പൂവിടുമ്പോള്‍
കണിക്കൊന്നയെപ്പോലെ,
ഇലമൂടി, ആകെയുലഞ്ഞ്
രാസപീയൂഷം നുകര്‍ന്നവളെ-
പ്പോലെ പൂവിടണം.
ഭൂമിയുടെ ഊഷരതയില്‍
ചൂടേറ്റ് വാടാതെ,
തളിര്‍ക്കണം.
ഇളംകാറ്റിനുപോലും
സ്നേഹസ്പര്‍ശമേകി,
നിറഞ്ഞ് പൊഴിയണം.
പൂവിടുമ്പോള്‍,
കണിക്കൊന്നയെപ്പോലെ,
മണം ചേര്‍ക്കാതെ,,
വര്‍ണ്ണംമാത്രം വാരിപ്പുതച്ച്,
കാമുക ഹൃദയം കവര്‍ന്നവളെ-
പ്പോലെ പൂവിടണം.
വേരുകളില്‍ തീ പടരുമ്പോള്‍,
അലറിവിളിക്കാതെ
നിറഞ്ഞ് ചിരിക്കണം.
പൂവിടുമ്പോള്‍,
കണിക്കൊന്നയെപ്പോലെ,
കണ്ണിന് കണിയായി,
കണ്ണന്റെ മേനിചേര്‍ന്ന്,
രാവിനെനോക്കി കൊതിച്ചവളെ
പ്പോലെ പൂവിടണം.
ഹെമിംഗ് വേയുടെ കിഴവന്‍
കടലില്‍ ഭാഗ്യം
പരീക്ഷിക്കുമ്പോള്‍
വേനലില്‍ തളിര്‍ക്കുന്ന
ഹൃദയംകാട്ടി
ധൈര്യം പകരണം.
പൂവിടുമ്പോള്‍
കണിക്കൊന്നയെപ്പോലെ,
വര്‍ഷ ഋതുവിനെകാത്ത്
വര്‍ഷമെത്തുംമുമ്പേ,
ഭൂമിയില്‍ പ്രണയം പെയ്യിച്ച-
വളായി പൂവിടണം.
വഴിതെറ്റി, നിഴല്‍പറ്റി ,
വഴിയോരത്ത്
തളര്‍ന്നണയുമ്പോള്‍
വെയിലിനെ തോല്പിച്ച
പൂങ്കുലകൊണ്ട്
തഴുകിയുറക്കണം.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പൊരു ദിവസമാണ് കുളത്തൂര്‍ സ്വദേശിയായ ബാലകൃഷ്ണനെ കാണുന്നത്. കേരളകൌമുദി ശ്രീനാരായണ ഡയറക്ടറിയുടെ നിര്‍മ്മാണ ജോലികളില്‍ മുഴുകിയിരിക്കുന്ന സമയം. "എനിക്ക് ഗുരുദേവനെക്കുറിച്ച് പറയാന്‍ ഒരു സ്വകാര്യ അനുഭവമുണ്ട്. അത് ദയവായി കേള്‍ക്കണം" എന്നായിരുന്നു ആവശ്യം. ഗുരു എന്നുച്ചരിക്കുമ്പോഴെല്ലാം ബാലകൃഷ്ണന്റെ കണ്ണുകളില്‍ മിന്നിമറയുന്ന തിളക്കമാണ് ആ അനുഭവകഥയിലേക്ക് ആകര്‍ഷിച്ചത്.
പട്ടാളത്തില്‍ ലീവ് കഴിഞ്ഞ് തിരികെപോകേണ്ടദിവസം ബാലകൃഷ്ണന്‍ ശിവഗിരിയില്‍ പോയി തൊഴുതു. പിന്നെ സ്റ്റേഷനില്‍വന്ന് മധുര ടെയ്രിനിന്റെ മൂന്നാമത്തെ കമ്പാര്‍ട്ടുമെന്റില്‍ കയറി ഇരിപ്പുറപ്പിച്ചു. ആ സമയം ഒരു ബാലന്‍ അങ്ങോട്ടുകടന്നുവന്ന് പെട്ടി കൈയിലെടുത്തു. " അണ്ണന്‍ വാ" എന്നു പറഞ്ഞ് അവന്‍ പുറത്തേക്കിറങ്ങി. ഇതേതു പയ്യന്‍? ആ തിരക്കിനിടെ വളരെ കഷ്ടപ്പെട്ടാണ് അവന്റെ പിന്നാലെ ഓടിയത്. അവന്‍ പെട്ടികൊണ്ടുപോയി പിന്നിലത്തെ ബോഗിയില്‍വച്ചിട്ട് കാത്തുനില്‍ക്കുകയാണ്. " ഇവിടെ സ്ഥലമുണ്ട് വലിയ തിരക്കുമില്ല." എന്നു പറഞ്ഞ് വച്ചുനീട്ടിയ പണംപോലും വാങ്ങാന്‍ നില്‍ക്കാതെ അവന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ മറഞ്ഞു. യാത്രയിലുടനീളം ആ പയ്യന്‍ മനസില്‍നിന്ന് മാഞ്ഞില്ല. ആരാണവന്‍? ഒരു പിടിയുമില്ല. രാത്രിയായി. വണ്ടി മധുരയില്‍ എത്താറായിട്ടുണ്ട്. പെട്ടെന്ന് അന്തരീക്ഷം മാറി. ഇടിയും മിന്നലും കോരിച്ചൊരിയുന്ന മഴയും. എന്തൊക്കെയോ ശബ്ദങ്ങള്‍. ട്രെയിന്‍ ആടി ഉലഞ്ഞ് നിന്നു. മഴയുടെ പെരുംകുത്തൊഴുക്കില്‍ എവിടെനിന്നോ അലര്‍ച്ചകള്‍ അവ്യക്തമായി കേള്‍ക്കാം. എന്തോ അപകടമാണ്. സാധനങ്ങള്‍ ഒന്നുമെടുക്കാതെ പുറത്തെ പെരുമഴയിലേക്ക് ഇറങ്ങി. ട്രെയിനിന്റെ മുന്നിലത്തെ മൂന്നുബോഗികള്‍ പാലത്തിനടിയിലേക്ക് മറിഞ്ഞു തുടങ്ങിയത്രേ. രക്ഷാപ്രവര്‍ത്തനത്തിന്റെ നിമിഷങ്ങളായിരുന്നു പിന്നെ. താന്‍ ആദ്യം കയറി ഇരുന്ന ബോഗി പാലത്തില്‍നിന്ന് താഴേക്ക് ഞാന്നുകിടക്കുന്നത് കണ്ടപ്പോള്‍ ബാലകൃഷ്ണനൊന്നു കിടുങ്ങി. ആ അജ്ഞാത ബാലന്‍ തന്നെ മരണമുഖത്തുനിന്ന് രക്ഷിക്കുകയായിരുന്നല്ലോ!... " അത് ഗുരുദേവന്‍ തന്നെയായിരുന്നു സാര്‍... എനിക്കുറപ്പാ.." എന്നു പറയുമ്പോള്‍ ബാലകൃഷ്ണന്‍ കണ്ണീരണിയുന്നു. ഇതൊരു ഒറ്റപ്പെട്ട അനുഭവമായിരുന്നില്ലെന്ന് കേരളത്തിന്റെ വിവിധ ഇടങ്ങളില്‍നിന്ന് പലരും അയച്ചുതന്ന അനുഭവക്കുറിപ്പുകള്‍ വ്യക്തമാക്കി. തലമുറകളായി പല കുടുംബങ്ങളും വ്യക്തികളും ഗുരുവിനെക്കുറിച്ച് ഇത്തരം ഊതിക്കാച്ചിയ പൊന്നുപോലുളള അനുഭവങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. അങ്ങനെയാണ് അവയില്‍ ചിലത് തിരഞ്ഞെടുത്ത് ഡയറക്ടറിയില്‍ 'അനുഭവത്തിലെ ഗുരു' എന്ന ഒരു അദ്ധ്യായം ഉണ്ടാക്കിയത്.
ഗുരുവിനെക്കുറിച്ച് പഠിക്കുന്നു എഴുതുന്നു എന്നൊക്കെ അറിയുമ്പോള്‍ വഴിയാത്രയ്ക്കിടെ പലതവണ ഒരു ചോദ്യം അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്; "ഗുരുവിനെ ദൈവമായിക്കണ്ട് ആരാധിക്കുന്നത് ശരിയാണോ?" അപ്പോഴെല്ലാം ബാലകൃഷ്ണന്റെ ആ വികാരനിര്‍ഭരമായ അനുഭവവിവരണമാണ് മനസ്സിലെത്തുക. അദ്ദേഹത്തെപ്പോലെ ആയിരങ്ങള്‍ ഗുരുവിനെ ഈശ്വരസ്ഥാനത്തുകണ്ട് ആരാധിക്കുന്നു. അത് സത്യമായി അനുഭവിക്കുന്നു. ഗുരുവിനെ വെറും മനുഷ്യനായി കാണുന്നവരും നിരവധിയാണ്. ഗുരുവിനെ ദേവനായികണ്ട് ആരാധിക്കുന്നവര്‍ക്ക് സംശയമില്ല. സാമൂഹ്യ പരിഷ്കര്‍ത്താവ് എന്നുകണക്കാക്കുന്നവര്‍ക്കും സംശയമില്ല. ഇതിനിടയ്ക്കുളളവര്‍ക്കാണ് സംശയം. ഗുരുവിനെ എങ്ങനെ സമീപിക്കണം എന്നറിയാതെ അവര്‍ സംശയഗ്രസ്ഥരായി അലയുന്നു. സംശയാലുക്കള്‍ക്ക് വിശ്വാസികളും അവിശ്വാസികളും പറയുന്ന വാദങ്ങളില്‍ ഓരോന്നിലും കാര്യമുണ്ടെന്ന് തോന്നും. ഗുരുവിന്റെ ചിത്രത്തിനുമുന്നില്‍ നമിക്കേണ്ടിവന്നാല്‍ "ഇത് വേണോ വേണ്ടയോ?" എന്ന സംശയമാകും അവരുടെ മനസ്സുമുഴുവന്‍. ഗര്‍ഭപാത്രത്തിലുറയ്ക്കാത്ത ഭ്രൂണംപോലെയാണ് ഈ അസ്ഥിര ചിന്തകള്‍.
