krishnanatam: ajayan aruvippuram's Guru photo exhibition
report ...: ajayan aruvippuram's Guru photo exhibition report of my speech in kerala kaumudi me at aruvippuram addressing meenachil sndp u...
Wednesday, 28 August 2013
ajayan aruvippuram's Guru photo exhibition
report of my speech in kerala kaumudi me at aruvippuram addressing meenachil sndp union, pala GURU samadhi dina prabhashanam Alappuzha with a historic board speech in mavelikkara discussion with swami sandrananda and nedumkunnam at aruvippuram with nedumkunnam sir neyyar river near Great sankarankuzhi
report of my speech in kerala kaumudi me at aruvippuram addressing meenachil sndp union, pala GURU samadhi dina prabhashanam Alappuzha with a historic board speech in mavelikkara discussion with swami sandrananda and nedumkunnam at aruvippuram with nedumkunnam sir neyyar river near Great sankarankuzhi
krishnanatam: Receiving memento from Ahammedabad Sreenarayanagu...
krishnanatam:
Receiving memento from Ahammedabad Sreenarayanagu...: Receiving memento from Ahammedabad Sreenarayanaguru cultural mission Little speech Inagurating Guru photo exhibition in Trivandrum ...
Receiving memento from Ahammedabad Sreenarayanagu...: Receiving memento from Ahammedabad Sreenarayanaguru cultural mission Little speech Inagurating Guru photo exhibition in Trivandrum ...
Thursday, 1 August 2013
krishnanatam: ചെമ്പുമൊന്തയിൽ ക്ലാവ് പിടിക്കരുത്
krishnanatam: ചെമ്പുമൊന്തയിൽ ക്ലാവ് പിടിക്കരുത്: വാരണപ്പള്ളിയിലെ പഠനകാലം. നാണുഭക്തൻ മറ്റുവിദ്യാർത്ഥികളിൽ നിന്ന് പ്രകൃതംകൊണ്ടും ചിന്തകൾകൊണ്ടും ഭിന്നനാണെന്ന് ബോദ്ധ്യമായ കാരണവർ അദ്ദേ...
ചെമ്പുമൊന്തയിൽ ക്ലാവ് പിടിക്കരുത്
വാരണപ്പള്ളിയിലെ പഠനകാലം. നാണുഭക്തൻ മറ്റുവിദ്യാർത്ഥികളിൽ നിന്ന് പ്രകൃതംകൊണ്ടും ചിന്തകൾകൊണ്ടും ഭിന്നനാണെന്ന് ബോദ്ധ്യമായ കാരണവർ അദ്ദേഹത്തെ അവരിൽനിന്ന് മാറ്റിത്താമസിപ്പിക്കാൻ തീരുമാനിച്ചു. വാരണപ്പള്ളിയിലെ മറ്റൊരു വീടായ കുന്നത്തുഭവനമാണ് അതിനായി നിശ്ചയിച്ചത്. ഭക്തികാര്യങ്ങളിൽ അതീവതത്പരനായിരുന്ന ഗോവിന്ദപ്പണിക്കരാണ് അവിടെ താമസം. നാണുഭക്തനും പണിക്കരും പിന്നെ ഒരുമിച്ചായി കുളിയും ജപവും പ്രാർത്ഥനയുമൊക്കെ.
ഒരുദിവസം നാണുഭക്തൻ ഒരു വെളിപാടിലെന്നപോലെ ഗോവിന്ദപ്പണിക്കരോടു പറഞ്ഞു:
"എനിക്ക് ഒരു ചെമ്പുമൊന്തയുടെ ആവശ്യമുണ്ട്.'
"അതെന്തിന്?'
"ഈ സംസാരാർണവത്തിൽ ഒന്നു മുങ്ങിനോക്കുവാൻ ആഗ്രഹിക്കുന്നു. അതിന്റെ അടിയിൽ രത്‌നങ്ങൾ ഉള്ളവ ചെമ്പുമൊന്തയിലാക്കി എനിക്ക് ലോകക്ഷേമത്തിന് കാഴ്ചവയ്ക്കണം.'
ഗോവിന്ദപ്പണിക്കർ അതുകേട്ട് അത്ഭുതപ്പെട്ടിരുന്നു. നാണു പറയുന്നത് പലതും സാമാന്യബുദ്ധികൊണ്ട് ചിന്തിച്ചാൽ മനസിലാവാത്തതാണ്. പക്ഷേ, അതിലെവിടെയോ ദൈവികമായ ഒരു സ്പർശം അനുഭവിക്കാൻ കഴിയാറുണ്ടെന്ന് ബോദ്ധ്യമായിട്ടുണ്ട്. സംസാരാർണവം, ചെമ്പുമൊന്ത, രത്‌നങ്ങൾ എന്നീ പ്രയോഗങ്ങളാണ് പണിക്കർക്ക് പിടികിട്ടാതെ പോയത്.
