|
മൂത്തകുന്നത്ത് യാത്രചെയ്യുകയാണ് ഗുരുദേവൻ. അവിടെ
തൊഴിൽത്തർക്കത്തിൽപ്പെട്ട് പൂട്ടിക്കിടക്കുന്ന ഒരു തൊഴിൽശാലയെക്കുറിച്ച്
നാട്ടുകാരിൽചിലർ ഗുരുദേവനോട് ഉണർത്തിച്ചു. അത്ഭുതമെന്നേ പറയേണ്ടൂ.
പൂട്ടിയിട്ട സ്ഥാപനത്തിലെ തൊഴിലുടമയും പ്രധാന തൊഴിലാളിയും
കുറച്ചുകഴിഞ്ഞപ്പോൾ മദ്ധ്യസ്ഥത ആവശ്യപ്പെട്ട് ഗുരുവിനെ ദർശിക്കാനെത്തി.
രണ്ടാളെയും കുറച്ചുനേരം നോക്കിയിരുന്നിട്ട് ഗുരു ചോദിച്ചു, "നിങ്ങൾ ഇരട്ടക്കാളവണ്ടി കണ്ടിട്ടുണ്ടോ?" "കണ്ടിട്ടുണ്ട്." അവർ ഒരേ സ്വരത്തിൽ പറഞ്ഞു. "കരുത്തുണ്ടായാൽ മാത്രംമതിയോ രണ്ടുകാളകളും ഒരുമിച്ചു വലിച്ചില്ലെങ്കിൽ വണ്ടി എങ്ങനെ മുന്നോട്ടുപോകും?" അവർ രണ്ടാളും നിശബ്ദരായി. സ്വാമി തൊഴിലുടമയെ നോക്കി. "നിങ്ങൾ തൊഴിൽസ്ഥാപനം നടത്താനായി ഇറക്കിയപണം പെട്ടിയിൽവച്ച് പൂട്ടിയാൽ ആദായം കിട്ടുമോ?" "ഇല്ല." "തൊഴിൽ പരിചയമുള്ള ആളുകളുടെ സഹായമുണ്ടെങ്കിലേ ജോലിനടക്കൂ. ഇക്കാര്യം മറന്ന് തൊഴിലാളിയോട് പെരുമാറരുത്." സ്വാമി തൊഴിലാളിയെ നോക്കി. "തന്നത്താൻ ഈ തൊഴിൽനടത്താൻ നിങ്ങളുടെ കൈയിൽ പണമുണ്ടോ?" "ഇല്ല സ്വാമീ." "തൊഴിലുടമയായ ഇദ്ദേഹം പണംമുടക്കിയതുകൊണ്ടാണ് നിങ്ങൾക്ക് ജോലി കിട്ടിയത്. കഴിഞ്ഞ കുറേവർഷങ്ങളായി നിങ്ങൾ കുടുംബം പുലർത്തുന്നത് ഈ വരുമാനംകൊണ്ടാണല്ലോ?നാളെ ഏതെങ്കിലും കാരണവശാൽ ഈ തൊഴിൽശാല പൂട്ടിയാൽ അടുത്ത ജോലികിട്ടുംവര കുറച്ചുദിവസത്തേക്കെങ്കിലും ബുദ്ധിമുട്ടേണ്ടിവരില്ലേ?" "ഉവ്വ്." തൊഴിലാളി ഭവ്യതപൂണ്ടു. "രണ്ടുകൂട്ടരും ഇക്കാര്യങ്ങൾ മനസിലാക്കി യോജിച്ചു പ്രവർത്തിക്കണം. ഐക്യമാണ് പ്രധാനം." ചെറായി വിജ്ഞാനവർദ്ധിനി സഭയുടെ ക്ഷേത്ര പ്രതിഷ്ഠാവേളയാണ് അടുത്തരംഗം. അഭിഷേകത്തിനായി ഭക്തർകൊണ്ടുവന്ന ദ്രവ്യങ്ങൾ എടുത്തുവയ്ക്കാൻ ആവശ്യപ്പെട്ടു ഗുരു. എല്ലാവരും ദ്രവ്യങ്ങളുമായി നടയ്ക്കുനേരെ എത്തി. പഞ്ചാമൃതം, കരിക്ക്, പനിനീര്, പാൽ, നെയ്യ് എന്നിങ്ങനെ പലതുമുണ്ട് അക്കൂട്ടത്തിൽ. അതെല്ലാം നോക്കിയിട്ട് ഗുരു പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു; "ആരെങ്കിലും ഐക്യത്തിന്റെ രൂപം കൈക്കൊള്ളുന്ന തേൻ കൊണ്ടുവന്നിട്ടുണ്ടോ?" അതുകേട്ട് ഭക്തർ അമ്പരന്നു. "എത്ര തേനീച്ചകൾ ഒന്നിച്ച് എത്ര പുഷ്പങ്ങളിൽനിന്ന് ഏകലക്ഷ്യത്തോടെ എടുത്താണ് തേൻ സംഭരിക്കുന്നത് അല്ലേ? അവരുടെ ഐക്യമാണ് മറ്റെല്ലാദ്രവ്യത്തേക്കാളും മധുരം തേനിന് ലഭിക്കാൻ കാരണം. ഒത്തൊരുമയോടെ പ്രവർത്തിക്കുമെങ്കിൽ മനുഷ്യബന്ധങ്ങൾ തേൻപോലെ മധുരിക്കും." മൂത്തകുന്നം എന്ന പ്രദേശത്തെ യാത്രയ്ക്കിടയിൽ ഗുരുദേവൻ ഇടപെട്ട് ആ തൊഴിൽത്തർക്കം പരിഹരിക്കുമ്പോൾ കേരളത്തിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ വളർന്നു തുടങ്ങിയിരുന്നില്ല. ഉള്ളവനെതിരെ ഇല്ലാത്തവന്റെ സമരകാഹളങ്ങൾ മുഴങ്ങിത്തുടങ്ങിയിരുന്നുമില്ല. ഗുരുദേവന്റെ മഹാസമാധിക്കുശേഷമാണ് കേരളത്തിൽ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ അവകാശസമരങ്ങളുടെ തീജ്വാലകൾ ആളിക്കത്തിയത്. പിൽക്കാലത്ത് തൊഴിൽ അവകാശങ്ങൾ വളരെയധികം നേടി. . എന്നാൽ മൂത്തകുന്നത്തെ തൊഴിലുടമയോടും തൊഴിലാളിയോടും ഗുരു ആവശ്യപ്പെട്ട ഐക്യം മാത്രം ഇന്നും ഒരിടത്തും മഷിയിട്ട് നോക്കിയാൽപോലും കാണാനില്ല. ഐക്യം തേൻപോലെ മധുരിക്കും എന്നു ഗുരു മൊഴിഞ്ഞത് ചെറായിയിലെ സമുദായകൂട്ടായ്മയിലാണ്. അതിനുശേഷമുള്ള കാലത്തേക്ക് നോക്കൂ. സമുദായങ്ങളും പണ്ടെന്നത്തേക്കാളും ഇന്ന് സംഘടിതരാണ്. മതങ്ങൾ വിശ്വാസികളെ സംഘടിതരാക്കി നിറുത്താനുള്ള തന്ത്രങ്ങൾ പയറ്റുന്നു. മത- സമുദായ സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രവർത്തനരീതികൾ പരിശോധിച്ചാൽ ഒരു പൊതുഗുണം കാണാം. അപരന്റെ സംഘടനയോടോ മതത്തോടോ വിശ്വാസികൾക്കുളള വിദ്വേഷമാണ് ഇവർക്ക് അഭിഷേകത്തിനുള്ള പ്രധാനദ്രവ്യം; ഐക്യത്തിന്റെ തേനല്ല. മറുവിഭാഗത്തിനെതിരെ സമരവാൾ എടുക്കുമ്പോൾ അതിന്റെ പേരിൽ സ്വന്തം അണികളിൽ ഉളവാകുന്ന ഒരു ആവേശമാണ് ഇത്തരം സംഘനകളുടെ ഇന്ധനം. രാഷ്ട്രീയക്കാരാവട്ടെ മുതലാളിയെ പരമാവധി മുതലാളിത്ത മനോഭാവത്തിലും തൊഴിലാളിയെ പരമാവധി മുതലാളിവിരോധത്തിലും നിലനിറുത്താനുള്ള തന്ത്രങ്ങൾ പ്രയോഗിച്ചുകൊണ്ടേയിരിക്കുന്നു. തൊഴിലാളിയിൽനിന്ന് വോട്ടും മുതലാളിയിൽനിന്ന് ഇലക്ഷൻ ഫണ്ടും അവർക്ക് മുടങ്ങാതെ കിട്ടിക്കൊണ്ടേയിരിക്കുന്നു. അന്യമത വിരോധവും അന്യസമുദായ വിരോധവും വളർത്താതെ സംഘടനയെ നയിക്കാൻ കഴിവുള്ള എത്ര നേതാക്കന്മാരുണ്ട് നമുക്ക്? പണ്ട് മയ്യഴിയിലെ മേയറായ പുന്നരാമോട്ട യുടെ ഗൃഹത്തിൽ ഗുരു അതിഥിയായെത്തിയ കഥയാണ് ഇപ്പോൾ ഓർമ്മവരുന്നത്. തൊട്ടടുത്തവീട്ടിൽ കുട്ടിച്ചാത്തന്റെ കഴകത്തിൽ തിറയുണ്ടെന്നറിഞ്ഞ് സ്വാമി അങ്ങോട്ടുചെന്നു. അവിടെ ചാത്തന് അറുത്ത് നേദിക്കാൻ ധാരാളം കോഴികളെ കൂട്ടിയിട്ടിരിക്കുന്നു. ഗുരു കടന്നുവന്നപ്പോൾ കൊട്ടുംപാട്ടും നിറുത്തി എല്ലാവരും കൈകൂപ്പി നിന്നു. ഗുരു എല്ലാവരെയും നോക്കിയിട്ട് മന്ത്രമധുരമായി ചോദിച്ചു, "ദൈവത്തിന്റെ പേരിൽ കോഴിയെകൊല്ലുന്നത് നിറുത്തുന്നതല്ലേ നല്ലത്?" കഴകക്കാർ ഭക്തിപുരസ്സരം ഗുരുദേവനെ വന്ദിച്ചിട്ട് പറഞ്ഞു. "സ്വാമി പറയുന്നത് ഞങ്ങൾ അനുസരിക്കാം. എന്നാൽ കുട്ടിച്ചാത്തൻ കോപിച്ചാലോ എന്നാണ് ഞങ്ങളുടെ ഭയം." സ്വാമി ചിരിച്ചു; "ചാത്തന്റെ കാര്യം നാമേറ്റു. ചാത്തൻമേസ്തിരി സമ്മതിച്ചാൽ മതി." അതുകേട്ട് എല്ലാവരും ചിരിച്ചു. ചാത്തൻ മേസ്തിരിയും ചിരിച്ചു. കോഴിവെട്ടിൽ കിട്ടുന്ന വഴിപാടും ചത്തകോഴിയെ വിറ്റാൽ കിട്ടുന്ന പണവും ചാത്തൻമേസ്തിരിക്കാണ് ലഭിച്ചിരുന്നത്. അതു മനസിലാക്കിയിട്ടാണ് ഗുരു ചാത്തൻമേസ്തിക്കിട്ട് ഒരു കൊട്ടുകൊടുത്തത്. അത് പക്ഷേ അയാളെപ്പോലും ചിരിപ്പിച്ചുകൊണ്ടായിരുന്നുവെന്ന് മാത്രം. അനാചാരങ്ങൾ അതേപടി നിലനിറുത്താൻ വിശ്വാസികളെ പ്രേരിപ്പിക്കുന്നത് ഇങ്ങനെ ലാഭംകൊയ്യുന്ന ചാത്തൻ മേസ്തിരിമാരാണ്. അവരുടെ തലമുറ ഇന്നും നമുക്കുചുറ്റിനുമുണ്ട്. പണ്ട് എട്ടോപത്തോ കോഴികളെവിറ്റാൽകിട്ടുന്ന ലാഭമായിരുന്നു ഇത്തരക്കാരുടെ വരവ്. ഇന്ന് കോടികളുടെ ലാഭമുണ്ടാക്കുന്ന ഇടപാടുകളാണ് വിശ്വാസത്തിന്റെയും സംഘടനാബലത്തിന്റെയും പേരിൽ ഇക്കൂട്ടർ നടത്തുന്നത്. സാധാരണക്കാരന്റെ മൃദുലവികാരങ്ങളെയും ഭയപ്പാടിനെയും അറിവില്ലായ്മകളെയും മുതലെടുത്ത് അഭിനവ ചാത്തൻമേസ്തിരിമാർ തിന്നുകൊഴുക്കുന്നു. മതത്തിലും സംഘടനകളിലും രാഷ്ട്രീയത്തിലുമെല്ലാം ഇവരുണ്ട്. ജനതയെ സങ്കുചിത ചിന്തകളിലും മതവൈരത്തിലും സമുദായവിദ്വേഷത്തിലുമൊക്കെ തളച്ചിടുന്നത് ഇവരുടെ സ്വാർത്ഥലക്ഷ്യങ്ങളാണ്. സമൂഹനന്മയെന്ന പൊതു ലക്ഷ്യത്തിനുവേണ്ടിയാവണം മനുഷ്യൻ ഒന്നിച്ചു പ്രവർത്തിക്കേണ്ടതെന്ന് ഗുരു മൊഴിയുന്നു. സംഘടിക്കുന്ന തൊഴിലാളിക്കും മുതൽ മുടക്കുന്ന മുതലാളിക്കും ഇതുതന്നെയാവണം ലക്ഷ്യസ്ഥാനം. മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ സംഘടിക്കുമ്പോഴും പൊതുലക്ഷ്യത്തിൽനിന്ന് വ്യതിചലിക്കരുത്. തേനീച്ചകൾ ഐക്യത്തോടെ ശേഖരിക്കുന്ന തേൻ എല്ലാ ജീവികൾക്കും ഒരുപോലെ മധുരിക്കുന്നവസ്തുവാണ്. ഐക്യം എന്തിന്റെ പേരിലായാലും പൊതുനന്മയാണ് ലക്ഷ്യമെങ്കിൽ അത് ജാതി - മത- വർഗ വ്യത്യാസമില്ലാതെ മധുരിക്കുകതന്നെ ചെയ്യും. പക്ഷേ, ചാത്തൻ മേസ്തിരിമാർകൂടി സമ്മതിക്കണമെന്നുമാത്രം. |
Tuesday, 12 February 2013
ചാത്തൻ മേസ്തിരിസമ്മതിച്ചാൽമതിമാർ
Tuesday, 5 February 2013
ഫെബ്രുവരിമാസത്തെ എന്റെ പൊതുപരിപാടികൾ
ഗുരുധർമ്മ പ്രചാരണത്തിനായി കിട്ടുന്ന സമയത്തിൽ ഒരു ഭാഗം ചെലവഴിക്കാറുണ്ട് എല്ലാ മാസവും. പലയിടങ്ങളിൽനിന്നും വരുന്ന ക്ഷണങ്ങൾ ജോലിത്തിരക്കുമൂലം ഒഴിവാക്കേണ്ടിവരാറുമുണ്ട്. ഈ മാസം ഗുരുസന്ദേശങ്ങളുമായി ഗുരുഭക്തരോട് സംസാരിക്കാനെത്തുന്ന സ്ഥലങ്ങൾ ഇനി പറയുന്ന പ്രകാരമാണ്.
ഫെബ്രുവരി 9 നെയ്യാറ്റിൻകര ആയയിൽ ക്ഷേത്ര മൈതാനം ഉച്ചയ്ക്ക് രണ്ടിന് അരുവിപ്പുറം പ്രതിഷ്ഠാവാർഷികത്തോടനുബന്ധിച്ച പ്രോഗ്രാം.
ഫെബ്രുവരി 10 ചെങ്ങന്നൂർ കോട്ട ഗുരുമന്ദിരത്തിൽ രാവിലെ 11
ഫെബ്രുവരി 14 ചേർത്തല കടക്കരപ്പള്ളി ഗുരുമന്ദിര വാർഷികം. വൈകിട്ട് അഞ്ചിന്
ഫെബ്രുവരി 15 ഉഴമലയ്ക്കൽ ക്ഷേത്രത്തിൽ കേരളകൗമുദി എക്സ്പോയോടനുബന്ധിച്ച് വൈകിട്ട് ഏഴിന്
ഫെബ്രുവരി17 കോട്ടയം എസ്. എൻ. ഡി. പി യൂണിയൻ പഠനക്ളാസ് ഉച്ചയ്ക്ക് രണ്ടിന്.
വൈകിട്ട് അഞ്ചിന് മറിയപ്പള്ളിയിൽ.
സജീവ് കൃഷ്ണൻ
Monday, 4 February 2013
നമുക്കിനി വലമുറിക്കുന്ന ചുണ്ടെലികളാവാം
|
ചാഞ്ഞുപെയ്യുന്ന മഴ. റോഡിനുകുറുകേ ഒരു വലിയമരം വീണ് വാഹനങ്ങൾ
ബ്ളോക്കിൽപ്പെട്ട് കിടക്കുന്നു. കച്ചവടക്കാർ, ട്രാഫിക് പൊലീസുകാരൻ,
വാഹനങ്ങളിൽ യാത്രതടസപ്പെട്ടുകിടക്കുന്നവർ എന്നിങ്ങനെ
വലിയജനക്കൂട്ടമുണ്ടെങ്കിലും എല്ലാവരും നിസഹായരായി നിൽക്കുകയാണ്.
ബ്ളോക്കിൽകിടന്ന ഒരു സ്കൂൾ ബസിൽനിന്ന് കനത്തമഴയെ അവഗണിച്ച് ഒരുകുട്ടി
മാത്രം പുറത്തേക്ക് ഇറങ്ങി . എല്ലാവരും അത് കണ്ടു അമ്പരന്നു. അവൻ
ഓടിച്ചെന്ന് വീണുകിടക്കുന്ന മരത്തിൽ കുഞ്ഞിക്കൈകൾകൊണ്ട് ആഞ്ഞുതള്ളി.
അതൊരു ഉണർവിന്റെ കാഹളമായിരുന്നു. വാഹനങ്ങളിലുള്ളവരും കടക്കാരും
പൊലീസുകാരനും ഒക്കെക്കൂടി ഇറങ്ങി ഒത്തുപിടിച്ച് ആ മരം നീക്കം ചെയ്യാൻ
അധികം സമയമെടുത്തില്ല.
