Monday, 1 August 2011

മായ്ച്ചാലും മായാത്ത ജാതിക്കുശുമ്പ്

"ശിവഗിരി മഠാധിപതി ശ്രീ ശങ്കരാനന്ദസ്വാമി അവര്‍കള്‍ക്ക്,
    ശ്രീനാരായണഗുരുസ്വാമികളെയും ശ്രീ. ചട്ടമ്പിസ്വാമികളെയും പറ്റിയുളള പരമാര്‍ത്ഥങ്ങള്‍ അങ്ങയെ അറിയിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
    ചട്ടമ്പിസ്വാമികള്‍ക്കും നാരായണഗുരുസ്വാമികള്‍ക്കും എന്നോട് വലിയ സ്നേഹമായിരുന്നു. അവര്‍ എന്റെ അച്ഛന്റെ ശിഷ്യന്മാരാണ്. അവര്‍ രണ്ടുപേരും അച്ഛന്റെയടുത്ത് വന്നുകൊണ്ടിരുന്ന കാലംമുതല്‍ക്കാണ് എനിക്ക് പരിചയത്തിനിടവന്നത്..."
    1945 ജൂലായ് 15ന് കേരളകൌമുദി പത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു തുറന്ന കത്ത് ഇങ്ങനെയാണ്  തുടങ്ങുന്നത്. ഈ കത്തെഴുതിയത് യോഗഗുരുവായിരുന്ന തൈക്കാട്ട് അയ്യാവ് സ്വാമികളുടെ പുത്രന്‍   എസ്. ലോകനാഥപണിക്കരാണ്. നന്നേ വാര്‍ദ്ധക്യാവസ്ഥയിലാണ് താനെന്നും അതിനാല്‍ കൂടുതല്‍ വിശദമായി കാര്യങ്ങള്‍ എഴുതാന്‍ കഴിയുന്നില്ലെന്നും കത്തില്‍ ലോകനാഥപണിക്കര്‍ സൂചിപ്പിക്കുന്നുണ്ട്.  നവജീവന്‍ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന കത്ത് കേരളകൌമുദി പുനഃ പ്രസിദ്ധീകരിക്കുകയായിരുന്നു. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ജീവിച്ചിരുന്ന കാലത്തുതന്നെ സജീവമായിരുന്ന ഗുരു- ശിഷ്യന്‍ തര്‍ക്കത്തിന് ഉത്തരം നല്‍കേണ്ട സാഹചര്യം വന്നപ്പോഴാണ്  പത്രം ഈ കത്ത് അക്കാലത്ത് പുനഃ പ്രസിദ്ധീകരിച്ചത്. കത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇതാണ്.
    "കുഞ്ഞന്‍പിളളച്ചട്ടമ്പി സ്വാമിയാണ് അച്ഛനില്‍നിന്ന് ആദ്യം ശിഷ്യപദം സ്വീകരിച്ചത്. എട്ടുവര്‍ഷം ആളിനെ പരിശോധിച്ചതിന്റെ ശേഷമാണ് ചട്ടമ്പിസ്വാമിക്ക് അച്ഛന്‍ ഉപദേശംകൊടുത്തതെന്ന് എനിക്കറിയാം. അതൊരു ചിത്രാപൌര്‍ണ്ണമിയായിരുന്നു.  ചട്ടമ്പിസ്വാമിക്ക് അന്നുദ്ദേശം ഇരുപത്തിയഞ്ചുവയസ്സിരിക്കും. നാണുഗുരുസ്വാമിയെ അച്ഛന്റെ അടുക്കല്‍ ശിഷ്യനാക്കുവാന്‍ കൊണ്ടുവന്നത് ചട്ടമ്പിസ്വാമിയാണ്. അവര്‍ തമ്മില്‍ ആത്മമിത്രങ്ങളെപ്പോലെതന്നെ നടന്നുവന്നിരുന്നു. അന്ന് അവരുടെ ഇരുപ്പും കിടപ്പുമെല്ലാം ഒരുമിച്ചുതന്നെയായിരുന്നു. ഒരുവര്‍ഷം കഴിഞ്ഞ ചിത്രാപൌര്‍ണ്ണമിക്കാണ് നാണുഗുരുസ്വാമി ഉപദേശംവാങ്ങിയത്. ഈ ദീക്ഷചെയ്യുന്നതിന് അന്നത്തെ പൂജയ്ക്കുവേണ്ട ചടങ്ങിന് നെല്ലും നീരും പുഷ്പവും വെറ്റിലയും മറ്റും ഒക്കെ ഞാന്‍കൊണ്ടുകൊടുത്തതും അന്നത്തെ പൂര്‍ണ്ണചന്ദ്രികയുടെ പ്രകാശവും നാണുഗുരുസ്വാമിയുടെ ശിരസ്സില്‍ നെല്ലും നീരും മറ്റും അര്‍ച്ചിച്ചതും അപ്പോള്‍ നാണുഗുരുസ്വാമി കിണ്ടിയിലെ വെളളം അയ്യാസ്വാമിയുടെ കയ്യില്‍ ഒഴിച്ചു മന്ത്രംചൊല്ലി അനുഗ്രഹം വാങ്ങിയതും ഇന്നും എന്റെ മനസില്‍ ഇന്നലെയെന്നോണം ഓര്‍മ്മയുണ്ട്.....
