Monday 23 July 2012

ബ്രഹ്മശക്തിയെ നിഷേധിക്കാനാവുമോ?​



അമേരിക്കക്കാരനായ ലൂയിസ്‌ ഫിഷര്‍ എന്ന പത്രപ്രവര്‍ത്തകന്‍ എഴുതിയ “ദി ലൈഫ്‌ ഒഫ്‌ മഹാത്‌മഗാന്‌ധി” എന്ന ഗാന്‌ധിജിയുടെ ജീവചരിത്രം ലോകപ്രശസ്‌തമാണ്‌.  ഈ ജീവചരിത്രം എഴുതുന്ന കാലത്ത്‌ ഗാന്‌ധിജി തന്റെ രാഷ്‌ട്രീയ കാഴ്‌ചപ്പാടിനെക്കുറിച്ച്‌ ലൂയിസ്‌ ഫിഷറിനോട്‌ ഇങ്ങനെ പറഞ്ഞു:

“ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്‌ എന്റെ സംഘടന. പക്ഷേ, അത്‌ എന്നില്‍നിന്ന്‌ അകന്നുപോകുകയാണെങ്കില്‍, പിന്നീട്‌ എന്റെ സംഘടന ഞാന്‍ തന്നെയാണ്‌. ഒരാദര്‍ശം ഉള്‍ക്കൊണ്ടിട്ടുളള വ്യക്‌തിയാണ്‌ ഞാന്‍. എന്നെപ്പോലെ ഒരാള്‍ക്ക്‌ ഒരു സംഘടനയുടെ സാമീപ്യമോ സഹകരണമോ നഷ്‌ടപ്പെട്ടുപോവുകയാണെങ്കില്‍, പിന്നെ ആ ആള്‍ തന്നെ സ്വയം ഒരു സംഘടനയായിത്തീരുകയേ നിവൃത്തിയുളളൂ.”

ഗാന്‌ധിജിയുടെ  ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഒരു നദിയുടെ കഥയാണ്‌  ഓര്‍മ്മവരുന്നത്‌.  പ്രകൃതിയുടെ സര്‍വ സ്‌നിഗ്‌ധതയും സമ്മേളിക്കുന്ന വിശുദ്ധിയുടെ ഒരു ജലകണമായാണ്‌ നദി ജനിച്ചത്‌. സമാനകണങ്ങള്‍ ചേര്‍ന്ന്‌ ചെറിയ വെളളക്കെട്ടായി. പിന്നെ, അത്‌ പാറത്തടത്തില്‍നിറഞ്ഞ്‌ തുളുമ്പി അരുവിയായി ഒഴുകിത്തുടങ്ങി. സസ്യലതാദികളെ തഴുകിയും തലോടിയും ജീവജലംകൊടുത്തും അത്‌ ഒഴുക്കുതുടര്‍ന്നു. മറ്റ്‌ പലയിടങ്ങളില്‍നിന്നും അതിലേക്ക്‌ വീണ്ടും അരുവികള്‍ ഒഴുകിയെത്തുന്നതോടെ അത്‌ നദിയായും മഹാനദിയായും മാറി. ആ നദിയെ ആശ്രയിച്ച്‌ ഒരു ജനസമൂഹവും അവര്‍ക്ക്‌ തനതായ സംസ്‌കാരവും ഉണ്ടായി.  അവര്‍ക്ക്‌ വേണ്ടുന്നത്‌ എടുക്കാനും വേണ്ടാത്തത്‌ വലിച്ചെറിയാനുമുളള ഇടമായി പിന്നെ  ആ നദി മാറി.  സമൂഹവിഴുപ്പുകള്‍ പെരുകിയതോടെ കാലാന്തരത്തില്‍  അത്‌  മലിനപ്പെട്ടു. മാലിന്യം കുമിഞ്ഞ്‌ ഒഴുക്കുനിലച്ചപ്പോള്‍ ഭൂമിയെ  മലിനപ്പെടുത്തി എന്ന കുറ്റം   ഇതേ സമൂഹം തന്നെ നദിയുടെ മേല്‍ ആരോപിച്ചു.