ഗുരുവിനെ ദൈവമായി കാണാമോ എന്നു ചോദിക്കുന്നവരോടുളള മറുചോദ്യം ദൈവത്തെ ഇപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് കാണുന്നത് എന്നാണ്. ആവശ്യങ്ങള്‍ സാധിച്ചുതരുന്ന ഒരു കേന്ദ്രമായിട്ടാണോ അതോ ജീവിതത്തില്‍ നല്ലതും ചീത്തയും വേര്‍തിരിച്ചറിയാന്‍ ഉള്‍വെളിച്ചം നല്‍കുന്ന ശക്തിയായിട്ടാണോ? ചിലര്‍ക്ക് ഇതു രണ്ടുമാണ് ദൈവം. അങ്ങനെയെങ്കില്‍ താന്‍ സ്വയം ആരായിട്ടാണ് അനുഭവപ്പെടുന്നതെന്ന് അടുത്ത ചോദ്യം. ഉത്തരം ഒരു സ്വയം വിശകലനത്തിലേക്ക് വഴികാട്ടും. മനുഷ്യന്റെ ഏന്തെല്ലാം ഗുണങ്ങള്‍ തന്നില്‍ ഇപ്പോഴുണ്ട്. എന്തൊക്കെ അഭാവമുണ്ട്. അവ പരിഹരിക്കാന്‍ സ്വയം കഴിയുമോ? അതോ ഒരു ബാഹ്യസഹായം വേണ്ടിവരുമോ? എന്നിങ്ങനെപോകും ആ വിശകലനം. സ്വയം അറിയാനും നേര്‍വഴി തിരഞ്ഞെടുക്കാനും ബാഹ്യസഹായം വേണ്ടിവരുമെന്നു തോന്നിത്തുടങ്ങിയാല്‍ ഗുരുവിനെക്കുറിച്ച് പഠിക്കാന്‍ സമയമായി എന്നര്‍ത്ഥം. സഗുണോപാസനയില്‍നിന്നു തുടങ്ങി പരബ്രഹ്മസ്വരൂപത്തെ സാക്ഷാത്കരിച്ചറിഞ്ഞ ഗുരുവിന്റെ ജീവിതത്തെക്കുറിച്ച് ആ പാദങ്ങള്‍ പിന്തുടര്‍ന്ന് പഠിക്കണം. കൃതികളുടെ അന്തര്‍ധാര തേടണം. അതിന്റെ ഒരു ഘട്ടത്തില്‍ അത്ഭുതാദരംകൊണ്ട് അന്വേഷകന് ഗുരുസ്വരൂപത്തോട് അദമ്യമായ ഭക്തി ഉണ്ടാകാം. മുന്നോട്ടുനടക്കാന്‍ അതു നല്ലതാണ്.
ഗുരു ഈശ്വരവിശ്വാസി അല്ലായിരുന്നു എന്നുകാട്ടാന്‍ യുക്തിവാദികള്‍ എടുത്തുകാട്ടാറുളള അദ്ദേഹത്തിന്റെ യുക്തിചിന്തയെന്നത് ബ്രഹ്മസ്വരൂപത്തെ അറിഞ്ഞശേഷം ദൈവത്തിന്റെ നാമരൂപ സങ്കല്പങ്ങളോടുളള നിസംഗതയില്‍നിന്നുണ്ടായതാണെന്ന് ഒരു ഘട്ടത്തില്‍ തിരിച്ചറിയാം. രണ്ടാമത്തേത് ഗുരുവിനെ വലംവയ്ക്കുന്ന അത്ഭുതങ്ങളുടെ രഹസ്യമാണ്. അതൊരു യാത്രയുടെ ഭാഗമായ മായക്കാഴ്ചയാണ്. സത്യത്തെ തേടുന്നയാത്രയില്‍ ഇത്തരം മായക്കാഴ്ചകണ്ട് അവിടെത്തന്നെ നില്‍ക്കരുതെന്ന് ദൈവചിന്തനത്തില്‍ ഗുരു തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്്. സ്വാനുഭവഗീതി, തേവാരപ്പതികങ്കള്‍ എന്നീകൃതികളില്‍ ഗുരുവിന്റെ ഈ സത്യതീര്‍ത്ഥാടനം നമുക്ക് അനുഭവിച്ചറിയാം. ആരെങ്കിലും പറഞ്ഞുകേട്ടതുകൊണ്ടുമാത്രം അറിയാന്‍ കഴിയുന്നതല്ല ഗുരു എന്ന സത്യം. ഗുരു ആരെന്ന സംശയം തോന്നിത്തുടങ്ങിയാല്‍ അത് തേടി അറിയുക എന്നതാണ് ഏക മാര്‍ഗം. വിശ്വസിക്കുന്നവരെ മാത്രം പരിപാലിക്കുന്ന ദൈവം ശ്രീനാരായണഗുരുവിന്റെ അന്വേഷണത്തില്‍ അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞിട്ടില്ല. അവിശ്വാസികളും വിശ്വാസികളും അന്വേഷകരും അലസരും ആലംബഹീനരും അടങ്ങുന്ന ഈ ലോകത്തെ തനിക്കുവേണ്ടിയല്ലാതെ സൃഷ്ടിക്കുകയും നിലനിറുത്തുകയും ലയിപ്പിക്കുകയും ചെയ്യുന്ന ഏക ശക്തിയാണ് ദൈവം എന്നാണ് ഗുരുകൃതികള്‍ വ്യക്തമാക്കുന്നത്. ഗുരുവിന്റെ ബോധമണ്ഡലത്തില്‍ പതിനായിരം ആദിത്യന്മാര്‍ ഒന്നിച്ചുയര്‍ന്നപോലെ വെളിവായ സത്യമാണത്. അതനുഭവിച്ചറിഞ്ഞ മഹത്സ്വരൂപനെ പിന്നെ ബ്രഹ്മസ്വരൂപത്തില്‍ നിന്ന് വേറിട്ട് കാണാന്‍ സത്യാന്വേഷികള്‍ക്ക് സാധിക്കില്ല. അപ്പോള്‍ ശരിക്കും ആരാണ് ഗുരു? സംശയം തീരുന്നില്ലെങ്കില്‍ യാത്ര തുടരുക തന്നെ.

പൂത്തുനില്‍ക്കുന്ന കണിക്കൊന്നയുടെ താഴെ വെണ്‍മയുടെ സുന്ദരചതുരംപോലെ നില്‍ക്കുന്ന അരുവിപ്പുറം ശിവക്ഷേത്രത്തിന്റെ നികടത്തില്‍ വിവിധപ്രായക്കാരായ അറുപതോളം വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ ഇരിക്കുമ്പോള്‍ ഓര്‍മ്മയില്‍ തെളിമയോടെ വീണുകിട്ടി ഒരു പഴയകാലത്തിന്റെ ഒളിമങ്ങാത്ത ചിത്രം... വിദ്യാര്‍ത്ഥികളില്‍ ഇന്നത്തെ അത്രയും അവകാശബോധമോ അദ്ധ്യാപകരില്‍ ഇത്രയും സ്വാര്‍ത്ഥതയോ ഉണ്ടാവാതിരുന്ന വിദ്യാതീര്‍ത്ഥത്തിന്റെ പവിത്രത നുകര്‍ന്നുനിന്ന ആ പഴയകാലം.
ഗര്‍ഭവതിയായ അമ്മ പൊക്കിള്‍ക്കൊടിയിലൂടെ തന്റെ ജീവരക്തത്തില്‍ അലിഞ്ഞ അമൃതാഹാരം കുഞ്ഞിലേക്ക് പകരുന്നതുപോലെ ഗുരുവും ശിഷ്യനും ഒരു പാരസ്പര്യത്തിന്റെ ചരടുമുറിക്കാതെ വിദ്യാദാനം നടത്തുന്ന പ്രക്രിയയെക്കുറിച്ച് നടരാജഗുരുവിന്റെ ആത്മകഥയിലെ ചില സന്ദര്‍ഭവിവരണങ്ങളാണ് ആ സുരഭിലകാലത്തിന്റെ തെളിമയുള്ള ചിത്രം മനസില്‍വരച്ചത്. "മുട്ടിപ്പുല്ലുകള്‍ക്കും കാട്ടുപൂച്ചെടികള്‍ക്കുമിടയ്ക്കൂടെ വയലിന്റെ വക്കിലൊഴുകിക്കൊണ്ടിരിക്കുന്ന നീരൊഴുക്കില്‍ ഗുരു കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വെയില്‍ നന്നായി ഉറച്ചിട്ടുണ്ട്. ആ യുവശിഷ്യന്‍ ഗുരുവിന്റെ വസ്ത്രങ്ങള്‍ അടിച്ചു നനച്ച് തൂവെള്ളയാക്കി വിരിച്ചു. പ്രാചീനഭാരതത്തിന്റെ ഒരംശം ആ വയല്‍വക്കില്‍ തങ്ങി നില്‍ക്കുന്നതായി തോന്നി." നടരാജഗുരു കേരളത്തിലെ ഒരു 'ഓണംകേറാമൂല'യില്‍ താന്‍ കണ്ട ഒരു ഗുരുകുലത്തെക്കുറിച്ചാണ് വിവരിച്ചിരിക്കുന്നത്. ഊട്ടിയിലെ ഫേണ്‍ഹില്ലില്‍ താന്‍ ഭാവിയില്‍ ഉണ്ടാക്കിയ മാതൃകാ ഗുരുകുലത്തിന് നാമ്പിട്ടത് ഈ ദൃശ്യമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ആരുടെയും സദാചാരബോധത്തെ കളങ്കപ്പെടുത്താത്ത ശൃംഗാരത്തിന്റെ ശുദ്ധഭാവം നിറഞ്ഞുനില്‍ക്കുന്ന കാളിദാസന്റെ ശാകുന്തളം പഠിപ്പിക്കുമ്പോള്‍ അവിവാഹിതരായ ശിഷ്യന്മാരില്‍ ഉണ്ടായേക്കാവുന്ന കൃത്രിമമായ ലജ്ജാഭിനയങ്ങളെ തുടച്ചുമാറ്റുന്ന അദ്ധ്യാപനകല ആ ഗുരുവില്‍ നിറഞ്ഞുനിന്നിരുന്നു എന്നും നടരാജഗുരു വീക്ഷിക്കുന്നു. ഇത്തരം ഒരു അദ്ധ്യാപനകലയിലൂടെ സ്വായത്തമാക്കുന്ന അറിവിന്റെ അനുഭൂതിരസം നുകരാന്‍ ഒരിക്കലും ഭാഗ്യം ലഭിച്ചിട്ടില്ലാത്ത മൂന്നാമത്തെയോ നാലാമത്തെയോ തലമുറക്കാരാണ് അരുവിപ്പുറത്ത് ഗുരുധര്‍മ്മ പ്രചാരണ സഭ സംഘടിപ്പിച്ച ഈ വെക്കേഷന്‍ ക്ളാസില്‍ ഇരിക്കുന്നത് എന്ന ബോധം ഉള്ളില്‍ ഒരു സഹതാപനുര സൃഷ്ടിച്ചു.