അടുത്തകാലത്ത് കണ്ട ഒരു പരസ്യചിത്രത്തിലെ രംഗമാണിത്. ഹൃദയസ്പർശിയായ ഈ രംഗം കണ്ടപ്പോൾ വി. കെ. വിരൂപാക്ഷൻ നമ്പൂതിരിക്ക് പണ്ട് ശ്രീനാരായണഗുരുദേവൻ പറഞ്ഞുകൊടുത്ത ഒരുകഥയാണ് ഓർമ്മവന്നത്. തൃശൂരിലെ പെരുവനം ഗ്രാമത്തിൽ പേരുകേട്ട വെളുത്തിട്ടു കിഴക്കേടത്തു മനയ്ക്കൽ കുടുംബാംഗമാണ് വിരൂപാക്ഷൻ നമ്പൂതിരി. സമുദായം ശ്രേഷ്ഠമെന്നുകരുതി പരിപാലിച്ചുപോന്ന അയിത്താചാരത്തോട് കുട്ടിക്കാലം മുതൽക്ക് വിരൂപാക്ഷന് ഇഷ്ടക്കേട് തോന്നി. ഗുരുശിഷ്യൻ സഹോദരൻ അയ്യപ്പനുമായി ചങ്ങാത്തംകൂടിയതോടെ പുരോഗമനചിന്തകൾ ഉള്ളിൽ മുളച്ചു. വിരൂപാക്ഷൻ കുടുമമുറിച്ചു. കൂടാതെ ഒരു ചായക്കടയിൽ കയറി കാപ്പികുടിക്കുകയും ചെയ്തു. അതോടെ ജാതിഭ്രഷ്ട് കല്പിക്കപ്പെട്ടു. പുരോഗമനപരമായി ചിന്തിക്കാൻ തന്റെ സമുദായത്തിന് ഇനിയും കഴിയാത്തതിൽ അദ്ദേഹം ദുഃഖിച്ചു. പക്ഷേ, തനിക്ക് ഒറ്റയ്ക്ക് എന്തുചെയ്യാൻ കഴിയും? ആശങ്കകളുടെയും സങ്കടങ്ങളുടെയും വലിയ ഭാണ്ഡവുമായാണ് ഒരുദിവസം കൂർക്കഞ്ചേരി ഉമാമഹേശ്വരക്ഷേത്രസന്നിധിയിൽ ശ്രീനാരായണഗുരുവിനെ ദർശിക്കാൻ എത്തിയത്. ആഗതന്റെ മനോഗതമറിഞ്ഞ് ഗുരു മന്ദഹസിച്ചു; "യാഥാസ്ഥിതികർ ആട്ടിയോടിച്ചിട്ടും അടിപതറാതെ പ്രവർത്തിച്ചു വിജയിച്ച ശ്രീശങ്കരന്റെ പരമ്പരയല്ലേ? നമ്പൂതിരിക്കുട്ടി ഭയപ്പെടേണ്ട. ജാതിവ്യത്യാസം മനുഷ്യർ ഉണ്ടാക്കിയതാണ്. അതുമാറ്റാൻ മനുഷ്യർ തന്നെ ശ്രമിക്കണം. ആചാരങ്ങളെയല്ല, അനാചാരങ്ങളെയാണ് നശിപ്പിക്കേണ്ടത്. അതിനു നമ്പൂതിരിക്കുട്ടിയെപ്പോലുള്ള ചെറുപ്പക്കാർ തന്നെ മുന്നോട്ടുവരണം." വിരൂപാക്ഷൻ തന്റെ ഉള്ളിൽ കുടുങ്ങിക്കിടന്ന സംശയം തൃപ്പാദങ്ങൾക്കുമുന്നിൽ വച്ചു. "ഒരാൾ മാത്രം ജാതിയും മതവുംനോക്കാതെ പെരുമാറിയാൽ ജാതിപ്പിശാചിനെ നശിപ്പിക്കാനൊക്കുമോ?" ഗുരു മൊഴിഞ്ഞു: "ഇടയരുടെ ഇടയിൽ ഇടയനായി വളർന്ന കൃഷ്ണൻ ഭാരതചക്രവർത്തിയുടെ സിംഹാസനത്തെപ്പോലും ചലിപ്പിച്ചില്ലേ? മുക്കുവത്തിയുടെ പുത്രനായ വ്യാസൻ ലോകമറിയുന്ന വേദവ്യാസനായില്ലേ? പലിതോപാഖ്യാനത്തിലെ മൂഷികനെപ്പോലെ പ്രതിബന്ധങ്ങളെ പരാജയപ്പെടുത്തണം." "ഗുരോ എന്താണ് പലിതോപാഖ്യാനത്തിലെ മൂഷിക ചരിത്രം?" "അതൊരു രസകരമായ കഥ. ഒരു കാട്. അതിൽ ഒരു വൃക്ഷം. ചുവട്ടിൽ മാളം. മാളത്തിൽ എലി. വൃക്ഷത്തിൽ കോടരം. അതിൽ പാമ്പ്. കൊമ്പിൽ ഒരു പരുന്ത് കൂടുകൂട്ടിയിരിക്കുന്നു. സമീപത്തായി ഒരു മൺകൂനയിൽ കീരിയും. കാടിനടുത്തായി ഒരു വേടൻ താമസിച്ചിരുന്നു. അയാൾ ഒരു ദിവസം വൃക്ഷച്ചുവട്ടിൽ വലവച്ചു. ദൈവഗത്യാ ഒരു പൂച്ചയാണ് അതിൽ കുടുങ്ങിയത്. എല്ലാവരും അതുകണ്ട് ഭയന്നു. ഇത്രയും പേർക്കും ആഹാരമായി മാറാവുന്ന എലി പക്ഷേ ധൈര്യസമേതം പുറത്തിറങ്ങി. പൂച്ചയുമായി സഖ്യം ചെയ്തു. വല അറുത്ത് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. പൂച്ച യുടെ പുറത്തിരിക്കുന്ന എലിയെക്കണ്ട് അത്ഭുതപ്പെട്ട് പാമ്പ് സ്ഥലം വിട്ടു. പക്ഷി പറന്നുപോയി. കീരി ഓടിരക്ഷപ്പെട്ടു. വേടൻ നടന്നടുക്കുന്നതിനുമുമ്പേ അവസാനത്തെ കണ്ണിയും മുറിച്ചു മാറ്റിയിട്ട് എലി മാളത്തിലേക്ക് ഓടി. പൂച്ച ചാടിപ്പോയി. ഇതുപോലെ ശത്രുക്കളുടെ മദ്ധ്യത്തിലാണെങ്കിലും ആദർശംവിടാതെ പ്രവർത്തിച്ചാൽ വിജയം സുനിശ്ചിതമാണ്. നമ്പൂതിരിക്കുട്ടിക്ക് നന്മവരും." എന്നു പറഞ്ഞ് വിരൂപാക്ഷനെ ഗുരു അനുഗ്രഹിച്ചയച്ചു. വിരൂപാക്ഷൻ നമ്പൂതിരി കൊച്ചിരാജ്യത്ത് പിന്നീട് സഹോദരൻ അയ്യൻ, ഇക്കണ്ടവാര്യർ, കെ. കേളപ്പൻ എന്നിവർക്കൊപ്പം സമുദായത്തിന്റെ അച്ചടക്കനടപടികൾ തൃണവത്ഗണിച്ച് പ്രവർത്തിച്ചകഥ ചരിത്രത്തിന്റെ ഭാഗമാണ്. പരസ്യചിത്രത്തിലെ കുട്ടി, വിരൂപാക്ഷൻ നമ്പൂതിരി, ഗുരുപറഞ്ഞകഥയിലെ വലകടിച്ചുമുറിച്ച എലി എന്നിവർക്ക് പൊതുവായ ചില സാമ്യതകൾ കാണാം. മൂവരും മറ്റുള്ളവരെ അപേക്ഷിച്ച് ദുർബലരാണ്. പക്ഷേ, അവർക്ക് സ്വാർത്ഥത ലവലേശമില്ല, സ്വന്തം സുരക്ഷയെയോർത്ത് ഭയവുമില്ല. മുന്നിൽക്കണ്ട പ്രതിബന്ധത്തെ അവർ ചങ്കൂറ്റത്തോടെ നേരിട്ടു. അതുപോലൊരു ചങ്കൂറ്റമാണ് വേദങ്ങളെ ഇല്ലക്കെട്ടിനുപുറത്തുകൊണ്ടുവന്ന് അർഹതപ്പെട്ടവർക്ക് പകർന്നുകൊടുക്കുന്ന ശാസ്ത്രശർമ്മൻ നമ്പൂതിരികാട്ടിയത്. അദ്ദേഹത്തിന്റെ തകരാറിലായ വൃക്ക മാറ്റിവയ്ക്കാൻ തന്റെ വൃക്കനൽകാമെന്നു പറഞ്ഞ് സധൈര്യം മുന്നോട്ടുവന്ന അജിഷയെന്ന യുവതിയെക്കുറിച്ച് കേട്ടറിഞ്ഞപ്പോഴും ഗുരുപറഞ്ഞ പലിതോപാഖ്യാനത്തിലെ എലിയുടെ ധീരതമുറ്റിയ ജീവകാരുണ്യമാണ് ഓർമ്മവരുന്നത്. അജിഷ താണജാതിയിൽ ജനിച്ചവളാണ്. എന്നാൽ മനസിന്റെ വലിപ്പംകൊണ്ട് അവർ എന്നേ ബ്രാഹ്മണനെക്കാൾ ശ്രേഷ്ഠതനേടിക്കഴിഞ്ഞു. വീണുകിടക്കുന്ന ചിലവൻമരങ്ങൾക്കുമുന്നിൽ യാത്ര തടസപ്പെട്ടു കിടക്കുന്ന സമൂഹമാണ് നമ്മുടേത്. ജാതിയോ മതമോ, സ്വാർത്ഥമോഹികളുടെ കുടിലതകളോ ഭരണവർഗത്തിന്റെ മുഷ്ക്കുകളോ ഒക്കെയാണ് പ്രതിബന്ധമായി കിടക്കുന്നത്. ആരെങ്കിലും വന്ന് ഇതൊക്കെ മാറ്റിക്കൊള്ളും നമ്മൾ അനങ്ങേണ്ട എന്ന മനോഭാവത്തിലാണ് ഇന്ന് ഭൂരിഭാഗം പേരും. ആർത്തുപെയ്യുന്ന മഴയെ അവഗണിച്ച് സ്വന്തം ദുർബലതയെക്കുറിച്ച് ആശങ്കയില്ലാതെ മുന്നിട്ടിറങ്ങിയോടുന്ന കുട്ടിയുടെ നിശ്ചയദാർഢ്യം, നിഷ്കളങ്കത, നിസ്വാർത്ഥത അതൊക്കെ എവിടെയോ കൈമോശം വന്നുപോകുന്നു. സ്വാർത്ഥരായിരുന്നുകൊണ്ട് സ്വാർത്ഥതപുരട്ടിയ ചോറുരുട്ടിക്കൊടുത്ത് നാം അടുത്ത തലമുറയെ വളർത്തുന്നു. വേടന്റെ വലകളിൽ സഹജീവികൾ കുടുങ്ങുന്നതുകണ്ട് അനങ്ങാതെയിരിക്കുന്ന പരുന്തും കീരിയും പാമ്പുമൊക്കെയാകാൻ നാം അവരെ പഠിപ്പിക്കുന്നു. വലകൾ ഇന്ന് അവരെയും നാളെ നമ്മിൽ ഓരോരുത്തരെയും വരിഞ്ഞുമുറുക്കുമെന്ന തിരിച്ചറിവ് ആർക്കും കിട്ടുന്നില്ല. വേദപഠനത്തിൽ പഠിതാവ് അഗ്നിയിലേക്ക് കൈനീട്ടി ചെയ്യുന്ന ഒരു പ്രാർത്ഥനയുണ്ട്. "ഓം മന്യുരസി മന്യുമയി ധേഹി." ഹേ അറിവാകുന്ന അഗ്നേ എനിക്ക് അധർമ്മത്തോട് കോപം നൽകിയാലും എന്നർത്ഥം. അങ്ങനെയൊരുകോപം ഉണരാനുള്ള അറിവാണ് നേടേണ്ടത്. അത് സർവസംഹാരത്തിന്റേതല്ല, കളങ്കമില്ലാത്തതും കാരുണ്യം നിറഞ്ഞതും നിസ്വാർത്ഥവുമായിരിക്കണം. സംശയമുള്ളവർ ഗുരുവിന്റെ കണ്ണുകളിലേക്ക് നോക്കൂ. അതേ അറിവിന്റെ അഗ്നിത്തിളക്കമാണ് അവിടെ കാണുന്നത്. |
Monday, 1 October 2012
ഒരു വെള്ളിനാണയത്തിന്റെ കടം ബാക്കിയുണ്ട്
|
|
|
മഹത്തായ ഒരു പൈതൃകത്തെ, കാലം പൊഴിച്ചിട്ട കരിയിലകൾക്കടിയിൽ സൂക്ഷിക്കുന്ന കിടങ്ങാം പറമ്പിലെ വെള്ളമണലിൽ തൊട്ടപ്പോൾ ഒരു നന്ദികേടിന്റെ കഥയോർത്ത് മനസുനീറുകയായിരുന്നു. പഥംതെറ്റി ഭ്രമണംചെയ്ത കാലചക്രത്തെ ഒരു ശിലാസ്പർശം കൊണ്ട് തിരുത്തിയ മഹിതാത്മാവിന്റെ സാന്നിദ്ധ്യം ഒരുപാടുതവണ നുകർന്ന മണ്ണാണിത്. മഹാസമാധിദിനത്തിൽ എസ്. എൻ. ഡി. പി യോഗം അമ്പലപ്പുഴ യൂണിയൻ ഏല്പിച്ച സമാധിദിന സന്ദേശ പ്രഭാഷണം എന്ന ദൗത്യവുമായി കിടങ്ങാംപറമ്പ് ക്ഷേത്രമൈതാനത്ത് നില്ക്കുമ്പോൾ അതുകൊണ്ടുതന്നെ ആ നന്ദികേടിന്റെ കഥയാണ് പറയാൻ തോന്നിയതും. ബ്രിട്ടീഷുകാരും മാടമ്പിമാരും കൈയാളിയിരുന്ന ആലപ്പുഴയിലെ കയർ തൊഴിലാളികളുടെ മാനാഭിമാനങ്ങൾക്കായി നടത്തിയ ചോരമണക്കുന്ന പോരാട്ടങ്ങളുടെ ചരിത്രം ഒരുപാടുതവണ കേട്ടവരാണ് നമ്മൾ. വീരസമരങ്ങളുടെ ചരിത്രം രചിച്ചവർ മറവിയുടെ പാതാളത്തിലേക്ക് ചവിട്ടിയൊതുക്കിയ ആദ്യത്തെ തൊഴിലാളി വിപ്ളവത്തിന്റെ കഥയാണ് കിടങ്ങാംപറമ്പിലെ ഈ ദേവഭൂമി ഇന്ന് നമ്മെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നത്. ആലപ്പുഴയിലെ ഡറാസ് മെയിൽ കയർ കമ്പനിയിൽ പീഡനങ്ങളേറ്റുവാങ്ങി ജീവിച്ച ഒരുകൂട്ടം തൊഴിലാളികളെ പ്രതിനിധീകരിച്ച് 1922 മാർച്ച് 22ന് കിടങ്ങാംപറമ്പ് ദേവീക്ഷേത്രമുറ്റത്ത് ശ്രീനാരായണഗുരുദേവനെക്കണ്ട് സങ്കടമുണർത്തിക്കാനെത്തിയ കൃശഗാത്രനാണ് കേരളചരിത്രം രേഖപ്പെടുത്താതെപോയ ആദ്യത്തെ തൊഴിലാളി നേതാവ്. പേര് വാടപ്പുറം പി. കെ. ബാവ. കയർഫാക്ടറികളിൽ തങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾ പറഞ്ഞ് അന്ന് ഗുരുസമക്ഷം ഒരുപാടുനേരമിരുന്നു കരഞ്ഞ ബാവയെ ആ മഹാനുഭാവൻ ആശ്വസിപ്പിച്ചു. "തൊഴിലാളികളുടെ രക്ഷയ്ക്കായി ഒരു സംഘടന ഉണ്ടാക്കുക. അതിലൂടെ ശക്തരായി അവർ സ്വതന്ത്രരാവട്ടെ." എന്ന് ഗുരു മൊഴിഞ്ഞു. ആ മൊഴിമുത്തുകൾ നെഞ്ചോടുചേർത്തുവച്ച് പിറ്റേന്ന് ബാവ തന്റെ സഹതൊഴിലാളികളോടുപറഞ്ഞു, "കാലത്തിനെ നയിക്കുന്ന ചേതനാശക്തിയിൽ നിന്ന് എനിക്കൊരു വാക്കുറപ്പ് കിട്ടിയിരിക്കുന്നു. അതിനാൽ നിങ്ങൾ എന്നോടൊപ്പംവരിക. അവകാശങ്ങൾ നേടിയെടുക്കാൻ ഞാൻ നിങ്ങളെ സഹായിക്കാം. നമുക്ക് വഴികാട്ടിയായി ഗുരുദേവനുണ്ട്." ശ്രീനാരായണ ഗുരു എന്ന നാമത്തിന്റെ കാന്തികശക്തിയിൽ അവർ സായിപ്പിന്റെ അച്ചടക്കനടപടികളെ അവഗണിച്ചുകൊണ്ട് ബാവയ്ക്കു പിന്നിൽ അണിചേർന്നു. അങ്ങനെ 1922 മാർച്ച് 31ന് തിരുവിതാംകൂറിലെ ആദ്യത്തെ തൊഴിലാളി പ്രസ്ഥാനമായ തിരുവിതാംകൂർ ലേബർ അസോസിയേഷൻ പിറന്നു. തന്റെ ദേശാന്തര യാത്രകൾക്കിടെ ഗുരുദേവൻ അന്നേദിവസം വീണ്ടും കിടങ്ങാംപറമ്പിൽ എത്തിയിരുന്നു. അതറിഞ്ഞ് ബാവ വീണ്ടും ആ സമക്ഷത്തിലേക്ക് ഓടിയണഞ്ഞു. "ഇനി തൊഴിലാളികൾ ഭരിക്കുന്ന കാലമാണ് വരാൻ പോകുന്നത്. ധൈര്യമായി മുന്നോട്ടുപോവുക" എന്നരുളിക്കൊണ്ട് ഗുരു ഒരു വെള്ളിനാണയം ബാവയുടെ കൈവെള്ളയിൽ വച്ചുകൊടുത്തു. ആ വെള്ളിനാണയത്തിൽനിന്ന് കെട്ടിപ്പടുത്തതാണ് കേരളത്തിലെ തൊഴിലാളി സമൂഹത്തിന്റെ സമരചരിത്രം. ഗുരുവിന്റെ ആഹ്വാനപ്രകാരം തൊഴിലാളി എന്ന പത്രം, തുടർവിദ്യാഭ്യാസ സൗകര്യം, മെഡിക്കൽക്യാമ്പ്, റിക്രിയേഷൻ ക്ളബ് എന്നിവ രൂപീകരിക്കപ്പെട്ടു. യൂണിയന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് തന്റെ സന്ദേശവുമായി ഗുരുദേവൻ ശിഷ്യനായ സത്യവ്രതസ്വാമിയെ അയച്ചു. അടുത്ത ഒരു ദശാബ്ദക്കാലം അതൊരു ആവേശമായിരുന്നു. അന്നുവരെ അടിമപ്പണി ചെയ്തുകഴിഞ്ഞവർ തങ്ങളും മാനുഷികാവകാശങ്ങൾ ഉള്ളവരാണെന്ന് അറിഞ്ഞുതുടങ്ങിയ നാളുകൾ. പി. കൃഷ്ണപിളള, ആർ. സുഗതൻ, ടി.