രാഷ്‌ട്രീയത്തെക്കുറിച്ച്‌ ഗാന്‌ധിജി ലൂയിസിനോടു പറഞ്ഞതും ലോകത്ത്‌ നവോത്‌ഥാനം ലക്ഷ്യമിട്ട്‌ തുടങ്ങിയ വിവിധ സംഘടനകളുടെ ചരിത്രവും മുകളില്‍ പറഞ്ഞ നദിയുടെ കഥയോട്‌ ചേര്‍ത്തുവായിച്ചാല്‍ ഒരു കാര്യം വ്യക്‌തമാകും. ഒരു വ്യക്‌തി സ്വയം ഒരാദര്‍ശം ഉള്‍ക്കൊണ്ട്‌  അതില്‍ ജീവിച്ചുതുടങ്ങുമ്പോള്‍ അതില്‍ ആകൃഷ്‌ടരായി മറ്റു ചിലര്‍  ഒപ്പം ചേരുന്നു. അവര്‍  ഒരു സംഘടനയായിരൂപാന്തരം പ്രാപിക്കുന്നു.  സംഘടനയില്‍ എത്തുന്നവര്‍ക്കെല്ലാം ഒരു പൊതു ലക്ഷ്യത്തോടൊപ്പം സ്വകാര്യമായ ചില ആവശ്യങ്ങള്‍ ഉണ്ടാകും. അത്‌ ചിലപ്പോള്‍ സംഘടനയുടെ രൂപീകരണത്തിന്‌ കാരണമായ ആദര്‍ശങ്ങളോട്‌ നീതി പുലര്‍ത്താത്തതും ആയിരിക്കും. അങ്ങനെ വിവിധതാല്‌പര്യക്കാര്‍ ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടി ഒന്നിക്കുന്ന ഇടമായി സംഘടനമാറുന്നു. അത്‌ വലുതാകുംതോറും   ഉളളിലെ അന്തരവും വര്‍ദ്ധിക്കുന്നു. അതോടെ ലക്ഷ്യം മറന്നുപോകുന്നു. അപ്പോള്‍ ചില മാനദണ്‌ഡങ്ങളുടെ പേരില്‍ ചിലര്‍ ചേര്‍ന്ന്‌  സംഘടനയ്ക്കുളളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നു. ഈ ഗ്രൂപ്പുകളിലും കാലക്രമത്തില്‍ വേര്‍തിരിവുണ്ടാകും. ഏകത്വം എന്നതില്‍നിന്ന്‌ ബഹുത്വം എന്നതിലേക്ക്‌ സംഘടന പൊട്ടിച്ചിതറുമ്പോള്‍  അത്‌ സമൂഹത്തിലെ സാംസ്‌കാരിക മാലിന്യമായി മാറുന്നു. സ്വയം സംഘടനയായി മാറിയ വ്യക്‌തിയും  അദ്ദേഹം ഉണ്ടാക്കിയ സംഘടനയും തമ്മില്‍ അപ്പോള്‍ അജഗജാന്തര വ്യത്യാസം കാണാം.

കാറല്‍ മാര്‍ക്‌സിന്റെ മുന്‍ഗാമിയായി അറിയപ്പെടുന്ന ഹെഗെല്‍  എന്ന ജര്‍മ്മന്‍ തത്വചിന്തകനാണ്‌  വൈരുദ്ധ്യവാദത്തിന്റെ അവതാരകന്‍. എന്നാല്‍  വൈരുദ്ധ്യവാദത്തിലൂടെ അദ്ദേഹം എത്തിച്ചേര്‍ന്നത്‌ ഈശ്വരനിലായിരുന്നു. പ്രപഞ്ചത്തിന്‌ ആദികാരണമായ ഒരു ശക്‌തിയുണ്ടെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു. പിന്നാലെ വന്ന മാര്‍ക്‌സ്‌ ഇത്‌ നിഷേധിക്കുകയും വൈരുദ്ധ്യവാദവുമായി മുന്നോട്ടു പോകുകയുമാണ്‌ ചെയ്‌തത്‌. മാര്‍ക്‌സ്‌ തന്റെ വൈരുദ്ധ്യാധിഷ്‌ഠിത ഭൌതികവാദവുമായി മുന്നോട്ടുവന്നപ്പോള്‍ അന്നുവരെയുളള മത, സംസ്‌കാര ചിന്താസരണികള്‍ കീഴ്‌മേല്‍ മറിക്കപ്പെട്ടു. മനുഷ്യര്‍ ആത്‌മീയവാദികളെന്നും ഭൌതികവാദികളെന്നും വേര്‍തിരിക്കപ്പെട്ടു. മാര്‍ക്‌സ്‌ തന്റെ ദര്‍ശനത്തെ അന്നോളമുളള ശാസ്‌ത്രവളര്‍ച്ചയുമായി ചേര്‍ത്തുവയ്ക്കാന്‍ ജാഗ്രതകാട്ടി. അത്‌ യുക്‌തിവാദത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടായിരുന്നു. 

