലം. ഹൃദയത്തില്‍ വിശാലതയ്ക്ക് ഇടംകൊടുക്കാന്‍ ആഗ്രഹിച്ചവരൊക്കെയും അക്കാലം ഭൂഗോളത്തിന്റെ സ്പന്ദനമറിയാന്‍ അരുവിപ്പുറത്തേക്ക് യാത്രപുറപ്പെട്ടു.  അവര്‍ക്കിടയില്‍നിന്ന് വിശ്വമാനവികതയ്ക്ക് താന്‍ നല്‍കുന്ന പുതിയ നിര്‍വചനത്തിന് അപ്പോസ്തലന്‍മാരെ തേടുകയായിരുന്നില്ല ഗുരുദേവന്‍. സ്വന്തം ബുദ്ധിയെ ഉണര്‍ത്തി ചിത്തപ്രസാദംവരുത്തി അവനവനിലൂടെ സ്വയം ലോകത്തെ കണ്ടെത്താന്‍ എല്ലാവര്‍ക്കും അവസരം നല്‍കുക മാത്രമായിരുന്നു  അദ്ദേഹത്തിന്റെ ലക്ഷ്യം. ശിഷ്യഗണങ്ങളോടുപോലും അദ്ദേഹം അനുവര്‍ത്തിച്ച നയം ഇതായിരുന്നു. സ്വയംവളരാന്‍ ആ യുവാവ് ഒരുക്കിക്കൊടുത്ത പ്ളാറ്റ്ഫോമില്‍നിന്ന് ലോകത്തെ എത്തിപ്പിടിച്ച നിരവധി ചെറുപ്പക്കാരെ പിന്നീട് സമൂഹം അറിഞ്ഞു.         കായിക്കരയിലെ ഒരു ദരിദ്രകുടുംബത്തില്‍ പകര്‍ച്ചവ്യാധിയില്‍ ജീവന്‍പൊലിഞ്ഞുപോകുമോ എന്ന് മരണഭീതിയോടെ കൌമാരം ചെലവിട്ട കായിക്കര കുമാരവില്‍ നിന്ന്  ആധുനികമലയാളകവിത്രയങ്ങളില്‍ ഒന്നാമനായ കുമാരനാശാനെ സൃഷ്ടിച്ചത് ശ്രീനാരായണ ഗുരുവിന്റെ അവസരോചിതമായ ഇടപെടലാണ്. കുമാരന്റെ മേധാശക്തിയെ അതിരുകളില്ലാത്ത ലോകത്തേക്ക് വളരാന്‍വിടുകയായിരുന്നു ഗുരുദേവന്‍. ബാംഗ്ളൂരും ബംഗാളും കായിക്കര കുമാരുവിലെ കുമാരനാശാന്‍ എന്ന നവോത്ഥാന നായകനെ പരുവപ്പെടുത്തി. സംസ്കൃതവും തമിഴും പഠിച്ചുറച്ച  ആശാന്റെ വിദ്യാസമ്പത്തിന്് ഇംഗ്ളീഷ് ഭാഷയിലൂടെ ലോകജാലകം തുറന്നിട്ടതിലൂടെ ഗുരുദേവന്‍ ഒരു നേട്ടം ലക്ഷ്യംകണ്ടു. ശൃംഗാര കവിതകള്‍ക്കായി പേറ്റുനോവറിഞ്ഞു തളര്‍ന്ന മലയാളഭാഷയ്ക്ക് നവകവിതയുടെ പുതുശോഭ ലഭിച്ചു എന്നതായിരുന്നു ആ നേട്ടം.
    പഠിക്കാന്‍ ബുദ്ധിയും കഴിവുമുണ്ടായിട്ടും സാഹചര്യങ്ങള്‍ അനുകൂലമല്ലാതെ പഠനം മുടങ്ങുമെന്ന അവസരത്തിലാണ് സഹോദരന്‍ അയ്യപ്പനെന്ന കെ. അയ്യപ്പനെ ഗുരുദേവന്‍ കാണുന്നത്. അയ്യപ്പന്റെ പഠനം ഏറ്റെടുത്തുകൊണ്ട് ഗുരു കുമാരനാശാന് കൊടുത്തുവിട്ട കത്തില്‍ ഇങ്ങനെ പറഞ്ഞു.  " അയ്യപ്പന് പണം നല്‍കുക . ആ പണം വിദ്യയാകും. അത് പിന്നെ സാമൂഹസേവനമാകും"  എന്ന്.  "മതംവേണ്ട ജാതി വേണ്ട ദൈവം വേണ്ട മനുഷ്യന്" എന്നു വിളിച്ചു പറഞ്ഞുകൊണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ കേരളക്കരയാകെ മനുഷ്യത്വത്തിന്റെ മഹനീയത പ്രചരിപ്പിച്ച് അയ്യപ്പന്‍ നിറഞ്ഞുനിന്നു. അയ്യപ്പന് വിദ്യനല്‍കിക്കൊണ്ട് ഗുരു നമ്പൂതിരിസമുദായത്തിലും പരോക്ഷമായി ഇടപെട്ടത് ചരിത്രം അവലോകനം ചെയ്യുമ്പോള്‍ ബോധ്യമാകും. നമ്പൂതിരിസമുദായത്തിലെ യുവതലമുറയെ തളച്ചിട്ട അനാചാരത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ വി. ടി. ഭട്ടതിരിപ്പാടിന് പ്രചോദനമായത് സഹോദരന്‍ അയ്യപ്പനുമായുണ്ടായിരുന്ന കൂട്ടുകെട്ടാണ്.