വി. തോമസ് എന്നിങ്ങനെ കേരളത്തിന്റെ വിപ്ളവസ്മരണകളിൽ ഒളിമങ്ങാതെ നിൽക്കുന്ന പേരുകൾ ആ വെള്ളിനാണയത്തിന്റെ പ്രഭയിൽ തുടങ്ങിയ തൊഴിലാളി സംഘടനയിൽനിന്ന് ഉയർന്നുവന്നതാണ്. എന്നാൽ വൈദേശിക തത്വശാസ്ത്രത്തിന്റെ കൈപിടിക്കാൻ ഗുരുദർശനത്തെ കൈവെടിഞ്ഞവർ പിൽക്കാലത്ത് ആദ്യനേതാവിനെ തള്ളിപ്പറഞ്ഞു. എഴുതിവയ്ക്കപ്പെട്ട ചുവപ്പൻ ചരിത്രകഥകളിൽ ആ വെള്ളിനാണയം പിന്നീടുവന്നവർക്ക് എടുക്കാച്ചരക്കായി. ഗുരുമൊഴികൾ സത്യമാക്കിക്കൊണ്ട് കേരളത്തിന്റെ സമസ്തമേഖലയിലും തൊഴിലാളി പ്രസ്ഥാനങ്ങൾ വളർന്നു. പലവട്ടം ഭരണത്തിലേറി. ലോക തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാലും ബാവ ഗുരുവിൽനിന്ന് വെള്ളിനാണയം വാങ്ങിയ 1922 മുതൽക്കിങ്ങോട്ടുള്ള വളർച്ച പ്രവചനാതീതമായിരുന്നു. വിവിധ കൊടക്കൂറകൾക്കു കീഴിലായെങ്കിലും ഇന്നും അജയ്യ ശക്തിയാണത്. എന്നാൽ അവയിൽ എത്രപേർക്കറിയാം തങ്ങളുടെ പിതൃഭൂമി ആലപ്പുഴയിലെ കിടങ്ങാംപറമ്പ് ദേവീക്ഷേത്രമുറ്റമാണെന്ന്? മലയാളി സമൂഹത്തിന്റെയും തമിഴ് , കന്നട ദേശങ്ങളുടെയും സാംസ്കാരിക നവോത്ഥാനത്തിൽ നേരിട്ട് ഇടപെട്ട ഗുരുദേവൻ തന്നെയാണ് തങ്ങളുടെ മാതൃസംഘടനയ്ക്ക് തുടക്കംകുറിച്ചതെന്ന് എത്രപേർ തിരിച്ചറിയുന്നുണ്ട്? അതുകൊണ്ടാണ് പഴയചരിത്രം പഠിച്ചറിഞ്ഞതു മുതൽ കിടങ്ങാംപറമ്പിനെക്കുറിച്ചോർക്കുമ്പോൾ ഒരു നന്ദികേടിന്റെ കഥ ഉള്ളിൽ തികട്ടുന്നുവെന്ന് പറഞ്ഞത്. തൊഴിലാളി സംഘടനകൾക്ക് ദിശാബോധം നഷ്ടപ്പെടുന്നുവെന്നും അവർ പ്രതിനിധാനം ചെയ്യുന്ന കക്ഷികളിൽ അന്തഛിദ്രം ശക്തമാകുന്നു എന്നും വിലാപമുയരുന്നത് കേൾക്കാറുണ്ട്. തങ്ങളെ രക്ഷിക്കാൻ ദൈവംപോലുമില്ലെന്ന് ഗുരുവിന്റെ പാദാരവിന്ദത്തിനരികിലിരുന്ന് പണ്ട് ബാവ ഒഴുക്കിയ കണ്ണീരിന്റെ പരിസരത്തുപോലും വരില്ല ഈ വിലാപങ്ങൾ എന്ന് ഓർക്കണം. പിതൃത്വം മറക്കുന്ന തലമുറയ്ക്ക് കാലുറപ്പുണ്ടാകുന്നില്ലെങ്കിൽ കാത്സ്യം ഗുളിക വാങ്ങിക്കഴിച്ചിട്ട് എന്തുകാര്യം? ഗുരുനിന്ദയുടെയും പ്രതിഷേധങ്ങളുടെയും കാലത്തിരുന്നുകൊണ്ട് നമ്മൾ ഭൂതകാലത്തിലേക്ക് എത്തിനോക്കുന്നത്, ഗുരുനിന്ദയുടെ പാഠങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് തിരിച്ചറിയാൻ വേണ്ടിയിട്ടാണ്. പന്തീരടിപൂജയും പണപ്പായസവുമുണ്ട് ശ്രീലകത്തരുളിയ ദേവതകൾപോലും കൈവിട്ടുകളഞ്ഞ ജനതയെ ജീവിതത്തിന്റെ ചെളിക്കുണ്ടിൽനിന്ന് കൈപിടിച്ചു കയറ്റിയ ഗുരുദേവനെ അവരുടെ പിൻതലമുറ ദൈവത്തേക്കാൾ ഉന്നതനായിക്കണ്ട് ഭജിക്കുന്നുവെങ്കിൽ അത് പരമ്പരയായി കൈമാറിവരുന്ന കലർപ്പില്ലാത്ത പിതൃഗുണത്തിന്റെ മഹിമയായി കണ്ടാൽമതി. നൂറല്ല ആയിരം വർഷം കഴിഞ്ഞാലും കേരളത്തിന്റെ മക്കൾ ഗുരുചിന്ത വെടിയുമെന്ന് കരുതുന്നത് ശുദ്ധ ഭോഷ്കാണ്. ഗുരുവിനു പകരം തങ്ങളുടെ തൊങ്ങലുപിടിപ്പിച്ച ചരിത്രപുരുഷന്മാരിലാരെയെങ്കിലും മലയാളമണ്ണിന്റെ പിതൃസ്ഥാനത്ത് പ്രതിഷ്ഠിക്കാമെന്ന് വ്യാമോഹിച്ച് ഹതാശരായവരുടെ ഓരിയിടലുകളായി കണ്ടാൽമതി അത്തരം ജല്പനങ്ങളെ. ഗുരുവിനെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കാനും അടുത്ത തലമുറയ്ക്ക് അത് വിശുദ്ധിയോടെ കൈമാറാനും സ്വയം പ്രതിഞ്ജാബദ്ധരാകുക എന്നതാണ് ഗുരുവിനെ നിന്ദിക്കുന്നവർക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല മറുപടി. "സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും" എന്ന് പാടിയ കവിയുടെ ജന്മനാട്ടിൽ നിന്നുകൊണ്ട് കേരളത്തിന്റെ ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, "സ്നേഹിക്കയില്ല ഞാൻ എന്റെ ഗുരുദേവനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും" എന്ന് ഉറക്കെപ്പാടാനാണ് മനസ് മന്ത്രിച്ചത്. |
Monday, 24 September 2012
സാർത്ഥവാഹക സംഘങ്ങൾ മുന്നോട്ടുതന്നെ ലീഡ്
കൊല്ലം കോട്ടാത്തലയിൽ ഒരു ഉൾപ്രദേശത്ത് യാത്രചെയ്യുമ്പോഴാണ് പഴയകാലത്തിന്റെ അവശേഷിപ്പുപോലുളള ആ കാഴ്ച കണ്ടത്.
നാൽക്കവലയിലെ ഒരു ചെറിയകടയിലേക്ക് ചാക്കുകെട്ടിൽ പൊതിഞ്ഞ കപ്പയും ചുമന്നുകൊണ്ട് ഒരു മദ്ധ്യവയസ്കൻ വരുന്നു. കച്ചവടക്കാരൻ അത് തൂക്കിനോക്കി പണം നൽകി. അദ്ധ്വാനത്തിന്റെ ഫലം കൈലിമുണ്ടിന്റെ മടക്കിൽ തിരുകി മദ്ധ്യവയസ്കൻ മറഞ്ഞു. അല്പം കഴിഞ്ഞ് മറ്റൊരാൾ തോളിൽതാങ്ങി ഒരു വാഴക്കുല വില്ക്കാൻ വരുന്നു. മനസിലാകെ പഴമയുടെ സുഖമുള്ള ഗന്ധം നിറയുന്നതുപോലെ.