ഇവര്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കിട്ടാതെപോകുന്ന അദ്ധ്യാപനകലയെക്കുറിച്ച് ഒരുദാഹരണം പറയാം. വീണപൂവ് എന്ന കവിതാഭാഗം പാഠപുസ്തകത്തില്‍ ആദ്യവായനയില്‍ത്തന്നെ വിദ്യാര്‍ത്ഥിയോട് ഭാവാത്മകമായി സംസാരിച്ചു തുടങ്ങും. അവന് അതുവരെ പിടികൊടുക്കാത്ത വാഗര്‍ത്ഥങ്ങളിലൂടെ ഭാവനയുടെ രസമുകുളങ്ങളെ ഉണര്‍ത്തുന്ന ഒരു വിവരണം. കവിതയുടെ രസം നിറയുന്ന ആലാപനം. മനുഷ്യജന്മത്തിന്റെ നശ്വരതയെക്കുറിച്ച് അതു പകരുന്ന ബോധം. കവിതയുടെ അന്നത്തെ കാലികപ്രസക്തി വിവരണം. എന്നിങ്ങനെ എത്രയോ ധര്‍മ്മങ്ങള്‍ ഈ കവിത പഠിപ്പിക്കുന്ന അദ്ധ്യാപകനില്‍ നിക്ഷിപ്തമാണ്. എന്നാല്‍ സംഭവിക്കുന്നതെന്താണ്? ഒരു വായന, വാക്കുകളുടെ അര്‍ത്ഥം മാര്‍ക്ക് ചെയ്യല്‍, കാണാതെ പഠിക്കേണ്ട ഭാഗം പുസ്തകത്തില്‍ അടയാളപ്പെടുത്തല്‍, പിന്നെ പിറ്റേന്ന് ഒരു ചൂരല്‍വടിയുടെ അകമ്പടിയോടെ കാണാപ്പാഠം ചൊല്ലിക്കല്‍. അതോടെ കഴിഞ്ഞു വീണപൂവ് എന്ന കവിതാപഠനം. വിദ്യാദാനത്തില്‍ ഉപയോഗിക്കാതെപോയ ഭാവാത്മകത ആ ക്ളാസ്മുറിയുടെ മൂലയില്‍ ഉപേക്ഷിക്കപ്പെട്ടുകിടക്കും. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ സ്നിഗ്ധത നിലനിന്നിരുന്ന ഒരു കാലം നമ്മുടെ ഗുരുകുല വിദ്യാഭ്യാസത്തിന്റെ തൊട്ടടുത്ത് നില്‍പ്പുണ്ട്. അതിന്റെ രസഞരമ്പ് മുറിച്ച അദ്ധ്യാപനരീതികള്‍ കാണാം ഇക്കാലത്തെ ഇംഗ്ളീഷ് മീഡിയം സ്കൂളുകളില്‍.
ആലുവ അദ്വൈതാശ്രമത്തില്‍ ശ്രീനാരായണഗുരുദേവന്‍ സംസ്കൃതസ്കൂള്‍ തുടങ്ങിയപ്പോള്‍ ജാതി അയിത്തം നിലനിന്നിട്ടുപോലും സവര്‍ണരും അവര്‍ണരും കുട്ടികളെ ഒരുപോലെ വിശ്വസിച്ച് അയച്ചിരുന്നു. "അവിടെനിന്ന് ഒന്നും വാങ്ങിക്കഴിക്കാന്‍ നില്‍ക്കേണ്ട" എന്നൊരു ഉപദേശം സവര്‍ണ മാതാപിതാക്കള്‍ നല്‍കിയിരുന്നു എന്നു മാത്രം. അങ്ങനെ ജാതിയുടെ പേരില്‍ ഉണ്ണാവ്രതം അനുഷ്ഠിക്കുന്ന കുട്ടികള്‍ക്ക് അവരുടെ വിശ്വാസഭംഗം വരുത്താതെ സവര്‍ണരുടെ കടയില്‍നിന്ന് ആഹാരം വാങ്ങി നല്‍കിയിട്ടുണ്ട് ഗുരുദേവന്‍. ഗുരുവിന്റെ ആ വിശാല ഹൃദയം കണ്ടുവളര്‍ന്ന ആ സവര്‍ണക്കുട്ടികള്‍ പിന്നീടൊരിക്കലും മറ്റൊരാളെ ജാതി അയിത്തത്തിന്റെ പേരില്‍ അന്യനായി കണ്ടിരുന്നില്ല. ചൂരലും ഇമ്പോസിഷനും മൊട്ടയടിക്കലും ഒന്നുമില്ലാതെ സ്നേഹബന്ധത്തിന്റെ ചരടില്‍കോര്‍ക്കുന്ന പരസ്പരവിശ്വാസത്തിന്റെ ഗുരുശിഷ്യബന്ധം. അതിനി എവിടെ കിട്ടും?
ഗുരുദേവന്‍ എന്ന ഗുരു സമൂഹത്തിന് നല്‍കിയ കരുത്തരായ സിംഹക്കുട്ടികളുടെ ഒരു വലിയ നിരതന്നെയുണ്ട് ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍. അവര്‍ പടുത്തുയര്‍ത്തിയതാണ് ഈ കേരളത്തിന്റെ സമസ്തമേഖലകളും. കുമാരനാശാനെന്നോ ടി.കെ. മാധവനെന്നോ ഡോ. പല്പുവെന്നോ നടരാജഗുരുവെന്നോ പറയാതെ കേരളനവോത്ഥാനത്തെക്കുറിച്ച് ഒരാള്‍ക്കും ഒന്നും പറയാന്‍ കഴിയാത്തവിധം കരുത്തുള്ള ഒരു ശിഷ്യാവലിയെയാണ് ഗുരു സൃഷ്ടിച്ചത്.
വിദ്യാഭ്യാസരംഗത്തുനിന്ന് മാഞ്ഞുപോയ മൂല്യങ്ങളെ നട്ടുവളര്‍ത്തുന്ന മാതൃകാ വിദ്യാഭ്യാസം ഇന്നത്തെ കാലത്തിന് അന്യമാണ്. ഒരു തൊഴില്‍ എന്നതിലുപരി അദ്ധ്യാപനത്തെ സ്വധര്‍മ്മമായി കാണുന്ന ഒരുപറ്റം അദ്ധ്യാപകര്‍. മനുഷ്യന്‍ എന്ന പദത്തിന്റെ അര്‍ത്ഥപൌര്‍ണമി ഉള്ളിലുദിക്കാനായി ജീവിതപാഠങ്ങള്‍ നുകരാനെത്തുന്ന വിദ്യാര്‍ത്ഥി സമൂഹം. അവര്‍ ഏതു തൊഴിലില്‍ പ്രാഗത്ഭ്യം നേടിയാലും മനുഷ്യന്‍ എന്ന അടിസ്ഥാനഗുണം കൈവിടാതെ ജീവിക്കണം. അതിന് വരുംതലമുറയെ പ്രാപ്തരാക്കുന്ന ഒരു വിദ്യാലയം ഗുരുവിന്റെ നാമത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ശാരദാപ്രതിഷ്ഠാ ശതാബ്ദിയില്‍ ഗുരുവിനെ ധ്യാനിച്ച് ശാരദാദേവിയെ ഉപാസിച്ച് അങ്ങനെയൊരു വിദ്യാലയത്തിന്റെ രൂപീകരണത്തിന് നമുക്ക് തുടക്കമിട്ടാലോ? നൂറ് ശതാബ്ദി സമ്മേളനങ്ങളേക്കാളും ലക്ഷം മന്ത്രജപങ്ങളേക്കാളുമേറെ ഗുരുദേവനെയും ശാരദാദേവിയെയും ഒരുമിച്ചു പ്രസാദിപ്പിക്കുന്ന ഒരു നിവേദ്യപൂജയായിരിക്കും അത്.
വെക്കേഷന്‍ ക്ളാസിനെത്തിയ കുട്ടികളുമായി ഗുരുദര്‍ശനത്തെക്കുറിച്ച് ഹ്രസ്വസംവാദത്തിനുശേഷം തിളയ്ക്കുന്ന ഉച്ചവെയില്‍താണ്ടി അരുവിപ്പുറത്തുനിന്ന് മടങ്ങുമ്പോള്‍ നെയ്യാറിനെ തലോടിയെത്തിയ ഇളംകാറ്റും പറയുന്നു. "അതേ വേണം, ശാരദാദേവിക്ക് ഇങ്ങനെയൊരു വിദ്യാനിവേദ്യമൂട്ട്.

ടെമ്പോവാനിന്റെ മുന്‍ഭാഗത്തേക്ക് നീട്ടിയ തടിക്കഷ്ണങ്ങളിലെ ചൂണ്ടക്കൊളുത്തുകളില്‍ കൊരുത്ത് കമിഴ്ന്ന് കിടക്കുകയായിരുന്നു ആ മനുഷ്യര്‍. തോളിനുതാഴെയും കാല്‍മുട്ടുകള്‍ക്കടുത്തുമായി ദേഹത്ത് നാല് ഇരുമ്പുകൊളുത്തുകള്‍ തുളച്ചുകയറിയിരിക്കുന്നു. ആ കാഴ്ചയിലേക്ക് ഒന്നേ നോക്കാനായുള്ളൂ. കണ്ണുകളെ ആയിരം കാതം അകലേക്ക് വലിച്ചുകൊണ്ട് ഓടിമറയാനാണ് തോന്നിയത്. ഇത്തരമൊരു ദൃശ്യംകണ്ട് ഭക്തി മൂത്ത് "ആണ്ടവാ..." എന്നോ "അമ്മേ ...മഹാമായേ" എന്നോ കരഞ്ഞുപ്രാര്‍ത്ഥിക്കാന്‍ മനസ്സില്ലാതെ പോയവനെ നിരീശ്വരവാദിയെന്നോ മറ്റോ വിളിക്കുമെങ്കില്‍ അതേറ്റുവാങ്ങാന്‍ മനസ്സുകൊണ്ട് തയ്യാറെടുത്തശേഷമാണ് ഈ കുറിപ്പെഴുതുന്നത്.