     എം. എയും എല്‍. റ്റിയും ഒരുമിച്ച് ജയിച്ച വാര്‍ത്തയുമായി വീട്ടിലെത്തിയപ്പോഴാണ് ഡോക്ടര്‍ പല്പുവിന്റെ മകന്‍ നടരാജന് ഗുരുവിന്റെ വിളിയുണ്ടായത്. അന്ന് ഗുരുവിനൊപ്പം ജീവിതം ഉഴിഞ്ഞുവച്ചിറങ്ങിയ നടരാജനാണ് ലോകംമുഴുവന്‍ ഗുരുധര്‍മ്മം പ്രചരിപ്പിച്ച് പ്രശസ്തനായ നടരാജഗുരുവായി മാറിയത്. നടരാജനെ തന്റെ ഒപ്പം ശുശ്രൂഷാദികള്‍ക്ക് നിര്‍ത്താതെ അറിവിന്റെ വിശാലലോകത്തേക്ക് യാത്രയാക്കി ഗുരു. പാരീസിലെ സെര്‍ബോണ്‍ സര്‍വകലാശാലയിലേക്കാണ് അയച്ചത്. തന്നോടൊപ്പം ശിഷ്യത്വം കൊതിച്ചെത്തിയ ഓരോ യുവാവിലും അയാളുടെ വാസനയ്ക്ക് അനുസരിച്ചുളള വിദ്യാഭ്യാസം നല്‍കാന്‍ ഗുരു യത്നിച്ചിരുന്നു. ഇങ്ങനെ എത്രയോ കഥകള്‍ എടുത്തുപറയാം.
    പരവൂര്‍ സ്വദേശിയായ കരുണാകരന്‍ ജര്‍മ്മനിയില്‍ പഠിക്കാന്‍ പോയി അക്കാലത്ത്. അവിടെവച്ച് മാര്‍ഗരറ്റ് എന്ന ജര്‍മ്മന്‍ യുവതിയുമായി പ്രണയത്തിലായി. എന്നാല്‍ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഈ വിവാഹത്തെ എതിര്‍ത്തു. രക്ഷതേടി അവര്‍ എത്തിയത് ശിവഗരിക്കുന്നില്‍. "രണ്ടു സംസ്കാരങ്ങള്‍ ഒന്നാകുന്ന കാര്യമല്ലേ നമുക്ക് നടത്തിക്കളയാം" എന്നായിരുന്നു ഗുരുവിന്റെ നിലപാട്.  കടല്‍താണ്ടിയുളള യാത്രപോലും നിഷിധമായിരുന്ന കാലത്താണ് ഗുരുവിന്റെ ഈ നിലപാടുകള്‍ എന്നോര്‍ക്കണം. ശിവഗിരിയിലെ ശാരദാക്ഷേത്രത്തിനുമുന്നില്‍ അവര്‍ ഗുരുവിന്റെ കാര്‍മ്മികത്വപുണ്യം നുകര്‍ന്ന് ജീവിത പങ്കാളികളായി. സംന്യാസം എന്നാല്‍ കാവിചുറ്റിയ പ്രഹസനമല്ലെന്ന് പറയാന്‍ ധൈര്യംകാട്ടിയ  ഋഷിവര്യനായിരുന്നു ഗുരുദേവന്‍. അരുവിപ്പുറത്തും ആലുവയിലും സംസ്കൃതസ്കൂളുകള്‍ സ്ഥാപിച്ച ഗുരുദേവന്‍ തന്റെ ആസ്ഥാനമായ ശിവഗിരിയില്‍ തുടങ്ങിയത് ഇംഗ്ളീഷ് സ്കൂളായിരുന്നു. ഇത് സ്ഥാപിക്കാന്‍ ലക്ഷക്കണക്കിന് ആളുകളുടെ ആരാധനാമൂര്‍ത്തിയായ ഗുരു നേരിട്ട് വെയിലേറ്റ് പരിവിനിറങ്ങിയ അനുഭവങ്ങള്‍ ഏതു യൌവനത്തെയും പുളകിതമാക്കുന്ന കഥകളാണ്. ഇംഗ്ളീഷ് വിദ്യാഭ്യാസമാണ് ലോകത്തെ അറിയാന്‍ നല്ലതെന്ന് ഗുരു പറഞ്ഞത് പില്‍ക്കാല സമൂഹം ശരിവച്ചു.
