Monday, 15 August 2011

ചില സ്വാതന്ത്യ്രദിന ചിന്തകള്‍

"നിങ്ങളെന്നെ ദ്രോഹിക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വരുന്നു." ഇത് ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ ശബ്ദമാണ്. കൊടുവാളും കുപ്പിച്ചില്ലുകളും പെട്രോള്‍ ബോംബുമായി പാഞ്ഞടുക്കുന്ന വര്‍ഗീയവാദികള്‍ക്കിടയിലേക്ക് നടന്നടുത്തുകൊണ്ട്  ഇന്ത്യയുടെ എക്കാലത്തേയും രാഷ്ട്രീയവിശുദ്ധന്‍ ഇതു പറയുമ്പോള്‍ ഇന്ത്യ സ്വാതന്ത്യ്രത്തിന്റെ പുലരി ആഘോഷിക്കുകയായിരുന്നു. വിഭജനത്തിന്റെ വിഷബീജങ്ങള്‍ ആയിരങ്ങളുടെ ജീവനെടുത്തതും അതേപുലരിയിലായിരുന്നു. കല്‍ക്കത്തയുടെ നഗരവീഥികളില്‍ കൊളളയും കൊളളിവയ്പും കണ്ട് മനസ്സുനൊന്ത്  തെരുവിലേക്ക് ഇറങ്ങിയ  ആ  അര്‍ദ്ധനഗ്നനായ വൃദ്ധനെക്കണ്ട് അക്രമികള്‍ ഒരു നിമിഷം പകച്ചു. പുതിയ ഒരു ഇരയുടെ നേര്‍ക്ക് ചോരകൊതിച്ച്  പാഞ്ഞെത്തിയ കൊടുവാളുകള്‍ ഒന്നറച്ചു. "ഗാന്ധിജി...!!!" സ്വന്തം മനഃ സാക്ഷിയെ കുത്തിനോവിക്കുന്ന ആ വാക്ക്   അക്രമത്തിനൊരുങ്ങിയവരുടെ പ്രജ്ഞയെ തളര്‍ത്തി. കല്‍ക്കത്ത നഗരം പിന്നെ ആ മുല്ലപ്പൂവിപ്ളവനേതാവിന്റെ പട്ടിണിസമരത്തിലൂടെ മനസുപരിവര്‍ത്തനം ചെയ്യപ്പെട്ട നാളുകള്‍ക്കാണ് സാക്ഷിയായത്.
      സര്‍വഭൂതവുമാത്മാവില്‍
      ആത്മാവിനെയുമങ്ങനെ
      സര്‍വഭൂതത്തിലും കാണു-
       ന്നവനെന്തുളളൂ നിന്ദ്യമായ്?  എന്ന ഗുരുദേവന്റെ ഈശാവാസ്യം പരിഭാഷ യാണ് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാന്‍യോജ്യം. സ്വന്തം ജീവനെ പീഡാനുഭവങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ട് സഹജീവികളുടെ മനസില്‍ പരിവര്‍ത്തനം ഉണ്ടാക്കുക എന്ന ഗാന്ധിജിയുടെ  ആത്മീയ സമരമാര്‍ഗത്തെയാണ് ചരിത്രം മുല്ലപ്പൂ വിപ്ളവം എന്നു വിശേഷിപ്പിച്ചത്. നിങ്ങള്‍ക്കൊരാളെ ജയിക്കണമെങ്കില്‍ നിങ്ങളുടെ ആത്മാവില്‍ അയാളെ നന്നായി വെറുക്കാന്‍ പഠിക്കുക എന്ന് പറഞ്ഞ റഷ്യന്‍ നേതാവില്‍ നിന്ന് തികച്ചുംവിഭിന്നമായിരുന്നു ഈ ഇന്ത്യന്‍ നേതാവിന്റെ രീതി. ശത്രുവിനെ ആത്മാവുകൊണ്ട് സ്നേഹിച്ച് നേര്‍വഴിക്കാക്കുക എന്നനയം. ഇത് തികച്ചും ഭാരതീയമാണ്.  