സംസാരാർണവത്തെ ജീവിതമാകുന്ന സമുദ്രമായും രത്‌നങ്ങളെ അതിന്റെ അടിയിലുള്ള യഥാർത്ഥ ജീവിതമൂല്യങ്ങളായും പില്ക്കാലത്ത് ഗുരുവിന്റെ ജീവചരിത്രകാരന്മാർ വ്യാഖ്യാനിച്ചു. പക്ഷേ,`ചെമ്പുമൊന്തവേണം' എന്ന് എന്തിനാണ് നാണുഭക്തൻ ആവശ്യപ്പെട്ടതെന്നുമാത്രം ആരും വിശദമാക്കിക്കണ്ടില്ല. പഴയതലമുറയിലെ ചില ഗുരുദേവഭക്തരോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചു:
"അക്കാലത്ത് ചെമ്പുപാത്രങ്ങൾ സുലഭമായിരുന്നു. വീട്ടാവശ്യങ്ങൾക്ക് ചെമ്പുപാത്രങ്ങളാണ് കൂടുതലും ഉപയോഗിച്ചിരുന്നത്' എന്നായിരുന്നു മറുപടി. എന്തുകൊണ്ടോ ആ മറുപടിയിൽ തൃപ്തിപ്പെടാൻ മനസ് സമ്മതിച്ചില്ല. പിന്നെ ഗുരുവിനെക്കുറിച്ച് പുതിയ പുസ്തകങ്ങൾ വായിക്കുമ്പോഴും പഴയ പുസ്തകങ്ങൾ പുനർവായനയ്ക്ക് എടുക്കുമ്പോഴുമെല്ലാം ഈ ചെമ്പുമൊന്ത മനസിലേക്ക് കടന്നുവരിക പതിവായി. ചെമ്പുമൊന്തയുടെ രഹസ്യമറിയാതെ ഇനി മുന്നോട്ടുപോകാൻ വയ്യാത്ത അവസ്ഥ സംജാതമായി എന്നുപറയാം. തൃപ്പാദങ്ങളുടെ നാവിൽനിന്ന് വെറുതെ ഒരു വാക്കുപോലും അടർന്നുവീഴില്ല. "വായിക്കുക, സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമത്തിൽ വായിക്കുക' എന്ന് പ്രവാചകൻ മുഹമ്മദ് നബിയോട് ഹിറ ഗുഹയിൽ വച്ച് ദൈവം പറഞ്ഞതുപോലെ വീണ്ടും വായിക്കുകയല്ലാതെ സംശയദുരീകരണത്തിന് മറ്റ് മാർഗമില്ലെന്ന് മനസ് മന്ത്രിച്ചു. അങ്ങനെയൊരു വായനയ്ക്കിടെ കഴിഞ്ഞദിവസം ഈ ചെമ്പുമൊന്ത ഒരിടത്തിരുന്ന് തിളങ്ങുന്നത് കണ്ടു. വലിയൊരു രഹസ്യം തൃപ്പാദങ്ങൾ തന്നെ ഒടുവിൽ മുന്നിൽ കൊണ്ടുവന്ന് തുറന്നുവച്ചതായി തോന്നി.
കോട്ടുക്കോയിക്കൽ വേലായുധൻ മാസ്റ്റർ എഴുതിയ ഗുരുവിന്റെ ജീവചരിത്രപുസ്തകത്തിന്റെ ഒരു കോണിലിരുന്നാണ് ചെമ്പുമൊന്ത തിളങ്ങിയത്. സന്ദർഭം ചുരുക്കിപ്പറയാം:
ശാരദാമഠത്തിനുവേണ്ടി പണപ്പിരിവിനായി തൃപ്പാദങ്ങൾ ശിഷ്യരുമൊത്ത് കുരുനാഗപ്പള്ളിയിലെ ചില ഭക്തരെ കാണാൻ സഞ്ചരിക്കുന്ന കാലം. അവർ തേവലക്കരയിൽ എത്തി. അവിടെ തെന്നൂർഭവനത്തിലെ ഗോവിന്ദൻ ചാന്നാരും കേശവൻ ചാന്നാരും വലിയ ഗുരുഭക്തരായിരുന്നു. കേശവൻ ചാന്നാരാകട്ടെ ജാതിഭേദമില്ലാതെ വിദ്യയുടെ വെളിച്ചം പകരണം എന്ന ഗുരുവാണി നടപ്പാക്കാൻ ദളിതക്കുട്ടികൾക്കുവേണ്ടി ഒരു സ്‌കൂൾ നടത്തുകയാണ് അക്കാലം. അതറിഞ്ഞപ്പോൾ ഗുരുവിന്റെ ചിത്തം സന്തോഷംകൊണ്ട് നിറഞ്ഞു. ആ വിദ്യാലയം സന്ദർശിക്കാൻതന്നെ തൃപ്പാദങ്ങൾ തീർച്ചപ്പെടുത്തി. സ്‌കൂൾ പരിസരത്ത് ഗുരു എത്തിയെന്നറിഞ്ഞ് ഭക്തർ തടിച്ചുകൂടി. അക്കൂട്ടത്തിൽ സവർണസമുദായാംഗങ്ങളുമുണ്ടായിരുന്നു. തന്നോടുള്ള ഭക്തികൊണ്ട് ജാതിഭേദംമറന്ന് തൊഴുതുനില്ക്കുന്ന ജനത്തെക്കണ്ടപ്പോൾ തൃപ്പാദങ്ങൾക്ക് ഉള്ളം കുളിർത്തു. എന്നാൽ ഹരിജനക്കുട്ടികൾ സ്‌കൂളിൽനിന്ന് അങ്ങോട്ടുകടന്നുവന്നതും ഭക്തർ ഗുരുവിനോട് യാത്രപറയാൻപോലും നില്ക്കാതെ വേഗം സ്ഥലംവിട്ടു.