      ഇസങ്ങള്‍ക്ക് അടിയവറവയ്ക്കാത്ത സ്വതന്ത്ര യുവത്വത്തിന് ഇന്നും ധൈര്യം പകരുന്ന സാന്നിദ്ധ്യമാണ് ഗുരുദേവന്‍. ആ ദര്‍ശനഗരിമയിലൂടെ സഞ്ചരിച്ചാല്‍ ലോകം കൈക്കുമ്പിളിലെന്നപോലെ തെളിഞ്ഞുവരും. ലോകയുവജനത ഇന്ന് ഗുരുവിന്റെ വഴി തിരിച്ചറിയുന്നു എന്നതിന് ഉദാഹരണങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും വെബ്ലോകത്തും കാണുന്നുണ്ട്. ഗുരുവിന്റെ ചിന്തകള്‍ ഷെയര്‍ ചെയ്യാനായി രൂപീകരിക്കപ്പെട്ട ഗ്രൂപ്പുകള്‍ ലോകത്താകമാനമുളള ഗുരുദേവവിശ്വാസികളായ യുവജനതയെ തമ്മിലിണക്കുന്നുണ്ട്. ഫേസ് ബുക്കിലും ട്വിറ്ററിലുമെല്ലാം ഈ ഗ്രൂപ്പുകള്‍ ഇന്ന് സജീവമാണ്. ഗുരുദര്‍ശനത്തെ പുതിയ കാഴ്ചപ്പാടില്‍ കാണാനും അവതരിപ്പിക്കാനും നവ മാധ്യമലോകത്ത് അവര്‍ നടത്തുന്ന ശ്രമങ്ങളുടെ വിജയത്തെ ആശ്രയിച്ചാണ് ഇനി നവലോകത്തിന്റെ നിലനില്‍പ്പ്.
(കേരളകൌമുദിയുടെ 2011ലെ ശിവഗിരി തീര്‍ത്ഥാടന സ്പെഷ്യല്‍ മാഗസിനില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം)

Sunday, 15 January 2012

ഗുരുവിനെ കുഴക്കിയ 'ബ്രേക്കിംഗ് ന്യൂസ്'

അഴുക്കുമായി പായുന്ന കാക്കയെ പൊതിഞ്ഞ്  കാക്കക്കൂട്ടം കലപിലകൂട്ടുന്നത്  നാട്ടിന്‍പ്രദേശത്തെ സാധാരണകാഴ്ചയാണ്. ചിലപ്പോഴൊക്കെ സെന്‍സേഷണലിസത്തിനുപിറകേ പായുന്ന മാധ്യമക്കൂട്ടത്തിനു നേര്‍ക്ക് കണ്ണാടിപിടിച്ചതുപോലെ തോന്നും ഈ കാഴ്ചകണ്ടാല്‍. ഇത് പുതിയ പ്രവണതയല്ല. പത്രമാധ്യമങ്ങള്‍ പ്രചാരം തുടങ്ങിയ കാലം മുതല്‍ക്കേ ഇങ്ങനെയൊരു സ്ഥിതി നിലവിലുണ്ട്.
     തിരക്കുപിടിച്ചുളള ഓട്ടത്തിനിടയില്‍ സാധാരണവര്‍ത്തമാനങ്ങളും പുരോഗമനപരമായ വാര്‍ത്തകളും സമയക്കുറവ് പറഞ്ഞ് ശ്രദ്ധിക്കാതെ വിടുന്നവരാണ്  ഭൂരിഭാഗം. അതേ സമയം ബില്‍ക്ളിന്റണ്‍- മോണിക്ക സംഭവംപോലെ എരിവും പുളിയുമുണ്ടെങ്കില്‍  എടുത്തുവച്ച് അരിച്ചുഗുണിക്കും. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കും. ഉത്തരം തേടും. അതിനൊന്നും സമയക്കുറവ് പ്രശ്നമേയല്ല. പൊതുസമൂഹത്തിന്റെ ഈ പ്രവണതയാണ് മാധ്യമങ്ങളെ സ്വാധീനിക്കുന്നത്. തമ്മില്‍ മത്സരിക്കാന്‍ സെന്‍സേഷന്‍ അല്ലാതെ മറ്റൊന്നും ആയുധമായി ഇല്ലെന്നുളള ധാരണയാണ് ഇന്ന് മാധ്യമലോകത്തെ നിയന്ത്രിക്കുന്നത്. ഒരിക്കല്‍ ഇത്തരം സെന്‍സേഷണല്‍ പ്രചാരവേലയില്‍ ഗുരുദേവനും പെട്ടുപോയിട്ടുണ്ട്. ഗാന്ധിജി ശ്രീനാരായണഗുരുവിനെ ഒരു വേള തെറ്റിദ്ധരിക്കുന്നതിലേക്കുവരെ പോയി ഒരു പത്രപ്രവര്‍ത്തകന്‍ ഉണ്ടാക്കിയ പുകില്.
