Monday 4 February 2013

നമുക്കിനി വലമുറിക്കുന്ന ചുണ്ടെലികളാവാം


ചാഞ്ഞുപെയ്യുന്ന മഴ. റോഡിനുകുറുകേ ഒരു വലിയമരം വീണ് വാഹനങ്ങൾ ബ്ളോക്കിൽപ്പെട്ട് കിടക്കുന്നു. കച്ചവടക്കാർ, ട്രാഫിക് പൊലീസുകാരൻ, വാഹനങ്ങളിൽ യാത്രതടസപ്പെട്ടുകിടക്കുന്നവർ എന്നിങ്ങനെ വലിയജനക്കൂട്ടമുണ്ടെങ്കിലും എല്ലാവരും നിസഹായരായി നിൽക്കുകയാണ്. ബ്ളോക്കിൽകിടന്ന ഒരു സ്കൂൾ ബസിൽനിന്ന് കനത്തമഴയെ അവഗണിച്ച് ഒരുകുട്ടി മാത്രം പുറത്തേക്ക് ഇറങ്ങി . എല്ലാവരും അത് കണ്ടു അമ്പരന്നു. അവൻ ഓടിച്ചെന്ന് വീണുകിടക്കുന്ന മരത്തിൽ കുഞ്ഞിക്കൈകൾകൊണ്ട് ആഞ്ഞുതള്ളി. അതൊരു ഉണർവിന്റെ കാഹളമായിരുന്നു. വാഹനങ്ങളിലുള്ളവരും കടക്കാരും പൊലീസുകാരനും ഒക്കെക്കൂടി ഇറങ്ങി ഒത്തുപിടിച്ച് ആ മരം നീക്കം ചെയ്യാൻ അധികം സമയമെടുത്തില്ല.
അടുത്തകാലത്ത് കണ്ട ഒരു പരസ്യചിത്രത്തിലെ രംഗമാണിത്. ഹൃദയസ്പർശിയായ ഈ രംഗം കണ്ടപ്പോൾ വി. കെ. വിരൂപാക്ഷൻ നമ്പൂതിരിക്ക് പണ്ട് ശ്രീനാരായണഗുരുദേവൻ പറഞ്ഞുകൊടുത്ത ഒരുകഥയാണ് ഓർമ്മവന്നത്.
തൃശൂരിലെ പെരുവനം ഗ്രാമത്തിൽ പേരുകേട്ട വെളുത്തിട്ടു കിഴക്കേടത്തു മനയ്ക്കൽ കുടുംബാംഗമാണ് വിരൂപാക്ഷൻ നമ്പൂതിരി. സമുദായം ശ്രേഷ്ഠമെന്നുകരുതി പരിപാലിച്ചുപോന്ന അയിത്താചാരത്തോട് കുട്ടിക്കാലം മുതൽക്ക് വിരൂപാക്ഷന് ഇഷ്ടക്കേട് തോന്നി. ഗുരുശിഷ്യൻ സഹോദരൻ അയ്യപ്പനുമായി ചങ്ങാത്തംകൂടിയതോടെ പുരോഗമനചിന്തകൾ ഉള്ളിൽ മുളച്ചു. വിരൂപാക്ഷൻ കുടുമമുറിച്ചു. കൂടാതെ ഒരു ചായക്കടയിൽ കയറി കാപ്പികുടിക്കുകയും ചെയ്തു. അതോടെ ജാതിഭ്രഷ്ട് കല്പിക്കപ്പെട്ടു. പുരോഗമനപരമായി ചിന്തിക്കാൻ തന്റെ സമുദായത്തിന് ഇനിയും കഴിയാത്തതിൽ അദ്ദേഹം ദുഃഖിച്ചു. പക്ഷേ, തനിക്ക് ഒറ്റയ്ക്ക് എന്തുചെയ്യാൻ കഴിയും? ആശങ്കകളുടെയും സങ്കടങ്ങളുടെയും വലിയ ഭാണ്ഡവുമായാണ് ഒരുദിവസം കൂർക്കഞ്ചേരി ഉമാമഹേശ്വരക്ഷേത്രസന്നിധിയിൽ ശ്രീനാരായണഗുരുവിനെ ദർശിക്കാൻ എത്തിയത്. ആഗതന്റെ മനോഗതമറിഞ്ഞ് ഗുരു മന്ദഹസിച്ചു;
"യാഥാസ്ഥിതികർ ആട്ടിയോടിച്ചിട്ടും അടിപതറാതെ പ്രവർത്തിച്ചു വിജയിച്ച ശ്രീശങ്കരന്റെ പരമ്പരയല്ലേ? നമ്പൂതിരിക്കുട്ടി ഭയപ്പെടേണ്ട. ജാതിവ്യത്യാസം മനുഷ്യർ ഉണ്ടാക്കിയതാണ്. അതുമാറ്റാൻ മനുഷ്യർ തന്നെ ശ്രമിക്കണം. ആചാരങ്ങളെയല്ല, അനാചാരങ്ങളെയാണ് നശിപ്പിക്കേണ്ടത്. അതിനു നമ്പൂതിരിക്കുട്ടിയെപ്പോലുള്ള ചെറുപ്പക്കാർ തന്നെ മുന്നോട്ടുവരണം."