"നിങ്ങൾ എന്തിനാണ് തിടുക്കത്തിൽ പോകുന്നത്. അവർ മനുഷ്യരല്ലേ' എന്ന് ഗുരുദേവൻ ചോദിച്ചു. ആ വാക്കുകളിൽ ലയിച്ചുകിടന്ന സങ്കടസ്വരങ്ങൾ അവർ തിരിച്ചറിഞ്ഞില്ല. ഗുരുവദനത്തിൽ വിഷാദംമൂടിയതുകണ്ട് ആ കുഞ്ഞുങ്ങൾ പകച്ചുനിന്നു. ഗുരു അവരെ കാരുണ്യപൂർവം അടുത്തേക്ക് വിളിച്ചു. കല്ക്കണ്ടവും മുന്തിരിയും നല്കി. മധുരംവാങ്ങാൻ തനിക്കുനേരെ നീളുന്ന ആ പിഞ്ചുകരങ്ങളിൽ നോക്കിയിട്ട് ഗുരു ശിഷ്യരോടുപറഞ്ഞു: "നോക്കണം വേല എടുക്കുന്ന കൈകൾ.' അപ്പോൾ ഒരു കണ്ണീർക്കണം ആ കരുണാർദ്രനയനങ്ങളിൽ വന്ന് അടരാൻ വെമ്പിനിന്നിരുന്നു. ഗുരുദേവൻ സ്‌നേഹാധിക്യത്തോടെ ആ കുഞ്ഞുങ്ങളോട് പലതും ചോദിച്ചു. അവർക്ക് കഞ്ഞികൊടുക്കാൻ ആവശ്യപ്പെട്ടു. കഞ്ഞിവിളമ്പാനുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ കേശവൻ ചാന്നാരുടെ വീടിനകത്തുനിന്ന് അച്ഛമ്മ കൊച്ചുകാളിയുടെ ശബ്ദമുയർന്നു: "എടാ കേശവാ മൺകലം ഒന്നും തൊട്ടേക്കരുത്. ചെമ്പുപാത്രം മാത്രമേ എടുക്കാവൂ.' അതുകേട്ട് തൃപ്പാദങ്ങൾക്ക് കാര്യം മനസിലായി. കൊച്ചുമകന്റെ ഹരിജനോദ്ധാരണവുംമറ്റും ജാതിക്കുശുമ്പ് മായാത്ത ആ വൃദ്ധയ്ക്ക് അത്രപിടിച്ചിട്ടില്ല. മൺകലം ദളിതക്കുട്ടികൾ തൊട്ടാൽ അവ പിന്നെ ശുദ്ധമാക്കി എടുക്കാൻ പറ്റില്ല. ചെമ്പാകുമ്പോൾ കുഴപ്പമില്ല. അതിൽ അശുദ്ധി പിടിക്കില്ല എന്നാണ് വിശ്വാസം. മന്ത്രവാദത്തിനുപോലും ചെമ്പുതകിടുകളാണ് ഉപയോഗിക്കുക. ഏത് ദോഷവും അത് പിടിച്ചുകൊള്ളുമത്രേ. പാടത്ത് പണിയെടുക്കുന്ന പുലയർക്ക് കഞ്ഞികൊണ്ടുപോകാനും ചെമ്പുപാത്രമാണ് അക്കാലത്ത് ഉപയോഗിച്ചിരുന്നത്.
വാരണപ്പള്ളിയിലെ ഗുരുവിന്റെ ജീവിതകാലത്തെക്കുറിച്ച് വായിച്ചപ്പോൾ മനസിൽ കടന്നുകൂടിയ അതേ ചെമ്പുമൊന്തയാണ് ഈ കുഞ്ഞുങ്ങൾക്കു മുന്നിലിരിക്കുന്നത്. അതിൽ പക്ഷേ, എത്ര കഴുകയിട്ടും പോകാത്ത ജാതിക്കുശുമ്പിന്റെ ക്ലാവ് പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു. സംസാരാർണവത്തിൽ മുങ്ങി സ്‌നേഹം, കാരുണ്യം, അനുകമ്പ, സത്യം, ധർമ്മം, അഹിംസ തുടങ്ങിയ ജീവിതമൂല്യങ്ങളാകുന്ന രത്‌നങ്ങൾ എടുത്ത് ചെമ്പുമൊന്തയിൽ നിറയ്ക്കാൻ എന്തുകൊണ്ടാണ് നാണുഭക്തൻ ആഗ്രഹിച്ചതെന്ന് തെന്നൂർ ഭവനത്തിലെ ആ ക്ലാവുപിടിച്ച മൊന്തകൾ വെളിപ്പെടുത്തുന്നു. ഗുരുവിന്റെ ചെമ്പുമൊന്ത ഈ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിൽ കിടക്കാൻ വിധിക്കപ്പെട്ട മനുഷ്യദേഹങ്ങളായിരുന്നു. അവരുടെ ഉള്ളിൽ ജീവിതമൂല്യങ്ങളാകുന്ന രത്‌നങ്ങൾ നിറയ്ക്കാൻ തൃപ്പാദങ്ങൾ ആഗ്രഹിച്ചു. രത്‌നങ്ങൾ ഇരിക്കുന്ന പാത്രം ചെമ്പുമൊന്തയാണെങ്കിലും പ്രാധാന്യംകൂടും. വിദ്യാരത്‌നങ്ങളാകയാൽ അവ ആരെങ്കിലും കവർന്നാലും എണ്ണം കുറയില്ല; വർദ്ധിക്കുകയേ ഉള്ളൂ. അങ്ങനെ എത്രയോ ചെമ്പുമൊന്തകളിൽ ഗുരുദേവൻ രത്‌നങ്ങൾ നിറച്ചുവച്ചു...
ദുരിതസാഹചര്യങ്ങളിൽപ്പെട്ട് അഴുക്കുപിടിച്ചുകിടക്കുന്ന ഒരുപാട് ചെമ്പുമൊന്തകൾ നമുക്കു ചുറ്റിനുമുണ്ട്. അവയിലൊന്നെങ്കിലും കണ്ടെടുത്ത് വൃത്തിയാക്കി വിദ്യാവബോധത്തിന്റെ രത്‌നങ്ങൾ നിറയ്ക്കാൻ നാം ശ്രമിക്കണം. രത്‌നം നിറച്ച ചെമ്പുമൊന്തകളുടെ എണ്ണംകൂടുന്തോറും ഈ ലോകം കൂടുതൽ ജീവിതയോഗ്യമായി മാറും. പക്ഷേ, അവയിൽ ജാതിക്കുശുമ്പിന്റെ ക്ലാവ് പിടിക്കാതെ നോക്കണമെന്നുമാത്രം.
Tuesday, 12 February 2013
ചാത്തൻ മേസ്തിരിസമ്മതിച്ചാൽമതിമാർ
മൂത്തകുന്നത്ത് യാത്രചെയ്യുകയാണ് ഗുരുദേവൻ. അവിടെ
തൊഴിൽത്തർക്കത്തിൽപ്പെട്ട് പൂട്ടിക്കിടക്കുന്ന ഒരു തൊഴിൽശാലയെക്കുറിച്ച്
നാട്ടുകാരിൽചിലർ ഗുരുദേവനോട് ഉണർത്തിച്ചു. അത്ഭുതമെന്നേ പറയേണ്ടൂ.
പൂട്ടിയിട്ട സ്ഥാപനത്തിലെ തൊഴിലുടമയും പ്രധാന തൊഴിലാളിയും
കുറച്ചുകഴിഞ്ഞപ്പോൾ മദ്ധ്യസ്ഥത ആവശ്യപ്പെട്ട് ഗുരുവിനെ ദർശിക്കാനെത്തി.