    1924ലാണ് സംഭവം.  അക്കാലത്തെ 'ദേശാഭിമാനി'യില്‍ ഒരു വാര്‍ത്തവന്നു. കെ. എം. കേശവന്‍ എന്ന പത്രപ്രവര്‍ത്തകന്‍ നല്‍കിയ വാര്‍ത്തയായിരുന്നു അത്. "വൈക്കം സത്യാഗ്രഹത്തിന്റെ രീതികളോട് തനിക്ക് മതിപ്പില്ലെന്നും സന്നദ്ധഭടന്മാര്‍ വഴിക്കോട്ടകള്‍ ചാടിക്കടന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്നും ഭക്ഷണം കഴിക്കാന്‍ ഉയര്‍ന്നജാതിക്കാര്‍ക്കൊപ്പം ബലമായി കടന്നിരിക്കണമെന്നും ശ്രീനാരായണഗുരു ആവശ്യപ്പെട്ടിരിക്കുന്നു" എന്നാണ് വാര്‍ത്ത. ഈ പത്രക്കട്ടിംഗ് ആരോ ഗാന്ധിജിക്ക് അയച്ചുകൊടുത്തു. ചൌരി ചൌരാ സംഭവംപോലെ ഗുരുവിന്റെ നേതൃത്വത്തില്‍ വൈക്കം സത്യാഗ്രഹം അക്രമമാര്‍ഗത്തിലേക്ക് പോകുകയാണെന്നും അതിനാല്‍ സത്യാഗ്രഹം പിന്‍വലിക്കാന്‍ ഗാന്ധിജി പ്രാദേശിക കോണ്‍ഗ്രസ് കമ്മറ്റിയോട് ആവശ്യപ്പെടണം എന്നുമായിരുന്നു വാര്‍ത്തയ്ക്കൊപ്പം വച്ചിരുന്ന കത്തിലെ ആവശ്യം. ആവശ്യം കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും  ആ വാര്‍ത്ത  ഗാന്ധിജിക്ക് അയച്ചയാളുടെ മനോഗതം വ്യക്തമാകും. സത്യാഗ്രഹം പൊളിക്കുക എന്നതാണ് വ്യംഗ്യമായി സൂചിപ്പിക്കുന്ന ആവശ്യം. ഈ കത്തും വാര്‍ത്തയും ചൂണ്ടിക്കാണിച്ചുകൊണ്ട് 'യംഗ് ഇന്ത്യ'യുടെ 1924ജൂണ്‍ 19 ലക്കത്തില്‍ ഗാന്ധിജി ഗുരുദേവനെ വിമര്‍ശിച്ചുകൊണ്ട് എഴുതി. "അക്രമമാര്‍ഗം ഉപയോഗിച്ച് തീയന്മാര്‍ക്ക് അവരുടെ കാര്യം നേടിയെടുക്കാന്‍ സാധിക്കുകയില്ലെന്ന് ഞാന്‍ പറയുകയില്ല. ഒരുകാര്യം മാത്രം-  അവര്‍ക്ക് ശക്തി ഉണ്ടായിരിക്കണം. വേണ്ടുവോളം ആളുകള്‍ ചാകാന്‍ സന്നദ്ധരുമായിരിക്കണം. എന്നാല്‍പ്പോലും അവര്‍ക്ക് യാഥാസ്ഥിതികരുടെ മനസ്സുമാറ്റാന്‍ കഴിഞ്ഞിട്ടുണ്ടാവുകയില്ല. ശക്തി ഉപയോഗിച്ച് അവര്‍ അത് അടിച്ചേല്‍പ്പിച്ചിരിക്കും എന്നുമാത്രം." ഇങ്ങനെ പോകുന്നു ഗാന്ധിജിയുടെ വിമര്‍ശനം. 'യംഗ് ഇന്ത്യ' കണ്ട് ഗുരുഭക്തനായ നാരായണന്‍ ഗുരുസ്വാമിയുമായി സംസാരിച്ചു. ദേശാഭിമാനി ലേഖകനോട് അങ്ങനെ ഒന്നും ഗുരു പറഞ്ഞിട്ടില്ലെന്ന് അറിഞ്ഞു. അദ്ദേഹം അക്കാര്യങ്ങള്‍ വിശദമാക്കി ഗാന്ധിജിക്ക് കത്തയച്ചു. പിന്നാലേ ഗുരുദേവന്‍ നേരിട്ടും ഒരു കുറിപ്പ് ഗാന്ധിജിക്ക് എഴുതുകയുണ്ടായി. അത് ഇങ്ങനെയായിരുന്നു,
