Tuesday 12 February 2013

ചാത്തൻ മേസ്തിരിസമ്മതിച്ചാൽമതിമാർ


മൂത്തകുന്നത്ത് യാത്രചെയ്യുകയാണ് ഗുരുദേവൻ. അവിടെ തൊഴിൽത്തർക്കത്തിൽപ്പെട്ട് പൂട്ടിക്കിടക്കുന്ന ഒരു തൊഴിൽശാലയെക്കുറിച്ച് നാട്ടുകാരിൽചിലർ ഗുരുദേവനോട് ഉണർത്തിച്ചു. അത്ഭുതമെന്നേ പറയേണ്ടൂ. പൂട്ടിയിട്ട സ്ഥാപനത്തിലെ തൊഴിലുടമയും പ്രധാന തൊഴിലാളിയും കുറച്ചുകഴിഞ്ഞപ്പോൾ മദ്ധ്യസ്ഥത ആവശ്യപ്പെട്ട് ഗുരുവിനെ ദർശിക്കാനെത്തി.
രണ്ടാളെയും കുറച്ചുനേരം നോക്കിയിരുന്നിട്ട് ഗുരു ചോദിച്ചു,
"നിങ്ങൾ ഇരട്ടക്കാളവണ്ടി കണ്ടിട്ടുണ്ടോ?"
"കണ്ടിട്ടുണ്ട്." അവർ ഒരേ സ്വരത്തിൽ പറഞ്ഞു.
"കരുത്തുണ്ടായാൽ മാത്രംമതിയോ രണ്ടുകാളകളും ഒരുമിച്ചു വലിച്ചില്ലെങ്കിൽ വണ്ടി എങ്ങനെ മുന്നോട്ടുപോകും?"
അവർ രണ്ടാളും നിശബ്ദരായി. സ്വാമി തൊഴിലുടമയെ നോക്കി.
"നിങ്ങൾ തൊഴിൽസ്ഥാപനം നടത്താനായി ഇറക്കിയപണം പെട്ടിയിൽവച്ച് പൂട്ടിയാൽ ആദായം കിട്ടുമോ?"
"ഇല്ല."
"തൊഴിൽ പരിചയമുള്ള ആളുകളുടെ സഹായമുണ്ടെങ്കിലേ ജോലിനടക്കൂ. ഇക്കാര്യം മറന്ന് തൊഴിലാളിയോട് പെരുമാറരുത്." സ്വാമി തൊഴിലാളിയെ നോക്കി.
"തന്നത്താൻ ഈ തൊഴിൽനടത്താൻ നിങ്ങളുടെ കൈയിൽ പണമുണ്ടോ?"
"ഇല്ല സ്വാമീ."
"തൊഴിലുടമയായ ഇദ്ദേഹം പണംമുടക്കിയതുകൊണ്ടാണ് നിങ്ങൾക്ക് ജോലി കിട്ടിയത്. കഴിഞ്ഞ കുറേവർഷങ്ങളായി നിങ്ങൾ കുടുംബം പുലർത്തുന്നത് ഈ വരുമാനംകൊണ്ടാണല്ലോ?നാളെ ഏതെങ്കിലും കാരണവശാൽ ഈ തൊഴിൽശാല പൂട്ടിയാൽ അടുത്ത ജോലികിട്ടുംവര കുറച്ചുദിവസത്തേക്കെങ്കിലും ബുദ്ധിമുട്ടേണ്ടിവരില്ലേ?"
"ഉവ്വ്." തൊഴിലാളി ഭവ്യതപൂണ്ടു.
"രണ്ടുകൂട്ടരും ഇക്കാര്യങ്ങൾ മനസിലാക്കി യോജിച്ചു പ്രവർത്തിക്കണം. ഐക്യമാണ് പ്രധാനം."
ചെറായി വിജ്ഞാനവർദ്ധിനി സഭയുടെ ക്ഷേത്ര പ്രതിഷ്ഠാവേളയാണ് അടുത്തരംഗം. അഭിഷേകത്തിനായി ഭക്തർകൊണ്ടുവന്ന ദ്രവ്യങ്ങൾ എടുത്തുവയ്ക്കാൻ ആവശ്യപ്പെട്ടു ഗുരു. എല്ലാവരും ദ്രവ്യങ്ങളുമായി നടയ്ക്കുനേരെ എത്തി. പഞ്ചാമൃതം, കരിക്ക്, പനിനീര്, പാൽ, നെയ്യ് എന്നിങ്ങനെ പലതുമുണ്ട് അക്കൂട്ടത്തിൽ. അതെല്ലാം നോക്കിയിട്ട് ഗുരു പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു; "ആരെങ്കിലും ഐക്യത്തിന്റെ രൂപം കൈക്കൊള്ളുന്ന തേൻ കൊണ്ടുവന്നിട്ടുണ്ടോ?"
അതുകേട്ട് ഭക്തർ അമ്പരന്നു.
"എത്ര തേനീച്ചകൾ ഒന്നിച്ച് എത്ര പുഷ്പങ്ങളിൽനിന്ന് ഏകലക്ഷ്യത്തോടെ എടുത്താണ് തേൻ സംഭരിക്കുന്നത് അല്ലേ? അവരുടെ ഐക്യമാണ് മറ്റെല്ലാദ്രവ്യത്തേക്കാളും മധുരം തേനിന് ലഭിക്കാൻ കാരണം. ഒത്തൊരുമയോടെ പ്രവർത്തിക്കുമെങ്കിൽ മനുഷ്യബന്ധങ്ങൾ തേൻപോലെ മധുരിക്കും."
