Monday, 1 October 2012

ഒരു വെള്ളിനാണയത്തിന്റെ കടം ബാക്കിയുണ്ട്


 
മഹത്തായ ഒരു പൈതൃകത്തെ, കാലം പൊഴിച്ചിട്ട കരിയിലകൾക്കടിയിൽ സൂക്ഷിക്കുന്ന കിടങ്ങാം പറമ്പിലെ വെള്ളമണലിൽ തൊട്ടപ്പോൾ ഒരു നന്ദികേടിന്റെ കഥയോർത്ത് മനസുനീറുകയായിരുന്നു.

പഥംതെറ്റി ഭ്രമണംചെയ്ത കാലചക്രത്തെ ഒരു ശിലാസ്പർശം കൊണ്ട് തിരുത്തിയ മഹിതാത്മാവിന്റെ സാന്നിദ്ധ്യം ഒരുപാടുതവണ നുകർന്ന മണ്ണാണിത്.
മഹാസമാധിദിനത്തിൽ എസ്. എൻ. ഡി. പി യോഗം അമ്പലപ്പുഴ യൂണിയൻ ഏല്പിച്ച സമാധിദിന സന്ദേശ പ്രഭാഷണം എന്ന ദൗത്യവുമായി കിടങ്ങാംപറമ്പ് ക്ഷേത്രമൈതാനത്ത് നില്ക്കുമ്പോൾ അതുകൊണ്ടുതന്നെ ആ നന്ദികേടിന്റെ കഥയാണ് പറയാൻ തോന്നിയതും.

ബ്രിട്ടീഷുകാരും മാടമ്പിമാരും കൈയാളിയിരുന്ന ആലപ്പുഴയിലെ കയർ തൊഴിലാളികളുടെ മാനാഭിമാനങ്ങൾക്കായി നടത്തിയ ചോരമണക്കുന്ന പോരാട്ടങ്ങളുടെ ചരിത്രം ഒരുപാടുതവണ കേട്ടവരാണ് നമ്മൾ. വീരസമരങ്ങളുടെ ചരിത്രം രചിച്ചവർ മറവിയുടെ പാതാളത്തിലേക്ക് ചവിട്ടിയൊതുക്കിയ ആദ്യത്തെ തൊഴിലാളി വിപ്ളവത്തിന്റെ കഥയാണ് കിടങ്ങാംപറമ്പിലെ ഈ ദേവഭൂമി ഇന്ന് നമ്മെ ‌ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നത്.

ആലപ്പുഴയിലെ ഡറാസ് മെയിൽ കയർ കമ്പനിയിൽ പീഡനങ്ങളേറ്റുവാങ്ങി ജീവിച്ച ഒരുകൂട്ടം തൊഴിലാളികളെ പ്രതിനിധീകരിച്ച് 1922 മാർച്ച് 22ന് കിടങ്ങാംപറമ്പ് ദേവീക്ഷേത്രമുറ്റത്ത് ശ്രീനാരായണഗുരുദേവനെക്കണ്ട് സങ്കടമുണർത്തിക്കാനെത്തിയ കൃശഗാത്രനാണ് കേരളചരിത്രം രേഖപ്പെടുത്താതെപോയ ആദ്യത്തെ തൊഴിലാളി നേതാവ്. പേര് വാടപ്പുറം പി. കെ. ബാവ. കയർഫാക്ടറികളിൽ തങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾ പറഞ്ഞ് അന്ന് ഗുരുസമക്ഷം ഒരുപാടുനേരമിരുന്നു കരഞ്ഞ ബാവയെ ആ മഹാനുഭാവൻ ആശ്വസിപ്പിച്ചു. "തൊഴിലാളികളുടെ രക്ഷയ്ക്കായി ഒരു സംഘടന ഉണ്ടാക്കുക. അതിലൂടെ ശക്തരായി അവർ സ്വതന്ത്രരാവട്ടെ." എന്ന് ഗുരു മൊഴിഞ്ഞു. ആ മൊഴിമുത്തുകൾ നെഞ്ചോടുചേർത്തുവച്ച് പിറ്റേന്ന് ബാവ തന്റെ സഹതൊഴിലാളികളോടുപറഞ്ഞു,

"കാലത്തിനെ നയിക്കുന്ന ചേതനാശക്തിയിൽ നിന്ന് എനിക്കൊരു വാക്കുറപ്പ് കിട്ടിയിരിക്കുന്നു. അതിനാൽ നിങ്ങൾ എന്നോടൊപ്പംവരിക. അവകാശങ്ങൾ നേടിയെടുക്കാൻ ഞാൻ നിങ്ങളെ സഹായിക്കാം. നമുക്ക് വഴികാട്ടിയായി ഗുരുദേവനുണ്ട്."