    "തീവണ്ടിയില്‍ വച്ച് കെ. എം. കേശവന്‍  നമ്മെക്കണ്ട് നടത്തിയ അഭിമുഖസംഭാഷണത്തിന്റെ റിപ്പോര്‍ട്ട് 'ദേശാഭിമാനി' യില്‍ പ്രസിദ്ധം ചെയ്തുകണ്ടു. അത് നാം  ഉദ്ദേശിക്കുന്നതെന്താണെന്ന് ശരിയായി മനസ്സിലാക്കാതെ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ്. പ്രസിദ്ധപ്പെടുത്തുംമുമ്പ് ആ റിപ്പോര്‍ട്ട് നമ്മെ കാണിച്ചതില്ല. പ്രസിദ്ധം ചെയ്തുകഴിഞ്ഞും നാം ഉടനെ അതുകണ്ടില്ല. സാമൂഹ്യമായ സൌഹാര്‍ദ്ദമനോഭാവം നേടിയെടുക്കുന്നതിന് അയിത്തത്തിന്റെ നിവാരണം അത്യന്താപേക്ഷിതമാണ്. മഹാത്മഗാന്ധി ഈ തിന്മ നിവാരണം ചെയ്യുന്നതിനുവേണ്ടി നടത്തുന്ന സത്യാഗ്രഹപ്രസ്ഥാനത്തോട്, നമുക്ക്് യാതൊരഭിപ്രായവ്യത്യാസവുമില്ല. അയിത്തോച്ചാടനത്തിനുവേണ്ടി സ്വീകരിക്കുന്ന ഏതുപ്രവര്‍ത്തനമാര്‍ഗവും തികച്ചും അഹിംസാനിഷ്ഠമായിരിക്കേണ്ടതാണ്.

27 6 1924                                          നാരായണഗുരു"

    ഗാന്ധിജി അടുത്തലക്കം യംഗ് ഇന്ത്യയില്‍ ഒരു ക്ഷമാപണത്തോടെ ഗുരുദേവന്റെ ഈ കത്ത് പ്രസിദ്ധീകരിച്ചു. ഗുരുപറയുന്നതില്‍ വിവാദച്ചുവയുണ്ടാക്കി ശ്രദ്ധപിടിക്കാന്‍ഒരു പത്രപ്രവര്‍ത്തകന്‍ കാട്ടിയ തിടുക്കമാണ് ഈ വിമര്‍ശനത്തിലും വിശദീകരണത്തിലും ഒടുവില്‍ ക്ഷമാപണത്തിലും ചെന്നെത്തിയത്. പാതിവിവരംപോലും ലഭിക്കുംമുമ്പേ ന്യൂസ് ഫ്ളാഷ് ചെയ്യുന്ന  ഇന്നത്തെ മാധ്യമസമൂഹത്തിന് ഒരു പാഠമാണ് ഗുരുദേവന്റെയും ഗാന്ധിജിയുടെയും ഈ അനുഭവം. ഒരു സംഭവത്തെ അവനവന്റെ താല്പര്യസംരക്ഷണത്തിനായി എങ്ങനെ ഉപയോഗിക്കാം എന്നാലോചിച്ചിരിക്കുന്നവര്‍ ഇത്തരം സെന്‍സേഷണലിസം സ്വാര്‍ത്ഥലാഭത്തിനായി ഉപയോഗിക്കാറുണ്ട്. പലപ്പോഴും ഇത്തരക്കാരാണ് ന്യൂസിന്റെ സോഴ്സ് ആകുന്നതും.