രണ്ടാളെയും കുറച്ചുനേരം നോക്കിയിരുന്നിട്ട് ഗുരു ചോദിച്ചു, "നിങ്ങൾ ഇരട്ടക്കാളവണ്ടി കണ്ടിട്ടുണ്ടോ?" "കണ്ടിട്ടുണ്ട്." അവർ ഒരേ സ്വരത്തിൽ പറഞ്ഞു. "കരുത്തുണ്ടായാൽ മാത്രംമതിയോ രണ്ടുകാളകളും ഒരുമിച്ചു വലിച്ചില്ലെങ്കിൽ വണ്ടി എങ്ങനെ മുന്നോട്ടുപോകും?" അവർ രണ്ടാളും നിശബ്ദരായി. സ്വാമി തൊഴിലുടമയെ നോക്കി. "നിങ്ങൾ തൊഴിൽസ്ഥാപനം നടത്താനായി ഇറക്കിയപണം പെട്ടിയിൽവച്ച് പൂട്ടിയാൽ ആദായം കിട്ടുമോ?" "ഇല്ല." "തൊഴിൽ പരിചയമുള്ള ആളുകളുടെ സഹായമുണ്ടെങ്കിലേ ജോലിനടക്കൂ. ഇക്കാര്യം മറന്ന് തൊഴിലാളിയോട് പെരുമാറരുത്." സ്വാമി തൊഴിലാളിയെ നോക്കി. "തന്നത്താൻ ഈ തൊഴിൽനടത്താൻ നിങ്ങളുടെ കൈയിൽ പണമുണ്ടോ?" "ഇല്ല സ്വാമീ." "തൊഴിലുടമയായ ഇദ്ദേഹം പണംമുടക്കിയതുകൊണ്ടാണ് നിങ്ങൾക്ക് ജോലി കിട്ടിയത്. കഴിഞ്ഞ കുറേവർഷങ്ങളായി നിങ്ങൾ കുടുംബം പുലർത്തുന്നത് ഈ വരുമാനംകൊണ്ടാണല്ലോ?നാളെ ഏതെങ്കിലും കാരണവശാൽ ഈ തൊഴിൽശാല പൂട്ടിയാൽ അടുത്ത ജോലികിട്ടുംവര കുറച്ചുദിവസത്തേക്കെങ്കിലും ബുദ്ധിമുട്ടേണ്ടിവരില്ലേ?" "ഉവ്വ്." തൊഴിലാളി ഭവ്യതപൂണ്ടു. "രണ്ടുകൂട്ടരും ഇക്കാര്യങ്ങൾ മനസിലാക്കി യോജിച്ചു പ്രവർത്തിക്കണം. ഐക്യമാണ് പ്രധാനം." ചെറായി വിജ്ഞാനവർദ്ധിനി സഭയുടെ ക്ഷേത്ര പ്രതിഷ്ഠാവേളയാണ് അടുത്തരംഗം. അഭിഷേകത്തിനായി ഭക്തർകൊണ്ടുവന്ന ദ്രവ്യങ്ങൾ എടുത്തുവയ്ക്കാൻ ആവശ്യപ്പെട്ടു ഗുരു. എല്ലാവരും ദ്രവ്യങ്ങളുമായി നടയ്ക്കുനേരെ എത്തി. പഞ്ചാമൃതം, കരിക്ക്, പനിനീര്, പാൽ, നെയ്യ് എന്നിങ്ങനെ പലതുമുണ്ട് അക്കൂട്ടത്തിൽ. അതെല്ലാം നോക്കിയിട്ട് ഗുരു പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു; "ആരെങ്കിലും ഐക്യത്തിന്റെ രൂപം കൈക്കൊള്ളുന്ന തേൻ കൊണ്ടുവന്നിട്ടുണ്ടോ?" അതുകേട്ട് ഭക്തർ അമ്പരന്നു. "എത്ര തേനീച്ചകൾ ഒന്നിച്ച് എത്ര പുഷ്പങ്ങളിൽനിന്ന് ഏകലക്ഷ്യത്തോടെ എടുത്താണ് തേൻ സംഭരിക്കുന്നത് അല്ലേ? അവരുടെ ഐക്യമാണ് മറ്റെല്ലാദ്രവ്യത്തേക്കാളും മധുരം തേനിന് ലഭിക്കാൻ കാരണം. ഒത്തൊരുമയോടെ പ്രവർത്തിക്കുമെങ്കിൽ മനുഷ്യബന്ധങ്ങൾ തേൻപോലെ മധുരിക്കും." മൂത്തകുന്നം എന്ന പ്രദേശത്തെ യാത്രയ്ക്കിടയിൽ ഗുരുദേവൻ ഇടപെട്ട് ആ തൊഴിൽത്തർക്കം പരിഹരിക്കുമ്പോൾ കേരളത്തിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ വളർന്നു തുടങ്ങിയിരുന്നില്ല. ഉള്ളവനെതിരെ ഇല്ലാത്തവന്റെ സമരകാഹളങ്ങൾ മുഴങ്ങിത്തുടങ്ങിയിരുന്നുമില്ല. ഗുരുദേവന്റെ മഹാസമാധിക്കുശേഷമാണ് കേരളത്തിൽ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ അവകാശസമരങ്ങളുടെ തീജ്വാലകൾ ആളിക്കത്തിയത്. പിൽക്കാലത്ത് തൊഴിൽ അവകാശങ്ങൾ വളരെയധികം നേടി. . എന്നാൽ മൂത്തകുന്നത്തെ തൊഴിലുടമയോടും തൊഴിലാളിയോടും ഗുരു ആവശ്യപ്പെട്ട ഐക്യം മാത്രം ഇന്നും ഒരിടത്തും മഷിയിട്ട് നോക്കിയാൽപോലും കാണാനില്ല. ഐക്യം തേൻപോലെ മധുരിക്കും എന്നു