തൊടിയിലും പറമ്പിലും നട്ടുനനച്ചുണ്ടാക്കിയത് അവനവന്റെ ആവശ്യത്തിന് എടുത്തശേഷം ബാക്കി ക്രയവിക്രയം ചെയ്യുന്ന ഈ രീതിക്ക് ഗോത്രകാലത്തോളം പഴക്കമുണ്ട്. വർഷങ്ങളായി നഗരത്തിൽ ജീവിക്കുന്നതുകൊണ്ട് ഈ കാഴ്ചയൊക്കെ ഓർമ്മയുടെ മണ്ഡലത്തിൽ നിന്ന് എന്നേ മാഞ്ഞുതുടങ്ങിയിരുന്നു.
പ്രാചീന കേരളത്തിലെ മരുതം നിവാസികൾ നെല്ലും കുറിഞ്ഞി നിവാസികൾ തിനയും മുളയരിയും മുല്ലൈ നിവാസികൾ പാലും പാൽ ഉത്പന്നങ്ങളും നൈതൽ നിവാസികൾ മത്സ്യവും പരസ്പരം കൈമാറിയിരുന്നു. ബാർട്ടർ സമ്പ്രദായം എന്ന് ചരിത്രപുസ്തകത്തിൽ പഠിച്ചിട്ടുള്ള ഈ രീതിയിലേക്ക് മദ്ധ്യവർത്തിയായി പിന്നീട് പണം കടന്നുവന്നു.
ആ ഗ്രാമീണദൃശ്യത്തിലേക്ക് വീണ്ടും മനസിനെ കടത്തിവിട്ടു. ഒരാൾക്ക് വിൽക്കാനുളളത് കപ്പയാണ്. മറ്റൊരാൾക്ക് പഴവും. കപ്പ വിറ്റയാൾ വന്ന് പഴം വാങ്ങിയേക്കാം. പഴം വിറ്റയാൾ വന്ന് കപ്പയും. ഈ ആഹാര വസ്തുക്കളെക്കുറിച്ച് അവർ ഇരുവർക്കും ആശങ്കകളേയില്ല. കാരണം അവ വിളഞ്ഞത് അവരുടെയൊക്കെ കൺമുന്നിലാണ്.
തിരികെ തലസ്ഥാനത്തെത്തി ചാലയിലെ പച്ചക്കറിച്ചന്തവഴി നടന്നു. ലോറികളിൽ അന്യസംസ്ഥാനത്തുനിന്ന് ലോഡുകണക്കിന് പഴവും പച്ചക്കറികളും കപ്പയും ഒക്കെ വന്നുമറിയുന്നു. തിരക്കിട്ട് പായുന്ന ജനം മുൻപിൻ നോക്കാതെ വാങ്ങിക്കൊണ്ട് ഓട്ടം തുടരുന്നു. ഗ്രാമത്തിൽ കണ്ട ദൃശ്യത്തിൽനിന്ന് നേർവിപരീതമാണ് നഗരക്കാഴ്ച. ഇത്ര തിടുക്കമില്ലായിരുന്നു അവിടെകണ്ട ക്രയവിക്രയത്തിന്. അതിൽ നന്മയുടെ ജലസ്പർശം ഉണ്ടായിരുന്നു. പ്രഭാതത്തിൽ കപ്പയുടെ മൂടുമാന്തിയപ്പോൾ അതിന്റെ ഇലകളിൽ പറ്റിയിരുന്ന മഞ്ഞിൻതുള്ളികൾ ആ കർഷക ദേഹത്തെ മാത്രമല്ല മനസിനെയും കുളിർപ്പിച്ചിരിക്കാം. കപ്പ വാങ്ങി കഴിക്കുന്നവരിലേക്ക് ആ കുളിര് അദൃശ്യമായി പടർന്നൊഴുകും. സംസ്കാരത്തനിമ ആഹാരത്തിലൂടെ പ്രചരിക്കപ്പെടുന്നു.
ഷോപ്പിംഗ് മാളിലെ ശീതികരിച്ച ഔട്ട് ലെറ്റിലേക്കാണ് പിന്നെ കടന്നുചെന്നത്. കൃത്രിമത്തണുപ്പിന്റെ അവിഞ്ഞ ഗന്ധം. പലനിറങ്ങളിലുള്ള പായ്ക്കറ്റുകളിൽ കാണുന്ന സാധനങ്ങൾ മിനിസ്ക്രീനിൽ പരസ്യവാചകങ്ങളിലൂടെ പരിചയമുള്ളവയാണ്. പച്ചക്കറിയും പഴവുമൊക്കെ ആകർഷകമായി പായ്ക്കറ്റുകളിൽ അടുക്കി വച്ചിരിക്കുന്നു. വീൽ ഘടിപ്പിച്ച ബാസ്കറ്റുമായി കറങ്ങിനടന്ന് വാങ്ങിക്കൂട്ടുകയാണ് കസ്റ്റമേഴ്സ്.
ഗ്രാമത്തിൽകണ്ടത് അസ്തമിക്കുന്ന കാലത്തിന്റെ കാഴ്ച. രണ്ടാമത്തേത് മാറുന്ന കാലത്തിന്റേത്. മൂന്നാമത്തേത് മാറിയ കാലത്തിന്റെയും. രണ്ടാമത്തെ കാഴ്ചയിൽ പച്ചക്കറി വന്നത് അന്യസംസ്ഥാനത്തു നിന്നാണെന്നും നമുക്കറിയാം. അവിടത്തെ കീടനാശിനി പ്രയോഗവും ഇപ്പോൾ ബോദ്ധ്യമായിട്ടുണ്ട്. ഉൾഭയത്തോടെയാണെങ്കിലും മറ്റു നിവൃത്തിയില്ലാത്തതിനാൽ നാം വാങ്ങിക്കഴിക്കുന്നു. ശീതീകരിച്ച ഔട്ട്ലെറ്റിൽ സിനിമാനടിയെപ്പോലെ ഗ്ളാമർലുക്കുമായി ഇരിക്കുന്ന ഉത്പന്നങ്ങൾ എവിടെനിന്നു വന്നു എന്നുപോലും വാങ്ങുന്നവർക്ക് അറിയില്ല. പുറംമോടികണ്ട് വാങ്ങുകയാണ്. വേറെ നിവൃത്തിയല്ലാഞ്ഞിട്ടല്ല, അതൊരു സ്റ്റാറ്റസ് സിംബലായിക്കഴിഞ്ഞു. വിദേശകുത്തകകൾക്ക് മാർക്കറ്റ് തുറന്നിട്ടുകൊടുക്കുന്നതിലൂടെ ഇനിയുളള കാലം ഗ്രാമങ്ങളിലുള്ളവർക്കും ഈ സ്റ്റാറ്റസ് സിംബലിന്റെ ഭാഗമായി മാറാമെന്ന് നമ്മുടെ ഭരണവർഗം ഉറപ്പു നൽകുകയാണിപ്പോൾ. വാങ്ങാനും വില്ക്കാനും വന്നവർ കൈയാളിയെടുത്ത രാഷ്ട്രീയ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാൻ ഒരുപാട് ജീവനുകൾ ബലികൊടുക്കേണ്ടിവന്ന നാടാണിത്. അതൊക്കെ ഓർമ്മയുടെ മണ്ഡലത്തിൽ മാഞ്ഞുപോകാനുള്ള കാലമായിട്ടില്ല. എന്നിട്ടും ബഹുരാഷ്ട്റ കുത്തകകൾക്ക് രാജ്യത്തെ വില്പനയ്ക്ക് വച്ചുകൊണ്ട് സാമ്പത്തികഘടന മെച്ചപ്പെടുത്താനാണ് നമ്മുടെ ശ്രമം. മുംബയ് മഹാനഗരത്തിലെ സ്റ്റോക് എക്സ്ചേഞ്ചിനു മുകളിലാണ് ഇപ്പോൾ സാമ്പത്തികഘടന മിന്നിമറയുന്നത്. ജാതിഭേദമില്ലാതെ പട്ടിണി അനുഭവിക്കുന്ന ആധുനിക ഇന്ത്യക്കാരന്റെ ആമാശത്തിലെ ദഹനരസത്തിലാണ് സമ്പദ് വ്യവസ്ഥയുടെ യഥാർത്ഥ ഗ്രാഫ് കാണാൻ സാധിക്കുകയെന്ന് എന്നാണ് ബോദ്ധ്യപ്പെടുക?