ശ്രീനാരായണ ഗുരു എന്ന നാമത്തിന്റെ കാന്തികശക്തിയിൽ അവർ സായിപ്പിന്റെ അച്ചടക്കനടപടികളെ അവഗണിച്ചുകൊണ്ട് ബാവയ്ക്കു പിന്നിൽ അണിചേർന്നു. അങ്ങനെ 1922 മാർച്ച് 31ന് തിരുവിതാംകൂറിലെ ആദ്യത്തെ തൊഴിലാളി പ്രസ്ഥാനമായ തിരുവിതാംകൂർ ലേബർ അസോസിയേഷൻ പിറന്നു. തന്റെ ദേശാന്തര യാത്രകൾക്കിടെ ഗുരുദേവൻ അന്നേദിവസം വീണ്ടും കിടങ്ങാംപറമ്പിൽ എത്തിയിരുന്നു. അതറിഞ്ഞ് ബാവ വീണ്ടും ആ സമക്ഷത്തിലേക്ക് ഓടിയണഞ്ഞു.

"ഇനി തൊഴിലാളികൾ ഭരിക്കുന്ന കാലമാണ് വരാൻ പോകുന്നത്. ധൈര്യമായി മുന്നോട്ടുപോവുക" എന്നരുളിക്കൊണ്ട് ഗുരു ഒരു വെള്ളിനാണയം ബാവയുടെ കൈവെള്ളയിൽ വച്ചുകൊടുത്തു. ആ വെള്ളിനാണയത്തിൽനിന്ന് കെട്ടിപ്പടുത്തതാണ് കേരളത്തിലെ തൊഴിലാളി സമൂഹത്തിന്റെ സമരചരിത്രം. ഗുരുവിന്റെ ആഹ്വാനപ്രകാരം തൊഴിലാളി എന്ന പത്രം, തുടർവിദ്യാഭ്യാസ സൗകര്യം, മെഡിക്കൽക്യാമ്പ്, റിക്രിയേഷൻ ക്ളബ് എന്നിവ രൂപീകരിക്കപ്പെട്ടു. യൂണിയന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് തന്റെ സന്ദേശവുമായി ഗുരുദേവൻ ശിഷ്യനായ സത്യവ്രതസ്വാമിയെ അയച്ചു. അടുത്ത ഒരു ദശാബ്ദക്കാലം അതൊരു ആവേശമായിരുന്നു. അന്നുവരെ അടിമപ്പണി ചെയ്തുകഴിഞ്ഞവർ തങ്ങളും മാനുഷികാവകാശങ്ങൾ ഉള്ളവരാണെന്ന് അറിഞ്ഞുതുടങ്ങിയ നാളുകൾ. പി. കൃഷ്ണപിളള, ആർ. സുഗതൻ, ടി.വി. തോമസ് എന്നിങ്ങനെ കേരളത്തിന്റെ വിപ്ളവസ്മരണകളിൽ ഒളിമങ്ങാതെ നിൽക്കുന്ന പേരുകൾ ആ വെള്ളിനാണയത്തിന്റെ പ്രഭയിൽ തുടങ്ങിയ തൊഴിലാളി സംഘടനയിൽനിന്ന് ഉയർന്നുവന്നതാണ്. എന്നാൽ വൈദേശിക തത്വശാസ്ത്രത്തിന്റെ കൈപിടിക്കാൻ ഗുരുദർശനത്തെ കൈവെടിഞ്ഞവർ പിൽക്കാലത്ത് ആദ്യനേതാവിനെ തള്ളിപ്പറഞ്ഞു. എഴുതിവയ്ക്കപ്പെട്ട ചുവപ്പൻ ചരിത്രകഥകളിൽ ആ വെള്ളിനാണയം പിന്നീടുവന്നവർക്ക് എടുക്കാച്ചരക്കായി.
ഗുരുമൊഴികൾ സത്യമാക്കിക്കൊണ്ട് കേരളത്തിന്റെ സമസ്തമേഖലയിലും തൊഴിലാളി പ്രസ്ഥാനങ്ങൾ വളർന്നു. പലവട്ടം ഭരണത്തിലേറി. ലോക തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാലും ബാവ ഗുരുവിൽനിന്ന് വെള്ളിനാണയം വാങ്ങിയ 1922 മുതൽക്കിങ്ങോട്ടുള്ള വളർച്ച പ്രവചനാതീതമായിരുന്നു.

വിവിധ കൊടക്കൂറകൾക്കു കീഴിലായെങ്കിലും ഇന്നും അജയ്യ ശക്തിയാണത്. എന്നാൽ അവയിൽ എത്രപേർക്കറിയാം തങ്ങളുടെ പിതൃഭൂമി ആലപ്പുഴയിലെ കിടങ്ങാംപറമ്പ് ദേവീക്ഷേത്രമുറ്റമാണെന്ന്?