ഗുരു മൊഴിഞ്ഞത് ചെറായിയിലെ സമുദായകൂട്ടായ്മയിലാണ്. അതിനുശേഷമുള്ള കാലത്തേക്ക് നോക്കൂ. സമുദായങ്ങളും പണ്ടെന്നത്തേക്കാളും ഇന്ന് സംഘടിതരാണ്. മതങ്ങൾ വിശ്വാസികളെ സംഘടിതരാക്കി നിറുത്താനുള്ള തന്ത്രങ്ങൾ പയറ്റുന്നു. മത- സമുദായ സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രവർത്തനരീതികൾ പരിശോധിച്ചാൽ ഒരു പൊതുഗുണം കാണാം. അപരന്റെ സംഘടനയോടോ മതത്തോടോ വിശ്വാസികൾക്കുളള വിദ്വേഷമാണ് ഇവർക്ക് അഭിഷേകത്തിനുള്ള പ്രധാനദ്രവ്യം; ഐക്യത്തിന്റെ തേനല്ല. മറുവിഭാഗത്തിനെതിരെ സമരവാൾ എടുക്കുമ്പോൾ അതിന്റെ പേരിൽ സ്വന്തം അണികളിൽ ഉളവാകുന്ന ഒരു ആവേശമാണ് ഇത്തരം സംഘനകളുടെ ഇന്ധനം. രാഷ്ട്രീയക്കാരാവട്ടെ മുതലാളിയെ പരമാവധി മുതലാളിത്ത മനോഭാവത്തിലും തൊഴിലാളിയെ പരമാവധി മുതലാളിവിരോധത്തിലും നിലനിറുത്താനുള്ള തന്ത്രങ്ങൾ പ്രയോഗിച്ചുകൊണ്ടേയിരിക്കുന്നു. തൊഴിലാളിയിൽനിന്ന് വോട്ടും മുതലാളിയിൽനിന്ന് ഇലക്ഷൻ ഫണ്ടും അവർക്ക് മുടങ്ങാതെ കിട്ടിക്കൊണ്ടേയിരിക്കുന്നു. അന്യമത വിരോധവും അന്യസമുദായ വിരോധവും വളർത്താതെ സംഘടനയെ നയിക്കാൻ കഴിവുള്ള എത്ര നേതാക്കന്മാരുണ്ട് നമുക്ക്? പണ്ട് മയ്യഴിയിലെ മേയറായ പുന്നരാമോട്ട യുടെ ഗൃഹത്തിൽ ഗുരു അതിഥിയായെത്തിയ കഥയാണ് ഇപ്പോൾ ഓർമ്മവരുന്നത്. തൊട്ടടുത്തവീട്ടിൽ കുട്ടിച്ചാത്തന്റെ കഴകത്തിൽ തിറയുണ്ടെന്നറിഞ്ഞ് സ്വാമി അങ്ങോട്ടുചെന്നു. അവിടെ ചാത്തന് അറുത്ത് നേദിക്കാൻ ധാരാളം കോഴികളെ കൂട്ടിയിട്ടിരിക്കുന്നു. ഗുരു കടന്നുവന്നപ്പോൾ കൊട്ടുംപാട്ടും നിറുത്തി എല്ലാവരും കൈകൂപ്പി നിന്നു. ഗുരു എല്ലാവരെയും നോക്കിയിട്ട് മന്ത്രമധുരമായി ചോദിച്ചു, "ദൈവത്തിന്റെ പേരിൽ കോഴിയെകൊല്ലുന്നത് നിറുത്തുന്നതല്ലേ നല്ലത്?" കഴകക്കാർ ഭക്തിപുരസ്സരം ഗുരുദേവനെ വന്ദിച്ചിട്ട് പറഞ്ഞു. "സ്വാമി പറയുന്നത് ഞങ്ങൾ അനുസരിക്കാം. എന്നാൽ കുട്ടിച്ചാത്തൻ കോപിച്ചാലോ എന്നാണ് ഞങ്ങളുടെ ഭയം." സ്വാമി ചിരിച്ചു; "ചാത്തന്റെ കാര്യം നാമേറ്റു. ചാത്തൻമേസ്തിരി സമ്മതിച്ചാൽ മതി." അതുകേട്ട് എല്ലാവരും ചിരിച്ചു. ചാത്തൻ മേസ്തിരിയും ചിരിച്ചു. കോഴിവെട്ടിൽ കിട്ടുന്ന വഴിപാടും ചത്തകോഴിയെ വിറ്റാൽ കിട്ടുന്ന പണവും ചാത്തൻമേസ്തിരിക്കാണ് ലഭിച്ചിരുന്നത്. അതു മനസിലാക്കിയിട്ടാണ് ഗുരു ചാത്തൻമേസ്തിക്കിട്ട് ഒരു കൊട്ടുകൊടുത്തത്. അത് പക്ഷേ അയാളെപ്പോലും ചിരിപ്പിച്ചുകൊണ്ടായിരുന്നുവെന്ന് മാത്രം. അനാചാരങ്ങൾ അതേപടി നിലനിറുത്താൻ വിശ്വാസികളെ പ്രേരിപ്പിക്കുന്നത് ഇങ്ങനെ ലാഭംകൊയ്യുന്ന ചാത്തൻ മേസ്തിരിമാരാണ്. അവരുടെ തലമുറ ഇന്നും നമുക്കുചുറ്റിനുമുണ്ട്. പണ്ട് എട്ടോപത്തോ കോഴികളെവിറ്റാൽകിട്ടുന്ന ലാഭമായിരുന്നു ഇത്തരക്കാരുടെ വരവ്. ഇന്ന് കോടികളുടെ ലാഭമുണ്ടാക്കുന്ന ഇടപാടുകളാണ് വിശ്വാസത്തിന്റെയും സംഘടനാബലത്തിന്റെയും പേരിൽ ഇക്കൂട്ടർ നടത്തുന്നത്. സാധാരണക്കാരന്റെ മൃദുലവികാരങ്ങളെയും ഭയപ്പാടിനെയും അറിവില്ലായ്മകളെയും മുതലെടുത്ത് അഭിനവ ചാത്തൻമേസ്തിരിമാർ തിന്നുകൊഴുക്കുന്നു. മതത്തിലും സംഘടനകളിലും രാഷ്ട്രീയത്തിലുമെല്ലാം ഇവരുണ്ട്. ജനതയെ സങ്കുചിത ചിന്തകളിലും മതവൈരത്തിലും സമുദായവിദ്വേഷത്തിലുമൊക്കെ തളച്ചിടുന്നത് ഇവരുടെ സ്വാർത്ഥലക്ഷ്യങ്ങളാണ്. സമൂഹനന്മയെന്ന പൊതു ലക്ഷ്യത്തിനുവേണ്ടിയാവണം മനുഷ്യൻ ഒന്നിച്ചു പ്രവർത്തിക്കേണ്ടതെന്ന് ഗുരു മൊഴിയുന്നു. സംഘടിക്കുന്ന തൊഴിലാളിക്കും മുതൽ മുടക്കുന്ന മുതലാളിക്കും ഇതുതന്നെയാവണം ലക്ഷ്യസ്ഥാനം. മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ സംഘടിക്കുമ്പോഴും പൊതുലക്ഷ്യത്തിൽനിന്ന് വ്യതിചലിക്കരുത്. തേനീച്ചകൾ ഐക്യത്തോടെ ശേഖരിക്കുന്ന തേൻ എല്ലാ ജീവികൾക്കും ഒരുപോലെ മധുരിക്കുന്നവസ്തുവാണ്. ഐക്യം എന്തിന്റെ പേരിലായാലും പൊതുനന്മയാണ് ലക്ഷ്യമെങ്കിൽ അത് ജാതി - മത- വർഗ വ്യത്യാസമില്ലാതെ മധുരിക്കുകതന്നെ ചെയ്യും. പക്ഷേ, ചാത്തൻ മേസ്തിരിമാർകൂടി സമ്മതിക്കണമെന്നുമാത്രം. |
Tuesday, 5 February 2013
ഫെബ്രുവരിമാസത്തെ എന്റെ പൊതുപരിപാടികൾ
ഗുരുധർമ്മ പ്രചാരണത്തിനായി കിട്ടുന്ന സമയത്തിൽ ഒരു ഭാഗം ചെലവഴിക്കാറുണ്ട് എല്ലാ മാസവും. പലയിടങ്ങളിൽനിന്നും വരുന്ന ക്ഷണങ്ങൾ ജോലിത്തിരക്കുമൂലം ഒഴിവാക്കേണ്ടിവരാറുമുണ്ട്. ഈ മാസം ഗുരുസന്ദേശങ്ങളുമായി ഗുരുഭക്തരോട് സംസാരിക്കാനെത്തുന്ന സ്ഥലങ്ങൾ ഇനി പറയുന്ന പ്രകാരമാണ്.
ഫെബ്രുവരി 9 നെയ്യാറ്റിൻകര ആയയിൽ ക്ഷേത്ര മൈതാനം ഉച്ചയ്ക്ക് രണ്ടിന് അരുവിപ്പുറം പ്രതിഷ്ഠാവാർഷികത്തോടനുബന്ധിച്ച പ്രോഗ്രാം.
ഫെബ്രുവരി 10 ചെങ്ങന്നൂർ കോട്ട ഗുരുമന്ദിരത്തിൽ രാവിലെ 11
ഫെബ്രുവരി 14 ചേർത്തല കടക്കരപ്പള്ളി ഗുരുമന്ദിര വാർഷികം. വൈകിട്ട് അഞ്ചിന്
ഫെബ്രുവരി 15 ഉഴമലയ്ക്കൽ ക്ഷേത്രത്തിൽ കേരളകൗമുദി എക്സ്പോയോടനുബന്ധിച്ച് വൈകിട്ട് ഏഴിന്
ഫെബ്രുവരി17 കോട്ടയം എസ്. എൻ. ഡി. പി യൂണിയൻ പഠനക്ളാസ് ഉച്ചയ്ക്ക് രണ്ടിന്.
വൈകിട്ട് അഞ്ചിന് മറിയപ്പള്ളിയിൽ.
സജീവ് കൃഷ്ണൻ
Monday, 4 February 2013
നമുക്കിനി വലമുറിക്കുന്ന ചുണ്ടെലികളാവാം
ചാഞ്ഞുപെയ്യുന്ന മഴ. റോഡിനുകുറുകേ ഒരു വലിയമരം വീണ് വാഹനങ്ങൾ
ബ്ളോക്കിൽപ്പെട്ട് കിടക്കുന്നു. കച്ചവടക്കാർ, ട്രാഫിക് പൊലീസുകാരൻ,
വാഹനങ്ങളിൽ യാത്രതടസപ്പെട്ടുകിടക്കുന്നവർ എന്നിങ്ങനെ
വലിയജനക്കൂട്ടമുണ്ടെങ്കിലും എല്ലാവരും നിസഹായരായി നിൽക്കുകയാണ്.
ബ്ളോക്കിൽകിടന്ന ഒരു സ്കൂൾ ബസിൽനിന്ന് കനത്തമഴയെ അവഗണിച്ച് ഒരുകുട്ടി
മാത്രം പുറത്തേക്ക് ഇറങ്ങി . എല്ലാവരും അത് കണ്ടു അമ്പരന്നു. അവൻ
ഓടിച്ചെന്ന് വീണുകിടക്കുന്ന മരത്തിൽ കുഞ്ഞിക്കൈകൾകൊണ്ട് ആഞ്ഞുതള്ളി.
അതൊരു ഉണർവിന്റെ കാഹളമായിരുന്നു. വാഹനങ്ങളിലുള്ളവരും കടക്കാരും
പൊലീസുകാരനും ഒക്കെക്കൂടി ഇറങ്ങി ഒത്തുപിടിച്ച് ആ മരം നീക്കം ചെയ്യാൻ
അധികം സമയമെടുത്തില്ല.