ദേശീയപാതവഴി തലസ്ഥാനത്തേക്കുള്ള ഒരു മടക്കയാത്രയിലാണ് ഈ ഭക്തിപ്രയാണത്തിനിടയില്‍പ്പെട്ടുപോയത്. വില്ലിന്‍തൂക്കക്കാര്‍ക്ക് താഴെ ചെണ്ടമേളത്തോടൊപ്പം കാല്‍കുഴഞ്ഞ് തുള്ളുന്ന 'മദ്യപസംഘം'. (ഇതും ഭക്തി മാര്‍ഗമാണ്?) അവര്‍ക്കിടയില്‍ ശരീരമാകെ ശൂലം തറച്ച് കാവടിയേന്തുന്ന മഞ്ഞവസ്ത്രധാരികള്‍. കൊട്ടും പാട്ടുമായി ആ സംഘം റോഡിലൂടെ നീങ്ങുകയാണ്. വാഹനം ഗട്ടറില്‍ പതിച്ചാല്‍ ചൂണ്ടക്കൊളുത്തില്‍ കിടക്കുന്നവര്‍ക്ക് എത്രത്തോളം വേദനിക്കും എന്ന് ചിന്തിച്ചപ്പോള്‍ ഉള്ളൊന്നു കോരിപ്പെരുത്തു. അരുത്... ആ ദൃശ്യങ്ങള്‍ ഇനിയും ഓര്‍ക്കരുതേ... എന്ന് സ്വന്തം മനസ്സിനോട് തന്നെ കേണു. ആത്മപീഡനത്തിന്റെ ഇത്തരം ഭക്തിശാസ്ത്രത്തെ ഭക്തിയുടെ ഒരു തലമായി വ്യാഖ്യാനിക്കുന്നുണ്ട് ചിലര്‍. മറ്റൊരുവന്റെ കഷ്ടതകള്‍ തീരാന്‍ സ്വന്തം ശരീരം നോവില്‍നീറ്റിയെടുത്ത് തൂങ്ങിക്കിടക്കുന്ന വില്ലിന്‍തൂക്കക്കാരനിത് സ്വന്തം പാരമ്പര്യം നിലനിറുത്താനുള്ള വ്രതമാണത്രേ. അതില്‍നിന്ന് പിന്തിരിയാന്‍ ഏതെങ്കിലും ഒരു തലമുറക്കാരന്‍ തയ്യാറായാല്‍ പിന്നെ ഉണ്ടാകുന്ന വിധിദോഷങ്ങള്‍ മുഴുവന്‍ അവന്റെ 'ഭക്തിനിഷേധ'ത്തിന്റെ അക്കൌണ്ടിലിടും ബന്ധുക്കളും വിശ്വാസി സമൂഹവും. അതിനാല്‍ ഒരോ തലമുറയും ഈ ദുരാചാരവൃത്തിയില്‍ സ്വയം കൊരുക്കപ്പെടുന്നു.
ഒരിക്കല്‍ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിലെത്തിയപ്പോള്‍ സമാനമായ ഒരു അനുഭവമുണ്ടായി. ഗോപുരത്തിനുള്ളിലേക്ക് കടന്നതും തോര്‍ത്തുടുത്ത ഒരു ബാലന്‍ ദയനീയമുഖത്തോടെ മുന്നില്‍നില്‍ക്കുന്നു. "സാറിന്റെ എന്തുദോഷം തീര്‍ക്കാനാണെങ്കിലും ഞാന്‍ ഉരുളാം... എന്തെങ്കിലും തന്നാല്‍ മതി..."
എന്റെ ദോഷം തീര്‍ക്കാന്‍ നീ ഉരുണ്ടാല്‍ എങ്ങനെ?
"ഇവിടെ ഇത് പതിവാണ്..." എന്നായി ബാലന്‍. അവന് ഒരു നേരത്തെ ആഹാരം വാങ്ങാന്‍ കണക്കാക്കി പണംകൊടുത്തു. "ഇത് നിന്റെ ഉരുള്‍ നേര്‍ച്ചയില്‍നിന്ന് എന്നെ ഒഴിവാക്കാനുള്ള ദക്ഷിണയാണ്" എന്നു പറഞ്ഞു. കുറച്ചു നേരം അന്തം വിട്ട് നിന്നിട്ട് അവന്‍ അടുത്ത 'ഭക്തന്റെ' പിറകേ ഓടി. ഒരു വലിയ കുടുംബത്തിന് അന്നംതേടുകയാണവന്‍ എന്ന് പിന്നീടറിഞ്ഞു. അതു കേട്ടപ്പോള്‍ ശരിക്കും കേണുപോയി, " ആണ്ടവാ...നീയിത് കണ്ടിട്ട് അനങ്ങാതിരിക്കുന്നല്ലോ?"
നമ്മുടെ ആഗ്രഹ സാഫല്യത്തിനായി മറ്റുള്ളവരെ കുരുതികൊടുക്കുന്ന രീതി പണ്ടേ ഉള്ളതാണ്. മൃഗങ്ങള്‍ക്കും അയിത്തക്കാരായ മനുഷ്യര്‍ക്കുമൊക്കെ നമ്മുടെ മുന്‍തലമുറയുടെ മോക്ഷത്തിനായി ജീവന്‍ വെടിയേണ്ടിവന്നിട്ടുണ്ട്. വില്ലിന്‍ തൂക്കക്കാരനും ശൂലക്കാവടിക്കാരനും ഉരുള്‍ച്ചക്കാരനുമൊക്കെ ആര്‍ക്കൊക്കെയോ വേണ്ടി സ്വന്തം ശരീരത്തെ പീഡിപ്പിക്കുന്നതിനെയും ഭക്തി എന്നു വിളിക്കാമോ എന്നുറക്കെ ചോദിക്കണമെന്നുണ്ട്. പക്ഷേ ഗുരുദേവശിഷ്യനായ കോട്ടായി കുമാരന് പണ്ട് കൊടുങ്ങല്ലൂരില്‍വച്ചുകിട്ടിയ അടിയുടെ ബാക്കി ഇപ്പോഴും ഇവിടത്തെ 'ഭക്തസമൂഹം' സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന് അറിയാമെന്നതിനാല്‍ മിണ്ടുന്നില്ല. കൊടുങ്ങല്ലൂര്‍ ഭരണിക്ക് കോഴിവെട്ട് കുരുതിക്കായി കോഴികളുമായെത്തിയ ഭക്തരെ ജന്തുഹിംസപാപമാണെന്ന് പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു സഹോദരന്‍ അയ്യപ്പനും കോട്ടായി കുമാരനും. സഹോദരനെ അമ്പലക്കാരുടെ ആക്രമണത്തില്‍നിന്ന് രക്ഷിച്ചത് സോഡാവില്പനയ്ക്കെത്തിയ ഒരു മുസല്‍മാനായിരുന്നു. കുമാരനെ രക്ഷിക്കാന്‍ കഴിയുംമുമ്പേ അടി തലയ്ക്ക് കിട്ടിക്കഴിഞ്ഞു. അന്ന് കോട്ടായി കുമാരന്‍ അടികൊണ്ട് ചോരയൊലിപ്പിച്ച് ചെന്നത് ഗുരുദേവന്റെ സന്നിധിയിലേക്കായിരുന്നു. " ഓഹോ... കുമാരനും അടി കിട്ടിയോ... എങ്കില്‍ കുറച്ച് മെയ്യഭ്യാസമൊക്കെ പഠിച്ചുവയ്ക്കണം. ആരെയും ഉപദ്രവിക്കാനല്ല. ഇത്തരം അവസരങ്ങളില്‍ സ്വന്തം തടി സംരക്ഷിക്കാന്‍ ഉപകരിക്കും." എന്നായിരുന്നു ഗുരുദേവന്‍ പറഞ്ഞത്. മിശ്രഭോജനവുമായി നടന്ന് ജാതിഭ്രാന്തന്‍മാരുടെ ചാണകപ്രയോഗം ഏറ്റുവാങ്ങിയ സഹോദരന്‍ അയ്യപ്പനോട് "യേശുവിനെപ്പോലെ ക്ഷമിക്കണം" എന്നുപദേശിച്ച ഗുരുദേവന്‍ കോട്ടായി കുമാരനോട് മെയ്യഭ്യാസം പഠിക്കാന്‍ പറഞ്ഞത് അന്ന് അധികം ആര്‍ക്കും മനസ്സിലായില്ല. കുമാരന്‍ അത് വേണ്ടിടത്ത് പ്രയോഗിക്കും. അയ്യപ്പന്‍ ആവേശക്കാരനാണല്ലോ അപ്പോള്‍ വേണ്ടാത്തിടത്തും പ്രയോഗിച്ചേക്കാം എന്ന് ഗുരുദേവന്‍ കരുതിക്കാണും.