മാര്‍ക്‌സിസവും ശ്രീനാരായണദര്‍ശനവും മനുഷ്യസ്‌നേഹത്തില്‍ അധിഷ്‌ഠിതമാണ്‌. എന്നാല്‍ വഴികള്‍ വ്യത്യസ്‌തമാണെന്നുമാത്രം. മാര്‍ക്‌സിന്റെ ദര്‍ശനം സൃഷ്‌ടിച്ച രണ്ട്‌ വിഭാഗക്കാരെ ഒന്നിപ്പിക്കാനും ഒരേ ലക്ഷ്യത്തിലേക്ക്‌ നയിക്കാനുമായിരുന്നു ശ്രീനാരായണഗുരുദേവന്റെ ശ്രമം. ആത്‌മീയവാദികള്‍ മതപരമായ ആചാരങ്ങളിലും അനുഷ്‌ഠാനങ്ങളിലും നിന്നുകൊണ്ട്‌ ഈശ്വരനെ അറിയാന്‍ ശ്രമിച്ചപ്പോള്‍ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അവയുടെ പുറംമോടികളും ഒഴിവാക്കിക്കൊണ്ട്‌ ഈശ്വരനിലേക്ക്‌ അടുത്തു ഗുരു. കാഷായം ഉപേക്ഷിച്ചുളള സംന്യാസംപോലും ഈ പുറംമോടികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിരുന്നു.  ആ നിഷേധങ്ങള്‍ ഭൌതികവാദികളെ ഗുരുവിലേക്ക്‌ അടുപ്പിച്ചു. ഗുരുവിന്റെ ചിന്താസരണി ഈശ്വരനില്‍ അധിഷ്‌ഠിതമാണെന്ന അറിവ്‌ ആത്‌മീയവാദികളെയും അദ്ദേഹത്തിലേക്ക്‌ അടുപ്പിച്ചു. പ്രായോഗികതയ്ക്ക്‌ കൂടുതല്‍ പ്രാമാണികത നല്‍കിക്കൊണ്ടായിരുന്നു ഗുരു തന്റെ ദര്‍ശനം അവതരിപ്പിച്ചത്‌. പ്രപഞ്ചശക്‌തിയെ അംഗീകരിക്കാത്ത ഭൌതികവാദിയെയും ഈശ്വരനെ അംഗീകരിക്കുന്ന ആത്‌മീയവാദിയെയും ഗുരുദേവന്‍ തന്നോട്‌ ചേര്‍ത്തു നിറുത്തുകയും അവര്‍ തമ്മിലുളള ഭിന്നത ഇല്ലാത്തതാണ്‌ എന്ന്‌ ബോധിപ്പിക്കുകയും ചെയ്‌തു.  ആത്‌മീയവും ഭൌതികവും വേര്‍തിരിക്കേണ്ടതല്ല എന്ന്‌ ഗുരു പറയുന്നത്‌ ഇവര്‍ക്ക്‌  പൂര്‍ണ്ണമായി ഉള്‍ക്കൊളളാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും  ഈ രണ്ടുകൂട്ടര്‍ക്കും  ഗുരുദേവന്‍ എന്ന സത്യത്തെ വിട്ടുപോകാന്‍  ഇന്നും സാധിക്കുന്നില്ല.