മൂത്തകുന്നം എന്ന പ്രദേശത്തെ യാത്രയ്ക്കിടയിൽ ഗുരുദേവൻ ഇടപെട്ട് ആ തൊഴിൽത്തർക്കം പരിഹരിക്കുമ്പോൾ കേരളത്തിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ വളർന്നു തുടങ്ങിയിരുന്നില്ല. ഉള്ളവനെതിരെ ഇല്ലാത്തവന്റെ സമരകാഹളങ്ങൾ മുഴങ്ങിത്തുടങ്ങിയിരുന്നുമില്ല. ഗുരുദേവന്റെ മഹാസമാധിക്കുശേഷമാണ് കേരളത്തിൽ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ അവകാശസമരങ്ങളുടെ തീജ്വാലകൾ ആളിക്കത്തിയത്. പിൽക്കാലത്ത് തൊഴിൽ അവകാശങ്ങൾ വളരെയധികം നേടി. . എന്നാൽ മൂത്തകുന്നത്തെ തൊഴിലുടമയോടും തൊഴിലാളിയോടും ഗുരു ആവശ്യപ്പെട്ട ഐക്യം മാത്രം ഇന്നും ഒരിടത്തും മഷിയിട്ട് നോക്കിയാൽപോലും കാണാനില്ല.
ഐക്യം തേൻപോലെ മധുരിക്കും എന്നു ഗുരു മൊഴിഞ്ഞത് ചെറായിയിലെ സമുദായകൂട്ടായ്മയിലാണ്. അതിനുശേഷമുള്ള കാലത്തേക്ക് നോക്കൂ. സമുദായങ്ങളും പണ്ടെന്നത്തേക്കാളും ഇന്ന് സംഘടിതരാണ്. മതങ്ങൾ വിശ്വാസികളെ സംഘടിതരാക്കി നിറുത്താനുള്ള തന്ത്രങ്ങൾ പയറ്റുന്നു. മത- സമുദായ സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രവർത്തനരീതികൾ പരിശോധിച്ചാൽ ഒരു പൊതുഗുണം കാണാം. അപരന്റെ സംഘടനയോടോ മതത്തോടോ വിശ്വാസികൾക്കുളള വിദ്വേഷമാണ് ഇവർക്ക് അഭിഷേകത്തിനുള്ള പ്രധാനദ്രവ്യം; ഐക്യത്തിന്റെ തേനല്ല. മറുവിഭാഗത്തിനെതിരെ സമരവാൾ എടുക്കുമ്പോൾ അതിന്റെ പേരിൽ സ്വന്തം അണികളിൽ ഉളവാകുന്ന ഒരു ആവേശമാണ് ഇത്തരം സംഘനകളുടെ ഇന്ധനം. രാഷ്ട്രീയക്കാരാവട്ടെ മുതലാളിയെ പരമാവധി മുതലാളിത്ത മനോഭാവത്തിലും തൊഴിലാളിയെ പരമാവധി മുതലാളിവിരോധത്തിലും നിലനിറുത്താനുള്ള തന്ത്രങ്ങൾ പ്രയോഗിച്ചുകൊണ്ടേയിരിക്കുന്നു. തൊഴിലാളിയിൽനിന്ന് വോട്ടും മുതലാളിയിൽനിന്ന് ഇലക്ഷൻ ഫണ്ടും അവർക്ക് മുടങ്ങാതെ കിട്ടിക്കൊണ്ടേയിരിക്കുന്നു.
അന്യമത വിരോധവും അന്യസമുദായ വിരോധവും വളർത്താതെ സംഘടനയെ നയിക്കാൻ കഴിവുള്ള എത്ര നേതാക്കന്മാരുണ്ട് നമുക്ക്?
പണ്ട് മയ്യഴിയിലെ മേയറായ പുന്നരാമോട്ട യുടെ ഗൃഹത്തിൽ ഗുരു അതിഥിയായെത്തിയ കഥയാണ് ഇപ്പോൾ ഓർമ്മവരുന്നത്. തൊട്ടടുത്തവീട്ടിൽ കുട്ടിച്ചാത്തന്റെ കഴകത്തിൽ തിറയുണ്ടെന്നറിഞ്ഞ് സ്വാമി അങ്ങോട്ടുചെന്നു. അവിടെ ചാത്തന് അറുത്ത് നേദിക്കാൻ ധാരാളം കോഴികളെ കൂട്ടിയിട്ടിരിക്കുന്നു. ഗുരു കടന്നുവന്നപ്പോൾ കൊട്ടുംപാട്ടും നിറുത്തി എല്ലാവരും കൈകൂപ്പി നിന്നു. ഗുരു എല്ലാവരെയും നോക്കിയിട്ട് മന്ത്രമധുരമായി ചോദിച്ചു,
"ദൈവത്തിന്റെ പേരിൽ കോഴിയെകൊല്ലുന്നത് നിറുത്തുന്നതല്ലേ നല്ലത്?"
കഴകക്കാർ ഭക്തിപുരസ്സരം ഗുരുദേവനെ വന്ദിച്ചിട്ട് പറഞ്ഞു.
"സ്വാമി പറയുന്നത് ഞങ്ങൾ അനുസരിക്കാം. എന്നാൽ കുട്ടിച്ചാത്തൻ കോപിച്ചാലോ എന്നാണ് ഞങ്ങളുടെ ഭയം."
സ്വാമി ചിരിച്ചു;
"ചാത്തന്റെ കാര്യം നാമേറ്റു. ചാത്തൻമേസ്തിരി സമ്മതിച്ചാൽ മതി." അതുകേട്ട് എല്ലാവരും ചിരിച്ചു. ചാത്തൻ മേസ്തിരിയും ചിരിച്ചു. കോഴിവെട്ടിൽ കിട്ടുന്ന വഴിപാടും ചത്തകോഴിയെ വിറ്റാൽ കിട്ടുന്ന പണവും ചാത്തൻമേസ്തിരിക്കാണ് ലഭിച്ചിരുന്നത്. അതു മനസിലാക്കിയിട്ടാണ് ഗുരു ചാത്തൻമേസ്തിക്കിട്ട് ഒരു കൊട്ടുകൊടുത്തത്. അത് പക്ഷേ അയാളെപ്പോലും ചിരിപ്പിച്ചുകൊണ്ടായിരുന്നുവെന്ന് മാത്രം. അനാചാരങ്ങൾ അതേപടി നിലനിറുത്താൻ വിശ്വാസികളെ പ്രേരിപ്പിക്കുന്നത് ഇങ്ങനെ ലാഭംകൊയ്യുന്ന ചാത്തൻ മേസ്തിരിമാരാണ്. അവരുടെ തലമുറ ഇന്നും നമുക്കുചുറ്റിനുമുണ്ട്. പണ്ട് എട്ടോപത്തോ കോഴികളെവിറ്റാൽകിട്ടുന്ന ലാഭമായിരുന്നു ഇത്തരക്കാരുടെ വരവ്. ഇന്ന് കോടികളുടെ ലാഭമുണ്ടാക്കുന്ന ഇടപാടുകളാണ് വിശ്വാസത്തിന്റെയും സംഘടനാബലത്തിന്റെയും പേരിൽ ഇക്കൂട്ടർ നടത്തുന്നത്. സാധാരണക്കാരന്റെ മൃദുലവികാരങ്ങളെയും ഭയപ്പാടിനെയും അറിവില്ലായ്മകളെയും മുതലെടുത്ത് അഭിനവ ചാത്തൻമേസ്തിരിമാർ തിന്നുകൊഴുക്കുന്നു. മതത്തിലും സംഘടനകളിലും രാഷ്ട്രീയത്തിലുമെല്ലാം ഇവരുണ്ട്. ജനതയെ സങ്കുചിത ചിന്തകളിലും മതവൈരത്തിലും സമുദായവിദ്വേഷത്തിലുമൊക്കെ തളച്ചിടുന്നത് ഇവരുടെ സ്വാർത്ഥലക്ഷ്യങ്ങളാണ്. സമൂഹനന്മയെന്ന പൊതു ലക്ഷ്യത്തിനുവേണ്ടിയാവണം മനുഷ്യൻ ഒന്നിച്ചു പ്രവർത്തിക്കേണ്ടതെന്ന് ഗുരു മൊഴിയുന്നു. സംഘടിക്കുന്ന തൊഴിലാളിക്കും മുതൽ മുടക്കുന്ന മുതലാളിക്കും ഇതുതന്നെയാവണം ലക്ഷ്യസ്ഥാനം. മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ സംഘടിക്കുമ്പോഴും പൊതുലക്ഷ്യത്തിൽനിന്ന് വ്യതിചലിക്കരുത്. തേനീച്ചകൾ ഐക്യത്തോടെ ശേഖരിക്കുന്ന തേൻ എല്ലാ ജീവികൾക്കും ഒരുപോലെ മധുരിക്കുന്നവസ്തുവാണ്. ഐക്യം എന്തിന്റെ പേരിലായാലും പൊതുനന്മയാണ് ലക്ഷ്യമെങ്കിൽ അത് ജാതി - മത- വർഗ വ്യത്യാസമില്ലാതെ മധുരിക്കുകതന്നെ ചെയ്യും. പക്ഷേ, ചാത്തൻ മേസ്തിരിമാർകൂടി സമ്മതിക്കണമെന്നുമാത്രം.

2 comments:

  1. ഗുരുചരണം പാവനം
    ഗുരുവചനം മോദകം

    ReplyDelete
  2. ഗുരുവിന്റെ വചനം എന്നും പ്രസക്തം തന്നെ.

    ReplyDelete