.....ചട്ടമ്പിസ്വാമിയും ഗുരുസ്വാമിയും കൂട്ടുകാരായി പലസ്ഥലങ്ങളിലും ഒരുമിച്ച് സഞ്ചരിച്ചതായി എനിക്ക് ബോധ്യമുണ്ട്. അച്ഛന്റെ മാതാവായ തുളസി അമ്മ പലപ്പോഴും ഇവര്‍ക്ക് ഭക്ഷണം കൊടുത്തിട്ടുണ്ട്. ഇവര്‍ രണ്ടുപേര്‍ക്കും തമിഴില്‍ നല്ല ജ്ഞാനം ഉണ്ടായിരുന്നു.  അച്ഛന്റെ സമാധികഴിഞ്ഞ് ഒരുവര്‍ഷംകഴിഞ്ഞപ്പോള്‍ ഗുരുസ്വാമികളെ (ശ്രീനാരായണഗുരു) കുറ്റാലത്തുവച്ചുകണ്ടു. അപ്പോള്‍ ആ മഹാത്മാവ് എന്നെ സ്നേഹപൂര്‍വം വന്നു കെട്ടിപ്പിടിച്ചു. ഞാന്‍ ഭക്തിപരവശനായി നിന്നുപോയി.."
    ഇങ്ങനെ പോകുന്നു കത്ത്. ഈ കത്തിന്റെ താഴെ നവജീവന്‍ പത്രാധിപര്‍  ഒരു ടിപ്പണികൂടി എഴുതിയിരുന്നു, " ഈ ലെറ്റര്‍ അയച്ച അയ്യാസ്വാമികളുടെ മകന്‍ എസ്. ലോകനാഥപണിക്കര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. കൊട്ടാരം സൂപ്രണ്ടായിരുന്ന ഇദ്ദേഹം ഒരു വേദാന്തിയും യോഗിയും ആണ്. ഗുരുവിനെ സംബന്ധിച്ച് ചിലര്‍ക്കുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ ഇതുമൂലം തീരുമെന്ന് വിശ്വസിക്കുന്നു."
    കത്ത് പ്രസിദ്ധീകരണത്തിനുനല്‍കിയ ശങ്കരാനന്ദസ്വാമികളുടെയും പ്രസിദ്ധീകരിച്ച നവജീവന്‍ പത്രാധിപരുടെയും  അത് പുനഃ പ്രസിദ്ധീകരിച്ച കേരളകൌമുദി പത്രാധിപരുടെയും പ്രതീക്ഷ ഇതോടെ ചിലരുടെ സംശയം തീരും എന്നും ഇരു മഹാത്മാക്കളും  ആത്മമിത്രങ്ങളായിരുന്നെന്ന്  എല്ലാവര്‍ക്കും  ബോധ്യംവരുമെന്നുമായിരുന്നു. എന്നാല്‍ അല്പബുദ്ധികള്‍ ഈ മഹത്സന്ദേശം ഇപ്പോഴും ഉള്‍ക്കൊളളാന്‍ തയ്യാറല്ലെന്ന് തെളിയിക്കുന്ന ചില സംഭവങ്ങള്‍ അടുത്തകാലത്തായി ശ്രദ്ധയില്‍പ്പെടുന്നുണ്ട്. പത്താംക്ളാസിലെ  സാമൂഹ്യപാഠത്തില്‍  ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളുടെ പാതപിന്തുടര്‍ന്നയാളാണെന്ന് ധ്വനിപ്പിക്കുന്ന ഒരു പരാമര്‍ശം പേജ് 125 ല്‍ 'സാമൂഹ്യപരിവര്‍ത്തനം' എന്ന ഭാഗത്ത് ചേര്‍ത്തിരിക്കുന്നത് ഇതിനോടകം വിവാദമായിരുന്നല്ലോ!. ചരിത്രവും വസ്തുതകളും അറിയാന്‍ പുതിയ തലമുറ ആശ്രയിക്കുന്ന ഇന്റര്‍നെറ്റിലും ഈ തെറ്റിദ്ധാരണ പരക്കുന്നുണ്ട്. വിക്കിപീഡിയയില്‍ ചട്ടമ്പിസ്വാമിയുടെ സന്യാസിശിഷ്യരുടെ കൂട്ടത്തില്‍  ആദ്യപേരുകാരനാണ് ശ്രീനാരായണഗുരു. വീണ്ടും ഒരു തെറ്റിദ്ധാരണയുടെ വിത്തിട്ട് കിളിര്‍പ്പിക്കുകയാണെന്ന് വ്യക്തം.