    മലയാളപത്രങ്ങളില്‍ ആദ്യത്തെ അഭിമുഖമായി അറിയപ്പെടുന്ന സി. വി. കുഞ്ഞുരാമന്‍-ഗുരുദേവന്‍ സംവാദം ഇക്കാലത്തും പ്രസക്തമായി നില്‍ക്കുന്നത് സി. വി എന്ന പ്രൊഫഷണല്‍ ജേര്‍ണലിസ്റ്റിന്റെ സത്യസന്ധമായ സമീപനം കൊണ്ടാണ്. പലതവണ ഗുരുദേവനെ നേരില്‍ക്കണ്ട് സംസാരിച്ച് സംശയനിവൃത്തിവരുത്തിയും എഴുതിയഭാഗങ്ങള്‍ ഗുരുവിനെ വായിച്ച് കേള്‍പ്പിച്ച് ധാരണാപിശക് ഒഴിവാക്കിയും ആണ് സി. വി അത് കേരളകൌമുദിയില്‍ പ്രസിദ്ധം ചെയ്തത്. "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന ഗുരുദേവന്റെ  വിഖ്യാതസന്ദേശം പുറത്തുവന്നത് കൊല്ലവര്‍ഷം 1101കന്നി23 ന് കേരളകൌമുദി പ്രസിദ്ധപ്പെടുത്തിയ 'ഒരു സംവാദം' എന്ന ഈ അഭിമുഖത്തില്‍നിന്നാണ്. പത്രത്തിന്റെ അച്ചില്‍നിന്ന് പകര്‍ന്ന് വാമൊഴിയായും വരമൊഴിയായും ആ ദിവ്യസന്ദേശം ലോകമാകെ പരന്നു.  ഗുരുസന്ദേശങ്ങളെക്കുറിച്ച്    ഒന്നും അറിയാത്തവര്‍ക്കുപോലും "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന സന്ദേശം മനപ്പാഠമാണ്.  അത് സത്യസന്ധമായ പത്രപ്രവര്‍ത്തനത്തിന് കൂടി അവകാശപ്പെട്ട വിജയമാണ്. ആ  അഭിമുഖത്തിലൂടെ സി. വി തന്റെ പ്രൊഫഷനോട് കാണിച്ച കൂറും കൃത്യത ഉറപ്പാക്കലും പത്രപ്രവര്‍ത്തനരംഗത്തിന് മാത്രമല്ല കൊതിയും നുണയുംപറഞ്ഞ് പ്രസ്ഥാനങ്ങളെ നശിപ്പിക്കുകയും സമൂഹം മലീമസമാക്കുകയും ചെയ്യുന്നവരൊക്കെ കണ്ടുപഠിക്കേണ്ട പാഠമാണ്.

Tuesday, 10 January 2012

ഈഴച്ചെമ്പകച്ചോട്ടിലെ കാട്ടുവളളികള്‍

" എന്റെ ശവകുടീരത്തിനരികത്ത് ഒരു ഈഴച്ചെമ്പകത്തൈ നടണം. അത് വളര്‍ന്ന് ശിഖരങ്ങള്‍ പടര്‍ത്തി ആറടിമണ്ണിനെ പൊതിഞ്ഞു നില്‍ക്കട്ടെ. ദിവസവും ഒരു പൂവെങ്കിലും ആ ചെമ്പകമരത്തില്‍നിന്ന് ഉതിര്‍ന്ന് എന്റെ ശിഷ്ടമായി മാറിയ മണ്ണില്‍ പതിക്കട്ടെ. ആ പൂമണം അറിഞ്ഞ് അതിന്റെ സ്നിഗ്ധതയിലാവണം എന്റെ അന്ത്യ ഉറക്കം..."
    തലസ്ഥാനത്തെ നന്തന്‍കോടുളള ഡോ. പല്പുവിന്റെ ശവകുടീരത്തിന്റെ മതിലിനുപുറത്തു നില്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഊറിവന്നത് അദ്ദേഹത്തിന്റെ ഈ അന്ത്യാഭിലാഷമായിരുന്നു.  കാട്ടുപുല്‍ച്ചെടികള്‍ പടര്‍ന്നുകയറി പാതിമറച്ച കാഴ്ചയില്‍ ആ ഈഴച്ചെമ്പകത്തിന്റെ ശിഖരങ്ങള്‍കാണാം. ചെമ്പകം  ഒന്നല്ല നൂറുപൂക്കള്‍ പൊഴിക്കുന്നുണ്ട്.  പക്ഷേ അവയ്ക്കൊന്നും പല്പുവിന്റെ ശവകുടീരത്തെ ചുംബിക്കാനുളള ഭാഗ്യമില്ല. കാട്ടുപടര്‍പ്പുകള്‍ അവ ഏറ്റുവാങ്ങി പരിഹാസച്ചിരിപൊഴിക്കുന്നു. കാട്ടുവളളികള്‍ ഈഴച്ചെമ്പകത്തെ ശ്വാസംമുട്ടിക്കുന്നു. ഏഴകള്‍ക്ക് മേല്‍ നൂറ്റാണ്ടുകളോളം വളര്‍ന്നു പടര്‍ന്നുകിടന്ന  അയിത്തക്കാടുവെട്ടിത്തെളിച്ച കേരളത്തിന്റെ വീരനായകനെ മരണാനന്തരം കീഴടക്കിയതിന്റെ അഹങ്കാരമാണ് ആ കാട്ടുപൊന്തകള്‍ക്ക്. ഡോ. പല്വുവിന്റെ ജീവിതം ആര്‍ക്കുവേണ്ടിയാണോ ഹോമിച്ചത് അവരുടെ തലമുറകള്‍  ഈ ശവകുടീരത്തിനുതാഴെയുളള പൊതുവഴിയിലൂടെ ശീതീകരിച്ച കാറുകളില്‍ പായുന്ന കാഴ്ചയെ നമുക്ക് കേരളത്തിന്റെ സാമൂഹ്യമാറ്റം എന്നുവിളിക്കാം.