അടുത്തകാലത്ത് കണ്ട ഒരു പരസ്യചിത്രത്തിലെ രംഗമാണിത്. ഹൃദയസ്പർശിയായ ഈ രംഗം കണ്ടപ്പോൾ വി. കെ. വിരൂപാക്ഷൻ നമ്പൂതിരിക്ക് പണ്ട് ശ്രീനാരായണഗുരുദേവൻ പറഞ്ഞുകൊടുത്ത ഒരുകഥയാണ് ഓർമ്മവന്നത്. തൃശൂരിലെ പെരുവനം ഗ്രാമത്തിൽ പേരുകേട്ട വെളുത്തിട്ടു കിഴക്കേടത്തു മനയ്ക്കൽ കുടുംബാംഗമാണ് വിരൂപാക്ഷൻ നമ്പൂതിരി. സമുദായം ശ്രേഷ്ഠമെന്നുകരുതി പരിപാലിച്ചുപോന്ന അയിത്താചാരത്തോട് കുട്ടിക്കാലം മുതൽക്ക് വിരൂപാക്ഷന് ഇഷ്ടക്കേട് തോന്നി. ഗുരുശിഷ്യൻ സഹോദരൻ അയ്യപ്പനുമായി ചങ്ങാത്തംകൂടിയതോടെ പുരോഗമനചിന്തകൾ ഉള്ളിൽ മുളച്ചു. വിരൂപാക്ഷൻ കുടുമമുറിച്ചു. കൂടാതെ ഒരു ചായക്കടയിൽ കയറി കാപ്പികുടിക്കുകയും ചെയ്തു. അതോടെ ജാതിഭ്രഷ്ട് കല്പിക്കപ്പെട്ടു. പുരോഗമനപരമായി ചിന്തിക്കാൻ തന്റെ സമുദായത്തിന് ഇനിയും കഴിയാത്തതിൽ അദ്ദേഹം ദുഃഖിച്ചു. പക്ഷേ, തനിക്ക് ഒറ്റയ്ക്ക് എന്തുചെയ്യാൻ കഴിയും? ആശങ്കകളുടെയും സങ്കടങ്ങളുടെയും വലിയ ഭാണ്ഡവുമായാണ് ഒരുദിവസം കൂർക്കഞ്ചേരി ഉമാമഹേശ്വരക്ഷേത്രസന്നിധിയിൽ ശ്രീനാരായണഗുരുവിനെ ദർശിക്കാൻ എത്തിയത്. ആഗതന്റെ മനോഗതമറിഞ്ഞ് ഗുരു മന്ദഹസിച്ചു; "യാഥാസ്ഥിതികർ ആട്ടിയോടിച്ചിട്ടും അടിപതറാതെ പ്രവർത്തിച്ചു വിജയിച്ച ശ്രീശങ്കരന്റെ പരമ്പരയല്ലേ? നമ്പൂതിരിക്കുട്ടി ഭയപ്പെടേണ്ട. ജാതിവ്യത്യാസം മനുഷ്യർ ഉണ്ടാക്കിയതാണ്. അതുമാറ്റാൻ മനുഷ്യർ തന്നെ ശ്രമിക്കണം. ആചാരങ്ങളെയല്ല, അനാചാരങ്ങളെയാണ് നശിപ്പിക്കേണ്ടത്. അതിനു നമ്പൂതിരിക്കുട്ടിയെപ്പോലുള്ള ചെറുപ്പക്കാർ തന്നെ മുന്നോട്ടുവരണം." വിരൂപാക്ഷൻ തന്റെ ഉള്ളിൽ കുടുങ്ങിക്കിടന്ന സംശയം തൃപ്പാദങ്ങൾക്കുമുന്നിൽ വച്ചു. "ഒരാൾ മാത്രം ജാതിയും മതവുംനോക്കാതെ പെരുമാറിയാൽ ജാതിപ്പിശാചിനെ നശിപ്പിക്കാനൊക്കുമോ?" ഗുരു മൊഴിഞ്ഞു: "ഇടയരുടെ ഇടയിൽ ഇടയനായി വളർന്ന കൃഷ്ണൻ ഭാരതചക്രവർത്തിയുടെ സിംഹാസനത്തെപ്പോലും ചലിപ്പിച്ചില്ലേ? മുക്കുവത്തിയുടെ പുത്രനായ വ്യാസൻ ലോകമറിയുന്ന വേദവ്യാസനായില്ലേ? പലിതോപാഖ്യാനത്തിലെ മൂഷികനെപ്പോലെ പ്രതിബന്ധങ്ങളെ പരാജയപ്പെടുത്തണം." "ഗുരോ എന്താണ് പലിതോപാഖ്യാനത്തിലെ മൂഷിക ചരിത്രം?" "അതൊരു രസകരമായ കഥ. ഒരു കാട്. അതിൽ ഒരു വൃക്ഷം. ചുവട്ടിൽ മാളം. മാളത്തിൽ എലി. വൃക്ഷത്തിൽ കോടരം. അതിൽ പാമ്പ്. കൊമ്പിൽ ഒരു പരുന്ത് കൂടുകൂട്ടിയിരിക്കുന്നു. സമീപത്തായി ഒരു മൺകൂനയിൽ കീരിയും. കാടിനടുത്തായി ഒരു വേടൻ താമസിച്ചിരുന്നു. അയാൾ ഒരു ദിവസം വൃക്ഷച്ചുവട്ടിൽ വലവച്ചു. ദൈവഗത്യാ ഒരു പൂച്ചയാണ് അതിൽ കുടുങ്ങിയത്. എല്ലാവരും അതുകണ്ട് ഭയന്നു. ഇത്രയും പേർക്കും ആഹാരമായി മാറാവുന്ന എലി പക്ഷേ ധൈര്യസമേതം പുറത്തിറങ്ങി. പൂച്ചയുമായി സഖ്യം ചെയ്തു. വല അറുത്ത് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. പൂച്ച യുടെ പുറത്തിരിക്കുന്ന എലിയെക്കണ്ട് അത്ഭുതപ്പെട്ട് പാമ്പ് സ്ഥലം വിട്ടു. പക്ഷി പറന്നുപോയി. കീരി ഓടിരക്ഷപ്പെട്ടു. വേടൻ നടന്നടുക്കുന്നതിനുമുമ്പേ അവസാനത്തെ കണ്ണിയും മുറിച്ചു മാറ്റിയിട്ട് എലി