കൊടുങ്ങല്ലൂരില്‍ കുരുതിക്ക് കൊണ്ടുവന്ന കോഴികളെ പിന്നീട് ഗുരുദേവന്‍ തന്നെ നേരിട്ടുവന്ന് ഭക്തരില്‍നിന്ന് വാങ്ങി പറത്തിവിടുകയുണ്ടായി. അന്നാരും പക്ഷേ, കുറുവടിയുമായി വന്നില്ല. അന്നത്തെ അപേക്ഷിച്ച് ഇന്ന് കൂടുതല്‍ രൂക്ഷമാണ് കാര്യങ്ങള്‍. പരിഷ്കൃതസമൂഹമാണെന്നും ഹൈടെക് മനുഷ്യരാണെന്നുമൊക്കെ അഭിമാനിക്കുന്ന നമ്മള്‍ക്ക് എന്തുകൊണ്ടാണ് വര്‍ഷം മുഴുവന്‍ പൂജിക്കുന്ന ദേവിയെ ഒരു ദിവസം ചെന്നുനിന്ന് അസഭ്യം വിളിക്കാന്‍ തോന്നുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. സ്വന്തം ആരാധനാമൂര്‍ത്തിയെ ഭക്തരെക്കൊണ്ടുതന്നെ ചീത്തവിളിപ്പിക്കുക എന്ന ആചാരത്തിനുപിന്നില്‍ ബൌദ്ധധര്‍മ്മത്തിനുമേലുണ്ടായ ആര്യന്‍ അധിനിവേശത്തിന്റെ ഇനിയും തീരാത്ത പകവീട്ടലിന്റെ തുടര്‍ച്ചയുണ്ട്. ഈ വിശ്വാസക്കറകളൊക്കെ മുന്നോട്ടുകൊണ്ടുപോകാന്‍ ഇന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ പിന്‍ബലമുണ്ട്. അവനവന്റെ ഉള്ളിലുള്ള ഈശ്വരനെ കണ്ടെത്താനാണ് ഉപാസനയും സാധനയും ചെയ്യേണ്ടതെന്ന് ഗുരുദേവന്‍ പറഞ്ഞു. എന്നാല്‍ ഇന്ന് രാഷ്ട്രീയവും മതവും സ്വാര്‍ത്ഥലാഭവും ഒക്കെ കൂട്ടിക്കുഴച്ചുള്ള ഒരു വില്ലിന്‍തൂക്കമായി മാറിക്കഴിഞ്ഞു ഭക്തിയും വിശ്വാസവുമെല്ലാം.

ചുവപ്പു സിഗ്നലിന് പിന്നാലെ ട്രാക്കിലൂടെ ഉയര്‍ന്നുവന്ന റെയിലിരമ്പം ഹൃദയത്തെ പ്രകമ്പനംകൊളളിക്കുമ്പോള്‍ പ്രജ്ഞയുടെ നൂലിഴയില്‍ പിടിമുറുക്കി ഗുരുദാസന്‍ പ്ളാറ്റ്ഫോമില്‍ നിന്നു.
ബാഗ്ളൂര്‍ കന്യാകുമാരി എക്സ്പ്രസ് കിതപ്പണയ്ക്കുകയാണ്. "പപ്പാ.." എന്ന കലമ്പിച്ച വിളിയില്‍ സങ്കടത്തിന്റെ വേലിയേറ്റവുമായി മകള്‍ ചിന്നു .. . അയാള്‍ പരിസരബോധം വീണ്ടെടുക്കാന്‍ പാടുപെടുകയായിരുന്നു. അവളുടെ കല്യാണത്തിനുവിളമ്പിയ കറിക്കൂട്ടുകളുടെയും വീടിന് പുതുമോടിക്കായി അടിച്ച പെയിന്റിന്റെയും മണം ഇപ്പോഴും അയാളില്‍നിന്ന് വിട്ടുപോയിട്ടില്ല. ആഘോഷപൂര്‍വം ഒരു യാത്രയയപ്പിന് മകളും മരുമകനുമായി ഈ സ്റ്റേഷനില്‍ ഇതേ പ്ളാറ്റ്ഫോമില്‍ വന്നുനിന്നത് കഴിഞ്ഞ ഞായറാഴ്ചയാണ്. പച്ചസിഗ്നലില്‍ ഇതേ ട്രെയിന്‍ മുന്നോട്ടുകുതിക്കുന്നതുകണ്ട് ചാരിതാര്‍ത്ഥ്യത്തോടെയായിരുന്നു മടക്കം. ചിന്നുവിന്റെ സങ്കട ശബ്ദവും വഹിച്ച് ആ ഫോണ്‍ സന്ദേശം വരുവോളം എല്ലാം ഭദ്രം എന്നു കരുതി തൃപ്തനായിരുന്നു. വിനോദുമായി പിരിയാന്‍ തീരുമാനമെടുത്തപ്പോള്‍ അവള്‍ ആദ്യം വിളിച്ചത് പപ്പയെത്തന്നെയാണ്. അവള്‍ പിണക്കത്തിന്റേതായി പറഞ്ഞ കാരണങ്ങളൊന്നും അയാള്‍ക്ക് വ്യക്തമായില്ല. രാവിലെ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കണമെന്നു പറഞ്ഞതുമാത്രം ഓര്‍മ്മയില്‍നിന്നു. വിവാഹ ഉടമ്പടികളില്‍നിന്ന് മോചനം നേടി ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളിലേക്ക് ചിറകടിക്കുന്ന നൂറുകണക്കിന് യുവതീയുവാക്കന്മാരില്‍ ഒരാളായിക്കഴിഞ്ഞു തന്റെ ചിന്നുവും. കരഞ്ഞുകലങ്ങിയ മുഖവുമായി വീട്ടില്‍ കാത്തിരിക്കുന്ന അവളുടെ അമ്മ ശാരിയെക്കുറിച്ച് ഗുരുദാസന്‍ ഓര്‍ത്തു. ജംഗ്ഷനില്‍ നിന്ന് വീട്ടിലേക്കുളള വഴിക്കല്ലാതെ വണ്ടി നീങ്ങിയപ്പോള്‍ ചിന്നു ചോദിച്ചു, " എന്താ പപ്പാ ഇതു വഴി?"
" ഇതൊരു പഴയ വഴിയാണ് ചിന്നൂ. കുട്ടിക്കാലത്ത് അമ്മയുടെയും അച്ഛന്റെയും കൈപിടിച്ച് ഞാന്‍ നടന്നുവന്നിരുന്ന ഗുരുസവിധത്തിലേക്കുളള വഴി."പച്ചിലക്കാടുകള്‍ക്കപ്പുറം ഗുരുദേവസമാധിമന്ദിരത്തിന്റെ താഴികക്കുടം ചൂണ്ടിക്കാട്ടിയിട്ട് അയാള്‍ തുടര്‍ന്നു.. " ഞാനൊരിക്കലും നിങ്ങള്‍ മക്കളെ ഇവിടെ കൊണ്ടുവന്നിട്ടില്ല. നിങ്ങള്‍ കാണണമെന്നാവശ്യപ്പെട്ടത് ആഘോഷങ്ങളുടെ മറ്റ് പല കേന്ദ്രങ്ങളുമായിരുന്നു. നിങ്ങളുടെ ഇഷ്ടത്തിനൊത്ത് നില്‍ക്കാനുളള പ്രേരണയാല്‍ ഞാന്‍ ഇങ്ങോട്ടേക്കുളള എന്റെ ഇഷ്ടം മറച്ചുവച്ചു. ഇന്ന് മറ്റെങ്ങോട്ടുപോയാലും നിനക്കുകിട്ടാത്ത മനഃ ശാന്തി ഇവിടെനിന്ന് ലഭിക്കും. ഇത് ശിവഗിരിയാണ്. കച്ചവടക്കണ്ണില്ലാത്ത ലോകശാന്തിയുടെ ഏക ആശ്രയം."
അച്ഛനെ മറുത്ത് പറയാനാവാതെ അവള്‍ ആദ്യമായി വൈദികമഠത്തിനുമുന്നിലേക്ക് നടന്നു. ജനലഴികള്‍ക്കിടയിലൂടെ തെളിഞ്ഞു ശോഭപരത്തുന്ന വിളക്കും മഞ്ഞവിരിപ്പുകളും നിറഞ്ഞ മുറിയില്‍ ഗുരുവിന്റെ ചിത്രം. അവള്‍ അച്ഛനൊപ്പം നിന്ന് തൊഴുതു. ഇളംതിണ്ണയുടെ തണുപ്പ് ഉളളിലേക്ക് അരിച്ചുകയറുമ്പോള്‍ മനസ് പതുക്കെ മഞ്ഞുരുകുന്ന ഹിമവല്‍സാന്നിദ്ധ്യമറിയുന്നു. വിനോദുമായുളള വഴക്കുകള്‍, പൊരുത്തക്കേടുകള്‍, തന്റെ മനസറിയാന്‍ ശ്രമിക്കാത്ത ഈഗോക്ളാഷുകള്‍... അവള്‍ അച്ഛനോട് എന്നതിനേക്കാള്‍ ആ തണുത്ത പ്രകൃതിയോടാണ് സങ്കടങ്ങള്‍ പറഞ്ഞത്. ആകെ ഉരുകിയൊലിച്ച് കദനക്കടല്‍ ഒന്നടങ്ങിയപ്പോള്‍ ഗുരുദാസന്‍ ചിന്നുവിന് ഒരു പുസ്തകം സമ്മാനിച്ചു. കുറച്ചുമുമ്പ് ശിവഗിരിമഠം ബുക്ക് സ്റ്റാളില്‍നിന്നു വാങ്ങിയതാണത്. 'ശ്രീനാരായണ സ്മൃതി' എന്നെഴുതിയ തലക്കെട്ടിനുതാഴെ ഗുരുവിന്റെ ചിത്രത്തില്‍നോക്കി അവളിരുന്നു. " ഇത് ഞാന്‍ നേരത്തേ നിനക്ക് നല്‍കേണ്ടിയിരുന്നു. അഗാതാ ക്രിസ്റ്റിയും കെന്നത് ബെന്‍ടോണുമൊക്കെയായിരുന്നല്ലോ നിന്റെ പ്രിയപ്പെട്ട എഴുത്തുകാര്‍. അതിനാല്‍ ഞാനും നിന്നെ ഈ വിശ്വമഹാത്മാവിന്റെ പുസ്തകങ്ങളിലേക്ക് വഴിതിരിച്ചില്ല. അതെന്റെ തെറ്റ്". അയാള്‍ പുസ്തകത്തിലെ ഒരു പ്രത്യേക പേജ് മറിച്ച് അവള്‍ക്ക് നല്‍കി. കറുത്ത അരിയുറുമ്പുകള്‍പോലുളള അക്ഷരങ്ങളില്‍ എഴുതിയ ശ്ളോകങ്ങളും അന്വയാര്‍ത്ഥവുമാണ് ആ പേജില്‍.
" വിവാഹസ്തു വിനോദായ പരമൈഹിക ജീവിതേ
സുഖായേദം ഹിതം കിഞ്ചിത് കര്‍മ്മേതി ച ന ചിന്തയേത്." (വിവാഹമെന്നത് കേവലം സുഖത്തിനും വിനോദത്തിനും വേണ്ടിമാത്രമുളള കര്‍മ്മമാണെന്ന് വിചാരിക്കരുത്) എന്ന ശ്ളോകത്തിലാണ് അവളുടെ കണ്ണുകള്‍ ആദ്യം പതിഞ്ഞത്. പിന്നെ, ഗുരുകാരുണ്യം വാഗര്‍ത്ഥങ്ങളിലൂടെ അവളിലേക്ക് പ്രവഹിച്ചു തുടങ്ങി. മനുഷ്യജീവിതത്തിന്റെ അര്‍ത്ഥം അനാവരണം ചെയ്യപ്പെടുന്ന മൊഴിമുത്തുകളിലൂടെയുളള യാത്ര. നല്ല സമൂഹസൃഷ്ടിക്കായി ഉത്തമ പുത്രന്മാരെ ഗര്‍ഭംധരിച്ച് പ്രസവിച്ച് വളര്‍ത്തുക എന്നതാണ് ദാമ്പത്യത്തിന്റെ പ്രധാനധര്‍മ്മം. ഉത്തമപൌരനാക്കി ഒരു പുത്രനെയോ പുത്രിയെയോ സമൂഹത്തിനു നല്‍കാനുളള വ്രതമായി ദാമ്പത്യത്തെ കാണണം. ഒന്നിച്ചുളള ജീവിതത്തിന്റെ നന്മതിന്‍മകളെക്കുറിച്ച് ആലോചിച്ചും തുറന്ന് ചര്‍ച്ചചെയ്തും ധാരണയിലെത്തിയശേഷം വേണം ദാമ്പത്യത്തിലേക്ക് കടക്കാന്‍ . അത് ആല്‍ത്തറവട്ടത്തിലോ അമ്പലമുറ്റങ്ങളിലോ ശുദ്ധവായു നുകര്‍ന്ന് മാതാപിതാക്കളുടെ വിദൂരസാന്നിദ്ധ്യത്തിലാവണം. വിവാഹശേഷം എല്ലാ പ്രവര്‍ത്തികളും ആത്മാര്‍പ്പണത്തോടെയും പരസ്പരാനുരാഗത്തോടെയും അനുഷ്ഠിക്കുമ്പോള്‍ അന്യോന്യമുളള തെറ്റുകള്‍ സസന്തോഷം പരിഹരിക്കപ്പെടുന്നു . കൊടുങ്കാറ്റിലണയാത്ത കുടുംബവിളക്കായി സര്‍വൈശ്വര്യങ്ങളുടെ ദേവതയായി നീ പ്രകൃതിക്ക് അനുഗുണയായ സ്ത്രീ രത്നമാവുക എന്ന മൊഴിമാധുര്യം ഗുരുദേവന്‍ പുസ്തകത്താളുകളില്‍ നേരിട്ടുവന്നിരുന്ന് പകര്‍ന്നു നല്‍കുന്നതുപോലെ തോന്നി അവള്‍ക്ക്. അവള്‍ ദ്വേഷങ്ങളുടെ ലോകത്തോട് വിടപറഞ്ഞു. മൊബൈലെടുത്ത് നമ്പര്‍ പരതുമ്പോള്‍ കണ്ണുകളില്‍ പുതിയ തിളക്കം . " വിനോദ് ... വിശുദ്ധ സ്നേഹത്തിന്റെ ശാന്തി തീരത്ത് വാശികളകന്ന ഹൃദയവുമായി ഞാന്‍ കാത്തിരിക്കുന്നു. വര്‍ക്കലയിലെ ഈ ഗുരുസവിധത്തിലേക്ക് വരാന്‍ മനസ്സനുവദിക്കുമെങ്കില്‍ വരിക. ശാരദാംബ നമ്മുടെ രണ്ടാംസമാഗമത്തിന് വേദിയൊരുക്കും." വൈദികമഠത്തെ വലംവച്ച് ചന്ദനഗന്ധമുളള ഒരിളംകാറ്റുവന്ന് അവളുടെ മുടിയിഴകളില്‍ തഴുകി. ശാന്തിയുടെ പ്രതീകംപോലൊരു വെളളിമേഘം മഹാസമാധിക്കുമുകളില്‍ ആകാശം മൂടുന്നതുകണ്ട് ഗുരുദാസന്റെ കണ്ണുകള്‍ നിറഞ്ഞു. ജീവിതത്തിന്റെ ഒരു വലിയഭാഗം ഈ ദര്‍ശനസൌഭാഗ്യത്തെ അവഗണിച്ചു ജീവിക്കേണ്ടിവന്നതില്‍ അയാള്‍ക്ക് വല്ലാത്ത നഷ്ടബോധം തോന്നി.

"കുടിപ്പളളിക്കൂടത്തിലേക്ക് നാട്ടുവഴിയിലൂടെ നടന്നുപോകുമ്പോഴാണ് ഒരു പുലയക്കുടിലില്‍ അടുപ്പത്തുവച്ചിരുന്ന അരിതിളച്ചു തൂവുന്നത് നാണു കണ്ടത്. നമ്പൂതിരിക്കും നായര്‍ക്കും ഈഴവരോട് തീണ്ടല്‍ ഉണ്ടായിരുന്നതുപോലെ ഈഴവര്‍ക്ക് പുലയരോടും തീണ്ടല്‍ ഉണ്ടായിരുന്ന കാലമാണത്. ഇതൊന്നും കാര്യമാക്കാതെ നാണു പുലയക്കുടിയില്‍ കയറി തിളച്ചുതൂവുന്ന അരിക്കലം ഇറക്കിവച്ചു. ഇതറിഞ്ഞ കാരണവര്‍ നാണുവിനെ ശാസിക്കാനായി വിളിച്ചു. "ഞാന്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ അവര്‍ പട്ടിണിയാകുമായിരുന്നു." എന്നു നിര്‍ഭയനായി നാണു പ്രതികരിച്ചു." ഗുരുദേവന്റെ കുട്ടിക്കാലത്തെക്കുറിച്ച് ജീവചരിത്രങ്ങളില്‍ വിവരിക്കപ്പെട്ട സന്ദര്‍ഭമാണിത്.
നാണുവിന് ബാല്യം മുതല്‍ക്കേ തീണ്ടലും തൊടീലും ഒന്നും ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കാനാണ് ജീവചരിത്രകാരന്മാര്‍ ഈ സന്ദര്‍ഭവിവരണം നടത്തുന്നത്. എന്നാല്‍ ശ്രീനാരായണഗുരുവിനെപ്പോലെ കാലാതിവര്‍ത്തിയായ ഒരു മഹായോഗിയുടെ പ്രവൃത്തി എന്ന നിലയ്ക്ക് പരിശോധിക്കുമ്പോള്‍ ഇതങ്ങനെ നിസാരമായി വ്യാഖ്യാനിക്കാന്‍ സാധിക്കുന്ന ഒന്നല്ല. അദ്ധ്വാനിക്കുന്നവരോടും അവഗണിക്കപ്പെടുന്നവരോടും കുട്ടിക്കാലം മുതല്‍ക്കേ ഗുരുവിന് അനുകമ്പയുണ്ടായിരുന്നു. സാമൂഹ്യവ്യവസ്ഥിതിയുടെ ദൂഷിതാവസ്ഥകള്‍ നീക്കി അവരെക്കൂടി പൊതുധാരയില്‍ എത്തിക്കാനും ജാതിക്കതീതരാക്കാനും ഗുരുദേവന്‍ നടത്തിയ ആദ്യശ്രമം എന്ന നിലയില്‍ ഈ സംഭവത്തെ കാണണം.
തിളച്ചു തൂവുന്ന കലം എന്നത് ഒരു ബിംബമായി കണ്ടാല്‍ അടിച്ചമര്‍ത്തപ്പെടുന്നവന്റെ ഉളളിലെ വിപ്ളവചിന്തകളുടെ തിളയ്ക്കല്‍ കൂടിയാണത്. പക്വവും സമയോചിതവുമായ നേതൃത്വ ഇടപെല്‍ ഇല്ലെങ്കില്‍ ആ ചിന്തകള്‍ തിളച്ചുതൂവുക തന്നെ ചെയ്യും. അതിന്റെ ഫലം സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കല്‍, ആള്‍ നാശം എന്നിവയാണ്. രക്തരൂക്ഷിത സമരങ്ങളിലൂടെ പാവപ്പെട്ട ജനതയെ അരാജകത്വത്തിലേക്ക് വലിച്ചിഴയ്ക്കാനും അതുവഴി ചിലര്‍ക്ക് സ്വാര്‍ത്ഥതയുടെ സാമ്രാജ്യങ്ങള്‍ ഉണ്ടാക്കാനും കഴിയും. അതിനിടവരുത്താതെ തിളച്ചുതൂവും മുമ്പ് വിവേകബുദ്ധിയോടെ വികാരം ഇറക്കിവച്ച് പാകപ്പെടുത്തിയാല്‍ സ്വയം തിരിച്ചറിയാനും ആത്മവിശ്വാസത്തോടെ വളരാനും ഊര്‍ജം ലഭിക്കും. ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗത്തിലൂടെ മാതൃക കാട്ടിയശേഷം അതേ രീതിയില്‍ ഉയര്‍ന്നുവരാന്‍ ഗുരു അന്നത്തെ പിന്നാക്കവിഭാഗ നേതാക്കളെ പ്രേരിപ്പിച്ചു. ഗുരുഭക്തരായിരുന്ന അയ്യന്‍കാളിയും പണ്ഡിറ്റ് കെ. പി. കറുപ്പനും കൃഷ്ണാതി ആശാനും അടക്കമുളള വിദ്യാസമ്പന്നരായ നേതാക്കള്‍ സ്വസമുദായത്തെ വെളിച്ചത്തിലേക്ക് വഴിനടത്തിയത് ഗുരുമാര്‍ഗം മാതൃകയാക്കിക്കൊണ്ടായിരുന്നു.