    1890കളുടെ അവസാനത്തില്‍  ഒരു 1200 രൂപയ്ക്കുണ്ടായിരുന്ന മൂല്യം ഇപ്പോള്‍ എത്രയെന്ന് കണക്കാക്കാന്‍ അറിയില്ല. എങ്കിലും പറയട്ടെ, തിരുവിതാംകൂറില്‍ ഈഴവരെയും പിന്നാക്കവിഭാഗങ്ങളെയും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് അകറ്റിനിറുത്തിയിരിക്കുന്നതിനെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചോദ്യം ചെയ്യാന്‍ ബാരിസ്റ്റര്‍ ജി. പി. പിളളയെ ഇംഗ്ളണ്ടിലേക്ക് അയക്കാന്‍ ഡോ. പല്പു നടത്തിയ ശ്രമത്തിന് ഭഗീരഥനെ തോല്പിക്കുന്ന ത്യാഗമുണ്ടായിരുന്നു. സ്വാമിവിവേകാനന്ദനെ കാണാനുളള പരിശ്രമമായിരുന്നു ആദ്യഘട്ടം. മൈസൂര്‍രാജാവിനെ സന്ദര്‍ശിക്കാന്‍ വിവേകാനന്ദ സ്വാമി എത്തുന്നു എന്നറിഞ്ഞ് കൊട്ടാരം റിക്ഷാക്കാരനെ സ്വാധീനിച്ചു. അയാള്‍ക്കുപകരം വിവേകാനന്ദനെ റിക്ഷയില്‍വച്ച് വലിക്കാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഡോക്ടര്‍ക്ക് ഒരു മടിയുമില്ലായിരുന്നു. വണ്ടി വലിക്കുമ്പോള്‍ താന്‍ റിക്ഷാക്കാരനല്ലെന്നും ഡോക്ടറാണെന്നും അറിയിച്ചു. തന്റെ ഈ വേഷംമാറലിന്റെ ഉദ്ദേശ്യവും ധരിപ്പിച്ചു. സ്വാമി വിവേകാനന്ദന്‍ എന്ന ഭാരതത്തിന്റെ ആ സൂര്യതേജസ് ഒരു നിമിഷം ആ ഭിഷഗ്വരന്റെ ത്യാഗബുദ്ധിക്കുമുന്നില്‍ മനസ്സുകൊണ്ട് തലകുനിച്ചുപോയി. സ്വാമി യില്‍നിന്ന് സിസ്റ്റര്‍ നിവേദിതയ്ക്ക് ഒരു ശുപാര്‍ശക്കത്ത് വാങ്ങിയെടുത്തു. അതുമായി പോകാനുളള ചെലവിന് 1500 രൂപയോളം വേണം. നാട്ടിലെത്തി.പല പ്രമുഖരെയും കണ്ടു. അഞ്ചുരൂപ തികച്ചുകണ്ടിട്ടില്ലാത്ത ഏഴച്ചെറുമക്കള്‍ എല്ലാവരും കൂടി പിരിച്ചത് 300രൂപയാണ്. ബാക്കി 1200 രൂപ പ്േളേഗ് ബാധിതര്‍ക്കിടയില്‍ ജീവന്‍  പണയംവച്ച് ജോലിചെയ്തുണ്ടാക്കിയ ശമ്പളം സ്വരുക്കൂട്ടിയതാണ്. അങ്ങനെ ജി.പി. പിളള ലണ്ടനിലെത്തി. നിവേദിതയില്‍നിന്ന് റെക്കമെന്റേഷന്‍ ലെറ്റര്‍വാങ്ങി പാര്‍ലമെന്റ് മെമ്പര്‍മാരെക്കണ്ട് നിവേദനം കൊടുത്തു. പ്രശ്നം  ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഒച്ചപ്പാടുണ്ടാക്കി. അവിടെനിന്ന്  തിരുവിതാംകൂര്‍ വാഴുന്ന പൊന്നുതമ്പുരാന് ചോദ്യംവന്നു,. അങ്ങനെയാണ് എം. ഗോവിന്ദന്‍  ഈഴവര്‍ക്കിടയില്‍ നിന്ന് ആദ്യത്തെ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകുന്നത്.