    ഗുരുദേവനെക്കാള്‍ മൂന്നുവയസിന് മുതിര്‍ന്നതാണ് ചട്ടമ്പിസ്വാമികള്‍. 1924ല്‍  എഴുപത്തിയൊന്നാം വയസ്സിലാണ്  ചട്ടമ്പിസ്വാമി സമാധിയാകുന്നത്. സമാധിയോടടുത്ത് ഗുരുദേവന്‍ ശിഷ്യര്‍ക്കൊപ്പം അദ്ദേഹത്തെകാണാന്‍ ചെന്നിരുന്നു. അപ്പോള്‍  ചട്ടമ്പിസ്വാമികളും ശിഷ്യരും  ചേര്‍ന്ന് ഗുരുദേവനും ശിഷ്യര്‍ക്കുമൊപ്പം  ഒരു ഗ്രൂപ്പ്ഫോട്ടോയെടുത്തു. ഇതിന്റെ ഒറിജിനല്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത് മറ്റൊരു ചിത്രമാണ്. അതില്‍ ചട്ടമ്പിസ്വാമി നടുക്കും ഇരുവശങ്ങളിലുമായി ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയുടെ ശിഷ്യന്‍ തീര്‍ത്ഥപാദപരമഹംസനും ഇരിക്കുന്നതായിട്ടാണ്.  ബാക്കിയുളളവരെ ഫോട്ടോയില്‍നിന്ന് നീക്കം ചെയ്തിരിക്കുന്നു. ഗുരുദേവനും തീര്‍ത്ഥപാദരും  ചട്ടമ്പിസ്വാമിയുടെ ശിഷ്യരാണ് എന്നുവരുത്തിതീര്‍ക്കുകയാണ്  ഉദ്ദേശ്യം. ഗുരുദേവനും ചട്ടമ്പിസ്വാമിയും ജനിച്ചത്  രണ്ട് സമുദായങ്ങളിലായതിനാല്‍ ഒരാളേക്കാള്‍ മഹാനാണ് മറ്റൊരാള്‍ എന്ന് സ്ഥാപിക്കാന്‍ ജാതിക്കുശുമ്പുവിട്ടുമാറാത്ത ചിലര്‍ നടത്തുന്ന സങ്കുചിതശ്രമമായേ ഇതിനെ കാണാന്‍ കഴിയൂ. ജാതിക്കെതിരെ പോരാടിയവരെത്തന്നെ ജാതിചിന്തയോടെ കാണുന്നത് ക്രൂരതയാണ്. രണ്ട് പേരും സ്വതന്ത്രവ്യക്തിത്വങ്ങളാണ്. ഇരുവര്‍ക്കും തമ്മില്‍ വലിയ ബഹുമാനവും സൌഹൃദവും ഉണ്ടായിരുന്നു. ഒരിക്കല്‍ ചട്ടമ്പിസ്വാമിയെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍, "അദ്ദേഹത്തിനറിയാത്തതായി എന്തെങ്കിലുമുണ്ടോ?" എന്നായിരുന്നു ഗുരുദേവന്റെ പ്രതികരണം. " ഈ ലോകത്ത് നാണുവിന് സാധിക്കാത്തതായി ഒന്നുമില്ല" എന്ന വിശ്വാസമായിരുന്നു ചട്ടമ്പിസ്വാമികളുടേത്. 
     ഇരുവര്‍ക്കും ആധികാരിമായി എഴുതപ്പെട്ട ജീവചരിത്രങ്ങള്‍ ഉണ്ട്. അതില്‍ ഒരെണ്ണമെങ്കിലും വായിക്കാതെ പാഠപുസ്തകം ചമയ്ക്കാനും ചരിത്രമെഴുതാനും  തുനിഞ്ഞിറങ്ങുന്നതില്‍ വലിയ തരക്കേടുണ്ട്.   പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ നീക്കുകമാത്രമല്ല സര്‍ക്കാര്‍ ചെയ്യേണ്ടത് . ഇളം തലമുറകള്‍ പഠിച്ചുവളരുന്ന പാഠങ്ങള്‍ വികലമനസ്സുകളില്‍ നിന്ന് പുറപ്പെടുന്ന ജല്പനങ്ങളല്ല എന്ന് പുസ്തകം പുറത്തിറങ്ങുന്നതിനുമുമ്പേ ഉറപ്പുവരുത്തേണ്ടതും  ഉത്തരവാദിത്വമുളള ഭരണകൂടത്തിന്റെ കടമതന്നെയാണ്.

1 comment:

  1. വളരെ നല്ല ലേഖനം . പ്രസക്തമായ അറിവുകള്‍ പങ്കു വച്ചതിനു ശ്രി സജീവിന് നന്ദി അറിയിച്ചു കൊള്ളുന്നു .. തുടര്‍ന്നും താങ്കളുടെ ലേഖനങ്ങള്‍ക്കായി കാത്തിരിക്കുന്നു ..

    ReplyDelete