അന്ന് കുട്ടിയായിരുന്നപ്പോള്‍ കാട്ടിയ അതേ യുക്തിബോധംകൊണ്ട് ദളിതരില്‍ ഉണര്‍ന്ന വിപ്ളവവീര്യം തിളച്ചുതൂവാതെ കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനരംഗത്തേക്ക് ഇറക്കിവയ്ക്കാനും ആ വികാരാവേശത്തില്‍നിന്ന് സമൂഹവളര്‍ച്ചയ്ക്കുളള അന്നവും ഊര്‍ജവും ഉണ്ടാക്കാനും ഗുരുവിന്റെ ഇടപെടലുകളാണ് സഹായിച്ചത്. തളളക്കോഴിയില്‍ നിന്ന് സൂത്രംപറഞ്ഞ് കുഞ്ഞുങ്ങളെ ദൂരേക്ക് അകറ്റിക്കൊണ്ടുപോയി ശാപ്പിടുന്ന ചിത്രകഥകളിലെ കുറുക്കന്റെ വംശക്കാര്‍ ദളിത്പ്രേമവും പറഞ്ഞ് കുറേക്കാലമായി ഇവിടെ ചുറ്റിക്കറങ്ങുന്നത് കാണുന്നുണ്ട്. ദളിതന്‍ എന്നും ദളിതനായി കളളിനും നിരക്ഷരതയ്ക്കും അടിപ്പെട്ടു കിടന്നാലേ അവര്‍ക്ക് സ്വന്തം അജണ്ട നടപ്പാക്കാന്‍ കഴിയൂ. അവര്‍ക്കുമുന്നില്‍ ഇന്നും വലിയ പ്രതിസന്ധി തീര്‍ക്കുന്നത് ഗുരുദര്‍ശനമാണ്. ഒരുവന്‍ മനസുകൊണ്ട് സ്വയം ദളിതനാണെന്ന് കരുതാത്തിടത്തോളം കാലം ആര്‍ക്കും ആരെയും ദളിതനായി കാണാന്‍ കഴിയില്ലെന്ന ഗുരുവിന്റെ സിദ്ധാന്തമാണ് ഈ അഭിനവ ദളിത്പ്രേമികളുടെ ശത്രു. അതിനാല്‍ ഗുരുവിനെ അകറ്റിനിറുത്തിക്കൊണ്ട് ദളിത്മോചനത്തിന്റെ മറ്റൊരു ചരിത്രം സൃഷ്ടിക്കാനാണ് അവരുടെ ശ്രമം. സഹോദരന്‍ അയ്യപ്പന്റെ പന്തിഭോജനപ്രസ്ഥാനത്തോട് ഗുരുവിനും കുമാരനാശാനും എതിര്‍പ്പായിരുന്നു എന്ന് അടുത്തകാലത്ത് ഒരു ദളിത്പ്രേമി എഴുതിയ ലേഖനങ്ങളില്‍ പരാമര്‍ശിച്ചുകണ്ടു. കേരളത്തിലെ പുതിയ തലമുറ ചരിത്രം പഠിക്കാന്‍ കാട്ടുന്ന അലസതയെ മുതലെടുക്കാനുളള ശ്രമമാണിത്. കൊടിയവിഷമുളള ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുളളിയിരുന്നകാലത്ത് ചാത്തന്‍പുലയനെ സാവിത്രി അന്തര്‍ജ്ജനത്തിന്റെ നായകനാക്കി കവിതയെഴുതാന്‍ നട്ടെല്ലുറപ്പുകാട്ടിയ ആശാനെയാണ് ദളിത് വിരുദ്ധനായി ചിത്രീകരിക്കുന്നത്. "നെല്ലിന്‍ ചുവട്ടില്‍ മുളയ്ക്കും കാട്ടുപുല്ലല്ല സാധുപുലയന്‍" എന്ന് ഇവിടുത്തെ തമ്പ്രാക്കളുടെ മുഖത്തുനോക്കി പാടിയ കുമാരമഹാകവി സഹോദരന്‍ അയ്യപ്പന്‍ പുലയരോടൊപ്പം ഭക്ഷണം കഴിച്ചത് എതിര്‍ത്തുപോലും. ഗുരുവിന്റെ ആവശ്യപ്രകാരമാണ് താന്‍ മിശ്രഭോജന പ്രസ്ഥാനം തുടങ്ങിയതെന്ന് പി. കെ. ബാലകൃഷ്ണന്റെ 'നാരായണഗുരു' എന്ന സമാഹാരഗ്രന്ഥത്തില്‍ സഹോദരന്‍തന്നെ പറയുന്നുണ്ട്. ഇതൊക്കെ ഒരുവശത്ത് നടക്കുമ്പോള്‍ മറുഭാഗത്ത് അരുവിപ്പുറം പ്രതിഷ്ഠയെത്തുടര്‍ന്ന് ഗുരു ഈഴവശിവനെ പ്രതിഷ്ഠിച്ചു എന്നു പറഞ്ഞുവോ ഇല്ലയോ എന്ന് തര്‍ക്കിക്കാനാണ് നമ്മുടെ ബുദ്ധിജീവികള്‍ക്ക് താല്പര്യം. ഒരിക്കലും അവസാനിക്കാത്ത തര്‍ക്കം. പാലാഴികടയുമ്പോള്‍ അമൃതകുംഭം ഉയര്‍ന്നുവരുമെന്നതുപോലെ കാളകൂടവും ഉയര്‍ന്നുവരും. 'ഈഴവശിവന്‍ തര്‍ക്കമഥന' ത്തിനിടയില്‍നിന്ന് ഉയര്‍ന്നുവന്ന കാളകൂടമാണ് ഗുരുദേവനെ ഒരു സമുദായ പക്ഷപാതിയായും അതു വഴി ദളിത് വിരുദ്ധനായും വ്യാഖ്യാനിക്കാനുളള ശ്രമങ്ങള്‍.
വൃത്തിയുളള സാഹചര്യത്തില്‍ ജീവിക്കാനും വിദ്യ അഭ്യസിച്ച് വളരാനും ഗുരു പഠിപ്പിച്ചത് എല്ലാവിഭാഗം മനുഷ്യരെയുമാണ്. മനുഷ്യത്വമാണ് നമ്മള്‍ നേടേണ്ട പരമപദം എന്ന് ഗുരു പറയുമ്പോള്‍ അവിടെ ജാതി, മത, രാഷ്ട്രീയ ഭേദമില്ല. നന്നാകണം എന്നാഗ്രഹിക്കുന്ന ഏതു ജനതയ്ക്കും പിന്തുടരാന്‍ ഗുരുദര്‍ശനമാണ് മികച്ച മാതൃക. ഗുരുദേവന്‍ വിശുദ്ധിയുടെ വെളള വസ്ത്രം ഉടുപ്പിച്ച് പൊതുധാരയിലിറക്കിയവരുടെ പിന്‍തലമുറയെ കറുപ്പണിയിച്ച് നിഴല്‍യുദ്ധത്തിന് തയ്യാറാക്കി വിടുന്നവരുടെ മനസ്സിലിരിപ്പ് എന്താണെന്ന് ചിന്തിക്കുന്നവര്‍ക്ക് പിടികിട്ടും. അരാജകത്വത്തിന്റെ പുതിയ സമവാക്യങ്ങള്‍ അവതരിപ്പിക്കുന്നവരും പറയുന്നത് അറിവ് വിസ്ഫോടനമുണ്ടാക്കുമെന്നാണ്. അവര്‍ ബോംബുണ്ടാക്കുന്ന അറിവാണ് വിളമ്പുന്നത്. ആ വഴിക്ക് ഇറങ്ങിപ്പുറപ്പെടുന്നവര്‍ അതിനു മുമ്പ് ഗുരുചരിതം വായിക്കണമെന്നാണ് അപേക്ഷ. ആ വിശ്വദര്‍ശനം തുളുമ്പിനില്‍ക്കുന്ന കൃതികള്‍ പഠിക്കാന്‍ ശ്രമിക്കുക. മനസ്സിലെ വിദ്വേഷംതിളയ്ക്കുന്ന കലം ഗുരുദേവന്‍ തന്നെ വന്ന് സമയോചിതമായി ഇറക്കി വച്ചുകൊളളും.

ഇമവെട്ടാത്ത ദീപനാളങ്ങള്‍ തെളിഞ്ഞുനിന്ന നിലവിളക്കിനുമുന്നില്‍ ഇമകളടച്ച് ഭാഗീരഥിയമ്മ അന്ത്യയാത്രയ്ക്ക് ഒരുങ്ങിക്കിടന്നു. ചുവന്നകരയുളള സെറ്റുമുണ്ടാണ് അപ്പോഴും അവര്‍ ധരിച്ചിരുന്നത്. അതിന്റെ ഇഴകള്‍ കാലപ്പഴക്കംകൊണ്ട് പിഞ്ചിയിരിക്കുന്നു. അറ്റുപോകാത്ത ബന്ധങ്ങളുടെ ഇഴയടുപ്പംകൊണ്ട് ഭാഗീരഥിയമ്മ മറ്റെന്തിനേക്കാളും പ്രാധാന്യം ആ തുണിക്കഷ്ണത്തിന് നല്‍കിയിരുന്നു. വൃദ്ധസദനത്തിന്റെ പടിക്കെട്ടുകളിലേക്ക് ജീവിതത്തിന്റെ അവസാനകാണ്ഡം അനുഭവിക്കാന്‍ പ്രവേശിക്കുമ്പോള്‍ മകന്‍ പ്രഭാകരന്‍ അവസാനമായി നല്‍കിയതാണ് ചുവന്നകരയുളള ആ സെറ്റുമുണ്ട്. അതവര്‍ പിന്നെ ദേഹത്തുനിന്ന് മാറ്റിയിട്ടില്ല. വൃദ്ധസദനം നടത്തിപ്പുകാരും അന്തേവാസികളായ മറ്റുളളവരും പലതവണ നിര്‍ബന്ധിച്ചിട്ടും ആ സെറ്റുമുണ്ട് മാത്രം അവര്‍ നനച്ചുണക്കി ഉടുത്തുകൊണ്ടിരുന്നു.