വിരൂപാക്ഷൻ തന്റെ ഉള്ളിൽ കുടുങ്ങിക്കിടന്ന സംശയം തൃപ്പാദങ്ങൾക്കുമുന്നിൽ വച്ചു.
"ഒരാൾ മാത്രം ജാതിയും മതവുംനോക്കാതെ പെരുമാറിയാൽ ജാതിപ്പിശാചിനെ നശിപ്പിക്കാനൊക്കുമോ?"
ഗുരു മൊഴിഞ്ഞു: "ഇടയരുടെ ഇടയിൽ ഇടയനായി വളർന്ന കൃഷ്ണൻ ഭാരതചക്രവർത്തിയുടെ സിംഹാസനത്തെപ്പോലും ചലിപ്പിച്ചില്ലേ? മുക്കുവത്തിയുടെ പുത്രനായ വ്യാസൻ ലോകമറിയുന്ന വേദവ്യാസനായില്ലേ? പലിതോപാഖ്യാനത്തിലെ മൂഷികനെപ്പോലെ പ്രതിബന്ധങ്ങളെ പരാജയപ്പെടുത്തണം."
"ഗുരോ എന്താണ് പലിതോപാഖ്യാനത്തിലെ മൂഷിക ചരിത്രം?"
"അതൊരു രസകരമായ കഥ. ഒരു കാട്. അതിൽ ഒരു വൃക്ഷം. ചുവട്ടിൽ മാളം. മാളത്തിൽ എലി. വൃക്ഷത്തിൽ കോടരം. അതിൽ പാമ്പ്. കൊമ്പിൽ ഒരു പരുന്ത് കൂടുകൂട്ടിയിരിക്കുന്നു. സമീപത്തായി ഒരു മൺകൂനയിൽ കീരിയും. കാടിനടുത്തായി ഒരു വേടൻ താമസിച്ചിരുന്നു. അയാൾ ഒരു ദിവസം വൃക്ഷച്ചുവട്ടിൽ വലവച്ചു. ദൈവഗത്യാ ഒരു പൂച്ചയാണ് അതിൽ കുടുങ്ങിയത്. എല്ലാവരും അതുകണ്ട് ഭയന്നു. ഇത്രയും പേർക്കും ആഹാരമായി മാറാവുന്ന എലി പക്ഷേ ധൈര്യസമേതം പുറത്തിറങ്ങി. പൂച്ചയുമായി സഖ്യം ചെയ്തു. വല അറുത്ത് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. പൂച്ച യുടെ പുറത്തിരിക്കുന്ന എലിയെക്കണ്ട് അത്ഭുതപ്പെട്ട് പാമ്പ് സ്ഥലം വിട്ടു. പക്ഷി പറന്നുപോയി. കീരി ഓടിരക്ഷപ്പെട്ടു. വേടൻ നടന്നടുക്കുന്നതിനുമുമ്പേ അവസാനത്തെ കണ്ണിയും മുറിച്ചു മാറ്റിയിട്ട് എലി മാളത്തിലേക്ക് ഓടി. പൂച്ച ചാടിപ്പോയി. ഇതുപോലെ ശത്രുക്കളുടെ മദ്ധ്യത്തിലാണെങ്കിലും ആദർശംവിടാതെ പ്രവർത്തിച്ചാൽ വിജയം സുനിശ്ചിതമാണ്. നമ്പൂതിരിക്കുട്ടിക്ക് നന്മവരും." എന്നു പറഞ്ഞ് വിരൂപാക്ഷനെ ഗുരു അനുഗ്രഹിച്ചയച്ചു. വിരൂപാക്ഷൻ നമ്പൂതിരി കൊച്ചിരാജ്യത്ത് പിന്നീട് സഹോദരൻ അയ്യൻ, ഇക്കണ്ടവാര്യർ, കെ. കേളപ്പൻ എന്നിവർക്കൊപ്പം സമുദായത്തിന്റെ അച്ചടക്കനടപടികൾ തൃണവത്ഗണിച്ച് പ്രവർത്തിച്ചകഥ ചരിത്രത്തിന്റെ ഭാഗമാണ്.
പരസ്യചിത്രത്തിലെ കുട്ടി, വിരൂപാക്ഷൻ നമ്പൂതിരി, ഗുരുപറഞ്ഞകഥയിലെ വലകടിച്ചുമുറിച്ച എലി എന്നിവർക്ക് പൊതുവായ ചില സാമ്യതകൾ കാണാം. മൂവരും മറ്റുള്ളവരെ അപേക്ഷിച്ച് ദുർബലരാണ്. പക്ഷേ, അവർക്ക് സ്വാർത്ഥത ലവലേശമില്ല, സ്വന്തം സുരക്ഷയെയോർത്ത് ഭയവുമില്ല. മുന്നിൽക്കണ്ട പ്രതിബന്ധത്തെ അവർ ചങ്കൂറ്റത്തോടെ നേരിട്ടു.