ഇത്തരം സഹനത്തിന്റെ പൂര്‍ണ്ണാവതാരത്തെ കാണാന്‍ ഒരിക്കല്‍ ഗാന്ധിജി സഞ്ചരിച്ചെത്തിയത്  ഇന്ത്യയുടെ പാദഭൂമിയായ കേരളത്തിലായിരുന്നു. സര്‍വപാപങ്ങള്‍ക്കും മോക്ഷംവിധിക്കുന്ന പാപനാശം കടലിന്റെ കരയില്‍ ആഴക്കടലിന്റെ അപ്പുറത്തേക്ക് യോഗനയനങ്ങള്‍ നീട്ടിയ സത്യദര്‍ശനത്തിന്റെ മനുഷ്യരൂപം അദ്ദേഹത്തെ വരവേറ്റു. ശിവഗിരിയിലെ പ്രാര്‍ത്ഥനാമന്ദിരത്തിനുമുന്നിലെ ഇരട്ടശിഖരമുളള മാവിന്‍ ചുവട്ടില്‍   ഗുരുദേവനും ഗാന്ധിജിയും ഒന്നിച്ചിരുന്നു.  ഒരേ അസ്തിത്വത്തിന്റെ വിഭിന്നമുഖങ്ങള്‍ പോലെയാണ്   ഈ മാവിന്റെ ഇരട്ട ശിഖരങ്ങള്‍. പുറമേ നോക്കിയാല്‍ ഭിന്നമായിരുന്നു വഴികളെങ്കിലും ഗുരുദേവനും ഗാന്ധിജിയും ഒരേ അസ്തിത്വത്തില്‍ വേരുറപ്പിച്ചവരായിരുന്നല്ലോ! ഗാന്ധിജി  സത്യാന്വേഷണപരീക്ഷണമായി ജീവിതത്തെക്കണ്ടു. ഗുരു  പരിപൂര്‍ണ്ണസത്യദര്‍ശനത്തിലൂടെ ജീവിതത്തെക്കണ്ടു. ചുവട്ടില്‍ ഒന്നുചേര്‍ന്ന് നില്‍ക്കുന്ന മാവിനെ ദൂരെ നിന്നു നോക്കുന്നവര്‍ക്ക് രണ്ട് വൃക്ഷങ്ങളായേ തോന്നൂ.  എന്തുകാര്യവും ദൂരെനിന്നു നോക്കി അഭിപ്രായം സ്വരൂപിക്കുന്ന മനുഷ്യപ്രകൃതത്തെ പരിഹസിച്ചുകൊണ്ട് ആ മാവിന്‍ചുവട് ഇപ്പോഴും ശിവഗിരിയില്‍ ഉണ്ട്.
    സഹനത്തിന്റെ പൂര്‍ണ്ണതയെന്ന് ഗുരുവിനെ വിശേഷിപ്പിച്ചത് അതിന്റേതായ അര്‍ത്ഥഗരിമയോടെയാണ്. അഹിംസ ഗാന്ധിജിക്ക് ജീവിതവ്രതവും രാഷ്ട്രീയ ആയുധവുമായിരുന്നു. ജീവന്റെ അവസാന കണിക പറന്നകലാന്‍ അല്പംകൂടി സമയമെടുത്തിരുന്നെങ്കില്‍ ഗാന്ധിജി തന്റെ ഘാതകനെ വിളിച്ച് അയാള്‍ക്ക് മാപ്പു നല്‍കിയതായി അറിയിക്കുമായിരുന്നു.  സര്‍വധര്‍മ്മങ്ങളില്‍ വച്ചു ശ്രേഷ്ഠമായി ഗുരുദേവന്‍ അഹിംസയെ കണ്ടു. അദ്ദേഹത്തിന് അതുപക്ഷേ ആയുധമായിരുന്നില്ല. സ്വപ്രകൃതമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ പശ്ചാത്തലം വച്ചു നോക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ഗാന്ധിജിക്ക് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സമരത്തിനിറങ്ങാന്‍ കോണ്‍ഗ്രസ് എന്ന തട്ടകം ഉണ്ടായിരുന്നു. എന്നാല്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളത്തിന്റെ അവസ്ഥയെന്തായിരുന്നു. ഒരു സംഘടനയുടെയും ബലമില്ലാതെ നാണു എന്ന അവധൂതന്‍ അരുവിപ്പുറത്ത് ജാതിഭേദത്തെ നിരാസം ചെയ്തുകൊണ്ട് ബ്രാഹ്മണനുമാത്രം വിധിക്കപ്പെട്ട ക്ഷേത്രപ്രതിഷ്ഠാകര്‍മ്മം ചെയ്തു.  അതുളവാക്കിയ ഭൂകമ്പം ഇന്നത്തെ തലമുറയ്ക്ക്  മുഴുവന്‍ അര്‍ത്ഥത്തില്‍ ഉള്‍ക്കൊളളാന്‍ പോലും കഴിഞ്ഞെന്നുവരില്ല. മനുഷ്യനായി ജീവിക്കാനുളള സ്വതന്ത്യ്രപ്രഖ്യാപനമായിരുന്നു അത്.  