    പഠിക്കാനും തൊഴിലെടുക്കാനും അവസരം നല്‍കാതെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ആട്ടിയിറക്കിയ അനേകം പിന്നാക്കക്കാരില്‍  ഒരുവനായിരുന്നു ഡോ. പല്പു. ബ്രിട്ടീഷ് സര്‍വീസില്‍ കയറിപ്പറ്റി അന്യരാജ്യങ്ങളില്‍ ജോലിവാങ്ങിയ മറ്റ് മിടുക്കന്മാര്‍ പലരുമുണ്ട്. പിന്നെ സ്വരാജ്യത്തെയോ തന്നെപ്പോലെ അവശത അനുഭവിക്കുന്ന സ്വസമുദായത്തെയോ തിരിഞ്ഞുനോക്കിയിട്ടില്ല. മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമായി സമ്പാദിച്ചു കൂട്ടി അവര്‍. അവര്‍ക്കൊക്കെ ഇന്ന് നല്ല മാര്‍ബിളിന്റെ കല്ലറകള്‍ ഉണ്ടാകും. പൂന്തോട്ടങ്ങളുടെ പരിലാളനം കാണും. ദിവസവും വിളക്ക് തെളിയും ആ കല്ലറകള്‍ക്കുമുന്നില്‍. പല്പുവിന് സംഭവിച്ചത് നേരേ മറിച്ചാണ്. കുടുംബകാര്യം പലപ്പോഴും മറന്നുപോയി. മൈസൂറില്‍നിന്ന് ഇടയ്ക്കിടെ തിരുവിതാംകൂറിലെത്തി ഈഴവരെ സംഘടിപ്പിക്കാന്‍ ശ്രമിച്ചു. മലയാളി മെമ്മോറിയലിന് ഒപ്പം നിന്നു. വണ്ടിയും വളളവുമില്ലാത്ത കാലത്ത് കൈപിടിച്ച് ഒപ്പിടാന്‍പോലും അക്ഷരജ്ഞാനമില്ലാഞ്ഞ ഭൂരിഭാഗത്തിന്റെ  ഇടയില്‍നിന്ന് 13000 പേരെ സംഘടിപ്പിച്ച് ഈഴവ മെമ്മോറിയല്‍  ഉണ്ടാക്കി മഹാരാജാവിന് കൊടുത്തു. കുമാരനാശാന്റെ പഠനച്ചെലവ്. യോഗത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ എല്ലാം പല്പുവിന്റെ കോട്ടിന്റെ പോക്കറ്റില്‍നിന്നെടുത്ത പണമാണ്. എം. എ. എല്‍. റ്റി വരെ വിദേശത്തുവിട്ട് പഠിപ്പിച്ചു വളര്‍ത്തിയ ഒരു മകനെയും ( നടരാജഗുരു) ഗുരുധര്‍മ്മ പ്രചാരണത്തിനായി വിട്ടുകൊടുത്തു പല്പു. ആ ഭഗീരഥജന്മത്തിന് ആകെയുണ്ടായ ആശ്വാസം ഗുരുദേവന്‍ എന്ന സ്നേഹമൂര്‍ത്തിയുടെ കരുണാകടാക്ഷങ്ങളും വിശ്വാസവുമായിരുന്നു.  തലസ്ഥാനത്തെ ഇംഗ്ളീഷ്സ്കൂളില്‍ മൂന്നാം ഫോറത്തില്‍ ചേര്‍ന്ന  പല്പുവിനെ പണ്ട് സവര്‍ണ്ണര്‍ ഇടപെട്ട് പൊടിയും മാറാലയും പിടിച്ച ക്ളാസ്മുറിയുടെ മൂലയ്ക്കിരുത്തി. ഇന്ന് സര്‍വസമത്വം വിളമ്പുന്ന ആധുനിക തലസ്ഥാനം പല്പുവിന്റെ സ്മരണകുടീരത്തെ കാട്ടുപൊന്തയ്ക്കിടയില്‍ തളളിയിരിക്കുന്നു. ആരും അദ്ദേഹത്തിനായി സൌജന്യം ചെയ്യേണ്ടതില്ല. പഴയൊരുകടമുണ്ട് വീട്ടാന്‍. അതെങ്കിലും  തിരികെകൊടുക്കണം. പണ്ടത്തെ ആ ആയിരത്തി ഇരുനൂറിന്റെ ഇപ്പോഴത്തെ മൂല്യവും നോക്കുന്നില്ല. രണ്ടാളെ നിറുത്തി പല്പുവിന്റെ ശവകുടീരം ഒന്നു വൃത്തിയാക്കിയിടാന്‍ ആ ആയിരത്തി ഇരുന്നൂറ് രൂപയെങ്കിലും മുടക്കാന്‍ തയ്യാറാകണം നമ്മള്‍ മലയാളികള്‍. ജനുവരി 25 പല്വുവിന്റെ ഓര്‍മ്മദിവസമാണ്. മൈക്കുകെട്ടി വാചകക്കസര്‍ത്തുനടത്തുന്നതിനുമുമ്പ് ആ കുടീരം വൃത്തിയാക്കി ഒരു വിളക്കു കൊളുത്തുക. തൃശൂര്‍ കാരമുക്കില്‍ 1920 മേയ് 20ന് ദീപപ്രതിഷ്ഠനടത്തിക്കൊണ്ട് ഗുരുദേവന്‍ അരുളിയ വാക്കുകള്‍ കടംകൊണ്ടു പറഞ്ഞാല്‍, "വെളിച്ചം ഉണ്ടാവട്ടെ.. തമസോമാ ജ്യോതിര്‍ ഗമയ".