ഗാന്‌ധിജി വരുന്നതിനുമുമ്പേ കോണ്‍ഗ്രസ്‌ ഇന്ത്യന്‍ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ഗാന്‌ധിജിയുടെ വരവോടെ പ്രസ്‌ഥാനം  അദ്ദേഹത്തിലേക്ക്‌ ചേര്‍ന്നു. ലക്ഷ്യപ്രാപ്‌തിയോടെ പ്രസ്‌ഥാനവും ഗാന്‌ധിജിയും രണ്ടുവഴിക്ക്‌ പിരിയുകയും ചെയ്‌തു.  എന്നാല്‍ ഗുരുദേവന്റെ  ലോകം വ്യത്യസ്‌തമായിരുന്നു. അവിടെ ഒരിക്കലും ഗുരുവിനേക്കാള്‍ സ്‌ഥാനം അദ്ദേഹം ഉണ്ടാക്കിയ പ്രസ്‌ഥാനങ്ങള്‍ക്ക്‌ ലഭിച്ചില്ല. പ്രസ്‌ഥാനങ്ങള്‍ വളരുമ്പോള്‍ അതില്‍ അഴുക്കും വഴക്കും പ്രകടമാകും എന്ന്‌ അദ്ദേഹത്തിന്‌ നേരത്തേ അറിയാമായിരുന്നു. പ്രപഞ്ചവിഷയങ്ങളോട്‌ അടുത്തുനില്‍ക്കുമ്പോഴും അതില്‍നിന്ന്‌  അകലം പാലിക്കുകയാണ്‌ ഗുരുവിനെപ്പോലുളള ജീവന്‍മുക്‌തരുടെ  രീതി. അവര്‍ പുറമേ മയില്‍പ്പീലിപോലെ ചലിച്ചാലും ഉളളില്‍ മഹാമേരുവിനെപ്പോലെ അചഞ്ചലമായിരിക്കും.  അതുകൊണ്ടാണ്‌ പില്‍ക്കാലത്ത്‌ ഗുരുപ്രസ്‌ഥാനങ്ങളില്‍ ഉണ്ടായ ചേരിതിരിവുകളും വേര്‍തിരിവുകളും ഗുരുവിന്റെ ചൈതന്യത്തെ ബാധിക്കാതിരുന്നത്‌.  ആ ചൈതന്യം നിത്യസത്യമായി നിലനില്‍ക്കുന്നതിനാല്‍ ഗുരുപ്രസ്‌ഥാനങ്ങള്‍ക്ക്‌ വഴിതെറ്റുമ്പോള്‍ സത്യവിശ്വാസികള്‍ അത്‌ ചൂണ്ടിക്കാണിക്കുകയും തിരികെ ഗുരുവിലേക്ക്‌ മടങ്ങാന്‍ അവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്‌തുകൊണ്ടിരിക്കും.  ഗുരുവിന്റെ നാമം ധരിക്കുന്ന പ്രസ്‌ഥാനങ്ങള്‍ ആ ദര്‍ശനത്തോട്‌ നീതിപുലര്‍ത്തണമെന്ന്‌ സമൂഹം ശഠിച്ചുകൊണ്ടേയിരിക്കുന്നതും ഗുരു എന്ന ബ്രഹ്‌മശക്‌തിയുടെ പ്രേരണയാലാണ്‌. 

3 comments:

  1. ഈടുറ്റ ലേഖനം
    വായിച്ച് സന്തോഷിക്കുന്നു

    ReplyDelete
  2. നന്നായിരിക്കുന്നു സജീവ്‌ .ശ്രീനാരായണധര്‍മ്മത്തിനു ലക്‌ഷ്യം ഒന്നേയുള്ളൂ . ജനങ്ങളുടെ സുഖപ്രാപ്തി . അതിനു ആധ്യാത്മികവും ലൌകികവുമായ രണ്ടു സാധകങ്ങളും ഒന്നിപ്പിക്കേണ്ടതുണ്ട് . ഇക്കാര്യമാണ് ഗുരു ശിവഗിരി പ്രതിഷ്ഠാ വേളയില്‍ നല്‍കിയ സന്ദേശത്തില്‍ അര്‍ത്ഥശങ്കക്ക് ഇടയില്ലാതെ പറഞ്ഞിരിക്കുന്നത് . " ലൌകികയതും ആത്മീയതയും രണ്ടും രണ്ടല്ല . അവ രണ്ടും വാസ്തവത്തില്‍ ഒരേ ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നു . ശരീരത്തിലെ എല്ലാ അവയവങ്ങളുടെ ഒത്തുള്ള പ്രവര്‍ത്തിയാല്‍ ശരീരം സുഖം അനുഭവിക്കുന്നു . അതുപോലെ മനുഷ്യസമുദായത്തിന്‍റെ പരമലക്ഷ്യമായ സുഖപദത്തെ പ്രാപിക്കുവാന്‍ ആത്മീയവും ലൌകികമായും ഉള്ള സര്‍വ്വവിധ ഏര്‍പ്പാടുകളുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തി ആവശ്യമാണ് "

    ReplyDelete