ഒരു ഓണക്കാലത്താണ് ഭാഗീരഥി അമ്മയെകണ്ടത്.വൃദ്ധസദനത്തിലെ ഓണം എന്ന ഒരു ഫീച്ചര്‍ എഴുതുകയായിരുന്നു ദൌത്യം. ഓരോ ഓണത്തിനും മക്കളാരെങ്കിലും വന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമെന്ന് കരുതിയിരുന്ന് നിരാശരാകുന്ന ഒരു പാട് അമ്മമാരും അച്ഛന്‍മാരും അവിടെ ഉണ്ടായിരുന്നു. അവരുടെ സങ്കടങ്ങള്‍ കടലാസില്‍ പകര്‍ത്തിക്കഴിഞ്ഞപ്പോള്‍ മനസും ശൂന്യമായി. എന്നാല്‍ ഓര്‍മ്മയുടെ നിഴലനക്കം മാത്രം അവശേഷിക്കുമ്പോഴും "സിസ്റ്ററേ ഗേറ്റിലേക്ക് ഒന്നു നോക്കിക്കേ അവന്‍ വന്നോ" എന്നുമാത്രം ഇടയ്ക്കിടെ ഉരുവിട്ടുകൊണ്ടിരുന്ന ഭാഗീരഥിയമ്മ മാത്രം മനസില്‍നിന്നിറങ്ങിപ്പോകാതിരിക്കാന്‍ വാശിപിടിച്ചു. "ജോലിത്തിരക്ക് ഒഴിയാഞ്ഞിട്ടാണ്. അല്ലേല്‍ പ്രഭാകരന്‍ വരാതിരിക്കുമോ? എനിക്കറിഞ്ഞുകൂടേ അവനെ.. പാവത്താന്‍.." എന്നുമാത്രമേ മകനെക്കുറിച്ച് ചോദിച്ചാല്‍ അവര്‍ പറയൂ. പിന്നെ ഇടയ്ക്കിടെ ആ വൃദ്ധസദനത്തിലേക്ക് വിളിച്ച് "ഭാഗീരഥിയമ്മയുടെ മകന്‍ വന്നോ?" എന്ന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഉത്തരം മുന്‍കൂട്ടി അറിഞ്ഞുകൊണ്ടുളള ചോദ്യം. കഴിഞ്ഞ രാത്രി വൃദ്ധസദനംകാര്‍ ഇങ്ങോട്ടാണ് വിളിച്ചത്. വിവരം അറിഞ്ഞപ്പോള്‍ ആദ്യംചോദിച്ചത് "സിഡ്നിയില്‍ നിന്ന് അവരുടെ മകന്‍ എത്തുമോ" എന്നായിരുന്നു. പ്രഭാകരന് ജോലിത്തിരക്കാണ്. മരണാനന്തരചടങ്ങുകള്‍ നടത്താന്‍ നാട്ടില്‍ ഏര്‍പ്പാടുചെയ്തതായും ചിതാഭസ്മം അടുത്ത വെക്കേഷന് നിളയില്‍ ഒഴുക്കേണ്ടതിനാല്‍ സൂക്ഷിച്ചുവയ്ക്കണമെന്നും പ്രഭാകരന്‍ അറിയിച്ചിട്ടുണ്ടെന്ന് സദനം മാനേജര്‍ പറഞ്ഞു. നാട്ടില്‍ അടുക്കളപ്പണിക്കാരിയായി ജീവിച്ച ഭാഗീരഥി അമ്മയ്ക്ക് സ്വപ്നം കാണാന്‍പോലും കഴിയാത്ത അത്ര പ്രൌഢിയോടെ അടുത്ത വെക്കേഷന് എത്തുമ്പോള്‍ പ്രഭാകരന്‍ അവരുടെ ശ്രാദ്ധം നടത്തിയേക്കാം. നിളയുടെ ഇനിയും വറ്റാത്ത നീര്‍ച്ചാലുകളില്‍ ഒരിറ്റ് എളളും പൂവും വീണാല്‍ ഭാഗീരഥി അമ്മയ്ക്ക് ശാന്തി കിട്ടുമോ? ജീവിച്ചിരിക്കുമ്പോള്‍ കിട്ടാത്ത ശാന്തി മരണശേഷം എങ്ങനെ ലഭിക്കും? ഇത്തരം ചോദ്യങ്ങള്‍ ഉളളുനീറ്റുമ്പോള്‍ ഏറ്റവും അടുത്തുളള ഗുരുസങ്കേതങ്ങളില്‍ ഒന്നില്‍ അഭയം പ്രാപിക്കുകയാണ് പതിവ്. കുന്നുംപാറയിലെ കടലിന് അഭിമുഖമായി നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ക്ക് മുകളിലേക്കാണ്് ഇത്തവണ എത്തിയത്. മനസിലെ ശോകം പ്രതിഫലിച്ചിട്ടെന്നപോലെ ദൂരെ കടല്‍ ശോണിത വര്‍ണ്ണംപൂണ്ടു കിടന്നു. പാറക്കൂട്ടത്തിനുതാഴെ ഗുരു പ്രതിഷ്ഠിച്ച സുബ്രഹ്മണ്യക്ഷേത്രത്തില്‍ ദീപാരാധനയ്ക്ക് മണിമുഴങ്ങുന്നു. കടലില്‍ വീണലിയാന്‍ വെമ്പുന്ന കര്‍മ്മസാക്ഷിയോട് ചോദിച്ചു, എന്താണ് ഈ ജീവിതം? എന്താണ് കര്‍മ്മബന്ധങ്ങളുടെ അടിസ്ഥാനം?
ക്ഷേത്രമണിനാദത്തില്‍ ശ്രുതിചേര്‍ത്ത് ശ്രീനാരായണധര്‍മ്മത്തിലെ ആ ശ്ളോകധാര മനസിലേക്ക് മെല്ലെ ഒഴുകിവരികയാണ്.
"ബ്രാഹ്മഃ പിത്യ്രസ്തഥാ ദൈവസ്തതോ ഭൌതികമാനുഷൌ
ഏതേ പഞ്ചമഹായജ്ഞാഃ പ്രോച്യന്തേ നയകോവിദൈ
ഭൂതയജ്ഞസ്തിരശ്ചാം യദാഹാരാദിസമര്‍പ്പണം
മാനുഷ്യോതിഥിവര്‍ണ്ണാര്‍ത്തഭൃത്യാനാമാപി പൂജനം"
സൂര്യന്‍ പ്രകാശിക്കുകയും ജീവജാലങ്ങള്‍ക്ക് ഊര്‍ജം പകരുകയും ചെയ്യുന്നത് യജ്ഞമാണ്. മനുഷ്യജീവിതവും യജ്ഞമായിക്കണ്ട് അനുഷ്ഠിക്കണം. ബ്രഹ്മയജ്ഞം, പിതൃയജ്ഞം, ദേവയജ്ഞം, ഭൂതയജ്ഞം, അതിഥിയജ്ഞം എന്നിവയാണ് മനുഷ്യന്‍ അനുഷ്ഠിക്കേണ്ട പഞ്ചമഹായജ്ഞങ്ങള്‍. വിദ്യനേടുകയും മറ്റൊരാള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുകയെന്നതാണ് ബ്രഹ്മയജ്ഞം. ദേവന്മാര്‍ക്കായി ദേവയജ്ഞവും പക്ഷിമൃഗാദികള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഭൂതയജ്ഞവുമാണ്. അതിഥിയജ്ഞം ആലംബഹീനര്‍ക്ക് ആഹാരം നല്‍കുക എന്നതാണ്. പിതൃയജ്ഞം എന്നത് പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടുകയെന്നാണ് പൊതുവേ വിശദീകരിക്കുന്നത്. എന്നാല്‍ ഗുരുദേവന്‍ പറയുന്നത് ജീവിച്ചിരിക്കുന്ന മാതാപിതാക്കള്‍ക്ക് അന്നവും വസ്ത്രവും ഔഷധവും മനസ്സുഖവും നല്‍കി സന്തോഷിപ്പിക്കുകയാണ് പിതൃയജ്ഞം എന്നാണ്. ഒരു ജന്മത്തിന്റെ കടംവീട്ടലാണത്. ജീവന്‍ നിലനിര്‍ത്താന്‍ കാരണഭൂതരായ സൂര്യന്‍, വായു, ജലം, മണ്ണ് എന്നിവയോട് നന്ദി ഉണ്ടായിരിക്കുന്നതുപോലെ തന്നെ ജന്മം നല്‍കിയവരോടും നന്ദി ഉണ്ടാകണം. മരിച്ചതിനുശേഷം കുറേ കണ്ണീരൊഴുക്കിയിട്ടോ വൈദികന്‍ പറയുന്നപോലെ "എളെളട് , തണ്ണികൊട്" എന്ന് അനുസരിച്ച് ചെയ്തിട്ടോ കാര്യമില്ല. മനുഷ്യശരീരം സ്വീകരിച്ചവര്‍ക്ക് ആ ശരീരത്തിലിരിക്കുമ്പോള്‍ കൊടുക്കാന്‍ കഴിയുന്നതിനപ്പുറത്തേക്ക് മറ്റൊന്നും പകരമാവില്ല. അങ്ങനെയെങ്കില്‍ ഭാഗീരഥിയമ്മയുടെ ചിതാഭസ്മവുമായി പ്രഭാകരന്‍ നടത്താനുദ്ദേശിക്കുന്ന ആര്‍ഭാടശ്രാദ്ധമൂട്ടിന് എന്തു പ്രസക്തി? ഇതൊക്കെ ചിന്തിക്കാനും അറിയാനും കൂടുവിട്ടുപറക്കുന്ന പ്രഭാകരന്മാര്‍ക്ക് എവിടെ സാവകാശം? അവര്‍ ഓടട്ടെ.. ഓടിത്തളരട്ടെ... അവര്‍ക്കുളള വൃദ്ധസദനങ്ങള്‍ എവിടെയോ കാത്തിരിക്കുന്നുണ്ട്. ഇതൊക്കെ അവിടെയെത്തുമ്പോള്‍ സ്വയം ബോധ്യമായിക്കൊളളുമെന്ന് നേര്‍ത്ത ഇരുട്ടില്‍ ആരോ മന്ത്രിക്കുന്നു?
കുന്നുംപാറ സുബ്രഹ്മണ്യന്റെ ശ്രീകോവിലില്‍ നിന്ന് എരിയുന്ന കര്‍പ്പൂരഗന്ധം നാസാരന്ധ്രങ്ങളില്‍ തട്ടിയപ്പോഴാണ് ചിന്താപടലങ്ങളില്‍ നിന്ന് മുക്തനായത്. അന്തിച്ചുവപ്പ് ഇനിയും മായാത്ത ആകാശത്തിനു താഴെ അനുഭൂതിയുടെ നിഗൂഢരഹസ്യങ്ങളുമായി 'ഗുരുസാഗരം' അനന്തമായി ആഴ്ന്ന് പരന്നു കിടന്നു.