അതുപോലൊരു ചങ്കൂറ്റമാണ് വേദങ്ങളെ ഇല്ലക്കെട്ടിനുപുറത്തുകൊണ്ടുവന്ന് അർഹതപ്പെട്ടവർക്ക് പകർന്നുകൊടുക്കുന്ന ശാസ്ത്രശർമ്മൻ നമ്പൂതിരികാട്ടിയത്. അദ്ദേഹത്തിന്റെ തകരാറിലായ വൃക്ക മാറ്റിവയ്ക്കാൻ തന്റെ വൃക്കനൽകാമെന്നു പറഞ്ഞ് സധൈര്യം മുന്നോട്ടുവന്ന അജിഷയെന്ന യുവതിയെക്കുറിച്ച് കേട്ടറിഞ്ഞപ്പോഴും ഗുരുപറഞ്ഞ പലിതോപാഖ്യാനത്തിലെ എലിയുടെ ധീരതമുറ്റിയ ജീവകാരുണ്യമാണ് ഓർമ്മവരുന്നത്. അജിഷ താണജാതിയിൽ ജനിച്ചവളാണ്. എന്നാൽ മനസിന്റെ വലിപ്പംകൊണ്ട് അവർ എന്നേ ബ്രാഹ്മണനെക്കാൾ ശ്രേഷ്ഠതനേടിക്കഴിഞ്ഞു.
വീണുകിടക്കുന്ന ചിലവൻമരങ്ങൾക്കുമുന്നിൽ യാത്ര തടസപ്പെട്ടു കിടക്കുന്ന സമൂഹമാണ് നമ്മുടേത്. ജാതിയോ മതമോ, സ്വാർത്ഥമോഹികളുടെ കുടിലതകളോ ഭരണവർഗത്തിന്റെ മുഷ്ക്കുകളോ ഒക്കെയാണ് പ്രതിബന്ധമായി കിടക്കുന്നത്. ആരെങ്കിലും വന്ന് ഇതൊക്കെ മാറ്റിക്കൊള്ളും നമ്മൾ അനങ്ങേണ്ട എന്ന മനോഭാവത്തിലാണ് ഇന്ന് ഭൂരിഭാഗം പേരും. ആർത്തുപെയ്യുന്ന മഴയെ അവഗണിച്ച് സ്വന്തം ദുർബലതയെക്കുറിച്ച് ആശങ്കയില്ലാതെ മുന്നിട്ടിറങ്ങിയോടുന്ന കുട്ടിയുടെ നിശ്ചയദാർഢ്യം, നിഷ്കളങ്കത, നിസ്വാർത്ഥത അതൊക്കെ എവിടെയോ കൈമോശം വന്നുപോകുന്നു. സ്വാർത്ഥരായിരുന്നുകൊണ്ട് സ്വാർത്ഥതപുരട്ടിയ ചോറുരുട്ടിക്കൊടുത്ത് നാം അടുത്ത തലമുറയെ വളർത്തുന്നു. വേടന്റെ വലകളിൽ സഹജീവികൾ കുടുങ്ങുന്നതുകണ്ട് അനങ്ങാതെയിരിക്കുന്ന പരുന്തും കീരിയും പാമ്പുമൊക്കെയാകാൻ നാം അവരെ പഠിപ്പിക്കുന്നു. വലകൾ ഇന്ന് അവരെയും നാളെ നമ്മിൽ ഓരോരുത്തരെയും വരിഞ്ഞുമുറുക്കുമെന്ന തിരിച്ചറിവ് ആർക്കും കിട്ടുന്നില്ല. വേദപഠനത്തിൽ പഠിതാവ് അഗ്നിയിലേക്ക് കൈനീട്ടി ചെയ്യുന്ന ഒരു പ്രാർത്ഥനയുണ്ട്.
"ഓം മന്യുരസി മന്യുമയി ധേഹി."
ഹേ അറിവാകുന്ന അഗ്നേ എനിക്ക് അധർമ്മത്തോട് കോപം നൽകിയാലും എന്നർത്ഥം. അങ്ങനെയൊരുകോപം ഉണരാനുള്ള അറിവാണ് നേടേണ്ടത്. അത് സർവസംഹാരത്തിന്റേതല്ല, കളങ്കമില്ലാത്തതും കാരുണ്യം നിറഞ്ഞതും നിസ്വാർത്ഥവുമായിരിക്കണം. സംശയമുള്ളവർ ഗുരുവിന്റെ കണ്ണുകളിലേക്ക് നോക്കൂ. അതേ അറിവിന്റെ അഗ്നിത്തിളക്കമാണ് അവിടെ കാണുന്നത്.

2 comments:

  1. അറിവിന്റെ അഗ്നിത്തിളക്കമാണ് അവിടെ കാണുന്നത്.

    ജ്ഞാനസമുദ്രം

    ReplyDelete
  2. കൊള്ളാം മാഷേ


    ReplyDelete