ബ്രാഹ്മണനെ അവഹേളിക്കുന്ന താഴ്ന്നജാതിക്കാരനെ കൊന്നാല്‍ ഉടലോടെ സ്വര്‍ഗം ലഭിക്കുമെന്ന വിശ്വാസവുമായി വലിയ വിഭാഗം സര്‍വപ്രതാപത്തോടെ കഴിയുന്ന നാട്ടിലാണ് ഇങ്ങനെ ഒരു 'നിഷേധി'യുടെ സ്വധര്‍മ്മാനുഷ്ഠാനം നടന്നത്. പക്ഷേ നേര്‍ക്കുനിന്ന് എതിര്‍ക്കാന്‍  ഒരാള്‍ക്കും കഴിഞ്ഞില്ല. അതു മാത്രമോ, ജാതിയുടെവേലിക്കെട്ടുകടന്ന് അവര്‍ണ്ണരും സവര്‍ണ്ണരും ആ പാദങ്ങള്‍ പിന്തുടര്‍ന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കാല്‍നടയായി ഒറ്റയ്ക്ക് എത്രയോ ദേശങ്ങളിലേക്ക് തൃപ്പാദങ്ങള്‍ യാത്രചെയ്തു. ഇരുളിന്റെ മറവില്‍പ്പോലും ഒരു കൈ ആ പുണ്യസാന്നിദ്ധ്യത്തെ അക്രമവാസനയോടെ സ്പര്‍ശിച്ചില്ല. ജാതിനിയമം ലംഘിക്കുന്നവനെ കാലപുരിയ്ക്ക് അയക്കുന്ന രാജനിയമം ഗുരുദേവനില്‍ നിന്ന് ഒരു ചെറുവിശദീകരണംപോലും  ചോദിച്ചില്ല. പകരം മഹാരാജാക്കന്മാര്‍ ഗുരുവിനെ  ആദരിക്കുന്നതാണ് ലോകം കണ്ടത്. കോടതികള്‍ ഗുരുദേവനെ കച്ചേരിയില്‍ ഹാജരാകുന്നതില്‍ നിന്നും   ഉത്തരവിറക്കിക്കൊണ്ട് ഒഴിവാക്കി. കോടതിവ്യവഹാരങ്ങള്‍ക്കപ്പുറത്തേക്ക് വിശുദ്ധി കല്‍പ്പിക്കപ്പെട്ട ഒരു ആത്മീയ ഗുരുവിനെയും ലോകം പിന്നെ കണ്ടുകാണില്ല. ഇതൊക്കെ ഏത് മായികശക്തിയിലാണ് ഗുരുദേവന് ലഭ്യമായത് എന്നു ചോദിച്ചാല്‍ അതിന്റെ ഉത്തരമാണ് നേരത്തേ പറഞ്ഞ സഹനത്തിന്റെ പൂര്‍ണ്ണത അല്ലെങ്കില്‍ അഹിംസയുടെ സ്വപ്രകൃതം എന്നു പറഞ്ഞത്. പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയരഹസ്യം അറിഞ്ഞ പരമാത്മസ്വരൂപനായ മനുഷ്യനെ സഹജീവികള്‍  നമിക്കും.  അറിയാന്‍ ശ്രമിക്കുന്നവര്‍  ആ കാലടികള്‍ പിന്‍പറ്റും.  സാമാന്യജനം ആ അത്ഭുതസാന്നിദ്ധ്യത്തെ പൂജിക്കും.
    പക്ഷേ,സത്യത്തെ അനുനയിക്കുന്നവര്‍ക്ക് ഈ ലോകം എന്നും വേദനമാത്രം നല്‍കുന്നു. ലോകത്തിന്റെ സര്‍വദുരിതങ്ങളും രോഗമായും മനോപീഢയായും അനുഭവിച്ചുകൊണ്ടായിരുന്നു  ഗുരുദേവന്റെ മഹാസമാധി.  ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം മനുഷ്യന്‍ കുറച്ചുകൂടി ക്രൂരനായ കാലത്ത് മൂന്നുവെടിയുണ്ടകള്‍..."ഹേ..റാം"  എന്ന രോദനം... അത് സത്യാന്വേഷണപരീക്ഷകന്റെ അന്ത്യം. അതേ...പരമമായ സ്വാതന്ത്യം... അത് വേദനയില്‍ നിന്ന് ഉടലെടുത്തതാണ്. 

No comments:

Post a Comment