വ്യവസായംകൊണ്ടും വ്യാപാരംകൊണ്ടും അഭിവൃദ്ധിപ്പെടാൻ ഗുരുദേവൻ അരുൾചെയ്തു. ശിവഗിരിയിൽ ഒരു ഫ്രീ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന്റെ പ്ളാൻ വരെ ഗുരു തന്റെ ശിഷ്യരെക്കൊണ്ട് തയ്യാറാക്കിച്ചിരുന്നു. വ്യവസായങ്ങളും കൈത്തൊഴിലും വിദഗ്‌ദ്ധമായി പരിശീലിപ്പിക്കുക. കൃഷി പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യം. ദേശത്തിന്റെ ഭൂപ്രകൃതിയും സാഹചര്യങ്ങളും അനുസരിച്ച് പ്രകൃതിസമ്പത്തു നശിപ്പിക്കാതെ മിതമായി ഉപയോഗിച്ചുകൊണ്ടുളള വളർച്ചയാണ് ഗുരുദേവൻ വിഭാവനം ചെയ്തത്. കൈയും കണക്കുമില്ലാതെ വൻകിട ഇടപാടുകൾ നടത്തി വൻതുകകൾ ഉണ്ടാക്കുന്ന ഇന്നത്തെ രീതി ഗുരുവിന്റെ നിലപാടുകൾക്ക് കടകവിരുദ്ധമാണ്. മിതമായി ഉപയോഗിച്ചാൽ ആർക്കും കുഴപ്പമില്ലാതെ മുന്നോട്ടുകൊണ്ടുപോകാവുന്ന പ്രകൃതിവിഭവങ്ങളും സാമ്പത്തിക സ്രോതസുമുള്ള രാജ്യമാണ് ഇന്ത്യ. കമ്മിഷൻ ഇടപാടുകളിലൂടെ സ്വജനങ്ങളും ഭരണകൂടവും നടത്തുന്ന മിസ് മാനേജ്മെന്റാണ് സാമ്പത്തിക അസമത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും നിരക്ക് വർദ്ധിപ്പിക്കുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകമാണ് ഇല്ലാതെ പോകുന്നത്. ജീവിതത്തെ വ്യക്തമായ കാഴ്ചപ്പാടോടെ വീക്ഷിക്കാനും സ്വതന്ത്രമായ നിഗമനങ്ങളിൽ എത്താനുമുള്ള വിദ്യാഭ്യാസം നൽകണം എന്ന് ഗുരുദേവൻ പറഞ്ഞത് ഉൾക്കൊളളാൻ കഴിയാതെ പോയതുകൊണ്ടാണ് രാജ്യത്തെ അടിമത്തത്തിലേക്ക് വഴിനടത്തുന്ന സർക്കാരുകളും പ്രതികരണശേഷി നഷ്ടപ്പെടുന്ന തലമുറയും ഇവിടെ ഉണ്ടാകുന്നത്.
ശുദ്ധീകരണത്തിന്റെ ചുവടുവയ്‌പ് എവിടെത്തുടങ്ങണം എന്ന സംശയവുമായി ഗുരുദേവനെ ധ്യാനിച്ച് ശിവഗിരിയിലെ മഹാസമാധിമന്ദിരത്തിന് പ്രദക്ഷിണം പൂർത്തിയാക്കിയിട്ടും പ്രത്യേകിച്ച് ഒരു ഉത്തരവും കിട്ടാത്തതിന്റെ നിരാശയോടെയാണ് കുന്നിറങ്ങിയത്.
പുറത്തേക്കിറങ്ങുമ്പോൾ ഒരു ചെറു ബോർഡുകണ്ടു. 'കപ്പ വില്ക്കപ്പെടും'. മാർക്കറ്റ് വിലയേക്കാൾ തുച്ഛമായ ഒരു തുകയും ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷിച്ചപ്പോൾ അത് ട്രസ്റ്റ് പ്രസിഡന്റ് പ്രകാശാനന്ദ സ്വാമി വച്ചതാണെന്നറിഞ്ഞു. ആശ്രമംവക സ്ഥലത്ത് അദ്ദേഹവും സന്യാസിമാരും നട്ടുനനച്ചു വളർത്തിയതിന്റെ ഒരു ഭാഗമാണ് മിതമായ വിലയ്ക്ക് വിൽക്കുന്നത്. കോട്ടാത്തലയിലെ ഗ്രാമീണദൃശ്യം അവിടെ പുനഃസൃഷ്ടിക്കപ്പെട്ടതുപോലെ തോന്നി. നിശബ്ദമായ ഒരു സമരംപോലെയുണ്ടിത്. ആരെയും പ്രകോപിപ്പിക്കാത്ത പദചലനങ്ങളിലൂടെ അതിശക്തമായ സമാന്തരസാമൂഹ്യവ്യവസ്ഥിതി കെട്ടിപ്പടുത്തുകൊണ്ടായിരുന്നല്ലോ ഗുരുദേവൻ കാലഘട്ടത്തെ തിരുത്തിയത്. അങ്ങനെയൊരു വിപ്ളവബോധം ഒന്നുകൂടി ഉളളിൽ ഊതിയുണർത്തേണ്ടിയിരിക്കുന്നുവെന്ന് ഗുരു മൊഴിയുന്നതുപോലെ തോന്നി.
Tuesday, 18 September 2012
krishnanatam: മഹാസമാധിദിനത്തിൽ ഒരു മഹാപ്രതിജ്ഞ ചെയ്യാം
krishnanatam: മഹാസമാധിദിനത്തിൽ ഒരു മഹാപ്രതിജ്ഞ ചെയ്യാം: സജീവ് കൃഷ്ണൻ തപാൽഓഫീസിൽ നിന്ന് സ്റ്റാമ്പ് വാങ്ങി പുറത്തേക്കിറങ്ങുമ്പോൾ ഒരു പിൻവിളി. "ഈ വിലാസം ഒന്ന് കവ...
മഹാസമാധിദിനത്തിൽ ഒരു മഹാപ്രതിജ്ഞ ചെയ്യാം
|
|
|
സജീവ് കൃഷ്ണൻ തപാൽഓഫീസിൽ നിന്ന് സ്റ്റാമ്പ് വാങ്ങി പുറത്തേക്കിറങ്ങുമ്പോൾ ഒരു പിൻവിളി. "ഈ വിലാസം ഒന്ന് കവറിൽ എഴുതിത്തരുമോ?" അറുപതുകഴിഞ്ഞ ഒരു വീട്ടമ്മയാണ്. ജരാനരകൾ ആധിപത്യം ഉറപ്പിച്ച മുഖത്ത് ദീനത നിഴൽവിരിച്ചുനില്പുണ്ട്. അബുദാബിയിലെ ഒരു ബിസിനസ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഒരാളുടെ വിലാസമാണത്. കത്ത് ആർക്കാണെന്ന് അന്വേഷിച്ചു. സഹോദരനുളളതാണത്രേ. ബിരുദംനേടി അലഞ്ഞുനടക്കുന്ന തന്റെ മകനെ ഒന്നു കരകടത്തണം എന്ന പ്രാർത്ഥനയാണ് അതിലെ വരികൾ. അവരുടെ മുന്നിൽ ഏകരക്ഷകൻ ഗൾഫിലുളള സഹോദരനാണ്. വിശ്രമത്തിന്റെ സ്വസ്തി അറിയേണ്ട പ്രായത്തിൽ മൂന്നുനാലു വയറുകൾ പൊരിയാതെ കാക്കേണ്ട ഉത്തരവാദിത്വം ആ അമ്മയെ ആരുടെ കാലുപിടിക്കാനും നിർബന്ധിക്കുന്നു. വിലാസം എഴുതി കത്ത് പെട്ടിയിലിട്ടുകൊടുത്തു. ഒന്നു ചിരിക്കാൻ അവർ ശ്രമിച്ചു. പക്ഷേ, സങ്കടങ്ങൾ ആ മുഖപേശികളെ ചിരിക്കാൻ അനുവദിക്കാതെ പിന്നോട്ടുവലിക്കുകയാണ്. "നന്നായി പ്രാർത്ഥിച്ചാൽ മതി ഒക്കെ ശരിയാകും." എന്നുപറയാനാണ് തോന്നിയത്. തിരികെഓഫീസിലേക്ക് നടക്കുമ്പോൾ ആലോചിച്ചു. മനുഷ്യൻ എന്നു മുതൽക്കാണ് അവന്റെ ആവശ്യങ്ങൾക്ക് ദൈവത്തെ ആശ്രയിച്ചു തുടങ്ങിയത്. ഋഗ്വേദംഎഴുതപ്പെടുന്നതിനുമുമ്പുളള കാലത്ത് മനുഷ്യനുമേൽ പ്രകൃതി അതിന്റെ കഠിനപരീക്ഷകൾ നടത്തിയിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്. അഗ്നി പർവത സ്ഫോടനവും ഭൂകമ്പവും വെള്ളപ്പൊക്കവും കഠിനവരൾച്ചയും ഇടിമിന്നലും ഹിസ്രജന്തുക്കളും ജീവനെടുക്കാൻ വരുന്നത് അവനെ പേടിപ്പെടുത്തി. ഇവയെ എല്ലാം നേരിടാനുള്ള കരുത്തില്ലാതെ തോറ്റടിയുന്നിടത്താണ് പ്രാർത്ഥന എന്ന ആശയം