മാളത്തിലേക്ക് ഓടി. പൂച്ച ചാടിപ്പോയി. ഇതുപോലെ ശത്രുക്കളുടെ മദ്ധ്യത്തിലാണെങ്കിലും ആദർശംവിടാതെ പ്രവർത്തിച്ചാൽ വിജയം സുനിശ്ചിതമാണ്. നമ്പൂതിരിക്കുട്ടിക്ക് നന്മവരും." എന്നു പറഞ്ഞ് വിരൂപാക്ഷനെ ഗുരു അനുഗ്രഹിച്ചയച്ചു. വിരൂപാക്ഷൻ നമ്പൂതിരി കൊച്ചിരാജ്യത്ത് പിന്നീട് സഹോദരൻ അയ്യൻ, ഇക്കണ്ടവാര്യർ, കെ. കേളപ്പൻ എന്നിവർക്കൊപ്പം സമുദായത്തിന്റെ അച്ചടക്കനടപടികൾ തൃണവത്ഗണിച്ച് പ്രവർത്തിച്ചകഥ ചരിത്രത്തിന്റെ ഭാഗമാണ്. പരസ്യചിത്രത്തിലെ കുട്ടി, വിരൂപാക്ഷൻ നമ്പൂതിരി, ഗുരുപറഞ്ഞകഥയിലെ വലകടിച്ചുമുറിച്ച എലി എന്നിവർക്ക് പൊതുവായ ചില സാമ്യതകൾ കാണാം. മൂവരും മറ്റുള്ളവരെ അപേക്ഷിച്ച് ദുർബലരാണ്. പക്ഷേ, അവർക്ക് സ്വാർത്ഥത ലവലേശമില്ല, സ്വന്തം സുരക്ഷയെയോർത്ത് ഭയവുമില്ല. മുന്നിൽക്കണ്ട പ്രതിബന്ധത്തെ അവർ ചങ്കൂറ്റത്തോടെ നേരിട്ടു. അതുപോലൊരു ചങ്കൂറ്റമാണ് വേദങ്ങളെ ഇല്ലക്കെട്ടിനുപുറത്തുകൊണ്ടുവന്ന് അർഹതപ്പെട്ടവർക്ക് പകർന്നുകൊടുക്കുന്ന ശാസ്ത്രശർമ്മൻ നമ്പൂതിരികാട്ടിയത്. അദ്ദേഹത്തിന്റെ തകരാറിലായ വൃക്ക മാറ്റിവയ്ക്കാൻ തന്റെ വൃക്കനൽകാമെന്നു പറഞ്ഞ് സധൈര്യം മുന്നോട്ടുവന്ന അജിഷയെന്ന യുവതിയെക്കുറിച്ച് കേട്ടറിഞ്ഞപ്പോഴും ഗുരുപറഞ്ഞ പലിതോപാഖ്യാനത്തിലെ എലിയുടെ ധീരതമുറ്റിയ ജീവകാരുണ്യമാണ് ഓർമ്മവരുന്നത്. അജിഷ താണജാതിയിൽ ജനിച്ചവളാണ്. എന്നാൽ മനസിന്റെ വലിപ്പംകൊണ്ട് അവർ എന്നേ ബ്രാഹ്മണനെക്കാൾ ശ്രേഷ്ഠതനേടിക്കഴിഞ്ഞു. വീണുകിടക്കുന്ന ചിലവൻമരങ്ങൾക്കുമുന്നിൽ യാത്ര തടസപ്പെട്ടു കിടക്കുന്ന സമൂഹമാണ് നമ്മുടേത്. ജാതിയോ മതമോ, സ്വാർത്ഥമോഹികളുടെ കുടിലതകളോ ഭരണവർഗത്തിന്റെ മുഷ്ക്കുകളോ ഒക്കെയാണ് പ്രതിബന്ധമായി കിടക്കുന്നത്. ആരെങ്കിലും വന്ന് ഇതൊക്കെ മാറ്റിക്കൊള്ളും നമ്മൾ അനങ്ങേണ്ട എന്ന മനോഭാവത്തിലാണ് ഇന്ന് ഭൂരിഭാഗം പേരും. ആർത്തുപെയ്യുന്ന മഴയെ അവഗണിച്ച് സ്വന്തം ദുർബലതയെക്കുറിച്ച് ആശങ്കയില്ലാതെ മുന്നിട്ടിറങ്ങിയോടുന്ന കുട്ടിയുടെ നിശ്ചയദാർഢ്യം, നിഷ്കളങ്കത, നിസ്വാർത്ഥത അതൊക്കെ എവിടെയോ കൈമോശം വന്നുപോകുന്നു. സ്വാർത്ഥരായിരുന്നുകൊണ്ട് സ്വാർത്ഥതപുരട്ടിയ ചോറുരുട്ടിക്കൊടുത്ത് നാം അടുത്ത തലമുറയെ വളർത്തുന്നു. വേടന്റെ വലകളിൽ സഹജീവികൾ കുടുങ്ങുന്നതുകണ്ട് അനങ്ങാതെയിരിക്കുന്ന പരുന്തും കീരിയും പാമ്പുമൊക്കെയാകാൻ നാം അവരെ പഠിപ്പിക്കുന്നു. വലകൾ ഇന്ന് അവരെയും നാളെ നമ്മിൽ ഓരോരുത്തരെയും വരിഞ്ഞുമുറുക്കുമെന്ന തിരിച്ചറിവ് ആർക്കും കിട്ടുന്നില്ല. വേദപഠനത്തിൽ പഠിതാവ് അഗ്നിയിലേക്ക് കൈനീട്ടി ചെയ്യുന്ന ഒരു പ്രാർത്ഥനയുണ്ട്. "ഓം മന്യുരസി മന്യുമയി ധേഹി." ഹേ അറിവാകുന്ന അഗ്നേ എനിക്ക് അധർമ്മത്തോട് കോപം നൽകിയാലും എന്നർത്ഥം. അങ്ങനെയൊരുകോപം ഉണരാനുള്ള അറിവാണ് നേടേണ്ടത്. അത് സർവസംഹാരത്തിന്റേതല്ല, കളങ്കമില്ലാത്തതും കാരുണ്യം നിറഞ്ഞതും നിസ്വാർത്ഥവുമായിരിക്കണം. സംശയമുള്ളവർ ഗുരുവിന്റെ കണ്ണുകളിലേക്ക് നോക്കൂ. അതേ അറിവിന്റെ അഗ്നിത്തിളക്കമാണ് അവിടെ കാണുന്നത്. |
Subscribe to:
Posts (Atom)