മലയാളി സമൂഹത്തിന്റെയും തമിഴ് , കന്നട ദേശങ്ങളുടെയും സാംസ്കാരിക നവോത്ഥാനത്തിൽ നേരിട്ട് ഇടപെട്ട ഗുരുദേവൻ തന്നെയാണ് തങ്ങളുടെ മാതൃസംഘടനയ്ക്ക് തുടക്കംകുറിച്ചതെന്ന് എത്രപേർ തിരിച്ചറിയുന്നുണ്ട്? അതുകൊണ്ടാണ് പഴയചരിത്രം പഠിച്ചറിഞ്ഞതു മുതൽ കിടങ്ങാംപറമ്പിനെക്കുറിച്ചോർക്കുമ്പോൾ ഒരു നന്ദികേടിന്റെ കഥ ഉള്ളിൽ തികട്ടുന്നുവെന്ന് പറഞ്ഞത്.

തൊഴിലാളി സംഘടനകൾക്ക് ദിശാബോധം നഷ്ടപ്പെ‌ടുന്നുവെന്നും അവർ പ്രതിനിധാനം ചെയ്യുന്ന കക്ഷികളിൽ അന്തഛിദ്രം ശക്തമാകുന്നു എന്നും വിലാപമുയരുന്നത് കേൾക്കാറുണ്ട്. തങ്ങളെ രക്ഷിക്കാൻ ദൈവംപോലുമില്ലെന്ന് ഗുരുവിന്റെ പാദാരവിന്ദത്തിനരികിലിരുന്ന് പണ്ട് ബാവ ഒഴുക്കിയ കണ്ണീരിന്റെ പരിസരത്തുപോലും വരില്ല ഈ വിലാപങ്ങൾ എന്ന് ഓർക്കണം.
പിതൃത്വം മറക്കുന്ന തലമുറയ്ക്ക് കാലുറപ്പുണ്ടാകുന്നില്ലെങ്കിൽ കാത്സ്യം ഗുളിക വാങ്ങിക്കഴിച്ചിട്ട് എന്തുകാര്യം?

ഗുരുനിന്ദയുടെയും പ്രതിഷേധങ്ങളുടെയും കാലത്തിരുന്നുകൊണ്ട് നമ്മൾ ഭൂതകാലത്തിലേക്ക് എത്തിനോക്കുന്നത്, ഗുരുനിന്ദയുടെ പാഠങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് തിരിച്ചറിയാൻ വേണ്ടിയിട്ടാണ്.
പന്തീരടിപൂജയും പണപ്പായസവുമുണ്ട് ശ്രീലകത്തരുളിയ ദേവതകൾപോലും കൈവിട്ടുകളഞ്ഞ ജനതയെ ജീവിതത്തിന്റെ ചെളിക്കുണ്ടിൽനിന്ന് കൈപിടിച്ചു കയറ്റിയ ഗുരുദേവനെ അവരുടെ പിൻതലമുറ ദൈവത്തേക്കാൾ ഉന്നതനായിക്കണ്ട് ഭജിക്കുന്നുവെങ്കിൽ അത് പരമ്പരയായി
കൈമാറിവരുന്ന കലർപ്പില്ലാത്ത പിതൃഗുണത്തിന്റെ മഹിമയായി കണ്ടാൽമതി. നൂറല്ല ആയിരം വർഷം കഴിഞ്ഞാലും കേരളത്തിന്റെ മക്കൾ ഗുരുചിന്ത വെടിയുമെന്ന് കരുതുന്നത് ശുദ്ധ ഭോഷ്കാണ്. ഗുരുവിനു പകരം തങ്ങളുടെ തൊങ്ങലുപിടിപ്പിച്ച ചരിത്രപുരുഷന്മാരിലാരെയെങ്കിലും മലയാളമണ്ണിന്റെ പിതൃസ്ഥാനത്ത് പ്രതിഷ്ഠിക്കാമെന്ന് വ്യാമോഹിച്ച് ഹതാശരായവരുടെ ഓരിയിടലുകളായി കണ്ടാൽമതി അത്തരം ജല്പനങ്ങളെ. ഗുരുവിനെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കാനും അടുത്ത തലമുറയ്ക്ക് അത് വിശുദ്ധിയോടെ കൈമാറാനും സ്വയം പ്രതിഞ്ജാബദ്ധരാകുക എന്നതാണ് ഗുരുവിനെ നിന്ദിക്കുന്നവർക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല മറുപടി. "സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും" എന്ന് പാടിയ കവിയുടെ ജന്മനാട്ടിൽ നിന്നുകൊണ്ട് കേരളത്തിന്റെ ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ,
"സ്നേഹിക്കയില്ല ഞാൻ എന്റെ ഗുരുദേവനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും" എന്ന് ഉറക്കെപ്പാടാനാണ് മനസ് മന്ത്രിച്ചത്.

1 comment:

  1. "സ്നേഹിക്കയില്ല ഞാൻ എന്റെ ഗുരുദേവനെ
    സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും"

    ReplyDelete