ഉടലെടുത്തത്. ഈ ശക്തികളെ പ്രാർത്ഥനകൊണ്ട് തങ്ങൾക്ക് അനുകൂലമാക്കാനായി ശ്രമം. ഋഗ്വേദത്തിലെ പല മന്ത്രങ്ങളുടെയും അടിസ്ഥാനം ഇതാണെന്ന് ചരിത്രഗവേഷകർ പറയുന്നു. സുഖം, ദുഃഖം, ധർമ്മം, അധർമ്മം, വെളിച്ചം, ഇരുട്ട്, ജനനം, മരണം എന്നിങ്ങനെ വിരുദ്ധാനുഭവങ്ങൾ ബോധമണ്ഡലത്തെ അലട്ടിത്തുടങ്ങിയപ്പോഴാണ് മനുഷ്യൻ ജീവിതത്തിന്റെ പൊരുൾ അന്വേഷിച്ചു തുടങ്ങിയത്. അതായിരിക്കണം ദൈവത്തെ അന്വേഷിച്ചുളള യാത്രയുടെ ആരംഭം. വേദങ്ങൾ അതിനുളള മാർഗങ്ങൾ ചിട്ടപ്പെടുത്തി. പ്രവാചകർ അതിന് അവരുടേതായ വ്യാഖ്യാനങ്ങൾ നൽകി. അവ അവരുടെ മതങ്ങൾ അഥവാ അഭിപ്രായങ്ങൾ എന്ന നിലയിൽ പ്രചരിച്ചു. അവരെ പിന്തുടർന്നവർ വ്യത്യസ്ത മതങ്ങൾ ഉണ്ടാക്കി. ഓരോന്നിനും വ്യത്യസ്തമെന്നുതോന്നുന്ന ആരാധനാരീതികൾ ഉണ്ടായി. അത് ആ മതപ്രവാചകൻ ജനിച്ചതും ജീവിച്ചതുമായ നാടിന്റെ പൊതുരീതികളോടും സംസ്കാരത്തോടും പൊരുത്തപ്പെട്ടുനിന്നു. യാത്രാസൗകര്യങ്ങൾ വന്നതോടെ അവയുടെ പ്രചാരകർ കടൽകടന്നും മലകൾ താണ്ടിയും മതപ്രചാരണം നടത്തി. നിലവിൽ ഉള്ളതിനേക്കാൾ ശ്രേഷ്ഠമാണ് തങ്ങളുടെ ഈശ്വരാരാധനാരീതിയെന്ന് ബോധ്യപ്പെടുത്താൻ അവർ സ്വമതങ്ങളുടെ ആചാരത്തനിമയെ അതേപടി നിലനിറുത്താൻ ശ്രമിച്ചു. അതിന്റെ ചട്ടക്കൂട് സംരക്ഷിക്കാൻ ആത്മീയമായ വളർച്ചയെക്കാൾ ഭൗതികമായ അധികാരം നേടിയെടുക്കാനാണ് അവരെല്ലാംതന്നെ ശ്രമിച്ചത്. അങ്ങനെ സംഭവിക്കുകയും ചെയ്തു. ആദിയിൽ ഏത് സത്യം തേടിയാണോ അന്വേഷണം തുടങ്ങിയത്, അതിന്റെ പാതയിൽനിന്ന് വ്യതിചലിച്ച് സുഖം, ദുഃഖം, ധർമ്മം, അധർമ്മം, വെളിച്ചം, ഇരുട്ട്, ജനനം, മരണം എന്നിങ്ങനെ വിരുദ്ധാനുഭവങ്ങളിലേക്ക് തന്നെ മതങ്ങൾ മനുഷ്യനെ തിരിച്ചെത്തിച്ചു. വൈകിട്ട്കുന്നുംപാറയിലെ സുബ്രഹ്മണ്യനെ വന്ദിച്ച് ഗുരുമന്ദിരത്തിനരികിലിരിക്കുമ്പോഴും രാവിലെ തപാൽ ഓഫീസിൽ കണ്ട അമ്മയുടെ രൂപമായിരുന്നു മനസിൽ. അവരുടെ സങ്കടങ്ങളെക്കുറിച്ച് ആലോചിച്ചു. മകന്റെ ജോലി. അതു ശരിയായാലോ? ഇഷ്ടഭക്ഷണം, നല്ല വീട്, പെൺമക്കളുടെ വിവാഹം, മകന്റെ വിവാഹം, കുട്ടികൾ... ഒടുവിൽ അവർ തിരിഞ്ഞുനോക്കിയില്ലെങ്കിൽ അതിന്റെ ദുഃഖം... അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. ചിന്തകൾക്ക്ചക്രവാളത്തിൽ ചുവന്നുകൂടുന്ന മേഘക്കൂട്ടങ്ങളുമായി രൂപസാമ്യം തോന്നി. ആഴക്കടലിൽ ഒരു കപ്പൽ കരതേടിപ്പോകുന്നത് കാഴ്ചയിലുടക്കുന്നു. അപ്പോൾ, "നാവികൻനീ ഭവാബ്ധിക്കൊ- രാവിവൻതോണി നിൻപദം." എന്ന വരികൾ ഉളളിലൂറുന്നു. രാവ് കണ്ട് വെമ്പൽപൂണ്ട പക്ഷിയെപ്പോലെ സംശയങ്ങൾ ഉത്തരംതേടി അതാ ദൈവദശകത്തിലേക്ക് ചേക്കേറാനെന്നപോലെ പറന്നടുക്കുന്നു. മനുഷ്യൻഇന്നേവരെ ദൈവത്തെക്കുറിച്ച് അവതരിപ്പിച്ച വിഭിന്ന സിദ്ധാന്തങ്ങൾ, വിഭിന്ന മതങ്ങൾ പ്രചരിപ്പിച്ച സാധനകൾ, തത്വചിന്തകൾ എന്നിവ വിരൽചൂണ്ടിയ അതേ സാക്ഷാത്കാരം. അതെല്ലാം ഒട്ടും കലർപ്പില്ലാതെ, തികഞ്ഞ പരിശുദ്ധിയോടെ ഈ ചെറുകൃതിയിൽ സമന്വയിപ്പിക്കുമ്പോൾ മനുഷ്യന്റെ ഈ വിധ ദുഃഖങ്ങൾക്കെല്ലാം ഒരു സിദ്ധൗഷധമായിത്തീരട്ടെ ദൈവദശകം എന്ന് ഗുരുദേവൻ ദീർഘവീക്ഷണം ചെയ്തിരിക്കാം. ഏതുമതസ്ഥനും മതങ്ങളുടെ ചട്ടക്കൂട് പൊളിച്ചു പുറത്തുകടന്നവനും ഈശ്വരവിശ്വാസിക്കും അവിശ്വാസിക്കും ജീവിതസത്യത്തെ ബോധ്യമാക്കാൻ വേണ്ടതെല്ലാം ദൈവദശകം നൽകുന്നു. ബൃഹത്ഗ്രന്ഥങ്ങളിൽ സഹസ്രാബ്ദങ്ങൾകൊണ്ട് ജ്ഞാനികൾ ആയിരക്കണക്കിന് പേജുകളിൽ വിശദമാക്കാൻ ശ്രമിച്ച സത്യഭാഷ്യങ്ങൾ പത്തുപദ്യങ്ങളിൽ കുറുക്കിയെടുക്കാൻ തൃപ്പാദങ്ങൾ എത്രത്തോളം തപിച്ചിരിക്കാം എന്നാലോചിച്ചപ്പോൾ അറിയാതെ ഉള്ളുരുകിപ്പോയി. വേദാന്തത്തിന്റെ നാടെന്നൂറ്റംകൊളളുന്ന ഭാരതം വേദാന്തത്തിനു ഒരന്തമുണ്ടെങ്കിൽ അത് ദൈവദശകമാണെന്ന് തിരിച്ചറിയാൻ വല്ലാതെ വൈകുന്നു. മതേതരഭാരതത്തിന് ലോകംകേൾക്കെ ഉറക്കെപ്പാടാൻ ദൈവദശകത്തോളം യോഗ്യമായി മറ്റെന്താണുളളത്? ദൈവദശകം ദേശീയ പ്രാർത്ഥനാഗീതമാക്കാനുളള ശ്രമങ്ങൾ എങ്ങുമെത്താതെ പോവുകയാണ്. ദൈവദശകം വിവിധഭാഷകളിൽ പ്രചരിപ്പിക്കാനും തങ്ങളുടെ വിശ്വാസങ്ങളിൽനിന്ന് അന്യമല്ല ഇതെന്നും അതിനെ കൂടുതൽ ശുദ്ധീകരിക്കുന്ന പ്രാർത്ഥനയാണെന്നും ലോകത്തെ ബോദ്ധ്യപ്പെടുത്താനും നാം ബാദ്ധ്യസ്ഥരായിരിക്കുന്നു. ദൈവദശകത്തിന് ദേശീയതലത്തിൽ അംഗീകാരം നേടിക്കൊടുക്കാനുളള തപസ്യാ സമാനമായ ഒരു യത്നത്തിന് മഹാസമാധിദിനത്തിൽ നമുക്ക് തുടക്കം കുറിക്കാം. ദൈവദശകം സ്വയം ജീവിതപ്രാർത്ഥനയാക്കിക്കൊണ്ട് പ്രചരിപ്പിക്കുകയാണ് ശരിയായ മാർഗം. അത് നമ്മുടെ സ്വപ്രകൃതത്തിന്റെ ഭാഗമായാൽ ഉണ്ടാകുന്ന ആത്മബലം നിസാരമായിരിക്കില്ല. സത്യം തിരിച്ചറിയുന്നവർ പിന്നെ മതങ്ങളുടെയും ജാതികളുടെയും രാജ്യങ്ങളുടെയും വേലിക്കെട്ട് തകർത്ത് ദൈവദശകത്തിനുപിന്നിൽ ഈശ്വരസാക്ഷാത്കാരത്തിനായി അണിനിരക്കും. ആദിമമനുഷ്യൻ അന്വേഷിച്ചു തുടങ്ങിയ ദൈവം ആ ദിവസം മാനവർക്ക് പ്രത്യക്ഷാനുഭവമാകും |
Subscribe to:
Posts (Atom)


